INTERVIEW
കാസർകോടൻ ഗ്രാമീണ ജീവിതത്തിൽ നിന്ന് കണ്ടെത്തിയ കാഴ്ചകൾ നൽകിയ ഊർജ്ജം വഹിക്കുന്ന ചിത്രകലാജീവിതമാണ് വിനോദ് അമ്പലത്തറയുടേത്. കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചുവരുന്ന വിനോദ്, ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സാഹിത്യ രചനകൾക്കും ചിത്രീകരണം നിർവഹിക്കാറുണ്ട്. ചിത്രങ്ങളുടെയും ഇൻസ്റ്റലേഷനുകളുടെയും നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കേരള ലളിതകലാഅക്കാദമിയുടെ 2016 ലെ ഓണറബൾ മെൻഷൻ അവാർഡ്, 2019 ലെ കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രദർശനങ്ങളെക്കുറിച്ചും ചിത്രരചനയെക്കുറിച്ചും വിനോദ് സംസാരിക്കുന്നു.

വിനോദ് അമ്പലത്തറ
ചോദ്യം : Trails that we cross in burnt Sienna എന്ന കാവ്യാത്മകമായ പേരിൽ കോഴിക്കോട്, ലളിതകലാഅക്കാദമി ഹാളിൽ നടന്ന പ്രദർശനത്തിന്റെ അനുഭവങ്ങൾ ഒന്ന് പറയാമോ?
കോവിഡ് കാലത്തെ അടച്ചിരിപ്പുകാലത്താണ് ഞാൻ കൂടുതലായും തൊട്ടടുത്ത സ്ഥലങ്ങളിൽ നടന്നു പോയി പെയിന്റിംഗ് ചെയ്യുന്ന ഒരു രീതി ആരംഭിക്കുന്നത്. ഇത് മിക്കവാറും എല്ലാ ദിവസവും തുടർന്നു കൊണ്ടിരിന്നു. 2020 മുതൽ വരച്ച പെയിന്റിംഗുകൾ ഒരുമിച്ച് ഒരു പ്രദർശനം സംഘടിപ്പിക്കണമെന്ന് ആഗ്രഹിച്ച സമയത്താണ് കേരള ലളിതകലാ അക്കാദമിയുടെ സമകാലീന ഏകാംഗ പ്രദർശനത്തിനുള്ള ഗ്രാന്റ് ലഭിക്കുന്നത്. ഡ്രോയിംഗുകളും പെയിന്റിംഗുകളും ഉൾപ്പെടെ 50 ലാൻഡ്സ്കേപ്പ് വർക്കുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സുഹൃത്തുക്കൾ പ്രദർശനം കാണാൻ എല്ലാ ദിവസവും എത്തിയിരുന്നു. മലപ്പുറത്ത് നിന്നും വടകരയിൽ നിന്നും കെയിലാണ്ടിയിൽ നിന്നും ചിത്രങ്ങളെയും സങ്കേതങ്ങളെയും അത്രയൊന്നും പരിചിതമല്ലാത്ത കുറേയധികം ഗ്രാമീണരും എത്തിയിരുന്നു.

ചോദ്യം : ചിത്ര പ്രദർശനങ്ങൾക്കുള്ള പ്രദേശികമായ പേരുകൾ, അവയിൽ നിഴലിക്കുന്ന മണ്ണിന്റെ ഘടനകൾ കലയുടെ ഈ പ്രാദേശിക ഭാഷ ഒരു പ്രതിരോധം തന്നെയല്ലേ?
മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും അടങ്ങിയ ഒരു നരേറ്റിവ് ശൈലിയിലായിരുന്നു ആദ്യ കാലങ്ങളിൽ ഞാൻ വരച്ചിരുന്നത്. 80-90 കളിൽ കേരളത്തിലെ ഫൈൻ ആർട്സ് കോളേജുകളിൽ പിൻതുടർന്നു വന്നിരുന്ന ഫിഗറേറ്റീവ് പെയിന്റിംഗുകളുടെ തുടർച്ച. 2001 മുതൽ പിന്നീട് ഞാൻ എന്റെ നാട്ടിൽ തന്നെ താമസിച്ച് വരയ്ക്കുകയും സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്തു വരുന്നു. 20 വർഷം മുമ്പാണ് അമ്പലത്തറ കേന്ദ്രീകരിച്ച് DEWS എന്ന പേരിൽ ഒരു പരിസ്ഥിതിസമിതി ആരംഭിക്കുന്നത്. ഞങ്ങൾ ചെറിയൊരു സംഘമായിരുന്നെങ്കിലും നിരവധി പഠനയാത്രകൾ നടത്തുകയും നാട്ടിലെ പരിസ്ഥിതിപ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് എൻഡോ സൾഫാൻവിരുദ്ധസമരത്തിൽ ഞങ്ങളെല്ലാവരും ഇടപെടുന്നത്. ഈ സമയത്ത് വരച്ച എന്റെ എല്ലാ പെയിന്റിംഗുകളും മണ്ണും മനുഷ്യനും എന്ന പരമ്പരയിലായിരുന്നു. വിത്തുകൾ, ചെടികൾ, കൃഷിയിടങ്ങൾ. കുന്നിൻ ചെരിവുകൾ ഇങ്ങനെ മുമ്പ് വരച്ച ചിത്രങ്ങളിൽ നിന്ന് മാറി എന്റെ നാട്ടിന്റെ പഴയകാല ജൈവ കാർഷിക സംസ്കാരത്തെക്കുറിച്ചുള്ള ഒരു അന്വേഷണം ആരംഭിച്ചു. പിന്നീട് ഉൾ ഗ്രാമങ്ങളിലൂടെ നിരവധി യാത്രകൾ നടത്തിയിരുന്നു. ഞാൻ സമീപകാലത്ത് വരച്ച ചിത്രങ്ങളിൽ കടന്നുവന്ന സ്ഥലങ്ങളെല്ലാം അനേകം ജൈവ വൈവിധ്യങ്ങളുടെ ചില തുരുത്തുകളാണ്. വളരെ കുറച്ചു സ്ഥലങ്ങൾ മാത്രമാണ് ഇതുപോലെ അവശേഷിച്ചിട്ടുള്ളത്. ഇലകളും,മരങ്ങളും, എന്റെ നാട്ടിൽ മാത്രം കണ്ടുവരുന്ന ചെറിയ ഇനം പുല്ലു വർഗ്ഗങ്ങളും കാട്ടുപഴങ്ങളും വിശാലമായ പാറപ്രദേശങ്ങളും എല്ലാം തുടർച്ചയായി ചിത്രങ്ങളിൽ വരാൻ തുടങ്ങി. മണ്ണ്, മനുഷ്യൻ, ജീവജാലങ്ങൾ എന്ന ഒരു രീതിയിൽ നിന്ന് മാറി ജീവജാലങ്ങൾ ഇല്ലാതെ തന്നെ.. അനേകം ജീവിവർഗ്ഗങ്ങൾ നടന്നു പോയ ഒരു വഴി ചിത്രീകരിക്കുന്നതിലൂടെയും ജീവ സാന്നിധ്യം കൊണ്ടുവരുവാൻ പറ്റുമല്ലോ എന്ന് തോന്നി. കാസർകോടിന്റെ പ്രാദേശികഭാഷ ശീർഷകമായി ഉപയോഗിച്ചായിരുന്നു എന്റെ എല്ലാ പ്രദർശനങ്ങളും 2001 ൽ നടന്ന എന്റെ ഒരു പ്രദർശനത്തിന്റെ ടൈറ്റിൽ “പരുവ” എന്നായിരുന്നു. 2019 ൽ ദർബാർ ഹാളിൽ സംഘടിപ്പിച്ച ഗ്രൂപ്പ് ഷോയുടെ ടൈറ്റിൽ കുന്ന് / കുതിര്/ കൂവ്വൽ എന്നായിരുന്നു 2020 ൽ പയ്യന്നൂരിൽ സംഘടിപ്പിച്ച ഗ്രൂപ്പ് ഷോയുടെ ശീർഷകം “ഒറൂണ്ട്”എന്നായിരുന്നു.

ചോദ്യം : അച്ഛൻ കണ്ണേട്ടൻ നല്ലൊരു ചിത്രകാരനായിരുന്നല്ലോ, അതിന്റെ ഓർമ്മകൾ എന്തൊക്കെയാണ്?
അച്ഛൻ വരയ്ക്കുമായിരുന്നു. അച്ഛൻ ഞങ്ങളുടെ പഴയ വീടിന്റെ ചുമരുകളിൽ വരച്ച രേഖാ ചിത്രങ്ങൾ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അച്ഛൻ അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രീയ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവെ സഹതടവുകാരനായ ചിത്രകലാ അധ്യാപകനിൽ നിന്നും ചിത്രകലാ പരിശീലനം നേടിയിരുന്നു. ജയിലിൽ നിന്നും മോചിതനായ ശേഷം നിരന്തരം ഡ്രോയിംഗ് ചെയ്യുമായിരുന്നു. ഫോട്ടോഗ്രാഫിക്ക് അത്ര പ്രചാരമില്ലാത്ത കാലത്ത് നാട്ടിലുള്ള പലരുടെയും മുഖങ്ങൾ വരയ്ക്കുമായിരുന്നു. അമ്മയെ മോഡലാക്കി വാതിൽ പാളിയിൽ വരച്ച രേഖാചിത്രം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്.

ചോദ്യം : ജാപ്പനീസ്, കൊറിയൻ, ചൈനീസ് ചിത്രരീതികളുടെ സ്വാധീനം ഉണ്ടായിട്ടുണ്ടോ?വാൻ ഗോഗിന്റെ ‘Tree and Bushes in the Garden of the Asylum’, (1889) എന്ന ചിത്രത്തിലെ ദൃശ്യങ്ങളുമായി സാമ്യം തോന്നിയിട്ടുണ്ട്.
എന്റെ ചുറ്റുപാടുമുളള സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അത് വിൻസെന്റ് വാൻ ഗോഗും സെസാനും ഗോഗിനും എല്ലാം നടന്ന വഴിപോലെ ഏറെ സമാനതകളുള്ള ഒരു ഭൂപ്രകൃതിയായി തോന്നാറുണ്ട്, കാസറഗോട്ടെ ചെങ്കൽ പ്പാറയിലെ വിശാലമായ പുല്ലുകൾക്കിടയിലൂടെ നടക്കുമ്പോൾ വാൻ ഗോഗ് വരച്ച ഗോതമ്പുപാടത്തെ ഓർമ്മ വരും. ലാൻഡ്സ്കേപ്പ് രചന ഗൗരവമായി പഠിക്കാൻ തുടങ്ങുന്ന ഏതൊരു കലാകൃത്തും ഇംപ്രഷനിസ്റ്റുകൾ ചെയ്ത മഹത്തായ വർക്കുകളിലൂടെ കടന്നുപോയിട്ടുണ്ടാകും. ഇംപ്രഷനിസ്റ്റ് കലാകൃതികൾ പഠിക്കാൻ ശ്രമിക്കുമ്പോഴാണ് അവർ സ്വീകരിച്ച ജാപ്പാനീസ് ഒറിയന്റൽ ശൈലിയെക്കുറിച്ചും,കൊറിയൻ ശൈലിയെയും ചൈനീസ് പെയിന്റിംഗുകളെയും അവയിലൂടെ തദ്ദേശീയമായ രചന രീതിയെയും ഇന്ത്യയിൽ തന്നെ പ്രചാരത്തിലുണ്ടായിരുന്ന പാലാർശൈലിയിലുള്ള ഈന്തപ്പനയോലയിൽ ചെയ്ത പഴയ കാല ഡ്രോയിംഗുകളെക്കുറിച്ചും ചില അറിവുകൾ ശേഖരിക്കുന്നത്. ഇത്തരം ചില അന്വേഷണങ്ങൾ പുതിയ ചില ചിന്താധാരയിലേയ്ക്ക് , ചില കാര്യങ്ങളെ പുതുക്കിപണിയുന്നതിലേയ്ക്ക് വഴിയൊരുക്കി. അങ്ങനെയാണ് റൈസ് പേപ്പറിൽ ഇങ്ക് ഉപയോഗിച്ച് ഡ്രോയിംഗുകൾ ചെയ്യാൻ ആരംഭിക്കുന്നത്. 2019 ൽ റൈസ് പേപ്പറിൽ ഇങ്ക് ഉപയോഗിച്ച് ധാരാളം മിനിയേച്ചർ ഡ്രോയിംഗുകൾ ചെയ്തു വന്നു. ഈ വർക്കുകളുടെ ശേഖരത്തിനാണ് 2019 ൽ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.

ചോദ്യം : കോവിഡ് സമയത്ത് അനിയൻ പ്രസാദുമായി ചേർന്നുള്ള ചെറു യാത്രകളും, ചിത്രങ്ങളും പുതിയ ദിശയിലേക്ക് നയിച്ചിട്ടുണ്ടോ?
കോവിഡിന്റെ അടച്ചിരിപ്പുകാലത്താണ് തൊട്ടടുത്ത സ്ഥലങ്ങളെ നടന്നു പോയി ചിത്രീകരിക്കുന്ന ഒരു രീതി ഞാനും സഹോദരൻ പ്രസാദ് കാനത്തുങ്കാലും ആരംഭിക്കുന്നത്. മിക്കവാറും എല്ലാ ദിവസവും പുലർകാലങ്ങളിൽ ബ്രഷും പാലറ്റും കാൻവാസുമായി ഞങ്ങൾ യാത്ര തുടർന്നു. തൊട്ടടുത്ത സ്ഥലങ്ങളായ ചെക്കിയാർപ്പ്, ചാലിങ്കാൽ, പുല്ലൂർ, കൊടവലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുലർകാലങ്ങളിലുള്ള യാത്ര. സൂര്യൻ ഉദിച്ചുയരുന്ന സമയത്താണ് വരയ്ക്കാൻ ആരംഭിക്കുന്നത്. സൂര്യന്റെ വെളിച്ചം ഒരോ നിമിഷവും മാറിക്കൊണ്ടിരിക്കും. ചിത്രം പൂർത്തിയാകുമ്പോഴേക്കും മറ്റൊരു ദൃശ്യമായിരിക്കും നമുക്കു ചുറ്റും. നമുക്ക് ചുറ്റുമുള്ള പൂക്കൾ,മരങ്ങൾ,പുല്ലുകൾ എന്നിവയിലെല്ലാം ഓരോ സമയത്തും നിറങ്ങളിൽ വ്യതിയാനം സംഭവിക്കുന്നത് നിരീക്ഷിക്കാൻ തുടങ്ങി. ഇത്തരം ഒരു പരിശീലനം ഒരിക്കലും ഒരു സ്റ്റുഡിയോവിൽ നിന്ന് സാധ്യമല്ലല്ലോ? വളവു തിരിവുകളും കയറ്റിറക്കങ്ങളും കടന്ന് താഴ്വാരങ്ങളിലേക്കും കുഞ്ഞുപുല്ലുകൾ വിരിച്ച ചെങ്കൽ കുന്നുകളിലേക്കും കാഞ്ഞിരവും മുള്ളു പഴങ്ങളും ചെക്കിയും കാശാവും പൂത്ത തുരുത്തുകൾ തേടിയും ഉള്ള ഒരു പരിസര പഠനമായിരുന്നു ഈ യാത്ര. വരയിടങ്ങളിൽ കണ്ടുമുട്ടുന്നവർ ആരാധനയോടെയാണ് ഞങ്ങളെ സമീപിച്ചത്. വരച്ചു കൊണ്ടിരിക്കെത്തന്നെ നാട്ടിടങ്ങളിലെ കലാസ്വാദകരുമായി സംവദിക്കാനുള്ള ഒരു സാധ്യത കൂടി തുറന്നുതരുന്നുണ്ട് എന്നതാണ് എന്റെ വരയനുഭവം.

ചോദ്യം : എൻഡോസൾഫാൻ സമരങ്ങളുടെ ഭാഗമായിരുന്നല്ലോ വിനോദിന്റെ പല കലാപ്രവർത്തനങ്ങൾ. ആ പ്രതിരോധങ്ങളെ കുറിച്ച് പറയാമോ ?
“അരജീവിതങ്ങൾക്കൊരു സ്വർഗ്ഗം “എന്ന എം. എ റഹ്മാൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി, മധുരാജിന്റെ ഫോട്ടോകൾ, ഇതെല്ലാം ആദ്യ കാലത്ത് എൻഡോസൾഫാൻ ദുരന്തത്തെ സമൂഹത്തെ അറിയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അരജീവിതങ്ങൾക്കൊരു സ്വർഗ്ഗം എന്ന ഡോക്യുമെന്ററിയിൽ ഞങ്ങൾ നാട്ടിലെ കുറേ കലാകാരൻമാര്യം പങ്കെടുത്തിട്ടുണ്ട്. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അംബികാസുതൻ മാങ്ങാട് എന്നിവർക്കൊപ്പം നിരവധി സമര പരിപാടികളിൽ പ്രവർത്തിച്ചിട്ടുമുണ്ട്. ഇത്തരം അനുഭവങ്ങളിൽ നിന്നാണ് എൻഡോ സൾഫാൻ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇടവരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി സമര പരിപാടികളിൽ പ്രതീകാത്മകമായി ചിത്രങ്ങളും ശില്പങ്ങളും ചെയ്ത് ഒപ്പം ചേർന്നിരുന്നു. മുള്ളേരിയ എന്ന സ്ഥലത്ത് തീപ്പന്തങ്ങളുടെ വെളിച്ചത്തിൽ അമ്പത് നിലവിളിക്കുന്ന ടെറാക്കോട്ട ശിപ്ങ്ങൾ തെരുവിൽ പ്രദർശിപ്പിച്ചിരുന്നു. ഇതേ ശില്പങ്ങളെ പ്രതീകാത്മകമാക്കിയാണ് മേധാപഠ്ക്കർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ എൻഡോസൾഫാർ സമരം ഉദ്ഘാടനം ചെയ്തത്. ദുരന്ത ബാധിത പ്രദേശങ്ങളിൽ സഞ്ചരിച്ച് ഇരയായവരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കുക തുടങ്ങിയവയെല്ലാം ഒരു കാലത്ത് ചെയ്തു വന്നിരുന്നു.

ചോദ്യം : നമ്മുടെ പ്രദേശമായ അമ്പലത്തറയ്ക്ക് ചുറ്റുമുള്ള പ്രകൃതി ഏറ്റവും സൂക്ഷ്മമായിട്ടാണ് വിനോദിന്റെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം കാഴ്ചയുടെ ഒരു തെരഞ്ഞുടുപ്പിലേക്ക് എത്തിച്ചേർന്ന ഘടകങ്ങൾ എന്തെല്ലാമാണ്?
ശരിയാണ്, സമീപകാലത്ത് വരച്ച പെയിന്റിംഗുകളിൽ ഇലകളെയും പൂക്കളെയും പുല്ലു വർഗ്ഗങ്ങളെയെല്ലാം കുറേക്കൂടി സൂക്ഷ്മതയോടെ വരയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ പാരാണിക നിർമ്മിതികൾ, ആരാധനാലയങ്ങൾ, തുറമുഖങ്ങൾ, ഗ്രാമ ദൃശ്യങ്ങൾ എന്നിവ ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവോടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ച് വരയ്ക്കുന്ന ഒരു പഠന രീതി തുടർന്നു വരുന്നുണ്ട്. അന്ന് വരച്ച പല ചിത്രങ്ങൾക്കും ഇന്ന് വലിയ ചരിത്ര പ്രാധാന്യവുമുണ്ട്. മുരിങ്ങയും കണിക്കൊന്നയും, കുരുമുളകും കുന്നിക്കുരുവും, തകരയുമെല്ലാം വളരെ വ്യക്തമായി ജലച്ചായത്തിലും രേഖാ ചിത്രത്തിലും ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഭൂരൂപങ്ങളെ വരയ്ക്കു ന്നതിൽ തദ്ദേശീയരായ കലാകൃത്തുക്കളുടെ ശ്രമവും ഏറെ വലുതാണ്.കഴിഞ്ഞ കുറച്ച് വർഷമായി കമ്പനി പെയിന്റിംഗുകളിലെ പരിസര പഠനത്തെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. വരയ്ക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും റഫറൻസായി സ്വീകരിക്കാൻ പറ്റിയ ചിത്രങ്ങളാണത്.

ചോദ്യം : വിനോദിന്റെ ലാൻഡ്സ് കേപ്പ് ചിത്രങ്ങൾ ഏറെ വ്യത്യസ്തങ്ങളാണ്. അതിനുള്ള അനന്ത സാദ്ധ്യതകൾ എങ്ങനെയാണ് തെളിഞ്ഞു വരുന്നത്?
ലാൻഡ്സ് കേപ്പ് രചന ഒരു സ്ഥലത്തെ നോക്കി വരക്കുക എന്നത് മാത്രമല്ല. അത് ഭൂതകാലത്തിൽ നിന്നും സാമൂഹികമായി വികസിച്ചു വന്ന ചിഹ്നങ്ങളുടെയോ ഭാഷയുടെയോ ഒരു വിഷ്വൽ നിഘണ്ടു പോലെയാണ്. പുനർ പ്രകടനം, പുനരാഖ്യാനം എന്ന നിലയിൽ സംസ്കാരത്തിന്റെ ചരിത്ര നിർമ്മാണവുമായി അത് വികസിക്കുന്നുണ്ട്. നാം നടന്നു പോകുന്ന വഴി അനേകം ജീവിവർഗ്ഗങ്ങളുടെ കാൽപാദങ്ങൾ പതിഞ്ഞതാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു കാട്ടുപൊയ്കയോ ചെങ്കൽപ്പാറയോ, കുന്നിൽ ചെരിവുകളോ ചിത്രീകരിക്കുമ്പോൾ പ്രകൃതിയുടെ വന്യവും അജ്ഞാതവുമായ ഇന്നലെകളിലെ ഓർമ്മകളിലേക്ക് കൂടി നമ്മെ കൊണ്ടുപോകുന്നുണ്ട്. പ്രകൃതിയുടെ സ്മാരക അനുപാതത്തിന്റെ അന്തർലീനമായ സൗന്ദര്യത്തെ രേഖകളിലൂടെയും നിറങ്ങളിലൂടെയും ആവിഷ്കരിക്കാനുള്ള ഒരു ശ്രമം എന്ന രീതിയിൽ കാണാം.

ചോദ്യം : ദീർഘകാലമായി കഥകൾക്കും കവിതകൾക്കും ഇല്ലസ്ട്രേഷൻ ചെയ്യുന്നുണ്ടല്ലോ? ഇല്ലസ്ട്രേഷൻ അനുഭവങ്ങൾ പറയാമോ?
കുറേ വർഷമായി ഞാൻ ഇല്ലസ്ടേഷൻ രംഗത്തുണ്ട്. വരച്ചു കൊണ്ടിരിക്കുന്ന പെയിന്റിംഗുകൾക്ക് സഹായകരമാകുന്ന ഒരു പ്രവർത്തിയായിട്ടാണ് ഞാൻ ഇല്ലസ്ട്രേഷനെ കാണുന്നത്. നിരന്തരം സ്കെച്ച് ചെയ്യുന്നതിലൂടെ നമ്മുടെ രചനാശൈലിയെ പുതുക്കിപണിയുവാൻ സാധിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഗ്രന്ഥലോകത്തിൽ വരച്ചു കൊണ്ടിരിക്കുന്ന ഇല്ലസ്ട്രേഷനുകൾ കേരളത്തിലെ ഗൗരവമായ വായനക്കാരുടെ ഇടയിലേക്ക് എത്തിച്ചേരുന്നു എന്നത് ഏറെ സന്തോഷം നൽകുന്നതാണ്. ഇ പി രാജഗോപാലൻ എഴുതിയ ‘നടക്കുമ്പോൾ’, വി.കെ അനിൽ കുമാറിന്റെ ‘ദൈവക്കരു ‘എന്നീ പുസ്തകങ്ങൾക്ക് സമീപകാലത്ത് വരച്ചിട്ടുണ്ട്. വടക്കേ മലബാറിലെ ഓരോ കളിയാട്ട ആഘോഷവും ഒരു സാംസ്കാരിക ഇടം കൂടിയാണ്. കളിയാട്ടങ്ങളുടെ ഭാഗമായി സംസ്കാരം. ഭാഷ, തൊഴിൽ, സമരം, പ്രകൃതി, ആരാധന, കഥകൾ കവിതകൾ എന്നിവ ഉൾക്കൊള്ളുന്ന നിരവധി പുസ്തകങ്ങൾ ഓരോ വർഷവും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരം പുസ്തകങ്ങൾ മികച്ച രേഖാ ചിത്രങ്ങൾ കൂടി ഉൾപ്പെടുന്നവയാണ്. ദേശചരിത്രവുമായി ബന്ധപ്പെട്ട് കുറേ പുസ്തകങ്ങൾക്ക് രേഖാ ചിത്രങ്ങൾ രചിച്ചിട്ടുണ്ട്.

വര : വിനോദ് അമ്പലത്തറ
കവർ : വിൽസൺ ശാരദ ആനന്ദ്
രണ്ടാം ഭാഗം
ചോ : ഈയിടെ വിഎസിന്റെ നൂറാം ജന്മ വാർഷിക ആഘോഷത്തിന് പാലക്കാട്ടെ സഖാക്കൾ താങ്കളെ ക്ഷണിക്കുകയും പിന്നീട് ചില നേതാക്കളുടെ അതൃപ്തി കാരണം താങ്കളോട് പങ്കെടുക്കരുത് എന്ന് അവർക്ക് തന്നെ പറയേണ്ടി വരികയും ചെയ്ത ഒരു സംഭവം ഉണ്ടായിരുന്നല്ലൊ. എന്തായിരുന്നു അത്?
വിഎസിനെ സ്നേഹിക്കുന്നവരുടെ ഒരു ചെറിയ കൂട്ടായ്മ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. അവർ ആദ്യം ക്ഷണിച്ചപ്പോൾ തന്നെ ഞാൻ വരുന്നില്ല എന്ന് പറഞ്ഞതാണ്. അല്ല സഖാവ് ഇതിൽ പങ്കെടുക്കേണ്ട ആളാണെന്നും പാർട്ടി അറിഞ്ഞുകൊണ്ട് തന്നെയാണ് ക്ഷണിക്കുന്നതെന്നും പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർ എന്നെ വിളിച്ചുപറഞ്ഞു ചില നേതാക്കൾക്ക് സഖാവ് വരുന്നതിനോട് അതൃപ്തിയുണ്ട് എന്ന്. അവർക്ക് അത് എന്നോട് പറയാൻ വലിയ വിഷമം ഉണ്ടായിരുന്നു. ഒരു ഒരു പൊതു പ്രവർത്തകൻ ഇതുപോലുള്ള അപമാനങ്ങൾ ഒന്നും വലിയ കാര്യമായി എടുക്കേണ്ടതല്ല എന്ന് പറഞ്ഞു ഞാൻ അവരെ ആശ്വസിപ്പിക്കുകയായിരുന്നു. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാവാത്ത ഒരു കാര്യമാണ്. പാർട്ടിക്ക് അത് എന്നെ ബോധ്യപ്പെടുത്താനും പറ്റിയിട്ടില്ല. പാർട്ടി വിരുദ്ധമായി എന്നിൽ നിന്ന് ഇതുവരെ ഒരു വാക്കോ, പ്രവൃത്തിയോ, എഴുത്തോ ഉണ്ടായിട്ടില്ല. ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുകയാണ് ലീഗിനേപ്പോലും പാർട്ടിയിലേക്ക് ക്ഷണിക്കുന്ന കാലത്ത് എന്തുകൊണ്ടാണ് എന്നെ മാത്രം പുറത്തുനിർത്തുന്നതെന്ന്…
ചോ: വി എസ് ഓരോ മേഖലയിലും ഇടപെട്ട് പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിൻറെ രീതികൾ എങ്ങനെയായിരുന്നു ?
എല്ലായിടത്തും നേരിട്ടെത്തി അടിത്തട്ടിൽ പോയി കാര്യങ്ങൾ പഠിച്ച് അതിന് പ്രസക്തിയുണ്ടെന്ന് തോന്നിയാൽ അത് ഏറ്റെടുത്ത് പ്രശ്ന പരിഹാരം കാണുന്നതായിരുന്നു അദ്ദേഹത്തിൻറെ രീതി. മതികെട്ടാൻ, മൂന്നാർ ,ശബരിമല , പ്ലാച്ചിമട എല്ലായിടത്തും പ്രായത്തെ അവഗണിച്ച് നേരിട്ട് എത്തിയാണ് കാര്യങ്ങൾ പഠിച്ചിരുന്നത്. ലോട്ടറി മാഫിയയെ ഇല്ലാതാക്കുക എന്നത് എടുത്ത്
പറയേണ്ട അദ്ദേഹത്തിൻറെ ഒരു ശക്തമായ തീരുമാനമായിരുന്നു. 84ാം വയസ്സിൽ വൈദ്യസഹായം പോലും വേണ്ടെന്നു വച്ച് ശബരിമല കയറി കാര്യങ്ങൾ പഠിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് അദ്ദേഹം! ചെയ്യാനുള്ള കാര്യങ്ങൾ നേരിട്ട് എത്തി നേതൃത്വം കൊടുത്തു കൃത്യമായി നടപ്പിലാക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ രീതി. പ്രസംഗിക്കാനുള്ളതൊക്കെ നേരത്തേ തന്നെ തനിയേ എഴുതി തയ്യാറാക്കി വയ്ക്കുകയാണ് പതിവ്. നല്ല കയ്യക്ഷരവും ഭാഷയുമാണ്. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസമേ ഉള്ളൂവെങ്കിലും ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാകുകയും അല്പസ്വല്പം പറയാനും കഴിയുമായിരുന്നു. എല്ലാ കാര്യങ്ങളിലും തികഞ്ഞ ആത്മാർത്ഥതയും കൃത്യനിഷ്ഠയും പുലർത്തിയിരുന്നു. ശരിക്കും അദ്ദേഹം ഒരു പാഠപുസ്തകമാണ്.

ചോ : മൂന്നാർ ദൗത്യം അദ്ദേഹം എങ്ങനെയാണ് പ്ലാൻ ചെയ്തിരുന്നത്?
മൂന്നാർ ദൗത്യം വളരെ കൃത്യതയോടെ പ്ലാൻ ചെയ്ത ഒന്നായിരുന്നു. അതിനുവേണ്ടി അദ്ദേഹം ആദ്യമായി ചെയ്തത് അത് ശരിയായി നടപ്പിലാക്കാൻ പറ്റിയ ഉദ്യോഗസ്ഥരെ കണ്ടുപിടിക്കുക എന്നുള്ളതായിരുന്നു. അങ്ങനെയാണ് സംഘത്തലവനായി ശ്രീ സുരേഷ് കുമാർ ഐ എ എസിനെയും, കൂടെ ഋഷിരാജ് സിംഗിനെയും, രാജു നാരായണ സ്വാമിയേയും ദൗത്യം ഏൽപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും
എല്ലാം വിലയിരുത്തിയും നേരിട്ട് കണ്ടും ഇച്ഛാ ശക്തിയോടെ കാര്യങ്ങൾ നടത്താൻ
ആ ദിവസങ്ങളിൽ മുഴുവൻ സമയവും അദ്ദേഹം അവിടെ തന്നെയുണ്ടായിരുന്നു. അവസാനം
സി പി ഐ യുടെ സമ്മർദ്ദം കാരണം പാർട്ടിക്ക് ആ ദൗത്യം പൂർത്തിയാക്കാതെ വി എസിനെ അതിൽ നിന്നും പിന്തിരിപ്പിക്കേണ്ടി വന്നു. കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കയ്യേറ്റം ഒഴിപ്പിക്കൽ ദൗത്യം തന്നെയായിരുന്നു അത്. പരിസ്ഥിതി സൗഹൃദമായ ഒരു കേരളം കെട്ടിപ്പടുക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. കൂടംകുളം, പ്ലാച്ചിമട, പറമ്പിക്കുളം ആളിയാർ , മതികെട്ടാൻ എന്നിവയൊക്കെ അതേ ഉദ്ദേശ ലക്ഷ്യത്തോടെ അദ്ദേഹം ഏറ്റെടുത്തതാണ്… കൂടംകുളം പദ്ധതി പാർട്ടി ഏറ്റെടുക്കാതിരുന്നിട്ടും അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു.
ചോ: വിഎസിന്റെ ഒരുപാട് പ്രയോഗങ്ങൾ രാഷ്ട്രീയ എതിരാളികൾക്ക് കുറിക്കു കൊള്ളുന്നതായിരുന്നു.
ടി കെ ഹംസ, കുഞ്ഞാലിക്കുട്ടി, പ്രായത്തെക്കുറിച്ച് പറഞ്ഞതിന് രാഹുൽ ഗാന്ധിക്കുള്ള മറുപടി എന്നിവയൊക്കെ അതിൽ ചിലതാണ്. “അമൂൽ പുത്രൻ ” എന്ന പ്രയോഗം താങ്കൾ പറഞ്ഞു കൊടുത്തതാണ് എന്ന് കേട്ടിട്ടുണ്ട്. അതൊന്ന് പറയാമോ?
രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയണമെന്ന് വി എസ് തീരുമാനിച്ചാൽ അത് വളരെ മൂർച്ചയുള്ളതും കുറിക്കു കൊള്ളുന്നതുമായിരിക്കും. അതിൽ അദ്ദേഹം യാതൊരു ദാക്ഷിണ്യവും കാണിക്കാറില്ല. ഒരു ഇലക്ഷൻ സമയത്ത് രാഹുൽ ഗാന്ധി വി എസിൻ്റെ പ്രായം പറഞ്ഞ് പരിഹസിച്ചു. അതിന് മറുപടി കൊടുക്കണമെന്ന് ഞാനും പറഞ്ഞു. അതിന് വേണ്ടി എഴുതിയ തയ്യാറാക്കിയ പ്രസംഗത്തിൽ അദ്ദേഹം ടി. എസ്. തിരുമുമ്പിൻ്റെ കവിത കൂടി ഉൾപ്പെടുത്തി.
(“തലനരയ്ക്കുവതല്ലെൻ്റെ വൃദ്ധത്വം “…..)
അതിൽ ‘അമൂൽ ബേബി’ എന്ന് പറയാൻ അദ്ദേഹത്തിന് എന്തോ വിമുഖത തോന്നി. അപ്പോൾ അതിനെ പുത്രൻ എന്നാക്കി ഞാൻ പറഞ്ഞു കൊടുക്കുകയായിരുന്നു.(ചിരിക്കുന്നു). അത് നാഷണൽ മീഡിയകളിലൊക്കെ വാർത്തയാവുകയും വളരെയധികം പ്രചാരണം നേടുകയുമുണ്ടായി.
അമൂൽ കമ്പനിയുടെ പരസ്യത്തിൽ വരെ വി. എസി ൻ്റെ പടം അടിച്ചു വരികയും ചെയ്തു! അതോടെ രാഹുൽ ഗാന്ധി അപ്രസക്തനാവുകയും വി.എസ് തരംഗം ആഞ്ഞടിക്കുകയും ചെയ്തു.

ചോ: സ്വന്തം അച്ഛൻ സ്ട്രോക്കു വന്ന് ആശുപത്രിയിൽ കിടന്നപ്പോഴും, ഭാര്യ പ്രസവിച്ചു കിടക്കുമ്പോഴും താങ്കൾ വി എസിന് ഒപ്പമായിരുന്നു. വ്യക്തിപരമായ അടുപ്പത്തിനപ്പുറം ഒരു രാഷ്ട്രീയ പ്രതിബദ്ധത കൂടിയായിരുന്നില്ലെ അത്?
തീർച്ചയായും, എനിക്ക് വേണമെങ്കിൽ ഈ കാരണങ്ങൾ പറഞ്ഞു വിട്ടു നിൽക്കാമായിരുന്നു.
വി എസിൻ്റെ വ്യക്തിപരമായ കാര്യങ്ങൾക്കൊപ്പം നിൽക്കുന്നതിനേക്കാൾ മറ്റാരുമായി പങ്കിടാൻ പാടില്ലാത്ത അദ്ദേഹത്തിൻ്റെ രാഷ്ട്രീയ കാര്യങ്ങളുടെ സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു ഞാൻ. അത്തരമൊരു അവസ്ഥയിൽ അദ്ദേഹത്തെ തനിച്ചാക്കി പോകാൻ ആത്മാർത്ഥതയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു വ്യക്തി എന്ന നിലയ്ക്ക് എനിക്ക് കഴിയില്ലായിരുന്നു… തിരിഞ്ഞു നോക്കുമ്പോൾ വേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അതെൻ്റെ കടമയായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. വ്യക്തിപരമായ കാര്യങ്ങളേക്കാൾ ജനകീയ പ്രശ്നങ്ങളിലിടപെടുന്ന ഒരു നേതാവിനോടൊപ്പം നിന്നു എന്നത് ഒരു ഉറച്ച ഇടതുപക്ഷ രാഷ്ട്രീക്കാരൻ എന്ന നിലയിൽ ഓർക്കുമ്പോൾ അഭിമാനമാണുള്ളത്. ഞാൻ അദ്ദേഹത്തോടൊപ്പം ആണ് അച്ഛനെ കാണാൻ ആശുപത്രിയിൽ എത്തിയത്. അപ്പോൾ തന്നെ തിരിയ്ക്കുകയും ചെയ്തു.
ചോ : വി എസി ൻ്റെ വൈകിയുള്ള വിവാഹം, കുടുംബ ജീവിതം, കുട്ടികൾ, സുഹൃത്തുക്കൾ ?
രോഗക്കിടക്കയിൽ കിടക്കുന്ന അവിവാഹിതനായ ഒരു സുഹൃത്തിനെ കാണാൻ പോയപ്പോൾ സഹായിക്കാൻ ആളില്ലാതെ അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ട് മററു സഖാക്കളുടെ പ്രേരണയാലാണ് വൈകിയാണെങ്കിലും വി എസ് വിവാഹം കഴിക്കാൻ തയ്യാറാവുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യ വസുമതി (ഞാൻ ചിറ്റ എന്നാണ് വിളിക്കുന്നത്) അവർ നഴ്സായിരുന്നു. അദ്ദേഹത്തിൻ്റെ കാര്യങ്ങളും കുടുംബവും വളരെ ഭംഗിയായി അവർ മുമ്പോട്ട് കൊണ്ടു പോയി. അവരുടെ വരുമാനം കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുകയും മറ്റും ചെയ്തിരുന്നത്.
മക്കളോടൊന്നും അമിതമായി വാത്സല്ല്യം കാണിക്കുന്ന പ്രകൃതമല്ല അദ്ദേഹത്തിന്. മൂഡ് നോക്കിയേ മക്കൾക്ക് പോലും അദ്ദേഹത്തോട് സംസാരിക്കാൻ കഴിയുമായിരുന്നുള്ളൂ.
വിപുലമായ സൗഹൃദത്തിൻ്റെ ആൾക്കൂട്ടമൊന്നും
അദ്ദേഹത്തിനില്ലായിരുന്നു. സുഗതൻ, ചക്രപാണി എന്നീ സുഹൃത്തുക്കളൊക്കെ ആലപ്പുഴയിൽ പോകുമ്പോൾ കാണാൻ വരികയും സംസാരിച്ചിരിക്കുകയും ചെയ്യുമായിരുന്നു.
സഹോദരിയും കാണാൻ വരുമായിരുന്നു.

ചോ : സീതാറാം യെച്ചൂരിയുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം?
സീതാറാം യെച്ചൂരിക്ക് ഒരു പിതൃസ്നേഹവും
ബഹുമാനവുമാണ് അദ്ദേഹത്തോടുള്ളത്. ഇടയ്ക്കൊക്കെ കാണാൻ വരികയും ഫോണിൽ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
ചോ :അദ്ദേഹത്തിന് പ്രത്യേകമായി വസ്ത്രത്തിലോ അങ്ങിനെയുള്ള എന്തിലെങ്കിലും കമ്പം ഉണ്ടായിരുന്നൊ? പ്രായത്തിൻ്റേതായ കുറുമ്പുകളും…
വസ്ത്രം വൃത്തിയുള്ളതായിരിക്കണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെരിപ്പുകൾ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. എവിടെയെങ്കിലും പോയാൽ ചിലപ്പോഴൊക്കെ ചെരുപ്പ് വാങ്ങാൻ പോകാമെന്ന് പറഞ്ഞ് ഇറങ്ങും. അത് അദ്ദേഹത്തിന് തന്നെ തിരഞ്ഞെടുക്കണം. അതിനുള്ള പണവും അദ്ദേഹത്തിന് കയ്യിൽ നിന്നുതന്നെ കൊടുക്കണം എന്ന് നിർബന്ധമാണ്. സാധാരണ അദ്ദേഹം പണം കൈകാര്യം ചെയ്യാറില്ല. പക്ഷേ ചെരുപ്പിനു കൊടുക്കാൻ ജൂബ്ബയുടെ പോക്കറ്റിൽ പ്ലാസ്റ്റിക് കവറിൽ ചുരുട്ടി വെച്ചിട്ടുള്ള നോട്ടുകൾ കെട്ടഴിച്ച് എടുക്കുന്നത് ചിരി വരുത്തുന്ന കാര്യമാണ്. വീട്ടിൽ വരുമ്പോൾ ചിറ്റ എന്നോട് ചോദിക്കും എന്തിനാണ് വീണ്ടും വീണ്ടും ചെരിപ്പ് വാങ്ങിയതെന്ന്…
കുറുമ്പെന്ന് പറയാൻ…. ഗുളികകൾ ഞാൻ കാണാതെ ചിലപ്പോഴൊക്കെ തുപ്പിക്കളയുമായിരുന്നു!..
ചോ :ഭരണപരിഷ്കാര കമ്മീഷൻ എന്ന ഒരു പദവി അവസാനം അദ്ദേഹത്തിന് വിമർശനം കേൾപ്പിച്ച ഒന്നായിരുന്നല്ലോ. എന്താണ് അതെക്കുറിച്ചുള്ള അഭിപ്രായം? ഭരണത്തിനു വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടായിരിക്കുമോ?
അതറിയില്ല. അത് ഏറ്റെടുക്കരുതായിരുന്നു എന്ന് തന്നെയാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.
ചോ : ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ
വി എസിനെപ്പോലുള്ള ഒരു നേതാവിൻ്റെ അഭാവം കേരളത്തിൻ്റെ നഷ്ടമല്ലെ?
അഴിമതി, സ്ത്രീ പീഡനം, പരിസ്ഥിതി വിഷയങ്ങളിൽ വി.എസ്. എന്ന നേതാവിൻ്റെ അഭാവം കേരളത്തിന് നഷ്ടം തന്നെയാണ്…
അവസാനിച്ചു
കവർ : ജ്യോതിസ് പരവൂർ
വി എസ് എന്ന ഒറ്റയാൾ ആരവത്തിനിടയിൽ നിന്ന് പെട്ടെന്ന് ഒരു ദിവസം സ്കൂൾ പഠനം നിർത്തിവെച്ച് പിടിച്ചുകൊണ്ടുപോയ കുട്ടിയെപ്പോലെ ഒറ്റപ്പെട്ടുപോയ മനുഷ്യനാണ് സഖാവ് സുരേഷ്. വിഎസ് എന്ന നേതാവിന്റെ, മുഖ്യമന്ത്രിയുടെ, പ്രതിപക്ഷ നേതാവിന്റെ മനസ്സും ശരീരവും ഒരുപോലെ കാത്ത സൂക്ഷിപ്പുകാരൻ… അദ്ദേഹത്തിൻറെ നിഴലായി എപ്പോഴും കൂടെ നടക്കുന്നത് കണ്ടു അസൂയ പൂണ്ട നേതാക്കൾ പോലുമുണ്ടായിരുന്നു പാർട്ടിയിൽ. വിഭാഗീയതയുടെ ഭാഗമായി മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിക്കൊടുത്തു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ടവരിൽ സഖാവ് സുരേഷും ഉണ്ടായിരുന്നു. അന്ന് തൊട്ട് വി എസ് ഉള്ള പരിസരങ്ങളിൽ നിന്നു പോലും അകറ്റി നിർത്തപ്പെടുകയും അതു കൊണ്ടുതന്നെ പ്രവാസ ജീവിതം തിരഞ്ഞെടുക്കുകയും ആയിരുന്നു. അവിടെനിന്നും ഒരുപാട് പൊരുതിയാണ് തൊഴിലും ജീവിതവും അദ്ദേഹം മുൻപോട്ടു കൊണ്ടുപോയത്. കേരള കോൺഗ്രസ്സ് , ആർ എം പി, ബി ജെ പി സ്ഥാനാർത്ഥിയായിരുന്നയാൾ എന്നിങ്ങനെയുള്ളവരെയൊക്കെ പാർട്ടിയിൽ എടുത്തപ്പോഴും നാല് പ്രാവശ്യം അപ്പീൽ കൊടുത്തിട്ടും പരിഗണിക്കപ്പെടാതെ ഓരോ ശ്വാസത്തിലും യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയിത്തന്നെ സുരേഷ് എന്ന സഖാവ് പുറത്തുനിൽക്കുകയാണ്. പക്ഷേ വി എസ് എന്ന പോരാട്ടത്തിന്റെ കൊടുങ്കാറ്റായ നേതാവിന്റെ സുവർണ്ണ കാലത്ത് കൂടെ നിൽക്കാൻ ആയതിന്റെ അഭിമാനവും സന്തോഷവും അദ്ദേഹത്തെ കൂടുതൽ ശക്തനായ കമ്മ്യൂണിസ്റ്റുകാരൻ ആക്കുകയാണ്…
ആദ്യം തന്നെ ചോദിക്കട്ടെ വിഎസിൻ്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി എന്താണ്. താങ്കൾ പോയി കണ്ടിരുന്നോ?
ഇപ്പോൾ സംസാരിക്കാൻ കഴിയില്ലെങ്കിലും
വാർത്തകളൊക്കെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ചികിത്സ മുടങ്ങാതെ നടക്കുന്നുണ്ട്. കുടുംബം പൂർണ്ണമായും ഒരുമിച്ച് നിന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജന്മദിനത്തിൻ്റെ ഒരാഴ്ച മുമ്പ് ഞാൻ പോയി കണ്ടിരുന്നു…

ആരവങ്ങൾക്കിടയിൽ നിന്ന് നിശ്ശബ്ദതയിലേക്ക് എടുത്തറിയപ്പെട്ട പ്രതീതി ആയിരിക്കുമല്ലോ പുറത്താക്കലിനു ശേഷം താങ്കൾക്ക് അനുഭവപ്പെട്ടിട്ടുണ്ടാവുക, അത് വിഎസിനെയും എങ്ങനെയാണ് ബാധിച്ചത്?
അതെ ഒരു പാർട്ടി കുടുംബത്തിൽ ജനിച്ചു പാർട്ടിയെ അറിഞ്ഞു വളർന്നു വന്ന ഒരാൾ എന്ന നിലയിൽ പുറത്താക്കപ്പെടും എന്ന് അവസാനം എനിക്കറിയാമായിരുന്നെങ്കിലും വിഎസ് അത് പ്രതീക്ഷിച്ചിരുന്നില്ല. എന്നെക്കാളേറെ വിഎസിനെ അത് ബാധിച്ചിരുന്നു എന്നറിയാം. പക്ഷേ വിഎസ് എനിക്കുവേണ്ടി എവിടെയും വാദിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എല്ലാം പാർട്ടി തീരുമാനം അനുസരിച്ചു മുമ്പോട്ട് പോകട്ടെ എന്ന് ഞാൻ തീരുമാനിച്ചു. വിഎസ് എന്നോട് അപ്പീൽ കൊടുക്കാൻ പറഞ്ഞു. അത് പരിഗണിക്കാതിരുന്നത് വിഎസിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പിന്നീട്
ഞാൻ കോടിയേരി സഖാവിനെ കണ്ടു സംസാരിച്ചിരുന്നു. വളരെ മൃദു സമീപനമായിരുന്നു അദ്ദേഹത്തിനും. എന്തുകൊണ്ടോ അതും പരിഗണിക്കപ്പെട്ടില്ല!.. നാലാമത്തെ അപ്പീൽ കൊടുത്തിട്ട് ഒന്നരവർഷം കഴിഞ്ഞു. ഇപ്പോഴും മാറ്റം ഒന്നും സംഭവിച്ചിട്ടില്ല . പല പാർട്ടിയിൽ നിന്നും പല ഓഫറുകൾ വന്നിട്ടും അതൊന്നും ഞാൻ ചെവിക്കൊള്ളാൻ പോയിട്ടില്ല. വിഭാഗീയത അവസാനിച്ചു എന്ന് പാർട്ടി സെക്രട്ടറി അടക്കം പറയുമ്പോഴും എന്നെ മാത്രം പുറത്തു നിർത്തുകയാണ്. എന്തായാലും ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റായി ഞാനിവിടെത്തന്നെ ഉണ്ടാകും…

ഊണിലും ഉറക്കത്തിലും അദ്ദേഹത്തിൻ്റെ കൂടെ തന്നെയായിരുന്നല്ലോ എങ്ങനെയായിരുന്നു ആ നാളുകൾ?
കേരളം വിട്ടു പുറത്തു പോകുമ്പോൾ ആദ്യം അദ്ദേഹത്തിൻറെ ആരോഗ്യത്തിന് പ്രശ്നം വരാത്ത ഭക്ഷണം എവിടെ കിട്ടും എന്നാണ് ആദ്യം അന്വേഷിക്കുന്നത്. ഒരിയ്ക്കൽ ഹൈദരാബാദിൽ വച്ച് അദ്ദേഹത്തിന് പറ്റിയ ഭക്ഷണം കിട്ടാത്തത് കൊണ്ട് ഒരു മലയാളി സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് ഭക്ഷണം എത്തിച്ചു കൊടുത്തിട്ടുണ്ട്. രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളും യോഗയും നടത്തവും എല്ലാം കഴിഞ്ഞ്, അദ്ദേഹത്തിൻ്റെ പകലത്തെ പരിപാടികൾക്കൊപ്പം നിന്ന്, രാത്രി ഭക്ഷണവും മരുന്നും കൊടുത്തു വി എസ് ഉറങ്ങാൻ കിടന്നിട്ടാണ് ഞാൻ എൻ്റെ റൂമിൽ വന്ന് ഫ്രഷ് ആയി വീണ്ടും അദ്ദേഹത്തിന്റെ റൂമിൽ പോയി കിടന്നുറങ്ങുന്നത്.

എന്തായിരുന്നു അദ്ദേഹത്തിൻറെ ഭക്ഷണ ശീലങ്ങൾ?
ലൈറ്റായ വെജിറ്റേറിയൻ ഭക്ഷണമാണ് പതിവ്. വളരെ കുറച്ചാണ് കഴിക്കുന്നത് ആലപ്പുഴയിലും മറ്റും പോകുമ്പോൾ വല്ലപ്പോഴും മീൻ കഴിയ്ക്കും. അത് മാത്രമാണ് നോൺ വെജ് ആഹാരം. ദിനചര്യയിലെ കൃത്യനിഷ്ഠയാണ് എടുത്തുപറയേണ്ട കാര്യം. അദ്ദേഹത്തിൻറെ ആരോഗ്യത്തിന്റെ രഹസ്യവും അതാണ്. എത്ര വൈകിയാലും രാത്രി നടത്തവും കഴിഞ്ഞേ കിടക്കാറുള്ളൂ.

ലൈല കല്ലാരം സുരേഷിനൊപ്പം
അദ്ദേഹം ഏറെ തിളങ്ങി നിന്ന നാളുകളിൽ (അങ്ങനെ പറഞ്ഞ് അദ്ദേഹത്തിന്റെ പഴയ പോരാട്ടങ്ങളെ കുറച്ചു കാണുകയല്ല ) മുഴുവൻ സമയവും കൂടെ നിന്നതിൽ നിന്ന് എന്തൊക്കെ അനുഭവ പാഠങ്ങളാണ് ഉൾക്കൊണ്ടിട്ടുള്ളത്?
പ്രധാനമായും ഈ പ്രായത്തിലും അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയാണ് എടുത്തു പറയേണ്ടത്. ഏതൊരു കാര്യവും അദ്ദേഹത്തിൻറെ മുമ്പിൽ എത്തിയാൽ അറിയില്ലെങ്കിൽ അത് അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കി കൃത്യമായി പഠിച്ചു മാത്രമാണ് അത് പ്രാവർത്തികമാക്കുന്നത്. എന്നിട്ട് അതിനെപ്പറ്റി തീരുമാനങ്ങൾ എടുത്താൽ പിന്നീട് ആർക്കും തിരുത്താൻ സാധ്യമല്ല. എല്ലാ പരിപാടികൾക്കും മുമ്പേ തന്നെ കൃത്യമായി നോട്ടുകൾ എഴുതി തയ്യാറാക്കി ആയിരിക്കും പോകുന്നത്. ഏതു നാട്ടിലായാലും യോഗയും നടത്തവും ഉറക്കവും ഒരിക്കലും മുടക്കാറില്ല.
പണ്ടു മുതലേയുള്ള ഒരു വിമർശനം ആണല്ലോ കൂടെ നിൽക്കുന്നവരെ വിഎസ് സംരക്ഷിക്കാൻ ശ്രമിക്കാറില്ല എന്നത്?
അത് ശരിയല്ല ഒരു യഥാർത്ഥ പാർട്ടിക്കാരന് പാർട്ടിക്ക് വിധേയമായും നിൽക്കേണ്ടതുണ്ട്. ചിലപ്പോൾ പാർട്ടി നിലപാടിന് വിരുദ്ധമായേ അങ്ങിനേയുള്ളവരെ കൂടെ നിർത്താൻ പറ്റൂ എന്നുള്ളപ്പോൾ അത് ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല. എനിക്കുവേണ്ടി വിഎസ് ആരോടും ശുപാർശയ്ക്ക് പോകരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അത്തരം പല വിമർശനങ്ങളുടെയും കാതലും അതുതന്നെയായിരുന്നു.

അഴിമതിക്കും സ്ത്രീപീഡകർക്കും എതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചതായിരുന്നു
വി എസിനെ കൂടുതൽ ജനഹൃദയങ്ങളിലേക്ക് അടുപ്പിച്ചത് അല്ലെ?
അതെ, അഴിമതിക്കാർക്കും സ്ത്രീ പീഡകർക്കും ശിക്ഷ വാങ്ങിക്കൊടുക്കാൻ ഏതറ്റം വരെ പോകാനും വിഎസ് തയ്യാറായിരുന്നു. ബാലകൃഷ്ണപ്പിള്ള കേസ് മികച്ച ഉദാഹരണമാണല്ലോ. പല സ്ത്രീ പീഡന കേസുകളിലെ ഇരകളുമായും അവരുടെ കുടുംബവുമായും വിഎസിന് വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. അവർക്ക് ജോലി വാങ്ങിക്കൊടുക്കാനും കേസിന്റെ തുടർ കാര്യങ്ങളിലും വിഎസ് വ്യക്തിപരമായിപ്പോലും ഇടപെട്ടിരുന്നു! മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രായത്തെ പോലും അവഗണിച്ചു പലതും ചെയ്യാൻ തയ്യാറായി നിന്ന വിഎസിന് പലയിടത്തും സാങ്കേതിക പരിമിതികൾ മൂലം നിസ്സഹായനായി നിൽക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്.
ടിപി ചന്ദ്രശേഖരന്റെ നടുക്കുന്ന കൊലപാതകം എങ്ങനെയാണ് വി എസ് ഉൾക്കൊണ്ടത്?
ടിപിയുടെ മരണം ഞാൻ അറിയുന്നത് വിഎസ് ഉറങ്ങാൻ കിടന്നതിനു ശേഷമാണ്. അന്ന് ഞങ്ങൾ തൃശ്ശൂർ രാമനിലയത്തിൽ ആയിരുന്നു. ആ വാർത്ത എനിക്ക് തന്നെ വലിയൊരു ആഘാതം ആയിരുന്നു. ആ രാത്രിയിൽ വി എസിൻ്റെ ഉറക്കത്തിന് ഭംഗം വരുത്താൻ ഞാൻ ആഗ്രഹിച്ചില്ല. അദ്ദേഹം നന്നായി ഉറങ്ങട്ടെ എന്ന് കരുതി. രാവിലെ അദ്ദേഹത്തിൻ്റെ ദിനചര്യകളും പ്രഭാത ഭക്ഷണവും കഴിഞ്ഞതിനു ശേഷം ഞാൻ പത്രങ്ങൾ എടുത്ത് വിഎസിന് കൊടുത്തുകൊണ്ട് കാര്യം പറഞ്ഞു. അതുവരെ ഞാൻ കണ്ടിട്ടില്ലാത്ത വല്ലാത്തൊരു വികാര വിക്ഷോഭത്തിൽ ആയിരുന്നു അദ്ദേഹം. ഉടനെ തന്നെ ടി പിയുടെ ഭൗതിക ശരീരം കാണാൻ തനിക്കവിടെ പോകണമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും നിരവധി കോളുകൾ വരുന്നുണ്ടായിരുന്നു. പോകരുതെന്ന് പറഞ്ഞവരോടെല്ലാം അദ്ദേഹം ക്ഷുഭിതനായി സംസാരിച്ചു കൊണ്ടിരുന്നു. അന്നത്തെ എല്ലാ പരിപാടികളും റദ്ദു ചെയ്തു അവിടേക്ക് പോകണം എന്ന് തന്നെ അദ്ദേഹം തീരുമാനിച്ചു.

ഒരു മാസത്തിന് ശേഷം, അന്ന് ഞങ്ങൾ കോഴിക്കോടായിരുന്നു. ടി പി യുടെ വീട്ടിൽ പോയി അമ്മയേയും ഭാര്യയേയും കാണണമെന്നു അദ്ദേഹം തീരുമാനിച്ചു. ആരോടും പറയരുതെന്നും, വണ്ടിയിൽ കയറിയതിന് ശേഷം മാത്രമേ TP യുടെ വീട്ടിലേക്കാണെന്ന് പോലീസിനോടു പോലും പറയാവൂ എന്നും അദ്ദേഹം എന്നോട് പറഞ്ഞു. ടി പിയുടെ കുടുംബവുമായി വി എസിന് വളരെയധികം അടുപ്പമുണ്ടായിരുന്നു… അന്ന് നെയ്യാറ്റിൻകര ഇലക്ഷൻ ദിവസവും കൂടിയായിരുന്നു. രാഷ്ട്രീയമായി ഇത്രയും നന്നായി തൻ്റെ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരം വേറെയുണ്ടാവില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അന്നു രാവിലെ വി എസിനെ കാണാൻ വന്ന എസ് ആർ പി യോടും, അവിടത്തെ പാർട്ടിയംഗങ്ങളോടും TP യുടെ വീട്ടിൽ പോകുന്ന കാര്യം അദ്ദേഹം പറഞ്ഞിരുന്നില്ലെന്ന് എനിക്ക് മനസ്സിലായി.
ആ ദാരുണമായ സംഭവം നടക്കുന്നതിന്റെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ടിപിയെ കണ്ടപ്പോൾ വി എസ് അദ്ദേഹത്തോട് “നിങ്ങൾ ശ്രദ്ധിക്കണമെന്ന് ” പറഞ്ഞിരുന്നു. അതിന് ടി പി യുടെ മറുപടി “അങ്ങനെ ഇല്ലാതാക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ
ഞാൻ ഹെലികോപ്റ്ററിൽ പോയാലും കാര്യമില്ലല്ലൊ” എന്നായിരുന്നു. അതെല്ലാം ആ നിമിഷങ്ങളിൽ അദ്ദേഹത്തെ വല്ലാതെ ഉലച്ചിട്ടുണ്ടാവും…(തുടരും)
കവർ : ജ്യോതിസ് പരവൂർ
മുഹമ്മയെ സിന്തറ്റിക് സാനിറ്ററി പാഡ് വിമുക്തമാക്കിയ പദ്ധതിയുടെ സീനിയർ പ്രോഗ്രാം ഓഫീസർ റീമ ആനന്ദുമായി പി എൽ ലതിക നടത്തുന്ന അഭിമുഖം

റീമ ആനന്ദ് .വായനക്കാർക്കുവേണ്ടി സ്വയം പരിചയപ്പെടുത്താമോ ?
ഞാൻ പത്തനംതിട്ട സ്വദേശിയാണ് . ജന്തു ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എം എഡും കരസ്ഥമാക്കിയിട്ടുണ്ട് . ഒരു ഹയർ സെക്കന്ററി സ്കൂൾ , കേന്ദ്രീയ വിദ്യാലയ, ചേർത്തല എസ് എൻ കോളേജ് എന്നിവിടങ്ങളിൽ അധ്യാപികയായി ജോലി ചെയ്തു .എന്നും സസ്യ ശാസ്ത്രവും പ്രകൃതിയും പരിസ്ഥിതിയും ആയിരുന്നു എന്റെ താല്പര്യങ്ങൾ .പിന്നീട് മങ്കൊമ്പ് റൈസ് റിസർച്ച് കേന്ദ്രത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോ ആയി ചേർന്നു അതിനു ശേഷം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ (CCPRI – CENTRAL PLANTATION CROP RESEARCH INSTITUTE) സീനിയർ റിസർച്ച് ഫെലോ ആയിട്ട് ഏഴു വർഷത്തോളം ജോലി ചെയ്തു. ആ സമയത്തു കുട്ടനാട്ടിലെ കാർഷിക മേഖലയിൽ വളരെ താല്പര്യമുണർത്തുന്ന പല പദ്ധതികളുടെയും ഭാഗമായി . അതിന്റെ തുടർച്ചയായാണ് ബാംഗ്ലൂർ ആസ്ഥാനമായ ATREE എന്ന എൻ ജി ഒ യിൽ ചേരുന്നത് . ആഗോള റാങ്കിങ്ങിൽ തന്നെ ആദ്യത്തെ പത്തു റാങ്കിങ്ങിൽ വരുന്ന( TEN GLOBAL THINK TANK ) ഇന്ത്യയിലെ ഒരു പരിസ്ഥിതി സംഘടനയാണ് ATREE . (അശോക ട്രസ്ററ് ഫോർ റിസർച് ഇൻ ഇ ക്കോളജി & ദി എൻവയോൺമെന്റ്) ഇന്ത്യയിൽ പല പരിസ്ഥിതി ലോല പ്രദേശങ്ങളുടെയും സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു . ഏകദേശം ആറോളം ഫീ.ൽഡ് സെന്ററുകൾ ഉണ്ട്.ഫീൽഡ് അക്കാദമികൾ .അതിലൊന്നാണ് ആലപ്പുഴയിലെ വേമ്പനാട് കായൽ സംരക്ഷണത്തിന് വേണ്ടിയുള്ള ATREE CERC .(കമ്മ്യൂണിറ്റി എൻവയോണ്മെന്റ് റിസോഴ്സ് സെന്റർ ). അവിടെ സീനിയർ പ്രോഗ്രാം ഓഫീസർ ആയി ഇപ്പോൾ ജോലി ചെയ്യുന്നു
മുഹമ്മയെ സാനിറ്ററി നാപ്കിൻ വിമുക്തമാക്കി എന്ന് പലയിടത്തും വായിക്കുകയുണ്ടായി പ്രോജെക്ടിനെ പറ്റി വിശദമായി പറയാമോ ?
എങ്ങനെയാണു ഈ ആശയം മനസ്സിലുദിച്ചത് ?
മുഹമ്മയെ സാനിറ്ററി നാപ്കിൻ വിമുക്തമാക്കുന്ന ഒരു പ്രോജക്ട് എന്നത് തനിയെ മനസ്സിൽ ഉദിച്ച ഒരു ആശയമാണെന്ന് പറയാൻ കഴിയില്ല. അതിന്റെ ഉറവിടം ഞാൻ വ്യക്തമാക്കാം
‘ആട്രീ ” വേമ്പനാട് കായൽ സംരക്ഷണം അഥവാ തണ്ണീർത്തട സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന NGO ആണ്. ആട്രി വേമ്പനാട്ടിൽ ധാരാളം പ്രോജക്ടുകൾ ചെയ്തുവരുന്നുണ്ട്. അതിലൊന്നാണ് ഐ എസ് ആർ ഒ യുടെ മാർക്കറ്റിംഗ് വിങ് ആയ ആൻട്രിക്സ് കോർപറേഷന്റെ ഒരു സി എസ് ആർ പ്രോജക്ട് . അത് ഒരു വില്ലേജ് ദത്തെടുക്കൽ അതായത് ഒരു തണ്ണീർത്തട ഗ്രാമത്തെ മാതൃകാ തണ്ണീർത്തട ഗ്രാമം ആക്കി മാറ്റുന്ന പദ്ധതിയാണ് . അതിനായി ഏറ്റെടുത്തത് മുഹമ്മ എന്ന ഗ്രാമമാണ് “മുഹമ്മോദയം ” എന്നാണ് പദ്ധതിയുടെ പേർ . മുഹമ്മ ഒരു കായലോര ഗ്രാമമാണ് മുഹമ്മയിൽ ധാരാളം കനാലുകൾ ഉണ്ട്.

കനാലുകളെ പുനരുജ്ജീവിപ്പിക്കൽ ഞങ്ങളുടെ പ്രോജക്റ്റിലെ ഒരു പ്രോഗ്രാം ആയിരുന്നു കനാലുകളുടെ പുനരുദ്ധാരണം നടക്കുന്ന സമയത്താണ് മെൻസ്ട്രുൽ വേസ്റ്റ് , അതായത് ഉപയോഗിച്ച സാനിറ്ററി പാഡുകൾ ഉണ്ടാക്കുന്ന മാലിന്യം ജലാശയങ്ങളിൽ വളരെയധികം കണ്ടുതുടങ്ങിയത് . ആ പ്രശ്നം നേരിട്ടപ്പോഴാണ് പരിഹാരത്തെ ക്കുറിച്ചു ആലോചിക്കുന്നത് . സ്ഥലത്തെ സ്ത്രീകളോട് സംസാരിക്കുകയും അതെത്ര വലിയ പ്രശ്നമാണെന്ന് മനസ്സിലാക്കുകയും ചെയ്തു . അല്ലെങ്കിലും ലോകമെമ്പാടും സിന്തറ്റിക് സാനിറ്ററി പാടുകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളും അവ നിർമാർജനം ചെയ്യാനുള്ള സൗകര്യക്കുറവും എന്നും സ്ത്രീകളുടെ പ്രശ്നമാണ് . എനിക്ക് ഈ വിഷയത്തിൽ കൂടുതൽ താല്പര്യം തോന്നി . കാരണം അതിനു മുൻപുതന്നെ സിന്തറ്റിക് പാഡുകളുടെ ഉപയോഗം ഞാൻ പൂർണമായി ഉപേക്ഷിക്കുകയും ആർത്തവ കപ്പിലേക്ക് മാറുകയും ചെയ്തിരുന്നു. അതുമൂലം ഈ വിഷയത്തെ പറ്റി സ്ത്രീകളോട് സംസാരിക്കാൻ എനിക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടായിരുന്നു .ഒന്ന് മനസ്സിലായി .അവിടത്തെ സ്ത്രീകൾക്ക് അവരുടെ പ്രശ്നം അവതരിപ്പിക്കാനോ ബദൽ തേടുവാനോ മാർഗമുണ്ടായിരുന്നില്ല . പാഡുകൾ ഉപയോഗിക്കുന്നു എങ്കിലും അവ എങ്ങനെ ഉപേക്ഷിക്കണമെന്ന് അറിവില്ല . ചിലർ കത്തിച്ചു കളയുന്നു, ഫ്ലഷ് ചെയ്യുന്നു .അതേ സമയം അതുമൂലം ചൊറിച്ചിൽ , പി സി ഒ ഡി , കത്തിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് അവർക്കു ബോധ്യമുണ്ട് . ആ അറിവിൽ നിന്നാണ് ബദൽ മാർഗങ്ങൾ ഞങ്ങളുടെ ഭാവി പദ്ധതിയായി രൂപം കൊള്ളുന്നത്
പകരം ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ്.?ഉൽപ്പന്നങ്ങളുടെ പ്രത്യേകതകൾ ? എന്ത് കൊണ്ട് നിർമ്മിച്ചിരിക്കുന്നു ?
പകരം ഉപയോഗിക്കുന്നത് രണ്ട് ഉൽപ്പന്നങ്ങളാണ്. ഒന്ന് തുണികൊണ്ടുള്ള നാപ്കിനുകൾ. നമ്മുടെ പഴയ തലമുറ തുണികൾ ഉപയോഗിച്ചിരുന്നവരാണ് ഇന്നുള്ള മധ്യവയസ്കരിൽ മുക്കാൽഭാഗവും തുണി ഉപയോഗിച്ചവരാണ്. തുണിപാഡുകൾ ഏകദേശം പഴയ തുണി ശീലത്തിന്റെ വേറൊരു പകർപ്പാണ്. എന്നാൽ ഇവിടെ വളരെ സോഫ്റ്റ് ആയിട്ടുള്ള കോട്ടൺ ഫ്ലാനൽ ആണ് ഉപയോഗിക്കുക . വളരെ മൃദുത്വമുള്ളതും ധാരാളം ഈർപ്പം വലിച്ചെടുക്കുന്നതും ആണ് കോട്ടൺ ഫ്ലാനൽ .അതിന്റെ പ്രത്യേകത എന്തെന്നാൽ വെള്ളമോ രക്തമോ ഏതെങ്കിലും ദ്രവമോ വീണാൽ അതിനെ ഉപരിതലം മുഴുവൻ തുല്യമായി വലിച്ചെടുക്കുകയും പുറമെ ഈർപ്പം നിലനിർത്താതിരിക്കുകയും ചെയ്യും .വെറും തുണി മടക്കി ഉപയോഗിക്കുമ്പോൾ രക്തം പുറത്തേക്കു കിനിയാനുള്ള സാധ്യതയുണ്ട് .എന്നാൽ കോട്ടൻ പാഡുകളുടെ ഏറ്റവും അടിയിലുള്ള ലേയർ പി യു എൽ (പോളി യുറിത്രീൻ ലാമിനേഷൻ ) ഉള്ളതാണ്
എട്ടു കോട്ടൺ ഫ്ലാനൽ ലേയറുകളുള്ളതിൽ ഏറ്റവും അടിയിലത്തേതിന്റെ ഉള്ളിൽ ആണ് പി യു ലാമിനേഷൻ ഉള്ളത്. സിന്തറ്റിക് നാപ്കിനുകൾ അടിവസ്ത്രത്തിൽ ഒട്ടിച്ചു വെക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ബട്ടണുകൾ ഉപയോഗിച്ച് ചേർത്ത് ഉറപ്പിച്ചു ഉപയോഗിക്കാവുന്ന മാതിരിയാണ് ഇവ രൂപ കല്പന ചെയ്തിട്ടുള്ളത് .മാത്രമല്ല കഴുകി വൃത്തിയാക്കി സൂക്ഷിച്ചുവെച്ച് വർഷങ്ങളോളം ഉപയോഗിക്കാൻ കഴിയും
മറ്റൊരു ബദൽ മാർഗം ആർത്തവ കപ്പുകൾ.ആണ് ആർത്തവ കപ്പുകൾ മെഡിക്കൽ ഗ്രേഡിലുള്ള സിലിക്കൺ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ശസ്ത്ര ക്രിയകൾക്ക് , breast implantation , കണ്ണുകൾക്കുള്ളിലെ ഉപയോഗം എന്നിവക്ക് ഉപയോഗിക്കുന്ന ഗ്രേഡ് സിലിക്കൺ എന്നർത്ഥം . ഇതുപയോഗിച്ചുണ്ടാക്കിയ ബെൽ ആകൃതിയിലുള്ള ഒരു ഉപകരണമാണ് ആർത്തവ കപ്പ് യോനിക്കുള്ളിലേക്ക് കടത്തിവെച്ചാണ് ഉപയോഗിക്കുക . പൂർണമായും ഉള്ളിൽ കടന്നിരിക്കുന്ന ഈ കപ്പ് രക്തം ശേഖരിക്കുകയും നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് അല്ലെങ്കിൽ നിറയുന്ന സമയത്ത് പുറത്തെടുത്ത് കളഞ്ഞ് വെള്ളത്തിൽ കഴുകി വീണ്ടും തിരിച്ചു വച്ച് ഉപയോഗിക്കാൻ കഴിയുകയും ചെയ്യും ഏകദേശം എട്ടു മുതൽ 10 വർഷം വരെ ഒരു കപ്പ് ഉപയോഗിക്കാം ഉപയോഗം കഴിയുമ്പോൾ കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വെച്ച് പുനരുപയോഗം ചെയ്യാം . ഈ രണ്ടു ബദൽ മാർഗങ്ങളാണ് ഞങ്ങൾ മുഹമ്മയിൽ പ്രചരിപ്പിച്ചത് .

എവിടെ നിന്നാണ് ഇവ ലഭിക്കുക ? എവിടെയൊക്കെയാണ് ഇവ ഉൽപ്പാദിപ്പിക്കുന്നത് ?
രണ്ടു ഉൽപ്പന്നങ്ങളും ഓൺലൈൻ മാർക്കറ്റിൽ ലഭ്യമാണ് . പല പേരിലുള്ള പല ബ്രാൻഡിലുള്ള ഉല്പന്നങ്ങളും ലഭിക്കും . ഞങ്ങൾ പദ്ധതിക്കുവേണ്ടി ഉപയോഗിച്ചത് പോണ്ടിച്ചേരി ആസ്ഥാനമായുള്ള ഓറോവിലിലെ ഇക്കോഫെം (Ecofemme ) ഉണ്ടാക്കുന്ന കോട്ടൺ പാഡുകളാണ്. ഇക്കോഫെമിലെ സ്ത്രീകളാണ് ഇവ നിർമ്മിക്കുന്നത് . ലോകത്തിലെ തന്നെ ഏറ്റവും വലിയ കോട്ടൺ പാഡ് ഉൽപ്പാദകർ ഇവരാണെന്നാണ് അറിയുന്നത്. കേരളത്തിൽ ഇതുവരെ ആർത്തവ കപ്പുകൾ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ വന്നിട്ടില്ല . ബാംഗ്ലൂർ മുംബൈ എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ക്രെസെന്റ്ഷ്യ എന്ന മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്നാണ് ഞങ്ങൾ ആർത്തവ കപ്പുകൾ വാങ്ങിയത്
ഉൽപ്പന്നങ്ങളുടെ വില നിലവാരം എങ്ങനെ ? ഉൽപ്പന്നങ്ങളുടെ പ്രത്യേകതകൾ ?
ഒരു തുണി പാഡിന് 200 മുതൽ 245 രൂപ വരെ വില വരുന്നുണ്ട്. ഞങ്ങളുടെ പദ്ധതിയ്ക്ക് വേണ്ടി ഓറോവിലിൽ നിന്ന് വാങ്ങിയ തുണി പാഡിന് ഓൺലൈൻ വിപണിയിൽ ഒന്നിന് 245 രൂപ വിലയാണ് .ആർത്തവ കപ്പ് പല വിലയ്ക്ക് ലഭ്യമാണ് 150 .രൂപയിൽ തുടങ്ങി 2000 രൂപ വരെ വിലയുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ഉണ്ട് ഇതിനെ കുറിച്ച് എനിക്ക് പറയാനുള്ളത് ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാൻ പാടില്ല . കാരണം ഇത് നമുക്ക് ദീർഘകാലം ഉപയോഗിക്കാനുള്ളതാണ് , ശരീരത്തിന്റെ ഉള്ളിൽ വെച്ച് ഉപയോഗിക്കാനുള്ളത്. അതുകൊണ്ട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ നിർദിഷ്ട ഗുണമേന്മ ഉള്ളതായിരിക്കണം . സിലക്കണിന്റെ ക്വാളിറ്റി സ്റ്റാൻഡേർഡിനെ കുറിച്ച് ഞാൻ പറഞ്ഞുവല്ലോ . ഞങ്ങൾ ഇവിടെ 600 രൂപ വിലയുള്ള കപ്പുകളാണ് ഉപയോഗിച്ചത് .
ഉപയോഗത്തിന് ശേഷം എങ്ങനെയാണു ഇവ സംസ്കരിക്കുക ?
ഇവ സംസ്കരിക്കേണ്ടി വരുന്നില്ല . പുനരുപയോഗിക്കുകയാണ് ചെയ്യുക .വർഷങ്ങളോളം ഉപയോഗിക്കാം .ഉപയോഗ കാലം കഴിഞ്ഞു ഉപേക്ഷിക്കേണ്ടി വരുമ്പോൾ , ആർത്തവ കപ്പിലെ സിലിക്കൺ റീസൈക്കിൾ ചെയ്യാൻ പറ്റുന്നതാണ് , തുണി പാഡുകൾ ഉപേക്ഷിക്കുമ്പോൾ ഒരു വിധത്തിലുള്ള പരിസ്ഥിതി ദോഷവും ഉണ്ടാക്കുന്നില്ല രണ്ടു ഉൽപ്പന്നങ്ങളും തികച്ചും പരിസ്ഥിതി സൗഹൃദമാണ് .
എന്നാണ് സംരംഭത്തിന് തുടക്കം കുറിച്ചത് ? എങ്ങനെ പ്രചാരണം നടത്തി ? സർക്കാർ സ്ഥാപനങ്ങളുടെയോ ,ഏജൻസികളുടെയോ സഹകരണം ലഭിച്ചുവോ ?ഇത് പഞ്ചായത്തു , ജില്ലാ , സംസ്ഥാനതലത്തിൽ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുവാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടോ ? എന്തായിരുന്നു പ്രതികരണം ?
പ്രധാന പ്പെട്ട ഒരു ചോദ്യമാണിത് . സംരംഭം തുടങ്ങിയത് 2019 മാർച്ചിലാണ് . മുഹമ്മയിലെ ഒരു പ്രത്യേക പ്രശ്നത്തിന്തു പരിഹാരമായിട്ടാണല്ലോ പദ്ധതിയുടെ തുടക്കം . അതിനാൽ അതിനു ആദ്യം മുതൽ ജനശ്രദ്ധ ലഭിച്ചു .പൊതുജന പങ്കാളിത്തമുള്ള ഒരു ശ്രമമായിരുന്നു കനാൽ വൃത്തിയാക്കൽ അത് കൊണ്ട് പഞ്ചായത്തധികൃതരും പൊതു ജനങ്ങളും ആരോഗ്യവകുപ്പിന്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു തൊഴിലുറപ്പുകാരാണ് വൃത്തിയാക്കലിൽ ഏർപ്പെട്ടത് . ആദ്യമായി സ്ത്രീകളുടെ മീറ്റിംഗ് വിളിച്ചത് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ , 16 വാർഡിലെയും ആശാ വർക്കർ മാരുടെ സഹകരണത്തോടെയാണ് . ആശാ വർക്കർമാർ ആരോഗ്യ കാര്യങ്ങളുമായി കുടുംബങ്ങളോട് നിരന്തര ബന്ധം പുലർത്തുന്നവരാകയാൽ ആ വിശ്വാസ്യത ഞങ്ങൾക്കുപകരിച്ചു .അങ്ങനെ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും, ഐ സി ഡി എസ് , കുടുംബശ്രീ തുടങ്ങിയ സംഘ ടനകളുടെയും സഹകരണം എല്ലാ ഘട്ടങ്ങളിലും ലഭിച്ചു .തുടക്കം മുതൽ തന്നെ ഉപഭോക്താക്കൾക്കിടയിൽ അതായതു മുഹമ്മയിലെ സ്ത്രീകൾക്കിടയിൽ നല്ല സ്വീകാര്യത ഉണ്ടായിരുന്നു പ്രത്യേകിച്ചും നമ്മുടെ തുണിപാഡുകൾ സ്വീകരിക്കുന്നതിൽ അവർ മുൻപന്തിയിലായിരുന്നു. അവിടത്തെ സാധാരണക്കാരായ സ്ത്രീകൾ മിക്കവരും കയർ പിരിക്കുന്നവരും കക്ക വാരുന്നവരും ആണ്. അവർ കൂടുതലും പഴയ രീതികൾ തുടരുന്നവരാണ് . അത് കൊണ്ട് വളരെ സൗകര്യമായി ഉപയോഗിക്കാവുന്ന തുണി പാഡുകൾ അവർക്കിടയിൽ പെട്ടെന്ന് സ്വീകരിക്കപ്പെട്ടു . വളരെ പതിയെയാണെങ്കിലും ചെറുപ്പക്കാർക്കിടയിൽ ആർത്തവ കപ്പുകളും സ്വീകാര്യത നേടി.

പഞ്ചായത്തു ഭരണ സമിതിയുടെ സഹകരണം എടുത്തു പറയേണ്ടതാണ് .പഞ്ചായത്തു പ്രസിഡണ്ട് ശ്രീ ജയലാൽ പദ്ധതിയിൽ പ്രത്യേക താല്പര്യമെടുത്തു . ജില്ലാ പഞ്ചായത്തിന്റെയും മറ്റു പഞ്ചായത്തുകളുടെയും മുന്നിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ വെച്ചു . അത് കൊണ്ട് മാധ്യമങ്ങളുടെയും ശ്രദ്ധ ലഭിച്ചു . മാത്രമല്ല കേട്ടറിഞ്ഞ സ്ഥലങ്ങളിൽ നിന്നെല്ലാം പദ്ധതിയെ കുറിച്ചുള്ള അന്വേഷണങ്ങൾ വരികയുണ്ടായി .പല പഞ്ചായത്തുകളും സമാന പദ്ധതികൾ നടപ്പിലാക്കുവാനുള്ള ആഭിമുഖ്യം പ്രദർശിപ്പിക്കുകയും ചെയ്തിരിക്കുന്നു . പൊതുവെ സമൂഹത്തിൽ നിന്നൊട്ടാകെ പോസിറ്റീവ് ആയ പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത് .
ഇത് പ്രാദേശികമായി തൊഴിൽ സൃഷ്ടിക്കുന്നില്ലേ ? അത്തരം യൂണിറ്റുകൾ മുഹമമയിൽ പ്രവർത്തിക്കുന്നുണ്ടോ ?
തുണി പാഡ് നിർമ്മാണം പ്രാദേശികമായി തൊഴിൽ സൃഷ്ടിക്കാവുന്ന ഒരു പദ്ധതിയാണ് പക്ഷെ ഞങ്ങൾ .മുഹമ്മയിൽ ഇത് പ്രവർത്തികമാക്കുമ്പോൾ അങ്ങനെ ഒരു ഉൽപ്പാദന യൂണിറ്റ് തുടങ്ങിയില്ല . ഞങ്ങൾ പുറത്തു നിന്ന് വരുത്തുവാൻ കാരണമുണ്ട് . ആ സമയത്ത് തുണിപാഡുകൾക്കു ഇവിടത്തെ മാർക്കറ്റിലോ ആളുകൾക്കിടയിലോ പ്രചാരമില്ല ഒരു പുതിയ പ്രോഡക്റ്റ് ഇങ്ങനെയുള്ള സ്ഥലത്തു ഉൽപ്പാദിപ്പിക്കുമ്പോൾ ആദ്യം അതിനു വിപണിയിൽ സ്റ്റെഡി ഡിമാൻഡ് ഉണ്ടായിരിക്കണമല്ലോ . അല്ലെങ്കിൽ അതിനു സുസ്ഥിരവിജയം കൈവരിക്കാൻ കഴിയില്ല അത് ഉണ്ടാക്കിയെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്
ആർത്തവ ശുചീത്വവുമായി ബന്ധപ്പെട്ടതായതു കൊണ്ട് ആദ്യമായി അവബോധപ്രവർത്തനമാണ് വേണ്ടത് കാരണം ഇപ്പോൾ മാർക്കറ്റിൽ ഉള്ള സിന്തറ്റിക് ഉൽപ്പന്നങ്ങളുടെ ന്യുനതകളും അവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യ സംബന്ധമായ ഗുണവും ബോധ്യപ്പെടുത്തേണ്ടതുണ്ട് .അവരുടെ ശീലം മാറ്റിയെടുക്കേണ്ടതുണ്ട്. അങ്ങനെ ഒരു ഡിമാൻസ് ഉണ്ടായതിനു ശേഷം മാത്രമേ ഒരു യൂണിറ്റ് വിഭാവനം ചെയ്യുന്നതിൽ അർത്ഥമുള്ളൂ .ആദ്യം തന്നെ മാർക്കറ്റിൽ 245 രൂപ വിലയുള്ള ഒരു ഉൽപ്പന്നം വാങ്ങിക്കുവാൻ ഗ്രാമീണ സ്ത്രീകളോട് പറഞ്ഞാൽ അവർ പെട്ടെന്ന് തയ്യാറാവുകയില്ല . അത് കൊണ്ട് ഞങ്ങൾ പദ്ധതിയുടെ ഭാഗമായി സബ്ഡിഡിയോടെ 245 രൂപയുടെ പാഡ് 50 രൂപക്കും 600 രൂപയുടെ ആർത്തവ കപ്പു 100 രൂപക്കും ആണ് വിതരണം ചെയ്തത് . അതിന് പദ്ധതി വിഹിതവും എക്കോഫെമിന്റെ സബ്സിഡിയും ഉപയോഗിച്ചു .ഒരു പാഡ് അഥവാ കപ്പ് ഉപയോഗിക്കാവുന്ന കാലദൈർഘ്യം കണക്കിലെടുക്കുമ്പോഴാണ് വില നിസ്സാരമാണെന്ന് മനസ്സിലാവുക .

പദ്ധതിക്കു പ്രചാരം ലഭിച്ചതോടെ മുഹമ്മയ്ക്കു പുറത്തും ബദൽ ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് വർദ്ധിക്കുന്നുണ്ട് . ഇപ്പോൾ ഞങ്ങൾ മുഹമ്മയിലോ സമീപ പ്രദേശത്തോ ഒരു ഉൽപ്പാദന യൂണിറ്റ് തുടങ്ങുവാൻ പദ്ധതിയിടുന്നുണ്ട്. കൊല്ലത്തെ അഷ്ടമുടി വേറൊരു സംരക്ഷണ മേഖലയാണ് . പല ജില്ലാപഞ്ചായത്തുകളും ഇത്തരം യൂണിറ്റുകൾ തുടങ്ങാൻ മുന്നോട്ടു വരുന്നുണ്ട് . തിരുവനന്തപുരം കോർപറേഷന് ഒരു തുണി പാഡ് പ്ലാന്റ് അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു എന്നാണറിയുന്നത് . തീർച്ചയായും ഇത് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
സ്ത്രീകൾ , യുവതലമുറ , കൗമാരക്കാർ എന്നിവർ നിലവിലുള്ള പ്രസിദ്ധ ബ്രാൻഡ് ഉല്പന്നങ്ങളെക്കാൾ ഈ ബദൽ മാർഗങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ ? എന്താണ് ഫീഡ്ബാക്ക് ?
എന്റെ അനുഭവങ്ങളിൽ നിന്ന് മനസ്സിലായത് എല്ലാ തലമുറകളിൽ പെട്ടവരും എല്ലാ സാമ്പത്തിക ശ്രേണിയിൽ പെട്ടവരും ആയ സ്ത്രീകൾ ഈ മാറ്റത്തെ വളരെയധികം സ്വാഗതം ചെയ്യുന്നതായിട്ടാണ് . സ്കൂൾ വിദ്യാർഥികൾ മുതൽ . സിന്തറ്റിക് പാഡു ശീലമാക്കിയ തലമുറയിൽ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ച തോതിൽ കാണപ്പെടുന്നു , ചൊറിച്ചിൽ , അലർജി എന്നിവ സാധാരണമാണ് . PCOD വ്യാപകമായിരിക്കുന്നു . ഗർഭപാത്രം നീക്കം ചെയ്യലിൽ വലിയ വർദ്ധനയാണ് കാണുന്നത് . പുറമെ പാരിസ്ഥിക മലിനീകരണത്തെപ്പറ്റിയുള്ള അവബോധം സമൂഹത്തിൽ വർദ്ധിക്കുകയാണ് .അത് കൊണ്ടാവാം സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം ബദൽ മാർഗങ്ങളോട് പോസിറ്റീവ് ആറ്റിട്യൂഡ് കാണുന്നത്
പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശമുണ്ടോ ?
തീർച്ചയായും പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നു ഉദ്ദേശമുണ്ട് . അതേസമയം ആട്രീ പ്രധാനമായും വേമ്പനാട് തണ്ണീർ തട സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ്. പരിസ്ഥിതി സംരക്ഷണമാണ് ഞങ്ങളുടെ പ്രധാന പ്രോഗ്രാം. . ആട്രീ മുൻകൈയെടുത്തു പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിലുപരി ഇത്തരം ഒരു സംരംഭവുമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്ന പഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്തുകൾക്കും വേണ്ട മാർഗ നിർദേശവും സാങ്കേതിക സഹായവും നല്കുന്നതിനാണ് ഞങ്ങൾ ഊന്നൽ നൽകുന്നത് . കൊല്ലത്തെ അഷ്ടമുടിയിലും സമാനമായ ഒരു പദ്ധതിക്ക് വേണ്ടി അധികൃതരുമായി ധാരണയിൽ എത്തിയിട്ടുണ്ട്. .തൃശൂർ, കണ്ണൂർ എറണാകുളം ജില്ലകളിൽ നിന്ന് ഞങ്ങൾക്ക് അന്വേഷണം ലഭിച്ചിട്ടുണ്ട് .

ആരിൽ നിന്നെങ്കിലും ഏതെങ്കിലും ഘട്ടത്തിൽ എതിർപ്പോ പ്രതിഷേധമോ നേരിടേണ്ടി വന്നിട്ടുണ്ടോ ? എങ്ങനെ മറികടന്നു ?
എതിർപ്പോ പ്രതിഷേധമോ എനിക്ക് ഒരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ എല്ലാം സുഗമമായിരുന്നു എന്നർത്ഥമില്ല .പലവിധത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് . പ്രധാനമായും നമ്മുടെ സമൂഹത്തിനു ഈ വിഷയം ചർച്ച ചെയ്യാനുള്ള സങ്കോചവും അവജ്ഞയും മൂലമുള്ള വിമുഖത പല സ്ഥലങ്ങളിലും നേരിടേണ്ടി വന്നിട്ടുണ്ട്.ആർത്തവത്തോട് അനുബന്ധിച്ചുള്ള അനാചാരങ്ങൾ പലതും ഉണ്ടല്ലോ .തുണിപാഡുകൾക്കെതിരെ പൊതുവെ വിമർശനം ഉണ്ടായിട്ടില്ല പക്ഷെ ആർത്തവ കപ്പുകളെ സംബന്ധിച്ച്ചില വിദ്യാലയങ്ങളുടെ അധികൃതർ സങ്കോചം പ്രകടിപ്പിക്കുകയുണ്ടായി പുറമെ ,ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെ കുറിച്ചുള്ള മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതു കൊണ്ടുള്ള പ്രശ്ങ്ങനൾ ഉണ്ടായിട്ടുണ്ട്. സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ ഇത്തരം ചെറിയ പ്രശ്നങ്ങൾ തരണം ചെയ്യാൻ സാധിച്ചു . ഒരു എൻ ജി ഓ യേക്കാൾ വിശ്വാസ്യത ആരോഗ്യപ്രവർത്തകർക്കു സമൂഹത്തിൽ ഉള്ളത് കൊണ്ട് ആരോഗ്യവകുപ്പിന്റെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെയും പങ്കാളിത്തം ജനങ്ങൾ കൂടുതൽ ഗൗരവത്തോടെ എടുക്കാൻ സഹായിച്ചിട്ടുണ്ട് .
മുഹമ്മോദയം പദ്ധതിക്ക് എന്തെല്ലാം അംഗീകാരം ലഭിച്ചിട്ടുണ്ട്? അന്തർദേശീയ തലത്തിൽ ഒരു evaluvation ന്റെ ഭാഗമായി എന്ന് കാണുന്നു . അതിന്റെ വിവരങ്ങൾ വായനക്കാരുമായി പങ്കുവെയ്ക്കാമോ ?
ആദ്യ ത്തെ അംഗീകാരം മുഹമ്മയെ പൂർണമായും സിന്തറ്റിക്സാനിറ്ററിപാഡ് വിമുക്ത ഗ്രാമമായി പ്രഖ്യാപിക്കാൻ കഴിഞ്ഞത് തന്നെയാണ്. 2019 നവംബറിൽ തന്നെ ഹരിത കേരള മിഷന്റെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ മാലിന്യ സംസ്കരണ പദ്ധതികൾ അവതരിപ്പിക്കുന്ന വേദിയിൽ മുഹമ്മ തിരഞ്ഞെടുക്കപ്പെടുകയും അംഗീകാരം നേടുകയും ചെയ്തു . മാത്രമല്ല പല പഞ്ചായത്തുകളുടെയും മാർഗ രേഖകളിലും മുഹമ്മ ഒരു മാതൃകയായിക്കഴിഞ്ഞു . ഇതിനു പുറമെ ആഗോളതലത്തിൽ യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന “റെയർ സൊല്യൂഷൻ സെർച്ച് “നടത്തുന്ന മത്സരത്തിൽ നൂറോളം രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പത്തു മത്സരാർത്ഥികളിൽ മുഹമ്മയിലെ സംരംഭം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ജലമലിനീകരണം മൂലമുള്ള ശീതമാറ്റം ആണവരുടെ വിഷയം . ജനങ്ങളിൽ നിന്ന് തന്നെ പരിഹാരങ്ങൾ തേടുകയാണവരുടെ രീതി .മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചിട്ടില്ല . മത്സരം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ് സെപ്തംബർ അവസാനത്തിൽ മാത്രമേ വിജയിയെ പ്രഖ്യാപിക്കുകയുള്ളൂ .ഗ്ലോബൽ കോണ്ടെസ്റ്റിൽ വിജയിയെ നിർണയിക്കുന്ന മാനദണ്ഡം ഏജൻസി പൂർണമായും വെളിപ്പെടുത്തിയിട്ടില്ല. മുഖ്യമായും ജനങ്ങളുടെ ഇടയിൽ ശീലമാറ്റം കൊണ്ട് വന്ന് അതുവഴി ജലമലിനീകരണം തടയാനുള്ള മാർഗങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. മത്രമല്ല പദ്ധതി മറ്റെവിടെയും പ്രാവർത്തികമാക്കാൻ പറ്റുമോ എന്നതും അവരുടെ പരിഗണനാ വിഷയമാണ് .
വിജയിക്കുകയാണെങ്കിൽ സാമ്പത്തിക നേട്ടം ഉണ്ടാവുമോ ?
വിജയിക്കുകയാണെങ്കിൽ തീർച്ചയായും സാമ്പത്തിക സഹായം ഉണ്ടാവും .അവാർഡ് തന്നെ കാഷ് പ്രൈസ് ആണ് . അത് ആട്രീക്കുള്ള അവാർഡ് ആയിരിക്കും .ആട്രീയുടെ ഈ പ്രോജെക്ടിനോ മറ്റു പ്രൊജെക്ടുകൾക്കോ ഉപയോഗിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്
ഈ വിവരം വളരെ ആവേശം പകരുന്നതാണ്. ഗുരുതരമായ പല പ്രശ്നങ്ങൾക്കാണ് ന്യൂനതകൾ ഇല്ലാത്ത പരിഹാരം ഉരുത്തിരിയുന്നത് . മലയാളനാടിന്റെ വിജയാശംസകൾ .