ഒരു പുറംനാട്ട് കാഴ്ചയും നോട്ടങ്ങളെ അട്ടിമറിക്കുന്ന ‘ഗില്ലാപ്പി’മാരും
ഫാൻസ് ആഘോഷമോ ഉത്സവകാല ആനുകൂല്യമോ സൂപ്പർതാരനിരസാന്നിധ്യമോ ഇല്ലാതെ തിയ്യറ്ററിൽ എത്തിയ ‘അഞ്ചക്കള്ള കോക്കാൻ – പൊറാട്ട്’ നാളിതുവരെയുള്ള സിനിമാ കാഴ്ചകളെ പരിചരിക്കുന്ന വിധം എപ്രകാരമാണ് ?
നാടോടിക്കഥാമട്ടിൽ കോക്കാനും നാട്ടുകാര്യങ്ങളും ആട്ടവും പാട്ടും സംഘട്ടനവുമായി തകർക്കുന്ന വിഷ്വൽ എഫക്ടും പൊറാട്ട് എന്ന ദൃശ്യാവതരണ സങ്കലനവും ബ്ലെൻഡ് ചെയ്ത് നിർവഹിക്കുന്ന ചലച്ചിത്ര വിനിമയം കാഴ്ചയുടെ യുക്തിയിൽ ഇടപെടുന്നത് എപ്രകാരമാണ്?
ദൃശ്യഭാഷ നിർണയിക്കുന്ന കാലപരിധി കാഴ്ചയിൽ കൊണ്ടുവരുന്ന ഗതിവിഗതികൾ എന്തെല്ലാമാണ് എന്നതിന്റെ അതിഹ്രസ്വമായ ആലോചനയാണ് ഈ കാഴ്ചക്കുറിപ്പ്.

ഒരു പൊറംനാട്ട് നാടകമായി ചലച്ചിത്രഭാഷയെ മിക്സ് ചെയ്ത് പാട്ടും നൃത്തവും, സിനിമാറ്റിക്കായി പറഞ്ഞാൽ അടി, ഇടി, വെടി, പുകയുമായി കാഴ്ചയുടെയും കേൾവിയുടെയും പുതു ഇരമ്പം സാധ്യമാക്കുന്നു പ്രാഥമികമായി സിനിമ. സിനിമയിലെ സ്ഥലം പുറം നാടാണ്. സിനിമയുടെ പേരിലും കഥയ്ക്കുള്ളിലും ‘പൊറാട്ട്’ ഉണ്ട്. പല കാരണങ്ങളാൽ പുറത്താക്കപ്പെട്ടവരുടെ ആവിഷ്കാരം കൂടിയാണ് പൊറാട്ട്.പാലക്കാട് – വള്ളുവനാട് ഭാഗങ്ങളിലുള്ള പൊറാട്ട് നാടകത്തിന് ‘ദേശക്കളി ‘ എന്നും പേരുണ്ടല്ലോ. സിനിമയിലും ഒരു ദേശം മിഴിവോടെ നിൽക്കുന്നു.കാളഹസ്തി എന്ന ഭാവനാസ്ഥലം. അവിടത്തെ പോലീസ് സ്റ്റേഷനെ കേന്ദ്രീകരിച്ചാണ് കഥയുടെ കേസുകെട്ടുകൾ രേഖീയമല്ലാതെ തുറന്ന് വരുന്നത്. എസ്റ്റേറ്റ് മുതലാളിയുടെ മരണവും,കേസന്വേഷണം നിർവഹിക്കുന്ന പോലീസും,സ്ഥലവാസികളും,കുടിയേറ്റ ഭൂമികയും ചേർന്ന സ്ഥല -ജന നിർമ്മിതി . തങ്കമണി സംഭവത്തെക്കുറിച്ചുള്ള പരാമർശം നൽകുന്ന കാലസൂചന. ഈ സ്ഥല-കാലങ്ങൾക്കിടയിൽ പുതുതായെത്തുന്ന പോലീസുദ്യോഗസ്ഥന്റെ ഓർമ്മയിലെ ബാല്യവും പൊറാട്ടവതരണത്തിൽ ഇഴ ചേർന്ന കുടുംബവൃത്തവും ചലച്ചിത്ര ഭാഷയെ ചടുലമാക്കുന്ന രീതിയിൽ മിശ്രണം ചെയ്തിരിക്കുന്നു.

മരിച്ച എസ്റ്റേറ്റ് മുതലാളിമാരുടെ മക്കളായ ഗില്ലാപ്പിമാർ സ്ഥലത്തെത്തുന്നതോടെ സിനിമ വേറൊരു ലെവലായി സ്റ്റീരിയോടൈപ്പ് ക്രൈം ത്രില്ലർ ഴാനറു (Genre)കളെ അട്ടിമറിക്കുന്നിടത്താണ് കാഴ്ചയിൽ ഉദ്വേഗത്തിന്റെ ഏറ്റിറക്കങ്ങൾ കൊണ്ടുവരുന്നത്. ക്രൈം ത്രില്ലറുകളെ സ്പൂഫ് ചെയ്യുന്ന തരത്തിലുള്ള ഗില്ലാപ്പിമാരുടെ പ്രകടനങ്ങൾ, ടിപ്പിക്കൽ പോലീസ് മസിൽ പെരുക്കങ്ങളെ ഇളിഭ്യമാക്കുന്ന മാതൃകാവ്യതിയാനങ്ങൾ … ഇങ്ങനെ കാലാകാലങ്ങളായി മനസ്സിൽ അളിഞ്ഞ് കിടക്കുന്ന ദൃശ്യവിസ്തൃതികളെ വകഞ്ഞും വെല്ലുവിളിച്ചും തോൽപ്പിച്ചും മുന്നേറുന്ന പൊറാട്ട് കൂടിയായി മാറുന്നു ‘അഞ്ചക്കള്ള കോക്കാൻ ‘കാഴ്ചയിൽ.

ഗില്ലാപ്പികൾ
അതിനാൽ തന്നെ സാമ്പ്രദായികമായ കാഴ്ചയും അഭിരുചിയും പുറംകാല് കൊണ്ട് ചവിട്ടി പുറത്താക്കുകയാണ് ഈ പൊറാട്ട് സിനിമ. ആധുനിക നാഗരികത ഗ്രാമങ്ങളെ വളഞ്ഞ് അരുക്കാക്കിയ 80 കളിലെ ഫാഷനുകളോടൊപ്പം നാട്ടുപാട്ടിന്റെ ചാറ്റുകളും സമരസപ്പെടുത്തി കാവിലെ പാട്ടുത്സവത്തെ കൂവിത്തോൽപ്പിക്കുന്നു. അടി, വെടികൾ കൊണ്ട് ചോരയിൽ ചലിക്കുന്ന വയലൻസ് വ്യവഹാരങ്ങളെ സ്പൂഫാക്കിയും , കഥ കെട്ടി യാഥാർത്ഥ്യ പ്രതീതി ജനിപ്പിക്കാൻ പാടുപെടുന്ന കമേഴ്സ്യൽ സിനിമയുടെ ഏങ്കോണിപ്പുകളെ സർറിയൽ, മാജിക്കൽ തലങ്ങൾ കൊണ്ട് ബ്ലെൻഡു ചെയ്തും രൂപപ്പെടുന്ന ചലച്ചിത്രഭാഷ,ചൊരുക്കുള്ള നിറക്കൂട്ടിൽ ഭാവനയുടെ സ്ഥലരാശി (Imaginary Space)യെ,വേഗ ചലനങ്ങളുടെ ഫ്രെയിമുകൾ കൊണ്ട് കാഴ്ചയെ, ഇളക്കിമറിക്കുന്നു. ഉല്ലാസ് ചെമ്പൻ എന്ന സംവിധായകനൊപ്പം സിനിമയിലെ ഗില്ലാപ്പിമാരായ സാങ്കേതിക വിദഗ്ദ്ധരും അവരുടെ തനിനിറം കാണിച്ചു എന്നതാണ് നവ്യാനുഭവമായി സിനിമ മുദ്രിതമാകുന്നത്.

ഉല്ലാസ് ചെമ്പൻ (സംവിധായകൻ)
ആണധികാരത്തിന്റെ വെറികളിൽ നിസ്സഹായരും ഇരകളുമായിപ്പോകുന്ന സ്ത്രീജീവിതത്തിന്റെ
ആവിഷ്ക്കാരവും രാഷ്ട്രീയാധികാരത്തിന്റെ കുതന്ത്രവും അവസരവാദ – നിലനില്പ് നയങ്ങളുടെ വെളിപ്പെടുത്തലും ചലച്ചിത്ര കഥാഘടനയ്ക്കകത്ത് സൂചനകളും കഥയെ നിർണ്ണയിക്കുന്ന വഴിത്തിരിവുകളും ആയി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.
കുടിയേറ്റക്കാരും അവർക്കിടയിലെ ശ്രേണീബന്ധങ്ങളും ഇരുസംസ്ഥാന കലർപ്പുള്ള ഭാഷാഭൂമികയും ഈ സങ്കല്പ സ്ഥലരാശിയെ നിർണയിക്കുന്നു. കള്ളന്മാരും വാറ്റുചാരായക്കാരും കൊലപാതകികളും ഉൾപ്പെടുന്ന അസംഖ്യം തെമ്മാടികൾ മുഖമറയില്ലാതെ ആ സ്ഥലത്തിന്റെ ഇരുൾ ചുവപ്പാർന്ന കലക്കങ്ങളിൽ തെളിമയോടെ വരുന്നു. സിനിമോട്ടോഗ്രഫി നിർവ്വഹിച്ച അർമോ കൃത്യമായി ഇടപെട്ടിരിക്കുന്നു. ഇരയും വേട്ടക്കാരനും ഷിഫ്റ്റ് ചെയ്യപ്പെടുന്ന സന്ദർഭയുക്തിയുടെ പുറംനാട്ട് പ്രഹേളികകളിൽ മലയണ്ണാനും കാട്ടുമുയലും പന്നിയും ഉൾപ്പെടെയുള്ള വനജീവിത ശൃംഖലകളും വെടിച്ചില്ല് വമിക്കുന്ന ഫ്രെയ്മുകളെ കാഴ്ച കൊണ്ടും കേൾവി കൊണ്ടും ഭരിക്കുന്നു. ദൃശ്യഭാഷയിലെ പുതുവിനിമയമായി സിനിമ മാറുന്നു.
ചെമ്പൻ വിനോദ്, ലുക് മാൻ , മണികണ്ഠൻ ആചാരി, മേഘാ തോമസ്, അച്യുതാനന്ദൻ, ശ്രീജിത് രവി എന്നിവരുടെ അഭിനയ മികവ് മാത്രമല്ല, ഓരോ സീനിലും നാട്ടുമനുഷ്യന്മാരായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളും ഉൾച്ചേർന്ന താരപദവിയുടെ വികേന്ദ്രീകൃത ജനാധിപത്യമാണ് സിനിമയെ ‘സീനാ ‘ക്കുന്നത്. സൗണ്ട് എഫക്ട് , വിഷ്വൽ എഫക്ട് എന്നിവ ഉചിതമായി സന്നിവേശിപ്പിച്ച സാങ്കേതിക കലാകാരന്മാരും ഈ പദവിയിൽ നിന്ന് പുറത്താകുന്നില്ല. നാടൻ ശീലുകൾ മുതൽ ദേശകാലാതീതമായ സംഗീതത്തിന്റെ വിവിധ താനങ്ങൾ ഉചിതമായി പ്രസരിപ്പിച്ച് ചലച്ചിതക്കാഴ്ചയെ ശബ്ദം കൊണ്ട് പൊലിപ്പിക്കുന്നു മണികണ്ഠൻ അയ്യപ്പയുടെ സംഗീത നിർവഹണം .
തറഞ്ഞ് പോയ അഭിരുചികളെ , കാഴ്ചയുടെ ടിപ്പിക്കൽ ഉപബോധങ്ങളെ ചലച്ചിത്ര ഭാഷ കൊണ്ട് പ്രകോപിപ്പിക്കുകയാണ് സിനിമ. ആട്ടവും പാട്ടും ഇടി – വെടിയൊച്ചകളും പ്രേക്ഷകന്റെ നിലവിലുള്ള അഭിരുചികളിൽ തട്ടി പുതു നോട്ടപ്പാടുകൾ തീർക്കുന്നിടത്താണ് ‘അഞ്ച ക്കള്ള കോക്കാൻ – പൊറാട്ട് ‘കുട്ടിക്കഥയിലെ ഭീതി പോലെ കാഴ്ചയുടെ ഇരുൾ നിറഞ്ഞ പശ്ചാത്തലത്തിൽ നിറയൊഴിക്കുന്നത്.
കവർ : സി പി ജോൺസൻ
Images : Google Images