നൂറ്റിയാറ്
അടുത്ത ആറുമാസം ജോസിന്റെയും സ്റ്റെല്ലയുടെയും ദാമ്പത്യം പുറമേക്ക് സംഭവരഹിതമായി കടന്നുപോയി. രണ്ടുമാസത്തെ ശമ്പളം നൽകി ജോസ് ജോലിക്കാരിയെ പറഞ്ഞു വിട്ടു. ഭക്ഷണം പാചകം ചെയ്യുക, വീട് വൃത്തിയാക്കുക, മുറ്റമടിക്കുക മുതലായ എല്ലാ ജോലികളും സ്റ്റെല്ല ചെയ്തുവെങ്കിലും ജോസിന് ഒരു ദിവസം പോലും തൃപ്തി തോന്നിയില്ല. വേഗതക്കുറവിനെ പറ്റിയായിരുന്നു അയാളുടെ പ്രധാന പരാതി. അതു ന്യായവുമായിരുന്നു. ഏതു ജോലിയും ലോകത്തെ സകല സമയവും ബാക്കിയുണ്ട് എന്ന മട്ടിലാണ് സ്റ്റെല്ല ചെയ്യുന്നത്. പൂർണ്ണ ഏകാഗ്രതയോടെ, ആനന്ദിച്ച്, പരിപൂർണ്ണത ഉറപ്പുവരുത്തിയുള്ള പ്രവർത്തനം. എല്ലാദിവസവും പ്രാതൽ കിട്ടിയെങ്കിലും ഒരു ദിവസം പോലും ജോസിന് ഉച്ചഭക്ഷണം പാക്ക് ചെയ്ത് കിട്ടിയില്ല.
‘ഇങ്ങനെ ജോലി ചെയ്തിട്ട് എന്ത് പ്രയോജനം?’ ജോസ് എന്നും സ്റ്റെല്ലയോട് ചോദിക്കും.
‘എല്ലാവരും ഇങ്ങനെ ചെയ്താൽ ലോകം എങ്ങനെ നടക്കും?’
ഫോൺ ചെയ്യുമ്പോൾ ജോസ് അന്നമ്മയോട് ചോദിച്ചു:
‘മനുഷ്യൻ ജോലി ചെയ്യുന്നത് ജോലി ചെയ്യാൻ വേണ്ടിയാണോ അതോ ജീവിതം മുന്നോട്ട് കൊണ്ടുവാനാണോ?’
‘പൊതുവേ രണ്ടാമത് പറഞ്ഞതിനാണ്.’ മറ്റൊരാളിൻറെ ദാമ്പത്യത്തെ സംബന്ധിക്കുന്ന കാര്യത്തിൽ താനിങ്ങനെ സജീവമായി അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ എന്ന് ചിന്തിച്ചുകൊണ്ട് അന്നമ്മ പറഞ്ഞു.
‘എന്നാൽ ഇവിടെ സ്റ്റെല്ലയുടെ കാര്യം അങ്ങനെയല്ല.’ ജോസ് പറഞ്ഞു. ‘സ്റ്റെല്ല ജോലി ചെയ്യുന്നത് ലഹരി പിടിച്ച പോലെയാണ്. ചിത്രകാരൻ ചിത്രം വരയ്ക്കുന്ന പോലെയോ ശില്പി ശിൽപം ഉണ്ടാക്കുന്നതുപോലെയോ ആണ് അവൾ കറിക്കരിയുന്നതും പാത്രം കഴുകുന്നതും. ശില്പം ഉണ്ടാക്കി കഴിയുമ്പോഴേക്കും എന്റെ സമയം കഴിയുമെന്ന് മാത്രം. എന്നും അങ്ങനെ തന്നെ.’
‘സ്റ്റെല്ലയുടെ പാചകം എങ്ങനെ?’
ജോസിന്റെ മനസ്സിൽ സ്റ്റെല്ല വയ്ക്കുന്ന കറികളുടെ രുചി തെളിഞ്ഞു. സ്റ്റെല്ല ഒരിക്കലും ചോദിച്ചിട്ടില്ലെങ്കിലും താൻ ഒരിക്കലും സമ്മതിച്ചിട്ടില്ലെങ്കിലും സംഗതി ഇതാണ്, അപാര രുചിയാണ് സ്റ്റെല്ല വയ്ക്കുന്നതിനെല്ലാം.
‘കുഴപ്പമില്ല.’
ജോസ് പറഞ്ഞു.
‘ജോലിക്കാരിയെ തിരിച്ചു വിളിച്ചു കൂടെ?’
‘പൈസയുടെ പ്രശ്നമല്ല. എനിക്ക് മിക്കവരെയും ഇപ്പോൾ സഹിക്കാൻ കഴിയുന്നില്ല. വിശേഷിച്ച് നമ്മുടെ കാര്യങ്ങൾ മുഴുവൻ നിരീക്ഷിച്ച് പുറത്തു പറയുന്നവരെ, നമ്മുടെ കാര്യങ്ങളിൽ ഇടപെടുന്നവരെയൊക്കെ. അതുകൊണ്ട് കുറച്ചു കാലം ഇങ്ങനെ പോട്ടെ. പക്ഷേ ഒരു കാര്യം പറയുമ്പോൾ തെറ്റിദ്ധരിക്കരുത്. എനിക്ക് സ്റ്റെല്ലയെ സമ്പൂർണ്ണമായി മടുത്തു കഴിഞ്ഞു.’
‘അങ്ങനെ പറയരുത്. ഓരോ ആളും ഓരോ രീതിയിൽ എന്ന് കരുതി നമ്മൾ അഡ്ജസ്റ്റ് ചെയ്യണം.’ അന്നമ്മ പറഞ്ഞു. സംസാരിച്ചു സംസാരിച്ച് ആദ്യഭർത്താവിന്റെ ദാമ്പത്യം തകരുന്നതിന് താൻ പൗരോഹിത്യം വഹിക്കുകയാണോ എന്ന് അന്നമ്മ സംശയിച്ചു. എങ്കിൽ എന്തൊരു ബോറൻ വിധിയായിരിക്കും അത്!
ജോസിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ അന്നമ്മ പള്ളിയിൽ വെച്ച് സ്റ്റെല്ലയെ കണ്ടതോർത്തു. എന്തൊരു ശാന്തതയാണ് സ്റ്റെല്ലയുടെ മുഖത്ത്! മകൾ മരിച്ചു കിടക്കുന്നു, ആളുകൾ അതിനെ ചൊല്ലി കുറ്റാരോപണം ഉയർത്തുന്നു. ഒന്നും അവളെ ബാധിക്കുന്നതായി തോന്നിയില്ല. ജോസിൻറെ കണ്ണിൽ കൂടി അവളെ നോക്കാനാണ് ആദ്യം തോന്നിയത്- വിചിത്രമായ മനോരോഗമുള്ള വ്യക്തിയായി. പക്ഷേ അടുത്തുചെന്ന് ‘ഞാൻ അന്നമ്മയാണ്’ എന്ന് പറഞ്ഞപ്പോൾ സ്റ്റെല്ല മൃദുവായി കയ്യിൽ പിടിച്ച് കണ്ണിൽ നോക്കി. ജീവിതത്തിൽ ഏറ്റവും വേണ്ടപ്പെട്ട ഒരാളിൻറെ അടുത്തു നിൽക്കുന്ന പോലെയാണ് അപ്പോൾ തോന്നിയത്. ഇപ്പോൾ തോന്നുന്നത് ഇതാണ്- സ്റ്റെല്ല അസാമാന്യയാണ്. അവൾക്ക് സ്വന്തം ശരികൾ ഉണ്ട്. അതനുസരിച്ചേ അവൾ ജീവിക്കൂ.
നൂറ്റിയേഴ്
ഉച്ചബലി വന്നുചേർന്നു. മണ്ണടിയിലെ പ്രധാന ഉത്സവമാണ് ഉച്ചബലി. ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധവും അതിന്റെ പരിസമാപ്തിയിലെ ദാരികവധവുമാണ് ഐതിഹ്യം. ഉച്ചതിരിഞ്ഞ് ദേവിയുടെ കിരീടവും ഏറി മുടിപ്പണിക്കൻ പുറപ്പെടുന്നു. വലിയൊരു പുരുഷാരം ദേവിയുടെ യുദ്ധവീര്യത്തെ സ്തുതിക്കുന്ന പാട്ടുകൾ പാടി, ആർപ്പുവിളികളുമായി പിന്നാലെ പോകുന്നു. മുടിപ്പണിക്കൻ അമ്പല മൈതാനത്തിൽ എത്തുമ്പോഴേക്കും പൂഴിയെറിഞ്ഞാൽ നിലത്ത് വീഴാത്തത്ര ആൾക്കൂട്ടമായിരിക്കും. ഹേമ ഉത്സവത്തിന്റെ സദ്യക്ക് സ്റ്റെല്ലയെയും രാജനെയും ക്ഷണിച്ചു. സ്റ്റെല്ല നേരത്തേ എത്തി.
‘പാചകത്തിന് ഞാനും കൂടാം.’
സ്റ്റെല്ല പറഞ്ഞു.
‘നീ കൂടിയാൽ പാചകം തീരുമ്പോഴേക്കും യുഗങ്ങൾ കഴിയും. ഞങ്ങൾ നേരത്തെ തന്നെ തുടങ്ങി. എല്ലാം ഇപ്പോൾ തീരും.’
ഹേമ പറഞ്ഞു.
വൈകാതെ ഗിരിയുടെ സ്കൂട്ടറിൻ്റെ പിന്നിൽ രാജനും എത്തി.
സദ്യ ഉണ്ടുകൊണ്ടിരുന്നപ്പോൾ സ്റ്റെല്ല രാജനോട് ചോദിച്ചു: ‘എന്നെ മുടിപ്പേച്ച് കാണിക്കാൻ കൊണ്ടുപോകാമോ?’
‘കൊണ്ടുപോകാം. നിങ്ങളും വരുമല്ലോ?,’ രാജൻ ഹേമയോടും ഗിരിയോടും ചോദിച്ചു.
‘ഞങ്ങളില്ല,’ ഹേമ പറഞ്ഞു, ‘എനിക്ക് ആൾക്കൂട്ടം പ്രയാസമാണ്.’
‘എനിക്ക് ആൾക്കൂട്ടമാണു കാണണ്ടത്.’
സ്റ്റെല്ല പറഞ്ഞു
‘ഞാൻ എവരേം കൊണ്ടുപോയാ ആളുകൾക്കെന്തു തോന്നും?’
‘നിനക്ക് പേടിയാണെങ്കിൽ വേണ്ട. ഞാൻ തനിച്ച് പൊയ്ക്കോളാം.’ സ്റ്റെല്ല പറഞ്ഞു.
‘എനിക്കെന്തു പേടി!’ രാജൻ പറഞ്ഞു.
വൈകിട്ടോടെ സ്റ്റെല്ലയും രാജനും മുടിപ്പേച്ച് കാണാൻ പോയി. ഒരുമിച്ചു പോകുമ്പോൾ രാജൻ ഇടയ്ക്കിടെ സ്റ്റെല്ലയുടെ മുഖത്തു നോക്കി. കുട്ടി മരിച്ച് അധികം നാളായിട്ടില്ല. സ്റ്റെല്ലയുടെ മുഖത്ത് അതിൻറെ തരിമ്പ് ദുഃഖമില്ല. പകരം ഉത്സവത്തിൻ്റെ ലഹരി മുഖത്തു നിറഞ്ഞു നിൽക്കുന്ന പോലെയാണ് അവനു തോന്നിയത്. രാജൻ മൂപ്പത്തിയെക്കുറിച്ച് ഓർത്തു. തേനിയെയും തൻറെ മകനെയും ഓർത്തു. തേനിയെയോ തന്റെ മാതാവിനെയോ പോലെ മാതൃത്വം എന്ന വികാരത്തിനടിമയല്ല സ്റ്റെല്ല. എന്നാൽ ഒട്ടും കഠിന ഹൃദയയുമല്ല. സകല സംഗതികളിലും താല്പര്യം, എല്ലാത്തിലും അനല്പമായ താല്പര്യം. അതാണ് സ്റ്റെല്ലയുടെ അവസ്ഥയെന്ന് രാജന് തോന്നി.
അസാധാരണമായ ആൾത്തിരക്കായിരുന്നു ക്ഷേത്ര മൈതാനത്ത്. സ്റ്റെല്ല ആൾക്കൂട്ടം കണ്ട് ആവേശഭരിതയായി.
‘വരൂ വരൂ നമുക്ക് ആളുകൾക്കിടയിലേക്ക് കയറാം,’ അവൾ രാജനെ പിടിച്ചു വലിച്ചു.
സ്റ്റെല്ലയിൽ നിന്ന് അകലം പാലിക്കാൻ രാജൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സ്റ്റെല്ല സ്വപ്നാടനത്തിൽ എന്നവണ്ണം പരിസരം മറന്ന് ആൾക്കൂട്ടത്തിലൂടെ നടക്കാൻ തുടങ്ങി. വിഹ്വലതയോടെ രാജനും ഒപ്പം കൂടി. പരിചയമില്ലാത്ത ഒരു മദ്യപൻ സ്റ്റെല്ലയെ കയറിപ്പിടിക്കാൻ നോക്കി. രാജൻ അയാളെ താഴെത്തള്ളിയിട്ടു. അത്തരം ബഹളങ്ങളൊന്നും ഗൗനിക്കാതെ ജനം ഉത്സവപ്പറമ്പിലേക്ക് ഒഴുകി വന്നുകൊണ്ടിരുന്നു. കൂടുതൽ അത്യാഹിതം ഉണ്ടാവാതെ രാജൻ സ്റ്റെല്ലയെ കരവലയത്തിലാക്കി. നരബലി കാണുന്നതുപോലെ ജനം മുടിപ്പേച്ചു കണ്ട് തരിച്ചു നിന്നു. അതിനിടയിലും സ്റ്റെല്ല രാജന്റെ കരവലയത്തിൽ നിൽക്കുന്നത് കൗതുകത്തോടെ നോക്കുന്ന മൂന്നുനാല് പരിചയക്കാരെ രാജനും ശ്രദ്ധിച്ചു.

പേച്ച് കഴിഞ്ഞപ്പോൾ സ്റ്റെല്ല കൺതുറന്ന് രാജനെ നോക്കി അതിവശ്യമായി പുഞ്ചിരിച്ചു.
‘ഇനി പോകാം.’
അവൾ പറഞ്ഞു
നൂറ്റിയെട്ട്
‘നമുക്ക് ഇനി അത് വേണ്ടാന്നാ മോനെ അപ്പാപ്പൻ പറയുന്നെ. ഒന്നോ രണ്ടോ പേരല്ല നാട്ടുകാരു മുഴുവൻ കണ്ട കാര്യമാ. അവൾടെ വീട്ടിലും പ്രശ്നമാ. എന്നുവച്ച് നീ ദേഹോപദ്രവമൊന്നും ചെയ്യല്ലേ.’
ചിറ്റപ്പൻ ഫോൺ വെച്ചു കഴിഞ്ഞപ്പോൾ ജോസ് തരിച്ചിരുന്നു. അയാൾ അവധിയെടുത്ത് വീട്ടിൽ പോയി കിടന്നു. രാത്രിയോടെ ചിറ്റപ്പനെ ഫോൺ ചെയ്തു. മറുതലയ്ക്കൽ നന്നായി മദ്യപിച്ച ചിറ്റപ്പനെയാണ് കിട്ടിയത്.
‘ഷാപ്പുകാരന് എന്തു കുഴപ്പം ഉണ്ടാകാനാ? അവന് എന്തെങ്കിലും നഷ്ടപ്പെടാൻ ഉണ്ടോ? ഒട്ടമ്മാരുടെ കൂടെ അലഞ്ഞുതിരിഞ്ഞ് ഈ നാട്ടീ വന്നവനാ. അവന് ഇവിടുന്ന് കിട്ടിയതെല്ലാം മിച്ചമാ. ഞാൻ കൂടുതൽ തിരക്കിയപ്പോ ഇതുവരെ അവനെ പറ്റി ഇത്തരം പേരുദോഷം കേട്ടിട്ടില്ല. ഇതിപ്പോ നിനക്ക് വിഷമം തോന്നത്തില്ലെങ്കിൽ ഒരു കാര്യം അപ്പാപ്പൻ പറയാം. പറയാൻ കുറച്ചു വിഷമം ഉള്ളതാ. നമ്മുടെ കൊച്ചിന്റെ ഭാഗത്താ കൂടുതൽ തെറ്റ്. അവള് നന്നായി കുടിച്ചിട്ടുണ്ടാരുന്നു എന്നാ ആളുകൾ പറയുന്നെ. അവള് കുടിക്കുമോ?’
‘എന്റെ അറിവിൽ ഇല്ല.’ ജോസ് പറഞ്ഞു.
‘എല്ലാം പറയുമ്പോഴും മോനെ നമ്മുടെ നാടിന് ഒരു ഗുണമുണ്ട്. ആളുകളെ പറ്റി ഒരു പരിധിക്കപ്പുറം അപവാദം പറയില്ല. ഈ സ്റ്റെല്ലേടേം ഷാപ്പുകാരൻ്റേം കൂട്ടുകാരുണ്ടല്ലോ, ആ റബ്ബർ കടക്കാരനും ഭാര്യയും. അവര് രാത്രിയിൽ മുറ്റത്ത് കട്ടിൽ പിടിച്ചിട്ടാ കിടക്കുന്നേ. ബാക്കി ഞാൻ പറയേണ്ടല്ലോ? നമുക്ക് വേണ്ട മോനെ.’
‘അപ്പാപ്പാ,’ ജോസ് പറഞ്ഞു, ‘സ്റ്റെല്ല അത്തരക്കാരിയല്ല. അവടെ മനസ്സിന് ഒരസുഖമുണ്ട്. അത് വർഷങ്ങളായിട്ട് ചികിത്സിച്ചിട്ടും മാറുന്നില്ല. ഉത്സവത്തിന് വിട്ടതാ എന്റെ ഭാഗത്തെ തെറ്റ്.’
ചിറ്റപ്പൻ കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു:
‘നീ ഭാര്യയെ ന്യായീകരിച്ചോ. എനിക്ക് അത് പ്രശ്നമില്ല. പക്ഷേ ആ ഷാപ്പുകാരനെ ഞാൻ വെറുതെ വിടില്ല. നമ്മുടെ കുടുംബത്തിന്റെ മാനം കപ്പലുകേറ്റീട്ട് അവൻ അങ്ങനെ വിലസണ്ട. അത് ഞാൻ തീരുമാനിച്ചിരിക്കുകയാ.’
‘അപ്പാപ്പൻ എന്ത് ചെയ്യാൻ പോവ്വാ? കൂടുതൽ ഒച്ചപ്പാട് ഉണ്ടായാ നാണക്കേട് നമുക്കാ.’
‘അതിന് നീ ഇതിൽ ഇടപെടുന്നില്ലല്ലോ. ഞാൻ ഒരാളെ ഏർപ്പെടുത്തും. അവൻ്റെ ഷാപ്പിൽ വെച്ച് എന്റെ ആൾ അവൻ്റെ മുട്ടുകാല് തല്ലിയൊടിക്കും. കുറച്ചുകാലം കഴിഞ്ഞ് എല്ലാവരും അറിയും അവന്റെ കാൽ എന്തിനാ ഒടിഞ്ഞതെന്ന്.’
ചിറ്റപ്പനെ ഓർമ്മയായ കാലം മുതൽ അറിയാവുന്നതുകൊണ്ട് അദ്ദേഹം റൗഡിയെ ഏർപ്പെടുത്തുമെന്ന് പറഞ്ഞത് ജോസ് വിശ്വസിച്ചില്ല. ജോസിന്റെ വിശ്വാസം ശരിയായിരുന്നു. നേരം പുലർന്നപ്പോൾ ചിറ്റപ്പന്റെ ക്ഷോഭം അസ്തമിച്ചിരുന്നു.
കവർ: വിൽസൺ ശാരദ ആനന്ദ്