2005 വരെ സ്കൂൾ അവധിക്കാലത്തായിരുന്നു നാട്ടിലേയ്ക്കുള്ള യാത്രകൾ കുടുതലും. ഒരു മാസം മുമ്പേ സുജയും കുട്ടികളും. അവർ പോയി ഒരു മാസത്തിനു ശേഷം ഞാനും. തിരിച്ചുള്ള യാത്രകൾ എല്ലാവരും ഒരുമിച്ചാവും. ഈ രണ്ടു മാസങ്ങളിലാണ് ചെക്കന്മാർ സകല ഗുസ്തികളും കൺകെട്ടുവിദ്യകളും ഹൃദിസ്ഥമാക്കാറുള്ളത്. ബാക്കിയുള്ള പത്തുമാസം അതൊക്കെ ഞങ്ങളുടെ മേൽ പ്രയോഗിക്കും. ആ യാത്രകളിലൊക്കെ ഒരു അനന്തപുരി – കൊല്ലം സന്ദർശനങ്ങളും ഉണ്ടാവാറുണ്ട്. അവധിക്കാലം കഴിഞ്ഞ് അബുദാബിയിൽ മടങ്ങിയത്തുമ്പോഴൊക്കെ ജോർജ് ചോദിക്കാറുള്ള സ്ഥിരം ചോദ്യം : കൊല്ലത്ത് ചെന്നിട്ടും നിങ്ങളെന്റെ വീട്ടിൽ പോയില്ലല്ലോ! ആൻസമ്മയും കുട്ടികളും എപ്പോഴും നിങ്ങളെയൊക്കെ അന്വേഷിക്കാറുണ്ട്. അത്ര അടുത്തെത്തിയിട്ട് വീട്ടിലൊന്നു കേറാമായിരുന്നു.
അങ്ങനെ ഒരു യാത്രയിൽ ആ പേരുദോഷം ഒന്ന് മായ്ച്ചെടുക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. കൊല്ലത്തിറങ്ങി. ബസ്സിലും ടാക്സിയിലുമൊക്കെയായി, തങ്കശ്ശേരി. ആഹാ… കഥകളിലൊക്കെ കേട്ടിരിക്കുന്ന തങ്കശ്ശേരി.. കാഴ്ചയുടെ അനുഭവങ്ങൾ, മനസ്സിൽ മെനഞ്ഞുകൂട്ടിയതിനേക്കാൾ എത്ര വ്യത്യസ്തമാണ്! മാറ്റേണ്ടതൊക്കെ മനസ്സിൽ മാറ്റിയെഴുതി. ജോർജിന്റെ വിലാസം തേടി. പലരും കൈ മലർത്തി. ഒരാൾ പറഞ്ഞു. “നേരേ പോയി ആ കാണുന്ന സ്കൂളിന് മുമ്പിലുള്ള ബെൻസിഗറിന്റെ കടയിൽ ചോദിച്ചാൽ മതി. അയാൾക്കറിയാത്ത മനുഷ്യരില്ല, ഇന്നാട്ടിൽ. നാലു തലമുറ മുമ്പുള്ളവരുടെ വീടുകളും ചരിത്രവുമൊക്കെ അയാൾ പറഞ്ഞുതരും.”
ബെൻസിഗറിനെ കണ്ടു. പിന്നെ, അയാളുടെ വാക്കുകൾ ഞങ്ങൾക്കു മുമ്പേ നടന്നു. കുടയെടുക്കാതെ പോന്നതിനു ഞങ്ങളെ ശാസിച്ചുകൊണ്ട് ഒരു മഴ ഞങ്ങളോടൊപ്പം കൂടി. കൂടെയുള്ള ഗുസ്തിക്കാർക്കാണെങ്കിൽ എത്ര വയറുനിറച്ചു പുറത്തിറങ്ങിയാലും അപ്പോൾ വിശക്കും. ഏതു കട കണ്ടാലും അവരുടെ അലമാരിയിലിരിക്കുന്ന ഗുണ്ടുകൾ അവന്മാരെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. ആ പ്രലോഭനങ്ങൾക്ക് തൽക്കാലത്തേയ്ക്ക് അടപ്പിട്ടു വച്ചിരുന്നത് ജോർജിന്റെ വീട് അടുത്തു വരികയാണല്ലോ എന്ന സമാധാനമായിരുന്നു.
അങ്ങനെ, അതാ ജോർജിന്റെ വീട്. മുട്ടുവിൻ തുറക്കപ്പെടും എന്ന മഹദ് വചനം ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു.
“ആൻസമ്മയല്ലേ?”
“അതേ…”
“ഞങ്ങൾ സുജാതയും സുരേഷുമാണ്.”
ആൻസമ്മ ഇടതുവശത്തു മുകളിലുള്ള ഓർമ്മയുടെ ആകാശങ്ങളിൽ ഞങ്ങളെ തിരയാൻ തുടങ്ങി. കാണാത്തതിനാൽ വീണ്ടും ഞങ്ങളെ നോക്കി.
ഞാൻ ചോദിച്ചു, “ജോർജിന്റെ വീടല്ലേ? അബുദാബിയിലുള്ള…..?”
“അതെ.”
ആൻസമ്മയ്ക്കും വാതിലിനുമിടയിലുള്ള വിടവിലൂടെ, മഴച്ചാറ്റലിൽ നിന്ന് വീടിനുള്ളിലേയ്ക്ക് കുതിക്കാൻ ശ്രമിച്ച ഗുസ്തിക്കാരെ അവൾ കോളറിൽ പിടിച്ചുനിറുത്തി.
ഞാൻ വീണ്ടും : ജോർജ് പറയാറില്ലേ?
ആൻസമ്മ : ഇല്ല. തീരെ ഓർമ്മ കിട്ടുന്നില്ല.
ഞാൻ : അങ്ങനെ ഓർക്കാൻ സാധ്യതയില്ല. നിങ്ങളൊരിക്കൽ അൽ ഐനിൽ നാടകം കളിച്ചു സമ്മാനം വാങ്ങിയപ്പോൾ, അവിടുത്തെ വീട്ടിൽ വച്ചു കണ്ടതാണ്. ഓർമ്മിക്കാന് മാത്രമൊന്നും അതുണ്ടായിരുന്നില്ലല്ലോ! ജോർജ് പറയാറുണ്ടെന്നാണ് ഞങ്ങൾ കരുതിയത്.
ആൻസമ്മ ഉറപ്പിച്ചു പറഞ്ഞു : അറിയില്ല.. കേട്ടോ!
“അപ്പോ.. ശരി… പിന്നീടൊരിക്കൽ വരാം.” ഞങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ കൂടെയുണ്ടായിരുന്ന മഴ പോയ വഴിയിൽ ഒരു പുൽനാമ്പ് പോലുമില്ലായിരുന്നു.
ഞങ്ങൾ ബെൻസിഗറിന്റെ കട നോക്കി നടന്നു. അവിടെ നിന്ന് ടാക്സി കിട്ടുമായിരുന്നു. അയാൾ എന്തെങ്കിലും ചോദിച്ചാൽ എന്തു പറയണമെന്നാണ് ഞാൻ അപ്പോൾ ആലോചിച്ചുകൊണ്ടിരുന്നത്.
കാറിലിരിക്കുമ്പോൾ, ഇതിനുമുമ്പും ചിലപ്പോഴൊക്കെ നോക്കിയ ഒരു നോട്ടമുണ്ടായിരുന്നു, സുജയുടെ മുഖത്ത്. എന്റെ നോട്ടത്തെ തളർത്തി വഴിമാറ്റി വിട്ട ഒരു നോട്ടം.
പരിണാമഗുപ്തി : രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു. അബുദാബിയിൽ വച്ച് കാണുമ്പോൾ ജോർജ് പറഞ്ഞു, “കുറച്ചു സമയമെടുത്തു, അല്ലേ? ആൻസമ്മയ്ക്ക് വിശ്വസിക്കാനായില്ല. എന്തായാലും നിങ്ങൾ ഭക്ഷണമൊക്കെ കഴിച്ചല്ലേ മടങ്ങിയത്! അത് നന്നായി.
ഉപകർണ്ണനം : നാം കേൾക്കുന്നതാണോ പറയുന്നതാണോ വീണ്ടും വീണ്ടും തൂക്കിനോക്കേണ്ടതുണ്ടെന്നു ഗാന്ധിജി പറഞ്ഞത്?
(ജോർജ് – ആൻസമ്മ യഥാർത്ഥ പേരുകളല്ല)
കവർ : ജ്യോതിസ് പരവൂർ