ഓർമ്മ
‘നാം നാളെയുടെ നാണക്കേട്’ എന്ന് പ്രവചന സ്വരത്തിൽ മലയാളികളുടെ മുഖത്തു നോക്കി പറഞ്ഞ ടി. രാമചന്ദ്രൻ എന്ന ടി ആർ നമ്മോട് വിടപറഞ്ഞിട്ട് കാൽ നൂറ്റാണ്ട് പൂർത്തിയാവാറായി. കഥകളിലും ജീവിതത്തിലും,അവസാനം മരണത്തിലും വ്യത്യസ്തനായി, തന്നെ കടന്നുപോയ ടിആർ എന്ന രണ്ടക്ഷരത്തിൽ മലയാള സാഹിത്യത്തിൽ ഒരിക്കലും മായാത്ത അടയാളം പതിപ്പിച്ച ആൾ . ഒരു എറണാംകുളം പകലിൽ,കടത്തിണ്ണയിൽ അനാഥമായ മൃതദേഹമായി ടിആർ യാത്രയാകുമ്പോൾ നമ്മുടെ രാഷ്ട്രീയ സാംസ്കാരികതയുടെ മേലെ അദ്ദേഹം തൂക്കിയിട്ട ഡെമോക്ക്ലീസിന്റെ വാൾ ഇന്നും തൂങ്ങിക്കിടക്കുന്നു. ഇംഗ്ലീഷ് ഭാഷയിലേക്കും, ലോക സാഹിത്യത്തിലേക്കും, കലയിലേക്കും വാതില് തുറന്ന, മാര്ഷല് മക് ല്യൂഹനെയും, ഹെര്ബര്ട്ട് മാര്ക്യൂസ്, താരീക്ക് അലി, തുടങ്ങി നിയോ ലെഫ്റ്റുകളെയും, ഗുന്തര് ഗ്രാസ്സ് തുടങ്ങിയ നോവലിസ്റ്റുകളെയും വിശദമായി മലയാളത്തിന് പരിചയപ്പെടുത്തി ലോകസാഹിത്യത്തിലൂടെ നടന്ന നിഷേധി. എഴുത്തിലും ജീവിതത്തിലും എസ്റ്റാബ്ലിഷ്മെന്റിനെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു. എന്നും കൂടെ കുറച്ചു വിദ്യാർഥികൾ, അവർക്കായി ലോകസാഹിത്യം പറഞ്ഞു കൊണ്ടിരുന്നു.
മലയാളികൾ ടിആറിനെ ഒരോർമ്മയിൽ ചുരുക്കേണ്ട വ്യക്തിത്വമല്ല. മലയാളഭാവന വൈയക്തികതയിൽ ചുറ്റിത്തിരിയുമ്പോഴായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അരപ്പേജിൽ ഒതുങ്ങുന്ന “മൃഗം” എന്ന കൊച്ചുകഥ വരുന്നത്. വിശാലമായ ഒരു കാൻവാസിൽ തീർത്ത ഒരു ചിത്രം പോലെ തൻറെ സാമൂഹിക നിരീക്ഷണം കഥാകൃത്ത് അതിലൂടെ സൂചിപ്പിച്ചു.ചാട്ടവാറിന്റെ പിടച്ചലിൽ സ്ത്രീ , വിൽപന, ലാഭം എന്നീ ചേരുവകൾ സമർഥമായി കൂട്ടികെട്ടിയ, ഒരു സ്ത്രീയുടെ കഥയായിരുന്നു “മൃഗം” മലയാളത്തിലെ എക്കാലത്തെയും മികച്ച ശില്പഭദ്രതയുള്ള കഥകളിൽ ഒന്നാണ് ‘കാലബിന്ദു.’ഏകാകിയുടെ വ്യസനങ്ങളും വ്യഥകളും വിഷയീഭവിച്ച കഥ “നീ ദൂരകാലങ്ങളുടെ കുരിശിൽ കിടക്കുകയാണ്…” എന്ന്ആ രംഭിക്കുന്നു. ഒരേകാകിയുടെ അലച്ചിലാണ് ഈ കഥ.
നാം നാളെയുടെ നാണക്കേട് എന്ന് പ്രവചിക്കാൻ ടിആറിനേ ആകൂ. രാഷ്ട്രീയ സാംസ്കാരിക വിമർശനത്തിന്റെ തലത്തിൽ നിന്നുകൊണ്ടു നിരന്തരം നടത്തിവന്ന ഓർമ്മപ്പെടുത്തലും ഒരു സാമൂഹിക ജീവി എന്ന നിലയിൽ എഴുത്തുകാരൻ നൽകിയ മുന്നറിയിപ്പും ആയിരുന്നു ടിആർ കഥകൾ.നാം എത്ര ജാഗ്രതയോടെയിരിക്കണം അന്നും ഇന്നും എന്ന ഓർമ്മപ്പെടുത്തലിന്റെ പ്രവചനസ്വരം നമുക്കതിൽ വായിച്ചെടുക്കാം. ആ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സമകാലികതയോട് കൂട്ടിക്കെട്ടാവുന്ന കഥകളാണ് “നാം നാളെയുടെ നാണക്കേട്”, “കോനാരി”, “ജാസ്സക്കിനെ കൊല്ലരുത്”, എന്നീ കഥകളും “കൊരുന്ന്യേടത്ത് കോമുട്ടി” എന്ന നീണ്ടകഥയും.
എഴുത്തിലൂടെ ചരിത്രത്തെ സംഹരിച്ചു മുന്നോട്ടു പോകുന്ന, രാഷ്ട്രീയ ബോധത്തിന്റെയും,സാമൂഹിക യാഥാർഥ്യത്തിന്റെയും ഗൗരവപൂര്ണമായ നേർനടത്തമാണ് ടിആർ, കഥകളിലൂടെ ചെയ്തത്. പരമ്പരാഗത വഴികളെ വകഞ്ഞുമാറ്റി ആത്മരതിയിൽ അകപ്പെടാതെ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. ഏറ്റവും സങ്കീർണ്ണമായ രൂപശില്പത്തിന്റെ ഉടമയായിരുന്നു ടിആർ. “ജാസ്സക്കിനെ കൊല്ലരുത്” അന്നത്തെ വർത്തമാനകാല ഇന്ത്യൻ സമൂഹത്തിനു നേരെ തൊടുത്ത് വിട്ട, കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ ക്രൂര വിമർശനം ആയിരുന്നു.”സമുദ്രം പിളർന്നു, മലനിര കടപുഴങ്ങി മറിഞ്ഞു, ഭൂകമ്പം കൊട്ടാരത്തെ അടിച്ചു വീഴ്ത്തി, നടുവൊടിഞ്ഞ പാലങ്ങൾ, വേരറ്റു നിലം പതിച്ച മാമരങ്ങൾ, കൊട്ടാരം, തടവറ, ഭ്രാന്താലയം, ആസ്പത്രി, ബാങ്ക്, ശ്മശാനം… ഭയങ്കര ശബ്ദമായിരുന്നത്രെ… എങ്കിലും രാജാവിന് ഒരു പോറൽ പോലുമേറ്റില്ല. അദ്ദേഹത്തിന്റെ പരിവാരവും പരിരക്ഷിക്കപ്പെട്ടു” എന്ന വരികൾ വർത്തമാന കാലത്തെ രാഷ്ട്രീയത്തോട് കൂട്ടിക്കെട്ടി വായിക്കാൻ കഴിയുന്ന വിമർശനത്തിന്റെ കൂരമ്പുകൾ ആണ്.
കാലഗണനകളും രാജ്യാതിർത്തികളും ലംഘിക്കുന്ന,ഇതിഹാസ പുരാണങ്ങൾ ഒന്നായി വായിച്ചെടുക്കാവുന്ന മറ്റൊരു കഥയാണ് “ഉണർന്നവരും ഉറങ്ങുന്നവരും”. “ഓരോ വാക്കിൽനിന്നും ആശയത്തിൽ നിന്നും പ്രതീകത്തിൽ നിന്നും ജ്വരം സംക്രമിക്കുന്നു; അപസ്മാരബാധയിൽ രാജ്യാതിർത്തികൾ സംസ്കാരങ്ങൾ, ഭൂതഭാവികൾ, മനുഷ്യനെ വേർതിരിക്കുന്ന എല്ലാ മതിലുകളും ഇടിഞ്ഞു പൊളിഞ്ഞു മനുഷ്യൻ ഒന്നാകുന്നു. മലയാള കഥയിൽ ആധുനികതയുടെ ആദ്യജ്വലനങ്ങൾ പടർന്ന ഒരു കാലഘട്ടത്തിന്റെയും ആ വിഭക്തയുവത്വത്തിന്റെയും ഏറ്റവും ശക്തമായ ആവിഷ്ക്കരണമണീ കഥ” എന്ന് കെ. വിനോദ് ചന്ദ്രൻ വിലയിരുത്തുന്നു. “പുതിയ ക്രമം” എന്ന കഥ കോരിയെറിയുന്ന ബിംബങ്ങളാൽ സമ്പന്നം. സ്ഥലകാലങ്ങളുടെ കുരിശിൽ സ്വയം തറയ്ക്കുകയും ആ വേദന നമ്മെ അനുഭവിപ്പിക്കുകയും ചെയ്യുന്ന, രൂക്ഷമായി പ്രതികരിക്കുന്ന കഥകളാണ് ടിആർ എന്ന എഴുത്തുകാരന്റെ സംഭാവന. സംവര്ത്തനന്, എ. ലൂക്കിന്റെ പാത, തുകൽവ്യാപാരി, യുവാക്കളുടെ വിപ്ലവ കൗൺസിൽ, പഴയ വിപ്ലവം പുതിയ സന്യാസം എന്നിവയും കറുത്ത ഹാസ്യത്തിൽ കൂസലില്ലാതെ പ്രതികരിക്കുന്ന കഥകളാണ്.
“നാം നാളെയുടെ നാണക്കേട്” എക്കാലത്തെയും വിമർശനാത്മകമായ നോട്ടമാണ്. ആദ്യ കഥയായ “മൃഗം” മുതൽ ഗൗരവമാർന്ന ടിആർ കഥകൾ മാതൃഭൂമിയിൽ വരുമ്പോൾ പുതിയ ഭാവുകത്വം രൂപപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രതിഭയുടെ വിശ്വരൂപമായ ടിആർ മലയാളമുള്ള കാലത്തോളം നിലനിൽക്കും. പണ്ഡിതോചിതം എന്ന്വി വിശേഷിപ്പിക്കാവുന്ന പരാമർശങ്ങൾ, വിമർശനങ്ങളുടെ തലയെടുപ്പ് എന്നീ ടി ആർ സാഹിത്യത്തിന്റെ സവിശേഷതകൾ മലയാളസാഹിത്യത്തിന്റെ ചരിത്രത്തിൽ എന്നും അവിസ്മരണീയമായിരിക്കും
ഒമ്പതാം ക്ലാസിൽ കാഞ്ഞങ്ങാട് ദുർഗയിൽ പഠിക്കുമ്പോഴാണ്, സ്കൂളിൽ മലയാളം പ്രശ്നോത്തരി മത്സരം നടന്നത്. എനിക്കന്ന് രണ്ടാം സ്ഥാനം കിട്ടി. സഹപാഠിയായ ഇന്ദുവിനായിരുന്നു ഒന്നാം സ്ഥാനം. കവി കുഞ്ഞുണ്ണി മാഷ് ഉദ്ഘാടകനായി എത്തിയ സാഹിത്യ സമാജം പരിപാടിയിലാണ് ആദ്യമായിട്ടൊരു പുസ്തകം സമ്മാനമായി കിട്ടുന്നത്. മാലിയുടെ (വി മാധവൻ നായർ) മഹാഭാരതമാണ് അന്ന് കിട്ടിയത്. ഇന്ദുവിന് കിട്ടിയത് തകഴിയുടെ ‘ചെമ്മീൻ ‘ ആയിരുന്നു. അത് വരെ പൂമ്പാറ്റയിൽ വന്നു കൊണ്ടിരുന്ന കെ വി രാമനാഥന്റെ “അത്ഭുത വാനരന്മാർ എന്ന നോവലും മനോരമയിൽ വന്നിരുന്ന കോട്ടയം പുഷ്പനാഥൻ, ബാറ്റൺ ബോസ് എന്നിവരുടെ കുറ്റാന്വേഷണ നോവലുകൾ മാത്രമേ ഞാൻ വായിച്ചിരുന്നുള്ളു. അമ്മ അമ്പലത്തറ കൈരളി ഗ്രന്ഥശാലയിൽ നിന്നെടുക്കുന്ന പുസ്തകങ്ങൾ ഞാൻ വായിച്ചു തുടങ്ങിയിരുന്നില്ല.
മാലി മഹാഭാരതം വളരെ താൽപ്പര്യത്തോടെ ഞാൻ വായിച്ചു തുടങ്ങി. ജനമേജയന്റെ സർപ്പയാഗത്തോട് കൂടി തുടങ്ങി, ഒടുവിൽ ധർമ്മ പുത്രരുടേ അന്ത്യത്തോടെ അവസാനിക്കുന്ന മഹാഭാരത കഥ ലളിത സുന്ദരമായിട്ടാണ് അതിൽ പറഞ്ഞിട്ടുള്ളത്. അത് വായിച്ചു കഴിഞ്ഞ് ഇന്ദുവിനു കൊടുത്തപ്പോൾ, ഇന്ദു തകഴിയുടെ ചെമ്മീൻ വായിക്കാൻ തന്നു, പിന്നെ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പളനിയുടെയും ലോകത്തേക്ക് പോയി കുറച്ചു ദിവസം. സംഭാഷണങ്ങളിലൂടെ ഉരുത്തിരിയുന്ന ആ നോവൽ ഏറെ ആകർഷിച്ചിരുന്നു. അങ്ങനെ വായനയുടെ രസം പിടിച്ചു നടന്ന നാളുകളിൽ കാഞ്ഞങ്ങാട് പൂർണ്ണിമ ബുക്സ്റ്റാളും ആരംഭിച്ചിരുന്നു. അവിടെ പോയി അതിന്റെ ഉടമസ്ഥൻ രാധാകൃഷ്ണേട്ടനോട് വർത്തമാനം പറഞ്ഞിരുന്ന് അവിടെ വരുന്ന പുതിയ പുസ്തകങ്ങൾ കാണുമായിരുന്നു. അപ്പോൾ കറന്റ് ബുക്ക്സ് പുറത്തിറക്കിയിരുന്ന ലോക ക്ലാസിക്കുകളുടെ ചെറിയ വേർഷൻ ഒന്ന് രണ്ടെണ്ണം വാങ്ങിയിരുന്നു. അതൊക്കെ വാങ്ങാൻ അപ്പപ്പോഴായി സ്വരൂക്കൂട്ടി വെച്ച പൈസയാണ് ചിലവഴിച്ചത്. ഇടയ്ക്ക് അപ്പോൾ ഉണ്ടായിരുന്ന കൈലാസ് തിയേറ്ററിനടുത്ത് പ്രഭാത് ബുക്സിന്റെ വക പുസ്തകോത്സവം വരും.
ഡി സി, മൾബറ, എൻ ബി എസ് എന്നിവയിറക്കുന്ന മലയാള പുസ്തകങ്ങൾക്ക് നല്ല വിലയായിരുന്നു. ആകെ വാങ്ങാൻ പറ്റുന്ന പുസ്തകങ്ങൾ റഷ്യൻ വിവർത്തനങ്ങളായിരുന്നു. റാദുഗ പബ്ലിക്കേഷൻസ് പുറത്തിറക്കിയിരുന്ന ആ പുസ്തകങ്ങൾ ആകര്ഷകമായ അച്ചടിയിലാണ് വന്നിരുന്നത്. രണ്ടോ അഞ്ചോ രൂപ കൊടുത്താൽ മാക്സിം ഗോർക്കി, ടോൾസ്റ്റോയ് തുടങ്ങിയവരുടെ കഥകൾ കിട്ടും. ചുവന്ന കവറിൽ വന്ന ദാസ് ക്യാപ്പിറ്റലും അപ്പോൾ വാങ്ങിയിരുന്നു.
അങ്ങനെ വാങ്ങുന്ന പുസ്തകങ്ങളൊക്കെ വീട്ടിലെ അലമാരയിൽ ഞാൻ അടുക്കി വെച്ചു തുടങ്ങി. അച്ഛന്റെ മുറിക്കു തൊട്ടപ്പുറത്താണ് എന്റെ പുസ്തകങ്ങൾ അടുക്കി വെയ്ക്കുന്ന മുറി.മച്ചിലേക്കുള്ള ഏണിപ്പടികളും അതെ മുറിയിലാണ്. തൊട്ടടുത്ത മുറിയാണെങ്കിൽ ഉണങ്ങിയ അടയ്ക്ക സൂക്ഷിക്കാനുള്ളതായിരുന്നു. സാധാരണ മുറിയുടെ വാതിലിനു പകരം കാറ്റ് കടക്കാതിരിക്കാൻ ചെറിയ മരപ്പലകൾ നിരത്തിയ വാതിലായിരുന്നു അതിന്. പുസ്തകങ്ങളുടെ എണ്ണം ക്രമമായി കൂടി വന്നു. ബഷീറിന്റെ സമ്പൂർണ്ണ കൃതികളുടെ പ്രീ പബ്ലിക്കേഷൻ പതിപ്പ് രണ്ട് വോളിയങ്ങളായി ഒരു അമൂല്യ നിധി പോലെ ഞാനതിന്റെ മുകളിൽ വെച്ചു. നെഹ്റു കോളേജിൽ പ്രീഡിഗ്രിയ്ക്ക് ചേർന്നതോടെ അവിടത്തെ വിശാലമായ ലൈബ്രറിയിൽ നിന്ന് ഇഷ്ടം പോലെ മാഗസിനുകളും പുസ്തകങ്ങളും വായിക്കാൻ തുടങ്ങി.
പ്രീഡിഗ്രി കഴിഞ്ഞ് എൻട്രൻസ് ഒന്നും കിട്ടാത്ത നിരാശയിൽ ഒന്നാം വർഷ ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് കൊച്ചിയിൽ പോയി എഴുതിയ എയർഫോഴ്സ് നിയമന പരീക്ഷയുടെ അടിസ്ഥാനത്തിൽ 1990 ഫെബ്രുവരി ഒന്നിന് ബാംഗ്ലൂരിൽ പരിശീലനത്തിന് ചേരാനുള്ള അറിയിപ്പ് കിട്ടുന്നത്. ചെറുപ്പത്തിൽ കിട്ടിയ ജോലിയല്ലേ, ചേർന്നോളൂ എന്ന് എല്ലാവരും പറഞ്ഞപ്പോൾ ഞാനും മറ്റൊരു വഴി കണ്ടില്ല. അങ്ങനെ പുസ്തകങ്ങളെ ആ മുറിയിൽ തനിച്ചാക്കി ഞാൻ നാട് വിട്ടു.
പരിശീലനത്തിന്റെ ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ അവധിയ്ക്ക് വന്നു. എന്റെ പുസ്തകങ്ങൾ വെച്ച റൂമിന്റെ അലമാര തുറന്നു. അലമാരയുടെ നടുവിലായി ചിതൽ തീർത്ത മൺരേഖ. അത് എല്ലാ പുസ്തകങ്ങളെയും ബാധിച്ചിട്ടുണ്ട്. ഏറെ സങ്കടമായി. പുസ്തക സ്നേഹികളായ പുഴുക്കൾ!
ഞാൻ പോയ ശേഷം ആരും ആ അലമാര തുറന്നിട്ടില്ല. തൊട്ടടുത്ത മുറിയിൽ അടയ്ക്കയുമാണല്ലോ, അമ്മയാണെങ്കിൽ അപ്പുറത്തെ തിരക്കുകളിൽ .മച്ചിൽ നിന്ന് താഴോട്ട് ഇറങ്ങിയ ചിതൽ. കഷ്ടപ്പെട്ട് ശേഖരിച്ച പുസ്തകങ്ങൾ കാലിയാക്കി. ചിതലെല്ലാം കളഞ്ഞ് അലമാര വൃത്തിയാക്കി. പുസ്തകങ്ങളോടുള്ള ഇഷ്ടം ഒന്ന് കൂടി കൂടി.
വര : പ്രസാദ് കാനാത്തുങ്കൽ
നാലുനാൾ മുന്നെ അച്ഛൻ വലിയ കാർഡ്ബോർഡ് പെട്ടി നിറയെ പടക്കങ്ങൾ കൊണ്ടുവരുന്നതിനൊപ്പം വിഷുവും എത്തുന്നു .
ഇടനാഴിയിൽ കനത്ത സുരക്ഷാവലയത്തിൽ ഇരിക്കുന്ന പെട്ടിയെ, ഏട്ടനും ദേവനും വലം വെക്കാൻ തുടങ്ങും . ദേവൻ , അമ്മയുടെ വളർത്തു പുത്രൻ , സ്ക്കൂൾ സമയം കഴിഞ്ഞാൽ അച്ഛന്റെ കാര്യക്കാരൻ . ഏട്ടന്റെ വിധ്വംസകപ്രവർത്തനങ്ങളെക്കുറിച്ച് അപ്പപ്പോൾ അമ്മയെ അറിയിക്കുക , എനിക്കെതിരെയുള്ള ഏട്ടന്റെ ഗൂഢാലോചനകൾ പൊളിക്കുക തുടങ്ങിയ അധിക ചുമതലകളും ഉണ്ട് . ഉമ്മറപ്പടിയിൽ ഞാനിങ്ങനെ നോക്കിയിരിക്കെ പടക്കപ്പെട്ടിയുടെ വക്കിൽ കടലാസു പെൻസിൽ കൊണ്ട് തോണ്ടി ഏട്ടൻ ഒരോട്ട ഉണ്ടാക്കിക്കഴിഞ്ഞിരിക്കും .
എന്തൊക്കെ പടക്കങ്ങളാണ് ഇത്തവണ അച്ഛൻ വാങ്ങിയിട്ടുണ്ടാവുക എന്ന് ദേവൻ ഊഹാപോഹങ്ങൾ പരത്തുന്നതിനിടെ പെൻസിൽ ആട്ടുകല്ലു പോലെ തിരിച്ച് ഏട്ടൻ അതിലൂടെ വിരലിട്ടു കഴിയും . ചാവക്കാടന്റെ കടയിൽ ഇത്തവണ വലിയ ‘ചാട്ട പടക്കം ‘ വന്നിട്ടുണ്ടെന്നും, രാജാമണിയുടെ കടയിലെ വിഷുക്കോള് തീരെ പോരെന്നും, ‘പിശാച്’ എന്നൊരു പുക തുപ്പുന്ന സാധനം വേറൊരു കടയിൽ കണ്ടു വെച്ചിട്ടുണ്ടെന്നുമുള്ള മാർക്കറ്റ് സർവെ റിപ്പോർട്ട് ദേവൻ അവതരിപ്പിച്ചു കൊണ്ടിരിക്കെ , വക്കു പൊട്ടിയ പെട്ടിക്കുള്ളിൽ നിന്നും കേപ്പിന്റെ നാടയുമെടുത്ത് ഏട്ടൻ അടുക്കളയിലേക്കോടുകയും ദേവൻ പുറകെ ഓടുകയും , അടുപ്പിലിട്ട കേപ്പ് ചക്കക്കുരു പോലെ ശ് ശ് …. എന്നു പൊട്ടുകയും, വിഷുവിന്റെ ആദ്യത്തെ പടക്കം നമ്മളുടെ വീട്ടിൽ പൊട്ടിയത് ഞങ്ങൾ കൂവിയാർത്തു ആഘോഷിക്കുകയും , തുടർന്ന് ടൈറ്റാനിക്കു പോലെ പടക്കപ്പെട്ടി പൊളിയുകയും, വിഷു അതിന്റെ എല്ലാ ആലഭാരങ്ങളോടെ ഞങ്ങളുടെ മുറ്റത്തേക്കു കടന്നു വരികയും ……
മുറ്റത്തിട്ട മരസ്റ്റൂളിൽ വലിയ മുറം നിറയെ പടക്കങ്ങൾ ഉണക്കാൻ വെക്കുന്നത് അച്ഛനാണ് . കോണോടു കോൺ മടക്കിയ വാലുള്ളതും ഇല്ലാത്തതുമായ ഓല പടക്കങ്ങൾ , സർക്കസുകാരെപ്പോലെ വേഷമിട്ടു തമിഴ് സിനിമാ നടികൾ ചിരിച്ചു നില്ക്കുന്ന പാക്കറ്റുകളിൽ പിരുപിരാന്ന് കത്തുന്ന പൂത്തിരികൾ, കേപ്പു നാടകൾ പാമ്പു പോലെ ചുരുണ്ടു കിടക്കുന്ന ചെറിയ കൂടുകൾ, ഒട്ടകത്തിന്റെ ചിത്രമുള്ള മത്താപ്പു പെട്ടികൾ, വെള്ളിത്തലമുടി ചേർത്തു പിന്നിയ ചീനപ്പടക്കങ്ങൾ , പിന്നെ അനുസാരികളായ മെഴുകുതിരികൾ തീപ്പെട്ടികൾ .
മതിലിനു മുകളിൽ മെഴുകുതിരി കത്തിച്ചു വെച്ച് ഓല പടക്കത്തിനു തിരി കൊളുത്തി പുറത്തേക്ക് എറിഞ്ഞു പൊട്ടിക്കാൻ നല്ല രസമാണ് . വാലുള്ളതാണ് ഞാൻ കത്തിക്കുക . നട്ടുച്ചക്ക് മുറ്റത്തിൻ മൂലക്കുള്ള വേപ്പുമരത്തിൽ ചീനി പടക്കം കെട്ടിത്തൂക്കി തീകൊടുത്ത് ഞങ്ങൾ തിരിഞ്ഞോടും . വേപ്പിൻ പഴം തിന്നാൻ വന്നിരുന്ന കിളികൾ ഞെട്ടി പറന്ന് ഉറക്കെ വഴക്കു പറയും . ഉച്ചക്ക് പൊട്ടുന്ന പടക്കങ്ങൾക്ക് പൊതുവെ ഒച്ച കുറവാണ് . എങ്കിലും വേറൊരു മുറ്റത്തും ഇനിയും പൊട്ടിത്തുടങ്ങിയിട്ടില്ലാത്ത പടക്കങ്ങൾ ഞങ്ങളുടെ മുറ്റത്ത് പൊട്ടുന്നതിന്റെ കുഞ്ഞു അഹങ്കാരം . അല്ലെങ്കിൽ പാലക്കാട്ടെ കൊടും മേടച്ചൂടിൽ നട്ടുച്ചക്ക് മുറ്റത്തു നിന്ന് ഞങ്ങൾക്ക് പൂത്തിരി കത്തിക്കേണ്ട കാര്യമെന്ത് ?
വിഷു ഓർമകളിൽ ആദ്യം തെളിയുന്നത് ഞങ്ങൾ മൂന്നു കുട്ടികൾ ഉച്ചവെയിലത്ത് പടക്കം ഉണക്കുന്നതിന്റെയും ഉണക്കമറിയാൻ ഓരോന്നായി പൊട്ടിച്ചും കത്തിച്ചും നോക്കുന്നതിന്റെയും ചന്തമുള്ള ചിത്രങ്ങളാണ് .
രാത്രിയിൽ മുറ്റത്തിട്ട കസേരകളിൽ അച്ഛനുമമ്മയും ഇരിക്കും . പഴയ തമിഴ് സിനിമാഗാനങ്ങൾ അച്ഛൻ നനുത്ത ഒച്ചയിൽ മൂളിക്കൊണ്ടിരിക്കും . ഞാനമ്മയെ ചാരി നിന്ന് മത്താപ്പു കത്തിക്കും . ഉരച്ചു കത്തിക്കാൻ പേടിയായതിനാൽ അമ്മ നിലവിളക്കു കത്തിച്ചു വെച്ചു തരും . മഞ്ഞ പച്ച ചുവപ്പ് നിറങ്ങളിൽ കത്തുന്ന മത്താപ്പുകൾ എനിക്കു വേണ്ടി പ്രത്യേകം വാങ്ങുന്നതാണ് . ഏട്ടന്റെ ചങ്ങാതിക്കുട്ടികളൊക്കെ എത്തിയിട്ടുണ്ടാവും .
ദേവനാണ് കലവറ കാര്യക്കാരൻ . ഉണങ്ങി മിടുക്കരായ ഓല പടക്കവും ചീനി പടക്കവും നല്ല ഉത്സാഹത്തോടെ പൊട്ടും . സിമന്റിട്ട മുറ്റത്ത് നിവർത്തി വെച്ച പടക്ക മാലക്ക് ഇരുവശത്തു നിന്നും അവർ തീ കൊളുത്തും . ഓരോന്നു കഴിയുമ്പോഴും ഞങ്ങളൊന്നിച്ചാർത്തു വിളിക്കും . തടയും തടവുമില്ലാത്ത ആഹ്ളാദം .
അച്ഛൻ എന്നും എല്ലാം ഞങ്ങൾക്ക് നേരത്തെ ഒരുക്കിത്തന്നിരുന്നു , അതു വിഷു പടക്കമാണെങ്കിലും പുത്തൻ നോട്ടു പുസ്തകമാണെങ്കിലും പൊതിയാനുള്ള ബ്രൌൺ പേപ്പറാണെങ്കിലും പുതിയ HB കടലാസു പെൻസിലാണെങ്കിലും ….
വിഷുത്തലേന്നു രാത്രി അച്ഛന്റെ എഴുത്തു മേശക്കു മുകളിൽ വലിയ താലത്തിൽ കിഴക്കോട്ട് നോക്കി നിന്ന് അച്ഛൻ കണിയൊരുക്കും .അരി വെള്ളം താംബൂലം തുടങ്ങി ഓരോന്നും അമ്മയിൽ നിന്നു വാങ്ങിക്കൊണ്ടു കൊടുക്കേണ്ടത് ഞാനാണ് . പെറ്റുവീണ കുഞ്ഞിനെപ്പോലെ കിടക്കുന്ന വെള്ളരിയുടെ വയറ്റിൽ നനച്ച ഭസ്മം മൂന്നു വിരലിൽ വരക്കും . തലയിൽ കുടുമയോടെ നെറ്റിയിൽ ഭസ്മവും കുങ്കുമവും തൊട്ട് സന്യാസിയെപ്പോലെ നാളികേരം കിണ്ടിക്കു മുകളിൽ ഇരിക്കും . അമ്മയുടെ കസവു പുടവക്ക് എന്റെ സ്വർണമാല അണിയിക്കും . കൊന്നപ്പൂങ്കുലകൾ കൃഷ്ണ വിഗ്രഹത്തിനു ചുറ്റും അലങ്കരിക്കും .നവധാന്യങ്ങൾ കണ്ണാടി ഗ്രന്ഥം ചക്ക മാങ്ങ വാഴപ്പഴം എണ്ണ തിരി എല്ലാം ഒരുക്കി വെച്ച് അച്ഛൻ മുറ്റത്തിറങ്ങി ഒരു ഓലപടക്കം പൊട്ടിക്കും . കണിയൊരുക്കിയതിന്റെ വിളംബരം .
പിറ്റേന്ന് അതിരാവിലെ ആദ്യം കാണുന്നതു പോലെ കണി കണ്ടു നിന്നൊരു കുഞ്ഞി പെൺകുട്ടി . ‘കണ്ണാടിയിൽ മുഖം നോക്കു ‘ അമ്മ പറയും . കണ്ണാടിയിൽ മുഖം നോക്കി ചിരിച്ചു നിന്നിരുന്ന കുട്ടിക്കാലം . കൈ നിറയെ അച്ഛൻ വെച്ചു തന്നിരുന്ന നാണയങ്ങൾ അന്നും എന്നും എണ്ണി നോക്കിയിട്ടില്ല . ദൈവങ്ങൾക്ക് പത്തായത്തിന് പശുക്കൾക്ക് ഒക്കെ അച്ഛൻ കണി കാണിച്ചു കൊടുക്കും . അമ്മ നിലവിളക്കും പിടിച്ചു കൂടെ നടക്കും . മുറ്റത്തപ്പോഴേക്കും , ഉറക്കം ഞെട്ടിയ പടക്കവും പൂത്തിരിയും ചറു പിറാന്ന് പൊട്ടിത്തെറിക്കുന്നുണ്ടാവും .
നരച്ച ഇരുട്ടിലൂടെ വെളുത്ത മുണ്ടു ചുറ്റിയ കുറച്ചു പേർ വരും . അച്ഛനിൽ നിന്നും ആദ്യത്തെ കൈനീട്ടം വാങ്ങണമെന്ന് നിർബന്ധമുള്ള കുറച്ചു പേർ . അതിൽ കൃഷിക്കാരനും മില്ലുടമയും ഹോട്ടലുകാരനും ഒക്കെയുണ്ട് . അവർക്കത് രാശിയാണ് , ഒരു വിശ്വാസവും .പടക്കത്തിന്റെ മുറം പതുക്കെ ഒഴിഞ്ഞു തുടങ്ങുമ്പോഴേക്കും സുന്ദരാംബാൾ ഉറക്കെ പാടിത്തുടങ്ങും , വേലൈയ് പിടിത്തതെന്ന .. യെന്ന യെന്ന ….. ഏട്ടൻ സൈക്കിളുമെടുത്ത് പുറത്തേക്കു പോകും .ചൂടു പിടിച്ചു തുടങ്ങുന്ന ഉമ്മറക്കോലായയിൽ ആകെ ബോറടിച്ചിരിക്കുമ്പോൾ ദേവൻ ‘പാമ്പു ഗുളിക ‘യുമായി വരും .
വിഷു കൈനീട്ടം കിട്ടിയ പൈസ കൊടുത്ത് രാജാമണിടെ കടയിൽ നിന്നും വാങ്ങിയതാണ് . കറുത്ത ഉരുണ്ട ഗുളികകൾ നിലത്തു വെച്ച് ഞങ്ങൾ മത്താപ്പുരച്ച് തീ കൊടുക്കും . കറുത്ത കട്ടിപ്പുക തുപ്പിക്കൊണ്ട് ഗുളിക പാമ്പു പോലെ ഞെളിഞ്ഞ് വളഞ്ഞ് ഉയരും .കാറ്റത്ത് ആ കരി കോലായ മുഴുവൻ പടരും . കയ്യിലും കാലിലും ഒട്ടിപ്പിടിക്കും . ഒരു ചന്തവുമില്ലാത്ത ഇത്രക്കും ഉപദ്രവകാരിയായ ഈ വിചിത്ര വസ്തു ആരുടെ കണ്ടുപിടിത്തമാണാവോ .എങ്കിലും നീളൻ വരാന്ത മുഴുവൻ ഞങ്ങൾ ഗുളിക കത്തിച്ച് അലങ്കോലമാക്കും .
വിഷുവിന് വീട്ടിൽ സദ്യയൊരുക്കാറില്ല . വിഷുക്കഞ്ഞിക്കാണ് പ്രാധാന്യം . പച്ചരി , ചെറു പരിപ്പും കുരുമുളകും ചേർത്ത് നന്നായി വേവിച്ച് ധാരാളം തേങ്ങാപ്പാലു ചേർത്ത് തേങ്ങ ചിരവിയത് മുകളിൽ തൂവിയുണ്ടാക്കുന്ന വിഷുക്കഞ്ഞി . അതിനു മുന്നെ പ്രസാദം പോലെ എല്ലാവർക്കും ‘പനസം ‘ വിളമ്പും .പഴുത്ത ചക്കച്ചുള മാമ്പഴം വാഴപ്പഴം നാളികേരം തുടങ്ങിയവ കുനുകുനാന്നരിഞ്ഞ് തേനും പാലും ശർക്കരയും ചേർത്ത് ആര്യവേപ്പിന്റെ തളിരിലയും പൂങ്കുലയും അരിഞ്ഞിട്ട് ഉണ്ടാക്കുന്ന ‘പനസം ‘. ചിലർ പനസത്തിൽ ഒരു കള്ളനെ ഇടും . ചെറിയൊരു കുഞ്ഞൻ ചക്കക്കുരുവാണ് കള്ളൻ . വിളമ്പുമ്പോൾ ആരുടെ ഇലയിലാണോ കള്ളൻ വീഴുന്നത് അവർക്ക് വിഷുഫലം ശുഭമല്ല .
പക്ഷെ അമ്മ പനസത്തിൽ കള്ളനെ ഇടില്ല . എന്നും എപ്പോഴും ജീവിതത്തിൽ ശുഭാപ്തി വിശ്വാസം മാത്രം പുലർത്തിയിരുന്ന അമ്മ കള്ളനെ അടുപ്പിലെ തീയിലിട്ട് പുതുവർഷഫലം സ്വയം പ്രഖ്യാപിച്ചിരുന്നു . കണിക്കു വെച്ച കൊന്നപ്പൂക്കളിൽ കറുത്ത കുഞ്ഞിയുറുമ്പുകൾ ഓടി നടക്കും . കുഴലൂതുന്ന കണ്ണൻ വാൽക്കണ്ണാടിയിലേക്ക് ഉറക്കം തൂങ്ങും . കൂടു തകർന്ന മത്താപ്പുകൾ തണുത്തു കിടക്കും . അരികു ചുരുണ്ട് വെറ്റിലകൾ വാടും . വീടിനു പിന്നിലെ മുറ്റത്ത് ഒഴിഞ്ഞ പൂത്തിരി നിലച്ചക്ര പടക്ക കൂടുകൾക്ക് തീയിട്ടതിലേക്ക് വാലഴിഞ്ഞ ഓലപടക്കവും പാതി തിരിഞ്ഞ ചക്രവും കെട്ടു വിട്ട ചീനപ്പടക്കവും ഒരാന്തലോടെ ചാടും .
അച്ഛനുമമ്മയും
ചൂടു പാറുന്ന ഉച്ച മയക്കത്തിനിടയിൽ ഇടക്കിടെ അകന്നും അടുത്തും കേൾക്കുന്ന ചേരുവാദ്യം . മുറ്റത്തു കൊട്ടുന്ന പോലെ തോന്നി കണ്ണു തുറക്കുമ്പോൾ കാറ്റിന്റെ കയ്യുകൾ അകലേക്കു വലിച്ചു കൊണ്ടു പോകുന്ന കുറുങ്കുഴൽ നാദം . ദൂരെ ഏതോ മാരിയമ്മൻ കോവിലിനു മുന്നിലെ ആൽമരച്ചോട്ടിലിരുന്നു കൊട്ടുന്ന പോലെയും എന്റെ ചുവന്ന അരളിമരക്കൊമ്പത്തിരുന്നു ഊതുന്ന പോലെയും ഉറക്കത്തിന്റെ പടവുകളിലൂടെ ……
മുറ്റത്തു വന്നവർ കുഴലൂതി , ചെറിയ പറ കൊട്ടി , മുഖത്ത് പല വർണങ്ങളാൽ ചുട്ടി കുത്തിയ കുട്ടി കയ്യിൽ ഓലക്കുട ചുഴറ്റി ചെറുതായി താളം ചവിട്ടി . ദേശത്തെ വിഷുവേല അറിയിക്കാൻ വിഷു ദിവസം വീടുവീടാന്തരം കയറുകയാണവർ . കുഴലൂത്ത് നിർത്തി , ‘ മേടം ഏഴിന് ദേശത്തെ വേല നിശ്ചയിച്ചിട്ടുണ്ടേ …..’ എന്നയാൾ നീട്ടി പറയുമ്പോൾ ഓലക്കുട തിരുപ്പിച്ച് കുട്ടി അതു ശരിവെക്കും . അരി തേങ്ങ കൈനീട്ടം സ്വീകരിച്ച് ചേരുവാദ്യക്കാർ പടി കടക്കുമ്പോൾ പതുക്കെ മൂടുന്ന മയക്കത്തിന്റെ ചാരപ്പായൽ പടികൾ ……
എൻ്റെ മകൻ ചെറിയ ക്ളാസുകളിൽ പഠിക്കുന്ന കാലങ്ങളിലൊക്കെ വിഷുവിന് നാട്ടിൽ പോയിരുന്നു .അപ്പോഴേക്കും അച്ഛനൊരുപാട് മാറിയിരുന്നു . അവനു വേണ്ടി വാങ്ങുന്ന കുഞ്ഞിപ്പൂത്തിരികൾ പോലും അച്ഛനെ വേവലാതിയിലാഴ്ത്തി . ഞങ്ങളുടെ മക്കൾക്കു ചുറ്റും അച്ഛൻ അധൈര്യപ്പെട്ട മനസുമായി ഓടിക്കൊണ്ടിരുന്നു . പുറത്തെ അടുപ്പിനരികിലും കിണറ്റിൻ കരയിലും തെങ്ങിൻ ചുവട്ടിലും അച്ഛനവർക്ക് കാവൽ നിന്നു .അവർക്കു കൈനീട്ടം കൊടുക്കാനായി ‘വലിയ’ പുത്തൻ നോട്ടുകൾ ഒരുക്കി വെച്ചു .
പിന്നീട് സ്ക്കൂൾ അവധിക്കാലം മെയ് ജൂൺ ആയപ്പോൾ വിഷുവിന് നാട്ടിലെത്താൻ കഴിയാതെയായി . വിശാഖപട്ടണത്തെ വീട്ടിൽ എന്റെ സ്വന്തം ഇഷ്ടത്തിന് ഞാൻ കണിയൊരുക്കി . അടിമുടി പൊന്നണിഞ്ഞ കൊന്നമരങ്ങൾ വഴിയോരത്ത് നേരത്തെ കണ്ടുവെച്ചു . മഞ്ഞ ചുവപ്പ് കാപ്സിക്കം ഓറഞ്ചു നിറമുള്ള കാരറ്റ് തേൻ കൂടു പോലുള്ള സ്ട്രോബറി ഒക്കെ എന്റെ കണിത്താലത്തിൽ നിരന്നു . പരസ്പരം ഒട്ടിപ്പിടിച്ച് ഡൈനിങ്ങ് ടേബിളിനും സോഫകൾക്കും ഇടയിലൂടെ കണ്ണു പൊത്തി വന്ന് ഞങ്ങൾ രണ്ടു പേരും ഒന്നിച്ച് വിളക്കു കൊളുത്തി . കണ്ണാടിയിൽ ഒരാൾ മറ്റെയാളെ നോക്കി ചിരിച്ചു . ദൂരെ ഞങ്ങൾക്കു വേണ്ടി അച്ഛൻ ഒരോല പടക്കം കത്തിച്ച് മുറ്റത്തിട്ടു , അമ്മ കള്ളനെ അടുപ്പിലിട്ടു .
പക് ഷെ ഇടവ മാസത്തിലാണെങ്കിലും നാട്ടിലെത്തിയാലുടൻ കിഴക്കോട്ടു തിരിച്ചു നിർത്തി ആദ്യം തന്നെ അച്ഛൻ കൈനീട്ടം തന്നു . മക്കൾക്കെന്നും പുത്തൻ പത്തു രൂപാ നോട്ട് , പേരക്കുട്ടികളുടെ കൈനീട്ടം വിഷുവിന് കത്തിച്ചു വിടുന്ന റോക്കറ്റ് പോലെ ഉയർന്നു പോയി . വളരെക്കാലങ്ങൾക്കുശേഷം കുറച്ചു വർഷങ്ങൾക്കു മുമ്പ് വിഷുവിന് ഞാൻ വീട്ടിലെത്തി . അച്ഛനൊരുക്കിയ കണി കണ്ട് കണ്ണാടിയിൽ ചിരിച്ച് കൈനീട്ടം വാങ്ങി പൂത്തിരി കത്തിച്ച് ആഘോഷിച്ചപ്പോൾ , അത് ഞാൻ എന്ന പെൺകുട്ടിയുടെ അവസാനത്തെ വിഷുവാണെന്ന് എങ്ങിനെ അറിയാൻ !!! കണിത്താലം എടുത്ത് പത്തായത്തിലേക്കും അടുക്കളയിലേക്കും നടക്കുന്ന അച്ഛനും , വിളക്കേന്തി അനുഗമിക്കുന്ന അമ്മയും എങ്ങോട്ടാണു നടന്നു മറഞ്ഞത് ?? ഉമ്മറക്കോലായയിൽ എന്നെ കാത്തിരിക്കുന്ന രണ്ടു പ്രിയപ്പെട്ട മരക്കസേരകളാണ് ഒഴിഞ്ഞത് .
പിന്നീട് ഞാനേറെ മുതിർന്നു , എന്നിലെ കുട്ടിക്കാലം കഴിഞ്ഞു .ഈ വിഷുപ്പുലരിയിൽ എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നവരില്ല , ഞാനെന്റെ മകനു വേണ്ടി പ്രാർത്ഥിക്കും . രാമൻ കയ്യിൽ വെച്ചു തരുന്ന ‘വലിയ’ നോട്ടിനടിയിൽ , അനുഗ്രഹത്തിന്റെ ചെറിയ പത്തുറുപ്പിക തിരയും . വിറകടുപ്പു പുകയാത്ത എന്റെ അടുക്കളയിൽ , ഞാനൊരു കള്ളനെ എടുത്ത് ഡസ്റ്റ് ബിന്നിൽ ഇട്ട് സ്വയം വിഷുഫലം പ്രഖ്യാപിക്കും .
കവർ : ജ്യോതിസ് പരവൂർ
ഒരു നേരനുഭവം
എഴുപതുകളുടെ തുടക്കത്തിലാണ് ഞങ്ങളുടെ കുട്ടിക്കാലം. അക്കാലത്തെ മനുഷ്യരുടെ തീവ്രമായ അനുഭവം വിശപ്പ് തന്നെയായിരുന്നു. സാമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ എല്ലാം സ്ഥാനം ഈ അനുഭവങ്ങൾക്കും പിന്നിലായിരുന്നു. മലയാളിയുടെ ഭക്ഷണ ശീലങ്ങളിലൊന്നായും അടങ്ങാത്ത വിശപ്പിനെ നേരിയ തോതിലെങ്കിലും ശമിപ്പിച്ചു പോന്നതും ആ കാലത്ത് ബ്രസീൽ ജന്മം നല്കി പോർച്ചുഗീസുകാർ ഇന്ത്യയിലെത്തിച്ച മരച്ചീനിയായിരുന്നു. വേറെയും ചില കിഴങ്ങു വർഗ്ഗങ്ങൾ കൂടി മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാത്തതായി.
പല തരം ചേമ്പുകളും കാച്ചിലും ചേനയുമെല്ലാം ആ കാലത്ത് മലയാളിയുടെ വിശപ്പടക്കിപ്പോന്നു. തവരയും മുരിങ്ങയും, ചീരയും വാഴക്കാമ്പും മാമ്പും മറ്റ് ഇലക്കറികളും മാത്രം ഭക്ഷണത്തിലെ പോഷക ഘടകങ്ങളായി. കൂടെ അക്കാലത്ത് തികച്ചും ദുർലഭമല്ലാതെ ലഭിച്ചിരുന്ന മത്തിയും. അപൂർവ്വമായി പയറും ഉഴുന്നും മുത്താറിയും മലബാറിലെങ്കിലും കൃഷിയിടങ്ങളിൽ ഇടം പിടിച്ചു. (ഇവയിൽ പലതും യഥാർത്ഥത്തിൽ അക്കാലത്തെ മദ്ധ്യവർഗ്ഗങ്ങളിൽ മാത്രം ഒതുങ്ങി). ഇതിനു പുറമെ കൃഷി ചെയ്തു പോന്നതിൽ പ്രധാനമായവ നെല്ലു തന്നെ!
നെല്ലറകളെന്ന് വിശേഷിപ്പിക്കാവുന്ന പാടശേഖരങ്ങൾ വിരലുകൊണ്ട് എണ്ണിയെടുക്കാവുന്നവ കുട്ടനാടിന് വെളിയിലും ഉണ്ടായിരുന്നു. (ജന്മിത്വത്തിന്റെ ക്രൂരമായ വ്യവസ്ഥകൾ നിലനില്ക്കുന്ന കാലം! വിളവിലെ വലിയ പങ്കും ജന്മിമാരുടെ പത്തായങ്ങൾ നിറച്ചു) അപ്പോഴേക്കും പുനം കൃഷി എന്ന പേരിലറിയപ്പെട്ട കരനെൽകൃഷി മലയോരങ്ങളിലും കരഭൂമികളിലും വിതച്ചു കൊയ്യാൻ തുടങ്ങിയിരുന്നു. എങ്കിലും മറ്റേതൊരു സംസ്ഥാനത്തുമെന്ന പോലെ വിശപ്പു തന്നെയായിരുന്നു മലയാളിയുടെ തീവ്രമായ അനുഭവം. ചുരുക്കത്തിൽ ജനസംഖ്യാനുപാതികമായ ഭക്ഷ്യോൽപാദനം എന്ന സ്വപ്നം എത്രയോ അകലെയായിരുന്നു. കോളനി ഭരണകാലത്തെ ബ്രിട്ടീഷുകാരുടെ കാർഷിക സമീപനം ഭക്ഷ്യോൽപാദന വർദ്ധനവായിരുന്നില്ല, മറിച്ച് നാണ്യവിളകളുടെ വാണിജ്യവൽക്കരണവും കയറ്റുമതിയുമായിരുന്നല്ലോ!
1943 ലെ കടുത്ത ബംഗാൾ ക്ഷാമം (ഇന്നത്തെ ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ, കിഴക്കൻ ഇന്ത്യ മുഴുക്കെ) മൂന്ന് ദശലക്ഷം പേരുടെ ജീവനാണ് കവർന്നെടുത്തത്. ഇത് ഒരു ഇന്ത്യൻ യാഥാർത്ഥ്യം മാത്രമായിരുന്നില്ല താനും. കോളനി വാഴ്ചയിൽ നിന്ന് വിമുക്തമായതും തുടരുന്നതുമായ മറ്റേതൊരു രാജ്യത്തിലെയും ഭക്ഷ്യവസ്തുക്കൾ അത്യാവശ്യത്തിനും മതിയാകാത്ത വിധം പരിമിതപ്പെട്ടതായിരുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ആദ്യ വർഷങ്ങളിൽ ഭക്ഷ്യോൽപാദനം വർദ്ധിപ്പിക്കാനാവശ്യമായ ക്രിയാത്മകമായ പദ്ധതികളൊന്നും ആസൂത്രണം ചെയ്യാൻ കഴിയാതെ പോയി. കാർഷിക മേഖലയിൽ ജൈവസാങ്കേതികവിദ്യയുടെ ആശയം പിച്ചവെച്ചു തുടങ്ങുന്നതേയുള്ളു താനും.
ഈ ഘട്ടത്തിലാണ് കാർഷിക മേഖലയിൽ അനിവാര്യമായ ഗവേഷണങ്ങൾ നടക്കുന്നത്. ജനിതക ശാസ്ത്രത്തിന്റെ അതിവിപുലമായ സാധ്യതകൾ ലോകത്തിന്റെ പട്ടിണി മാറ്റാൻ എങ്ങനെ ഉപയോഗിക്കാമെന്ന ചർച്ച വെറും ഒരാശയമെന്നതിലുപരി ലോകത്തെല്ലായിടത്തും വിശേഷിച്ച് bio-tech പാഠശാഖകളുള്ള സർവ്വകലാശാലകളിൽ ഇടം പിടിക്കുന്നത് ഈ കാലഘട്ടത്തിലാണ്.
ലോകത്തിലെ എരിയുന്ന വയറുകളെക്കുറിച്ചോർത്ത് വിയർത്തവരെല്ലാം പുതിയ സാധ്യതകളിലേക്ക് കണ്ണുനട്ടിരിപ്പായി. അമേരിക്കൻ അഗ്രോണമിസ്റ്റായ നോർമൻ ബോർലോഗ് എന്ന കാർഷിക ശാസ്ത്രജ്ഞനിൽ നിന്ന് മഹത്തായ ആശയം എന്ന നിലയിൽ ‘ഹരിതവിപ്ലവം’ എന്ന സംജ്ഞ കാർഷിക വൈജ്ഞാനിക മേഖലയിൽ അടയാളപ്പെടുത്തപ്പെട്ടു. ലോകം പുതിയ ഒരു വിപ്ലവത്തിന് തുടക്കമിടുകയാണ്. ഇതിന്റെ ഇന്ത്യയിലെ പ്രോൽഘാടകനും വക്താവും എം.എസ്. സ്വാമിനാഥനെന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥനായിരുന്നു. ജന്മം കൊണ്ട് തമിഴ് നാട്ടിലെ കുംഭകോണത്തുകാരനായിരുന്നെങ്കിലും കുട്ടനാടുമായദ്ദേഹത്തിനുണ്ടായ ചാർച്ച അവിടുത്തെ മനുഷ്യരുടെ ജീവിതദുരിതങ്ങളെക്കൂടി നേരിൽ കാണാനിടയാക്കി.
ബംഗാൾ ക്ഷാമം കൊണ്ട് മരിച്ച മനുഷ്യരുടെ ഓർമ്മ എം.എസ്. സ്വാമിനാഥന്റെ വിദ്യാഭ്യാസ ഗതിയെത്തന്നെ മാറ്റി മറിച്ചു. “ഹരിത ജനിതകം’ എന്ന മനുഷ്യവംശത്തിന്റെ രാശി മാറ്റിയെഴുതിയ പുതു ജാതകത്തിന്റെ രചനയിൽ അദ്ദേഹം വ്യാപൃതനായി.
ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് തുടക്കമിടാൻ സമയമായി. ഗോതമ്പ് ഉത്തരേന്ത്യയിലും ലോകത്തെല്ലായിടത്തും ഉപയോഗിച്ചു വരുന്ന ഭക്ഷ്യയോഗ്യമായ ധാന്യമാണ്. മാത്രമല്ല, കാർബോഹൈഡ്രേറ്റിനാൽ സമ്പന്നമെങ്കിലും അരിയോളം വരാത്തതിനാൽ ആ കാലത്തെ മാനദണ്ഡപ്രകാരം ആരോഗ്യ സാധ്യതകളേറെയുള്ളതായി കണക്കാക്കിപ്പോരുകയുമുണ്ടായി. ഇതിനിടയിൽ മെക്സിക്കൻ കുറ്റി ഗോതമ്പു ജനുസ്സുകളിൽ പുതിയ പരീക്ഷണങ്ങൾ നടന്നു. ഇന്ത്യൻ മണ്ണ്, കാലാവസ്ഥ സാഹചര്യങ്ങളിൽ ഈ ഇനത്തിനെ ബയോടെക്സാങ്കേതിക വിദ്യയിലൂടെ പറിച്ചുനടാൻ എം.എസ്.സ്വാമിനാഥന്റെ നേതൃത്വം തീരുമാനിച്ചു. എങ്കിലും ദക്ഷിണേന്ത്യയിൽ അരി ആഹാരം കഴിക്കാത്തവരെ പൊതുവെ ഒന്നിനും കൊള്ളാത്തവരായി കണക്കാക്കിപ്പോന്നിരുന്നല്ലോ അന്നും! രണ്ടാം ഘട്ടം നെല്ലിലാണ് പരീക്ഷണങ്ങൾ നടന്നത്.
ക്രമേണ ഇന്ത്യൻ ജനതയിലെ വലിയ വിഭാഗം ശരാശരി മാനദണ്ഡം കണക്കാക്കിയാൽ ശുദ്ധപട്ടിണിയിൽ നിന്നും മോചിതരായി തുടങ്ങി. ഞങ്ങളുടെ തലമുറ എം.എസ്.സ്വാമിനാഥനോടും നോർമൻ ബോർലോഗിനോടും സസ്യ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളോടും കടപ്പെട്ടിരിക്കുന്നു എന്ന് അറുപതുകളിൽ ഇന്ത്യയിൽ ജീവിച്ച മനുഷ്യർ അവരുടെ മുഴുപട്ടിണിക്കാലത്തെ കണ്ണീരുകൊണ്ട് സാക്ഷ്യപ്പെടുത്തുകയുണ്ടായി.
എങ്കിലും മഹത്തായ ഈ പ്രസ്ഥാനനത്തിനും ആശയത്തിനുമെതിരായ ഒരു twist ലോകത്തെല്ലാ ഇടത്തും ഏതാണ്ട് ഒരേ കാലത്താണ് രൂപം കൊള്ളുന്നത്. ഇന്ത്യയിൽ വന്ദന ശിവയെപ്പോലുള്ള പരിസ്ഥിതിവാദികൾ പോലും പഞ്ചാബിലും ഹരിയാനയിലും നടപ്പിലാക്കിയ നവീനമായ കാർഷിക പരീക്ഷണങ്ങൾക്കെതിരായ വാദമുഖങ്ങളുമായി രംഗത്തു വന്നു. പരിസ്ഥിതിനാശം, കടുത്ത കീടനാശിനി പ്രയോഗം, തദ്ദേശീയമായ വിത്തിനങ്ങളുടെ തിരോധാനം, ദരിദ്രകർഷകർ കടക്കെണിയിലായി അങ്ങനെ പോകുന്നു, വാദകോലാഹലങ്ങൾ! ഇന്ത്യയിലെ പട്ടിണിക്ക് ഏറെക്കുറെ ശമനമുണ്ടായ ഘട്ടത്തിൽ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് പ്രധാനമായും ഇത്തരം വാദഗതികൾ ആദ്യമായി തലയുയർത്തപ്പെടുന്നത്. സൂക്ഷമമായ അർത്ഥത്തിൽ പുതിയ വിത്തിനങ്ങളും രാസവളങ്ങളും കീടനാശിനികളും പരിസ്ഥിതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കാം. എന്നിരിക്കിലും മനുഷ്യരുടെ പട്ടിണിക്കെതിരായ ലോകത്തിലെത്തന്നെ ആദ്യ സംരഭമായിരുന്നു, ഇവ. മാത്രവുമല്ല, അഭൂതപൂർവ്വമായ ജനസംഖ്യ മറ്റൊരു പ്രതിസന്ധിയായിരുന്നു. മാൽത്തൂസിയൻ നിരീക്ഷണം പോലെ കൃഷിഭൂമിയുടെ ദൗർലഭ്യം ഭക്ഷ്യ വിതരണത്തിലെ കുറവിന് വലിയ കാരണമായി. ദാരിദ്ര്യവും മറ്റൊരർത്ഥത്തിൽ ജനസംഖ്യാ വർദ്ധനവിനും കാരണമായി. extensive എന്നതിന് പകരം intensive എന്ന നിലയിലേക്ക് കൃഷി ഭൂമിയെ ഉപയോഗപ്പെടുത്തേണ്ടി വന്നു. അല്ലായിരുന്നില്ലെങ്കിൽ നമ്മുടെ സ്വാഭാവിക വനഭൂമിയിലെ ആയിരക്കണക്കിന് ഹെക്ടറുകളിൽ കൃഷി വ്യാപിപ്പിച്ചാൽപ്പോലും ഇന്ത്യയിലെ ഭക്ഷ്യ പ്രശ്നം യഥാർത്ഥത്തിൽ പരിഹരിക്കാൻ കഴിയുമായിരുന്നില്ല.
ഈ ഘട്ടത്തിൽത്തന്നെയാണ് ഡൽഹി ആസ്ഥാനമായി ഡോക്യുമെന്ടറി സിനിമകൾ ചെയ്തു കൊണ്ടിരുന്ന ബംഗാളിയായ ശ്രീമതി മഞ്ജീരദത്ത ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ “Seeds of Plenty, Seeds of sorrow” (സമൃദ്ധിയുടെ വിത്തുകൾ, ദു:ഖത്തിൻന്റെ വിത്തുകൾ) എന്ന തന്റെ ഡോക്യുമെൻററിയുമായി യാത്ര നടത്തുന്നത്. 1992 ൽ ? ഞങ്ങളുടെ ഗ്രാമമായ മൊകേരിയിലും അവർ സിനിമ പ്രദർശിപ്പിക്കുകയുണ്ടായി. സിനിമ പഞ്ചാബിലേയും ഹരിയാനയിലേയും കർഷകരുമായി നടത്തുന്ന അഭിമുഖങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. അശാസ്ത്രീയമായ വളപ്രയോഗത്തെപ്പറ്റി, അതിനാൽത്തന്നെ കൃഷിഭൂമിയുടെ സ്വാഭാവികമായ ഫലഭൂയിഷ്ടത നഷ്ടപ്പെട്ടു പോയതിനെക്കുറിച്ച്, ചെറുകിട കർഷകർ കടക്കെണിയിൽപെട്ടു പോയതിനെക്കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്, അവിടത്തെ കർഷകർ; എങ്കിലും ആദ്യകാലത്ത് ലഭിച്ച വിള സമൃദ്ധിയെ ചൂണ്ടിക്കാണിക്കാൻ അവർ മടിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. എങ്കിലും പാരിസ്ഥിതികമായ വിഷയം ചർച്ചയ്ക്ക് വരുമ്പോൾ പുതു വീക്ഷണക്കാരിൽ നിന്നുമുണ്ടാകാനിടയുള്ള സ്വീകാര്യത വലുതായിരിക്കുമല്ലോ! അവരിൽപ്പലരും പട്ടിണിയുടെ കയ്പും കണ്ണീരും അനുഭവിക്കേണ്ടി വന്നവരുമല്ലല്ലോ!
1986 മുതൽ പ്രധാന വിഷയങ്ങളിൽ ഡോക്യുമെൻടറികളുമായി മഞ്ജീരദത്ത ഇന്ത്യൻ സിനിമയിലുണ്ട്. “All Roads closed” ആണ് ആദ്യമായി പുറത്തു വരുന്ന സിനിമ. അടിമവേലയോളം വരുന്ന കരാർ തൊഴിലാളികളുടെ ജീവിതത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച വീഡിയോ കൂടിയായിരുന്നു അത്.
ഇങ്ങനെ എന്തുകൊണ്ടും സ്വീകാര്യതയുള്ള ചലച്ചിത്രകാരിയായിരിക്കുമ്പോഴും “ഹരിത വിപ്ലവം” എന്നത് അടിസ്ഥാനപരമായി മൂന്നാം ലോക രാജ്യങ്ങളിലെ മനുഷ്യരുടെ വിശപ്പാറ്റാനുള്ള ശക്തമായ പരീക്ഷണമായിരുന്നു എന്ന നിലയിൽ മനസ്സിലാക്കുന്നതിൽ തികഞ്ഞ അലംഭാവം കാണിച്ച സിനിമയായിരുന്നു “Seeds of Plenty Seeds of sorrow”!
പ്രദർശനത്തിനു ശേഷം ചലച്ചിത്രകാരിയുമായി നടത്തിയ പൊതുചർച്ചയിൽ ഈ കാര്യം ശക്തമായി ഞങ്ങൾ ഉന്നയിക്കുകയുണ്ടായി. പൊതുചർച്ചയ്ക്ക് ശേഷവും പ്രദർശന ഹാളായ യുറീക്കാ കോളജിന്റെ ബെഞ്ചിൽ ആ കാലത്തെ പട്ടിണി, കുട്ടികൾ എന്ന നിലയിൽ ഞങ്ങൾ അനുഭവിച്ചതെങ്ങനെയാ യിരുന്നുവെന്ന് ചലച്ചിത്രകാരിയുമായി ഏറെ നേരം സംസാരിക്കുകയുണ്ടായി! സിനിമ ഉയർത്തുന്ന പ്രശ്നങ്ങൾ ചർച്ചയ്ക്ക് വെക്കുമ്പോൾ തന്നെയും ഹരിതവിപ്ലവം പട്ടിണിക്കെതിരായ പരീക്ഷണം എന്ന നിലയിൽ ഉയർത്തിപ്പിടിക്കേണ്ടതായിരുന്നു, എന്ന് ഞങ്ങൾ ചർച്ചയിൽ അടിവരയിട്ടിരുന്നു.
എം. എസ്. സ്വാമിനാഥൻ വിടപറഞ്ഞ ദു:ഖഭരിതമായ വേളയിൽ പട്ടിണിയെക്കുറിച്ചും അതിനെ തരണം ചെയ്ത മാർഗ്ഗങ്ങളെക്കുറിച്ചും ഓർക്കാതിരിക്കാൻ ആയിരത്തി തൊള്ളായിരത്തിഏഴുപതുകളിൽ ജീവിച്ച ഇന്ത്യൻ പൗരന് എങ്ങനെയാണ് കഴിയുക? വിമർശനങ്ങൾ എന്തു തന്നെയായാലും ഈ കാർഷിക – ഭക്ഷ്യ വിപ്ലവത്തെ എങ്ങനെയാണ് ചെറുതായി കാണാൻ കഴിയുക?