മലയാളനാട് കോലായയിലെ തിരഞ്ഞെടുപ്പ് ചർച്ചയിലേക്ക് സ്വാഗതം. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമിരുന്ന് മലയാളനാട് എഡിറ്റ് ബോർഡ് അംഗങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്നു
പി എൽ ലതിക :തിരഞ്ഞെടുപ്പ് അടുക്കും തോറും പുറത്തെപ്പോലെ ഉള്ളിലും അസ്വസ്ഥത വളരുകയാണ്. ആദ്യമായി തിരഞ്ഞെടുപ്പിൽ ആര് ജയിക്കണമെന്നതിലുപരി ആരു ജയിക്കരുതെന്ന വിചാരങ്ങൾ മേൽക്കൈ നേടിയിരിക്കുന്നു. അത് തീർച്ചയായും രാഷ്ട്രീയ കക്ഷികളെയും, മുന്നണികളെയും സംബന്ധിച്ചുള്ളതാണ്. എങ്കിലും അതിലും മേലെ അത് രാജ്യത്തെ പ്രതിയുള്ള, വേവലാതിയാണ്. ഇന്ത്യ എന്ന രാജ്യം എങ്ങനെ വീണ്ടെടുക്കാം എന്ന പൗരാഭിലാഷം.
മേതിലാജ് എം എ: ഇന്ത്യ എന്ന രാജ്യത്തിൻറെ ഭാവി തന്നെ മാറ്റി മറിച്ചേക്കാവുന്ന ഒരു തെരഞ്ഞെടുപ്പ് ആയിട്ടുപോലും ജനം അത് എത്ര ഗൗരവത്തോടെ എടുത്തിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമുണ്ട്. സോഷ്യൽ മീഡിയയിലും മറ്റും ഇപ്പോഴും പ്രധാന ചർച്ചാ വിഷയം മഞ്ഞുമ്മൽ ബോയ്സും പ്രെമലുവും ആണ്.
സതീശൻ പുതുമന :കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം സന്ദർഭത്തിന്റെ ഗൗരവം അറിഞ്ഞിട്ടും, ഇത്രയും സമയം കിട്ടിയിട്ടും, ഫലപ്രദമായേയ്ക്കാവുന്ന ഒരു കൂട്ടായ്മ രൂപീകരിച്ചെടുക്കാൻ ആവാതെ പോയ പ്രതിപക്ഷകക്ഷികൾ നിരാശപ്പെടുത്തി എന്ന സത്യവും തിരിച്ചറിയണം.
സുരേഷ് നെല്ലിക്കോട്: ഇലക്ടറൽ ബോണ്ട് പോലെയുള്ള വിഷയങ്ങൾ ഉത്തരേന്ത്യയിലെ സാധാരണക്കാർക്ക് മനസ്സിലാകാത്ത വിഷയങ്ങളാണ്. പല നിലകളിലുള്ള സർക്കാർ അഴിമതിയും ചുവപ്പുനാടകളും അവർക്കൊക്കെ ഒരു ശീലമായിരിക്കുന്നതിനാൽ അതിനപ്പുറമുള്ള സാധ്യതകളൊക്കെ അപ്രാപ്യമെന്നുതന്നെയാണ് അവർ കരുതുന്നത്. അതിനാൽ, അധികാരികൾ അവർക്ക് അനായാസം ദഹിക്കുന്ന ഹിന്ദുത്വ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. അധികാരികളും കൂട്ടുകാരും ചെയ്യുന്ന ദ്രോഹങ്ങളെ മറയ്ക്കുകയും ചോദ്യം ചെയ്യുന്ന പ്രതിപക്ഷത്തെ ഏതെങ്കിലും വിധത്തിൽ കുടുക്കിയിടുകയും ചെയ്യുന്ന ഒരു രീതിയാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അടുത്തു വരുന്ന അഞ്ചുവർഷം ഇന്ത്യയ്ക്ക് നിർണ്ണായകമാണ്.
കെ വി തോമസ് :ഈ വരുന്ന പൊതു തെരഞ്ഞെടുപ്പ് എന്തും കൊണ്ടും എല്ലാം കൊണ്ടും വളരെ crucial ആണ് . ഇന്ത്യൻ മീഡിയ – പ്രിന്റ്, ഡിജിറ്റൽ, സോഷ്യൽ, അങ്ങിനെ എല്ലാം – ഒരേ സ്വരത്തിൽ ഭരണപക്ഷത്തിന് വേണ്ടി മാത്രം അച്ചു നിരത്തുന്ന കാഴ്ച. ഇതിൽ നിന്ന് തന്നെ ഭരണപക്ഷം എത്ര കണ്ടു സാധാരണ ജനങ്ങളെ ഭയപ്പെടുന്നു എന്ന് മനസ്സിലാക്കാം. വടക്കേ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ കുറെ ഏറെ ഭരണപക്ഷവിരുദ്ധ പ്രചാരണങ്ങൾ നടക്കുന്നുണ്ട് എങ്കിലും അതൊക്കെയും പൊതുവായ ഒരു പ്ലാറ്റ്ഫോമിൽ എത്താതിരിക്കുവാൻ ഭരണപക്ഷം ശ്രമിക്കുന്നുണ്ട്. കേരളത്തിൽ നോക്കൂ – ഒരു തരത്തിലും ഒരു ശക്തി പോലും അല്ലാത്ത ബി ജെ പി യെ കടലാസിൽ വൻ ശക്തിയാക്കി മാറ്റുകയാണ് മീഡിയ ചെയ്യുന്ന ധർമം. സുരേഷ് പറഞ്ഞ പോലെ ഇലക്ട്റൽ ബോണ്ട് ഒന്നും വടക്കേ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന തരiiത്തിൽ ആരും പറഞ്ഞു കൊടുത്തിട്ടില്ല എന്ന് തോന്നുന്നു. തെക്കേ ഇന്ത്യ ഇന്നും ഒരു ബ്ലോക്ക് ആയി നിൽക്കുന്നതാണ് ആകെ ഉള്ള ഒരു പ്രതീക്ഷ. ഭരണപക്ഷം സർവവിധ ആയുധങ്ങളും – കേന്ദ്ര സർക്കാർ ഏജൻസികൾ – എടുത്തു പ്രതിപക്ഷത്തെ നേരിടുമ്പോൾ എനിക്ക് തോന്നുന്നത് ഒരു ഭയം അവരെ ഗ്രീസിച്ചിട്ടില്ലേ എന്നതാണ്. വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയിലും സംശയം വരുന്നുണ്ട്.
ജെയിംസ് വർഗീസ് :ഇന്ത്യയുടെ ജനാധിപത്യ സ്വഭാവം മാറിക്കൊ ണ്ടിരിക്കുകയാണ്. ജനാധിപത്യ മൂല്യങ്ങൾ എല്ലാം തച്ചുടക്കപ്പെട്ടു കഴിഞ്ഞു. മതേതരത്വത്തിൻ്റെ ശവക്കല്ലറ തോണ്ടുകയാണ് ബിജെപി സർക്കാർ. മാധ്യമങ്ങളെയും നീതി ന്യായ വ്യവസ്ഥയേയും വരുതിയിലാക്കി. ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ ഇന്ത്യയെയും ഇന്ത്യക്കാരെയും അപഹസിക്കുന്നു. ഇൻസ്റ്റിട്യൂഷനുകൾ എല്ലാം പ്രതിപക്ഷനിരയെ പിച്ചിച്ചീന്താൻ ഉപയോഗിക്കുന്നു. ഇതിൽ നിന്നൊരു മോചനം ആവണം ഈ തെരഞ്ഞെടുപ്പ്. ഇതൊരു അവസാന സാധ്യത ആയേക്കും.
ശിവാനന്ദൻ എ സുജാത :ഒരുതരം നിസ്സംഗതയോടെയാണ് ജനാധിപത്യ വിശ്വാസികൾ ഈ വരുന്ന പൊതു തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
ഈ വരുന്ന തെരഞ്ഞെടുപ്പിലും എൻ ഡി എ സഖ്യം വിജയിക്കുകയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുകയും പടിപടിയായി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്യും എന്ന ആശങ്കയിൽ നിന്ന് ഉയർന്നുവരുന്നതാണ് ഈ നിസ്സംഗത!
കെ വി തോമസ് :അങ്ങിനെ ഒരു നിസ്സംഗത ഉള്ളതായി എനിക്ക് തോന്നുന്നില്ല. നേരത്തെ പറഞ്ഞ പോലെ മീഡിയയുടെ റോൾ ആണ് ഈ നിസ്സംഗത സൃഷ്ടിക്കുന്നത് എന്ന് തോന്നുന്നു.
അധികാരത്തിന്റെ എല്ലാ ഉപകരണങ്ങളേയും പ്രതിപക്ഷത്തിനെ നിശബ്ദരാക്കാൻ ഇത്രത്തോളം ഉപയോഗിക്കുന്നത് ആദ്യമായാണ് കാണുന്നത്. അതിനെതിരെയുള്ള ഒരു പൊതു വികാരം രൂപപ്പെട്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.
ലൈല കല്ലാരം :
കഴിഞ്ഞാഴ്ചയാണ് മുംബൈയിൽ നിന്ന് വന്നത്. അവിടങ്ങളിൽ ഒന്നും ഇലക്ഷൻ്റെ ഒരു പ്രചാരണവുമില്ല. അമ്പലങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി കൊടികൾ അങ്ങിങ്ങ് കാണാമെന്നല്ലാതെ, കോൺഗ്രസ്സിൻ്റെ ഒരു കൊടിപോലും കണ്ടില്ല. ഇലക്ട്രൽ ബോണ്ട് പോയിട്ട് തൊഴിലില്ലായ്മ പോലും ജനങ്ങളിലേക്കെത്തിക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞിട്ടില്ല. അവിടങ്ങളിലൊന്നും BJP യ്ക്ക് ഒരു പണിയും ചെയ്യേണ്ടതില്ല. ദൈവം, പശു എന്ന് പറഞ്ഞ് ഇലക്ഷൻ്റെ തലേന്ന് കുറച്ച് പണമിറക്കിയാൽ മാത്രം മതി. കേരളത്തിലെ അമിതാവേശവും ബഹളങ്ങളും കണ്ട് ചാനലുകളിലിരുന്ന് മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും ഇന്ത്യയെ വിലയിരുത്തുന്നത് കണ്ട് സഹതാപം തോന്നാറുണ്ട്.
എൻ്റെ അഭിപ്രായത്തിൽ ബി ജെ പി ഇനിയും അധികാരത്തിൽ വരും.പ്രതിപക്ഷം അടിത്തട്ടിൽ നിന്ന് അദ്ധ്വാനിച്ച് പണിയെടുത്തില്ലെങ്കിൽ ഒന്നുംനടക്കില്ല. എനിക്ക് ഭയങ്കര അത്ഭുതം തോന്നി. നാട് ഒരു ഇലക്ഷൻ്റെ അടുത്തെത്തി എന്നൊന്നും ഒരു ലക്ഷണവും കാണിക്കാത്ത മനുഷ്യർ! ഒരു തരത്തിലുള്ള പ്രചാരണത്തിൻ്റെ അംശങ്ങളും കാണാൻ കഴിഞ്ഞില്ല. ഇതുപോലുള്ള ജനങ്ങൾ ഉള്ളിടത്തു ബി ജെ പി തഴച്ചു വളരും.
തങ്ങൾക്ക് തൊഴിലും ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങളും സർക്കാർ ആണ് ചെയ്യേണ്ടതെന്ന് പോലും അറിയാതെ അതെല്ലാം ദൈവങ്ങളാണ് തരേണ്ടതെന്ന് കരുതുന്ന മനുഷ്യർ…
കർണ്ണാടക പോലെ ചിന്തിക്കാൻ യു പി ക്കും മഹാരാഷ്ട്രയ്ക്കും ഒക്കെ കഴിയുമോ എന്ന് സംശയമാണ്.
കെ. വി തോമസ് : പണവും ഒരു ഘടകമാണ്. ബിജെപി യുടെ കയ്യിൽ ധാരാളം പണമുണ്ട്. മറ്റു പാർട്ടികളുടെ ധനസ്രോതസ്സ് മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു.
മേതിലാജ് എം എ : പ്രതിപക്ഷം പിന്തുടരുന്നത് ഭരണപക്ഷത്തിന്റെ അതേ തന്ത്രങ്ങളാണ്, ഭരണത്തിലെത്താൻ കഴിയാത്തതിനാൽ മാത്രം പ്രതിപക്ഷം എന്നു വിളിക്കപ്പെടുന്നവർ ആണവർ, അല്ലാതെ ആശയപരമായി, നയപരമായി പ്രതിപക്ഷമല്ല ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളും.ഭരണപക്ഷമാകട്ടെ ആരൊക്കെ മട്ടൻ കറി കഴിച്ചു എന്നന്വേഷിക്കുന്ന ഗതികേടിലും. ഗോമാതാവിനു ശേഷം ഇപ്പോൾ കുഞ്ഞാടുകളുടെ പിറകെയാണ് അവർ
സുരേഷ് നെല്ലിക്കോട് :
പുതിയ പുതിയ ഗാരന്റികൾ തിരഞ്ഞെടുപ്പുകാലത്തു പൊട്ടിവീഴുമ്പോൾ കൈയടിക്കുന്നതിനു മുമ്പ് പഴയ ഗാരന്റികൾ പാലിക്കപ്പെട്ടോ എന്ന് അന്വേഷിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും സമ്മതിദായകർ കാണിക്കുമെന്ന് കരുതുന്നു.
സതീശൻ പുതുമന :രാജ്യത്തെ പുത്തൻ അന്തരീക്ഷം കണക്കിലെടുത്ത്, കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം, പൊതുതാത്പര്യം മാത്രം മുൻനിർത്തി (പൊതുമിനിമംധാരണ എന്ന കാട്ടിക്കൂട്ടലല്ല ) ശക്തമായ ഒരു മുന്നണി കെട്ടിപ്പടുക്കാൻ പ്രതിപക്ഷകക്ഷികൾ സമയവും സൗകര്യവും കണ്ടെത്തേണ്ടിയിരുന്നു. സ്വന്തം തെറ്റുകൾക്കും കുറ്റങ്ങൾക്കും നേരെ കണ്ണടച്ചോ അവയ്ക്ക് അവിശ്വസനീയ ന്യായീകരണങ്ങൾ കണ്ടെത്തിയോ മറ്റു കക്ഷികളുടെ പോക്ക് ശരിയല്ലെന്ന് സമർത്ഥിച്ചോ എതിരാളികളെ ട്രോളിയോ എത്ര ഊർജ്ജമാണ് ഓരോ കക്ഷിയും ഓരോ ദിവസവും പാഴാക്കിക്കളയുന്നത്!
ഭരണവിരുദ്ധവികാരം പോലെ പ്രതിപക്ഷവിരുദ്ധവികാരം എന്നൊന്നുണ്ടായിരുന്നെങ്കിൽ അതെങ്ങനെയായിരിക്കും തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചിരിക്കുക എന്ന് സങ്കൽപ്പിക്കാനാവുന്നില്ല.
പി എൽ ലതിക :കാലേക്കൂട്ടി മാധ്യമങ്ങളെ മെരുക്കിയും വിലക്കെടുത്തും തങ്ങ ൾക്കെതിരെ വിവിധ കോണുകളിൽ നീന്നുയരുന്ന ജനകീയ പ്രതിരോധങ്ങളെ മറച്ചു വെക്കാനും വ്യാപിക്കാതെ അതതു കേന്ദ്രങ്ങളിൽ ഒതുക്കുവാനും കേന്ദ്രസർക്കാരിനും ബിജെപി ക്കും കഴിഞ്ഞു. ബോണ്ട് കുംഭകോണം അതിൽ പെട്ടെന്ന് ഒരു മാറ്റം വരുത്തി. ഇപ്പോൾ മോദിക്കും സർക്കാരിനും എതിരെ വിമർശനങ്ങൾ ഉയർത്തുന്ന വീഡിയോകൾ, അഭിമുഖങ്ങൾ, ചർച്ചകൾ എന്നിവ ധാരാളം പുറത്തു വരുന്നു പി എം ഉം അനുയായികളും കൊട്ടി ഘോഷിക്കുന്ന പല സാമ്പത്തിക പദ്ധതികളും യു പി എ നടപ്പിൽ വരുത്തിയവയുടെ പേര് മാറ്റിയത് മാത്രമാണെന്നും, നേടിയെന്നു അവകാശപ്പെടുന്ന സാമ്പത്തിക മുന്നേറ്റം ഊതിവീർപ്പിച്ച ബലൂണുകൾ മാത്രമാണെന്നും രാജ്യം സാമ്പത്തിക, സാമൂഹ്യ, ആരോഗ്യ, മേഖലകളിൽ അധോഗതിയിലാണെന്നും പല കോണുകളിൽ നിന്നും മുറവിളി ഉയരുന്നു പ്രധാനമന്ത്രി ഏറ്റെടുത്തു നടപ്പാക്കുന്ന ഹിന്ദു ക്ഷേത്ര നിർമ്മിതികളും ചടങ്ങുകളിൽ നേരിട്ടു പൗരോഹിത്യ വേഷമാടുന്നതും രാജ്യത്തെ ലോക ദൃഷ്ടിയിൽ പരിഹാസ്യമാക്കുന്നു എന്ന് വിശ്വാസികൾ പോലും നീരസപ്പെടുന്നു.
അപ്പോൾ ഭരണ വിരുദ്ധ വികാരം ശക്തമാണ്, രാജ്യവ്യാപകമാണ്. അത് വോട്ടിൽ പ്രതിഫലിക്കണം.ഇപ്പോൾ അരങ്ങു വാഴുന്ന ഹിന്ദുത്വ അജണ്ടകൾ ബിജെപി ഭരണം അവസാനിക്കുന്നതോടെ ദുർബ്ബലപ്പെടും.
കെ വി തോമസ് :അതാണ് ഞാനും പറഞ്ഞത്. ബാബ്റി മസ്ജിദ് തകർത്തിടത്തു അമ്പലം പണിതപ്പോൾ ഉണ്ടായ ഹിന്ദു ഉണർവ് കർഷക സമരത്തിൽ ഒലിച്ചു പോയി..
മുരളീ മീങ്ങോത്ത് : അതെ.രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രചരണത്തിൽ അങ്ങനെ വന്നു കാണുന്നില്ല
ജെയിംസ് വർഗീസ് : രാജ്യത്തിൻ്റെ പ്രധാനമന്ത്രി ഒരു വർഗീയ വാദിയൂടെ രീതിയിൽ ഒരു മതവാദിയായി വോട്ടു പിടിക്കുന്നത് ഏറ്റവും നികൃഷ്ടമായ പ്രവൃത്തിയാണ്. ദൈവത്തിൻ്റെ പേരിലാകരുത്, മറിച്ച് ജനത്തിൻ്റെ മതേതരത്വത്തിൻ്റെ പേരിലാകണം, അതായത് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പ്രവർത്തനങ്ങൾ നടത്തി യാകണം വോട്ട് ചോദിക്കേണ്ടത്.
മുരളീ മീങ്ങോത്ത്:കർണ്ണാടകയിൽ കോൺഗ്രസിന് വലിയ സാദ്ധ്യതകൾ സർവ്വേയിൽ കാണുന്നില്ല എന്നത് ആശങ്ക ഉണ്ടാക്കുന്നു.
ജെയിംസ് വര്ഗീസ് :മാധ്യമങ്ങളിലും സർവേകളിലും സത്യം ഒളിഞ്ഞു പോലും ഇരിക്കുന്നില്ല. മാധ്യമങ്ങളെ വാങ്ങി വരുതിയിൽ നിർത്താൻ ആണ് അവർ ആദ്യം ശ്രമിച്ചത്. കൂടെ നിൽക്കാത്തവരെ റെയ്ഡുകൾ നടത്തി കൂടെ നിർത്തി. മനോരമ, മാതൃഭൂമി പോലുളള മാധ്യമങ്ങൾ പോലും ഭയത്തിൻ്റെ മുൾമുനയിൽ ആണ് എന്ന് അവരുടെ വാർത്തകൾ സൂചിപ്പിക്കുന്നു.
കെ. വി. തോമസ് : സർവേകൾ .. അതൊക്കെ ഒരു തരം തട്ടിക്കൂട്ടാണ്.എന്നിരുന്നാലും കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടണം എന്ന് പോലും അറിയാതെ നിൽപ്പാണ് എന്നത് വാസ്തവമാണ്. കാടിളക്കി പ്രചാരണം നടത്തേണ്ടവർ.
സുരേഷ് നെല്ലിക്കോട് :മാധ്യമങ്ങൾക്ക് ജനങ്ങളോടുള്ളതിനേക്കാൾ കൂറ് പരസ്യദാതാക്കളോടാണ് എന്നതുപോലെതന്നെയാണ് ഭരണാധികാരികൾ ജനങ്ങളെ വിട്ട് കോർപ്പറേറ്റുകളോടടുക്കുന്നതും. ജനങ്ങളോട് കൂറില്ലെന്നുള്ളതിന്റെ തെളിവാണ് കരുവന്നൂർ പോലെയുള്ള തട്ടിപ്പുകളും എക്സാലോജിക്- മാസപ്പടി പോലെയുള്ള അഴിമതികളും അത് പരിഹരിക്കപ്പെടാതെ ഇഴഞ്ഞുനീങ്ങുന്നതും.ഈ തിരഞ്ഞെടുപ്പു കഴിയുന്നത്തോടെ നമുക്കറിയാൻ കഴിയും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണോ അതോ ഏകാധിപത്യത്തിലേയ്ക്കുള്ള വഴിയിലാണോ എന്നുള്ളത്.
മേതിലാജ് എം എ :ഇലക്ട്രറൽ ബോണ്ട് ഒക്കെ പ്രധാന പ്രചാരണ ആയുധമാക്കുന്നത് പണ്ട് പ്രകാശ് കാരാട്ട് അമേരിക്കൻ ന്യുക്ലിയർ കരാർ ഉയർത്തി യു പി എ ക്കുള്ള പിന്തുണ പിൻവലിച്ചു തെരഞ്ഞെടുപ്പിന് പോയത് പോലെ ഉണ്ടയില്ലാത്ത വെടി ആവുകയേ ഉളളൂ, ജനങ്ങൾക്ക് മനസ്സിലാവില്ല അതൊന്നും. നോക്കൂ എല്ലാ മനുഷ്യ വിഭവ- ആരോഗ്യ- ജനാധിപത്യ സൂചികകളിലും രാജ്യം പിന്നോട്ട് പോകുമ്പോഴും മോഡിയുടെ ഗ്യാരണ്ടി എന്നു പറഞ്ഞു അവർക്കു പ്രചാരണം നടത്താൻ കഴിയുന്നു എന്നത് തന്നെ താഴെത്തട്ടിലേക്ക് പ്രതിപക്ഷ ശബ്ദം എത്തുന്നില്ലെന്നതിന്റെ കൃത്യമായ സൂചനയാണ്. പണ്ട് വാജ്പേയി രാജ്യം തിളങ്ങുന്നു എന്ന പ്രചാരണം നടത്തി മധ്യ വർഗ്ഗത്തിന്റെ കണ്ണിൽ പൊടിയിട്ടപ്പോൾ അത് പൊളിഞ്ഞു പോകാൻ കാരണം അന്ന് പ്രതിപക്ഷ കക്ഷികൾക്ക് കോടിക്കണക്കിനു വരുന്ന ദരിദ്ര ജന വിഭാഗങ്ങളുടെ ഇടയിൽ സ്വാധീനമുണ്ടായിരുന്നു എന്നതാണ്. അങ്ങിനെയൊരു സ്വാധീനം ഇന്ന് കേരളത്തിൽ ഇടതു പക്ഷത്തിനും തെക്കേ ഇന്ത്യയിൽ പൊതുവെ ചില പ്രതിപക്ഷ കക്ഷികൾക്കും മാത്രമേ ഉള്ളൂ. രാഹുൽ ഗാന്ധി ഇന്ത്യ മുഴുവൻ നടന്നെങ്കിലും അത് രാഹുലിന്റെ വ്യക്തിപരമായ ഇമേജ് മെച്ചപ്പെടുത്താനേ ഉപയോഗപ്പെട്ടിട്ടുള്ളൂ, അടിസ്ഥാന വിഭാഗത്തിൽ ഒരു രാഷ്ട്രീയ സന്ദേശം നല്കാൻ, ജീവൽ പ്രശ്നങ്ങൾ ഉയർത്താൻ, വിലക്കയറ്റവും തൊഴിലില്ലായ്മയും മറ്റും ചർച്ചയാക്കാൻ അതിനു കഴിഞ്ഞില്ല
കെ വി തോമസ് :രാഹുൽ ഗാന്ധി ഹിറ്റ് ആൻഡ് റൺ പോളിസി പോലെ ആണ്. ഒരു ഇഷ്യൂ എടുത്തു കൊണ്ട് വന്നാലും പിന്നെ അതിന്റെ പിന്നാലെ പോകുന്നില്ല. ഇപ്പോൾ കേരളത്തിൽ സ്ഥാനാർഥി ആയി നിൽക്കുന്നതും വേറെ ഒരു ഇമേജ് തന്നെ ആണ് സൃഷ്ടിക്കുന്നത്. ആക്രമിക്കാനോ പ്രതിരോധിക്കാനോ സാധിക്കാതെ ഇങ്ങനെ പോകുന്നു.. ഒരൊഴുക്കിൽ. അധികാരത്തിന്റെ കാര്യത്തിൽ പാർട്ടി ചെറിയ നീക്കുപോക്കുകൾ നടത്തിയിരുന്നെങ്കിൽ പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ശക്തമായി തന്നെ നിന്നേനെ. മദ്ധ്യപ്രദേശ് ഉദാഹരണം – കൈയിൽ ഉള്ളതും കളഞ്ഞു കളിച്ചു.
ജെയിംസ് വർഗീസ് : തിരുവനന്തപുരം മണ്ഡലത്തിൽ ബർക്ക ദത്തയുടെ ധാബ ചർച്ചയിൽ തീരുവനന്തപുരത്തെ ചെറുപ്പക്കാർ പോലും അവരോട് വളരെ നിസംഗമായി രാഷ്ടീയം പറയുന്നത് കേട്ടു. ചെറുപ്പക്കാരിൽ പലരും അരാഷ്ട്രീയ വാദികൾ ആയിരുന്നു. പ്രായമായവരിൽ ചിലരൊക്കെ മോഡിയെ ദൈവം ആണ് എന്ന് പറയുന്നത് കേട്ടു . തൃശൂരിൽ സുരേഷ് ഗോപിയെ പോലും ദൈവം എന്നു പറയുന്ന സ്ത്രീകളെ കണ്ടു. സാക്ഷര കേരളത്തിൽ ഇതാണ് സ്ഥിതി എങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി എന്താവും?
വടക്കേ ഇന്ത്യയിൽ രാമനും ദൈവവും പശുവും അമ്പലവും കഴിഞ്ഞു അതിനപ്പുറം പട്ടിണിയോ തൊഴിലില്ലായ്മയോ വിലക്കയറ്റമോ പാവപ്പെട്ടവർക്ക് ഒരു പ്രശ്നമായി തോന്നുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് അവർക്ക് കിട്ടുന്ന പണവും മദ്യവും നുണകളും മാത്രം മതി അവർക്കു ബിജെപിക്കു വോട്ടു കുത്തുവാൻ. കേരളത്തിൽ പോലും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ തിരിച്ചറിയുന്നവർ കുറഞ്ഞു വരുന്നു എന്നു സംശയിക്കണം, ബിജെപിക്ക് പിന്തുണ കൂടുന്നത് കാണുമ്പോൾ.
മേതിലാജ് എം എ : നമ്മൾ കാണേണ്ട മറ്റൊരു പ്രധാന പ്രശ്നം സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾ കഴിഞ്ഞിട്ടും രാജ്യത്തെ ബഹു ഭൂരിഭാഗം ജനങ്ങൾക്കും രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ്. ബോധ പൂർവ്വമായ നുണ പ്രചാരണത്തിലൂടെ ഒരു രാഷ്ട്രീയ കക്ഷിക്ക് നിരന്തരം അധികാരത്തിൽ വരാൻ കഴിയുമെന്നതും അധികാരം നുണപ്രചാരണങ്ങളിലൂടെ നിലനിർത്താൻ കഴിയുമെന്നതും അതാണ് ചൂണ്ടിക്കാട്ടുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങിയവയെ പോലും നുണപ്രചാരണങ്ങൾ കൊണ്ട് അതി ജീവിക്കാമെന്നത്, വിശക്കുന്ന മനുഷ്യനോട് ദൈവത്തെ കുറിച്ചും മതത്തെ കുറിച്ചും മിഥ്യാഭിമാനങ്ങളെ കുറിച്ചും ഓക്കെ പറഞ്ഞു അവയെ വിശപ്പിനു മുകളിൽ പ്രതിഷ്ഠിക്കാൻ കഴിയുമെന്നത് അങ്ങേയറ്റം നിരാശാജനകമായ സാഹചര്യമാണ്. ദരിദ്ര- സമ്പന്ന ഭേദമില്ലാതെ ഭൂരിഭാഗം മനുഷ്യരും തങ്ങളുടെ ഗോത്ര- സമുദായ- മത ബോധങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഇനിയും ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹമാണ് നമ്മുടേത്
പുതിയ തലമുറ – പ്രത്യേകിച്ച് ജെൻ സീ തികഞ്ഞ അരാഷ്ട്രീയ കാഴ്ചപ്പാടുകൾ വെച്ചു പുലർത്തുന്നവരാണ്. അവരോട് സംവദിക്കാനുള്ള ഭാഷ പോലും രാഷ്ട്രീയ കക്ഷികൾ ഇനിയും കണ്ടെത്തിയിട്ടില്ലെന്നുള്ളതാണ് സത്യം.70 കളിലെ അതേ രാഷ്ട്രീയഭാഷ ആണ് ഏതാണ്ടെല്ലാ രാഷ്ട്രീയകക്ഷികളും ഇപ്പോഴും ഉപയോഗിക്കുന്നത്.
സുരേഷ് നെല്ലിക്കോട് : ഇക്കാര്യം മാത്രമായി നാം വീണ്ടും ചർച്ച ചെയ്യേണ്ടതാണ്. കാലം മാറുന്നത് അങ്ങനെയാണല്ലോ. അവരുടേത് അരാഷ്ട്രീയത എന്ന് പറയാമോ എന്നെനിക്കറിയില്ല. ഒരു പക്ഷേ, കക്ഷിരാഷ്ട്രീയത്തിൽ ഒതുങ്ങാതെ നിൽക്കുന്നവർക്കും രാഷ്ട്രീയമുണ്ടാവുമല്ലോ!
സതീശൻ പുതുമന :സുരേഷ് പറഞ്ഞ ആ ‘കക്ഷിരാഷ്ട്രീയത്തിൽ ഒതുങ്ങാതെ’യുള്ള രാഷ്ട്രീയബോധമാണ് നേരിൽ സംസാരിക്കുമ്പോൾ പലപ്പോഴും ചെറുപ്പക്കാരിൽ കണ്ടിട്ടുള്ളത്.
സുരേഷ് നെല്ലിക്കോട് :പാർട്ടി അച്ചടക്കം എന്ന അടിമത്തത്തിന്റെ ഒരു വാൾ തലയ്ക്കു മേൽ തൂങ്ങുന്നത് Gen Z കൾക്കെന്നല്ല സ്വതന്ത്രമായി ചിന്തിക്കുന്ന ആർക്കും ഇഷ്ടമല്ല. നല്ലത് ആരു ചെയ്താലും നല്ലതെന്നും ആർക്കു തെറ്റിയെന്നും അവർ പറയും. അതും രാഷ്ട്രീയമാണ്.
മേതിലാജ് എം എ:ഈ ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിൽ രസകരമായി കണ്ടിരിക്കാൻ കഴിയുന്ന ഒരുപാട് തമാശകളുമുണ്ട്.രാജ്യത്തെ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും മോദിയുടെ ബിജെപിക്ക് എതിരേ നേർക്ക് നേർ മത്സരിക്കുന്നത് രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സ് ആണ് . കേരളത്തിലാകട്ടെ കടുത്ത ഫാസിസ്റ്റു വിരുദ്ധരായ ഇടതു മുന്നണി രാഹുൽ ഗാന്ധിക്കെതിരെ കടുത്ത പോരാട്ടത്തിലാണ്. സകല രാഷ്ട്രീയ മര്യാദകളും മറന്നുള്ള, ചെളി വാരിയെറിഞ്ഞുള്ള പോരാട്ടം. ബംഗാളിലാകട്ടെ പ്രമുഖ ഫാസിസ്റ്റു വിരുദ്ധ പോരാളി മമത കോൺഗ്രസ്സിനും സിപിഎമ്മിനുമെതിരെ ബിജെപിയോടുള്ള അതേ സമദൂരം പ്രഖ്യാപിച്ചുള്ള യുദ്ധത്തിലാണ്. ചില മതേതര ജനതാ ദളുകാർ NDA മുന്നണിയിലും ഇന്ത്യാ മുന്നണിയിലും ഒരുപോലെ സജീവമാണ്, ചില NCP കളും. ഇത്രകാലം മതവർഗ്ഗീയവാദികൾ ആയിരുന്ന ശിവസേനയുടെ ഒരു ഭാഗം മാമോദീസ മുങ്ങി ഇന്ത്യാ സഖ്യത്തിലെ മതേതരഫാസിസ്റ്റുവിരുദ്ധർ ആയെങ്കിൽ അവരിലെ തന്നെ മറ്റൊരു വിഭാഗം പിളർന്ന് പിന്നേയും വലതു ഫാസിസ്റ്റുകൾ തന്നെയായി. അറിയപ്പെടുന്ന പഴയ പല സോഷ്യലിസ്റ് തല തൊട്ടപ്പന്മാരും ഇപ്പോൾ വലതു തീവ്ര മുന്നണിയിലാണ്. ആദിവാസി സംഘടനകളും. sdpi പോലുള്ള ന്യുനപക്ഷ വർഗ്ഗീയ വാദികൾ കോൺഗ്രസ്സിന്റെ പക്ഷത്തുമുണ്ട്. മൊത്തത്തിൽ നോക്കിയാൽ ഇന്ത്യൻ രാഷ്ട്രീയം ഇന്നെത്തി ചേർന്നിരിക്കുന്ന നിലപാടില്ലായ്മ, അധികാരമോഹം എന്നിവ വളരെ വ്യക്തമാണ്. എന്ത് കൊണ്ട് പുതുതലമുറ അരാഷ്ട്രീയ വാദികൾ ആകുന്നു എന്നും എന്തുകൊണ്ട് പൊതുവെ വോട്ടിങ് ശതമാനം കുറയുന്നു എന്നും എന്ത് കൊണ്ട് നോട്ടയുടെ എണ്ണം കൂടുന്നു എന്നുമൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരമുണ്ടതിൽ.
ജെയിംസ് വർഗീസ് :പുതിയ തലമുറ എന്തു കണ്ടിട്ടാണ് ഇന്ത്യയുടെ രാഷ്ട്രീയ പാർട്ടികളിൽ അംഗം ആകേണ്ടത്. ഒരു പാർട്ടിയിലും ആദർശത്തിൻ്റെ കണിക പോലുമില്ല, നേതാക്കൾ കള്ളങ്ങൾ മാത്രം വിളിച്ചു പറയുന്നു. എല്ലാവരും അധികാരത്തിൻ്റെ പിന്നാലെ പരക്കം പായുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനോ, നീതി പീഠങ്ങൾക്കോ മാധ്യമങ്ങൾക്കോ പോലും വിശ്വാസ്യത ഇല്ല. നേതാക്കൾക്ക് വിശ്വാസ്യത ഒട്ടുമേ ഇല്ല. ഇതെല്ലാം കണ്ടാണ് പുതു തലമുറ വളരുന്നത്. ബദൽ എന്ന പേരിൽ വന്ന ആപ്പ് പോലും വിശ്വാസ്യത കളഞ്ഞു കുളിച്ചു. അഴിമതിയും അഹങ്കാരവും അധികാര ദുർവിനിയോഗവും ആണു ഭരണത്തിൻ്റെ മുഖ മുദ്ര.
പി എൽ. ലതിക :നിലവിലുള്ള കക്ഷികൾക്ക് രാഷ്ട്രീയ നൈതികത ഇല്ല എന്നത് ശരിയാണെങ്കിലും പുതു തലമുറ അതുകൊണ്ടാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്ന് പറയാൻ പറ്റില്ല.വിദ്യാഭ്യാസകാലത്തു മത്സരപരീക്ഷകളുടെ സമ്മർദ്ദത്തിലാണ് അവരിലെ മദ്ധ്യ ഉപരി വർഗ്ഗവിഭാഗങ്ങൾ. അങ്ങനെയല്ലാത്തവർ കേഡർ രാഷ്ട്രീയത്തിൽ പെട്ടു പോകുന്നും ഉണ്ട്. നവതൊഴിൽ സാഹചര്യങ്ങൾ യുവാക്കളെ മുഴുവനായും engaged ആക്കുന്നു. രണ്ടാളുടെ ശമ്പളം കൊടുത്തു നാലാളുടെ പണി എടുപ്പിക്കുന്ന നവമുതലാളിത്തം അവർക്ക് മുൻതലമുറയിൽ നിന്നു ഏറെ ഭേദപ്പെട്ട വേതനവും ആനുകൂല്യങ്ങളും കൊടുത്തു ഒരു വിധത്തിലുള്ള sense of achievement നൽകുന്നതിൽ വിജയിച്ചിരിക്കുന്നു. ചെറുപ്രായത്തിൽ സാമ്പത്തിക സുരക്ഷിതത്വവും ജീവിത സൗകര്യങ്ങളും ആസ്വാദനങ്ങളും കൈവരിക്കാൻ കഴിഞ്ഞാൽ സ്വാഭാവികമാണത്. കക്ഷി രാഷ്ട്രീയത്തിന്റെ നട്ടെല്ലായ തൊഴിലാളി സംഘാടനവും പ്രവർത്തനവും അവർക്ക് അന്യമാണ്. ഇടയ്ക്കിടെ സ്ഥാപനങ്ങളും ജോലി സ്ഥലങ്ങളും മാറുന്ന പരിതസ് ഥിതിയിൽ ഒരു sense of belonging ന് ഇടമില്ല.രാജ്യത്തിന്റെ കാര്യത്തിലും അങ്ങനെ ആയിക്കൊണ്ടിരിക്കുന്നു. നാടിനേയും നാട്ടിലെ രാഷ്ട്രീയത്തിനേയും പുറത്തു നിന്നെന്നപോലെ കാണുകയാണവർ.ബോണ്ടുകളിൽ ചെറിയ ഭേദഗതി കൊണ്ട് നേരെയാക്കാവുന്ന ഒരു സാങ്കേതിക പ്രശ്നം മാത്രമേ അവർ കാണുന്നുള്ളൂ . കെജ്രിവാൾ അറസ്റ്റിലായി എന്നത് അവരെ അസ്വ സ്ഥരാക്കുന്നില്ല. കാരണം അവർ അതൊന്നും അത്ര കാര്യമായിരുടുക്കുന്നി ല്ല കുറ്റമല്ല. ഇത് ചലനാത്മകമായ ആഗോള വ്യവസ്ഥയുടെ സ്വഭാവ വിശേഷങ്ങളാണ്. അവരിൽ പെടാത്തവർക്ക് രാഷ്ട്രീയമുണ്ട്.ആക്റ്റീവിസം ഉണ്ട്. പക്ഷേ നല്ല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അഭാവത്തിൽ അവർ വിധേയരുടെ സംഘങ്ങളിൽ നിഷേധാത്മക പ്രവർത്തനങ്ങളിൽ മുഗ് ദ്ധ രായിരിക്കുന്നു.
ജെയിംസ് വർഗീസ് :അവർ കാര്യമായെടു ക്കുന്നില്ല എന്നു തോന്നുന്നില്ല, എൻ്റെ മക്കൾ അടക്കം അനേകം ന്യൂ ജെൻ കുട്ടികളോടും ഞാൻ സംസാരിക്കാറുണ്ട്. അവരൊക്കെയും നമ്മുടെ ജനാധി പത്യ സമ്പ്രദായത്തിൽ വന്നിരിക്കുന്ന മൂല്യച്യു തിയിൽ ആശങ്ക ഉള്ളവരാണ്. പക്ഷേ അവർ പരസ്യമായി പ്രകടിപ്പിക്കുന്നില്ല എന്നത് സത്യമാണ്. വിദേശത്ത് പഠിക്കുന്ന, ജീവിക്കുന്ന ബിജെപി അനുഭാവികളുടെ മക്കൾ പോലും അവരുടെ മാതാപിതാക്കളുടെ രാഷ്ട്രീയത്തിന് എതിരായാണ് സംസാരിക്കാറുള്ളത്. അവർ പരസ്യമായി പ്രതികരിക്കാത്തതിന്റെ കാരണങ്ങൾ ജോലിയുടെ തിരക്ക് , ജീവിതരീതി, ഇന്ത്യയിലേക്ക് തിരിച്ചു വരാനുള്ള സാധ്യത ഇല്ലാത്തത്, അല്ലെങ്കിൽ ആഗ്രഹം ഇല്ലാത്തത് ഒക്കെയാകാം. തങ്ങൾ പ്രതികരിച്ചത് കൊണ്ട് ഇവിടെ ഒരു മാറ്റവും ഉണ്ടാകില്ല എന്ന നിലപാടും കാരണമായേക്കാം
മുരളി മീങ്ങോത്ത് :സമീപ കാലത്ത് വലിയ രീതിയിൽ ആണ് സിലബസ് പരിഷ്കരണവും നടക്കുന്നത്. ചരിത്രം പോലും അറിയാതെ പോകും പുതു തലമുറ.
പി എൽ ലതിക : അതും അപകടകരമാണ്. കാരണം ഇന്ത്യയിൽ തുടർന്നും ജീവിക്കുമെന്ന് വിശ്വസിക്കുന്ന ബഹു ഭൂരിപക്ഷത്തിന് ധാരണകൾ പിഴച്ചുകൂടാ. വളർന്നു വരുന്ന തലമുറയ്ക്കും വിദ്യാർഥികൾക്കും.അവരിൽ നിന്നും, മുൻപത്തെ ഇന്ത്യയെ കണ്ടും അനുഭവിച്ചും ജീവിച്ച മുതിർന്ന വരുടെ സമൂഹത്തിൽ നിന്നും, നാളെ സ്വന്തം രാജ്യത്തിലേക്കു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളിൽ നിന്നുമാണ് ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കപ്പെടണം എന്ന ആവേശവും ആഗ്രഹവും ഉണ്ടാവേണ്ടത്. അവരിലേ പ്രതീക്ഷയർപ്പിക്കാൻ വഴിയുള്ളൂ. അതിന് അവർ മതേതരും, ശാസ്ത്രീയ വീക്ഷണമുള്ളവരും സ്വാതന്ത്ര്യവാദികളും ആയി വളരണം, തുടരണം. അവർ ഈ രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാൻ പ്രാപ്തരാവണം. ആ ലക്ഷ്യം നേടണമെങ്കിൽ, പ്രഖ്യാപിത മതാഭിമുഖ്യമുള്ള ഒരു കക്ഷിക്ക് ഭരണം ലഭിക്കാൻ പാടില്ല. കാരണം അവർ പൗരന്മാരെ മതാടിസ്ഥാനത്തിൽ വിവേചിക്കുന്നു.തങ്ങൾ മത രാഷ്ട്രവാദികൾ എന്ന് വാക്കിലും പ്രവൃ ത്തിയിലും ഊന്നിപറഞ്ഞു കൊണ്ട് വിഭാഗീയത വളർത്തുന്നു . വിദ്യാഭ്യാസത്തെ പഴമയിലേക്ക് നടത്തുക വഴി യാഥാസ്ഥിതീകതയെ പുന രാനയിക്കുന്നു.തൊഴിൽ അവസരങ്ങൾ സങ്കോചിപ്പിക്കുന്നു. വരുമാനവും അഭിമാനവും ഇല്ലാത്ത യുവജനങ്ങൾ കൂലിരാഷ്ട്രീയത്തിൽ ചെന്നടിയുന്നു.
അവർ തുടർന്നും ഭരണത്തിൽ വന്നാൽ ചെയ്തു കൂട്ടിയ ഇന്ത്യാവിരുദ്ധ നടപടികൾ തുടരും, പുതിയ ഇടങ്ങളിലേക്ക് വ്യാപിക്കും. ഇപ്പോൾ ചോദ്യം ചെയ്യുന്ന സ്ഥാപനങ്ങൾ പിന്നെയുണ്ടാവില്ലെന്നുറപ്പു വരുത്തും. ഫെഡറലിസം അസ്തമിച്ചു സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് ബോഡികൾ മാത്രമാവും. അങ്ങനെ സംഭവിക്കാതിരിക്കാൻ ആർക്ക് വോട്ടു ചെയ്യണമെന്നും ആർക്ക് ചെയ്യരുതെന്നും സ്വയം ബോധ്യപ്പെടുകയും കഴിയുന്നത്ര പേരെ ബോദ്ധ്യ പ്പെടുത്തുകയും ചെയ്യുക.രാഷ്ട്രീയ വിവേകത്തോടെ വോട്ടു രേഖപ്പെ ടുത്തുക. അതാണ് ജനാധിപത്യവിശ്വാസികൾക്ക് ചെയ്യാനുള്ളത്.
കവർ : വിത്സൺ ശാരദാ ആനന്ദ്