ആന്റൺ ചെക്കോവ്
പുലർച്ച മുതലേ ആകാശം കാർമ്മേഘം നിറഞ്ഞു കിടക്കുകയായിരുന്നു. ചൂടുണ്ടായിരുന്നില്ല; എന്നാൽ നിശ്ചേഷ്ടവും നിരുന്മേഷവുമായിരുന്നു അന്തരീക്ഷം, പാടങ്ങൾക്കു മേൽ മേഘങ്ങൾ യുഗങ്ങളായി തങ്ങിനില്ക്കുകയും ഇപ്പോൾ മഴ പെയ്യുമെന്ന നിങ്ങളുടെ പ്രതീക്ഷകൾ വിഫലമാവുകയും ചെയ്യുന്ന നരച്ച ദിവസങ്ങളിലൊന്നുപോലെ. മൃഗഡോക്ടറായ ഇവാൻ ഇവാനിച്ചും സ്കൂൾ ടീച്ചറായ ബർക്കിനും നടന്നുനടന്ന് അവശരായിരുന്നു; പാടങ്ങൾക്കവസാനമില്ലെന്ന് അവർക്കു തോന്നിപ്പോയി. അങ്ങകലെ മിരോനോസിറ്റ്സ്കോഗ്രാമത്തിലെ കാറ്റാടിമില്ലുകൾ കഷ്ടിച്ചു കാണാമായിരുന്നു; വലതുഭാഗത്തായി ഒരു കുന്നിൻനിര നീണ്ടുനീണ്ടുപോയി ഗ്രാമത്തിനപ്പുറത്തു മറഞ്ഞു. മേച്ചില്പുറങ്ങളും പച്ചവില്ലോമരങ്ങളും ഗ്രാമീണഭവനങ്ങളുമുള്ള നദിക്കരയാണതെന്ന് ഇരുവർക്കുമറിയാമായിരുന്നു; ഒരു കുന്നിൻ മുകളിൽ കയറിനിന്നു നോക്കിയാൽ വേറെയും വിശാലമായ പാടങ്ങളും ടെലിഗ്രാഫ് പോസ്റ്റുകളും ദൂരെ ഒരു കമ്പിളിപ്പുഴു പോലെ ഇഴഞ്ഞുനീങ്ങുന്ന ട്രെയിനും കാണാം. തെളിഞ്ഞ ദിവസമാണെങ്കിൽ ടൗണും നിങ്ങൾക്കു കാണാം. ഇപ്പോൾ, സവ്വതും അനക്കമറ്റു കിടക്കുന്ന അന്തരീക്ഷത്തിൽ, പ്രകൃതി പ്രശാന്തവും ധ്യാനലീനവുമായിക്കിടക്കെ, ഇവാൻ ഇവാനിച്ചിനും ബർക്കിനും ആ പാടങ്ങളോട് ഹൃദയം നിറഞ്ഞ സ്നേഹം തോന്നി; എത്ര മഹത്താണ്, എത്ര സുന്ദരമാണ് തങ്ങളുടെ ദേശമെന്ന് ഇരുവരും മനസ്സിൽ പറഞ്ഞു.
“കഴിഞ്ഞ തവണ നമ്മൾ പ്രൊക്കോഫിയുടെ കളപ്പുരയിലായിരുന്നപ്പോൾ താനെന്തോ കഥ പറയാൻ പോയതായിരുന്നല്ലോ,“ ബർക്കിൻ പറഞ്ഞു.
”അതെ, എന്റെ സഹോദരന്റെ കഥ പറയണമെന്നു തോന്നിയിരുന്നു.“
ഒരു നീണ്ട കഥയ്ക്കു തുടക്കമിടാനെന്നപോലെ ഇവാൻ ഇവാനിച്ച് ഒരു നെടുവീർപ്പിട്ടുകൊണ്ട് പൈപ്പ് കൊളുത്തി; അപ്പോഴാണ് മഴ പെയ്യാൻ തുടങ്ങിയത്. അഞ്ചു മിനുട്ടു കഴിഞ്ഞില്ല, എപ്പോൾ നിലയ്ക്കുമെന്നറിയാത്ത മട്ടിൽ മഴ കോരിച്ചൊരിയാനും തുടങ്ങി. ഇവാൻ ഇവാനിച്ചും ബർക്കിനും എന്തു ചെയ്യണമെന്ന ആലോചനയിലാണ്ടു; നനഞ്ഞുകുതിർന്ന നായ്ക്കൾ വാലകിട്ടിൽ തിരുകി ആർദ്രമായ കണ്ണുകളോടെ അവരെയും നോക്കിനിന്നു.
”നമുക്കെവിടെയെങ്കിലും കയറിനിന്നാലോ?“ ബർക്കിൻ പറഞ്ഞു. ”നമുക്ക് അലെഖിന്റെ വീട്ടിലേക്കു പോകാം. ഇവിടെ അടുത്താണ്.“
”ആയിക്കോട്ടെ.“
അവർ ദിശ മാറ്റി പാടത്തിനിടയിലൂടെ നടന്നു; കുറേ ദൂരം നേരേ നടന്ന് പിന്നെ വലത്തേക്കു തിരിഞ്ഞപ്പോൾ റോഡിലെത്തി. അധികം വൈകാതെ പോപ്ലാർ മരങ്ങളും തോട്ടങ്ങളും കളപ്പുരകളുടെ ചുവന്ന മേൽക്കൂരകളും കണ്ടുതുടങ്ങി; പുഴ വെട്ടിത്തിളങ്ങുന്നു. വിശാലമായ ഒരു കുളവും കാറ്റാടിമില്ലും വെള്ളയടിച്ച കുളിപ്പുരയും കാഴ്ചയിലേക്കു വന്നു. ഇതാണ് സോഫിനോ, അലെഖിന്റെ താമസസ്ഥലം.
മഴ പെയ്യുന്ന ശബ്ദത്തെ മുക്കിത്താഴ്ത്തിക്കൊണ്ട് മില്ലോടുന്നുണ്ടായിരുന്നു; തടയണ കുലുങ്ങുന്നുണ്ട്. വണ്ടികൾക്കരികെ കുതിരകൾ നനഞ്ഞുകുതിർന്നു നില്ക്കുന്നു; ആളുകൾ ചാക്കു കൊണ്ടു തല മൂടി ഓടിനടക്കുന്നു. നനഞ്ഞും ചെളി കുഴഞ്ഞും നിരുന്മേഷമായി കിടക്കുകയാണെല്ലാം; കുളമാകട്ടെ, തണുത്തും വൈരം നിറഞ്ഞും കാണപ്പെട്ടു. ആകെ നനഞ്ഞ്, ചെളി പിടിച്ച വേഷത്തിലായിരുന്നു ഇവാൻ ഇവാനിച്ചും ബർക്കിനും. അവരുടെ സ്വസ്ഥതയാകെ പൊയ്പോയിരുന്നു. ചെളി പിടിച്ച് നടക്കാൻ പറ്റാതായിരുന്നു അവർക്ക്. തടയണ മുറിച്ചുകടന്ന് കളപ്പുരയിലേക്കു നടക്കുമ്പോൾ അവർ പരസ്പരം ഒന്നും മിണ്ടിയില്ല, അന്യോന്യം കോപിച്ചിരിക്കുകയാണെന്നപോലെ. കളപ്പുരകളിലൊന്നിൽ ഒരു മെതിയന്ത്രം കടകടശബ്ദം ഉണ്ടാക്കുന്നുണ്ടായിരുന്നു; തുറന്നുകിടന്ന വാതിലിലൂടെ പൊടി പുറത്തേക്കു പറക്കുന്നുണ്ട്. അലെഖിൻ വാതില്ക്കൽത്തന്നെ നില്പുണ്ടായിരുന്നു: നാല്പതിനടുത്തു പ്രായമുള്ള, നല്ല ഉയരവും വണ്ണവും നീണ്ട മുടിയുമുള്ള ഒരാൾ; കണ്ടാൽ ജന്മിയെന്നല്ല, വല്ല പ്രൊഫസറോ ശില്പിയോ ആണെന്നു തോന്നും. കഴുകിയിട്ടു കുറേക്കാലമായ ഒരു വെള്ളഷർട്ടാണ് അയാൾ ധരിച്ചിരുന്നത്; അത് ഒരു ബല്റ്റു കൊണ്ട് മുറുക്കിക്കെട്ടിയിരുന്നു; ട്രൗസറിനു പകരം നിക്കറായിരുന്നു; ബൂട്ടുകളിൽ ചെളിയും വൈക്കോലും കട്ടപിടിച്ചിരുന്നു. പൊടി കയറി കറുത്തു കിടക്കുകയായിരുന്നു അയാളുടെ മൂക്കും കണ്ണുകളും. ഇവാൻ ഇവാനിച്ചിനെയും ബർക്കിനേയും അയാൾ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു; അവരെ കണ്ടതിലുള്ള സന്തോഷം അയാളുടെ മുഖത്തു പ്രകടവുമായിരുന്നു.
“വീട്ടിലേക്കു ചെന്നോ,” പുഞ്ചിരിയോടെ അയാൾ പറഞ്ഞു, “ഞാൻ ഇപ്പോൾത്തന്നെ എത്തിയേക്കാം.“
രണ്ടുനിലയുള്ള വലിയൊരു വീടായിരുന്നു അത്. താഴത്തെ നിലയിൽ, കമാനാകൃതിയിൽ വളഞ്ഞ മച്ചുള്ള രണ്ടു മുറികളിലായിരുന്നു അലെഖിന്റെ താമസം; മുമ്പ് അയാളുടെ മാനേജർമാർ താമസിച്ചിരുന്നതാണവിടെ. അധികം സജ്ജീകരണങ്ങളൊന്നുമില്ലാത്ത ആ മുറികൾക്ക് വരകുറൊട്ടിയുടേയും വില കുറഞ്ഞ വോഡ്ക്കയുടേയും കുതിരക്കോപ്പുകളുടേയും മണമായിരുന്നു. വിരുന്നുകാരുണ്ടെങ്കിലല്ലാതെ അയാൾ മുകളിലേക്കു പോവുകതന്നെയില്ല. ഇവാൻ ഇവാനിച്ചിനേയും ബർക്കിനേയും സ്വാഗതം ചെയ്തത് യുവതിയായ ഒരു വേലക്കാരിയാണ്; അവളുടെ സൗന്ദര്യം കണ്ടപ്പോൾ അവർ പെട്ടെന്നു നിന്ന് അന്യോന്യമൊന്നു നോക്കിപ്പോയി.
”“നിങ്ങളെ കണ്ടതിലുള്ള എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല,” അവരുടെ പിന്നാലെ ഹാളിലേക്കു കയറിക്കൊണ്ട് അലെഖിൻ പറഞ്ഞു. “തീരെ പ്രതീക്ഷിച്ചില്ല!” എന്നിട്ടയാൾ വേലക്കാരിയോടായി പറഞ്ഞു, “പെലാഗെയാ, ഇവർക്കു മാറാനുള്ളതു കൊടുക്കൂ. ഞാനും ഇതൊക്കെയൊന്നു മാറിവരാം; പക്ഷേ അതിനു മുമ്പ് എനിക്കൊന്നു കുളിക്കണം- ഞാൻ കുളിച്ചിട്ടു മാസങ്ങളായെന്നു തോന്നുന്നു! ഇവിടെ ഇതൊക്കെയൊന്നു ശരിയാക്കുന്നതു വരെ നിങ്ങളും കുളിപ്പുരയിലേക്കു പോന്നാലോ?”
പെലാഗെയ, ശാലീനമായ മുഖവും സൗമ്യമായ കണ്ണുകളുമുള്ള ആ സുന്ദരി, സോപ്പും ടൗവ്വലുകളുമായി വന്നു. അലെഖിൻ അതിഥികളുമായി കുളിപ്പുരയിലേക്കു പോവുകയും ചെയ്തു.
“ശരിയാണ്, കുറേ നാളായി ഞാൻ ദേഹത്തു വെള്ളമൊഴിച്ചിട്ട്,“ തുണി മാറിക്കൊണ്ട് അയാൾ പറഞ്ഞു. ”എന്റെ കുളിപ്പുര കൊള്ളാമല്ലേ, അച്ഛൻ പണിയിച്ചതാണ്; പറഞ്ഞിട്ടെന്താ, എനിക്കു കുളിക്കാനുള്ള നേരം കിട്ടാറില്ല.“
അയാൾ പടവിലിരുന്നിട്ട് നീണ്ട മുടിയിലും കഴുത്തിലും സോപ്പു തേച്ചു; അയാൾക്കു ചുറ്റുമുള്ള വെള്ളം തവിട്ടുനിറം പകർന്നു.
”അതെ, ഞാൻ പറയുന്നു…“ അയാളുടെ തലയിലേക്ക് അർത്ഥഗർഭമായി നോക്കിക്കൊണ്ട് ഇവാൻ ഇവാനിച്ച് പറഞ്ഞു.
”കുറേ നാളായി ദേഹത്തു വെള്ളമൊഴിച്ചിട്ട്,“ നാണിച്ചുപോയപോലെ ആവർത്തിച്ചുകൊണ്ട് അലെഖിൻ പിന്നെയും സോപ്പു തേച്ചു; അയാൾക്കു ചുറ്റും വെള്ളം മഷി പോലെ നീലിച്ചു.
ഇവാൻ ഇവാനിച്ച് പുറത്തേക്കു പോയി ഒച്ചയോടെ വെള്ളത്തിലേക്കെടുത്തുചാടി, ആ മഴയത്തു നീന്താൻ തുടങ്ങി; കൈകൾ വീശിയെറിഞ്ഞുകൊണ്ട് അയാൾ അലയിളക്കി; ആ അലകളിൽ വെള്ളാമ്പല്പ്പൂക്കൾ ഉലഞ്ഞാടി. കുളത്തിന്റെ നേരേ നടുവിലേക്കു നീന്തിച്ചെന്നിട്ട് അയാൾ മുങ്ങാങ്കുഴിയിട്ടു; ഒരു നിമിഷം കഴിഞ്ഞ് മറ്റൊരിടത്തു പൊന്തിയിട്ട് അയാൾ പിന്നെയും നീന്തി. മുങ്ങാങ്കുഴിയിട്ട് കുളത്തിന്റെ അടിത്തട്ടു തൊടാൻ നോക്കുകയായിരുന്നു അയാൾ. ”ദൈവമേ…“ ആഹ്ലാദത്തോടെ അയാൾ ആവർത്തിച്ചു. ”ദൈവമേ…“ മില്ലു വരെയും നീന്തിച്ചെന്നിട്ട് അയാൾ പണിക്കാരോട് എന്തോ സംസാരിച്ചു; എന്നിട്ടയാൾ തിരിച്ചുനീന്തി കുളത്തിന്റെ നടുക്കെത്തി, മഴയും കൊണ്ട് മലർന്നുകിടന്നു. ബർക്കിനും അലെഖിനും വേഷം മാറി പോകാൻ തയ്യാറായിട്ടും അയാൾ നീന്തലും മുങ്ങാങ്കുഴിയിടലും തുടർന്നുകൊണ്ടേയിരുന്നു.
“ദൈവമേ…” അയാൾ ഉരുവിട്ടുകൊണ്ടിരുന്നു. “തമ്പുരാനേ, കൃപ വേണമേ.”
“മതിയെടോ!” ബർക്കിൻ അയാളോടായി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
അവർ തിരിച്ചു വീടിലെത്തി. മുകളിലത്തെ വലിയ സ്വീകരണമുറിയിൽ വിളക്കു കത്തിച്ചുവച്ചപ്പോൾ, ബർക്കിനും ഇവാൻ ഇവാനിച്ചും സില്ക്ക് ഗൗണുകളും ഊഷ്മളമായ വള്ളിച്ചെരുപ്പുകളുമിട്ട് ചാരുകസേരകളിൽ ഇരുന്നുകഴിഞ്ഞപ്പോൾ, കുളി കഴിഞ്ഞ്, മുടിയും കോതി അലെഖിൻ മുറിക്കുള്ളിൽ ചാലിടാൻ തുടങ്ങിയപ്പോൾ (ഊഷ്മളതയും വൃത്തിയും ഉണങ്ങിയ ഉടുപ്പും ഭാരം കുറഞ്ഞ ചെരുപ്പും തീർച്ചയായും അയാൾ ആസ്വദിക്കുന്നുണ്ടാവണം), സുന്ദരിയായ പെലാഗയ പരവതാനിയിലൂടെ മൃദുപദങ്ങൾ വച്ചുവന്ന് ചായയും ജാമും നിറച്ച ട്രേ കൊണ്ടുവച്ചപ്പോൾ- അപ്പോഴാണ് ഇവാൻ ഇവാനിച്ച് തന്റെ കഥയ്ക്കു തുടക്കമിടുന്നത്; ബർക്കിനും അലെഖിനും മാത്രമല്ല, ഗില്റ്റ് ഫ്രെയിമുകൾക്കുള്ളിലിരുന്ന് ശാന്തവും കർക്കശവുമായ നോട്ടമയക്കുന്ന പ്രായമായവരും ചെറുപ്പക്കാരുമായ ആ പ്രഭ്വികളും ഓഫീസർമാരും കൂടി അതിനു കേൾവിക്കാരാണെന്നു തോന്നി.
“ഞങ്ങൾ രണ്ടു സഹോദരങ്ങളാണ്,” അയാൾ തുടങ്ങി. “ഞാൻ ഇവാൻ ഇവാനിച്ച്, പിന്നെ എന്നെക്കാൾ രണ്ടു വയസ്സ് ഇളപ്പമുള്ള നിക്കോളായ് ഇവാനിച്ച്. ഞാൻ പഠിച്ച് ഒരു മൃഗഡോക്ടറായി; നിക്കോളായ് ആവട്ടെ, പത്തൊമ്പതാം വയസ്സു മുതലേ ഒരു സർക്കാരോഫീസിൽ ജോലിക്കു കയറിയിരുന്നു. ഞങ്ങളുടെ അച്ഛൻ, ചിംഷ-ഹിമലയ്സ്കി ഒരു കാന്റണിസ്റ്റായിരുന്നു;* എന്നാൽ സർവ്വീസിൽ അദ്ദേഹത്തിന് ഓഫീസറായി കയറ്റം കിട്ടിയതിനാൽ പ്രഭുപദവിയും ഒരു ചെറിയ എസ്റ്റേറ്റും ഞങ്ങൾക്കു പാരമ്പര്യാവകാശമായി ലഭിച്ചിരുന്നു. അച്ഛന്റെ മരണശേഷം കടങ്ങൾ തീർക്കാനായി എസ്റ്റേറ്റ് വില്ക്കേണ്ടിവന്നു; എന്നാലെന്താ, നാട്ടുമ്പുറത്തിന്റെ സ്വാതന്ത്ര്യത്തിലായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. ഗ്രാമത്തിലെ മറ്റേതു കുട്ടികളേയും പോലെ ഞങ്ങളും രാത്രിയും പകലുമില്ലാതെ പാടത്തും കാട്ടിലും ചുറ്റിനടന്നു, കുതിരകളെ മേയ്ച്ചു, മീൻ പിടിച്ചു, മരത്തിന്റെ തൊലിയുരിച്ചു, അങ്ങനെ പലതും ചെയ്തു…ജിവിതത്തിൽ ഒരിക്കലെങ്കിലും ഒരു പരലിനെ പിടിക്കുകയോ തെളിഞ്ഞ ശരലക്കാലരാത്രികളിൽ കരിങ്കിളികൾ തന്റെ ഗ്രാമത്തിനു മുകളിലൂടെ ദേശാന്തരഗമനം നടത്തുന്നതു കണ്ടുനില്ക്കുകയോ ചെയ്തിട്ടുള്ള ഏതൊരാൾക്കും പിന്നെ നഗരജീവിതം സാദ്ധ്യമാകില്ല എന്നറിയാമല്ലോ. തന്റെ മരണദിവസം വരെയും അയാളുടെ മനസ്സ് ഗ്രാമത്തിലെ ജീവിതത്തിലേക്കോടിപ്പൊയ്ക്കൊണ്ടിരിക്കും. എന്റെ അനുജൻ ഓഫീസിൽക്കിടന്നു വാടുകയായിരുന്നു. വർഷങ്ങൾ കടന്നുപോവുകയായിരുന്നു; അവൻ അതേയിടത്തിരിക്കുകയാണ്, അതേ കടലാസ്സുകൾ നോക്കുകയാണ്, അതേ കാര്യം തന്നെ ചിന്തിക്കുകയുമാണ്- എങ്ങനെ ഗ്രാമത്തിൽ ചെന്നുപറ്റും? ആ മോഹം പതിയെപ്പതിയെ ഒരാഗ്രഹത്തിന്റെ രൂപം പൂണ്ടു: നാട്ടുമ്പുറത്തെവിടെയെങ്കിലും , ഒരു പുഴയുടെയോ തടാകത്തിന്റെയോ കരയിൽ, നല്ലൊരു ചെറിയ എസ്റ്റേറ്റ് വാങ്ങുക.
“ഒതുങ്ങിയ, സഹായിക്കാൻ മനസ്സുള്ള ഒരു പ്രകൃതമായിരുന്നു അവന്; എനിക്കവനെ ഇഷ്ടവുമായിരുന്നു. പക്ഷേ ശേഷിച്ച ജീവിതം ഒരു നാട്ടുമ്പുറത്ത് അടച്ചുപൂട്ടിക്കഴിയാനുള്ള അവന്റെ ആഗ്രഹത്തോട് ഒരനുഭാവവും എനിക്കു തോന്നിയില്ല. ആറടി മണ്ണേ മനുഷ്യനു വേണ്ടൂ എന്നു പറയുന്നതൊക്കെ ശരിതന്നെ; പക്ഷേ ആറടി മണ്ണു മതിയാകുന്നത് ശവത്തിനാണ്, ജീവനുള്ള മനുഷ്യനല്ല. അതുപോലെ, പഠിച്ച കൂട്ടർക്ക് മണ്ണിലിറങ്ങാനും ഗ്രാമത്തിലെ ഏതെങ്കിലും എസ്റ്റേറ്റിൽ പോയി താമസമാക്കാനും തോന്നിയാൽ അതു നല്ലതാണെന്ന ഒരു ചിന്തയും പൊതുവേയുണ്ടല്ലോ. പക്ഷേ വാസ്തവം പറഞ്ഞാൽ, ഈ എസ്റ്റേറ്റും അതേ ആറടി മണ്ണു തന്നെ. നഗരം വിട്ട്, ജീവിതത്തിലെ സമരങ്ങളും ആരവങ്ങളും വിട്ട് നിങ്ങൾ പറയുന്ന ഈ ഗ്രാമത്തിലേക്കു പോയി ഒളിച്ചുകഴിയുന്നത് ജീവിതമല്ല, അത് സ്വാർത്ഥതയാണ്, അലസതയാണ്, ഒരുതരം സന്ന്യാസമാണ്, ആത്മീയതയില്ലാത്ത സന്ന്യാസം. മനുഷ്യനാവശ്യം ആറടി മണ്ണല്ല, നാട്ടുമ്പുറത്തെ ഒരെസ്റ്റേറ്റല്ല, ഭൂമി മുഴുവനുമാണ്, പ്രകൃതി മുഴുവനുമാണ്; അവിടെയാണ് അവനു തന്റെ ആത്മാവിന്റെ എല്ലാ ഗുണങ്ങളും സാദ്ധ്യതകളും സ്വാതന്ത്ര്യത്തോടെ ആവിഷ്കരിക്കാനാവുക.
”എന്റെ അനുജൻ നിക്കോളായ് ഓഫീസിലിരുന്നു സ്വപ്നം കണ്ടു, തന്റെ പറമ്പിലെ കാബേജ് കൊണ്ട് സൂപ്പു വച്ചു കഴിക്കുന്നത് (അതിന്റെ ഹൃദ്യഗന്ധം വീട്ടിനുള്ളിലങ്ങനെ തങ്ങിനില്ക്കുകയായിരിക്കും), പുൽത്തട്ടിലിരുന്ന് ആഹാരം കഴിക്കുന്നത്, വെയിലും കൊണ്ടു കിടന്നുറങ്ങുന്നത്, ഗെയ്റ്റിനു പുറത്ത് ഒരു ബഞ്ചുമെടുത്തിട്ട് കാടും പാടവും നോക്കി മണിക്കൂറുകളിരിക്കുന്നത്. കൃഷിയെക്കുറിച്ചുള്ള പുസ്തകങ്ങളും കലണ്ടറുകളിലെ ജ്ഞാനസൂക്തങ്ങളുമായിരുന്നു അവന്റെ ജീവിതാനന്ദം, അവനിഷ്ടപ്പെട്ട ആത്മീയഭക്ഷണം. പത്രങ്ങൾ വായിക്കാനും അവനിഷ്ടമായിരുന്നു; അതു പക്ഷേ, വസ്തുവില്പനയെക്കുറിച്ചുള്ള പരസ്യങ്ങൾ നോക്കാൻ മാത്രമായിരുന്നു: വീടും പുഴയും തോട്ടവും മില്ലും മില്ലിന്റെ കുളവുമുള്ള ഇത്രയേക്കർ കൃഷിഭൂമിയും പുൽപ്രദേശവും വില്ക്കാനുണ്ട് എന്ന മട്ടിലുള്ള പരസ്യങ്ങൾ. ഉദ്യാനവഴികൾ, പൂക്കൾ, പഴങ്ങൾ, കിളിക്കൂടുകൾ, കുളത്തിലെ മീനുകൾ- ഇമ്മാതിരി സംഗതികളൊക്കെയായിരുന്നു അവന്റെ സങ്കല്പങ്ങൾ. ഏതു പരസ്യമാണോ കണ്മുന്നിൽ വരുന്നത്, അതിനനുസരിച്ച് ഈ സങ്കല്പചിത്രങ്ങൾ മാറിക്കൊണ്ടുമിരുന്നു; എന്നാൽ എന്തു കാരണം കൊണ്ടോ, ഒന്നൊഴിയാതെല്ലാറ്റിലുമുണ്ടായിരുന്നു, നെല്ലിക്കകളുടെ സാന്നിദ്ധ്യം. നെല്ലിക്കകൾ ഇല്ലാത്ത ഏതെങ്കിലുമൊരു നാട്ടിടം, കാവ്യാത്മകമായ ഏതെങ്കിലും ഇടം അവനു സങ്കല്പിക്കാൻ പറ്റില്ലായിരുന്നു.
“ ‘ഗ്രാമത്തിലെ ജീവിതത്തിന് അതിന്റേതായ ചില സൗകര്യങ്ങളുമുണ്ട്,’ അവൻ പറയാറുണ്ടായിരുന്നു, ‘നിങ്ങൾ മട്ടുപ്പാവിലിരുന്നു ചായ കുടിക്കുമ്പോൾ താഴെ കുളത്തിൽ നിങ്ങളുടെ താറാവുകൾ നീന്തിനടക്കുന്നുണ്ടാവും, എങ്ങുമുണ്ടാവും ഹൃദ്യമായ ഒരു സുഗന്ധം…പിന്നെ, പിന്നെ നെല്ലിമരങ്ങൾ വളർന്നുവരികയുമാണ്.‘
“തന്റെ എസ്റ്റേറ്റിന്റെ പ്ലാൻ അവൻ വരച്ചുനോക്കാറുണ്ട്; ഓരോ തവണയും കൃത്യമായും അതിങ്ങനെയായിരിക്കും: 1. മാളിക, 2. വേലക്കാരുടെ പാർപ്പിടം, 3. അടുക്കളത്തോട്ടം, 4. നെല്ലിമരങ്ങൾ. വളരെ അരിഷ്ടിച്ചാണ് അവൻ ജീവിച്ചത്; കുറച്ചേ കഴിച്ചുള്ളു, കുറച്ചേ കുടിച്ചുള്ളു, കിട്ടുന്നതെടുത്തു ദേഹത്തിടും, യാചകരെപ്പോലെ; മിച്ചം പിടിക്കുന്ന ഓരോ ചില്ലിക്കാശും നേരേ ബാങ്കിൽ കൊണ്ടിടുകയും ചെയ്യും. അവന്റെ പിശുക്കെന്നു പറഞ്ഞാൽ സഹിക്കാൻ പറ്റാത്ത പിശുക്കായിരുന്നു. അവനെ കാണുന്നതുതന്നെ വേദനാജനകമായിരുന്നു എനിക്ക്; അതിനാൽ വിശേഷാവസരങ്ങളിൽ ഞാനവന് എന്തെങ്കിലുമൊക്കെ കൊടുക്കാറുണ്ടായിരുന്നു; അതും അവൻ ബാങ്കിൽ കൊണ്ടിടും. ഒരാളുടെ തലയിൽ ഒരു ചിന്ത കയറിക്കൂടിയാൽ അതിൽ പിന്നൊന്നും ചെയ്യാനില്ല.
“വർഷങ്ങൾ കടന്നുപോയി; അവനു പിന്നെ മറ്റൊരു പ്രവിശ്യയിലേക്കു മാറ്റമായി; അപ്പോഴുമവൻ പത്രപ്പരസ്യങ്ങൾ നോക്കിക്കൊണ്ടിരുന്നു, അപ്പോഴുമവൻ കിട്ടുന്നതെല്ലാം സമ്പാദിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നെ ഞാൻ കേട്ടത് അവന്റെ വിവാഹം കഴിഞ്ഞു എന്നാണ്. ഗ്രാമത്തിൽ നെല്ലിമരങ്ങളുള്ള ഒരു സ്ഥലം വാങ്ങാനായി അവൻ പ്രായം ചെന്ന, കാണാൻ ഭംഗിയില്ലാത്ത ഒരു വിധവയെ വിവാഹം ചെയ്യുകയായിരുന്നു; തനിക്കൊരു വികാരവും തോന്നാത്ത ആ സ്ത്രീയെ അവൻ ഭാര്യയാക്കിയത് അവരുടെ കയ്യിൽ കുറച്ചു പണമുണ്ടായിരുന്നു എന്ന കാരണം കൊണ്ടു മാത്രമാണ്. അർദ്ധപട്ടിണിയ്ക്കിട്ട് അവൻ ആ സ്ത്രീയുടെ ജീവിതവും ദുരിതത്തിലാക്കി; അവരുടെ സമ്പാദ്യവും അവൻ തന്റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. അവർ ആദ്യം വിവാഹം കഴിച്ചത് ഒരു പോസ്റ്റ്മാസ്റ്ററെ ആയിരുന്നു; കേക്കുകളും വൈനുകളുമായിരുന്നു അവർക്കു പരിചയം; ഈ രണ്ടാം കെട്ടിലാകട്ടെ, വയറു നിറയാൻ ഉണക്കറൊട്ടി പോലും അവർക്കു കിട്ടിയിരുന്നില്ല. ഇങ്ങനെയൊരു ജീവിതമായപ്പോൾ അവരുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുതുടങ്ങി; മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ അവർ തന്റെ സ്രഷ്ടാവിന്റെ സമീപത്തേക്കു മടങ്ങിപ്പോവുകയും ചെയ്തു. അവരുടെ മരണത്തിനുത്തരവാദി താനാണെന്ന ചിന്ത ഒരു നിമിഷം പോലും അവന്റെ മനസ്സിൽ കടന്നുവന്നില്ലെന്നും പറയണമല്ലോ. പണം വോഡ്ക പോലെയാണ്; മനുഷ്യനെക്കൊണ്ട് അതിവിചിത്രമായ കാര്യങ്ങളതു ചെയ്യിക്കും. ഞങ്ങളുടെ പട്ടണത്തിൽ ഒരു വ്യാപാരി മരിക്കാൻ കിടക്കുകയാണ്. മരിക്കുന്നതിനു മുമ്പ് തനിക്കൊരു പാത്രം തേൻ വേണമെന്ന് അയാൾ പറഞ്ഞു; എന്നിട്ടയാൾ അതു പുരട്ടി തന്റെ സകല നോട്ടുകളും ലോട്ടറിട്ടിക്കറ്റുകളും തിന്നുതീർത്തു: മറ്റാർക്കുമതു കിട്ടരുതല്ലോ! പിന്നൊരിക്കൽ ഏതോ റയിൽവേസ്റ്റേഷനിൽ കാലികളെ പരിശോധിക്കുകയായിരുന്നു ഞാൻ; ഈ സമയത്ത് ഒരു കാലിക്കച്ചവടക്കാരന്റെ കാൽ തീവണ്ടിയെഞ്ചിനടിയിൽ പെട്ട് രണ്ടായി മുറിഞ്ഞു. ഞങ്ങൾ അയാളെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി. ചോര കുത്തിയൊലിച്ചൊഴുകുകയായിരുന്നു; അതു കണ്ടുനില്ക്കാൻ പറ്റില്ല; അയാൾ പക്ഷേ, തന്റെ മുറിഞ്ഞുപോയ കാൽ എവിടെ, എവിടെ എന്നു ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അറ്റുപോയ കാലിന്റെ ബൂട്ടിൽ അയാൾ ഇരുപതു റൂബിൾ തിരുകിവച്ചിരുന്നു; അതു നഷ്ടപ്പെടുമോ എന്നായിരുന്നു അയാളുടെ ആധി.“
”ഇത് വേറൊരു നാടകത്തിൽ നിന്നുള്ള രംഗമാണല്ലോ,“ ബർക്കിൻ പറഞ്ഞു.
”ഭാര്യ മരിച്ചതിനു ശേഷം,“ അരമിനുട്ട് ഒന്നാലോചിച്ചിരുന്നതില്പിന്നെ ഇവാൻ കഥ തുടർന്നു, ”എന്റെ അനുജൻ ഒരെസ്റ്റേറ്റ് നോക്കി നടക്കാൻ തുടങ്ങി. ശരി തന്നെ, അഞ്ചുകൊല്ലം നോക്കിനടന്നതിനു ശേഷം നാമെടുക്കുന്ന തീരുമാനം അമ്പേ തെറ്റിയെന്നും നമ്മുടെ സങ്കല്പത്തിലേയില്ലാത്തതൊന്നാണ് നമ്മുടെ കയ്യിലിരിക്കുന്നതെന്നും വരാം. അതെന്തായാലും അനുജൻ നിക്കോളായ് വായ്പയെടുത്ത് ഒരു ദല്ലാൾ വഴി മുന്നൂറേക്കറുള്ള ഒരെസ്റ്റേറ്റു വാങ്ങി; അതിൽ ഇപ്പറഞ്ഞ മാളികയും വേലക്കാരുടെ പാർപ്പിടവും ഒരു പൂന്തോട്ടവുമുണ്ടായിരുന്നു; എന്നാൽ പഴത്തോട്ടമോ നെല്ലിമരങ്ങളോ താറാവുകൾ നീന്തുന്ന കുളമോ ഇല്ല; ഒരു പുഴയുള്ളതിലെ വെള്ളത്തിന് കാപ്പിയുടെ നിറമായിരുന്നു; കാരണം, അതിന്റെ ഒരു കരയ്ക്ക് ഒരു ഇഷ്ടികച്ചൂളയും മറ്റേ കരയ്ക്ക് എല്ലുപൊടിയുണ്ടാക്കുന്ന ഫാക്ടറിയുമായിരുന്നു. പക്ഷേ എന്റെ അനുജൻ നിക്കോളായ് അതും പറഞ്ഞ് കരഞ്ഞിരിക്കാനൊന്നും പോയില്ല; അവൻ ഇരുപത് നെല്ലിത്തൈകൾ വരുത്തി നട്ടു; എന്നിട്ടൊരു ജന്മിയെപ്പോലെ ജീവിതമാരംഭിച്ചു.
“കഴിഞ്ഞ കൊല്ലം ഞാൻ അവനെക്കാണാൻ പോയിരുന്നു; എന്തൊക്കെയാണ് പരിപാടി എന്നറിയണമല്ലോ. കത്തുകളിൽ അവൻ തന്റെ എസ്റ്റേറ്റിന്റെ പേരെഴുതിയിരുന്നത് ‘ചുംബാരോക്ലോവ് പറമ്പ്’ എന്നായിരുന്നു; ‘ഹിമലയ്സകി’ എന്നും പറയും. ഒരു ദിവസം ഉച്ച തിരിഞ്ഞപ്പോൾ ഞാൻ ഈ ‘ഹിമലയ്സ്കി’യിൽ എത്തിച്ചേർന്നു. കുഴികളും വേലികളും വരമ്പുകൾ ഫെർ മരങ്ങളുമാണെങ്ങും- വീട്ടുമുറ്റത്തേക്ക് എങ്ങനെയെത്തുമെന്നോ കുതിരയെ എവിടെക്കെട്ടുമെന്നോ ഒരു പിടിയും കിട്ടുന്നില്ല. ഞാൻ വീടിന്റെ ഭാഗത്തേക്കു നടന്നു; മുൻവശത്ത് ഒരു തടിയൻ നായ കിടപ്പുണ്ടായിരുന്നു- കണ്ടാലൊരു പന്നിയെപ്പോലെ; അവന് കുരയ്ക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ മടി കാരണം കുരയ്ക്കാതിരിക്കുകയാണെന്നും തോന്നി. അടുക്കളയിൽ നിന്നിറങ്ങിവന്ന പാചകക്കാരി (അവരെയും കാണാൻ തടിച്ച് ഒരു പന്നിയെപ്പോലെതന്നെ, കാലിൽ ചെരുപ്പുമില്ല) യജമാനൻ ഉച്ചമയക്കത്തിലാണെന്നറിയിച്ചു. ഞാൻ എന്റെ അനുജന്റെ മുറിയിലേക്കു കയറിച്ചെന്നു; അവൻ മുട്ടു വരെ പുതപ്പു വലിച്ചിട്ട് കട്ടിലിൽ ഇരിക്കുകയായിരുന്നു. അവന് പ്രായം തോന്നിച്ചിരുന്നു, തടിച്ച് ചീർത്തിട്ടുമുണ്ട്; കവിളുകളും മൂക്കും ചുണ്ടുകളും പുറത്തേക്കുന്തിനിന്നിരുന്നു. ഞാനോർത്തു, ഏതു നിമിഷവും അവൻ അമറിയേക്കാം, ഒരു പന്നിയെപ്പോലെ.
“ഞങ്ങൾ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു; ഒരിക്കൽ ചെറുപ്പമായിരുന്ന ഞങ്ങൾക്കിപ്പോൾ തല നരച്ചിരിക്കുന്നു എന്നതോർത്ത് ഞങ്ങൾ കണ്ണീരു വാർക്കുകയും ചെയ്തു. അവൻ എഴുന്നേറ്റ് വേഷം മാറ്റി, എന്നെ എസ്റ്റേറ്റ് ചുറ്റിനടന്നു കാണാനായി കൊണ്ടുപോയി.
” ‘അതിരിക്കട്ടെ, എങ്ങനെയൊക്കെയാണ് കാര്യങ്ങൾ?’ ഞാൻ ചോദിച്ചു.
“ ‘ഓ, അതൊന്നും കുഴപ്പമില്ല; ദൈവാനുഗ്രഹം കൊണ്ട് ഞാൻ നന്നായി ജീവിക്കുന്നു.’
“അവനിപ്പോൾ പണ്ടത്തെ ആത്മവിശ്വാസമില്ലാത്ത പാവം സർക്കാർ ഗുമസ്തനല്ല, ശരിക്കുമൊരു ജന്മിയാണ്, ഒരു പ്രഭു. അവൻ ഇവിടവുമായി പൊരുത്തമായിരിക്കുന്നു, അവനിതു മതിയെന്നായിരിക്കുന്നു, അവൻ ഈ ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു. അവൻ വേണ്ടതിലധികം ആഹാരം കഴിക്കുന്നുണ്ട്, കുളിയുണ്ട്, നന്നായി തടിച്ചിട്ടുമുണ്ട്. ഡിസ്ട്രിക്റ്റ് കൗൺസിലിനും രണ്ടു ഫാക്ടറികൾക്കുമെതിരെ അവൻ ഇപ്പോഴേ കേസു കൊടുത്തു കഴിഞ്ഞിരിക്കുന്നു. നാട്ടുകാർ തന്നെ ‘അവിടുന്നേ’ എന്നു വിളിച്ചില്ലെങ്കിൽ അവനു വലിയ നീരസം തോന്നുമെന്ന നിലയുമായിരിക്കുന്നു. അവൻ തന്റെ ആത്മീയാരോഗ്യത്തിന്റെ കാര്യത്തിൽ നന്നായിത്തന്നെ ശ്രദ്ധിച്ചിരുന്നു; മാന്യവ്യക്തിയായതിനാൽ അതു വേണ്ടതുമായിരുന്നല്ലോ. പുണ്യകർമ്മങ്ങൾ ചെയ്തിരുന്നത് ആരും കാണാതെയല്ല, നാലാൾ കാണട്ടെ എന്നുവച്ചുതന്നെയായിരുന്നു. എന്തൊക്കെയായിരുന്നു ആ സല്പ്രവൃത്തികൾ? ഏതു രോഗത്തിനുമുള്ള മരുന്നായി ഗ്രാമവാസികൾക്ക് സോഡയും ആവണക്കെണ്ണയും കൊടുക്കുക, തന്റെ പേരുകാരനായ വിശുദ്ധന്റെ തിരുനാളിൽ പള്ളിയിൽ വിശേഷാൽ പൂജ കഴിക്കുക, എന്നിട്ടന്ന് നാട്ടുകാർക്കെല്ലാം വോഡ്ക കൊടുക്കുക. ഹൊ, എത്ര ഭീകരമാണെന്നോ, ഈ വോഡ്കാദാനം! ഇന്ന് നമ്മുടെ പൊണ്ണത്തടിയനായ ജന്മി നാട്ടുകാരെ കോടതി കയറ്റുന്നു, തന്റെ എസ്റ്റേറ്റിൽ അവരുടെ കാലികൾ കയറി മേഞ്ഞതിന്; എന്നിട്ടടുത്ത ദിവസം, തിരുനാളിന്, അവർക്ക് വോഡ്ക്ക സപ്പ്ലൈ ചെയ്യുകയും! അവർ അതും കുടിച്ച് കുന്തം മറിഞ്ഞ് ആർത്തട്ടഹസിക്കുകയും അയാളുടെ മുന്നിൽ സാഷ്ടാംഗനമസ്കാരം നടത്തുകയും ചെയ്യുന്നു. ഭേദപ്പെട്ട ജീവിതസാഹചര്യം, നല്ല ഭക്ഷണം, ആലസ്യം- ഇതെല്ലാം കൂടി നമ്മൾ റഷ്യാക്കാരെ വല്ലാതെ പൊങ്ങച്ചക്കാരാക്കിയിരിക്കുന്നു. ഓഫീസിൽ ജോലി ചെയ്തിരുന്ന കാലത്ത് നിക്കോളായ് ഇവാനിച്ചിന് സ്വന്തം അഭിപ്രായങ്ങൾ തന്നോടുതന്നെ പറയുന്നതിനു പോലും പേടിയായിരുന്നു; ഇന്നയാൾ നിത്യസത്യങ്ങളല്ലാതൊന്നും ഉരുവിടാറില്ല; അതും ഒരു മന്ത്രിയുടെ സ്വരത്തിലും! ‘വിദ്യാഭ്യാസം അത്യാവശ്യം തന്നെ; എന്നാൽ സാധാരണക്കാർക്ക് അതിനുള്ള കാലമായിട്ടില്ല.’ ‘ശാരീരികദണ്ഡനം പൊതുവേ പറഞ്ഞാൽ മോശമാണ്; എന്നാൽ ചില സാഹചര്യങ്ങളിൽ ഫലപ്രദവും അനിവാര്യവുമാണത്.’
“ ‘എനിക്ക് ആളുകളെ അറിയാം, അവരോട് എങ്ങനെ പെരുമാറണമെന്നും അറിയാം,’ അവൻ പറഞ്ഞു. ‘ആളുകൾക്ക് എന്നെ ഇഷ്ടമാണ്. ഞാനൊന്നു വിരൽ ഞൊടിച്ചാൽ മതി, എനിക്കു വേണ്ടി അവരെന്തും ചെയ്യും.’
“ഇതെല്ലാം അവൻ പറഞ്ഞത് സാമർത്ഥ്യവും അനുകമ്പയും നിറഞ്ഞ ഒരു പുഞ്ചിരിയോടെയായിരുന്നുവെന്നും നിങ്ങൾ ശ്രദ്ധിക്കണം. ഇരുപതു വട്ടമെങ്കിലും അവൻ ആവർത്തിക്കും: ‘പ്രഭുവർഗ്ഗത്തിൽ പെട്ട ഞങ്ങൾ,’ ‘ഞാനൊരു മാന്യകുടുംബത്തിൽ പെട്ടതായതിനാൽ’- ഞങ്ങളുടെ മുത്തശ്ശൻ ഒരു പാടത്തുപണിക്കാരനായിരുന്നുവെന്നും അച്ഛൻ വെറുമൊരു പട്ടാളക്കാരനായിരുന്നുവെന്നും അവൻ മറന്നുപോയിരിക്കുന്നു. ചിംഷ-ഹിമലയ്സ്കി എന്ന ഒട്ടും ചേർച്ചയില്ലാത്ത കുടുംബപ്പേരു പോലും അവന്റെ കാതുകൾക്കിപ്പോൾ സംഗീതാത്മകവും കുലീനവും ഹൃദ്യവുമായി മാറിക്കഴിഞ്ഞു.
“അതുപോകട്ടെ, അവനെക്കുറിച്ചല്ല, എന്നെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്. അവന്റെ എസ്റ്റേറ്റിൽ ഞാനുണ്ടായിരുന്ന കുറച്ചു മണിക്കൂറുകൾ കൊണ്ട് എനിക്കുണ്ടായ മാറ്റത്തെക്കുറിച്ചു ഞാൻ പറയാം. വൈകിട്ടു ഞങ്ങൾ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ വേലക്കാരി ഒരു പാത്രം നിറയെ നെല്ലിക്ക മുന്നിൽ കൊണ്ടുവച്ചു. പുറമേ നിന്നു വാങ്ങിയതല്ല, അവന്റെ സ്വന്തം മരങ്ങളിൽ നിന്നുണ്ടായത്, നട്ടതില്പിന്നെ ആദ്യമായി കായ്ച്ചതും. നിക്കോളായ് ഇവാനിച്ചിനു ചിരി വന്നു; കണ്ണുകളിൽ നനവോടെ ഒരു നിമിഷമവൻ ഒന്നും മിണ്ടാതെ അതിൽത്തന്നെ നോക്കിയിരുന്നു- ഉൾത്തിക്കു കാരണം അവനു വാക്കുകൾ പുറത്തേക്കു വന്നില്ല. പിന്നെ, ഒരു നെല്ലിക്കയെടുത്തു വായിലിട്ട്, താൻ ഏറെനാളായി മോഹിച്ചുനടന്ന ഒരു കളിപ്പാട്ടം കയ്യിൽ കിട്ടിയ കുട്ടിയുടെ വിജയാഹ്ലാദത്തോടെ എന്നെ ഒന്നു നോക്കിയിട്ടു പറഞ്ഞു:
“ ‘എന്തൊരു സ്വാദ്!’
”ആർത്തിയോടെ ഓരോ നെല്ലിക്കയുമെടുത്തു വായിലിട്ടുകൊണ്ട് അവൻ ആവർത്തിച്ചു:
“ ‘ആഹാ, എന്തൊരു സ്വാദ്! കഴിച്ചുനോക്കൂ.’
”അവയ്ക്കു വല്ലാത്ത കടുപ്പവും പുളിപ്പുമായിരുന്നു. എന്നാൽ പുഷ്കിൻ പറഞ്ഞപോലെ, ഒരു കൂമ്പാരം സത്യങ്ങളെക്കാൾ നമുക്കു പ്രിയം നമ്മെ സന്തോഷിപ്പിക്കുന്ന ഒരു വ്യാമോഹമാണല്ലോ. ഞാൻ കണ്ടത് സന്തോഷവാനായ ഒരു മനുഷ്യനെയാണ്; താൻ താലോലിച്ചുനടന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യമായിക്കിട്ടിയ ഒരാൾ, തന്റെ ജീവിതോദ്ദേശ്യം സാക്ഷാല്ക്കരിച്ച ഒരാൾ, താനാഗ്രഹിച്ചതു കിട്ടിയ ഒരാൾ, തന്റെ വിധിയിലും തന്നിലും തൃപ്തനായ ഒരാൾ. മനുഷ്യന്റെ സന്തോഷത്തെക്കുറിച്ചുള്ള എന്റെ ചിന്തകൾ എക്കാലവും എന്തുകൊണ്ടോ ഒരു ശോകച്ഛായ കലർന്നതായിരുന്നു; എന്നാൽ ഇപ്പോൾ സന്തോഷവാനായ ഈ മനുഷ്യനെ കാൺകെ ഹതാശമെന്നു പറയാവുന്ന ഒരു വികാരത്തിനു കീഴ്പ്പെടുകയായിരുന്നു ഞാൻ. രാത്രിയിലാണ് അതെന്നെ വല്ലാതെ തളർത്തിയതും. എന്റെ സഹോദരന്റെ തൊട്ടടുത്ത മുറിയിലാണ് എനിക്കു കിടക്ക വിരിച്ചിരുന്നത്; അവൻ ഉറങ്ങാതെ കിടക്കുകയായിരുന്നു; അവൻ ഇടയ്ക്കിടെ എഴുന്നേറ്റ് പാത്രത്തിൽ നിന്ന് ഒരു നെല്ലിക്കയെടുത്തു കഴിക്കുന്നത് എനിക്കു കേൾക്കാമായിരുന്നു. ഞാൻ ഓർത്തു: സംതൃപ്തരായ, സന്തുഷ്ടരായ എത്രയോ പേർ ലോകത്തുണ്ട്! എത്ര പ്രബലമായ ഒരു ശക്തിയാണവർ! ഈ ജീവിതത്തെ ഒന്നു നോക്കുക: ബലവാന്മാരുടെ ധാർഷ്ട്യവും ആലസ്യവും, ബലഹീനരുടെ അജ്ഞതയും മൃഗസമാനമായ മൂഢതയും; പറയാൻ പറ്റാത്ത ദാരിദ്ര്യമാണെവിടെയും; ആൾത്തിരക്ക്, ജീർണ്ണത, മദ്യപാനം, ആത്മവഞ്ചന, നുണകൾ…എന്നാലും എല്ലാ വീടുകളിലും തെരുവുകളിലും സ്വസ്ഥതയാണ്, സമാധാനമാണ്. അമ്പതിനായിരം ആളുകളുള്ള ഒരു പട്ടണത്തിൽ ഒരാളു പോലുമില്ല ഒച്ച ഉയർത്തി ഒന്നു പ്രതിഷേധിക്കാൻ; മാർക്കറ്റിൽ പോയി ഭക്ഷണം വാങ്ങുന്ന, പകൽ ആഹാരം കഴിക്കുന്ന, രാത്രിയിൽ ഉറക്കത്തിലാവുന്ന, തങ്ങളുടെ അസംബന്ധങ്ങളും പറഞ്ഞിരിക്കുന്ന, കല്യാണം കഴിക്കുന്ന, വൃദ്ധരാവുന്ന, തങ്ങളുടെ ഉറ്റവരെ സംതൃപ്തമായ ഒരു ഭാവത്തോടെ ശവപ്പറമ്പിലേക്കെടുക്കുന്ന മനുഷ്യരെ നാം കാണുന്നു. എന്നാൽ യാതന അനുഭവിക്കുന്നവരെ നാം കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ല; യഥാർത്ഥമായ ജീവിതദുരന്തങ്ങൾ മറ്റെവിടെയോ ആണ് അരങ്ങേറുന്നത്. ഒരനക്കവും നിങ്ങൾ കാണുന്നില്ല, ഒരു ശബ്ദവും നിങ്ങൾ കേൾക്കുന്നില്ല; ആകെയൊരു പ്രതിഷേധമുയരുന്നത് സ്ഥിതിവിവരക്കണക്കുകളിൽ നിന്നു മാത്രമാണ്: അവയ്ക്കു നാവുമില്ല- ഭ്രാന്തുപിടിച്ചവർ ഇത്ര, കുടിച്ചുതീർത്ത മദ്യക്കുപ്പികൾ ഇത്ര, പോഷകാഹാരമില്ലതെ മരിച്ച കുട്ടികൾ ഇത്ര. ആളുകൾക്കു വേണ്ടതും ഇമ്മാതിരിയൊരു വ്യവസ്ഥിതി തന്നെ. സന്തുഷ്ടർ സംതൃപ്തിയനുഭവിക്കുന്നത് അസന്തുഷ്ടർ ഒരക്ഷരം മിണ്ടാതെ തങ്ങളുടെ ഭാരം പേറി നടക്കുന്നു എന്നതുകൊണ്ടാണെന്നത് സ്പഷ്ടവുമാണ്; അവരുടെ നിശ്ശബ്ദതയില്ലാതെ സന്തോഷം സാദ്ധ്യമാകുമായിരുന്നില്ല. പൊതുവായ ഒരു മോഹനിദ്രയാണത്. സംതൃപ്തനും സന്തുഷ്ടനുമായ ഓരോ മനുഷ്യന്റെയും വാതില്ക്കൽ ഒരാൾ ചുറ്റികയുമായി നില്ക്കേണ്ടതാണ്. വാതിലിൽ നിർത്താതെ അടിച്ചുകൊണ്ട് അയാളെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കണം, സന്തോഷമറിയാത്തവർ എന്നൊരു കൂട്ടം മനുഷ്യരുണ്ടെന്ന്, ഇപ്പോഴയാൾ എത്ര സന്തുഷ്ടനാണെങ്കിലും വൈകാതെ ജീവിതം അയാൾക്കു മുന്നിൽ അതിന്റെ നഖരങ്ങൾ നീട്ടിക്കാണിക്കുമെന്ന്, രോഗത്തിന്റെയോ ദാരിദ്ര്യത്തിന്റെയോ ഉറ്റവരുടെ മരണത്തിന്റെയോ രൂപത്തിൽ ദുര്യോഗം അയാൾക്കു മേൽ വന്നുപതിക്കുമെന്ന്, അന്നാരും അയാളെ കാണാനോ കേൾക്കാനോ ഉണ്ടാവില്ലെന്ന്. എന്നാൽ ചുറ്റികയുമായി നില്ക്കാൻ ഒരാളുമില്ല, നമ്മുടെ സന്തോഷവാൻ തന്റെ ഹൃദ്യജീവിതം തുടരുകയും ചെയ്യുന്നു. ജീവിതത്തിലെ നിസ്സാരമായ ഉത്കണ്ഠകൾ അയാളുടെ മുടിച്ചുരുളുകൾ ചെറുതായൊന്നിളക്കുമെന്നേയുള്ളു, ആസ്പൻ മരത്തെ ഇളംകാറ്റെന്നപോലെ. അയാളെ സംബന്ധിച്ചിടത്തോളം കാര്യങ്ങളൊക്കെ ഭംഗിയായി നടന്നുപോകുന്നു.
“അന്നു രാത്രിയിൽ എനിക്കു ബോദ്ധ്യമായി, ഞാനും സന്തുഷ്ടനും സംതൃപ്തനുമായിരുന്നുവെന്ന്.” ഇവാൻ ഇവാനിച്ച് കസേരയിൽ നിന്നെഴുന്നേറ്റുകൊണ്ട് സംസാരം തുടർന്നു. “അത്താഴത്തിനിരിക്കുമ്പോഴോ നായാട്ടിനു പോകുമ്പോഴോ ഞാനും ആളുകളോടു പ്രഭാഷണം നടത്തിയിരുന്നു, എങ്ങനെ ജീവിക്കണമെന്ന്, എന്തു വിശ്വസിക്കണമെന്ന്, സാധാരണക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. ഞാനും പറഞ്ഞുനടന്നിരുന്നു, അറിവ് വെളിച്ചമാണെന്ന്, വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന്, എന്നാൽ സാധാരണക്കാർ തല്ക്കാലം എഴുത്തും വായനയും മാത്രം അറിഞ്ഞിരുന്നാൽ മതിയെന്ന്. സ്വാതന്ത്ര്യം ജീവവായുവാണ്, ഞാൻ അവരോടു പറഞ്ഞു, നമുക്കതില്ലാതെ കഴിയില്ല; എന്നാൽ നാമതിന് ക്ഷമയോടെ കാത്തിരിക്കുകയും വേണം. അതെ, അതാണു ഞാൻ അവരോടു പറഞ്ഞത്. എന്നാൽ ഇന്നു ഞാൻ ചോദിക്കുന്നു: എന്തിനു വേണ്ടിയാണു നാം കാത്തിരിക്കുന്നത്?” ബർക്കിനെ രോഷത്തോടെ നോക്കിക്കൊണ്ട് ഇവാൻ ഇവാനിച്ച് ചോദിച്ചു, “നിങ്ങളോടു ഞാൻ ചോദിക്കുകയാണ്: എന്തിനു വേണ്ടി? എന്തു തെളിയിക്കാനാണ് നാം ശ്രമിക്കുന്നത്? പ്രകൃതിനിയമത്തെക്കുറിച്ച്, കാര്യകാരണബന്ധത്തെക്കുറിച്ച് നിങ്ങൾ പറയുന്നു. എന്നെപ്പോലെ ജീവനുള്ള, ചിന്താശേഷിയുള്ള ഒരാൾ ഒരു ചെളിക്കുണ്ടിനിപ്പുറം, അതു കള കേറി മൂടുന്നതുവരെയോ മണ്ണു വീണു നികരുന്നതു വരെയോ കാത്തുനില്ക്കണമെന്നു പറയുന്നതിൽ എന്തു നിയമവും ക്രമവുമാണുള്ളത്? എന്തെളുപ്പം എനിക്കതു ചാടിക്കടക്കാമായിരുന്നു, അല്ലെങ്കിൽ അതിനു മേലൊരു പാലം പണിയാമായിരുന്നു! അതു പോകട്ടെ, എന്തു കാര്യത്തിനാണു നാം കാത്തുനില്ക്കുന്നത്? ജീവിക്കാൻ ആഗ്രഹമുണ്ടായിട്ടും അതാവശ്യമായിട്ടും അതിനുള്ള ശക്തി നമുക്കില്ലാതാകുന്നതു വരെയോ?
“പിറ്റേന്നതിരാവിലെ ഞാൻ അവിടെ നിന്നു പോന്നു. അതില്പിന്നെ എനിക്കു പട്ടണജീവിതം അസഹ്യമായി തോന്നിത്തുടങ്ങി. സമാധാനവും സ്വസ്ഥതയും എന്റെ മനസ്സിടിക്കാൻ തുടങ്ങി; ജനാലയിലൂടെ പുറത്തേക്കു നോക്കാൻ എനിക്കു പേടിയായി; കാരണം, എനിക്കിപ്പോൾ ഏറ്റവും ഹൃദയഭേദകമായ ദൃശ്യം ഒരു സന്തുഷ്ടകുടുംബം മേശയ്ക്കു ചുറ്റുമിരുന്ന് ചായ കുടിക്കുന്നതായിരിക്കും. പക്ഷേ എനിക്കിപ്പോൾ പ്രായമായിരിക്കുന്നു; ഒരു യുദ്ധത്തിനുള്ള കരുത്തെനിക്കില്ല; വെറുക്കാനുള്ള കഴിവു പോലും എനിക്കില്ല. ഉള്ളിൽ ഞാൻ തപിച്ചു, എനിക്കീറ വളർന്നു, ഞാൻ ദേഷ്യക്കാരനായി, തള്ളിക്കയറിവരുന്ന ചോദ്യങ്ങളാൽ എന്റെ തല പുകഞ്ഞു, എനിക്കുറക്കം വരുന്നില്ല…ഹാ, എനിക്കു ചെറുപ്പമായിരുന്നെകിൽ!”
ഇവാൻ ഇവാനിച്ച് ഉൾക്ഷോഭത്തോടെ മുറിക്കുള്ളിൽ ചാലിട്ടുകൊണ്ട് ആവർത്തിച്ചുകൊണ്ടിരുന്നു:
“എനിക്കു ചെറുപ്പമായിരുന്നെങ്കിൽ!”
പെട്ടെന്നയാൾ അലെഖിന്റെ സമീപത്തു ചെന്ന് ആദ്യം ഒരു കയ്യും പിന്നെ മറ്റേക്കയ്യും കൊണ്ട് അയാളെ പിടിച്ചമർത്തി.
“പാവേൽ കോൺസ്റ്റാന്റിനിച്ച്!” അപേക്ഷിക്കുന്ന സ്വരത്തിൽ അയാൾ പറഞ്ഞു, “ചടഞ്ഞുകിടക്കരുത്, മയങ്ങിപ്പോകരുത്! ചെറുപ്പവും കരുത്തും ഓജസ്സും ഉള്ള കാലത്തോളം നല്ലതു ചെയ്തുകൊണ്ടിരിക്കുക! സന്തോഷം എന്നൊരു സംഗതി ഇല്ല, അതിന്റെ ആവശ്യവും നമുക്കില്ല. ജീവിതത്തിന് എന്തെങ്കിലും അർത്ഥമോ ലക്ഷ്യമോ ഉണ്ടെങ്കിൽ ആ അർത്ഥവും ലക്ഷ്യവും നമ്മുടെ സന്തോഷത്തിലല്ല, മറിച്ച്, അതിനെക്കാൾ മഹത്തായ, ബുദ്ധിപൂർവ്വമായ മറ്റൊന്നിലാണ്- അന്യർക്കു നന്മചെയ്യുന്നതിൽ!”
ഇവാൻ ഇവാനിച്ച് ഇതെല്ലാം പറഞ്ഞതാകട്ടെ, ദയനീയവും യാചനാരൂപത്തിലുള്ളതുമായ ഒരു പുഞ്ചിരിയോടെയാണ്, തനിക്കു വേണ്ടിയാണതെന്നപോലെ. പിന്നീടവർ മൂന്നു പേരും മുറിയുടെ മൂന്നു ഭാഗങ്ങളിലായി ചാരുകസേരകളിലിരുന്നു; ആരും ഒന്നും മിണ്ടിയില്ല. ഇവാൻ ഇവാനിച്ചിന്റെ കഥ അലെഖിനെയോ ബർക്കിനെയോ തൃപ്തനാക്കിയില്ല. അന്തിവെളിച്ചത്തിൽ ജീവനുള്ളപോലെ തോന്നിച്ച ആ ജനറൽമാരും അവരുടെ ഭാര്യമാരും ഗില്റ്റുചട്ടങ്ങൾക്കുള്ളിൽ നിന്നു നോക്കിയിരിക്കെ നെല്ലിക്ക തിന്നുന്ന ഏതോ പാവം സർക്കാരുദ്യോഗസ്ഥനെക്കുറിച്ചുള്ള ആ കഥ കേട്ടുകൊണ്ടിരിക്കുക മടുപ്പുണ്ടാക്കുന്ന കാര്യമായിരുന്നു. എന്തു കാരണം കൊണ്ടെന്നറിയില്ല, പറയാനും കേൾക്കാനും അവരിഷ്ടപ്പെടുക ഉന്നതരെക്കുറിച്ചായിരുന്നു, സ്ത്രീകളെക്കുറിച്ചായിരുന്നു. ആ സ്വീകരണമുറിയിലെ സകലതും- മൂടിയിട്ട തൂക്കുവിളക്കുകൾ, ചാരുകസേരകൾ, അവരുടെ കാല്ച്ചുവട്ടിലെ പരവതാനികൾ അങ്ങനെ സകലതും അവരെ ഓർമ്മിപ്പിക്കുകയായിരുന്നു, ഇപ്പോൾ ചട്ടങ്ങൾക്കുള്ളിൽ നിന്നു നോട്ടമയക്കുന്ന അതേ മനുഷ്യർ ഒരിക്കൽ ഇരിക്കുകയും നടക്കുകയും ചായ കുടിക്കുകയും ചെയ്തിരുന്ന അതേ മുറിയിലാണ് അവരിപ്പോൾ ഇരിക്കുന്നതെന്ന്; ഏതു കഥയെക്കാളും നല്ലതായിരുന്നു ആ വസ്തുത; ഇപ്പോളവിടെ സുന്ദരിയായ പെലാഗെയ ഒച്ച കേൾപ്പിക്കാതെ അവിടെ നടക്കുന്നുണ്ടെന്നതും.
അലെഖിന് ഉറക്കം വന്നു മുട്ടിനില്ക്കുകയായിരുന്നു; കാലത്തു മൂന്നുമണിയ്ക്കുണർന്ന് കൃഷിപ്പണിയ്ക്കിറങ്ങിയതാണയാൾ; അയാളുടെ കണ്ണുകൾ ഇടയ്ക്കിടെ അടഞ്ഞുകൊണ്ടിരുന്നു. എന്നാൽ തന്റെ അസാന്നിദ്ധ്യത്തിൽ അതിഥികൾ രസകരമായതെന്തെങ്കിലും സംസാരിക്കാൻ തുടങ്ങുമോ എന്ന പേടി കാരണം അയാൾ പിടിച്ചുനില്ക്കുകയായിരുന്നു എന്നുമാത്രം. ഇവാൻ ഇവാനിച്ച് പറഞ്ഞതിൽ എന്തെങ്കിലും യുക്തിയോ ശരിയോ ഉണ്ടോയെന്നു ചികഞ്ഞുനോക്കാൻ പോലും അയാൾ ശ്രമിച്ചില്ല; തന്റെ അതിഥികളുടെ സംസാരവിഷയം ഗോതമ്പോ വൈക്കോലോ താറോ അല്ല, തന്റെ ജീവിതവുമായി നേരിട്ടൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് എന്നതിൽ അയാൾക്കു സന്തോഷമേ തോന്നിയുള്ളു; അതവർ തുടരട്ടെ എന്നായിരുന്നു അയാളുടെ ആഗ്രഹവും.
“നമുക്കൊന്നുറങ്ങേണ്ടേ?” എഴുന്നേറ്റുനിന്നുകൊണ്ട് ബർക്കിൻ ചോദിച്ചു. “എല്ലാവർക്കുമപ്പോൾ, ഗുഡ് നൈറ്റ്.”
അലെഖിൻ അവരോടു യാത്ര പറഞ്ഞുകൊണ്ട് താഴെ തന്റെ മുറിയിലേക്കു പോയി; അതിഥികൾ മുകളിലത്തെ അവരുടെ മുറിയിലേക്കും. കടഞ്ഞെടുത്ത രണ്ടു വലിയ തടിക്കട്ടിലുകളും ഒരു കോണിൽ ദന്തം കൊണ്ടുണ്ടാക്കിയ ഒരു കുരിശുരൂപവുമുള്ള വലിയ ഒരു മുറിയിലാണ് അവർക്കു കിടക്കാൻ ഏർപ്പാടു ചെയ്തിരുന്നത്. സുന്ദരിയായ പെലാഗെയ വിരിച്ചിട്ട വീതിയേറിയതും കുളിർമ്മയുള്ളതുമായ അവരുടെ കിടക്കകൾക്ക് പുതിയ വിരിപ്പുകളുടെ ഹൃദ്യമായ ഗന്ധമായിരുന്നു.
ഇവാൻ ഇവാനിച്ച് ഒന്നും മിണ്ടാതെ വേഷം മാറി കിടക്കയിൽ ചെന്നുകിടന്നു.
“കർത്താവേ, പാപികളായ ഞങ്ങളോടു ക്ഷമിക്കേണമേ!” എന്നുരുവിട്ടുകൊണ്ട് അയാൾ തലയ്ക്കു മേൽ കൂടി പുതപ്പു വലിച്ചിട്ടു.
മേശ മേൽ വച്ചിരുന്ന അയാളുടെ പൈപ്പിൽ നിന്ന് കനച്ച പുകയിലയുടെ മണം വമിച്ചുകൊണ്ടിരുന്നു; ആ അസഹ്യമായ മണം എവിടെ നിന്നാണു വരുന്നതെന്ന് ഏറെ നേരമായിട്ടും ബർക്കിനു പിടി കിട്ടിയില്ല. പിന്നെ അയാളും ഉറക്കമായി.
രാത്രി മുഴുവൻ ജനാലകളിൽ മഴ വന്നടിച്ചുകൊണ്ടിരുന്നു.
(1898 ആഗസ്റ്റ്)
- സാറിസ്റ്റ് റഷ്യയിലെ സൈനികസ്കൂളിൽ പഠിച്ച് പിന്നീട് സൈന്യസേവനത്തിനു ചേരുന്നവരെയാണ് കാൻ്റണിസ്റ്റുകൾ എന്നു പറഞ്ഞിരുന്നത്.
വര : പ്രസാദ് കാനത്തുങ്കൽ