പെയ്തൊഴിഞ്ഞ മഴയിൽ കൊഴിഞ്ഞ ഇലകൾ വൃക്ഷത്തെ ഏകാകിയാക്കി.
ഹരിയേട്ടൻ്റെ അകാലമരണം അവളുടെ ബഹുവർണ്ണസ്വപ്നങ്ങളെ കാറ്റിൽപ്പറത്തി.
ഇനിയെന്ത് എന്ന തോന്നലോടെ അവൾ ആലോചനകളിലേക്ക് പിൻവലിഞ്ഞു.
ജീവിതത്തിൻ്റെ സായന്തനത്തിൽ പ്രണയപൂർവ്വം രാപ്പാർക്കാം എന്ന് അടക്കം പറഞ്ഞ ഹരിയേട്ടൻ.ഒരു വർഷം മുൻപ് നാട്ടിൽ വാങ്ങിയ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ പെൻ്റ് ഹൗസിൽ അവൾ കായൽക്കാഴ്ചകൾ വെറുതെ നോക്കിയിരുന്നു.
മുപ്പതോളം വർഷത്തെ നീണ്ട ദാമ്പത്യം. നിരവധി വിദേശരാജ്യങ്ങളിൽ മാറി മാറി നടത്തിയ കുടുംബജീവിതം.
കണ്ണിൽ കാൻസർ ബാധിതനായി ഹരിയേട്ടൻ അവശനിലയിൽ കിടക്കുമ്പോൾ അവളെ അരികിൽ ചേർത്തുനിർത്തി മൊഴിഞ്ഞത് നാട്ടിൽ വാങ്ങിയിട്ട ഈ ഫ്ലാറ്റ് തൻ്റെ ഓർമ്മകുടീരമായി കാത്തു സൂക്ഷിക്കണമെന്നും തൻ്റെ മൗനസാന്നിധ്യം എന്നും അവിടെ ഉണ്ടാകും എന്നും ആണ്. വിദേശത്ത് കുടുംബത്തോടൊപ്പം ജീവിക്കുന്ന രണ്ടാണ്മക്കൾ നിരന്തരം അവരോടൊപ്പം താമസിക്കാൻ വിളിച്ചിട്ടും അവൾ പോകാൻ കൂട്ടാക്കാത്തതിന് കാരണം മറ്റൊന്നല്ല.
യുവജനോത്സവങ്ങളിൽ നൃത്തത്തിൽ അവൾ ഒരുവർഷം കലാതിലകമായി. വർഷങ്ങൾ നിരവധി കഴിഞ്ഞിട്ടും ഹരിയേട്ടൻ്റെ അവളെക്കുറിച്ചുള്ള വാക്കും, നോക്കും തെല്ല് ആരാധനയോടെ ആകുവാൻ കാരണം അതുതന്നെ.
കണ്ണിൻ്റെ കാഴ്ച മങ്ങുമ്പോഴും തൻ്റെ മുന്നിൽ നൃത്തം ചെയ്യാൻ ഹരിയേട്ടൻ അവളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രായത്തിൻ്റെ വെല്ലുവിളികളെ നിഷ്പ്രഭമാക്കി, ഒരു കോളേജുകാരിയുടെ പ്രസരിപ്പോടെ അവൾ ഉടനെ കാലിൽ ചിലങ്ക അണിയും.
ഒരു ദേവതയെ എന്ന പോലെയുള്ള ആരാധനാഭാവം ഹരിയേട്ടൻ്റെ നോട്ടത്തിൽ പരിലസിച്ചു. ആ നോട്ടത്തിലെ സാത്വിക ഭാവം അവളെ നിത്യപ്രണയിനിയാക്കി.
തൻ്റെ അസാന്നിധ്യത്തിലും ചിലങ്കകൾ അണിയണമെന്നും ചിലങ്കയുടെ ശബ്ദം തൻ്റെ സാന്നിധ്യം ആവാഹിക്കുമെന്നും, അങ്ങിനെ നമുക്ക് തുടർന്നും പ്രണയികളാകാം എന്നും ഹരിയേട്ടൻ അവളോട് മരണത്തിനുമുമ്പ് പലകുറി പറഞ്ഞു.ഓർമ്മകളിൽ പലവർണ്ണങ്ങൾ കോറിയിട്ട ഹരിയേട്ടൻ്റെ പ്രതിബിംബങ്ങൾ അവളുടെ മനസ്സിൻ്റെ തിരശ്ശീലയിൽ നിറഞ്ഞു നിന്നു.
സായന്തനത്തിൽ എന്നത്തേയും പോലെ അന്നും അവൾ കാൽചിലങ്ക ചാർത്തി.
അന്ന് ഹരിയേട്ടനെ മനസിൽ നിറച്ച് നൃത്തം തുടങ്ങുമ്പോൾ ഫ്രിഡ്ജിന് മുകളിൽ ഒരു അനക്കം. ഫ്രിഡ്ജിനുമുകളിൽ വച്ചിരിക്കുന്ന തങ്ങളുടെ ഫാമലി ഫോട്ടോ അനങ്ങുന്നു. അവൾ ശദ്ധാപൂർവ്വം നോക്കി.
വെളുത്ത നിറത്തിൽ ഒരു ചെറിയ എലി.
അവൻ ഫാമിലിഫോട്ടോയുടെ മറവിൽ ഒളിച്ചുനിന്ന് തൻ്റെ നൃത്തം ഉറ്റുനോക്കുന്നത് അവൾ കണ്ടു. എലിയായി മുന്നിൽ പ്രത്യക്ഷമായ ആസ്വാദകൻ തൻ്റെ ഹരിയേട്ടൻ തന്നെ എന്ന് മനസിൽ ഉറപ്പിച്ചുകൊണ്ട് അവൾ ശാന്തസുന്ദരമായ ചുവടുകളോടെ, സന്തോഷവതിയായി നൃത്തം തുടർന്നു.

വര : ജയനാഥ്
പ്രണയം എന്നും അങ്ങിനെയാണ്.
ന്യായവാദങ്ങളും, സത്യസ്ഥിതിയും പാടെ അവഗണിക്കപ്പെടും. മുന്നിൽ കാണുന്ന കാഴ്ചകൾ എല്ലാം പ്രണയനദിയുടെ സ്വതന്ത്രമായ പ്രവാഹത്തിനായി അത്ഭുതകരമായി പ്രതീകവത്കരിക്കപ്പെടും.
എന്തായാലും അവളുടെ നൃത്തച്ചുവടുകൾ ഒളിച്ചുനിന്ന് ആസ്വദിച്ച അവൻ തൻ്റെ ഹരിയേട്ടൻ്റെ മായാവിലാസം തന്നെ എന്നവൾ മനസ്സിൽ പറഞ്ഞു.
അന്നുമാത്രമല്ല, മറ്റ് നിരവധി സായന്തനങ്ങളിലും അവളുടെ നൃത്താസ്വാദകനായി അവൻ എത്തി.
അവനു കഴിക്കാനായി പഴവും, ശർക്കരയും, ഉരുളക്കിഴങ്ങും, മധുരക്കിഴങ്ങും,പാൽപ്പൊടിയും, കൽക്കണ്ടവും പൂജാദ്രവ്യങ്ങൾ പോലെ പ്രണയപുരസ്സരം അവൾ ഫ്രിഡ്ജിനുമുകളിൽ എന്നും ഒരുക്കി.
രാവും, പകലും ഇല്ലാതെ ഒരുക്കിവച്ച വിഭവങ്ങൾ അവൻ കഴിച്ചോ എന്ന് അവൾ നോക്കിക്കൊണ്ടിരുന്നു.
അടുക്കളയുടെ ഏതെങ്കിലും ഭാഗത്ത് അവനെക്കണ്ടാൽ അവൾ തൃപ്തയാകും. അല്ലെങ്കിൽ അവനെ തിരഞ്ഞ് അവൾ ഫ്ളാറ്റുമുഴുവൻ ഒരു വേഴാമ്പലിനെപ്പോലെ പരതി നടക്കും.
സാധാരണ മക്കളെ ഓൺ ലൈനിൽ അവൾ അങ്ങോട്ട് വിളിക്കാറാണ് പതിവ്. എന്നാൽ ഹരിയേട്ടൻ മൂഷികരൂപത്തിൽ പ്രത്യക്ഷമായതോടെ കാര്യങ്ങൾ മാറിമറഞ്ഞു. ഹരിയേട്ടൻ മൂഷിക രൂപത്തിൽ ഫ്ളാറ്റിൽ ഉണ്ട് എന്ന വിശ്വാസത്തിൽ അവൾ ഉറക്കെ ചിരിക്കാനും, സംസാരിക്കാനും തുടങ്ങി.
അവളുടെ മൂളിപ്പാട്ടും, ഡാൻസും, തമാശകളും ഫ്ലാറ്റിൻ്റെ അന്തരീക്ഷം മാറ്റിമറിച്ചു.
ഒരുദിവസം ഫ്ലാറ്റിൽ തൻ്റെ നൃത്തം കാണാൻ ഹരിയേട്ടൻ മൂഷികരൂപത്തിൽ വന്നു കണ്ടില്ല. ഇത് അവളിൽ വലിയ ഉത്കണ്ഠ ഉളവാക്കി. ആഴ്ചയിൽ ഒരിക്കൽ ഫ്ലാറ്റ് വൃത്തിയാക്കാൻ വരുന്ന കമലാക്ഷിയാണ് തൊട്ടുതാഴത്തെ ഫ്ലാറ്റിൽ അന്ന് ഒരു വെള്ള എലി കെണിയിൽപ്പെട്ട വിശേഷം അവളോട് പറഞ്ഞത്. കേട്ടപാതി കേൾക്കാത്ത പാതി അവൾ താഴത്തെ ഫ്ലാറ്റിൽ പാഞ്ഞെത്തി.
എലിപ്പെട്ടിയിൽ പെട്ട എലിയെ തനിക്ക് ഉടനെ കാണണം എന്ന് നിർബന്ധപൂർവ്വം പറഞ്ഞപ്പോൾ അയൽക്കാരി കാട്ടിക്കൊടുത്തു. ഒരു ബക്കറ്റ് നിറയെ വെള്ളത്തിൽ എലിപ്പെട്ടി മുക്കിവച്ചുകൊണ്ട് എലിയെ കൊല്ലാനുള്ള തീവ്ര നടപടികളുമായിട്ടാണ് അയൽക്കാരി.
വെള്ളം നിറച്ച ബക്കറ്റ് എടുക്കാൻ അയൽക്കാരി അടുക്കളയിലേക്ക് മാറിയതാമസം “ഹരിയേട്ടാ “എന്ന നിലവിളിയാണ് ഫ്ലാറ്റിലെ കോറിഡോറുകൾ മാറ്റൊലി കൊള്ളിച്ചത്. അയൽക്കാരി പരിഭ്രമിച്ച് ഓടിയെത്തിയപ്പോൾ കാണുന്ന കാഴ്ച അവൾ അതിവേഗത്തിൽ എലിപ്പെട്ടിയുടെ വാതിലുയർത്തുന്നതാണ്.
എലിപ്പെട്ടിക്കുള്ളിൽനിന്നും ഈ കാഴ്ചകൾ അന്തിച്ച് നോക്കിനിന്ന എലി അവളെ നിമിഷ നേരം സാത്വിക ഭാവത്തിൽ നോക്കി, എങ്ങോട്ടെന്നില്ലാതെ ഓടിമറഞ്ഞു.