കവിത – അനിന്ദിതാ ബോസ്.(ഇംഗ്ലീഷ്)
മൊഴിമാറ്റം – രാമൻ മുണ്ടനാട്.
ആ ചിതറിയ ശരീരങ്ങളുടെ നിലവിളി
ഇപ്പോൾ നിശ്ശബ്ദതയിൽ ലയിച്ചിരിയ്ക്കുന്നു.
നദീജലം രക്തത്തെ കഴുകിക്കളഞ്ഞിരിയ്ക്കുന്നു.
‘ഈ രാജ്യം എന്റേതാണ് ‘
എന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച
ആ മനഷ്യരുടെ സ്വപ്നങ്ങളും.
ദേശാടനപ്പക്ഷികൾ വിരുന്നുവരാറുള്ള,
മലകളാൽ ചുറ്റപ്പെട്ട നാടായിരുന്നു അത്.
പുരാതനകാലം മുതലൊഴുകുന്ന നദിയുടേയും
പരന്നു കിടക്കുന്ന വനത്തിന്റേയും സമീപത്ത്.
ഇപ്പോഴിതൊരു സംഗ്രാമഭൂമി.
രക്തക്കറ പുരണ്ട, ചിതറിക്കിടക്കുന്ന
ട്രാൻസിസ്റ്റർ ആവർത്തിച്ചു പാടുന്നു.
‘സമാഗതമായീ പുതുയുഗം,
നമുക്കു സ്വന്തം സ്വാതന്ത്ര്യം’
നിഷ്കളങ്കയായ ഒരു ഗ്രാമീണകന്യക
കരിയില ശേഖരിയ്ക്കാൻ വേണ്ടി
വനത്തിലേയ്ക്കുപോകുമ്പോൾ
പാതിവെന്തൊരു തലയോട്ടിയിൽത്തട്ടി
മൃതദേഹങ്ങൾ കുമിഞ്ഞുകൂടിയ
ഒരു കുഴിയിലേയ്ക്ക് വീണുപോകുന്നു.
അവൾ അലറിക്കരഞ്ഞില്ല, തളർന്നുവീണില്ല,
അതിൽ നിന്നും മെല്ലെ എഴുേന്നറ്റ്
ഒരു പരാതിയുമില്ലാതെ നടന്നുപോയി.
യുദ്ധത്തിൽ പങ്കെടുക്കാൻ
അച്ഛൻ പോവുന്നതിനെ എതിർക്കാൻ
അമ്മ ധൈര്യപ്പെട്ടതിനാൽ
അവരുടെ കുടുംബം ഊരുവിലക്കപ്പെട്ടു.
ഒരു കുടുംബം കെട്ടിപ്പടുക്കാനമ്മയാഗഹിച്ചു.
അവൾ സമാധാനത്തെ പരിലാളിച്ചു
സ്നേഹപുഷ്പങ്ങൾ വിടർത്തി.
പിതാവിനെയും ഭർത്താവിനേയും
അനുസരിച്ച് ജീവിച്ചു.
ഒടുവിൽ ആ ആഹ്വാനം വന്നപ്പോൾ
‘പുരുഷന്മാരെല്ലാം പട്ടാളത്തിൽ ചേരണം,
രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യണം,
നമ്മുടെ പൂർവ്വികന്മാർ ചെയ്തതുപോലെ.’
പക്ഷേ അമ്മ അനുസരിയ്ക്കാൻ തയ്യാറായില്ല.
അവൾ തിരകൾക്കെതിരെ ഉറച്ചുനിന്നു,
രാഷ്ട്രീയഭീഷണികൾ പോലും വകവച്ചില്ല.
ആ യുദ്ധം, മരണങ്ങൾ, തോൽവികൾ,
നഷ്ടങ്ങൾ, നിലവിളികൾ, നിഴലുകൾ,
അന്ധകാരം, തകർന്ന സ്വപ്നങ്ങൾ,
വ്യർത്ഥവിശ്വാസങ്ങളുമായി പിറക്കുന്ന
അനാഥരായ പിഞ്ചുപൈതങ്ങൾ,
ഉപേക്ഷിയ്ക്കപ്പെട്ട, മൃതസമാനരായ,
പാവപ്പെട്ട ഗ്രാമീണസ്ത്രീകൾ.
എന്നിട്ടും ടെലിവിഷനിലൂടെ ആഹ്വാനം
‘ ഈ രാജ്യം നിങ്ങളുടേതാണ്,
യുദ്ധം നിങ്ങളുടേതാണ്.
സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുക.
സ്വാതന്ത്ര്യത്തിനുവേണ്ടി മരിയ്ക്കുക’
ആ പെൺകുട്ടിയുടെ പിതാവ്
അവൾക്ക് കഥകൾ പറഞ്ഞുകൊടുത്തു,
പൂർവ്വികരെ, അവരുടെ മഹത്വങ്ങളെപ്പറ്റി,
കൂടുംബത്തെയും സ്വാതന്ത്ര്യത്തെയും
ഒരുപോലെ സ്നേഹിച്ച മനുഷ്യരെപ്പറ്റി,
ഒരിയ്ക്കലും യാതൊരു കാരണവുമില്ലാതെ
യുദ്ധത്തിലേർപ്പെടാത്ത മനുഷ്യരെപ്പറ്റി.
ഇതുകേട്ടു വളരുന്ന അവൾ,
സമാധാനത്തിന്റെ രാജ്യത്ത് പൂവിടും.
സ്വന്തം സ്വപ്നങ്ങളിലൂടെ മുന്നേറും.
അതു സംഭവിയ്ക്കാൻ,
അവളുടെ അച്ഛൻ മരിയ്ക്കാതിരിയ്ക്കണം
അവളുടെ അമ്മ കരയാതിരിയ്ക്കണം,
അവളുടെ കുടുംബം
പട്ടിണിയാവാതിരിയ്ക്കണം,
അവളുടെ ഓർമ്മകളിൽ
നീറുന്ന പോറലുകൾ ഉണ്ടാവരുത്.
അങ്ങനെ ആ പെൺകുട്ടി
വനത്തിലേയ്ക്ക് നടന്നു,
അമ്മയുടെ പ്രിയപ്പെട്ട പാട്ടുപാടിക്കൊണ്ട്
”എനിയ്ക്ക് വേണ്ടത് സ്വാതന്ത്ര്യമാകുന്നു,
യുദ്ധം നീയെടുത്തുകൊള്ളുക.
ഞാൻ സ്വാതന്ത്ര്യമാസ്വദിയ്ക്കുമ്പോൾ
നീ യുദ്ധം ചെയ്തുകൊണ്ടേയിരിയ്ക്കുക”