ഏത് ദുരന്ത കാലവും ഏറ്റവും കൂടുതൽ വേട്ടയാടുന്നത് സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ടവരെയാണ്. മാസ്കിനടിയിൽ നിശബ്ദമായ അവരുടെ കരച്ചിലുകൾ ആര് കേൾക്കാൻ. ആംബുലൻസുകൾ കൂട്ടത്തോടെ നിലവിളിക്കുന്ന കോവിഡ് കാലത്ത് പോസിറ്റിവായ അച്ഛൻ നാർക്കുളനെ ആശുപത്രിയിൽ കാണാനെത്തുന്ന കണ്മഷിയുടെ കറുത്ത നിറമുള്ള, കാട്ട് പൊന്ത പോലെ മുടിയുള്ള മെലിഞ്ഞ ചെറുപ്പക്കാരൻ മകൻ ബാലചന്ദ്രനെയാണ്, അംബികാസുതൻ മാങ്ങാടിന്റെ “കാരക്കുളിയൻ” എന്ന കഥ തുടങ്ങുമ്പോൾ കാണുന്നത്.പനിച്ച് കിടക്കുന്ന അച്ഛൻ നാർക്കുളൻ ഭൂതകാലത്തിലെ നോവുന്ന ഓർമ്മകളിൽ “പരപ്പ്” പറയുന്നു. പന്ത്രണ്ട് വയസ്സ് മുതൽ എൺപത്തൊമ്പത് വയസ്സ് വരെ കാരക്കുളിയനെയും തീക്കുളിയനെയും കെട്ടി ക്ഷീണിച്ച നാർക്കുളൻ കോവിഡിന്റെയും ന്യൂമോണിയയുടെയും കയ്പ്പ് വാതയ്ക്ക ചവച്ചിറക്കുകയാണ്.
ചെറുപ്പകാലത്ത് അച്ഛൻ കരിന്തളന്റെ നിർദേശ പ്രകാരം,സ്വന്തം അമ്മയ്ക്ക് മാരണം (ആഭിചാര ക്രിയ) വെച്ച്, ബോധം പോയ അമ്മയെ മരണത്തിലേക്ക് തള്ളിവിട്ട കുറ്റ ബോധം നാർക്കുളനുണ്ട്. ഭാര്യയുടെ അകാല മരണത്തിൽ കരിന്തളനും കാട്ടു വള്ളികളിൽ തൂങ്ങി മരിക്കുന്നു. ഈ ദുരന്തം സഹിക്കാതെ മരിയ്ക്കാൻ പോയ നാർക്കുളനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നത് കുളിയൻ തെയ്യത്തിന്റെ വെളിപാടാണ്. കാരമുള്ളിന്റെ വേദനയിലും നെരിപ്പിന്റെ തീച്ചൂടിലും സഹനത്തിന്റെ തെയ്യമായി നാർക്കുളൻ അതിജീവനം നടത്തുന്നു.
രോഗകിടക്കയിൽ” അച്ഛന് പയ്ക്കുന്നോ” എന്ന് ചോദിക്കുന്ന ബാലചന്ദ്രനോട് കാട്ട് കയ്പ്പക്കയായ കാഞ്ഞിരത്തേക്കാൾ കയ്പ്പുള്ള വാതയ്ക്ക കഴിച്ചു എന്നാണ് നാർക്കുളൻ പറയുന്നത്. അതിന് കയ്പ്പില്ലേ അപ്പാ എന്ന് ബാലചന്ദ്രൻ ചോദിക്കുമ്പോൾ” കയ്പ്പോ, കാരമുള്ളിലും തീക്കുണ്ടത്തിലും ഇക്കണ്ട കാലം കെടന്ന എനിയ്ക്കെന്ത് കയ്പ്പാടാ? ഞാൻ തന്നെ ഒരു കാട്ട് വാതയ്ക്കായിര്ന്നില്ലേ? എപ്പോളും കത്തിക്കൊണ്ടിര്ന്ന ഒര് തീക്കോലം “എന്ന ആത്മ നൊമ്പരമാണ് നാർക്കുളന് വെളിപ്പെടുത്താനുള്ളത്.
കാരക്കുളിയനെ കെട്ടുമ്പോൾ മുഖപ്പാളയ്ക്ക് താഴെ സങ്കടമെല്ലാം ഒളിപ്പിച്ച നാർക്കുളൻ, തന്റെ അന്ത്യാഭിലാഷം മകനെ അറിയിക്കുന്നുണ്ട്. കാരക്കുളിയൻ തെയ്യം കെട്ടിയാടുക.
ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴേയ്ക്ക് ബാലചന്ദ്രൻ കേൾക്കുന്നത് അച്ഛന്റെ മരണ വാർത്തയാണ്. മരിക്കുന്നവരെ, അവസാന നോക്കോ എരിഞ്ഞടങ്ങുന്നതോ കാണാൻ കഴിയാത്ത കോവിഡ് കാലം.
കാഞ്ഞിര മരങ്ങളുടെയും കാരമുള്ളിന്റെയും നാടാണ് കാസറകോഡ്. എന്നും പിന്നിലായിപ്പോകുന്ന ജീവിതങ്ങൾക്ക് പ്രഹരമാകുന്ന വൈറസ് കാലം. ജാതിയും മതവുമില്ലാത്ത വൈറസ്. വർത്തമാന അവസ്ഥകളിൽ അനാഥരാകുന്ന മനുഷ്യരുടെ സങ്കടക്കടലിന്റെ ഓളം ഈ കഥയിൽ കാണാം.
കാരമുള്ളിന്റെ നീറുന്ന വേദന വായനക്കാരിൽ ബാക്കിയാക്കുന്ന നാർക്കുളന്റെയും ബാലചന്ദ്രന്റെയും സങ്കടങ്ങൾ. സമൃദ്ധമായ കാസറകോടൻ ഉരിയാട്ടങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ കഥ.
മെലിഞ്ഞുണങ്ങി ചോര ഞരമ്പ് പോലുള്ള തൊടിന്റെ തീരത്തെത്തുന്ന ബാലചന്ദ്രന്റെ കഥ വായിക്കുമ്പോൾ ഓ വി വിജയന്റെ “കടൽ തീരത്ത്” എന്ന കഥയിലെ തൂക്കി കൊല്ലാൻ വിധിച്ച മകനെ ജയിലിൽ കണ്ട് കടൽത്തീരത്തെത്തുന്ന അച്ഛൻ വെള്ളായിയപ്പന്റെ ദുഖവും ഓർമ്മ വരുന്നു.
കാരമുള്ളിന്റെ നീറുന്ന വേദന വായനക്കാരിൽ ബാക്കിയാക്കുന്ന നാർക്കുളന്റെയും ബാലചന്ദ്രന്റെയും സങ്കടങ്ങൾ. സമൃദ്ധമായ കാസറകോടൻ ഉരിയാട്ടങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ കഥ.
കാഞ്ഞിര മരങ്ങളുടെയും കാരമുള്ളിന്റെയും നാടാണ് കാസറകോഡ്. എന്നും പിന്നിലായിപ്പോകുന്ന ജീവിതങ്ങൾക്ക് പ്രഹരമാകുന്ന വൈറസ് കാലം. ജാതിയും മതവുമില്ലാത്ത വൈറസ്. വർത്തമാന അവസ്ഥകളിൽ അനാഥരാകുന്ന മനുഷ്യരുടെ സങ്കടക്കടലിന്റെ ഓളം ഈ കഥയിൽ കാണാം.