ജനുവരി 13 മുതൽ 19 വരെയാണ് പയ്യന്നൂരിലേ കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ പ്രമുഖ ചിത്രകാരന്മാരായ പ്രസാദ് കാനത്തുങ്കാൽ, രതീഷ് കക്കാട്ട്, സജീന്ദ്രൻ കാറടുക്കം, വിനോദ് അമ്പലത്തറ എന്നിവരുടെ സംഘ ചിത്ര പ്രദർശനമായ ” ഒറൂണ്ട് “സംഘടിപ്പിച്ചത്. അനുദിനം ചുറ്റിലുമുള്ള ജൈവിക കാഴ്ചകൾ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ പ്രാദേശികതയെ സൂക്ഷ്മമായി അടയാളപ്പെടുത്തിയ മിനിയേച്ചർ ചിത്രങ്ങളായിരുന്നു പ്രദർശനത്തിന്റെ സവിശേഷത. ദേശത്തിന്റെ ചരിത്രം അടയാളപ്പെടുത്തുമ്പോൾ ഇവയ്ക്കുള്ള പ്രാധാന്യം അനിഷേദ്ധ്യമാണ് . അത് കൊണ്ട് തന്നെ ആസ്വാദകർക്ക് വേറിട്ടൊരു അനുഭവമായിരുന്നു ഈ ചിത്രങ്ങൾ നൽകിയത്.
നാലുപേരുടെയും രചനകൾ വായനാക്കാർക്കായി ഇതോടൊപ്പം ചേർത്തിട്ടുണ്ട് . അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കു വെക്കുകയും ചെയ്യുന്നു . ഒറൂണ്ട്എന്ന സവിശേഷമായ വാമൊഴി തലക്കെട്ട് കൊടുത്തു കൊണ്ട് ഇത്തരമൊരു സംഘ പ്രദർശനം സംഘടിപ്പിക്കാനുള്ള ആശയം, തയ്യാറെടുപ്പ് ,പ്രാദേശികമായ കാഴ്ചകളുടെ വിവിധ ആവിഷ്കാരത്തെ പയ്യന്നൂരിലെ ആസ്വാദകർ എങ്ങനെ നോക്കിക്കണ്ടു , പ്രദർശനത്തിന്റെ ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടുള്ള തുടർ പ്രവർത്തനങ്ങൾ എന്തൊക്കെ എന്നീ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഇവിടെ പരാമർശിക്കുന്നത് .
പ്രസാദ് കാനത്തുങ്കാൽ
ഒറൂണ്ട് പ്രദർശനത്തിനുള്ള പ്രാരംഭ ചർച്ചകൾ രണ്ട് വർഷം മുമ്പേ നടന്നു എന്ന് പറയാം. കോവിഡിന്റെ അടച്ചിടലുകളുടെ ഒരു തുടക്കകാലം കൂടി ആയിരുന്നു അത്. ഒരു സംഘ ചിത്രപ്രദർശനത്തിന് വേണ്ട പണം സ്വരൂപിക്കാൻ വേണ്ടി ഒരു ചിട്ടിയിൽ ചേരാൻ തീരുമാനിക്കുന്നത് അങ്ങനെയാണ്. ഏതാണ്ട് അതേ നാളുകളിൽത്തന്നെയാണ് സ്വന്തം ഗ്രാമത്തിലൂടെ യാത്ര ചെയ്ത് ചിത്രങ്ങൾ വരയ്ക്കുന്ന ഒരു രീതിയിലേക്ക് ഞാനും വിനോദേട്ടനും എത്തിച്ചേർന്നതും. ഞങ്ങൾ നാലുപേരുടെയും ചിത്രങ്ങളിൽ പൊതുവായി കണ്ടിരുന്ന ഒരു വസ്തുത ,വളരെ വ്യത്യസ്തമായ രീതിയിൽ ആയിരുന്നു ചിത്രരീതി എങ്കിലും കാസറഗോഡ് എന്ന നാടിനെ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ ആയിരുന്നു അവയെല്ലാം എന്നുള്ളതാണ്. ഉറവയുള്ള കുഴി എന്ന് അർത്ഥം വരുന്ന പ്രാദേശിക പദമായ ‘ഒറൂണ്ട്’ എന്ന പേര് പ്രദർശനത്തിന് നൽകിയത് അങ്ങനെയാണ്.
കലാസ്വാദനം എന്നത് പയ്യന്നൂരിലെ ജനതയ്ക്കു നല്ല മുൻപരിചയം ഉള്ള ഒരു കാര്യമാണെന്ന് തോന്നുന്നു. ഏറെ താൽപ്പര്യത്തോടുകൂടി ചിത്രങ്ങളെ നോക്കികാണുന്നതും കലാകാരനുമായി നേരിട്ടൊരു ആശയവിനിമയത്തിനു തയ്യാറാകുന്നതും ഒക്കെ സൂചിപ്പിക്കുന്നത് അതാണ്. പുതിയതായൊരു ആശയം പങ്കു വയ്ക്കുവാൻ അനുയോജ്യമായ ഒരു പരിതസ്ഥിതി പയ്യന്നൂരിൽ ഉണ്ട് എന്നത് നേരിട്ടറിയാൻ സാധിച്ചു.
രണ്ടോ മൂന്നോ മാസത്തിനുള്ളിൽ തന്നെ മറ്റൊരു സ്ഥലത്ത് വേറിട്ടൊരു രീതിയിൽ പ്രദർശനത്തിനുവേണ്ടി തയ്യാറെടുക്കുകയാണ് ഞങ്ങൾ . എല്ലാം പുതിയ ചിത്രങ്ങൾ തന്നെ ആവണം എന്ന ഒരു ചിന്ത ഉള്ളതിനാൽ ചിത്രങ്ങൾ തയ്യാറാക്കൽ ആരംഭിച്ചിട്ടുണ്ട്
പ്രസാദിന്റെ ചില ചിത്രങ്ങൾ
രതീഷ് കക്കാട്ട്
കൊറോണ എന്ന മഹാമാരി ഒരുവിധം എല്ലാ മേഖലകളേയും ബാധിച്ചപ്പോൾ ആ പ്രതിസന്ധി ഘട്ടത്തിലെ ഒറ്റപ്പെടലുമായി മാനസികമായി പൊരുത്തപ്പെടാൻ വരകളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു . ഈ അവസരം ചിത്ര രചനക്കായി ഉപയോഗിക്കാൻ പറ്റി എന്നുള്ളതാണ് സത്യം . ഒറ്റപ്പെടുമ്പോഴാണല്ലോ പൊതുവേ നാടിനെയും പഴയകാലത്തെയും കുറിച്ചുള്ള ഓർമ്മകൾ കൂടുതലായി മനസ്സിലേക്ക് കടന്ന് വരിക .അത് കൊണ്ട് പ്രാദേശിക സ്ഥലങ്ങളും ചുറ്റുപാടുകളും എന്റെ കുട്ടിക്കാല ഓർമ്മകളുമൊക്കെ കൂടുതലായി ചിത്രങ്ങളിലേക്ക് കൊണ്ടുവരുവാൻ പറ്റി.ഒരു എക്സിബിഷൻ എന്ന നിലയിൽ പ്ലാൻ ചെയ്ത് വരച്ച ചിത്രങ്ങൾ അല്ലായിരുന്നു ഒന്നും .പക്ഷേ ഒരു ഗ്രൂപ്പ് ഷോ ചെയ്യാനുളള ഉദ്ദേശം ഞങ്ങൾ നാലു പേർക്കും ഉണ്ടായിരുന്നു. ചിത്രങ്ങൾ ഇന്നതാവണം എന്നൊന്നും പ്ലാൻ ചെയ്തിരുന്നില്ല.പ്രദർശനത്തിന് കുറച്ചു നാൾ മുൻപാണ് ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് ഏത് രീതിയിൽ ചെയ്യാം എന്നൊക്ക തീരുമാനിച്ചത്. പ്രദർശനത്തിന്റെ തലക്കെട്ടിലും, പ്രകാശനത്തിലും വ്യത്യസ്തത വേണം എന്നൊരും ചിന്ത മുൻപ ഉണ്ടായിരുന്നു.
‘
ഒറൂണ്ട് എന്ന വാമൊഴി തലക്കെട്ട് പ്രസാദേട്ടന്റെ വകയാണ്.കേട്ടപ്പോൾ തന്നെ വേറെ ഒന്നും ചിന്തിക്കേണ്ടി വന്നില്ല.ഒറൂണ്ട് എന്ന വാക്ക് ശ്രീ ജോണി എം എൽ പറഞ്ഞതു പോലെ “ഒരു നാരങ്ങാ മിഠായി വായിലിട്ട് നുണയുന്ന പോലെ “കുറേ പേരുടെ വായിൽ കിടന്ന് കളിക്കുകയും,ചോദ്യമായി ഞങ്ങളുടെ മുന്നിലേക്ക് വരികയും ചെയ്തിട്ടുണ്ട് .അതുപോലെ തന്നെ ആശംസകൾക്ക് പകരം ഞങ്ങൾ ചെയ്തത്, പ്രാദേശിക സ്ഥലങ്ങളുടെ പേരും അതിനെ പറ്റിയുള്ള ചെറു വാക്കുകളും ഉപയോഗിച്ച് കൊണ്ടുള്ള വീഡിയോ പോസ്റ്റർ ആയിരുന്നു.അതിനു വേണ്ടി ഒരോ സ്ഥലങ്ങളിലും പോയി അവിടെയുളള ആൾക്കാരോട് ചോദിച്ചറിഞ്ഞു ചെയ്യുകയാണുണ്ടായത് എന്തായാലും ഒറൂണ്ട് നല്ല രീതിയിൽ തന്നെ ചെയ്യാൻ പറ്റി എന്നാണ് തോന്നുന്നത് .
പയ്യന്നൂരിലെ ആസ്വാദകൾ പൊതുവേ എല്ലാ മേഖലയിലും സജീവമായി ഇടപെടാനും അവരുടെതായി അഭിപ്രായങ്ങൾ പങ്കുവെക്കുവാനും മുന്നിലേക്ക് വരുന്ന ആൾക്കാർ ആണെന്ന് ഈ ഒരാഴ്ച കൊണ്ട് ബോധ്യപ്പെട്ടു .അവിടെ വരുന്ന ഓരോരുത്തരും ചിത്രങ്ങളെ ആഴത്തിൽ നോക്കി കണ്ട് അവരുടെതായ അഭിപ്രായങ്ങൾ ഓരോ കലാകാരനേയും കണ്ട് പറഞ്ഞ് പോകുന്നു എന്നുള്ളതാണ് ഏറെ സന്തോഷിപ്പിച്ചത്.ഈ ഷോയിൽ ഞാൻ വച്ചിട്ടുള്ളത് എന്റെ കുട്ടിക്കാല വിനോദങ്ങളും ഓർമ്മകളും ഒക്കെയായിട്ടുള്ള പതിനഞ്ചോളം പെൻ ഡ്രോയിംങ്സ് ആണ് .പ്രദർശനം കാണാൻ വന്നവരുടെ മക്കൾ ഇത്തരം കളികളെ കുറിച്ച് ചോദിക്കുന്നതും അവർക്ക് വിശദമായി പറഞ്ഞ് കൊടുക്കുന്നതും കേട്ടു . പ്രദർശനം കാണാൻ വന്നവരുടെ ചിലരുടെയെങ്കിലും ജീവിതത്തിൽ ആ കാലങ്ങൾ കടന്ന് പോയിട്ടുണ്ട് എന്നുള്ളത് അവരുടെ സംസാരത്തിൽ നിന്ന് വ്യക്തമാണ്. പുതു തലമുറയ്ക്ക് അതൊരത്ഭുതവുമായിരിക്കാം.എക്സിബിഷൻ തുടങ്ങി ഏഴ് ദിവസവും ഗാലറി സജീവമായിരുന്നു. അത് ഞങ്ങൾക്ക് വീണ്ടും പയ്യന്നൂരിലെക്ക് വരുവാൻ പ്രചോദനമാണ്
ഈ ഷോ നാലു പേർക്കും വലിയൊരും പോസിറ്റിവ് എനർജി നൽകിയിട്ടുണ്ട്. ഇതുപോലെ വ്യത്യസ്തമായി തന്നെ അടുത്ത ഷോയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങണം
ചില രതീഷ് ചിത്രങ്ങൾ
സജീന്ദ്രൻ കാറടുക്കം
ഇതിന് മുൻപ് ഞങ്ങൾ ഒരു ഗൂപ്പ് പ്രദർശനം എറണാകുളം ലളിതകലാ അക്കാദമി ഗ്യാലറിയിൽ രണ്ട് വർഷം മുൻപ് നടത്തിയിരുന്നു . കൂന്ന് , കുതിര് , കൂവ്വല് . അതിന്റെ തുടർച്ചയായി തലക്കെട്ട് നമ്മുടെ നാട്ടുഭാഷ വാമൊഴി ആയി ഉപയോഗിച്ചാൽ പ്രാധാന്യം കൂടുമെന്ന് തോന്നി . മുഴുവൻ ചിത്രങ്ങൾക്കും വിഷയമായത് നമ്മുടെ നാട്ടിലെ പ്രകൃതിയിലേക്കുള്ള യാത്രയാണ് .അതാണ്ഇങ്ങനെയൊരു വാമൊഴി ഉപയോഗിക്കാൻ കാരണം.
വളരെ നല്ലരീതിയിൽ ആണ് ആസ്വാദകർ നോക്കിക്കണ്ടത്. വളരെ വ്യത്യസ്തമായ രീതിയിൽ നമ്മുടെ പ്രകൃതിയെ വരച്ച് അവതരിപ്പിക്കാൻ സാധിച്ചു.
അടുത്ത് തന്നെ ഒരു പ്രദർശനം നടത്തണം ., ഈ പ്രദർശനത്തിന്റെ ഊർജ്ജം ഉൾക്കൊണ്ട് തന്നെ ഞങ്ങൾ വീണ്ടും വരും.
ചില സജീന്ദ്രൻ ചിത്രങ്ങൾ
വിനോദ് അമ്പലത്തറ
ഒറൂണ്ട് എന്നത് ഉറവ ശേഖരിക്കപ്പെടുന്ന ചെറിയ കുഴികളാണ്.കാസറഗോഡിൻ്റെ സ്ഥല രാശികളും
നാട്ടറിവുകളും, പ്രദേശിക നേർ കാഴ്ചകളുമാണ് ഞങ്ങളെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത്.
ദേശചരിത്രത്തെ അറിയുന്നതിന് സ്ഥലനാമത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് തോന്നുന്നു. ഉറവയുണ്ടാകുന്ന സ്ഥലങ്ങൾക്ക് ഒറൂണ്ട് എന്ന പേർ കാസറഗോഡ് മാത്രമല്ല തൃശൂരും കോഴിക്കോടും കണ്ണൂരുമെല്ലാം ഉണ്ട് എന്നത് ഈ പേര് തലക്കെട്ടായി പ്രദർശനം തുടങ്ങുമ്പോൾ ആണ് ഞങ്ങൾ അറിയുന്നത്.കാസറഗോഡ് ജില്ലയിലെ ഒറൂണ്ടുകളെക്കുറിച്ച് ഒറൂണ്ടിന് സമീപത്ത് താമസിച്ചു വരുന്ന പ്രായമായവരോട് നേരിട്ട് സംഭാഷണങ്ങൾ നടത്തിയതിൽ നിന്നു കൂടി ഉരുത്തിരിഞ്ഞു വന്നതാണ് ഈ പ്രദർശനം.
നമ്മുടെ തൊട്ടു മുന്നിലുള്ള , ഒരു പക്ഷേ നമ്മൾ നടന്നു പോകുന്ന വഴിയോരങ്ങളിലെ കാഴ്ചകൾ, പാറപ്രദേശങ്ങൾ ,പുല്ലു വർഗ്ഗങ്ങൾ ,ബാല്യകാലത്തിലെ കളികൾ ഇതെല്ലാമാണ് വരയ്ക്കാനായി ഞങ്ങൾ തിരഞ്ഞെടുക്കുന്നത്. കാസറഗോഡും പയ്യന്നൂരും തമ്മിൽ അത്ര അകലമില്ലാത്തതിനാൽ തന്നെ ഭൂ പ്രകൃതിയിൽ ഏറെ സമാനതകൾ ഉണ്ട്.പ്രദർശനത്തിന് എത്തിച്ചേർന്ന കാഴ്ചക്കാർ അവരുടെ കൂടി ചുറ്റുവട്ടത്തെ കാഴ്ചകളായി ഈ ചിത്രങ്ങളെ ആസ്വദിച്ചു.മിനിയേച്ചർ ശൈലിയിലുള്ള ചെറിയ ചിത്രങ്ങൾ ആണ് ഈ പ്രദർശനത്തിൽ ഞങ്ങൾ ഉൾപ്പെടുത്തിയത്.അവ കൂടുതലും രേഖാചിത്രങ്ങൾ കൂടി ആയിരുന്നു. കലാകാരനും കാണിയും തമ്മിലുള്ള ഒരു വിനിമയത്തിന് സാധ്യത ഒരുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഞങ്ങൾ കലാപ്രവർത്തനത്തിൽ ഏർപ്പെടുന്നത്.നിരവധി സാംസ്കാരിക സദസ്സുകൾക്ക് വേദിയായിട്ടുള്ള പയ്യന്നൂരിൽ തുടർന്നും ചിത്രപ്രദർശനത്തിനും സംവാദത്തിനുമുള്ള സാധ്യതകൾ ഏറെയുണ്ട് എന്ന് ഈ പ്രദർശനം സമാപിക്കുമ്പോൾ ഞങ്ങൾ തിരിച്ചറിയുന്നു.
കുറേക്കൂടി വരയ്ക്കുകയും ചിത്രങ്ങൾ ആസ്വാദകരിലേക്ക് എത്തുന്നതിനായി വായനശാലയും സ്കൂളുകളും പൊതു ഇടങ്ങളും എല്ലാം പ്രദർശനത്തിന് ഉപയോഗിച്ചു കൊണ്ട് സർഗ്ഗാത്മകതയുടെ ഇടം കുറേക്കൂടി വിപുലമാക്കുകയും ചെയ്യണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം.
ചില വിനോദ് ചിത്രങ്ങൾ
കവർ : വിത്സൺ ശാരദാ ആനന്ദ്