‘ആൾക്കൂട്ടത്തിൽ തനിയെ ‘ എന്ന തൻറെ അമേരിക്കൻ യാത്രാവിവരണത്തിൽ ഒരിടത്ത് മാത്രമേ മാർക്കേസിൻറെ ‘ ഏകാന്തതയുടെ നൂറു വർഷങ്ങളെ’ക്കുറിച്ച് എം ടി വാസുദേവൻ നായർ പറയുന്നുള്ളൂ. മാർക്കേസിൻറെ പേര് പറയുന്നില്ല താനും. മാർക്കേസ് പ്രശസ്തിയിലേക്ക് പതുക്കെ ഉയരുന്നതേയുണ്ടായിരുന്നുള്ളൂ. 1967 ൽ രചിച്ച ഈ സ്പാനിഷ് നോവലിൻറെ ഗ്രിഗറി റബാസയുടെ ഇംഗ്ലീഷ് പരിഭാഷ വരുന്നത് 1970 ലാണ്. യാത്രാവിവരണം രചിക്കപ്പെട്ടത് 1972 ൽ.ടൈംസ് ലിറ്റററി സപ്ലിമെൻറിൻറെ പുസ്താഭിപ്രായക്കാരൻറെ ശുപാർശയാണ് പുസ്തകത്തിലേക്ക് തന്നെ നയിച്ചത് എന്ന് എം ടി പറയുന്നുണ്ട്.
“വാഷിങ്ടണിൽ നിന്ന് ന്യൂ ഇംഗ്ലണ്ടിലേക്കുള്ള വണ്ടിയിൽ തൊട്ടടുത്ത് ഒരു നീഗ്രോ പെൺകുട്ടിയായിരുന്നു. അവൾ ബ്ലാക്ക് പാന്തർ പ്രസ്ഥാനത്തെപ്പറ്റിയുള്ള ഒരു പുസ്തകം വായിക്കുന്നു. യാത്രയിൽ അടുത്തിരിക്കുന്നവരുമായി പരിചയപ്പെട്ട് സംഭാഷണം നടത്തുന്ന പതിവ് എനിക്കില്ല. അവളും അത്തരക്കാരിയായിരുന്നു. ഒരു മണിക്കൂർ ഞാൻ ഓടിയകലുന്ന ഭൂപ്രകൃതി നോക്കിയിരുന്നു. പിന്നെ വായിക്കാൻ ടൈംസ് ലിറ്റററി സപ്ലിമെൻറിൻറെ നിരൂപകൻ ലണ്ടനിൽ വെച്ച് ശുപാർശ ചെയ്ത (“കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ വായിച്ച ഏറ്റവും നല്ല നോവൽ”)’ഏകാന്തതയുടെ ഒരു നൂറു വർഷങ്ങൾ ‘എന്ന ലാറ്റിനമേരിക്കൻ നോവൽ കയ്യിലെടുത്തപ്പോൾ അവൾ അതു ശ്രദ്ധിച്ചു. അതൊരു നല്ല പുസ്തകമാണെന്ന് അവൾ പറഞ്ഞു.” (ആൾകൂട്ടത്തിൽ തനിയെ,കോഴിക്കോട്,പൂർണ,1981).
മാർക്കേസിൻറെ പുസ്തകത്തെക്കുറിച്ച് മറ്റാരെങ്കിലും അതിനു മുമ്പ് മലയാളത്തിൽ ഇങ്ങനെയെങ്കിലും പറഞ്ഞിട്ടണ്ടോ എന്ന് സംശയമാണ്; ഒരു പക്ഷെ വായിച്ചു തുടങ്ങിയിരിക്കാമെങ്കിലും. അതേക്കാൾ പ്രധാനം മറ്റു ഭാഷകളിൽ എന്തെഴുതപ്പെടുന്നു എന്ന് മനസ്സിലാക്കാൻ, വായനക്കാരൻ, പത്രാധിപർ,എഴുത്തുകാരൻ എന്നീ നിലകളിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന ഉത്സാഹമാണ്.
മാർക്കേസിൻറെ പേര് വിട്ടു പോയെങ്കിലും സംഭാഷണങ്ങൾക്കിടെ അർജൻറീനക്കാരനായ ബോർഹസിനെക്കുറിച്ച് (jorge louis borgess) പറയുന്നുണ്ട്. ബോർഹസിൻറെ കൃതികൾ അപ്പോഴേക്കും ധാരാളം വായിക്കപ്പെട്ടിരുന്നു എന്നു വേണം കരുതാൻ. ജെയിംസ് ബാൾഡ്വിനാണ് പരിമർശിക്കപ്പെടുന്ന മറ്റൊരാൾ.
എം ടി കൂടുതൽ പറഞ്ഞിട്ടുള്ളത് വില്യം ഫോക്നറെക്കുറിച്ചാണ്. ഫോക്നറുടെ ജന്മസ്ഥലവും മറ്റും അദ്ദേഹം സന്ദർശിക്കുന്നു. ഏണസ്റ്റ് ഹെമിംഗ് വേയുടെ സമകാലികനായ ഫോക്നറെക്കാൾ കേരളീയർക്ക് കൂടുതൽ പരിചയം ആദ്യം പറഞ്ഞ ആളെത്തന്നെ. ഫോക്നറെ അറിയണം എന്ന വിചാരം മലയാള വായനക്കാരിൽ പലരിലും ഉണ്ടാകാൻ ഒരു കാരണം എംടിയുടെ ഈ പുസ്തകത്തിലെ വിവരണമായിരിക്കണം. ‘ ദ സൗണ്ട് ആൻഡ് ദ ഫ്യൂറി ‘ഫോക്നറുടെ വിശേഷപ്പെട്ട രചനയാണ്. തെക്കൻ സ്റ്റേറ്റായ മിസ്സിസ്സിപ്പിയിലെ ഓക്സ്ഫഡിലാണ് ഫോക്നർ വളർന്നത്.
ഫോക്നർ ഭവനം സന്ദർശിച്ച എം ടി ഇങ്ങനെ എഴുതുന്നു. ” നിലവറയിൽ മറ്റൊരു ബാറും ലൈബ്രറിയുമുണ്ട്. അവസാനമാസങ്ങളിൽ ഫോക്നർ അവിടെ വരിക പതിവായിരുന്നു. ചില ജീവചരിത്രകാരന്മാർ എഴുതിയ പോലെ അദ്ദേഹം മദ്യത്തിൻറെ അടിമ (alcoholic) ആയിരുന്നില്ല എന്ന് വെബ്ബ് പറഞ്ഞു.
“കുടിച്ചിരുന്നു. ബർബൺ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പക്ഷെ ആൽകഹോളിക് ആയിരുന്നില്ല”
ഫോക്നറുടെ കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾ പലതുമുണ്ടായിരുന്നു. അതു ചർച്ച ചെയ്യാൻ ഒരിക്കലും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അടുത്തിരുന്ന് സംസാരിക്കുമ്പോഴും അദ്ദേഹം വളരെ അകലെയാണെന്ന തോന്നലുണ്ടായിരുന്നു. പാർടികളിൽ അദ്ദേഹം വളരെ കുറച്ചേ സംസാരിക്കാറുള്ളൂ.
ഹെമിംഗ് വേയും ഫോക്നറും തമ്മിലുണ്ടായിരുന്ന ശത്രുതയെപ്പറ്റി പലരും എഴുതിയത് ഞാനോർമിച്ചു. “
ഹെമിങ് വേയുടെ രചനാലോകത്തെക്കുറിച്ച് എം ടി പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. അതേ സമയം ഫോക്നറോടുള്ള അനുതാപം എം ടി യുടെ വരികളിൽ വായിച്ചെടുക്കാനാവും. ഫോക്നർ ആത്മീയമായി തൻറെ ബന്ധുവാണെന്ന് എം ടി ക്ക് തോന്നിയിട്ടുണ്ടാവുമോ ?
ബീഡികളുടെ കെട്ടുകളുമായാണ് എം ടി അമേരിക്കയിൽ ചെന്നിറങ്ങുന്നത്. കസ്റ്റംസുകാരിൽ അത് സംശയമുണ്ടാക്കാതിരുന്നില്ല. നീഗ്രോ എന്ന വാക്ക് അപ്പോഴും പ്രചാരത്തിലുണ്ട്. കറുത്തവരെക്കുറിച്ചു പറയാൻ അദ്ദേഹം ആ വാക്ക് ഉപയോഗിക്കുന്നു. അതത്ര അത്ഭുതമല്ല.1966 ഓടെയാണ് ഈ വാക്കിൻറെ പ്രചാരം കുറഞ്ഞത്. 1980 കളുടെ മധ്യത്തിൽ മാന്യമായ സംഭാഷണങ്ങളിൽ നിന്നും എഴുത്തിൽ നിന്നും ഇത് ഇല്ലാതാവുകയും ചെയ്തു.കവി അലൻ ഗിൻസ്ബർഗിൻറ ഒരു കവിതാ വായനയിൽ അദ്ദേഹം സംബന്ധിക്കുന്നുണ്ട്.ലോസേഞ്ചലസിൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ഒരാൾ, ആദ്യകാല ചലച്ചിത്രപ്രതിഭയായ ഗ്രിഫിത്തിനെ ( ഡി ഡബ്ല്യു ഗ്രിഫിത്ത്) തള്ളിപ്പറഞ്ഞപ്പോൾ അദ്ദേഹം ക്ഷുഭിതനായി.
” ഒരു മെക്സിക്കൻ വിദ്യാർത്ഥി ചർച്ചയുടെ തുടക്കത്തിൽ ഗ്രിഫിത്തിനെ വെറും’ ക്രാഫ്റ്റ്സ്മാൻ’ എന്നു വിശേഷിപ്പച്ചത് എൻറെ സമനില തെറ്റിച്ചു. ഇന്ത്യൻ സിനിമയെപ്പറ്റി സംസാരിക്കേണ്ട ഞാൻ, ഗ്രിഫിത്തിനെയും ഐസൻസ്റ്റിനെയും പുഡോവ്കിനെയും പറ്റി പറഞ്ഞു. ഗ്രിഫിത്ത് ചെയ്തതിനപ്പുറം ഇക്കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കൻ സിനിമയിൽ ആർ എന്തു ചെയ്തു?’ഇൻറ്റോളറൻസും ‘ ‘ ബർത്ത് ഓഫ് എ നാഷനും ‘ പഠിക്കാതെ ചലച്ചിത്ര ഗവേഷണം നടത്തുന്ന വങ്കത്തത്തെക്കുറിച്ച് പറയാതെ നിവൃത്തിയില്ലല്ലോ. ” എന്നാണ് എം ടി. എഴുതുന്നത്.
എം ടി യുടെ വായനയെക്കുറിച്ച് നിരൂപകനായ ഇ പി രാജഗോപാലൻ എഴുതിയിട്ടുണ്ട്. മൗനിയാണ് എന്ന ആക്ഷേപം അദ്ദേഹത്തിനുമേൽ ചുമത്തപ്പെട്ടിട്ടുണ്ടെങ്കിലും ധാരാളം സംഭാഷണഭാഗങ്ങൾ ഈ കൃതിയിലുള്ളതിന് ഒരു കാരണം വിരസതയെ അകറ്റാനുള്ള രചനാപരമായ സങ്കേതമാണ് അത് എന്നതാണ്. സംഭാഷണവിമുഖനായിരുന്നിരിക്കില്ല അദ്ദേഹം.ഒരു വിനോദസഞ്ചാരിയുടെ കണ്ണും കാതും മാത്രമല്ല, അമേരിക്കയുടെ സാംസ്കാരികവേദികളിൽ നിന്ന് പഠിക്കാൻ നാവും കരുതിയിട്ടില്ലെങ്കിൽ ആ യാത്ര നിഷ്പ്രയോജനമാവുമായിരുന്നു.
ഹോളിവുഡ് സിനിമയിൽ അഭിനയിച്ചിട്ടുള്ള ഓം പുരി, ഒരവസരത്തിൽ ജാക്ക് നിക്കൾസനൊപ്പം ഒരു കാറിൽ സഞ്ചരിച്ചതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. നിക്കൾസൺ ഓം പുരിയോട് ഒന്നും മിണ്ടുകയുണ്ടായില്ല! ആരോട് എപ്പോൾ എന്തു പറയണം എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികൾക്ക് വിട്ടുകൊടുക്കുന്നതാവും നല്ലത്.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ എം ടി യുടെതായി കുറേശ്ശയായി പ്രസിദ്ധീകരിക്കപ്പെട്ട ഒരേയൊരു രചന ഈ യാത്രാവിവരണമാണ്. പൂർണ പതിപ്പിൻറെ കവർ വരച്ചിട്ടുള്ളത് ചിത്രകാരൻ എ എസ്.
mathrubhumi books
എം ടി യുടെ കഥകളോടൊപ്പം ഇതര രചനകളും വരും കാലത്ത് വായിക്കപ്പെടുമെന്ന് വിചാരിക്കുന്നു. കഥ ഇതര രചനകളും എഴുത്തുകാരനെ മനസ്സിലാക്കുന്നതിൽ പ്രധാനം തന്നെ.