ഇക്കാലമത്രയും
ഭൂമിയിൽ
ജീവിച്ചവരെക്കുറിച്ച്
മനുഷ്യരോട്
ചോദിച്ചിട്ടെന്ത്
കാര്യം?
നാട് മുഴുവൻ
നീണ്ട് കിടക്കുന്ന
വഴികളോട്
ചോദിക്കൂ.
വഴികൾ
ഓർത്ത്
വച്ചിട്ടുണ്ടാകും
നെഞ്ചില്‍
കാലമർത്തി
നിന്നവരെ
മടിയിൽ
കുഴഞ്ഞ് വീണ്
മരിച്ചവരെ
ഓരം ചേർന്ന്
നിന്ന് പ്രണയം
പങ്കുവച്ചവരെ
പാതിരാത്രിയിലും
വഴിമുറിയാതെ
നടന്ന് തീർത്തവരെ
ജീവിതം
മുഴുവനും
വേപ്രാളപ്പെട്ട്
ഓടിനടന്നവരെ
വിശന്നുതളർന്ന്
പൈപ്പുവെള്ളം കുടിച്ച്
പള്ള വീർപ്പിച്ചവരെ
തെരുവോരങ്ങളിൽ
കിടന്ന് ജീവിതം
കൂട്ടിമുട്ടിച്ചവരെ
അങ്ങനെ എത്രയെത്ര
പേരെയത് ഹൃദയത്തിൽ
ടാറ് മെഴുകി കറുപ്പിച്ചു
വച്ചിട്ടുണ്ടാകും.
കവർ: ജ്യോതിസ് പരവൂർ