കുചി & മക്കോങ്
രാവിലെ ആറേകാലിന് പുറപ്പെടണം. അഞ്ചു മണിക്ക് ഉണർന്നപ്പോഴേക്കും സൂര്യൻ ഉദിച്ച് നല്ല ഉഷാറായിട്ടുണ്ട്. ഹോട്ടലിൽ ഇന്നലെത്തന്നെ request ചെയ്തതു കൊണ്ട് പ്രാതൽ അടിപൊളിയായി പാക്ക് ചെയ്തു കിട്ടി. ഇന്നത്തെ യാത്ര നയിക്കുന്നത് പീറ്റർ ആണ്. കൂടെ മൂന്ന് മലേഷ്യക്കാരും രണ്ട് ഫിലിപ്പിനോകളും. നല്ല സുഖ സൗകര്യങ്ങളുള്ള ഒരു 7 Seater വണ്ടിയും.
സൈഗോണിലെ റോഡുകളിൽ സ്കൂട്ടറുകൾ ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെ കാറുകൾ കുറവാണ്. സ്കൂട്ടറാണ് ദേശീയ വാഹനം. നമ്മുടെ നാട്ടിൽ ട്രാഫിക് സിഗ്നലിൽ എത്തുമ്പോൾ സ്കൂട്ടറുകൾ കേന്ദ്രീകരിക്കുന്നതുപോലെയാണ് സദാസമയവും റോഡിൽ സ്കൂട്ടറുകളുടെ പ്രവാഹം. ഒറ്റയ്ക്ക് പോകുന്നവർക്കായി ബൈക്ക് ടൂറുകളും ഉണ്ട്.
കുചി ടണലുകൾ കാണാനാണ് പോകുന്നത്. സൈഗോണിൽ നിന്ന് 70 കിലോമീറ്റർ വടക്കു പടിഞ്ഞാറാണത് .വഴിയിൽ ഒരിടത്ത് Agent Orange victims പണിയെടുക്കുന്ന കരകൗശല ഫാക്ടറിയിൽ നിർത്തി. കൈയും കാലും കണ്ണുമൊക്കെ തകരാറു വന്നവർ മുട്ടത്തോടും ചിപ്പിയും പ്രകൃതിദത്ത കളറുകളും കൊണ്ട് ചെയ്യുന്ന ചിത്ര വേലകൾ അതിശയിപ്പിക്കുന്നതാണ്.
കുചി ടണലുകൾ വിയറ്റ്നാമിലെ ഗ്രാമീണരുടെ ചെറുത്തുനിൽപ്പിൻ്റെയും അതിജീവനത്തിൻ്റെയും പോരാട്ട വീര്യത്തിൻ്റെയും ബുദ്ധിശക്തിയുടെയും നാടൻ സാങ്കേതിക വിദ്യകളുടെയും ജീവിക്കുന്ന തെളിവുകളാണ്. 1960 മുതൽ 75 വരെ നിർമ്മിച്ച ഈ ടണലുകളിൽ വായു സഞ്ചാരമുൾപ്പെടെ ജീവിക്കാനുള്ള സൗകര്യങ്ങളും യാതൊരു തെളിവും പുറത്തു കാണാതിരിക്കാനുള്ള സൂക്ഷ്മതയും ശത്രുക്കളെ കെണിയിലാക്കാനുള്ള സൂത്രപ്പണികളും യുദ്ധത്തിനുള്ള സന്നാഹങ്ങളുമുണ്ട്. ഭൂമിക്കടിയിൽ പല നിലകളിലായി 250 കിലോമീറ്ററോളം എലികളെപ്പോലെ തുരന്നാണ് അത്ഭുതകരമായ ഈ നിർമ്മിതി ഉള്ളത്. പത്തു നാൽപ്പതു മീറ്റർ മാത്രം അതിലൂടെ കുനിഞ്ഞുനടന്നും ഇരുന്ന് നിരങ്ങിയും മറുവശത്ത് വെളിച്ച മുഖത്തേക്കെത്തിയപ്പോൾ ഇതിനകത്ത് ജീവിച്ചവരുടെ വിപ്ലവവീര്യത്തെ മനസാ നമിച്ചു.
ഗറില്ലകൾ കഴിച്ചിരുന്ന ഭക്ഷണമെന്ന് പരിചയപ്പെടുത്തി കപ്പ പുഴുങ്ങിയത് കൊടുക്കുന്നുണ്ടവിടെ. കൂടെയുള്ളവർ രുചിച്ചു നോക്കാൻ മടിച്ചുനിന്നപ്പോൾ ഇത് ഞങ്ങളുടെ നാട്ടിലെ നിത്യഭക്ഷണമാണെന്നു പറഞ്ഞ് ഞങ്ങൾ വാരിയെടുത്തു.
യാത്ര തുടരുന്നു . ഇപ്പോൾ തനി കേരളത്തിലൂടെയാണ് പോകുന്നത് എന്ന് തോന്നും. തെങ്ങും കവുങ്ങും നെല്ലും പ്ലാവും മാവും വാഴയും കറ മൂസയും ചെമ്പരത്തിയും ഒക്കെത്തന്നെ ഇരുവശവും. കേരളത്തിൻ്റെ അതേ അക്ഷാംശരേഖയിലാണ് ഇവിടം വരുന്നത്. മൺസൂൺ കാറ്റുകൾ ഇവിടെ എത്തില്ല എന്നു മാത്രം.
രണ്ടു മണിക്കൂർ ദൂരത്തുള്ള മെക്കോംഗ് നദിയിലെ ഡെൽറ്റയിലേക്കാണ് ഇനി പോകുന്നത്. ചൈനയിൽ തുടങ്ങി മ്യാൻമർ, ലാവോസ്, തായ്ലാൻ്റ് , കംബോഡിയ വഴി വിയറ്റ്നാമിലെത്തുന്ന ഈ നദി ഏഷ്യയിലെ അഞ്ചാമത്തെ നീളം കൂടിയ നദിയാണ്. ഇത് കടലിൽ ചേരുന്ന അഴിമുഖത്തുള്ള ചതുപ്പു പ്രദേശമാണ് മെക്കോംഗ് ഡെൽറ്റ. കലക്ക വെള്ളവും ചളിമണവുമാണ് ഇതിൻ്റെ മുഖമുദ്ര. ഒഴുക്കി ക്കൊണ്ടുവരുന്ന എക്കൽ മണ്ണാണ് ഈ നിറവും മണവും കൊടുക്കുന്നത്. വിയറ്റ്നാമിൻ്റെ ജീവനാഡിയാണ് ഈ നദി. വെള്ളത്തിനും കൃഷിക്കും മത്സ്യത്തിനും ഒക്കെയായി വിയറ്റ്നാമിൻ്റെ സമ്പദ് വ്യവസ്ഥ തന്നെ പ്രധാനമായും ഈ നദിയെയാണ് ആശ്രയിച്ചിരിക്കുന്നത്.
പീറ്റർ ഞങ്ങളെയെല്ലാം ഒരു ബോട്ടിൽ കയറ്റി നദിയിലൂടെ പോയി. ബോട്ടുകാരന്റെ കുട്ടി ഒരറ്റത്ത് ഉറങ്ങുന്നുണ്ടായിരുന്നു. Coconut village ലേക്കാണ് പോകുന്നത്. തെങ്ങിൻ്റെ ഉപയോഗങ്ങളെപ്പറ്റി പീറ്റർ പഠിച്ചുവെച്ചതെല്ലാം പറഞ്ഞു തന്നു ! ഒരു നീളൻ ഷെഡ്ഡിലേക്കാണ് കടന്നു ചെന്നത്. തേങ്ങ പൊതിക്കുന്ന അത്ഭുത വിദ്യ കാണിച്ചു തരാൻ തുടങ്ങിയപ്പോൾ ഞങ്ങൾ അത് ഏറ്റെടുത്തു. ചെറുപ്പം മുതൽ അമ്മയ്ക്കും പിന്നെ ഭാര്യയ്ക്കും തേങ്ങ പൊതിച്ചു കൊടുത്തപ്പോഴൊന്നും ഇല്ലാതിരുന്ന ആവേശത്തോടെ ഡോ. കെ. ശ്രീകുമാർ തേങ്ങ പൊതിച്ചു. കൂടി നിന്ന മലേഷ്യക്കാരും ഫിലിപ്പീൻസുകാരും മറ്റുള്ളവരും കൈയടിച്ചു. തേങ്ങാപ്പാലിൽ flavour ചേർത്ത് കുറുക്കി മിട്ടായി ഉണ്ടാക്കുന്നതും വെന്ത വെളിച്ചെണ്ണ ഉണ്ടാക്കുന്നതും ഒക്കെ കാണിച്ച്, ആ ഉൽപ്പന്നങ്ങൾ വിറ്റ്, ഒന്നുമില്ലാത്ത സ്ഥലത്ത് ഒരു ടൂറിസ്റ്റ് സാധ്യത കണ്ടെത്തുന്നത് നമ്മൾ കണ്ടുപഠിക്കേണ്ടതാണ്.
തിരിച്ചു വന്ന് പിന്നെയും ബോട്ടിൽ കയറി. അപ്പോഴേക്കും ബോട്ടുകാരന്റെ കുട്ടി ഉണർന്നിട്ടുണ്ട്. ഇടയ്ക്ക് വീണ്ടും ഇറങ്ങി പുഴത്തീരത്ത് നടന്ന് വീണ്ടും ബോട്ട് … ഇത് പല തവണ ആവർത്തിച്ചു.
ഉച്ച ഭക്ഷണമായി ചോറ് കിട്ടി. കൂടെ പച്ചയ്ക്കും പുഴുങ്ങിയതുമായ കുറേ പച്ചക്കറികളും. ഒരു ഗ്രാമത്തിൽ ബോട്ട് നിർത്തി. സൈക്കിളെടുത്ത് കറങ്ങേണ്ടവർ അതിനു പോയി. സൈക്കിളറിയാത്ത എന്നെപ്പോലുള്ളവർ അവിടുത്തെ കുളത്തിലെ മുതലകൾക്ക് കണ്ണീരുണ്ടോ എന്ന് നോക്കി നിന്നു. പിന്നെ ചില തനത് പാട്ടുകൾ പാടി ടൂറിസ്റ്റുകളിൽ നിന്ന് ടിപ്പ് വാങ്ങാനുള്ള ശ്രമം. തേൻ സാമ്പിൾ തന്ന് വിൽക്കാനുള്ള പരിപാടി…അങ്ങനെ ചില ചില ലൊട്ടു ലൊടുക്ക് സംഭവങ്ങൾ.
വീണ്ടും ബോട്ട്. ഇളനീർ എന്ന അത്ഭുത പാനീയം എല്ലാരും കൂടി ചിയേഴ്സ് പറഞ്ഞ് കുടിച്ചു.ബോട്ടുകാരന്റെ കുട്ടിക്ക് ഒരു സന്തോഷവുമില്ല. തിരിച്ചുപോകാൻ ബോട്ടിറങ്ങിയപ്പോൾ ബൈ ബൈ പറഞ്ഞ നേരം അവനൊന്നു ചിരിച്ചോ എന്നു സംശയം. ഇന്നത്തേക്ക് സിഞ്ചൗ (Good bye)
കവർ: ജ്യോതിസ് പരവൂർ