അധികാരവും അധിനിവേശവും സ്വാതന്ത്ര്യവും മനുഷ്യ ജീവിതവും
അടുത്തകാലത്ത് വായിച്ച ശ്രദ്ധേയമായ ഒരു നോവലാണ് ദിവ്യ അരുണിന്റെ യെല്ലോ റിബ്ബൺ. പ്രമേയത്തിലെ പുതുമയും പുസ്തകം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലവുംകൊണ്ട് ഏറെ ആകർഷണീയമാണ് ഈ നോവൽ. സിംഗപ്പൂർ, ചൈന, ബാംഗ്ലൂർ, ബ്രിട്ടൻ, കേരളം എന്നിങ്ങനെ വിവിധ ദേശങ്ങൾ നോവലിന്റെ പശ്ചാത്തലമാകുന്നുണ്ടെങ്കിലും ഹോങ്കോങ്ങാണ് യെല്ലോ റിബ്ബണിന്റെ പ്രധാന കഥാപരിസരം.യെല്ലോ റിബ്ബൺ കേവലം ഒരു രാഷ്ട്രീയ വിഷയമോ പ്രണയപരാജയമോ പറയുക മാത്രമല്ല ചെയ്യുന്നത്; മറിച്ച് അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ഇടയിൽ നിറങ്ങൾ നഷ്ടപ്പെടുന്ന മനുഷ്യജീവിതത്തിന്റെ ഒരു നേർക്കാഴ്ച കൂടി അതു പകർന്നു നൽകുന്നു.

ഏകദേശം നൂറുവർഷത്തോളം ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ഹോങ്കോംഗ് പിന്നീട് ചൈനയ്ക്ക് കൈമാറപ്പെട്ടു. രാജ്യം കൂടിച്ചേർന്നെങ്കിലും അതിനോട് പൊരുത്തപ്പെടാൻ അവിടുത്തെ ജനതയ്ക്കായില്ല. അധികാര ക്കൈമാറ്റത്തിന് ശേഷം ഉണ്ടായ സമരങ്ങളും പിന്നീട് വന്ന സുരക്ഷാ നിയമവും അവിടുത്തെ മനുഷ്യജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളാണ് നോവൽ അവതരിപ്പിക്കുന്നത്. ജോലിയുടെ ഭാഗമായി സിങ്കപ്പൂരിൽ താമസമായ ഒരു മലയാളി യുവതിയുടെ മനോവിചാരങ്ങളിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. താൻ താമസിക്കുന്ന ഫ്ലാറ്റിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ദൂരമാണ് ഭൂമിയിലെ ഏറ്റവും വലിയ ദൈർഘ്യം എന്ന അവരുടെ മനോവിചാരത്തിലൂടെ തന്നെ ആ യുവതിയുടെ ഏകാന്ത ജീവിതം വായനക്കാർക്കുമുന്പിൽ അനാവൃതമാകുന്നു. വർത്തമാനകാലത്ത് ജീവിക്കുമ്പോഴും ഭൂതകാലത്തിന്റെ ശേഷിപ്പുകൾ മറക്കാൻ അവർക്കു കഴിയുന്നില്ല. സന്തോഷകരമല്ലാത്ത ആദ്യ വിവാഹജീവിതം ഒഴിവാക്കിയതിനു ശേഷം അവരുടെ ജീവിതത്തിലേക്ക് കടന്നു വന്ന ആൻഡ്രൂ എന്ന സുഹൃത്ത് പിന്നീട് അവരിൽനിന്ന് അപ്രതീക്ഷിതമായി അകന്നു പോയി. എന്തിനാണ് അയാൾ വഴി പിരിഞ്ഞു പോയത് എന്നുള്ളത് അവരുടെ മനസ്സിൽ ഒരു ചോദ്യമായി അവശേഷിക്കുന്നു.പതിവുപോലെ ഏകാന്തമായ ഒരു ശനിയാഴ്ചയിൽ അവളെ തേടിയെത്തുന്ന എലീൻ എന്ന പെർഫോമിംഗ് ആർട്ട് വിദ്യാർത്ഥിനിയിലൂടെ കഥ മറ്റൊരു ദിശയിലേക്ക് നീങ്ങുന്നു. എന്തുകൊണ്ടാണ് ആൻഡ്രൂ തൻ്റെ സൗഹൃദം ഉപേക്ഷിച്ചത് എന്നറിയാൻ അവർ എലിനോടോപ്പം ഹോങ്കോങിലേക്ക് യാത്ര ചെയ്യുന്നു. എലിനിലൂടെ ഹോങ്കോങിൻ്റെ രാഷ്ട്രീയ സംസ്കാരിക പശ്ചാത്തലങ്ങളും അധികാര ക്കൈമാറ്റം അവിടുത്തെ പുതുതലമുറയിൽ ഉണ്ടാക്കിയ മാനസിക സംഘർഷങ്ങളും അവൾ മനസ്സിലാക്കുന്നു. സ്വാതന്ത്ര്യവും അസ്തിത്വവും നഷ്ടപെടുന്ന ഹോങ്കോങിലെ യുവത്വത്തിൻ്റെ സങ്കടങ്ങളുമായി നോക്കുമ്പോൾ തൻ്റെ വേദനകൾ ചെറുതല്ലേ എന്ന ചിന്ത അവർക്കുണ്ടാകുന്നു. മനുഷ്യർ ചിലപ്പോഴൊക്കെ അവരെ സ്വയം നഷ്ടപ്പെടുത്തിപ്പോലും പ്രണയത്തിനും സ്നേഹത്തിനും വേണ്ടി നിലകൊള്ളുന്നത് എന്തിനാണെന്ന് ആ യാത്രയിലൂടെ അവൾക്ക് മനസ്സിലാകുന്നു.അങ്ങനെ പല തിരിച്ചറിവുകളിലേക്കും ആ യാത്ര അവളെ എത്തിച്ചു. ഭൂതകാലത്തിൻ്റെ വേണ്ടാത്ത മറാപ്പുകൾ അവിടെ ഉപേക്ഷിക്കാൻ അവർ തീരുമാനിക്കുന്നു.
ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സവിശേഷപ്രാധാന്യമുള്ള ചിലയിടങ്ങളുണ്ടാകും. ആ സ്ഥലങ്ങൾ ചിലപ്പോൾ അവരുടെ ജീവിതത്തിലെ ആഴമുള്ള ബന്ധങ്ങളായി മാറുന്നു. ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളെ ഓർമ്മിപ്പിക്കുന്നതും അത്തരമിടങ്ങൾ തന്നെയാണ്. അതുകൊണ്ടാണ് എലീന്റെ മനസ്സ് ഇപ്പോഴും ഹോങ്കോങ്ങിനെ ഓർത്തു വേദനിക്കുന്നത്. ഈ യാത്രയിൽ ആഖ്യാതാവ് കണ്ടുമുട്ടുന്ന നിരവധി മനുഷ്യർ ഹോങ്കോങ്ങിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക അധിനിവേശങ്ങളിൽ ആശങ്കപ്പെടുന്നവരാണ്. അവരുടെ നഷ്ടങ്ങളും സഹനങ്ങളും ഈ നോവൽ ശക്തമായി അവതരിപ്പിക്കുന്നു. യുദ്ധങ്ങളും അധിനിവേശങ്ങളും ചിലരെ ചരിത്രത്തിൽ മഹാരഥന്മാരാക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ടവരെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന ചോദ്യവും ഇവിടെ ഉയരുന്നു. അത്തരം മനുഷ്യരുടെ വൈകാരിക വിക്ഷോഭങ്ങളെ ശക്തമായി അടയാളപ്പെടുത്താൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. ലോകത്ത് എല്ലായിടത്തും മനുഷ്യരുടെ അടിസ്ഥാന വികാരങ്ങൾ ഒരേപോലെയാണെന്ന് യെല്ലോ റിബ്ബൺ നമ്മെ ബോധ്യപ്പെടുത്തുന്നു. ഭൂതകാലത്തിൻ്റെ ശേഷിപ്പുകൾ മറികടന്ന് മുന്നോട്ട് പോകാൻ നായിക തീരുമാനിക്കുന്നതിലൂടെ അവൾ കരുത്തിൻ്റേയും ആത്മവിശ്വാസത്തിൻ്റേയും പ്രതീകമായി മാറുകയാണ്. ആഖ്യാതാവിന്റെ വ്യക്തിപരമായ നഷ്ടങ്ങളും അതിജീവനവും അതിനോട് സമാന്തരമായി നീങ്ങുന്ന ശക്തമായ രാഷ്ട്രീയ പശ്ചാത്തലവും ഈ നോവൽ സമർത്ഥമായി കൈകാര്യം ചെയ്യുന്നു. പ്രവാസജീവിതത്തിൽ നോവലിസ്റ്റ് കണ്ടുമുട്ടിയ മനുഷ്യരാകാം ഇതിലെ കഥാപാത്രങ്ങൾ എന്ന തോന്നൽ വായനക്കാരി എന്ന നിലയിൽ എനിക്കുണ്ട്.കടന്നു പോയ നാടിനേയും കണ്ടുമുട്ടിയ മനുഷ്യരേയും അടയാളപ്പെടുത്താനുള്ള നോവലിസ്റ്റിന്റെ ശ്രമങ്ങൾ അഭിനന്ദനീയമാണ്. പ്രമേയത്തിൻ്റെ പുതുമ, ഹോങ്കോങ്ങിൻ്റെ രാഷ്ട്രീയ പശ്ചാത്തലം, കഥാപാത്ര സ്യഷ്ടി ഇതെല്ലാം കൊണ്ട് യെല്ലോ റിബൺ മികച്ച നിലവാരം പുലർത്തുന്നു. രാഷ്ട്രീയ അധിനിവേശങ്ങളേയും യുദ്ധങ്ങളേയും അതിജീവിച്ച് മുന്നോട്ട് പോകാൻ മനുഷ്യർക്ക് കഴിയട്ടെ. അധിനിവേശങ്ങളും യുദ്ധങ്ങളും ഒടുവിൽ ആരെയും ജയിപ്പിക്കുന്നില്ലെന്ന സത്യം മനുഷ്യഹൃദയങ്ങളിൽ തെളിഞ്ഞുണരട്ടെ. യെല്ലോ റിബൺ ഒരുപാട് വായിക്കപ്പെടട്ടെ.
കവര്: സുധീര് എം എ






