പ്രകൃതി കനിഞ്ഞരുളിയ വയനാട് എന്നൊക്കെ കേള്‍ക്കാനും പറയാനും സുഖമുള്ള കാര്യമായിരുന്നു. വയനാടിന്റെ കാലാവസ്ഥയും പ്രകൃതിയും എന്നേ മാറിപ്പോയിരിക്കുന്നു. അതിലോലമായ പ്രദേശങ്ങള്‍ ഇവിടെ ഇല്ലാതായി. ഇപ്പോള്‍ നടന്ന ചൂരല്‍മല-മുണ്ടക്കൈ ദുരന്തം ഒരു പക്ഷെ കേരളം കണ്ട മഹാസങ്കടത്തിന്റെ ആഴപ്പരപ്പാണ്.
ഈ ദുരന്തം നമ്മള് വരുത്തിവെച്ചത് തന്നെയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും (KSDMA) ജില്ല ദുരന്തനിവാരണ അതോറിറ്റിയും (DDMA) കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല എന്നതും അവര്‍ക്ക് കൃത്യമായ ഒരു പദ്ധതിയും ഇല്ലായിരുന്നു എന്നതും കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു. കാലാവസ്ഥാ കേന്ദ്രം മുന്‍ ഡയറക്ടര്‍ ശ്രീ എം രാജീവ് പറയുന്നത് പോലെ “കാലാവസ്ഥാ കേന്ദ്രവും, ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയും സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനും വിവിധങ്ങളായ ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാറുണ്ട്. ഇവര്‍ കൂട്ടായി എകോപനമില്ലാതെ തനിയെ തനിയെ പ്രവര്‍ത്തിക്കുന്ന രീതി മാറേണ്ടിയിരിക്കുന്നു. ഒരു പക്ഷെ ഈ വകുപ്പുകള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, ജില്ലാ ഭരണകൂട സംവിധാനങ്ങളെ ബോധവല്ക്കരിച്ചിന്നുവെങ്കില് ഈ ദുരന്തം ഒരു പരിധി വരെ തടയാന്‍ പറ്റുമായിരുന്നു.” (The Times of India, August 2, 2024).
ജനങ്ങളോട് ഒന്നിച്ചു നില്ക്കുക എന്നതും ജനങ്ങള്‍ക്കടുത്തേക്ക് പോകുക എന്നതും ആയിരിക്കണം ഒരു ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്തം. മഴ കൂടുന്ന സാഹചര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനോ വിവിധ വകുപ്പുകളെ എകോപിപ്പിക്കാനോ ഇവര്‍ പരാജയപ്പെട്ടു. ദുരന്തനിവാരണ അതോറിറ്റി ഇറക്കിയ ദുരന്ത നിവാരണത്തിനുള്ള ഓറഞ്ച് പുസ്തകത്തില്‍ (മാര്‍ഗരേഖ 2023) പറയുന്നത് നോക്കൂ.. “ഇന്ന് മഞ്ഞ അലര്‍ട്ടും നാളെ ഓറഞ്ചോ ചുവപ്പോ ആണെങ്കില്‍ ഇന്ന് വൈകീട്ട് തന്നെ ഇത്തരത്തില്‍ ദുരന്ത സാധ്യതാ മേഖലയില്‍ വസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുവാന്‍ തദ്ദേശ സ്ഥാപനവും വില്ലേജ് ഓഫീസും ചേര്‍ന്ന് നടപടി സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുക.” ഇത് നടപ്പിലാക്കുന്നതില്‍ KSDMA യും DDMA യും തികച്ചും പരാജയപ്പെട്ടിരിക്കുന്നു.
മഞ്ഞ അലര്‍ട്ട് കിട്ടിയ സമയത്തെ ഓറഞ്ച് അലര്ട്ടിനോ ചുവപ്പ് അലര്ട്ടിനോ കാത്തുനില്‍ക്കാതെ ജില്ലാ ഭരണകൂട സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോവുകയാണ്. ത്വരിതഗതിയില്‍ നടത്തേണ്ട ഊര്‍ജ്ജിതമായ തയ്യാറെടുപ്പിന്റെയും മുന്നറിയിപ്പിന്റെയും പ്രവര്‍ത്തനത്തിന്റെയും വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തിയത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും പ്രാദേശിക ഭരണകൂടവും തദ്ദേശവാസികളും വളണ്ടിയര്‍മാരും സിവില്‍ സൊസൈറ്റി സംഘടനകളുമായി ചേര്‍ന്ന് കൃത്യ സമയത്ത് ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ ദുരന്തത്തിന്റെ ആഘാതം കുറക്കാന്‍ കഴിയുമായിരുന്നു. പൊതുവെ വിവിധ ഭരണകൂട സംവിധാനങ്ങള്‍ പുറത്തിറക്കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഒരു ചടങ്ങ് പോലെ കൈമാറുകയാണ് ചെയ്യുന്നത്. അതിനുപരിയായി ഈ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ഗൌരവത്തോടെ എമര്‍ജന്‍സി മോഡില്‍ കണക്കിലെടുത്ത് നടപടികള്‍ എടുക്കുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വമാണ്.
മിക്കവാറും എല്ലാ ദിവസവും അലർട്ടുകളുണ്ടാവും. അപ്പോൾ തന്നെ അതിന്റെ ഗൗരവം കുറയുകയും ചെയ്യും. പലപ്പോഴും മഴ പെയ്യുന്നത് വ്യത്യസ്തവുമായിരിക്കും. അറിയിപ്പുകൾ കൊടുക്കുക മാത്രമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പുകൾ നൽകുന്നത്. ഈ അറിയിപ്പുകൾ സംസ്ഥാനം ജില്ലാ ഭരണകൂടത്തെ അറിയിക്കുന്നു. ജില്ലാ ഭരണകൂടങ്ങൾക്ക് ഇത് കിട്ടിക്കഴിഞ്ഞാൽ അത് കണ്ടറിഞ്ഞ് പ്രവർത്തിക്കേണ്ടത് അവിടത്തെ ഭരണകൂട സംവിധാനങ്ങളാണ്. വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തേണ്ടിടത്ത് അത് നൽകാതെ ഉദാസീനമായാണ് കാര്യങ്ങള്‍ നീങ്ങാറ് .
ഇത്തരുണത്തില്‍ വയനാട്ടില്‍ പ്രാദേശികതലത്തില്‍ മഴയുടെ അളവിന്റെ വിവരങ്ങള്‍ താഴെത്തട്ടില്‍ നിന്ന് തന്നെ ശേഖരിച്ച് കമ്മ്യൂണിറ്റി തലത്തില്‍ തന്നെ ഷെയര്‍ ചെയ്യുന്ന ഹ്യൂം സെന്ററിന്റെ പ്രവര്‍ത്തങ്ങള്‍ സ്തുത്യര്‍ഹമാണ്. വയനാട്ടിലെ ഇരുന്നൂറിലധികം സ്ഥലങ്ങളിൽ നിന്ന് മഴയുടെ കണക്കുകൾ ശേഖരിക്കുന്ന ഹ്യൂം സെന്റര്‍, ദുരന്തത്തിന് 16 മണിക്കൂർ മുമ്പ് മണ്ണിടിച്ചിലിനുള്ള സാധ്യതയെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നതായി ഹ്യൂം സെന്റര്‍ ഡയറക്ടര്‍ ആയ സി കെ വിഷ്ണുദാസ് പറഞ്ഞു. ജൂലൈ 29ന് രാവിലെ 9 മണിക്കാണ് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്.
വിഷ്ണുദാസ് പറയുന്നു. “ഞങ്ങൾക്ക് വയനാട്ടിൽ സമഗ്രമായ മഴ നിരീക്ഷണ സംവിധാനം ഉണ്ട്, പ്രതിദിന ഡാറ്റ നൽകുന്ന 200-ലധികം കാലാവസ്ഥാ കേന്ദ്രങ്ങളുണ്ട്. മുണ്ടക്കൈയുടെ ഏറ്റവും അടുത്തുള്ള കാലാവസ്ഥാ കേന്ദ്രമായ പുത്തുമലയിൽ ജൂലൈ 28 ന് 200 മില്ലീമീറ്ററും രാത്രിയിൽ 130 മില്ലീമീറ്ററും മഴ പെയ്തതായി ഞങ്ങളുടെ ഡാറ്റ കാണിക്കുന്നു. 600 മില്ലിമീറ്റർ മഴ മണ്ണിടിച്ചിലിന് കാരണമാകുമെന്നത് ശ്രദ്ധേയമാണ്. ഇത് കണക്കിലെടുത്ത്, കൂടുതൽ മഴ പെയ്താൽ ഉരുൾപൊട്ടലിന് കാരണമാകുമെന്ന് ഞങ്ങൾ ഉടൻ മുന്നറിയിപ്പ് നൽകി.
ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി കഴിഞ്ഞ നാല് വർഷമായി തുടർച്ചയായി മഴയുടെ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 2020-ൽ, മുണ്ടക്കൈയിൽ വരാനിരിക്കുന്ന ഉരുൾപൊട്ടലിനെക്കുറിച്ചുള്ള അവരുടെ മുന്നറിയിപ്പ് ആളുകളെ വിജയകരമായി മാറ്റിപ്പാർപ്പിക്കാൻ കാരണമായി, അപകടങ്ങൾ തടയുന്നു. എല്ലാ ദിവസവും ഞങ്ങൾ പ്രാദേശിക സമൂഹങ്ങൾക്കും സർക്കാരിനും മുന്നറിയിപ്പ് നൽകുന്നു, വിഷ്ണുദാസ് പറഞ്ഞു. (Down to Earth, Aug 1, 2024)
ഇനിയെന്ത് ?
ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തങ്ങള്‍ കഴിഞ്ഞാലുണ്ടാകുന്ന ബാക്കിപത്രം ഈ ദുരന്തത്തില്‍ അവശേഷിച്ച മനുഷ്യര്‍ എങ്ങോട്ട് പോകുമെന്നതാണ്. അതിന് മുൻപ് അതിജീവിച്ചവരെയും രക്ഷപ്പെടുത്തിയവരുടെയും മാനസികാരോഗ്യം അടിയന്തര പരിചരണം ആവശ്യപ്പെടുന്നു. ഇതിന് വിദഗ്ദ്ധരുടെയും സന്നദ്ധ സംഘടനകളുടെയും സേവനം ലഭ്യമാക്കണം. ബാംഗ്ലൂര്‍ നിംഹാൻസിന്റെയും കോഴിക്കോട് ഇംഹാന്‍സിന്റെയും അനുഭവ പരിചയം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകും എന്നുള്ളത് ഒരു പ്രധാന ഘടകമാണ്.
മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇവരെ ഭരണകൂടവും പതിയെ നമ്മളും മറക്കും. ക്രമേണ അവര്‍ ഓര്‍മകളില്‍ നിന്നും ജീവിതത്തില്‍ നിന്നും മായ്ക്കപ്പെടും. അങ്ങനെ ഇല്ലാതിരിക്കണമെങ്കില്‍ ഇവരുടെ പുനരധിവാസം എന്നത് പ്രധാനമായി എടുത്ത് ഇവര്‍ക്ക് താമസിക്കാനുള്ള സുരക്ഷിതമായ ഇടവും തൊഴിലും ജീവനോപാധിയും ഉറപ്പ് ചെയ്യപ്പെടുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുക എന്നതാണ്. വെള്ളം കയറി താത്കാലികമായി മാറി തിരിച്ചു വരുന്നത് പോലെയല്ല ഇത്. ഇവിടെ ജീവിച്ചിരുന്നു എന്ന തെളിവും അതിരുകളും മാഞ്ഞു പോയ ഇടം. അവശേഷിച്ച സ്ഥലം സുരക്ഷിതവും ആവാസയോഗ്യവുമല്ല എന്ന സത്യം. എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട സ്ഥിതി. ഇതിനെ നേരിടുക എന്നത് ഒരു കടുത്ത വെല്ലുവിളിയാണ്. കൂടുതല്‍ സൂക്ഷ്മതയോടെ സുരക്ഷിതവും സുസ്ഥിരവുമായ ഒരു നയപരിപാടി തയ്യാറാക്കി അത് സുതാര്യമായും ഉത്തരവാദിത്വത്തോടെയും പ്രാവര്‍ത്തികമാക്കേണ്ടത് ഭരണകൂടത്തിന്റെ അതിപ്രധാനമായ കര്‍ത്തവ്യമാണ്.
ഭരണകൂടം പ്രകൃതിയോടും മനുഷ്യരോടും ചെയ്യുന്ന ചെയ്തുകൊണ്ടിരിക്കുന്ന തെറ്റായ നയ സമീപനങ്ങള്‍ മനസ്സിലാക്കി മനുഷ്യനോടും പ്രകൃതിയോടും ചേര്‍ന്നു നില്ക്കുന്ന നിലപാടിലേക്ക് നയം മാറ്റാനുള്ള ഒരവസരം കൂടിയായി ഈ അവസ്ഥയെ കാണണം. ഇവരെ കൂട്ടിപ്പിടിച്ച് ഒന്നായി മുന്നോട്ട് പോകേണ്ട സമയമാണിത്. ഇനിയും ഒരു ദുരന്തം വയനാട്ടില്‍ മാത്രമല്ല മറ്റിടങ്ങളിലും വരാതിരിക്കണമെങ്കില്‍ സര്‍ക്കാരും സംവിധാനങ്ങളും ജനങ്ങളോടൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
കവര്‍: വിത്സണ് ശാരദ ആനന്ദ്