അഞ്ചരബെല് അടിച്ചു.
വാള്‍പാറാവുകാരായ തടവുകാര്‍ കൂറ്റന്‍ മതില്കെട്ടിന്റെ പല ഭാഗങ്ങളിലെ പൗച്ചുകളില്‍ അവരവരുടെ കൈകളില്‍ കൈമാറി എത്തിയ അടയാള തകിടുകള്‍ നിക്ഷേപിച്ച് ചീഫ് വാര്‍ഡറുടെ മുമ്പില്‍ എല്ലാം സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത് സ്വന്തം ബ്ലോക്കുകളിലേയ്ക്ക് തിരിച്ചുപോയി. കാല്‍മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ടവര്‍ടോപ്പില്‍ എന്റെ പകരക്കാരനെത്തി. ‘ആള് ഈസ് വെല്‍’ പറയാനാകാതെ ഞാന്‍ താഴോട്ടിറങ്ങി. പകല്‍ ഡ്യൂട്ടിക്കാരാരും പുറത്തേയ്ക്ക് പോകാന്‍ പാടില്ലെന്നും ടവര്‍ പരിസരത്തോ ഒന്നാം ബ്ലോക്ക് പരിസരത്തോ ഉണ്ടാകണമെന്നും ആജ്ഞ വന്നു. പല ഭാഗത്തുനിന്നും പ്രതിഷേധ സൂചകമായ മുറുമുറുപ്പുകള്‍ കേള്‍ക്കാന്‍ കഴിയുമായിരുന്നു. ശിവരാജിനെ ചീത്തവിളിക്കുന്നവരും സൂപ്രണ്ട് സാറിന്റെ നടപടികളെ ഒച്ചതാഴ്ത്തി വിമര്ശിക്കുന്നവരുമുണ്ടായിരുന്നു. ശിവരാജിന്റെ ഭാവിയെപ്പറ്റി ഉല്ക്കണ്ഠപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. ചീഫ് വാര്ഡന് അതിരറ്റ വെപ്രാളത്തോടെ ഉഴറിനടന്നു. “ചന്ദനക്കാവിലമ്മേ! ഈ കുഴപ്പത്തില്‍ നിന്ന് ആരാണ് കരകയറ്റുക!”
ഞാന്‍ ഒന്നും മിണ്ടാനാകാതെ ഒന്നാം ബ്ലോക്ക് സെല്‍ കെട്ടിടത്തിന്റെ മുറ്റത്ത് നടന്നു. ഒന്നാമത്തെ സെല്ലില്‍ പീറ്റര്‍ മേസ്തിരി ഏങ്ങലടിക്കുന്നതും കുരിശ് വരയ്ക്കുന്നതും കാണാമായിരുന്നു. തൊട്ടടുത്തുള്ള സെല്ലുകളിലെ മാനസീക രോഗികള്‍പോലും ശിവരാജിന്റെ കാര്യത്തില്‍ വിലപിക്കുകയാണ്. അവരുടെയെല്ലാം പ്രിയപ്പെട്ടവനാണയാള്. പകല്‍സമയം, ബന്ധനവിമുക്തനാക്കപ്പെട്ട നാള് മുതല്‍ ശിവരാജ് പീറ്റര്‍ മേസ്തിരി യോടൊപ്പം അവരുടെ പരിചരണത്തില്‍ മുഴുകിയിരുന്നു. മാനസീകരോഗികളെ യഥേഷ്ടം മര്‍ദ്ദിക്കുന്ന സമ്പ്രദായം ശിവരാജ് അവസാനിപ്പിച്ചിരുന്നു. അവരുടെ മരുന്നുകള്‍ പതിവുതെറ്റാതെ നല്‍കുന്നതിലും ഒന്നാം ബ്ലോക്ക് മുറ്റത്ത് വീണുകിടക്കുന്ന ബീഡിക്കുറ്റി കള്‍ അവര്‍ പെറുക്കി വലിക്കാതിരിക്കുന്നതിലും അയാള്‍ നിഷ്കര്‍ഷിച്ചിരുന്നു. ഇത്തരം തടവുകാരെ ജയിലിന്നുള്ളില്‍ തന്നെ പാര്‍പ്പിക്കുന്നതിലെ അനൗചിത്യം അയാള്‍ നിരന്തരം ചോദ്യംചെയ്തു. ഇതുസംബന്ധിച്ച് നിരവധി ഹരജികള്‍ പരാതിപ്പെട്ടിയിലൂടെയും നേരായ വഴിയിലും അയാള്‍ അയച്ചിരുന്നു. കൈകള്‍ പുറത്തേക്കിട്ട് വാവിട്ട് കരയുന്ന അവരുടെ നേരെ നോക്കാതെ ഞാന്‍ സെല്‍ കെട്ടിടത്തിന്റെ അങ്ങേഅറ്റത്തേയ്ക്ക് നടന്നു. ഡ്യൂട്ടി വാര്‍ഡര്‍ കയ്യില്‍ റാന്തല്‍ വിളക്കുമായി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഓഫീസര്‍മാര്‍ ആരെങ്കിലും വന്നേക്കാമെന്നതിനാല്‍, റാന്തല്‍ വിളക്ക് താഴെ വെയ്ക്കാന്‍പോലും അയാള്‍ ഭയപ്പെട്ടു.
ഒന്നാംബ്ലോക്ക് ബാരക്ക് കെട്ടിടത്തില്‍ കമ്പിയഴികളില്‍ മുഖമമര്‍ത്തി നൂറുകണക്കായ തടവുകാര്‍ ആശങ്കപ്പെട്ട് ശിവരാജ് കയറിയ തെങ്ങിലേക്കും ഗേറ്റിലേക്കും നോക്കിക്കൊണ്ട് നില്ക്കുന്നു. ബാരക്കിനും ഗെയ്റ്റിനുമിടയില് കൂട്ടംകൂടി നില്ക്കുന്ന വാര്‍ഡര്‍മാര്‍ നാനാതരം ഊഹാപോഹങ്ങളില്‍ മുഴുകി.
എന്റെ നെഞ്ച് പടാപടാ മിടിക്കുന്നത് എനിക്ക് തന്നെ കേള്‍ക്കാം. ഞാന്‍ ശിവരാജിന്റെ സെല്ലിന്റെ മുമ്പില്‍ വരാന്തയില്‍ മുറ്റത്തേയ്ക്ക് കാല്തൂക്കായിട്ട് ഇരുന്നു. ഇവിടെ നൈറ്റ് ഡ്യൂട്ടിയുണ്ടാകുന്ന പല സന്ദര്‍ഭങ്ങളിലും ഇതേ സ്ഥാനത്താണ് ഞാന്‍ ഇരിക്കാറുള്ളത്; ശിവരാജിന് അഭിമുഖമായിട്ടാണെന്ന് മാത്രം.
സെല്ലിന്നുള്ളില് ശിവരാജ് ഉണ്ടാകും. പുറത്ത് വരാന്തയിലെ ഇലക്ട്രിക്ക് വെളിച്ചം അകത്ത് മങ്ങിയ കാഴ്ചയേ നല്‍കാറുള്ളൂ. അയാള്‍ അന്നന്ന് തയ്യാറാക്കുന്ന അപ്പീലുകളിലേയും ഹരജികളിലേയും സങ്കീര്‍ണ്ണതകളെപ്പറ്റി പറയും. തടവുകാരുടെ ദൈന്യതകളെപ്പറ്റി വ്യാകുലപ്പെടും. ഉദ്യോഗസ്ഥന്മാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളെപ്പറ്റി ക്ഷോഭിക്കും. അല്ലെങ്കില്‍ എന്റെ കുടുംബത്തിലെ വിവരങ്ങള്‍ അന്വേഷിക്കും.
സ്വന്തം കാര്യങ്ങള്‍ വളരെ വളരെ കുറച്ചു മാത്രമെ അയാളില്‍നിന്ന് പുറത്തുവരാറുള്ളൂ. കേസിന്നാസ്പദമായ കാര്യങ്ങള്‍ സംസാരവിഷയമാക്കാറേ ഇല്ല. ഒരു തിരിഞ്ഞുനോട്ടം അയാളെ വേദനിപ്പിച്ചെങ്കിലോ എന്ന് ഞാന്‍ ഭയപ്പെട്ടു.
എങ്കിലും ഒരു രാത്രിയില്‍ ഞാന്‍ ചോദിച്ചുപോയി: “ശിവരാജിന്റെ കേസില്‍പ്പെട്ട ആ പെണ്‍കുട്ടിയുടെ സ്ഥിതി എന്താണ്? അവള് ശിവരാജിന്റെ ആരാണ്?”
ശിവരാജ് കുറച്ചുനേരം മൗനമായി നിന്നു. കേസ് നടക്കുന്ന കാലത്ത് ആ പെണ്‍കുട്ടിയേയും ശിവരാജിനേയുംപറ്റി എന്തെന്തു കഥകളാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നത്! ശിവരാജിന്റെ ശബ്ദം അകലെ എവിടെനിന്നോ വരുന്നതുപോലെ തോന്നി: “ആ കുട്ടിയെ എനിക്ക് അറിയില്ല. മുമ്പും… പിമ്പും. വിചാരണക്കിടയില്‍, പ്രോസിക്യൂഷന് കൂറുമാറിയതായി പ്രഖ്യാപിക്കുന്ന ദിവസം കോടതിക്കൂട്ടിലാണ് ആ കുട്ടിയെ ആദ്യമായും അവസാനമായും കണ്ടത്. ഈ കേസുണ്ടായ ദിവസം കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരത്തിന്നടിയില് പിടയുന്ന നിലവിളിയുടെ രൂപം മാത്രമേ ഓര്‍ക്കുന്നുള്ളൂ.”
ശിവരാജിനെ അടുത്തറിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് തീര്‍ത്തും സത്യമാണെന്ന് എനിക്ക് ഉറപ്പായിരുന്നു. ചെയ്തത് ഏറ്റുപറയാനും പറയുന്നത് ചെയ്യാനും ധീരതയുള്ളവനാണ് അയാള്‍. അധാര്‍മ്മികമായതൊന്നും സ്പര്‍ശിക്കാനാകാത്ത വ്യക്തിത്വം. വഴിയാത്ര ക്കാരനായ ശിവരാജിനെ- അകലെ നിറുത്തിയിട്ട പോലീസ് വണ്ടിയെ- വഴിയരികിലെ വീട്ടില്‍ നിന്ന് ഉയരുന്ന അപരിചിതയായ പെണ്‍കുട്ടിയുടെ ആര്‍ത്തനാദം- ശിവരാജിന്റെ സാഹസികമായ ഇടപെടല്‍- എല്ലാം എനിക്ക് ഭാവനയില്‍ കാണാനും കേള്‍ക്കാനും കഴിയുമായിരുന്നു. ഇന്നിതാ ആര്‍ക്കൊക്കെയോ വേണ്ടി മറ്റൊരു സാഹസത്തിലേക്ക് എടുത്തുചാടുകയും, അതിദാരുണമായ അന്ത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ശിവരാജിന്റെ മുദ്രാവാക്യം വിളി അടഞ്ഞ ശബ്ദത്തില്‍ ചിലമ്പിച്ചു പോയിരുന്നു.
“ദിനകരന് സാറെ, ഇതും ഒരു ചെസ്സ് കളിയാണ്.” ശിവരാജ് എന്റെ പിറകിലിരുന്നു ചിരിക്കുന്നതുപോലെ തോന്നി. ഈ ചിരി എനിക്ക് സുപരിചിതമായിരുന്നു. ചെസ്സ് കളിക്കിടയില്‍ കുരുക്കില്‍ അകപ്പെടുമ്പോഴെല്ലാം അയാള്‍ ഈ വിധം ചിരിക്കുമായിരുന്നു. “ജീവിതത്തിലും ഇത്തരം കുരുക്കുകള്‍ സ്വാഭാവികമാണല്ലോ!”
നൈറ്റ് ഡ്യൂട്ടിക്ക് ഒന്നാം ബ്ലോക്ക് സെല്ലില്‍ വരുമ്പോള്‍, ഹെഡ് വാര്‍ഡറും, പകരം ഡ്യൂട്ടിക്കാരനും കുഴപ്പക്കാരല്ലെന്ന് ഉറപ്പുള്ളപ്പോള്‍ എന്റെ നിര്‍ബന്ധത്തിന് വഴങ്ങി ചെസ്സ് കളിക്കാന്‍ ശിവരാജ് തയ്യാറാകുമായിരുന്നു. രണ്ടാം ബ്ലോക്കിലെ ഡെറ്റിന്യൂ തടവുകാരുടെ മുറിയില്‍നിന്ന് ചെസ്സ് ബോര്‍ഡ് വാങ്ങി ശിവരാജിന്റെ കമ്പിയഴികള്‍ക്ക് മുമ്പില്‍ വരാന്തയില്‍ വിരിച്ചിടും. ചിലപ്പോള്‍ രാത്രി മുഴുവന്‍ നിലത്ത് പതിഞ്ഞിരുന്ന് ഞങ്ങള്‍ കളിച്ചുകൊണ്ടിരിക്കും. ഒന്നോ രണ്ടോ കളികള്‍. അതുതന്നെ നീണ്ടുനീണ്ടുപോകും. കുരുക്കുകള്‍, അയവുകള്‍, കുരുക്കുകള്‍, അയവുകള്‍… അവസാനം ഒട്ടും കുതറാനാകാത്ത അന്തിമക്കുരുക്കിലേക്ക്! ശിവരാജിന്റെ കരുനീക്കങ്ങള്‍ അതീവ ശ്രദ്ധയോടെയായിരുന്നു. ഒരു കാലാളെ നഷ്ടപ്പെടാതിരിക്കാന്‍ കുതിരകളെ ചിലപ്പോള്‍ അയാള്‍ ബലികൊടുക്കും. കുതിരയുടെ ചാടിച്ചാടിയുള്ള ആക്രമണം അത്രയൊന്നും പഥ്യമായിരുന്നില്ല അയാള്‍ക്ക്. “കാലാളുകളാണ് പ്രധാനം. നീണ്ടകാലംവെച്ച് നോക്കുമ്പോള്‍ കാലാളുകളാണ് ശക്തര്‍.” Hit & Run യുദ്ധത്തിലെ പ്രധാനരീതിയായി സ്വീകരിക്കരുതെന്നും അയാള്‍ പറയും. അയാളുടെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അരണ്ട വെളിച്ചത്തില്‍ തെങ്ങിന് മുകളില്‍ ചാരി ഇരിക്കുന്ന ശിവരാജിനെ കാണാന്‍ ഞാന്‍ ഉറ്റുനോക്കി. സെല്‍ വരാന്തയിലും ബ്ലോക്കിലും ബള്‍ബുകള്‍ എരിയാന്‍ തുടങ്ങിയിരുന്നു. പടിഞ്ഞാറെ ആകാശത്തില്‍ പ്രകാശം മങ്ങിയിരിക്കുന്നു. അതുകൊണ്ട് ശിവരാജിന്റെ രൂപം അവ്യക്തമായിരിക്കുന്നു. ഇയാള്‍ ആരാണ്? ബലഹീനനായ കാലാളോ? റാണിയായി പരിവര്‍ത്തനപ്പെടാന്‍ പോകുന്ന ശക്തനായ കാലാളോ? അതോ നാനാഭാഗത്തുനിന്നും വലയം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ദുര്‍ബലനായ രാജാവോ? എന്റെ ഇടനെഞ്ചില്‍ ഒരു ഭാരിച്ച കല്ലുവീണതുപോലെ.
വലയം മുറുകി വരുക തന്നെയായിരുന്നു. പുറത്ത് പ്രധാന ഗെയ്റ്റ് വലിയ ശബ്ദത്തോടെ തുറക്കപ്പെട്ടു. ഏതാനും നിമിഷങ്ങള്‍ക്കകം പരിവാരസമേതം സൂപ്രണ്ട് സാര്‍ ഒന്നാം ബ്ലോക്ക് ബാരക്കിന്റെ മുറ്റത്ത് എത്തിച്ചേര്‍ന്നു. ബാരക്കിന്റെ കമ്പിയഴികള്‍ക്കപ്പുറം തടവുകാരുടെ ശിരസ്സുകള്‍ അപ്രത്യക്ഷമായി. ചെറിയാന് ഹെഡ്ഡിന്റെ നേതൃത്വത്തില്‍ മര്ദ്ദകലോബി ടവര്മുറ്റത്തുനിന്ന് ഒന്നാംബ്ലോക്കിന്റെ വാതില്‍ക്കലേക്ക് ചുവടുവെച്ചുകൊണ്ടിരുന്നു. ശിവരാജിന്റെ മുദ്രാവാക്യം വിളിയും പാട്ടുകളും അടഞ്ഞ ശബ്ദത്തിലാണെങ്കിലും, അന്തരീക്ഷം മുഴുവന്‍ അലയടിക്കുന്നുണ്ടായിരുന്നു.
അയാള്‍ പാടി.
“ഞാന്‍ വരിച്ചതൊരു വേറിട്ട പാത.*
ഞാന്‍ നടന്നതൊരു വേറിട്ട പാത.
കുറുക്കല്ല പാത, എളുതല്ല തെല്ലും
ഞാന്‍ നടന്നതൊരു വേറിട്ട പാത.
തീവ്രമാം ഇഛയാല്‍,
വിശ്വാസ ദൃഢതയില്‍
ഞാന്‍ വരിച്ചതൊരു വേറിട്ട പാത….”
ശിവരാജിന്റെ ശബ്ദത്തെ അമര്‍ത്തിക്കൊണ്ട് വലിയ സൈറണ്‍ മുഴക്കത്തോടെയും, നീല ബീക്കണ്‍ ലൈറ്റുകള്‍ പ്രകാശിപ്പിച്ചുകൊണ്ടും രണ്ട് ഫയര്‍ എഞ്ചിനുകള്‍ ജയില്‍ ടവറിന്നടുത്തേക്ക് ഇരമ്പിയെത്തി. വലിയ രണ്ട് ടാങ്കര്‍ലോറികളും ടവര്‍ മുറ്റത്ത് വന്നുനിന്നു. ജയിലന്തരീക്ഷം മുഴുവന്‍ കിടുങ്ങിവിറച്ചു. തടവുകാര്‍ ഉദ്വേഗത്തോടെ അഴികള്‍ക്ക് സമീപം തിരിച്ചെത്തി.
ഫയര്‍ ഓഫീസറും സഹ ഉദ്യോഗസ്ഥന്മാരും ചാടി ഇറങ്ങി സൂപ്രണ്ട് സാറിന്റെ മുമ്പിലേക്ക് മാര്‍ച്ച്ചെയ്തു. അദ്ദേഹത്തിന്റെ മുമ്പില്‍ അറ്റന്‍ഷനായി നിന്ന് അവര്‍ സല്യൂട്ട് ചെയ്തു. പ്രത്യഭിവാദ്യം ഉണ്ടായിരുന്നില്ല.
സൂപ്രണ്ട് സാര്‍ എന്താണ് പറഞ്ഞതെന്ന് കേള്‍ക്കാനായില്ല. ഫയര്‍ ഓഫീസര്‍ എഞ്ചിന്നടുത്തേയ്ക്ക് തിരിച്ചുപോയി. നിമിഷങ്ങള്‍ക്കകം ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ അവര്‍ ശിവരാജിനെ ലൊക്കേറ്റ് ചെയ്തു.
“മിസ്റ്റര്‍ ശിവരാജ്”, ഫയര്‍ ഓഫീസറുടെ ശബ്ദം മൈക്കിലൂടെ മുഴങ്ങി. “നിങ്ങളെ ഇറക്കാനാണ് ഞങ്ങള്‍ എത്തിയിട്ടുള്ളത്. നിങ്ങള്‍ സഹകരിക്കുക.”
മൈക്കില്ലെങ്കിലും ശിവരാജിന്റെ മറുപടിയും മുഴങ്ങുന്നതായിരുന്നു. “ഞാന്‍ അബദ്ധത്തില്‍ ഈ തെങ്ങിന്മുകളില് എത്തിപ്പെട്ടതല്ല, ഓഫീസര്‍. ഇത് ഒരു സമരമാണ്. തടവുകാരുടെ ജീവിതത്തിന് വേണ്ടിയുള്ള സമരം. തടവുകാരും മനുഷ്യരാണെന്ന് ബോധ്യപ്പെടുത്താനുള്ള സമരം. ഈ സമരത്തില്‍ താങ്കളും എന്നോട് സഹകരിക്കുക.”
“സോറി മിസ്റ്റര്‍ ശിവരാജ്”… ഫയര്‍ ഓഫീസര്‍ പറഞ്ഞു: “ഞങ്ങള്‍ ഉത്തരവുകളാല്‍ ബന്ധിതരാണ്. നിങ്ങളെ ഇറക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്.”
ശിവരാജ് അതിന് മറുപടി പറയാതെ മുദ്രാവാക്യം തുടര്‍ന്നു.
“ക്വാറന്റയിനില്‍ മര്‍ദ്ദനമേറ്റ് കഴിയുന്ന തടവുകാരെ ജയില്‍ ആസ്പത്രിയില്‍ എത്തിക്കുക, മര്‍ദ്ദകരെ ശിക്ഷിക്കുക.”
“സൂപ്രണ്ട് പുലികേശനെ സസ്പന്റ് ചെയ്യുക.”
രണ്ട് ഫയര്‍ ഉദ്യോഗസ്ഥന്മാര് തെങ്ങിനടുത്തേക്ക് ചുവടുവെച്ചു. അവരുടെ തൊട്ടുമുമ്പിലായി ഒരു കുല തേങ്ങ വീണ് ചിതറി. അവര്‍ ഞെട്ടി പുറകോട്ട് മാറി.
ശിവരാജ് വിളിച്ചുപറഞ്ഞു: “ആരും തെങ്ങിന്നടുത്തേയ്ക്ക് വരരുത്. ആരെയും ആക്രമിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കരുത്.” അയാളുടെ ശബ്ദത്തിലെ കാര്‍ക്കശ്യം അയാള്‍ അത് ചെയ്യുമെന്നുതന്നെ സൂചിപ്പിച്ചു.
ഫയര്‍ ഓഫീസര്‍ സൂപ്രണ്ട് സാറിന്റെ മുമ്പില്‍ ചെന്ന് അല്പനേരം ആലോചനയില്‍ മുഴുകി.
അഞ്ച് മിനിട്ട് ജയിലിലെ എല്ലാ ലൈറ്റുകളും ഓഫായി. ഫയര്‍ ഉദ്യോഗസ്ഥന്മാരുടെ ഹെഡ്ലൈറ്റും അണഞ്ഞു. സര്‍വ്വത്ര കൂരിരുട്ട് നിറഞ്ഞു. വീണ്ടും ലൈറ്റ് തെളിഞ്ഞപ്പോള്‍ ശിവരാജ് കയറിയ തെങ്ങിന്റെ ചുറ്റും അഞ്ചടി പൊക്കത്തില്‍ വിശാലമായ വല രൂപപ്പെട്ടുകഴിഞ്ഞിരുന്നു.
നാനാഭാഗത്തുനിന്നും ഹെഡ്ലൈറ്റുകളുടെ പ്രകാശം അയാളുടെ മേല്‍ പതിച്ചുകൊണ്ടിരുന്നു.
“ചാര്‍ജ്ജ്!” ഫയര്‍ ഓഫീസര്‍ ഗര്‍ജ്ജിച്ചു.
ടാങ്കര്‍ലോറിയില്‍ ഘടിപ്പിച്ചിരുന്ന പമ്പ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പൈപ്പ് തെങ്ങിന്റെ മുകളിലെ ശിവരാജിനെ തന്നെയാണ് ലക്ഷ്യം വെച്ചിരുന്നത്. കുറച്ചുനേരം അയാള്‍ അത് ആസ്വദിക്കുന്നതുപോലെതോന്നി. ഒരു കുളി തരപ്പെടുത്തിയതിന് അയാള്‍ ഫയര്‍ ഓഫീസര്‍ക്ക് നന്ദിപറഞ്ഞു. മഴയത്തേക്കിറങ്ങിയ ഒരു കുട്ടിയെപോലെ അയാള്‍ ചാടിക്കളിച്ചു. ക്രമേണ അയാളുടെ ചാട്ടം നിലച്ചു. അയാള്‍ ഷര്‍ട്ടൂരി നിവര്‍ത്തിപിടിച്ചു ജലധാരയെ പ്രതിരോധിക്കാന്‍ പാടുപെട്ടു. ഏറെനേരം അയാള്‍ക്കങ്ങിനെ ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഷര്‍ട്ട് അയാളുടെ കയ്യില്‍നിന്ന് പിടിവിട്ട് തെറിച്ചുപോയി. ജലധാരയില്‍ കരിക്കുകളും നാളികേരവും ഓലക്കണ്ണിയും കൊതുമ്പുമെല്ലാം അടര്‍ന്ന് താഴെ പതിച്ചുകഴിഞ്ഞിരുന്നു. അതിനാല്‍ തെങ്ങില്‍ സ്വയം മറഞ്ഞിരിക്കാന്‍ കഴിയാത്ത വിധം അയാള്‍ തുറന്നുകാട്ടപ്പെട്ടു. അതിദീര്‍ഘമായ ജലധാരയില്‍ അയാള്‍ കുളിര്‍ന്നു വിറച്ചു. ഒരു മുരള്‍ച്ചയോടെ ആദ്യത്തെ പമ്പ് നിശ്ചലമായി.
ശിവരാജ് തന്റെ ഉടുമുണ്ടഴിച്ച് തെങ്ങിന്തടിയില് ഒരു കുരുക്കുണ്ടാക്കി. ആ കുരുക്കിന്നുള്ളിലേക്ക് സ്വയം ഊര്‍ന്നിറങ്ങി. അയാളുടെ പാദങ്ങള്‍ ചവിട്ടില്‍ ഉറപ്പിച്ച് രണ്ട് കൈകളും വിരുത്തി ഓലമടലില്‍ അള്ളിപ്പിടിച്ചു നിന്നു. ഉടുമുണ്ട് അയാളുടെ വയറിനെ തെങ്ങുമായി ചേര്‍ത്ത് ബന്ധിച്ച നിലയില്‍ കുടുങ്ങിക്കിടന്നു. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍, ഒരു ടാബ്ളോയിലെന്നപോലെ, കുരിശില്‍ തറയ്ക്കപ്പെട്ട യേശുവിനെ അനുസ്മരിപ്പിച്ചു.
രണ്ടാമത്തെ പമ്പും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇത്തവണ ജലപ്രവാഹത്തെ യാതൊരു മറവുമില്ലാതെ അയാള്‍ ഏറ്റുവാങ്ങി. അയാള്‍ നെഞ്ച് വിരിച്ചുനിന്നു. വെള്ളത്തിന്റെ ആഞ്ഞടിയേറ്റ് കൈകള്‍ വിട്ടുപോകാതിരിക്കാന്‍ അയാള്‍ ഓലമടലില്‍ അള്ളിപിടിച്ചു നിന്നു. മുഖത്തേക്ക് വീഴുന്ന വെള്ളം മൂക്കിന്നകത്തേക്ക് കയറാതിരിക്കാന്‍ അയാള്‍ തല അല്പം ചെരിച്ചുപിടിച്ചിരുന്നു. ശബ്ദിക്കാനാവാതെ അയാളുടെ മുദ്രാവാക്യം നിലച്ചിരുന്നു. എങ്കിലും മനോഹരമായ ഒരു മന്ദഹാസം ആ മുഖത്ത് വിരിഞ്ഞുനിന്നു.
ഞാന്‍ നടന്ന് നടന്ന് പീറ്റര്‍ മേസ്തിരിയുടെ സെല്ലിന്റെ മുമ്പില്‍ എത്തിക്കഴിഞ്ഞിരുന്നു. സാധുവായ ആ മനുഷ്യന് പൊട്ടിക്കരയുകയാണ്. സമാധാനിപ്പിക്കാന്‍ വാക്കുകളില്ലാതെ, ശക്തിയില്ലാതെ ഞാന്‍ തളര്‍ന്ന് നിന്നു. പെട്ടെന്ന് അയാളുടെ നിലവിളി വലിയ അലര്‍ച്ചയായി രൂപാന്തരപ്പെട്ടു. “ഞങ്ങളുടെ ശിവരാജിനെ രക്ഷിക്കൂ! ശിവരാജിനെ രക്ഷിക്കൂ!” “മര്‍ദ്ദകരെ ശിക്ഷിക്കൂ” പീറ്റര്‍ മേസ്തിരിയുടെ അലര്‍ച്ച ഒന്നാം ബ്ലോക്കിലെ എല്ലാ സെല്ലിലും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അത് ഒന്നാം ബ്ലോക്ക് സെല്ലില്‍ നിന്നും മറ്റു ബ്ലോക്കുകളിലേക്കും പടര്‍ന്നു. ജയിലിലെ ആയിരക്കണക്കായ കണ്ഠങ്ങളില്‍നിന്ന് അതേ മുദ്രാവാക്യം വലിയ ഇടിമുഴക്കമായി പ്രകമ്പനംകൊണ്ടു.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്മാര് ശിവരാജിന്റെ ശരീരം നിലത്തേയ്ക്ക് താഴ്ത്താന്‍ തുടങ്ങുമ്പോഴേക്കും ചെറിയാന് ഹെഡ് വാര്‍ഡറും കൂട്ടുകാരും കുതിച്ചെത്തിക്കഴിഞ്ഞിരുന്നു; പ്രതികാരദാഹത്തോടെ.
അവരുടെ നേരെ കണ്ണയച്ചുകൊണ്ട് സൂപ്രണ്ട് പുലികേശന് ഉച്ചത്തില്‍ ആജ്ഞാപിച്ചു.
“ഡ്യൂട്ടിയിലുള്ളവര്‍ ഡ്യൂട്ടി പോസ്റ്റിലേക്ക്!
പകല്‍ ഡ്യൂട്ടിക്കാര്‍ ഉടന്‍ പുറത്തേക്ക്!”
അദ്ദേഹത്തിന്റെ തൊട്ടടുത്ത് കുരിശുവരിച്ച യേശുവിന്റെ ആകാരനിലയില് ശിവരാജിന്റെ ശരീരം നിലത്തുകിടത്തി.
ആയിരത്തില്‍പരം കാലാളുകള്‍ ശിവരാജിന്റെ പ്രതിജ്ഞ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.