തങ്കം പറഞ്ഞതോർക്കും, പിന്നേം പിന്നേം സ്റ്റിക്കറുകൾ വാരിയിട്ട് മിണ്ടാണ്ടിരിക്കും... അവന്, വാക്കുകൾ മുട്ടുമ്പോൾ കറുത്ത കുഞ്ഞ് നൃത്തം ചെയ്യും ദേഷ്യം വന്നാൽ കറുത്ത കുഞ്ഞ് ഉടുപ്പൂരിയെറിയും സങ്കടം വന്നാൽ കറുത്ത കുഞ്ഞ് പെയ്തോണ്ടിരിക്കും... വെളുത്തകുഞ്ഞ്, അന്നേരത്തൊക്കെ കഴിച്ചോണ്ടിരിക്കും ! അവന്റെ ഫോണിൽ കറുത്ത കുഞ്ഞ് സ്റ്റിക്കറിൽ ചെയ്യാത്ത കാര്യങ്ങളില്ല... തങ്കം പറഞ്ഞതോർക്കും, വലത്തേ തള്ളവിരലിൽ ഒരു ശബ്ദം പൊടിച്ചുയർത്തി വിടും... കരഞ്ഞാൽ, തങ്കം മഞ്ഞക്കൊണ്ടയുടെ സ്റ്റിക്കറിടും... ചിരിച്ചാൽ ചുറ്റിനും തുമ്പികൾ പറത്തും, ദേഷ്യം വന്നാ സ്വയം സ്റ്റിക്കറായി വരും ചിരിച്ചോണ്ടിരിക്കും... തങ്കത്തിന്റേല് കറുത്ത കുഞ്ഞോൾടെ സ്റ്റിക്കറില്ല ! തങ്കം പറഞ്ഞതിന്നു സത്യായില്ലേ? കരഞ്ഞാൽ സ്റ്റിക്കറുപോലിളകി സ്ക്രീനിറങ്ങി വന്ന് തൊടുന്ന കൈകൾ വന്നേക്കുമെന്നവള് പറഞ്ഞില്ലേ.... നോക്കു, തങ്കം തൊടുന്നത് നോക്കു...
കവിത
രാത്രിയ്ക്ക് വലിയ വിഷാദമൊന്നും
പ്രകടമാകാതിരുന്ന ഒരു സമയത്ത്,
രാവ് പുലർച്ചയെ കണ്ടുമുട്ടാൻ
അല്പനാഴികകൾ കൂടിയുള്ള
ഒരു കഴപ്പൻ നേരത്താണ്
കട്ടിലിൽ നിന്ന് വീണു തലയ്ക്കു –
മുറിവേറ്റ കുട്ടിയെയും കൊണ്ട്
ഒരുവൾ ആശുപത്രിയിലെത്തുന്നത്.
ഗേറ്റിനു വെളിയിൽ നിർത്തിയിട്ട
കാറിൽ ഡ്രൈവിംഗ് സീറ്റിൽ
ഒരു കഴുകനെക്കണ്ട് സ്വപ്നത്തിന്റെ
അഴിഞ്ഞു വീണ മുണ്ടു മുറുക്കിയുടുത്ത്
കാവൽക്കാരൻ വീണ്ടും മയങ്ങി.
ഒരാംബുലൻസും അന്നുവരെ ഉയർത്താത്ത
ശബ്ദത്തോടെ ആശുപത്രി തകർക്കും
വിധം കടന്നു വന്ന വാഹനത്തെ
ഞെട്ടിയുണർന്ന കാവൽക്കാരൻ തടഞ്ഞു.
പാദം വരെ നരച്ച മുടിയുള്ള വൃദ്ധനെ
തലയിൽ മുറിവേറ്റ് കൊണ്ടുവന്നതാണ്.
വൃദ്ധന്റെയും കുട്ടിയുടെയും ശരീരത്തിൽ
ഒരേ മുറിവടയാളങ്ങൾ രേഖപ്പെടുത്തിയ
രജിസ്റ്ററുകൾ അന്നു തന്നെ
മനശാസ്തജ്ഞനെത്തേടിപ്പോയി.
പകൽ മാത്രം എന്നും മച്ചിൽ വരുന്ന
വെള്ളിമൂങ്ങയെ ആംബുലൻസിന്റെ
ഡ്രൈവർ സീറ്റിൽ കണ്ട കാവൽക്കാരൻ
പുതിയ സ്വപ്നത്തിനായി വീണ്ടും ഉറങ്ങി.
പകലും രാത്രിയും ചിലതു കടന്നു
ആർത്തനാദങ്ങളൊന്നുമില്ലാതെ
രണ്ടു മരണ സർട്ടിഫിക്കറ്റുകളിൽ
ദൈവ സമ്മതമില്ലാത്ത ഒപ്പു വീണു.
എന്നും മൂളുക മാത്രം ചെയ്തിരുന്ന
വെള്ളിമൂങ്ങയുടെ ഭാഷയിൽ ‘ദൈവം’
എന്ന വാക്കു കേട്ട് കാവൽക്കാരൻ ചിരിച്ചു.
പക്ഷികൾ സ്വപ്നങ്ങളിൽ മാത്രം
സംസാരിക്കുന്നവരാണെന്നയാൾക്കറിയാം.
ലാബിലായിരുന്നു ആശയക്കുഴപ്പത്തിന്റെ
ആനവാൽ പിടി മത്സരം
രണ്ടു തലയോട്ടികളിലും
പത്തു സെന്റിമീറ്റർ പൊട്ടൽ
ഒരു വ്യത്യാസം മാത്രം
കുഞ്ഞിന്റെ തലയിലെ രക്തസ്രാവം
നിലച്ചുവെങ്കിലും
വൃദ്ധന്റെ തലയോട്ടിയിലെ ചോര
നിലച്ചതേയില്ല.
ഒഴുകിയ ചോരയെല്ലാം
ഡാമുകളെ നിറച്ചു കൊണ്ട്
അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു.
ദൈവത്തിന്റെ ചരമദിനം
അന്ന് കലണ്ടറുകളിൽ
ചുവന്ന കണ്ണുകളായി തുറിച്ചു നിന്നു.
തിരിഞ്ഞു നോക്കാതെ ആകാശത്തേക്ക്
നടന്നു പോകുന്ന ഒരു പടുവൃദ്ധനെയും
ഒരു പിഞ്ചുകുഞ്ഞിനെയും
ഒരു പൂർവ്വാഹ്നത്തിൽ കണ്ടവരും
പിന്നാലെ മനോരോഗാശുപത്രിയുടെ
വരാന്തയിൽ വെള്ളിമൂങ്ങ
സംസാരിക്കുന്ന ദിവസവും കാത്ത്
അനന്തമായി തല കുനിച്ചിരുന്നു.
കാവൽക്കാരൻ ദഹിക്കാത്ത
ദേഹമായി ആ സ്വപ്നത്തോടൊപ്പം
ഉറങ്ങിപ്പോയി.
കാഴ്ചയുടെ ഒരു തുണ്ട്
നിനക്കുവേണ്ടി
മാറ്റിവച്ചിട്ടുണ്ട് ആളൊഴിയുമ്പോൾ
വീണ്ടും വരച്ചുചേർക്കാൻ
പാകപ്പെടാത്ത നിറങ്ങൾ
മറന്നുപോകാത്ത ഏതോ
കാലമെന്ന് നീ പറയും
ഓർമ്മകൾക്കുമേൽ
മഴവില്ലിന്റെ ദേശങ്ങളിൽനിന്ന്
നമ്മൾ കൈയ്യെത്തിപ്പിടിക്കും
കാഴ്ചയുടെ ഒരു തുണ്ട്
സ്ഫടികയുടലുകൾക്കിടയിൽ
നമ്മുടേതല്ലാതെ
മെല്ലെ ഘനീഭവിച്ചുറഞ്ഞിടും…
വരിക വേനലേ
വന്നിരുന്നീ
ചെറിയകൊമ്പിലെ
തളിരിലയിലും
നിറയെ വിളമ്പുക
കഴിഞ്ഞുപോയൊരു
പ്രളയം
കൊതിച്ച
ഇളവെയിലിന്നു
പകരമായ്
പതയും
പാലുപോൽ
നുരയും
വേവിന്റെ
അടിയിളക്കി
തടയുന്ന
പങ്കിലെ
നടുമുറിക്കഷ്ണം.
ഉടലിൽനിന്നൂർന്നു
പോകുമവസാന
കച്ച
കണ്ണു ചോപ്പിച്ച്
കൂർപ്പിച്ച്
ഊരിവാങ്ങുക,
ഊർത്തിനോക്കുക
അതിന്നടിയിലെ
നാണവും
പൊള്ളലും
അവളൊളിപ്പിക്കും
വറുതികൾ
വെന്തു വിണ്ട
വിടവുകൾ
പൊത്തുകൾ
അടിയിളകി
വിരലുകൾ പൊള്ളച്ച്
തൊലിപൊളിഞ്ഞ്
തെളിഞ്ഞ കാൽപ്പത്തിയിൽ
നിറയെ ഇറ്റിക്ക
വേനലിന്റെ തിളവെളിച്ചം,
കാണട്ടെ കൂട്ടുകാർ
അവൾ നടക്കാതെ
അതിരുകൾ താണ്ടാതെ
അടയിരിക്കുന്ന
കിളികളെയാട്ടാതെ
ചെറിയ ചുള്ളിക്കമ്പായി
അടിയിൽ
നറുങ്ങി വീണു കിടക്കുന്ന
വിരലുകൾ
നാലുപാടും നീട്ടിയിട്ട്
ഒച്ചയില്ലാതെ
താളം പിടിക്കാതെ
പാട്ടുമല്ല കവിതയുമല്ലാതെ
വാക്കുമില്ല വരികളുമില്ലാതെ
മൂളിമൂളി മുറിഞ്ഞുപോയൊരീണത്തിൽ
ദൂരെദൂരേയ്ക്കു
പുറപ്പെട്ട യാത്രകൾ
തളിക്ക് വേനലേ
നിന്റെ കുടത്തിലെ
തിളച്ച വെള്ളം
തികയില്ലയെങ്കിലും
മുഖമടച്ച്
മൂർച്ഛിച്ചു വീണുകിടക്കുന്ന
പഴയൊരു നാട്ടിൻ
ഇടത്താവളത്തിന്റെ
ഇടതു തോളിൽ
കുലുക്കി വിളിക്കുന്നതിന്നൊപ്പം
തളിക്കുക
നിന്റെ കുടത്തിന്റെ
അടിവയറ്റിൽ നിന്നവസാന
പെരും തുള്ളി
തികയില്ലയെങ്കിലും
തളിക്കുക
തറയോടു വിരിക്കാൻ പോകുന്നവരെ അന്വോഷിച്ചു കണ്ടെത്തിയപ്പോൾ മേൽവിലാസം കുറിച്ചു കൊടുത്തു.
ഒരു മന്ത്രവാദക്കളത്തിന്റെ ചാർത്തുപോലെ ..
ഒരു കൂട്ടം എഴുതിത്തന്നു.
രണ്ടു വലിയ ഡ്രം വെള്ളം, സിമന്റ്. മണല്, റെഡ് ഓക്സൈഡ് , ചരട്, ആണികൾ….
ഉണ്ടായിട്ടല്ല…….
ശരീരത്തിന് , പ്രത്യേകിച്ച് കാലിന് നന്ന്.
മണ്ണല്ലേ… അധിക വിലയും വരില്ല.
തറയോടു വിരിക്കാൻ തീരുമാനിച്ചതങ്ങിനെ.
തറയോടു വിരിക്കാൻ പോകുന്നവർക്ക് കയ്യാലകളിലായിരിക്കുമത്രേ താമസം പതിവ്.
അവർക്കതു മ്യൂസിയം കാണുമ്പോലാണത്രെ.
കഥാ പുസ്തകങ്ങൾ , ഡയറികൾ, ആൽബങ്ങൾ, ഫോട്ടോകൾ, പാത്രങ്ങൾ,
പുതിയ വീട്ടിലിടം പിടിക്കാത്ത പലതുകൾ
മൂടിവെച്ച ടിവിയും , പൊതിഞ്ഞു വെച്ച ഡി.വി.ഡി പ്ലെയറും
കാലം പഴക്കിയ പഴയ ഡിവിഡികൾ ……
. . .
പാതിരാത്രിയിൽ കയ്യാലയിൽ നിന്നും
ഹം തും എക് കമ്രേ മേം…
തറയോടു വിരിക്കാൻ വന്നവരുടെ കണ്ണുകളിൽ ആഹ്ലാദത്തിന്റെ തിരയിളക്കം …
രാത്രിയുടെ നിശ്ശബ്ദതയിൽ ..
ഓർമ്മകളുടെ അയഞ്ഞ കടിഞ്ഞാൺ ബന്ധനത്തിൽ അവർ പട്ടണത്തിലെത്തിയിരുന്നു
പണ്ട് അവരുടെ പതിനെട്ടര പ്രായത്തിൽ .
ബോബിയിലെ ഡിംപിളിനെ കണ്ട്
കോരിത്തരിച്ച നാളുകൾ ഓർത്തുകൊണ്ട് .
തറയോടു വിരിക്കാൻ പോകുന്നവർ
ഇവിടെ ഈ കയ്യാലയിൽ ആസ്വദിച്ചു കാണുന്നു.
ഒരു സോപ്പുപെട്ടി ഹിന്ദി ചിത്രത്തിലേതുപോലെ ..
മേം ശായർ തോ നഹീം…
ഇന്നിത്ര കാലമായിട്ടും,
ചാന്തടർന്നിട്ടില്ല,
വരിതെറ്റിയിട്ടില്ല.
ആരും കുറ്റവും പറഞ്ഞിട്ടില്ല.
വെറും നിലത്ത് വെള്ളം നനച്ച്
നീണ്ടു നിവർന്ന് കിടക്കുമ്പോൾ
സുഖം ഒട്ടും കുറഞ്ഞിട്ടുമില്ല.
തറയോടു വിരിക്കാൻ പോകുന്നവർക്ക്
തക്ക പ്രതിഫലം മാത്രം പോരായിരിക്കുമോ..
മുഛെ കുച്ച് കെഹ്നാ ഹെ?…..