ഒന്ന്
മടപ്പാട്ടപ്പറമ്പിൽ
പുഞ്ചക്കുളത്തിൽ
പുന്നമരത്തിൻ വേരിലൂന്നി
കുളിക്കാനിറങ്ങി കുളിരു തൊട്ടു
തിരിഞ്ഞു നോക്കിയാൽ
പാമ്പു ചുറ്റിപ്പിണഞ്ഞെന്നോണം
പുന്നമരത്തിൻ വേരിനാലൊരു പൊത്ത്;
ആ പൊത്തിൽ പാമ്പുണ്ടെന്നു വെപ്പ്.
പാമ്പിൻ കൊത്തു പേടിച്ചു
ചണ്ടി നീക്കി മുങ്ങിപ്പൊങ്ങിയ ബാല്യം
കൊത്തുകൊള്ളാതെ മുതിർന്നതിനാൽ
ഒരു കുളിക്കവിത എഴുതാൻ
ഭാഗ്യമുണ്ടായി.
രണ്ട്
ദിനേന മോന്തിക്ക്
കടലിൻ്റെ പടിഞ്ഞാറെക്കടവിൽ
സൂര്യൻ കുളിക്കാനിറങ്ങുന്നു.
ഇക്കുളിയില്ലാതെങ്ങനെ
നാളെ വെളുക്കും?
കുളിക്കാതെ വെളുക്കുമെന്നത്
പൂശിയ ചായം
ഇളകാതെ നോക്കും വ്യാമോഹം!
മൂന്ന്
മീനുകൾക്കു കുളി
ജീവിതത്തിൻ്റെ പര്യായം;
കര മരണത്തിൻ്റെ മറുവാക്ക്!
നാല്
വെള്ളിയാഴ്ചയെ കുളിപ്പിച്ചൊരുക്കി
ബാപ്പ പൂമുഖത്തിരുന്നാൽ
അത്തറും കൊണ്ട് കാറ്റുണ്ടാകും
പള്ളിയിലേക്കു ചൂളം കുത്തുന്നു.
അഞ്ച്
ഒരു തുള്ളി നനയാതെയും
കുളിക്കാമെന്ന്
പെരുമഴയത്തൊരു ചേമ്പിലപ്പാഠം.
ആറ്
ആദ്യ കുളിയിൽ
നാം കരഞ്ഞിരിക്കും;
അവസാന കുളിയിൽ
നമുക്കായാരെങ്കിലും കരയും.
കുളിക്കും കരച്ചിലിനുമിടയിലെ
ഈ ആൾമാറാട്ടത്തെ നാം
ജീവിതമെന്നു വിളിക്കുന്നു.
കവർ: ജ്യോതിസ് പരവൂർ