“മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി…” എന്ന ഗാനം കേൾക്കുമ്പോൾ നമ്മൾ ആരെങ്കിലും ഓർക്കുമോ മലയാളഭാഷയോ മലയാളനാട്ടിന്റെ സംസ്കാരമോ ഒട്ടും അറിയാത്ത ഡൽഹിക്കാരനായ ഒരാളാണ് ഈ ഗാനത്തിന് സംഗീതം നൽകിയതെന്ന് !ആ പ്രതിഭയാണ് നാം ബോംബെ രവി എന്ന് വിളിക്കുന്ന രവിശങ്കർ ശർമ്മ, അല്ലെങ്കിൽ ബോളിവുഡിന്റെ സ്വന്തം രവി. അന്യഭാഷയിൽ നിന്ന് മലയാളസിനിമയിൽ വന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ നൽകിയ രണ്ട് സംഗീത സംവിധായകരാണ് ബോംബെ രവിയും സലിൽ ചൗധരിയും (ഇളയരാജയെ ഇക്കൂട്ടത്തിൽ പെടുത്തുന്നില്ല). എന്നാൽ ഇവർ തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. സലിൽ ചൗധരി കൂടുതലും തന്റെ ബംഗാളി/ഹിന്ദി ഗാനങ്ങൾ മലയാളത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ബോംബെ രവി മലയാളത്തിനായി ഈണങ്ങൾ കണ്ടെത്തുകയായിരുന്നു. അതുകൊണ്ടാണ് “മഞ്ഞൾ പ്രസാദവും”, “സാഗരങ്ങളും”, “ചന്ദനലേപസുഗന്ധവും”, “സ്വരരാഗ ഗംഗാപ്രവാഹവും”, “കടലിന്നഗാധമാം നീലിമയും” നാം എന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്നത്. ഇത് സലിൽ ചൗധരിയെ കുറച്ചുകാണാൻ എഴുതിയതല്ല. സലിൽ ചൗധരി മറ്റൊരു പ്രതിഭ ആയിരുന്നു, സംശയമില്ല.
1926 മാർച്ച് 3-ന് ഡൽഹിയിലാണ്, പിൽകാലത്ത് രവി എന്ന പേരിൽ അറിയപ്പെട്ട രവിശങ്കർ ശർമ്മ ജനിച്ചത്. ബാല്യത്തിൽ തന്നെ സിനിമാഗാനങ്ങൾ പാടാൻ കൊച്ചുരവി ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ഒരു ഭജൻഗായകനായിരുന്നു. വൈകുന്നേരങ്ങളിൽ വീട്ടിൽ എല്ലാവരും ചേർന്ന് ഭജൻ പാടുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. ആ ഭജനഗാനങ്ങൾ കേട്ടും പാടിയുമാണ് രവി വളർന്നത്. അങ്ങനെയാണ് ഒരു സിനിമാ പിന്നണിഗായകനാവണം എന്ന ആഗ്രഹം അദ്ദേഹത്തിൽ മൊട്ടിട്ടത്. ഒരു ദിവസം താൻ ഒരു മികച്ച ഗായകനാവുമെന്ന് സ്വയം നിശ്ചയിച്ചുറപ്പിച്ച് കൊച്ചുരവി അച്ഛനെ സമീപിച്ചു. തനിക്ക് ഹാർമോണിയം പഠിക്കണം എന്നതായിരുന്നു ആവശ്യം. അങ്ങനെ അച്ഛന്റെ സമ്മതത്തോടെ അദ്ദേഹം ഹാർമോണിയം മാത്രമല്ല, മിക്കവാറും എല്ലാ സംഗീതോപകരണങ്ങളും വായിക്കാൻ പഠിച്ചു. അതിനിടയിലാണ്, 1943-ൽ, അദ്ദേഹത്തിന് കന്റോൺമെന്റ് Posts & Telegraphs ൽ 196 രൂപയ്ക്ക് ഇലക്ട്രീഷ്യനായി ജോലി ലഭിക്കുന്നത്. ജോലിസ്ഥലം അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് 13 കിലോമീറ്റർ അകലെയായിരുന്നു. രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാൽ രാത്രി വൈകിയാണ് തിരിച്ചെത്തിയിരുന്നത്. ഈ നീണ്ട ദിനചര്യയിലും കഠിനാധ്വാനത്തിലും മടുത്ത്, കുറച്ച് നാളുകൾക്ക് ശേഷം ആ ജോലി ഉപേക്ഷിച്ച് അദ്ദേഹം പലയിടങ്ങളിലായി ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി. 1946-ൽ ഇരുപതാം വയസ്സിൽ വിവാഹിതനായി.
ബാല്യകാലം മുതൽ രവിയുടെ ഉള്ളിൽ കെടാതെ നിന്ന സിനിമാമോഹം വർഷങ്ങൾ കഴിയുമ്പോൾ കൂടുതൽ തെളിയാൻ തുടങ്ങി. 1950-ൽ, ഏതൊരു സിനിമാമോഹിയെയും പോലെ അദ്ദേഹവും ഭാഗ്യം പരീക്ഷിക്കാൻ മുംബൈയിലേക്ക് പുറപ്പെട്ടു. മുംബൈയിൽ അദ്ദേഹത്തിന് ഒരു God Father ഉണ്ടായിരുന്നില്ല. അവിടെ അദ്ദേഹത്തിന് ആരെയും അറിയില്ലായിരുന്നു. താമസിക്കാൻ സ്ഥലമില്ല. ഭക്ഷണം കഴിക്കാൻ വകയുമില്ല. അക്കാലത്ത് രാത്രികൾ ചിലവഴിച്ചത് മലാഡ് റെയിൽവേ സ്റ്റേഷനിലും തെരുവുകളിലെ കടകൾക്ക് പുറത്തും ആയിരുന്നുവെന്ന് അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിന്റെ അച്ഛൻ കൽബദേവിയിൽ ഒരു ചെറിയ സ്ഥലം സംഘടിപ്പിച്ചുകൊടുത്തു. കൂടാതെ വീട്ടിൽ നിന്ന് പണവും അയച്ചു കൊടുത്തുകൊണ്ടിരുന്നു. ദിവസങ്ങളോളം, 50 അണയ്ക്ക് ഒരു ഗ്ലാസ് ചായയും ഒരു നേരം ഭക്ഷണവും കഴിച്ചാണ് ജീവിച്ചിരുന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
പലരും വ്യാജവാഗ്ദാനങ്ങൾ നൽകി അദ്ദേഹത്തെ വഞ്ചിച്ചു. പണം കടം വാങ്ങിയവർ തിരികെ നൽകിയില്ല. ഈ സമയത്ത് സംഗീത സംവിധായകൻ ഹുസ്നലാൽ ഭഗത്റാം രവിയോട് തന്റെ കോറസ് ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടുകയും 50 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷേ നാല് റിഹേഴ്സലുകൾക്ക് ശേഷം അവർ രവിയെ കോറസിൽ നിന്ന് മാറ്റിനിർത്തി. അച്ഛൻ മാസാമാസം അയയ്ക്കുന്ന 40 രൂപയിൽ രവിയുടെ ജീവിതം ഒതുങ്ങി. എങ്കിലും ആ ബുദ്ധിമുട്ടുകൾക്കിടയിലും ഒരു ഗായകനാകാനുള്ള സ്വപ്നം അദ്ദേഹം ഉപേക്ഷിച്ചില്ല. ഡൽഹി വിട്ടപ്പോൾ, കുറെ ഇലക്ട്രിക്കൽ ഉപകരണങ്ങളും അദ്ദേഹം കൂടെ കൊണ്ടുപോയിരുന്നു. അങ്ങനെ, കുറച്ചുകൂടി പണം സമ്പാദിക്കുന്നതിനായി വീട്ടുപകരണങ്ങൾ നന്നാക്കുന്ന ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി.
ഒരു ദിവസം അദ്ദേഹം സംഗീത സംവിധായകൻ ഹേമന്ത് കുമാറിനെ കണ്ടുമുട്ടാനിടയായി. തന്റെ ആനന്ദമഠം (1952) എന്ന സിനിമയിലെ വന്ദേമാതരം ഗാനത്തിനായി കോറസിൽ പാടാൻ ഹേമന്ത് കുമാർ രവിയെ അനുവദിച്ചു. കോറസിൽ മറ്റുള്ളവരുടെ ഈണങ്ങൾ പാടിക്കൊണ്ടിരുന്ന ആ ചെറുപ്പക്കാരന് സംഗീതത്തിൽ സ്വാഭാവികമായ ഒരു അഭിനിവേശമുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട ഹേമന്ത് കുമാർ അദ്ദേഹത്തെ തന്റെ ട്രൂപ്പിൽ എടുക്കാൻ തീരുമാനിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ ഒരു മനോഹരമായ രാഗം രൂപപ്പെടുത്താനും, തുടർന്ന് ആകർഷകമായവ അസാധാരണ കൃത്യതയോടെ തിരഞ്ഞെടുക്കാനും രവിക്കു കഴിയുമെന്ന് അദ്ദേഹം കണ്ടെത്തി. “അയാളെ നിരവധി രചനകൾ വായിച്ചു കേൾപ്പിക്കൂ, ഏതാണ് ക്ലിക്കാവുകയെന്ന് അയാൾക്ക് ഉടൻ തന്നെ പറയാൻ കഴിയും,” എന്ന് കുമാർ രവിയെ വിശേഷിപ്പിച്ചു “ആദ്യമായി അത് സംഭവിച്ചത് ഞാൻ നാഗിൻ (1954) എന്ന സിനിമയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോഴാണ്. 30-ഓളം രചനകളിൽ, ‘മാൻ ഡോലെ മേരാ തൻ ഡോലെ’, ‘ഊഞ്ചി ഊഞ്ചി ദീവാരോൺ കോ’ എന്നിവയുൾപ്പെടെ മൂന്നെണ്ണത്തിന് മുൻഗണന നൽകാൻ രവി എന്നോട് ആവശ്യപ്പെട്ടു.” രവി തിരഞ്ഞെടുത്ത ഗാനങ്ങൾ ഹേമന്ത് കുമാറിനെ മികച്ച സംഗീതസംവിധായകന്റെ സ്ഥാനത്തേക്ക് ഉയർത്തി. മാത്രമല്ല, ആ ഗാനങ്ങൾ നിത്യഹരിതങ്ങളായി പരിലസിച്ചു.
ഹേമന്ത് കുമാറിനെ സഹായിക്കുന്നത് രവി തുടർന്നു, അദ്ദേഹത്തിന് വേണ്ടി തബലയും വായിച്ചു. ഹേമന്ത് കുമാറിന് ഉറുദു നല്ല വശമില്ലായിരുന്നു. അതിനാൽ രവി പലപ്പോഴും അദ്ദേഹത്തെ ഉറുദു ഭാഷ കൈകാര്യം ചെയ്യാൻ സഹായിക്കുമായിരുന്നു. ഹേമന്ത് കുമാറുമായുള്ള സംഗമവും സൗഹൃദവും രവിയുടെ ജീവിതത്തിലെ വഴിത്തിരിവായി.
രവിയുടെ കഴിവിനെക്കുറിച്ച് വാർത്ത പരന്നതോടെ, സംവിധായകനും നിർമ്മാതാവുമായ ദേവേന്ദ്ര ഗോയൽ ഹേമന്ത്കുമാറിനെ സമീപിച്ച് തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി രവിയെ വിട്ടുനൽകണമെന്ന് അപേക്ഷിച്ചു. കുമാർ ഉടൻ തന്നെ സമ്മതിച്ചു. രവി തടസ്സം പറഞ്ഞെങ്കിലും ഹേമന്ത്കുമാറിന്റെ നിർബന്ധത്തിന് വഴങ്ങി. അങ്ങനെ 1955-ൽ ഗോയലിന്റെ “വചൻ” എന്ന ചിത്രത്തിലൂടെ രവി ഒരു സ്വതന്ത്ര സംഗീതസംവിധായകനായി. ‘ചന്ദ മാമ ദൂർ കെ’, ‘ജബ് ലിയ ഹാത്ത് മേം ഹാത്ത്’, ‘ഏക് പൈസ ദേ ദേ, ഓ ബാബു’ എന്നിവയുൾപ്പെടെയുള്ള വചനിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. ആ ചിത്രവും അതിന്റെ സൗണ്ട് ട്രാക്കും ബ്ലോക്ക്ബസ്റ്ററുകളായിരുന്നു. ഗോയലും രവിയും ദീർഘകാലം നിരവധി വിജയകരമായ സിനിമകളിൽ സഹകരിച്ചു. കൂടാതെ ഈ ചിത്രത്തിലെ ഗാനങ്ങൾ രവിയെ വലിയ ലീഗിലേക്ക് എത്തിച്ചു, നൗഷാദ്, ഒ.പി. നയ്യാർ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകർക്കൊപ്പം അദ്ദേഹവും അറിയപ്പെട്ടു. പിന്നീട് രവിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ഗുരുദത്ത് സംവിധാനം ചെയ്ത “ചൗദ്വിൻ കാ ചാന്ദി”ലെ ഗാനങ്ങളിലൂടെ രവി കൂടുതൽ പ്രശസ്തനായി. ശാസ്ത്രീയ സംഗീതത്തിൽ അദ്ദേഹത്തിന് ഔപചാരിക പരിശീലനം ലഭിച്ചിരുന്നില്ല. ഗുരുദത്ത്, ബി.ആർ. ചോപ്ര തുടങ്ങിയ പരിചയസമ്പന്നരായ ചലച്ചിത്ര നിർമ്മാതാക്കളോടൊപ്പം വർഷങ്ങളോളം അദ്ദേഹം പ്രവർത്തിച്ചു. എസ്.എസ്. വാസൻ, എ.വി. മെയ്യപ്പൻ, വാസു മേനോൻ, ശിവാജി ഗണേശൻ തുടങ്ങിയ ദക്ഷിണേന്ത്യൻ ചലച്ചിത്ര നിർമ്മാതാക്കളുടെ ചിത്രങ്ങൾക്കും സംഗീതം നൽകി.
അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ നിത്യഹരിതങ്ങളായി നിലനിൽക്കുന്നു. ഘരാന (1962), ഖാന്ദാൻ (1966) എന്നീ ചിത്രങ്ങൾക്ക് രണ്ട് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചു. 1960-ൽ “ചൗധ്വിൻ കാ ചന്ദ് ഹോ ” എന്ന ഗാനത്തിലൂടെയാണ് മികച്ച ഗായകനുള്ള ആദ്യത്തെ ഫിലിംഫെയർ അവാർഡ് മുഹമ്മദ് റാഫിക്ക് ലഭിക്കുന്നത്. 1965-ൽ രവിയുടെ “തുംഹീ മേരേ മന്ദിറി”ന് (ഖാന്ദാൻ) ലത ഫിലിംഫെയർ അവാർഡ് നേടി. 1964-ൽ രവിയുടെ ‘ചലോ ഏക് ബാർ’ (ഗുംരാഹ്) എന്ന ഗാനത്തിലൂടെയും 1968-ൽ ‘നീലേ ഗഗൻ കേ തലേ’ (ഹംറാസ്) എന്ന ഗാനത്തിലൂടെയും മഹേന്ദ്ര കപൂർ രണ്ട് ഫിലിംഫെയർ അവാർഡുകൾ നേടി.
രവി ഒരു മിനിമലിസ്റ്റായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ഓർക്കസ്ട്ര വിരളമായിരുന്നു , ചില അപവാദങ്ങൾ ഒഴികെ . അദ്ദേഹത്തിന്റെ സംഗീതം ഒരിക്കലും ഗായകനെ കീഴടക്കിയില്ല. അതിന്റെ പ്രഭാവം എല്ലായ്പ്പോഴും ആർദ്രവും മൃദുവുമായിരുന്നു. ഗായകൻ എപ്പോഴും കേന്ദ്രബിന്ദുവായി തുടർന്നു, കലാകാരന് തന്റെ സ്വരവൈദഗ്ദ്ധ്യം പ്രകടിപ്പിക്കാൻ പൂർണ്ണമായ അധികാരം അദ്ദേഹം നൽകി. അദ്ദേഹത്തിന്റെ ഗാനങ്ങളിലെ ഇടവേളകൾ സൗമ്യവും തടസ്സമില്ലാത്തതുമായിരുന്നു. പഞ്ചാബിശൈലിയിൽ ബഹളമയമായ “ഏ മേരേ സൊഹ്റ ജബീൻ” പോലുള്ള ഗാനത്തിൽ പോലും, ധോലക്കുകളും കൈകൊട്ടലുകളും ആലാപനത്തെ മറികടക്കുന്നില്ല. കഥാപാത്രത്തിന്റെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായ സംഗീതം മികച്ച രീതിയിൽ രൂപപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
റാഫി-രവി കൂട്ടുകെട്ട് ഒരുപിടി മേന്മയേറിയ ഗാനങ്ങൾ ആസ്വാദകർക്ക് നൽകി. 79 സിനിമകളിലായി അവർ 235 ഗാനങ്ങൾ ആലപിച്ചു. ചൗദ്വിൻ കാ ചാന്ദ് ഹോ (ചൗദ്വിൻ കാ ചാന്ദ്, 1960), മുജെ പ്യാർ കി സിന്ദഗി ദെനെവാലെ (പ്യാർ കാ സാഗർ, 1961), ബാർ ബാർ ദേഖോ (ചൈന ടൗൺ, 1962), നാ ഝട്കോ സുൾഫ് സേ പാനി (ഷെഹ്നായി, 1964), ഛൂ ലെനെ ദോ നാജുക് ഹോത്തൊൻ കോ (കാജൽ, 1965), തുജ്കോ പുകരെ മേരാ പ്യാർ (നീൽ കമൽ, 1968), യേ വാദിയാൻ യേ ഫിസായെൻ (ആജ് ഔർ കൽ, 1963), സിന്ദഗി കെ സഫർ മേ (നർത്തകി, 1963), ദൂർ രഹ് കർ ന കരോ ബാത്ത് (അമാനത് 1977)… പട്ടിക നീളുന്നു.
രവിയുടെ പ്രധാന ഗായിക ആശ ഭോൺസ്ലെ യായിരുന്നു – ആകെ 385 ഗാനങ്ങൾ! ഒന്നിനൊന്നു മികച്ചവ.അവയിൽ തന്നെ ചിലത് സർവകാല ഹിറ്റുകൾ – ഹേ റോം റോം മേ ബസ്നേ വാലെ (നീൽ കമൽ, 1968), ശീഷേ സേ പീ (ഫൂൽ ഔർ പഥർ, 1966), ആജ് യേ മേരി സിന്ദഗി (യേ രാസ്തേ ഹേ പ്യാർ കെ, 1963), മുജെ ഗലേ സെ ലഗാ ലൊ (ആജ് ഔർ കൽ, 1963), തോരാ മൻ ദർപൺ കെഹ്ലായേ (കാജൽ, 1965), ആഗേ ഭി ജാനേ ന തു (വക്ത്, 1965), ജബ് ചലി ഠൺഡി ഹവ (ദോ ബദൻ, 1966), സിന്ദഗി ഇത്തേഫഖ് ഹേ (ആദ്മി ഔർ ഇൻസാൻ, 1969).എന്നിവ ഉദാഹരണങ്ങൾ.
കുറച്ച് ഗാനങ്ങൾ മാത്രമേ ഒരുമിച്ചു ചെയ്തിട്ടുള്ളുവെങ്കിലും, ലതയും രവിയ്ക്കൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് – വോ ദിൽ കഹാൻ സേ ലൗൺ (ഭരോസ, 1963), ഏ മേരേ ദിൽ-ഇ-നാദാൻ തു ഗം സേ നാ ഖബ്രാന (ടവർ ഹൗസ്, 1962), ലഗേ ന മോരാ ജിയാ (ഘുൻഘട്ട്, 1960), ലോ ആ ഗയി ഉൻ കി യാദ് (ദോ ബദൻ, 1966), ആപ് കി ഇനായതീൻ ആപ്കെ കരം (വന്ദന, 1975), ഗൈറോൺ പേ കരം (ആംഖെൻ, 1968), എന്നീ ഗാനങ്ങൾ എടുത്തുപറയേണ്ടവ.
സാഹിർ-രവി ജോഡിയുടെ ഗാനങ്ങൾ ബിആർ ചോപ്ര ചിത്രങ്ങളിലെ ഏറ്റവും മികച്ച ഘടകമായി മാറി. മഹേന്ദ്ര കപൂർ എന്ന ഗായകന്റെ കഴിവുകൾ പുറത്തെടുത്തതിൽ രവി എന്ന സംഗീതസംവിധായകന് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ ചലോ ഏക് ബാർ, ആപ് ആയേ, ഇൻ ഹവോൺ മേ, ആ ഭി ജാ (എല്ലാം ഗുംറയിൽ നിന്ന്), നീലേ ഗഗൻ കെ താലെ, കിസ്സി പഥർ കി മൂരാത്, നാ മൂ ഛുപാ കേ ജിയോ (എല്ലാം ഹംറാസിൽ നിന്ന്) എന്നിവ ചില ഉദാഹരണങ്ങൾ.
1986-ലാണ് ‘ബോംബെ രവി’ എന്ന പേരിൽ അദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് കടന്നുവരുന്നത്. രവിയുടെ ഗാനങ്ങളുടെ ഒരു ആരാധകനായിരുന്ന സംവിധായകൻ ഹരിഹരനും എം.ടി-യും ചേർന്നാണ് അദ്ദേഹത്തെ മലയാളത്തിലേക്ക് ക്ഷണിച്ചത്. 1986-ൽ ഇറങ്ങിയ “പഞ്ചാഗ്നി” എന്ന എം ടി-ഹരിഹരൻ ചിത്രത്തിലൂടെ അദ്ദേഹം മലയാളത്തിൽ അരങ്ങേറ്റം നടത്തി. പഞ്ചാഗ്നിയിലെ ‘സാഗരങ്ങളെ’, ‘ആ രാത്രി മാഞ്ഞു പോയി’ എന്നീ ഗാനങ്ങൾ വലിയ ഹിറ്റുകളായി. പിന്നീട് 1986-ൽ തന്നെ പുറത്തിറങ്ങിയ “നഖക്ഷതങ്ങൾ” എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ ഹൃദയത്തിൽ സ്ഥിരസാന്നിധ്യം ഉറപ്പിച്ചു. നഖക്ഷതങ്ങളിലെ “മഞ്ഞൾ പ്രസാദവും” എന്ന ഗാനം കെ.എസ്. ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. തുടർന്ന്ഒ,രു വടക്കൻ വീരഗാഥ, സർഗ്ഗം, പരിണയം, മയൂഖം എന്നീ ഹരിഹരൻ ചിത്രങ്ങൾക്ക് കൂടി ബോംബെ രവി സംഗീതം പകർന്നു. രവിയുടെ സംവിധാനത്തിൽ പിറന്ന “ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി (വൈശാലി)” എന്ന ഗാനത്തിലൂടെ ചിത്ര മൂന്നാമതും ദേശീയ പുരസ്കാരത്തിന് അർഹയായി.
മെലഡി ഗാനങ്ങൾക്ക് അനുയോജ്യമായ മോഹനമായിരുന്നു ബോംബെ രവി മലയാളത്തിൽ ഏറ്റവും അധികം ഉപയോഗിച്ചത്. മോഹനരാഗത്തിൽ 13 ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ശുദ്ധധന്യാസി, കല്യാണി, ഹിന്ദോളം തുടങ്ങിയ രാഗങ്ങളിലും മലയാളത്തിൽ അദ്ദേഹം ഗാനങ്ങൾ തീർത്തിട്ടുണ്ട്. “പാർവണേന്ദുമുഖി പാർവതീ..” എന്ന തിരുവാതിരപ്പാട്ട് കേട്ടാൽ അത് മലയാളിയല്ലാത്ത ഒരാൾ ചെയ്തതാണെന്ന് തോന്നുമോ?
ക്രാന്തിയാണ് രവിയുടെ ഭാര്യ. അവർ 1986-ൽ അന്തരിച്ചു. വീണ, ഛായ, അജയ് എന്നിവർ മക്കളാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ, ബോംബെ രവിയുടെ അവസാനനാളുകൾ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. മാത്രമല്ല, സ്വന്തം മക്കൾ അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല. അദ്ദേഹത്തിന്റെ മകൻ വർഷ ഉസ്ഗോങ്കർ എന്ന നടിയെയാണ് വിവാഹം കഴിച്ചത്. അച്ഛനും മകനും തമ്മിൽ അക്കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ആ നീരസം വളർന്ന് വലുതായി. മകനും മരുമകളും ചേർന്ന് സ്വത്ത് തർക്കത്തെ തുടർന്ന് അദ്ദേഹത്തെ വീട്ടിൽ നിന്ന് പുറത്താക്കി. അദ്ദേഹം അമേരിക്കയിൽ ആയിരുന്ന നാളിൽ കേസ് ഫയൽ ചെയ്യുകയും സ്വത്ത് തർക്കത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. സ്വയം കഷ്ടപ്പെട്ട് പടുത്തുയർത്തിയ വീടുപോലും നഷ്ടപ്പെട്ട അദ്ദേഹം അവസാനനാളുകളിൽ ഇളയ മകളോടൊപ്പമാണ് താമസിച്ചിരുന്നത്. 2012 മാർച്ച് 7-ന് 86-ആം വയസ്സിൽ അദ്ദേഹം ദിവംഗതനായി. മൃതദേഹം പിറ്റേന്ന് മുംബൈയിലെ പൊതു ശ്മശാനത്തിൽ അടക്കി. അങ്ങനെ ഒരു സംഗീതയാത്രയ്ക്ക് അവസാനമായി. എങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ ബോംബെ രവി ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു.
കവർ : ജ്യോതിസ് പരവൂർ
Links Courtesy : YouTube