മിമിയുടെ ഭർത്താവ് മരിച്ചു എന്ന് കേൾക്കുന്ന ചങ്കിടിപ്പോടെയാണ് ഉമ്മ പറയുന്നത് ഞാൻ കേട്ടുകൊണ്ടിരുന്നത്… മിമി, നാൽപ്പത്തിരണ്ട് വയസ്സ്, ഉലയാത്ത ഉടൽ, ഉടയാത്ത മാറിടം!… അത് പ്രസവിക്കാഞ്ഞിട്ടാണെന്നാണ് അസൂയക്കാരുടെ സംസാരം!..
കുഞ്ഞിക്കൈകളാൽ പട്ടുപാവാട പൊക്കിപ്പിടിച്ച് പടി കയറുന്ന സ്വർണ്ണക്കൊലുസിട്ട റോസാപ്പൂവിതൾ പോലുള്ള കുഞ്ഞിക്കാലുകൾ തെന്നിവീഴാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് അവളും കൂടെ പടി കയറുകയാണ്. തന്റെ കാലുകൾ തളർന്ന് കുഴഞ്ഞ് വീഴാറാവുമ്പോഴും കുഞ്ഞിക്കാലുകൾ പ്രസരിപ്പോടെ കയറിപ്പോവുകയാണ്. കൂടെ എത്താൻ പാടുപെട്ട് തളർന്ന് കയ്യെത്താ ദൂരത്തായ കുഞ്ഞിക്കാലിലെ കൊലുസിന്റെ തിളക്കം മങ്ങി മങ്ങി പടർന്ന് എല്ലാ നിറങ്ങളും കൂടിച്ചേർന്ന് മസ്തിഷ്കം പുകഞ്ഞ് മഞ്ഞിൻ ചുരുളുകളായി തെളിഞ്ഞു തെളിഞ്ഞു മെല്ലെ കണ്ണുകൾ തുറന്നപ്പോൾ മിമി പതിയെ എല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു. ഇതെത്രാമത്തെ പ്രാവശ്യമാണ് ഈ ഹോസ്പിറ്റൽ ടേബിളിലിങ്ങനെ… ആദ്യമൊക്കെ പ്രതീക്ഷയുടെ തണുപ്പുണ്ടായിരുന്നു ഈ കിടപ്പിന് … പക്ഷെ ഇത് പതിയെ പതിയെ എല്ലാം പഴയപടി ആകുമെന്ന് ഉറപ്പാണ്. നേരത്തെ പറഞ്ഞതൊന്നും ഫലിക്കാഞ്ഞിട്ടാകാം ഇത്തവണ ഒരു നനുത്ത പുഞ്ചിരിയിലൊതുക്കി ഡോക്ടർ പോയ്ക്കളഞ്ഞത്…
മിമി എന്നും സ്നേഹത്തിന്റെ പനിനീർ പൂവായിരുന്നു. ഏതു കുട്ടികളെ കണ്ടാലും തഴുകി തലോടി, മാറോടണച്ച്, കൊഞ്ചിച്ച്, അണിയിച്ചൊരുക്കി വിടാതെ കൂടെ കൂട്ടുമവൾ. സഹോദരങ്ങളുടെയും അയലത്തെയും കുട്ടികൾക്കെന്നും സമ്മാനങ്ങളും മധുരവും വിളമ്പുന്ന ക്രിസ്തുമസാണ് മിമി! അവളുടെ മോഹങ്ങളൊന്നുമറിയാതെ കുട്ടികളെന്നും സമ്മാനങ്ങൾക്കായി കാത്തിരുന്നു… ഏതോ വലിയ കമ്പനി മാനേജരായ സംസ്കാര സമ്പന്നനായിരുന്നു അവളുടെ ഭർത്താവ്. അധികാരങ്ങൾ അളക്കാതെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാതെ പരസ്പരാരാധനയായിരുന്നു അവർക്ക് ജീവിതം! പതിനാറാം വയസ്സിൽ അവൾ കൂടെ എത്തി കുറേ കാലത്തിന് ശേഷമാണ് അയാൾക്ക് ജോലി ലഭിച്ചതും അവർ മാറി താമസിച്ചതും എല്ലാം. അന്നു തൊട്ടേ അവർ കളിക്കൂട്ടുകാരേപ്പോലെയായിരുന്നു!.. കൊച്ചു കൊച്ചു പിണക്കങ്ങളും പരാതികളുമായി അനിയത്തിമാർ വീട്ടിൽ വരുമ്പോൾ, മിമിയുടെ ജീവിതം കണ്ടു പഠിയ്ക്കാനായിരുന്നു ഉപ്പ അവരെ ഉപദേശിച്ചിരുന്നത്… നാട്ടുകാര്യം വീട്ടുകാരും വേറൊരു വിവാഹം കഴിയ്ക്കാൻ അയാളെ ഉപദേശിച്ചെങ്കിലും അയാളതൊന്നും ഗൗനിച്ചതേയില്ല… കുട്ടികളില്ലെന്നതൊഴിച്ചാൽ അവരുടെ ജീവിതം സ്വർഗ്ഗതുല്ല്യമായിരുന്നു. ലക്ഷങ്ങൾ ചോർന്നു കൊണ്ടിരുന്നപ്പോഴും ചികിത്സകളിൽ മനസ്സർപ്പിച്ച് പ്രാർത്ഥനാ പൂർവ്വം ദിവസങ്ങൾ കടന്നു പോയി. അവളുടെ ഉമ്മ എന്നും സങ്കടപ്പെട്ടു.
“സികിൽസക്ക് ബേണ്ടി പൈസേം ചെലവാക്കി
പല നാട്കള് കറങ്ങി നടന്നത് മിച്ചം, ബേറൊര്ത്തനായിരുന്നെങ്കി ഓളെ മൊയ് ചൊല്ലി കൊണ്ടാക്കിയേനീ”…
“ഓൻ സ്നേഹള്ളോനാ അത് മാത്തറാണ് നിയ്ക്കാരു സമാതാനം”…
പ്രാർത്ഥനകളും പ്രതീക്ഷകളും പോലെ മഞ്ഞും, മഴയും, വെയിലും മാറി മാറി വന്നു. അവളുടെ കാത്തിരിപ്പ് കലണ്ടറിലെ എല്ലാ മാസത്തെയും ചില അക്കങ്ങളിൽ തട്ടിത്തകർന്ന് വീണുടഞ്ഞു കൊണ്ടിരുന്നു. ചില രാത്രികളിൽ പുതപ്പിനടിയിലെ ഇളം ചൂടിനുള്ളിൽ അയാളുടെ പേശികളിലേക്ക് ചുടുകണ്ണീരൊഴുക്കി അവൾ തേങ്ങും.
“എന്നെങ്കിലുമൊരിക്കൽ നിങ്ങൾക്കിതൊക്കെ മടുക്കില്ലെ”…?
ചെറുപ്പത്തിൽ കണ്ട ഏതോ സിനിമയിലെ നായകനേപ്പോലെ എപ്പോഴും ഉത്തരം അയാൾക്കൊന്നു തന്നെയായിരുന്നു…
“മഴയും, പുഴയും ആകാശവും ഭൂമിയും നമുക്ക് മടുക്കാത്തത് പോലെ നീയും എനിക്കെന്നും പ്രിയപ്പെട്ടതാണ്…
” നാം തമ്മിലുള്ള ഹൃദയബന്ധത്തെ തകർക്കാൻ
മാത്രം പ്രധാനപ്പെട്ടതാണൊ കുഞ്ഞുങ്ങൾ”?
“നിനക്കറിയ്യോ കുഞ്ഞുങ്ങൾ വേണ്ടാന്ന് വച്ച്
ജീവിക്കുന്ന എത്രയെത്ര പേരുണ്ടെന്നോ”…
എത്ര കേട്ടാലും മതിവരാതെ അയാളെ ഇറുകേ പുണർന്ന് ഉറക്കത്തിലേക്കൂർന്നു പോകുന്ന
അവളുടെ സ്വപനങ്ങളിൽ കൊച്ചു കുഞ്ഞുങ്ങൾ കരഞ്ഞും ചിരിച്ചും തുള്ളിച്ചാടിയും ഒഴുകി നടന്നു! എത്രയൊക്കെ ചേർത്തു പിടിച്ചാലും പരസ്പരം കെട്ടഴിഞ്ഞു പോകുന്ന ചില നിമിഷങ്ങളിൽ അയാൾ ജോലിയുടെ വിരസതയിലേക്കും അവൾ കിടക്കയുടെ മാറിലേക്കും ചുരുളും… ദത്തെടുക്കാനുള്ള ഉപദേശം പലരും തന്നതാണ്. ചികിത്സാ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞിട്ട് അതിനേക്കുറിച്ചാലോചിക്കാമെന്നാണയാൾ അവരോട് പറഞ്ഞത്…
“മമ്പറം പള്ളീല് ഇതും കൂടി കൊട്ത്താ എല്ലാം നേരെയാകും. അള്ളാനെ വിചാരിച്ച് ഇത് പിടിയ്ക്ക് മോളേ”…
ഉമ്മയുടെ സ്വരം അവളെ ചിന്തയിലേക്കുണർത്തി!
നാളെ നാല്പത്തി രണ്ടാം പിറന്നാളാണ്. ഈ കൈകളിൽ ഒരു കുഞ്ഞ്. ഇനിയും ആഗ്രഹിക്കാതിരിക്കലാണ് ബുദ്ധി… പള്ളിയിൽ കൊടുക്കാനുള്ള സ്വർണ്ണ കുട്ടിയും തൊട്ടിലും കൈ വെള്ളയിലിരുന്ന് പൊള്ളി. ഏതൊരു ശാപമാണ് തങ്ങളെ പിന്തുടരുന്നത് … ഉമ്മയുടെ ഗർഭപാത്രം പ്രായഭേതങ്ങളെ മറികടന്ന് കനിയുമ്പോഴെല്ലാം മുതിർന്നവളായി, ബാധ്യതകളില്ലാത്തവളായി ആശുപത്രികളിലും വീട്ടിലും താനുണ്ടായിരുന്നു!
കുഞ്ഞുങ്ങൾ തന്റെ കൈകളിലിരുന്ന് ചുണ്ടുകൾ കോട്ടിക്കുറുകിയപ്പോൾ പടച്ചവനേപ്പോലും വെറുത്തു പോയിട്ടുണ്ട് … ഓരോന്നോർത്തുകൊണ്ട് തിളയ്ക്കുന്ന വെയിലിൽ നിന്ന് കണ്ണുകൾ പറിച്ചെടുത്തപ്പോൾ അടിവയറിന് ഭാരം പോലെ തോന്നി. ഒരു ഗർഭിണിയുടെ ശ്രദ്ധയോടെ പതുക്കെ എഴുനേറ്റ് നടന്നപ്പോൾ എന്തോ ശുഭ സൂചകമാണ് കൈവെള്ളയിലിരിക്കുന്നതെന്ന പോലെ അവൾ മുറുകെപ്പിടിച്ചു. നീണ്ട ഇരുപത്തിയാറു വർഷത്തെ ദാമ്പത്യ ജീവിതത്തിൽ കുഞ്ഞുങ്ങളേക്കുറിച്ചുള്ള സങ്കടമൊഴിച്ചാൽ ഒരു മോഹന ഗാനം പോലെ സുന്ദരമായിരുന്നു ജീവിതം. ഇങ്ങിനെയൊരു ഭർത്താവിനെക്കിട്ടാനും പുണ്യം ചെയ്യണം. എല്ലാം തികച്ച് പടച്ചവൻ തരില്ലായിരിക്കും…
നാല്പത്തിരണ്ടാം പിറന്നാളിലെ അവളുടെ ആശയറ്റ മുഖം താങ്ങാൻ കഴിയാഞ്ഞിട്ടായിരുന്നു അയാൾ പണ്ടെങ്ങോ കണ്ട ഒരു പ്രവചനക്കാരന്റെ വാക്കുകളിലെ സ്വപ്നം പൊടി തട്ടിയെടുത്തത്. കിഴക്കു ദർശനത്തിലൊരു പുതിയ വീട്!!! കുഞ്ഞിക്കാൽ പതിയാത്ത ആ സ്വപ്നം അവൾക്ക് അന്യമായിരുന്നു. പലപ്പോഴും കേട്ടിട്ടുള്ളതാണ് കുട്ടികളും വീടും ഭർത്താവിലേക്കെത്തുന്ന ദൃഢമായ പാലങ്ങളാണെന്ന്. ചില വിരസ വൃദ്ധകളുടെ കണ്ടെത്തലാണതെന്നേ ഇതുവരെ അവൾ കരുതിയിട്ടുള്ളൂ. താനെന്തിനാണതൊക്കെ ഇപ്പോളോർത്തത്. അവൾക്ക് ചിരിവന്നു. തന്റെ ദിനങ്ങളുടെ തുടക്കവുമൊടുക്കവുമെല്ലാം ഈ ദുഖത്തിലേക്ക് കൂട്ടിച്ചേർത്ത് തകർക്കുമ്പോൾ ജീവിതത്തിലെ പലകാര്യങ്ങളിലൊന്നാണിതെന്ന് ആശ്വസിപ്പിയ്ക്കാൻ എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു… പരീക്ഷണങ്ങളൊന്നും വിട്ടു കളയാൻ മനസ്സനുവദിക്കുന്നില്ല. എവിടെയാണ് കാരുണ്യവാൻ കനിയാൻ കാത്തിരിക്കുന്നതെന്ന് അറിയില്ലല്ലൊ…
പിന്നീടങ്ങോട്ട് സ്വപ്ന സൗധം തീർക്കുന്ന തിരക്കിലായിരുന്നു. അവൾ പ്രതീക്ഷിച്ചതിലും മനോഹരമാക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതൊരു കുഞ്ഞു കൊട്ടാരമായിരുന്നു!.. മതിലിൽ പിച്ചളത്തകിടിലെ തിളങ്ങുന്ന അക്ഷരങ്ങൾ ” മിമി” !! അത് കണ്ട് അവളുടെ കണ്ണുകൾ നനവാർന്നു. അവിടെയൊരു കുഞ്ഞിന്റെ ഓമനത്തമുള്ള പേരായിരുന്നു അവൾ സ്വപ്നം കണ്ടിരുന്നത്. പാലുകാച്ചിന് വന്നവരെല്ലാം സഹതപിച്ചും ശബ്ദം താഴ്ത്തിയും പറഞ്ഞു.
“പടച്ചവൻ എല്ലാം തികച്ച് കൊടുക്കൂല്ലെന്ന് പറയുന്നതെത്ര ശെരിയാണ്”…
ആ മണിമന്ദിരത്തിലെ അവരുടെ ആദ്യ രാത്രിയിൽ അവൾക്കരികിൽ സ്വപ്നങ്ങൾ തീർന്ന പോലെ അയാൾ ശൂന്യനായി നിന്നു. എങ്കിലും അവസാന തരി പ്രതീക്ഷയുടെ കനലൂതിക്കത്തിക്കാൻ ശ്രമിച്ചു കൊണ്ട് ആ വീടിന്റെ ആത്മാവിനെ സാക്ഷിയാക്കി അവർ പ്രതിജ്ഞയെടുത്തു.
” ഈ മേൽക്കൂര നമുക്ക് മരണം വരെ …
ഈ ജീവിതം ശേഷിപ്പുകളില്ലാതെ നമ്മിൽ മാത്രം”!..
പരസ്പരം ഒരായിരം കുഞ്ഞുങ്ങളായി അവർ ആ വീടു നിറച്ചു സ്നേഹം പങ്കു വച്ചു…
ആ വീടിന്റെ ആത്മാവും അയാളുടെ പേശികളും അവൾക്കന്യമാക്കിക്കൊണ്ട് എന്താണ് സംഭവിച്ചത്?..
ഉമ്മ പറഞ്ഞത് :- “പെരുന്നാളിന്റെ പിറ്റേന്ന് മിമിന്റെ ഭർത്താവ് വേറെ കല്യാണം കയിച്ചു… എല്ലാം കയിഞ്ഞ് പെണ്ണിനേം കൊണ്ട് വന്നപ്പോളാണ് മിമി അറിഞ്ഞത്”!!!..
അന്ന് തന്നെ ഗർഭിണിയാണെന്ന മിമീന്റെ ടെസ്റ്റ് റിസൾട്ടും കിട്ടിയിരുന്നത്രെ!!..
ചിത്രരചന : പ്രസാദ് കുമാർ
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്