സാധാരണക്കാര്‍ക്ക് തീര്‍ത്തും ദുര്‍ഗ്ഗമമായ ഒരു ഭരണസിരാകേന്ദ്രമാണ് വത്തിക്കാ (വാത്തിക്കന്‍ എന്ന് ഇംഗ്ലീഷ് ഉച്ചാരണം) ന്റേത്. വലിപ്പത്തില്‍ ഒരു ഗോള്‍ഫ്മൈതാനത്തിനൊപ്പമേ എത്തുന്നുള്ളുവെങ്കിലും വലിമയില്‍ ഇരുന്നൂറുകോടിയിലധികം വരുന്ന ക്രൈസ്തവജനതയെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരേയൊരു രാജ്യവും വത്തിക്കാനാണ്. വെറും നൂറ്റിയെട്ട് ഏക്കറില്‍ മാത്രം ഒതുങ്ങുന്ന, തെരുവുമേല്‍വിലാസങ്ങളില്ലാത്ത ഒരേ ഒരു രാജ്യം. ഒരു ബന്ധുവോ, രാഷ്ട്രീയ ഇളമുറക്കാരനോ ഭരണാധികാരത്തിന്റെ പിന്തുടര്ച്ചക്കാരനായി വരാത്ത ഏക ഏകാധിപത്യരാഷ്ട്രവും ഇതു തന്നെയാകും. അവിടുത്തെ ജനസംഖ്യയാണെങ്കില്‍ ആയിരത്തിയിരുന്നൂറില്‍ താഴെയും!
ഒരു പക്ഷേ, ലോകജനസംഖ്യയുടെ മുപ്പതുശതമാനത്തോളം വരുന്ന കത്തോലിക്കരുടെ ജീവിതരീതികളിലും വിശ്വാസങ്ങളിലും ആധികാരികമായി ആജ്ഞകള്‍ നല്കാന് അധികാരപ്പെട്ട ഒരേ ഒരു കേന്ദ്രം. പക്ഷേ, അത് ആത്മീയാജ്ഞകളായതിനാല് അതിന്റെ ശക്തി എന്തായിരിക്കുമെന്നും, കൃത്യമായി അനുവര്ത്തിക്കപ്പെടുന്നുണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ എന്നും സന്ദിഗ്ദ്ധാവസ്ഥകളില്ത്തന്നെയായിരിക്കും. വിശേഷദിവസങ്ങളിലും, വിവാഹ-മരണാവശ്യങ്ങള്‍ക്കു മാത്രമായും പള്ളിയില്‍ പോകുന്നവരുടെ വിശ്വാസസമ്മതിദാനത്തിന് ഉറപ്പു പോര.
ഒഴുക്കിനെതിരേ നീന്താനുള്ള മടി കൊണ്ടും, തലമുറകളായി ആര്‍ജ്ജിച്ചു പരിപാലിച്ചു പോരുന്ന വിശ്വാസപ്രമാണങ്ങളില്‍ സംശയങ്ങളുടെ ഭാരം കെട്ടി വച്ച് അവയുടെ പ്രയാണവഴികളില്‍ തടസ്സം സൃഷ്ടിക്കാനുള്ള വിമുഖതകൊണ്ടുമാണ് പലരും വിശ്വാസികളായി തുടരുന്നതുപോലും. മതവിശ്വാസം ജീവിതരീതികളെ സ്വാധീനിക്കുന്നതിനാല്‍ സുപ്രധാനമായ പല കാര്യങ്ങളിലും ആധികാരികമായി അഭിപ്രായം പറയേണ്ട ഉത്തരവാദിത്വം എല്ലാ മതകേന്ദ്രങ്ങള്ക്കുമെന്ന പോലെ വത്തിക്കാനുമുണ്ട്.
സ്വവര്‍ഗ്ഗവിവാഹം, ഗര്‍ഭച്ഛിദ്രം, ഗര്ഭരോധകം, വിവാഹം, വിജാതീയവിവാഹം, മതേതരബന്ധങ്ങള് തുടങ്ങിയ പലകാര്യങ്ങളില്‍ സഭയുടെ ആധികാരികാജ്ഞകള്ക്ക് വിശ്വാസികള്‍ക്കിടയില്‍ പ്രസക്തിയുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും വരുന്ന അഭിപ്രായവൈജാത്യങ്ങള്ക്കിടയില് നിന്നു കൊണ്ട് ഒരു തീരുമാനമെടുക്കുന്നത് സഭയെ സംബന്ധിച്ചിടത്തോളം അനായാസം സാധിച്ചെടുക്കാവുന്ന ഒരു കാര്യവുമല്ല. അതുകൊണ്ടു തന്നെ, ചോര്‍ച്ചകളില്ലാതെ കാര്യങ്ങളെ മുമ്പോട്ടു കൊണ്ടുപോകാന്‍ കത്തോലിക്കാസഭയുടെ പരമപദമായ വത്തിക്കാന്‍ ചെറുതല്ലാത്ത ഉത്തരവാദിത്വവുമുണ്ട്.
ഉരുക്കുകോട്ടകള്ക്കുള്ളിലെ രഹസ്യങ്ങളറിയാന്‍ പുറത്തു നില്‍ക്കുന്നവര്‍ക്ക് താല്പര്യമേറും. വത്തിക്കാന്‍ പശ്ചാത്തലമായി വരുന്ന ചലച്ചിത്രങ്ങള്‍ക്ക് ലോകമെമ്പാടും പ്രേക്ഷകരേറുന്നതും അതുകൊണ്ടാണ്. ചലച്ചിത്രങ്ങളുടെ തരംതിരിക്കലുകളില്‍ വാത്തിക്കന്‍ ചിത്രങ്ങള്‍ ഒരു ഉപവിഭാഗ (subgenre) മായിപ്പോലും വാര്ത്തകളിലിപ്പോള് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. അത്തരത്തില്‍ അടുത്തകാലങ്ങളിലായി ഇറങ്ങിയ ചിത്രങ്ങളാണ് The Young Pope (2016), The Two Popes (2019), The Pope’s Exorcist (2023) എന്നിവ. ഈ നിരയിലേയ്ക്ക് അവസാനമായി എത്തിയിരിക്കുന്ന ചിത്രമാണ് കോണ്‍ക്ളേവ് (Conclave). റോബെര്‍ട്ട് ഹാരിസിന്റെ ‘കോണ്‍ക്ളേവ്’ എന്ന വിഖ്യാതമായ ആഖ്യായികയെ അടിസ്ഥാനമാക്കി എഡ്വേഡ് ബെര്‍ഗര്‍ സംവിധാനം ചെയ്ത ചിത്രം ചില രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു. അധികം താമസിയാതെ തന്നെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ചിത്രം ലഭ്യമാകും. ചിത്രത്തിന്റെ ആഗോളപ്രദര്‍ശനോദ്ഘാടനം ടൊറോന്റോ രാജ്യാന്തരചലച്ചിത്രമേള (TIFF 2024) യിലായിരുന്നു.

ഒരു മാര്‍പ്പാപ്പയുടെ പെട്ടെന്നുള്ള വിയോഗത്താല്‍ വിളിച്ചു ചേര്‍ക്കപ്പെട്ട കര്ദ്ദിനാള്സഭ (Conclave)ആണ് ചിത്രത്തിന്റെ പശ്ചാത്തലം. വത്തിക്കാനിലെ ഡീന്‍ ആയ കര്‍ദ്ദിനാള്‍ ലോറന്‍സിനാണ്, ഭാഗ്യമെന്നോ ദൗര്ഭാഗ്യമെന്നോ വിശേഷിപ്പിക്കാവുന്ന ആ ഉത്തരവാദിത്വം വന്നുചേരുന്നത്. ദൈവനിയോഗമെന്ന നിലയില്‍ അത് ഭാഗ്യമായി കണക്കുകൂട്ടാമെങ്കിലും അതിന്റെ പിന്നില്‍ നടക്കുന്ന കള്ളക്കളികളെയും, കുതികാല്‍വെട്ടലുകളെയും, ഉപജാപങ്ങളെയും നേരിടേണ്ടി വരുന്നു എന്നുള്ളതാണ് അതിനെ ദൗര്‍ഭാഗ്യമാക്കി മാറ്റുന്നത്. സഭയുടെ ‘നല്ല പുസ്തക’ത്തിലുള്ളയാളാണ് കര്‍ദ്ദിനാള്‍ തോമസ് ലോറന്‍സ്. ”അധികാരമോഹികളല്ല അധികാരസ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗ്യര്‍!” എന്ന പ്ലേറ്റോണിയന്‍ നീതിവാക്യത്തോട് ചേര്‍ന്നു നിന്നുകൊണ്ട് മാര്‍പ്പാപ്പയാകാന്‍ അവര്‍ക്കിടയില്‍ ഏറ്റവും യോഗ്യതയുള്ളയാളും കര്‍ദ്ദിനാള്‍ ലോറന്‍സ് തന്നെയാണ്.
അധികാരമോഹത്തിന്റെ കുറുക്കന്കണ്ണുകള്ക്കിടയിലാണു താനെന്നും, തികച്ചും കൃതഘ്നമായ ഒരു നിയോഗമാണ് തന്റേതെന്നും അദ്ദേഹത്തിനറിയാം. അധികാരം ഒരിക്കലും ഒരു ലഹരിയായി അദ്ദേഹത്തെ കീഴടക്കിയിട്ടില്ല. കത്തോലിക്കാസഭയുടെ അധികാരശ്രേണിയില്‍ മറ്റെല്ലാ മതസംഘടനകളിലുമുള്ളതുപോലെ തന്നെ പല തരത്തിലുള്ള സ്വഭാവങ്ങള്‍ പേറുന്ന മനുഷ്യരുണ്ട്. വിദ്വേഷം പരത്തുന്ന തീവ്രവാദികളും, നവീകരണവാദത്തിന്റെ തലക്കനം പേറുന്നവരും, മിതവാദികളുമെല്ലാം പല സംഘടനകളിലുമുള്ളതുപോലെ ഈ സഭയിലുമുണ്ട്. അവരില്‍ അധികാരമോഹികളും നിഷ്ക്കാമകര്മ്മികളുമുണ്ട്.
പുതിയ പോപ്പിന്റേ കസേരയിലേയ്ക്ക് നോട്ടമിട്ടിരിക്കുന്നത് പ്രധാനമായും നാലുപേരാണ്. ഒന്നാമന് കര്‍ദ്ദിനാള്‍ ബെല്ലിനി. ലിബെറല്‍ സ്വഭാവമുള്ള അമേരിക്കന്‍ വൈദികനാണദ്ദേഹം. പൊതുവേ ജനസമ്മതനും നല്ല പെരുമാറ്റത്തിനുടമയുമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ പോപ്പ് ആകാന്‍ ഈ കളികള്‍ക്കിടയിലൂടെ ഒരുപാടു ദൂരം അദ്ദേഹത്തിനു നടക്കേണ്ടതുണ്ട്.
ഈ കഥാപാത്രത്തിന് 2005 ല്‍ നടന്ന മാര്പ്പാപ്പാതിരഞ്ഞെടുപ്പില് പരാജിതനായ കര്‍ദ്ദിനാള്‍ കാര്‍ലോ മറിയ മാര്‍ട്ടീനിയുടെ അവസ്ഥയുമായി സാമ്യമുണ്ട്. മാര്‍ട്ടീനി മിലാനിലെ ആര്‍ച്ച്ബിഷപ്പായിരുന്നു. രണ്ടാമന്, കാനഡയില്‍ നിന്നുള്ള മിതവാദിയായ കര്‍ദ്ദിനാള്‍ ജോസെഫ് ട്രെംബ്ളെ. ഉദ്ദേശ്യം പൂര്‍ണ്ണമായി വ്യക്തമാകുന്നില്ലെങ്കിലും ചില കുരുട്ടുവിദ്യകള്‍ മനസ്സിലിട്ടുകൊണ്ടാണ് അദ്ദേഹത്തിന്റെ വരവും. ആരാധനാക്രമങ്ങളിലും നിഷ്ഠകളിലും കര്‍ശനമായ യാഥാസ്ഥിതികത്വത്തെ മുറുകെപ്പിടിക്കുന്ന പാരമ്പര്യവാദിയായ കര്‍ദ്ദിനാള്‍ ടെഡെസ്ക്കൊ ആണ് മൂന്നാമന്. ഇറ്റലിയില്‍ നിന്നു തന്നെയാണ് വരവ്. സഭയെ നൂറ്റാണ്ടുകളുടെ പിന്നിലേയ്ക്ക്തന്നെ തളയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ കുറച്ചു ദശാബ്ദങ്ങളെങ്കിലും പിന്നിലേയ്ക്ക് കെട്ടിയിടണമെന്നു വാദിക്കുന്നയാളാണദ്ദേഹം. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ജോഷ്വ അഡെയേമിഎന്ന കറുത്തവര്ഗ്ഗക്കാരന് നാലാമത്തെയാള്‍. ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള കര്‍ദ്ദിനാള്‍മാര്‍ തിരഞ്ഞെടുപ്പിനായി വത്തിക്കാനിലെത്തിയിട്ടുണ്ട്. അതില്‍ മരിച്ചുപോയ മാര്‍പ്പാപ്പ രഹസ്യ (In Pectore) മായി കര്‍ദ്ദിനാള്‍ ആക്കിയ കാബൂളില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ് ബെനിറ്റെസുമുണ്ട്.
അന്തരിച്ച മാര്‍പ്പാപ്പ കര്‍ദ്ദിനാള്‍ ട്രെംബ്ളേയുടെ രാജി ആവശ്യപ്പെട്ടിരുന്നതായി ഒരു വാര്‍ത്ത ലോറന്‍സിന്റെ ചെവിയിലെത്തുന്നുണ്ടെങ്കിലും, തെളിവുകളൊന്നും ഇനിയുണ്ടാവാന്‍ സാധ്യതയില്ലാത്തതിനാല്‍ ട്രെംബ്ളെ അത് നിഷേധിക്കുന്നു. നാലഞ്ചു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. തീരുമാനമാവാതെ വരുന്ന ഓരോഘട്ടങ്ങളിലും സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്നു കറുത്തപുകയാണ് ഉയരുന്നത്.
അവിടെയുമിവിടെയുമായി നടക്കുന്ന രഹസ്യവര്ത്തമാനങ്ങള്ക്കിടയില് പെട്ടെന്നു വേറൊരു കര്‍ദ്ദിനാളിന്റെ പേരില്‍ ഒരു ആരോപണം പൊട്ടിപ്പുറപ്പെടുന്നു. പഴയ ഒരു അവിഹിതബന്ധമാണ് വിഷയം. ലോറന്‍സ് ധര്‍മ്മസങ്കടത്തിലാവുന്നു. ഈ രഹസ്യം ഒരിക്കലും പുറത്താക്കി തന്നെ ഈ തിരഞ്ഞെടുപ്പില്‍ അയോഗ്യനാക്കരുതെന്ന് അദ്ദേഹം ലോറന്‍സിനോടു കണ്ണുനിറഞ്ഞു കാലുപിടിക്കുന്നുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ കൈയിലൊതുങ്ങാത്തവിധം ആ രഹസ്യം പരസ്യമായി വളരുന്നതോടെ സ്ഥാനാര്‍ത്ഥിയായ ഒരാള്‍ അയോഗ്യനാവുന്നു. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ അത് ചരിത്രത്തില്‍ എഴുതിച്ചേര്ക്കാനാവുംവിധം വിപ്ലവാത്മകമായ ഒരു മാറ്റമാകുമായിരുന്നു. ഈ അവിഹിതബന്ധത്തിലെ ഇരയായ കന്യാസ്ത്രീയെ അവരുടെ നാട്ടില്‍ നിന്നു വത്തിക്കാനിലേയ്ക്ക് സ്ഥലം മാറ്റിക്കൊണ്ടുവന്ന് ഈ വിവാദത്തിനു തീകൊളുത്തിയത് സ്ഥാനമോഹിയായ മറ്റൊരു കര്ദ്ദിനാളാണെന്ന രഹസ്യം, അതുവരെ നിശ്ശബ്ദയായി സഭാസേവനം നടത്തിക്കൊണ്ടിരുന്ന സിസ്റ്റര്‍ ആഗ്നെസ് ആണ് പുറത്തുവിട്ടത്. ഇദ്ദേഹംതന്നെ സ്വന്തം സാധ്യതകള്‍ക്കായി മറ്റു കര്‍ദ്ദിനാള്‍മാരെ സ്വാധീനിച്ചതായുള്ള രേഖകളും പിന്നീട് പുറത്തുവരുന്നുണ്ട്. ഇത്തരം നാടകീയമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവിടെ നടക്കുന്ന മറ്റൊരു സംഭവത്തെച്ചൊല്ലി കര്‍ദ്ദിനാള്‍ ടെഡെസ്ക്കോ രോഷാകുലനാവുകയും ആ സംഭവത്തെ ഇസ്ലാമികതീവ്രവാദവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേ രീതിയില്‍, അതിരൂക്ഷമായിത്തന്നെ അത്തരം ആള്‍ക്കാര്‍ക്ക് കത്തോലിക്കാസഭ മറുപടി നല്‍കണമെന്ന് അദ്ദേഹം വാദിക്കുന്നു. അതിനെതിരേ, കോംഗോയിലും, ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും താന്‍ നേരിട്ട യുദ്ധത്തിന്റെ കെടുതികള്‍ വിവരിക്കുകയും സമാധാനപരമായ സഹവര്‍ത്തിത്വത്തിനു സഭ മുന്‍കൈയെടുക്കണമെന്നും കാബൂളില്‍ നിന്നു വന്ന കര്‍ദ്ദിനാളായ ബെനിറ്റെസ് അഭിപ്രായപ്പെടുന്നുണ്ട്.

റാൽഫ് ഫൈൻസ്
ബെനിറ്റെസിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ഒരു വിവരം ലോറന്‍സ് അറിയുകയും ആ വിവരം രഹസ്യമാക്കി വയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നതിനൊപ്പം പുതിയ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പു പൂര്‍ത്തിയാകുകയാണ്. അതോടൊപ്പം ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയരുന്നു.
രാഷ്ട്രീയരഹസ്യങ്ങള് എല്ലാക്കാലത്തും വായുരിക്തമായി സൂക്ഷിക്കുക എന്നത് ദുസ്സാധ്യമാണ്. ആത്മശ്ലാഘി (egotist)കളും, അധികാരമോഹികളും, സ്വജനപക്ഷപാതികളുമൊക്കെയടങ്ങുന്ന ഒരുപാടുപേര് പുരോഹിതവൃന്ദങ്ങളിലുമുണ്ടല്ലോ. അവര്‍ക്കിടയിലൂടെ, തീരുമാനങ്ങള്‍ പരിക്കുകളില്ലാതെ കടത്തിവിടാനും, ഐകരൂപ്യ (symmetry)മുള്ള ഒരു ഉല്പാദിത വസ്തുവായി അത് പുറത്തെടുത്ത് കാണിക്കാനും അസാധാരണമായ വൈദഗ്ദ്ധ്യം തന്നെ വേണ്ടിവരും ലോറന്‍സിനെപ്പോലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നവര്‍ക്ക്. അതിസൂക്ഷ്മബോധ (sensitivity) ത്തോടെ ഉത്പാദിപ്പിച്ചു പുറത്തെടുക്കേണ്ട വിശ്വാസസംഹിതകള്‍ക്ക് പലപ്പോഴും അതിന്റെ നിര്‍മ്മാണപ്രക്രിയയില്‍, ഉല്പാദനകേന്ദ്രത്തിനുള്ളില് വച്ചു തന്നെ പ്രതികൂലാവസ്ഥകള്‍ നേരിടേണ്ടിവരുന്നു. അസംസ്കൃതസാധനങ്ങള് മോഷ്ടിക്കപ്പെടുന്നു. വിപണനരഹസ്യങ്ങള് (marketing strategy) ചോര്‍ന്നു പോകുന്നു. അങ്ങനെയാണ് വാത്തിലീക്സ് (Vatileaks) എന്ന സാങ്കേതികപദം പോലും ഉടലെടുത്തത്.
All Quiet on the Western Front എന്ന ചിത്രത്തിന്റെ മൂന്നാം റീമെയ്ക്ക് ആണ് എഡ്വേഡ് ബെര്‍ഗര്‍ കോണ്‍ക്ലേവിനു മുമ്പ് ചെയ്ത ചിത്രം. ഒട്ടേറെ മുഴുനീളചിത്രങ്ങളും ടെലി സീരീസുകളുമായി മുമ്പേ തന്നെ പ്രശസ്തനാണ് അമ്പത്തിനാലുകാരനായ ബെര്‍ഗര്‍. അനേകം ചലച്ചിത്രോത്സവങ്ങളില്‍ പുരസ്കൃതനായ, തഴക്കംവന്ന ചലച്ചിത്രകാരനാണ് അദ്ദേഹം. ചിത്രം നിറഞ്ഞുനില്ക്കുന്ന കഥാപാത്രമായ കര്‍ദ്ദിനാള്‍ ലോറന്‍സിന്റെ വേഷം ചെയ്തിരിക്കുന്നത് റാള്‍ഫ് ഫൈന്‍സ് (Ralph Fiennes) എന്ന പ്രശസ്തനടനാണ്. ടൊറോന്റോ രാജ്യാന്തരചലച്ചിത്രോത്സവ (TIFF 2024) ത്തില്‍ ഇക്കുറി പ്രദര്‍ശിപ്പിക്കപ്പെട്ട ഉബെര്‍ട്ടോ പസൊലീനിയുടെ The Return എന്ന ചിത്രത്തിലും നായകന് അദ്ദേഹമായിരുന്നു. തികച്ചും വിവിധങ്ങളായ നിരവധി വേഷങ്ങള്‍ ചെയ്ത് പ്രശസ്തനായ ഫൈന്സിനേക്കാളുപരി മറ്റൊരു നടനേയും ചിന്തിക്കാന്‍ പറ്റാത്ത രീതിയില്‍ കൈയ്യടക്കത്തോടെയാണ് ഈ കഥാപാത്രം ചിത്രം നിറഞ്ഞുനില്ക്കുന്നത്. കര്‍ദ്ദിനാള്‍ ബെല്ലീനിയായി സ്റ്റാന്‍ലി ടുച്ചി (Stanley Tucci)യും, കര്‍ദ്ദിനാള്‍ ട്രെംബ്ളേയായി ജോണ്‍ ലിത്ഗോ (John Lithgo) യും, കര്‍ദ്ദിനാള്‍ ടെഡേസ്ക്കോയായി സെര്‍ജിയോ കാസ്റ്റെലീറ്റോ (Sergio Castellito) യും, നൈജീരിയയില്‍ നിന്നുള്ള കറുത്തവര്‍ഗ്ഗക്കാരനായ കര്‍ദ്ദിനാള്‍ അഡെയേമിയായി ലുസിയാന് എംസമാറ്റി(Lucian Msamati)യും, കാബൂളില്‍നിന്നു വന്ന കര്‍ദ്ദിനാള്‍ ബെനിറ്റ്സേയായി മെക്സിക്കന്‍ നടനായ കാര്‍ലോസ് ഡിയേസും (Carlos Diehz) മത്സരിച്ചഭിനയിക്കുമ്പോള്‍, കന്യാസ്ത്രീകളിലെ ഏക പ്രധാനകഥാപാത്രമായ സിസ്റ്റര്‍ ആഗ്നെസായി പ്രശസ്ത അഭിനേത്രി ഇസബേല റൊസെല്ലീനി (Isabella Rossellini) പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. വത്തിക്കാനിലെ അടുക്കളകളിലും ഡൈനിങ് ഹാളു (Refectory) കളിലും പ്രാര്ത്ഥനാമുറികളിലും മാത്രമൊതുങ്ങുന്ന നിശ്ശബ്ദജീവികളായ കന്യാസ്ത്രീകള്‍ എല്ലാം കാണുന്നവരും കേള്‍ക്കുന്നവരുമാണ്. അവരുടേതുമാത്രമായ ചിലനിമിഷങ്ങളില്‍ അപൂര്‍വ്വം ചിലര്‍ പരസ്പരം എന്തെങ്കിലും പറഞ്ഞാലായി. ഒരു പ്രത്യേകനിമിഷത്തില്‍ ആ മൗനം ഭഞ്ജിച്ചുകൊണ്ട് പൊട്ടിത്തെറിക്കുന്നതുവരെ ഈ വിഖ്യാതനടിക്ക് ഈ ചിത്രത്തില്‍ എന്തിനാണിങ്ങനെയൊരു വേഷം എന്ന് പ്രേക്ഷകര്‍ അദ്ഭുതപ്പെടുന്നുണ്ടാവും. നിശ്ശബ്ദയും അതേസമയം ഏറ്റവും ശക്തയുമായിട്ടുള്ള ഒരു കഥാപാത്രമാണ് സിസ്റ്റര്‍ ആഗ്നെസ്. ലോകപ്രശസ്തയായ സ്വീഡിഷ് നടി ഇന്‍ഗ്രിഡ് ബെര്ഗ്മന്റേയും വിഖ്യാത ഇറ്റാലിയന്‍ സംവിധായകനായ റൊബെര്‍ട്ടോ റോസെല്ലീനിയുടേയും പുത്രിയായ ഇസബേല എപ്പോഴും സന്തോഷവതിയായ ഒരു നടിയാണ്. ഒരുപക്ഷേ, മനുഷ്യര്‍ക്കായി ഒരു ഉല്ലാസസൂചിക (Happiness Index) ഉണ്ടെങ്കില്‍ അതിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നയാളാണ് ഇസബേല റോസെല്ലീനി. ചിത്രം കണ്ടുതീരുമ്പോള്‍ മാത്രമേ പ്രേക്ഷകര്‍ക്ക് ആ കഥാപാത്രസൃഷ്ടിയേയും നടിയേയും കുറിച്ചുള്ള സന്ദേഹങ്ങള്‍ക്ക് അറുതിവരുന്നുള്ളു.

ഇസബേല റോസെല്ലീനി
ഇസബേല അഭിനയിക്കുമ്പോള്‍, ഇംഗ്മെര്‍ ബെര്ഗ്മന്റെ Autumn Sonata (1978), മൈക്കെല്‍ കെര്ട്ടിസിന്റെ Casablanca (1942) എന്നിവയിലൊക്കെ പ്രധാനതാരമായിരുന്ന ഇന്‍ഗ്രിഡ് ബെര്ഗ്മനെ ഓര്‍മ്മവന്നെന്ന് ടൊറോന്റോയില്‍ പ്രദര്‍ശനത്തിനു ശേഷം നടന്ന ഒരു അഭിമുഖത്തില്‍ സംവിധായകനായ എഡ്വേഡ് ബെര്‍ഗര്‍ പറയുകയുണ്ടായി. ഒരു ചെസ് കളി പോലെയാണ് തനിക്ക് സിനിമയെന്നു അദ്ദേഹം പറയുന്നു.
പാരമ്പര്യവും, രാഷ്ട്രീയവും, പുരോഗമനവും, വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലാവുമ്പോള് പതിവുപോലെ ചിത്രത്തെ രൂക്ഷമായി വിമര്‍ശിക്കുന്നവരുമുണ്ട്. തെക്കന്‍ മിനെസോട്ട (USA)യിലെ വിനോന-റോച്ചെസ്റ്റര്‍ രൂപതയിലെ ബിഷപ്പ് റോബെര്‍ട്ട് ബാരെന്‍ പറഞ്ഞതിങ്ങനെയാണ്: കൃസ്ത്യാനികള്‍ ഈ ചിത്രം ഒഴിവാക്കണം. പുതിയകാലത്തിന്റെ എല്ലാവിധ ചേരുവകളും കൃത്യമായി ചേര്‍ത്തുണ്ടാക്കിയ ഈ കള്ളക്കഥ പുരസ്ക്കാരങ്ങള്‍ നേടിയേക്കും. പക്ഷേ, ചിത്രം പറഞ്ഞുവയ്ക്കുന്ന കാര്യങ്ങള്‍ അബദ്ധജടിലങ്ങളാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പയുടെ അപ്പൊസ്തോലിക ഇടയലേഖനമായ Ordinatio Sacerdotalis (1994) പ്രകാരം സഭയ്ക്ക് ഒരു സ്ത്രീയെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് അവരോധിക്കാന്‍ സാധ്യമല്ല. സ്ത്രീകള്‍ക്ക് അതുല്യവും ഒഴിച്ചുകൂടാനാവാത്തതുമായ ഒരു സ്ഥാനം സഭ കല്പിച്ചു നല്‍കിയിട്ടുണ്ട്. അതുപ്രകാരം, സ്ത്രീകള്‍ക്ക് പൗരോഹിത്യം നല്കണമെന്നുള്ള ചര്‍ച്ചപോലും മുന്‍പറഞ്ഞ ദൈവശാസ്ത്രപരമായി നിഷിദ്ധമായിട്ടുള്ള കാര്യമാണ്.

കാർലോസ് ഡിയേസ്
ആറുവര്‍ഷത്തെ പ്രയത്നഫലമാണ് 72 മണിക്കൂറില്‍ നടക്കുന്ന ഈ പെയ്പല് കോണ്‍ക്ലേവ് (Papal Conclave) ആയി പരിണമിക്കുന്നത്. വത്തിക്കാന്റെ കഥയാണെങ്കിലും ചിത്രത്തിന്റെ ഏറിയ പങ്കും നിര്‍മ്മിക്കപ്പെട്ടത് റോമിലെ ചിനിചിറ്റ (Cinecitta Studios) യിലാണ്. വത്തിക്കാന്‍ പ്രമേയമായി വരുന്ന മിക്ക ചിത്രങ്ങളേയും പോലെ തന്നെ ഈ ചിത്രവും മികച്ച ദൃശ്യാനുഭവമാണ്. ചിത്രത്തില്‍ കാണുന്ന ആമ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്തിനൊപ്പം ഇഴയുന്ന മതാധികാരത്തിന്റെ രൂപധാരണമാകാം. മിണ്ടാമഠങ്ങളുടെ ഏകാന്തതയെ ഓര്‍മ്മിപ്പിക്കുന്ന സിസ്റ്റീന്‍ ചാപ്പലിന്റെ അകത്തളങ്ങളിലെ ആണ്നാടകങ്ങളെയോര്ത്ത് ചിരിക്കുന്ന കന്യാസ്ത്രീകളിലാണ് ചിത്രം അവസാനിക്കുന്നത്.
കവർ : ജ്യോതിസ് പരവൂർ
Images : Google Images