പൂമുഖം LITERATUREകഥ ജലച്ചായ ചിത്രം

ജലച്ചായ ചിത്രം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

അവസാനത്തെ ഇല എന്ന ഒ .ഹെൻറി കഥയിലെ കേന്ദ്ര കഥാപാത്രമാണ് ജോൺസി എന്ന പെൺകുട്ടി.
ന്യുമോണിയ ബാധിച്ച് കിടപ്പിലായിരുന്ന അവൾ , ജനാലയ്ക്കപ്പുറത്ത് നിന്നിരുന്ന ഒലീവ് മരത്തിലെ അവസാന ഇല വീഴുന്നതോടൊപ്പം താൻ മരിക്കും എന്ന് വിശ്വസിച്ചു.
ഒരു രാത്രി ആ ഇല വീണത് അവളറിഞ്ഞില്ല. അവൾ മരിച്ചുമില്ല. രാത്രി, മഞ്ഞ് കൊണ്ടുനിന്ന്, പഴുത്ത് വീഴാറായ ഒരിലയുടെ ചിത്രം വരച്ച്‌, മരക്കൊമ്പിൽ ഒട്ടിച്ചുനിർത്തി, ബെര്‍മാന്‍ എന്ന അലസനായ ചിത്രകാരൻ അവളേയും അവളുടെ വിശ്വാസത്തേയും കാത്തു..
ആ തണുപ്പ് ന്യൂമോണിയയായി വന്ന്, പക്ഷേ, ചിത്രകാരന്‍റെ ജീവനെടുത്തു..

തന്‍റെ, ഏറ്റവും നല്ല ചിത്രം വരയ്ക്കാനിരിക്കുന്നേയുള്ളൂ എന്ന് അത്രയും കാലം പറഞ്ഞു നടന്ന ബെര്‍മാന്‍, മരിച്ചതിനു ശേഷം, കഥയിൽ നിന്നിറങ്ങി നടന്നു.
ഈ ഭൂമിയിൽ, എവിടെയോ, കഥാപാത്രങ്ങളുടെ നഗരത്തിൽ, താഴെ ആള്‍ത്താമസമില്ലാത്ത ഒരു രണ്ടുനിലക്കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ, മറ്റൊരു കഥയിലേയ്ക്ക് നടന്നുകയറി- കാലപരിഗണനകളില്ലാതിരുന്ന അവിടെ താമസമാക്കി…

അതൊരു നീണ്ട ഒറ്റമുറിയായിരുന്നു. എത്രയോ കാലമായിട്ടെന്ന പോലെ ഒരു വശത്ത് സ്റ്റാൻഡിൽ ഉറപ്പിച്ച കാൻവാസും മുന്നിൽ തളികകളിൽ അലങ്കോലപ്പെട്ട്, വരണ്ട്, ചായക്കൂട്ടുകളും ബ്രഷുകളും കിടന്നിരുന്നു . വശത്ത് ജനലിനോട്‌ ചേര്‍ന്ന് ഇട്ടിരുന്ന കട്ടിലില്‍, എത്രയോ കാലത്തെ പതിവെന്ന മട്ടിൽ ബെര്‍മാന്‍ ഉണര്‍ന്നു.

…….അഴികളില്ലാത്ത ജനാലയിലൂടെ ഉച്ചയോടടുക്കുന്ന പകലിന്‍റെ ചൂടുള്ള വെളിച്ചം അകത്തേയ്ക്ക് ഒഴുകുന്നുണ്ടായിരുന്നു.
ചിലന്തിവലകള്‍ മൂടിയ മേല്‍ത്തട്ടില്‍ നിന്ന് കണ്ണ് പിന്‍വലിച്ച് അയാള്‍ പുറംലോകത്തെ നോക്കി.
കിടന്ന കിടപ്പില്‍, കാലെത്തിച്ച് ജനാലക്കൊളുത്ത് നീക്കി. ഒരതിസാധാരണ ദിവസം അവിടെ നിശ്ചലചിത്രമായി നിവര്‍ന്നു. പരന്നുള്ളോട്ട് വളഞ്ഞ മൈതാനത്തിനും കെട്ടിടത്തിനും ഇടയിൽ പ്രധാന പാത നെടുകെ നീണ്ടുകിടന്നു.
ചുറ്റും ചിതറിയ വീടുകള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും മറഞ്ഞും വെട്ടപ്പെട്ടും നാട്ടുവഴികള്‍ പടർന്നു.
പാതയോരങ്ങളില്‍ പന്തലിച്ച മരങ്ങളില്‍ ഇലകൾ ചലനമറ്റ് നിന്നു – നാൽക്കാലികളും പക്ഷികളും അപ്പൊഴപ്പോൾ കാഴ്ചപ്പുറത്ത് വന്നുമറഞ്ഞു..

 • പതിവ് നന്മകളിലും തിന്മകളിലും മുഴുകി ഒറ്റപ്പെട്ട്, മനുഷ്യരും !
  മറ്റാരോ തീര്‍ത്ത പാത്രങ്ങളില്‍ ജനിച്ച്, പുറത്തേയ്ക്ക് ഒഴുക്കപ്പെട്ടപ്പോഴൊക്കെ, മറ്റാരോ തീര്‍ത്ത വഴികളില്‍ ഒഴുകി ഒടുങ്ങുന്ന മനുഷ്യര്‍ സ്വന്തം കൈയൊപ്പ്‌ പതിഞ്ഞ ഒരു കഥയോ കവിതയോ ചിത്രമോ എഴുതാൻ ബാക്കിയുണ്ടെന്ന അലട്ടലോ ആധിയോ തീണ്ടാത്തവര്‍.ബെര്‍മാന്‍റെ താത്പര്യമില്ലാത്ത കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു: എന്തൊരു സാന്ദ്രമായ ജഡത ! പതിവായിട്ടാവട്ടെ, അല്ലാതെയാവട്ടെ. ഈ കാഴ്ചകള്‍ ആരുടെ മനസ്സില്‍ എന്ത് മാറ്റമാവും ഉണ്ടാക്കുക?അയാള്‍ തിരിഞ്ഞുകിടന്നു..-മറിച്ചും ആലോചിക്കാം .. അങ്ങനെയൊരു മാറ്റംവേണമെന്ന് വാശി പിടിക്കാതെ ഓരോ ദിവസത്തേയും, വരുന്ന മുറയ്ക്ക് സന്തോഷത്തോടെ ജീവിച്ചു തീർക്കുകയും ആവാമല്ലോ ..
 • ‘ആയിക്കൂടേ ..?’ എന്ന് ചോദിച്ചുകൊണ്ട് ഉസ്ബെക്കിസ്ഥാനിലെ ഒമർ മനസ്സിൽ കയറിവന്നു …
  ഒപ്പം മുടന്തനായ തിമൂറും അയാളുടെ പുതുമണവാട്ടിയും!
  മധുവിധുവിന്‍റെ ചൂടാറും മുന്‍പേ യുദ്ധം ചെയ്യാനും വെട്ടിപ്പിടിക്കാനുമായി നാടുവിട്ട സുല്‍ത്താന്, മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ അപ്രതീക്ഷിത ഉപഹാരമായി കൊടുക്കാന്‍ ബീവി പണി കഴിപ്പിച്ച കൊട്ടാരത്തിന്‍റെ ശില്‍പിയായിരുന്നു ഒമര്‍.
  പണി പാതിയായ കൊട്ടാരം കാണാനെത്തിയ റാണിയെ, മുഖപടമില്ലാതെ ഒരു മാത്ര ഒമര്‍ കണ്ടു – അയാളുടെ മനസ്സിന്‍റെ സ്വാസ്ഥ്യം നഷ്ടപ്പെട്ടു.
  കൊട്ടാരത്തിൻറെ പണി മുടങ്ങി.- ആഴ്ചകളും മാസങ്ങളും പണി നടക്കാതിരുന്നപ്പോള്‍ റാണിയുടെ ദൂതൻ ശില്പിയെ ആളയച്ചുവരുത്തി…
  കൊട്ടാരം പണി പറഞ്ഞ സമയത്ത് തീര്‍ക്കാന്‍ ഒമർ മുന്നിൽ വെച്ച നിബന്ധന ദൂതനെ ഞെട്ടിച്ചു :
  “റാണിയുടെ കവിളില്‍ എനിക്ക് ഒരു തവണ ചുംബിക്കണം !–’’
  ഒന്നും പറയാനാവാതെ, അയാള്‍ മടങ്ങി- പണി മുന്നോട്ട് നീങ്ങാതിരുന്നപ്പോൾ പല വഴിക്ക് ഒമറെ അനുനയിപ്പിക്കാൻ നോക്കി –
  ശകാരിച്ചു –
  തടവിലിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
  ശില്‍പി വഴങ്ങിയില്ല.
  “ഒരു ചുംബനം – അതില്‍ കവിഞ്ഞൊന്നും ഈ ജന്മം കൊണ്ട് നേടാനില്ല.! അതിനായി കൊട്ടാരനിര്‍മ്മിതി, അനന്തമായി നീട്ടിവയ്‌ക്കേണ്ടി വന്നാലും തെറ്റില്ല-”

അത് ഒമറിന്‍റെ തത്വശാസ്ത്രം-
തനിക്ക് സ്വീകാര്യമായി തോന്നുന്നില്ല.- അതുകൊണ്ട് മാത്രം, പക്ഷേ, അത് ശരിയല്ലാതാവുന്നുമില്ല!
ബെർമാൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

സുല്‍ത്താന് കൊടുക്കാനുള്ള പാരിതോഷികത്തിന്‍റെ പണി പൂർത്തിയായിക്കിട്ടാനുള്ള അതിമോഹത്തിൽ, പഴുതറ്റപ്പോള്‍, റാണി ഒമറിനെ കൊട്ടാരത്തിലേയ്ക്ക് വിളിപ്പിച്ചു.
ചുംബനം ഏറ്റുവാങ്ങാനാവശ്യമായത്ര ഭാഗം മാത്രം കവിൾ അനാച്ഛാദനം ചെയ്ത്, ശില്പിയുടെ ആഗ്രഹം നിവർത്തിച്ചു കൊടുത്തു.
ഉള്ളിലെ എതിർപ്പിന്‍റെ ചൂടിൽ, ഒമർ ചുംബിച്ച ഇടം ചുണ്ടുകളുടെ ആകൃതിയില്‍ പൊള്ളി- കരുവാളിച്ചു.
അന്ത:പുരം വിട്ട് റാണി അതിനുശേഷം പുറത്ത് വന്നില്ല.
യുദ്ധത്തിൽ നേടിയ പൊന്നും പണവുമായി മടങ്ങിയെത്തിയ തിമൂർ, തന്നെ സ്വീകരിക്കാൻ എത്താത്ത ബീവിയെ അകത്തെത്തി കണ്ടു …….
രാജസമ്മാനം വാങ്ങാൻ എത്താൻ ശിൽപിയ്ക്ക് ഉത്തരവ് പോയി.
പുതിയ കൊട്ടാരത്തിൻറെ വിശാലമായ പൂമുഖത്ത്, സിംഹാസനത്തില്‍ തിമൂര്‍ കാത്തിരുന്നു.
ഒമര്‍ വന്നു .
കൊട്ടാരത്തിലേയ്ക്കുള്ള പടവുകള്‍ കയറി…
മൂന്നാമത്തെ പടവില്‍, കരുതിയിരുന്നിടത്ത് കാലിലെ പെരുവിരല്‍ അമര്‍ന്നപ്പോള്‍ ഭൂഗർഭത്തിലേയ്ക്ക് വഴി തുറന്നു.
സുല്‍ത്താനെ താണ് വണങ്ങി, പ്രണയസ്മാരകത്തെ സ്വന്തം ശവക്കല്ലറയുമാക്കി ഒമര്‍ അപ്രത്യക്ഷനായി…

റാണി തൻറെ എതിർപ്പിൽ ഉറച്ചുനിന്നിരുന്നെങ്കിൽ കഥ എങ്ങനെയായിരുന്നിരിക്കും അവസാനിച്ചിരിക്കുക ? — ബെർമാൻ ആലോചിക്കാൻ ശ്രമിച്ചിട്ടുണ്ട്. ….
ഒമർ വഴങ്ങിയിരിക്കാൻ സാദ്ധ്യതയില്ല.. അപൂർണമായ കോട്ടയും തുടർന്നൊന്നും നിർമ്മിക്കാതെ, സൃഷ്ടിക്കാതെ, ഒമറും എന്ന കഥയില്ലായ്മയിൽ കഥയ്ക്ക് അവസാനിക്കേണ്ടി വന്നിരുന്നേനേ…

ദിനാന്തരീക്ഷസ്ഥിതിയില്‍ മാറ്റം അനുഭവപ്പെട്ടപ്പോള്‍ ബെര്‍മാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു.
വെയിലിന്‍റെ കാഠിന്യം കുറഞ്ഞിരിക്കുന്നു- ആകാശത്ത് ഒരു മുന്നറിയിപ്പിൻ്റെ കാർക്കശ്യത്തോടെ മേഘങ്ങള്‍ ഉരുണ്ടുകയറിയിരിക്കുന്നു. നോക്കിയിരിക്കെ പുറംലോകത്തിൻ്റെ മുഖം മങ്ങി –ഓര്‍ക്കാപ്പുറത്ത് വെള്ളത്തുള്ളികള്‍ മുഖത്ത് വീണു – വലിയ വലിയ തുള്ളികൾ–
ചരല്‍ വാരിയെറിയുന്ന ഒച്ചയിൽ ദൂരെ നിന്ന് മഴ ഇരച്ചെത്തി..കാറ്റിന്‍റെ കരുത്തില്‍, ചെരിഞ്ഞ് പെയ്യുന്ന മഴ ! പുറത്തെ ഭാവമാറ്റങ്ങള്‍ പഠിച്ച്, ജനാലയില്‍ നിന്ന് പിൻവാങ്ങി അയാള്‍ നിന്നു.
മൈതാനത്തിനപ്പുറത്തെ കാഴ്ചകള്‍ക്ക് മേല്‍ നിറംമങ്ങിയ യവനിക വീണു. അതിനപ്പുറവും ഇപ്പുറവും മുഖംമൂടികളഴിച്ച ജീവികള്‍ അഭയം തിരഞ്ഞു പാഞ്ഞു.
നോക്കിയിരിക്കെ കാറ്റ് കനത്തു. മൈതാനത്തിന്‍റെ നടുവില്‍ എവിടെയോ നിന്ന് ചുഴലി രൂപപ്പെട്ടു..
ചുവന്ന മണ്ണും ഉണക്കിലകളും ചുള്ളിക്കമ്പുകളും ഭ്രാന്താവേശത്തില്‍ വട്ടം ചുറ്റി മുകളിലേയ്ക്ക് ഉയര്‍ന്നു. പിന്നെ നിരാലംബരായി സമതലങ്ങളിലേയ്ക്ക് മടങ്ങി.
നനഞ്ഞ മണ്ണിന്‍റെ മണം –.
കാറ്റിൽ പരിസരം ഉറഞ്ഞാടി.
വലയിൽ പെട്ട വന്യമൃഗമായി നഗരം കുതറി. ചീറിയിരമ്പി..
വെള്ളം, ചൂടിന്‍റെ ഉറവിടങ്ങള്‍ അന്വേഷിച്ച് മണ്ണില്‍ ലയിച്ചു – ലയിക്കാന്‍ കഴിയാത്തിടങ്ങളില്‍ പാർശ്വങ്ങളിലേയ്ക്ക് വ്യാപിച്ചു. അവിടെ ശക്തിയാര്‍ജ്ജിച്ചു.
അതിന് ചുവന്ന നാവുകള്‍ മുളച്ചു. പൊത്തുകളിലും പോടുകളിലും അവ കടന്നുചെന്നു. മൂടിവെച്ച വൃത്തികേടുകളും അന്ത:ക്ഷോഭങ്ങളും കലങ്ങിമറിഞ്ഞു പുറത്തേയ്ക്കൊഴുകി.
നഗരം പുറംതോടിന്നുള്ളിലേയ്ക്ക് വലിഞ്ഞു.
നഗരത്തിൻ്റെ അഹന്ത മുറിപ്പെട്ടു.. ബെര്‍മാന്‍ കട്ടിലില്‍ നിന്ന് താഴെയിറങ്ങി.
കാറ്റില്‍ മൂലയിലെ കാന്‍വാസ് ചെറുതായി വിറച്ചു.
അതിനെ നോiക്കിനിൽക്കേ ബെര്‍മാന്‍റെ മനസ്സില്‍ വേദനയുടെ നനവ് പരന്നു ..കാലമെത്രയോ മുന്‍പ് തുടങ്ങിയ കാത്തിരുപ്പ് …ചിത്രങ്ങൾക്ക് വേണ്ടി – ചുരുങ്ങിയത് ഒരു മഹാചിത്രത്തിനു വേണ്ടിയെങ്കിലും….
”കൂട്ടത്തില്‍ ഞാനും കാത്തിരുന്നോ?” ബെര്‍മാന്‍ തലയാട്ടി-
“ഞാൻ പിഗ്മാലിയാനല്ല.ഒരു രൂപം ചെയ്ത് അതിൻറെ അന്യൂനതയിൽ അഹങ്കരിക്കാൻ – സ്വയം മറക്കാൻ . അതുമായി പ്രണയത്തിലാവാൻ…. കൊല്ലങ്ങൾ ഇരുപതോ ഇരുനൂറോ കഴിയട്ടെ..വരയ്ക്കാനുള്ളത് വരച്ചുതീർത്തേ ബെർമാൻ പോകു..!”

തണുത്ത റൊട്ടിയും ജാമും കഴിച്ചുകൊണ്ടിരുന്നപ്പോൾ മുറിയിൽ ചൂട് കുറഞ്ഞുവരുന്നതായി ബെർമാൻ മനസ്സിലാക്കി.–
ഒരാലസ്യം പോലെ മോഹിപ്പിക്കുന്ന അനുഭവം.!
മടങ്ങിവന്നപ്പോഴേയ്ക്ക് കാറ്റിൻറെ വികൃതിയിൽ കിടക്കയുടെ ഒരു ഭാഗം നനഞ്ഞിരുന്നു.
തണുപ്പിൻറെ രശ്മികളെ ഭാഗികമായി തടഞ്ഞുകൊണ്ട് ബെർമാൻ ജനാലയുടെ ഗ്ളാസ് ഷട്ടറുകൾ താഴ്ത്തിയിട്ടു.
മഴയുടെ ശബ്ദം അവ്യക്തമായി കേൾക്കാം. നനഞ്ഞ പുറംലോകം ഒരു ഗ്ളാസ് പാത്രത്തിൽ ഒതുങ്ങിയത് കാണാം.
നനവിൽ നിന്ന് മാറി, പുതപ്പ് കൊണ്ട് തലവഴി മൂടി അയാൾ കണ്ണടച്ചു കിടന്നു.. ഉറക്കത്തിൽ ലയിച്ചു.
ഉറക്കത്തിലും മഴയുടെ സംഗീതം വിരാമമില്ലാതെ തുടർന്നു. തണുപ്പിൽ അതിന് ഒരു താരാട്ടിൻറെ താളമുണ്ടായിരുന്നു.
സൂര്യപ്രകാശത്തിൽ മഴയ്ക്ക് വർണ്ണപൊലിമയുണ്ടായിരുന്നു.
നേർത്ത വെള്ളിക്കമ്പികളിൽ തൂങ്ങിനിൽക്കാനാവാതെ, ഒരു ചിത്രകാരനെ കാണാതെ, അതിന് ഭ്രാന്ത് പിടിച്ചിരുന്നു.
ഇളംചുവപ്പായിരുന്നു അതിൻറെ ആദ്യഭാവം.
ഭൂമിയുടെ ആശകളസ്തമിച്ചു കൊണ്ടിരിക്കെ കടുംചുവപ്പിലൂടെ അത് കറുപ്പായി മാറി –
കറുത്ത മഴ !
ബെർമാൻ ഉണർന്നു.
മഴ അതേ സാന്ദ്രതയിൽ തുടരുന്നുണ്ടായിരുന്നു.
നഗരത്തിന് ബോധം നഷ്ടപ്പെട്ടിരിക്കുന്നു – പാതയും അപ്പുറത്തെ മൈതാനവും അപ്രത്യക്ഷമായിരിക്കുന്നു ജലത്തിൽ ഉയർന്നുനിൽക്കുന്ന ചെടികളും കെട്ടിടങ്ങളും–!
ഏതോ ചില കടപ്പാടുകളാൽ ബദ്ധരായി മനുഷ്യരും മൃഗങ്ങളും അങ്ങുമിങ്ങും പ്രത്യക്ഷപ്പെട്ടു മറഞ്ഞു.
ദിനകൃത്യങ്ങളുടെ ക്രമം തെറ്റിയതിനു നേരെയുള്ള നീരസം അവരുടെ ശരീര ഭാഷകളിൽ പ്രകടമായിരുന്നു .
മുന്നിലെ ചെറിയ പ്രതിബന്ധങ്ങളെ കീഴടക്കിയും അല്ലാത്തവയ്ക്ക് ചുറ്റും തായ് വഴികളായി പടർന്നും ജലം മുന്നേറി. പാതയ്ക്ക് കുറുകെ വീണ മരത്തിനപ്പുറം ചുഴികൾ നിർമ്മിച്ചു.
ആകാശത്തിൻറെ മുഖമുദ്രകളിൽ കറുപ്പ് വ്യാപിച്ചു.
മുഷിഞ്ഞ കറുപ്പ്.
ജനാലപ്പടിയിൽ ഇരുന്ന് ബെർമാൻ പുറത്തെ ഭാവമാറ്റങ്ങൾ പഠിച്ചു.
“ആ നൈരന്തര്യം സുഖപ്രദമല്ല,തീർച്ച!”
ഓറഞ്ചിൻറെ മരവിച്ച പുറംതൊലി അടർത്തിക്കൊണ്ട് ബെർമാൻ ആരോടുമല്ലാതെ പറഞ്ഞു.
“ജഡത്തിന് മേലുള്ള ഈ കൈയേറ്റം തെറ്റാണ്- ഓരോരുത്തർക്കും നൂറോ അധികമോ കാര്യങ്ങൾ കിടക്കുന്നു ചെയ്തുതീർക്കാൻ. പോരാട്ടങ്ങൾ നിലനിൽപ്പിനു വേണ്ടിയാവണം. ശത്രുവിനെ സൃഷ്ടിച്ച് നശിപ്പിക്കാനല്ല . മൂല്യങ്ങൾ നിത്യസത്യങ്ങളല്ലാത്തിടത്തോളം കാലം അങ്ങനെ ഒരു മഴയിൽ ഇവിടം മൂടാൻ ആർക്കെന്തവകാശം…?”

എന്നും പകലിൻറെ രണ്ടാം പകുതികളിൽ ബെർമാൻ അരോചകങ്ങളായ ദൈനംദിന ബാദ്ധ്യതകളിൽ കുരുങ്ങി.
ഈ ഭൂമുഖത്ത് അതയാളുടെ ശാപമായിരുന്നു. ഒരു സൗരദിനം എന്ന ചുരുങ്ങിയ കാലയളവിൽ അയാൾക്കാകാവുന്നതിലേറെയായിരുന്നു ആ ഭാരം. അവ ചെയ്യാനാവാതെ, ചെയ്യാതിരിക്കാനാവാതെ, എന്നിട്ടും പുതിയതെന്തോ ചെയ്യണമെന്ന വ്യാമോഹത്തോടെ ബെർമാനും കൂട്ടരും ജീവിച്ചു.

ഉറക്കത്തിലും ഉണർവിലും ബോധത്തിൻറെ അർദ്ധച്ഛായകളിൽ കാൻവാസുകൾ കാത്തുനിന്നു. അവ ഒരിക്കലും മുന്നിൽ വന്നുനിന്ന് ‘ഇത് ഞങ്ങളുടെ അവകാശമാ’ണെന്ന് ഊറ്റം കൊണ്ടില്ല. അകത്തെ ചൂടിൽ മുഖം മഞ്ഞളിച്ചപ്പോഴും കാലാന്തരത്തിൽ അവയിൽ നര പടർന്നപ്പോഴും പെയ്യാനിരുന്ന ഒരു മഴയെ സ്വപ്നം കാണുക മാത്രം ചെയ്തു.
ഓറഞ്ചിൻറെ അല്ലികളിലും തണുത്ത പാനീയങ്ങളിലും കുറ്റബോധത്തിൻറെ വിഷാണുക്കൾ പെരുകി.
ബെർമാൻറെ മനസ്സിൻറെ മൃദുലതകളിൽ കല്ലുവര ഏൽപ്പിച്ച് അവ ദൗത്യം നിർവഹിച്ചു.
അയാൾ ചായക്കൂട്ടുകളുണ്ടാക്കി. തൂലികയുമായി കാൻവാസിന് മുന്നിലിരുന്നു.
ഭൗതികമായ ഒരു ചോദനയിൽ, ശാപമേറ്റു മയങ്ങുന്ന, അലസമായ മനസ്സിൻറെ തോട്‌ പൊട്ടിക്കാൻ ശ്രമിച്ചു.
മഴ തുടർന്നുകൊണ്ടേയിരുന്നു ..ഇഴമുറിയാതെ…!
ധർമ്മാധർമ്മങ്ങളറിയാത്ത കൊടുങ്കാറ്റും — പകൽ മുഴുവൻ, വെളിച്ചത്തിൻറെ ഒരു പ്രതീക്ഷ ലോകത്തെ മൂടി. നിലാവിലെ നിഴൽ പോലെ അസുഖകരമായ കാഴ്ച .
”ഈ മഴയൊന്നു തോർന്നോട്ടെ..!” അത് ലോകത്തോട് പറയുന്നതു പോലെ തോന്നി…….
ഒത്തുതീർപ്പിന് തയ്യാറാവാത്ത മഴയുടെ മുന്നിൽ സന്ധ്യയ്ക്ക് മറ്റൊരു പ്രഭാതത്തെ സൂചിപ്പിക്കുക കൂടി ചെയ്യാതെ, ഭയവിഹ്വലതയോടെ അത് വെള്ളത്തിൽ ലയിച്ചു.
വെള്ളത്തിൻറെ മുഖം വീണ്ടും കറുത്തു
ഒച്ചപ്പാടുകളില്ലാതെ….,
ആവേശം സ്ഫുരിപ്പിക്കാതെ..,
മടക്കുകളിൽ നിന്ന് ഇരുട്ടിൻറെ ചുരുളുകൾ നിവർത്തി,
അത് വളർന്നുകൊണ്ടേയിരുന്നു.
ബലാൽസംഗത്തിനെതിരെ അന്തരീക്ഷത്തിൻറെ മുഖത്തെ അറപ്പും രക്തച്ഛവിയും മാഞ്ഞിരിക്കുന്നു.
പകരം അവിടെ മരണത്തിൻറെ ശാന്തമായ കറുപ്പ് പടർന്നു.-
കെട്ടടങ്ങുന്ന സ്പന്ദനങ്ങളുടെ ശബ്ദം മാത്രം കേട്ടു–ഏതോ ഭൂതകാല സ്മരണയുടെ തിളക്കത്തിൽ –
ഒരവസാന വ്യാമോഹത്തിൽ…..!
തണുത്ത മുന്തിരിപ്പഴങ്ങൾ വായിലിട്ടുനുണഞ്ഞ്, വരയ്ക്കാനിരുന്ന ചിത്രത്തിൻറെ രൂപരേഖകൾ മനസ്സിൽ തിട്ടപ്പെടുത്തിക്കൊണ്ട് ബെർമാൻ തലയിണയിൽ ചാരി. …..

ലോകം ഒരു മയക്കത്തിലേയ്ക്ക് വഴുതി വർണഭേദങ്ങളും മാനങ്ങളും മറന്ന് കാൻവാസിൽ രേഖകൾ കെട്ടുപിണഞ്ഞു. അടിസ്ഥാന തലങ്ങളുടെ പരിധിയും പരിമിതിയും കടന്നു വളർന്നു.
പ്രഭാതമോ പ്രദോഷമോ എന്നറിയാതെ ഒരിക്കൽ കൂടി ഉറക്കമുണർന്നപ്പോൾ ബെർമാൻറെ പേടകം സമുദ്രത്തിലൊരു ദ്വീപായിരുന്നു.

അയാൾ ഞെട്ടി
ഒഴുക്കിൽ ജീവജാലങ്ങൾ പുഴുക്കളെ പോലെ പിടഞ്ഞു–മനുഷ്യരും മൃഗങ്ങളും –
ചെറിയ കെട്ടിടങ്ങളുടെ മേൽക്കൂരകൾ അവർക്കൊപ്പം സഞ്ചരിച്ചു. ചിലപ്പോൾ, എതിരെ വന്ന തിരയിൽ എടുത്തെറിയപ്പെടുകയും അന്തരീക്ഷത്തിൽ മലക്കം മറിഞ്ഞ്, അടുത്ത അഗാധതയിൽ മുങ്ങിത്താഴുകയും ചെയ്തു.
മരത്തടിക്കഷണങ്ങൾ പോലെ മനുഷ്യശരീരങ്ങൾ എവിടെനിന്നൊക്കെയോ ഒഴുകിവന്നു.മുൻ‌കൂർ തയ്യാറാക്കിയ പഥങ്ങളിൽ ചുറ്റിത്തിരിഞ്ഞ് എങ്ങോട്ടോ മറഞ്ഞു.
കണ്ടിരിക്കെ പ്രവാഹത്തിന് ശക്തി കൂടിക്കൊണ്ടിരുന്നു.
ജീവൻ നശിച്ച ശരീരങ്ങൾ പായൽ പോലെ ജലോപരിതലം മൂടി.

മരണത്തിന് മുൻപുണ്ടായിരുന്ന ബാദ്ധ്യതകളും വൈജാത്യങ്ങളും അവർ മറന്നതുപോലെ തോന്നി.
ആവർത്തനം വഴി, ഒരു ഭീകരത സൃഷ്ടിക്കാൻ പോലും അവയ്ക്ക് ആവാതെ പോയി –

ബെർമാൻ, യോഷിഹിദെ എന്ന ചിത്രകാരനെ കുറിച്ചോർത്തു.
രാജാവിന് വേണ്ടി മഹാനരകചിത്രം വരയ്ക്കുകയായിരുന്നു യോഷിഹിദെ. സങ്കല്പിക്കാവുന്ന എല്ലാ ക്രൂരതകളും ചിത്രത്തിൻറെ ഭാഗമാവേണ്ടിയിരുന്നു. ഭീകരതയുടെ നിറം കാണാൻ, അയാൾ ശിഷ്യന്മാരെ അടച്ചിട്ട മുറിയിലേയ്ക്ക് വിഷപ്പാമ്പുകളെ തുറന്നുവിട്ടു. അവരെ ചാട്ട കൊണ്ട് അടിക്കുകയും ശവംതീനി പക്ഷികൾക്ക് ഭക്ഷണമായി എറിഞ്ഞുകൊടുക്കുകയും ചെയ്തു. വലിയ കാൻവാസിൻറെ നാല് മൂലകളും അവയുടെ ചിത്രങ്ങൾ നിറഞ്ഞു. ചിത്രത്തിൻറെ ഒഴിച്ചിട്ട വിശാലമായ മദ്ധ്യഭാഗത്ത് വരയ്ക്കാൻ മനസ്സിൽ കരുതിയ ആശയം യോഷിഹിദെ രാജാവിനെ അറിയിച്ചു:
“ മൂന്ന് നിലകളുള്ള, അലങ്കരിച്ച ഒരു തേര് – മൂന്നാം നിലയിൽ യവനികയ്ക്ക് പിന്നിൽ വെള്ള വസ്ത്രമുടുത്ത് സുന്ദരിയായ യുവതി –. തേരിന് താഴെ നിന്ന് തീ കൊളുത്തണം. തീ കത്തിപ്പടരുന്നതോടെ യവനിക വശങ്ങളിലേയ്ക്ക് വകഞ്ഞുമാറണം. പടരുന്ന തീയിലേയ്ക്ക് ഒന്നോടെ കത്തിയമരുന്ന തേര് – സ്ത്രീയും!

അതാണ് കാൻവാസിൻറെ നടുവിൽ പകർത്തേണ്ട ചിത്രം.”

തൻറെ ഇംഗിതത്തിനു വഴങ്ങാതിരുന്ന, ചിത്രകാരൻറെ മകളെയാണ് ബന്ധിനിയാക്കി തേർത്തട്ടിൽ രാജാവ് നിർത്തിയിരുന്നത്.
തീ പടർന്ന്, തിരശീല പകുത്ത് മാറുന്നതുവരെ യോഷിഹിദെ അതറിഞ്ഞില്ല. അറിഞ്ഞപ്പോൾ അയാളിലെ ചിത്രകാരന് അതിൽ ഇടപെടാൻ ആയതുമില്ല. തേരിൻറെ തകരുന്ന തട്ടും പുളയുന്ന തീനാളങ്ങൾക്കു മുന്നിൽ വൃദ്ധൻറെ വികൃതമായ മുഖവും !

“മഹാനരക ചിത്രം യോഷിഹിദെ പൂർത്തിയാക്കിയോ?”

ജനലിന്നപ്പുറം കാണാവുന്ന ദൂരമത്രയും വെള്ളത്തിൻറെ വാൾമുനകൾ! –മഹാനരകചിത്രത്തിന് മറ്റൊരു മുഖം!

ബെർമാൻ കാൻവാസിന് മുന്നിലിരുന്നു… ബ്രഷ് മയപ്പെടുത്തി–
ഇരുട്ടിനേക്കാൾ ദയനീയമായ വെളിച്ചം..
ചീവീടിൻറെ സംഗീതമില്ലാത്ത രാത്രി..
കാറ്റിൻറെ പരുഷമായ മുഴക്കം.
പുറംചുമരുകളിൽ തിരകളുടെ വിട്ടുവീഴ്ചയില്ലാത്ത കോപം .
ബെർമാൻറെ കൺപോളകൾ കനത്തു .
നിർമ്മമമായ, നിസ്സംഗമായ ഒരു പുതിയ ഭാവവുമായി കാൻവാസ്‌ ഉറക്കം തൂങ്ങി.
ചായക്കൂട്ടുകൾ തളികകളിൽ ചിതൽപ്പുറ്റ് പോലെ വളർന്നു.
അവയിൽ, അബോധാവസ്ഥയിൽ അർദ്ധജീവസ്ഫുലിംഗങ്ങൾ ജനിച്ചു. തരിശുഭൂമികളിൽ മേഞ്ഞുനടന്ന്, സംയോഗത്തിൻറെ രുചിയറിയാതെ, വിലക്കപ്പെട്ട ഒരു പഴവും ഭുജിക്കാതെ, പട്ടിണി കിടന്ന് അവ മരിച്ചു.

മഴ അവസാനിച്ചതായി ബെർമാൻ സ്വപ്നം കണ്ടു.
മരിച്ചവർ തിരിച്ചു വന്നതായും!
കഴിഞ്ഞതെല്ലാം മറന്ന് പതിവ് ഭാവങ്ങളിൽ ലയിക്കാൻ അവർക്ക് സമ്മതമായിരുന്നു – തത്ക്കാലത്തേയ്ക്കായിട്ടാണെങ്കിലും ചിട്ടകൾ തെറ്റിക്കേണ്ടി വന്നതിൽ അവരുടെ മുഖങ്ങളിൽ അസംതൃപ്തി കവിഞ്ഞിരുന്നു.

അപരിചിതമായ ഒരു പ്രേരണയിൽ കണ്ണ് തുറന്നപ്പോൾ സ്വന്തം പേടകം ഒരു തോണി പോലെ ഇളകിയാടുന്നതായി ബെർമാനറിഞ്ഞു.
വിളക്കിലെ നാളം കാറ്റില്ലാതെയും ചുളിയുകയും നിവരുകയും ചെയ്തു.
അടച്ച ഗ്ളാസ് ഷട്ടറിൻറെ മദ്ധ്യഭാഗം വരെ കറുത്ത ജലനിരപ്പ് ഉയർന്നുനിന്നു.
ഭീകരമായ ഒരു വാദ്യസംഗീതത്തിൽ ആ മുറിയിലെ വസ്തുക്കൾക്ക് സമനില തെറ്റിക്കൊണ്ടിരുന്നു.

നനഞ്ഞ തുണി കൊണ്ട് മുഖം തുടച്ച് ബെർമാൻ ഉറക്കത്തോട് യാത്ര പറഞ്ഞു. തണുത്ത കാൻവാസ്‌ ഒരു ഗർഭിണിയുടെ മുഖം പോലെ വിളറി.
ചായക്കൂട്ടുകളിൽ മൃദുലഭാവങ്ങൾ ഉണർന്നു.
ഒരു സംഹാരത്തിൻറെ ബഹളവും അധീശത്വവും മറന്ന് പ്രകൃതി സൃഷ്‌ട്യുന്മുഖയായി.
വിളക്കിലെ തിരി നീട്ടിയപ്പോൾ മുറിയിൽ പ്രകാശം നിറഞ്ഞു.
പുറംലോകത്തിന്, അകത്തേയ്ക്കുള്ള എല്ലാ കവാടങ്ങളും ഭദ്രമായി ബന്ധിച്ചുകൊണ്ട് ബെർമാൻ തൂലികയെടുത്തു..

ഭ്രാന്തമായ ഒരു പ്രകമ്പനത്തിൽ കെട്ടിടം ആടിയുലഞ്ഞു.
കാൻവാസ്, നിലത്തുറപ്പിച്ച ഫ്റെയ്മോടുകൂടി കമിഴ്ന്ന് വീണു.
ജനൽപ്പടിയിൽ പിടിമുറുക്കി ബെർമാൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. കെട്ടിടത്തിൻറെ തായ്‌വേരുകളറ്റു….
അന്യരക്തത്തിനു നേരെ ശരീരത്തിൻറെ ആന്തരികാവയവങ്ങളെ പോലെ അതിൻറെ അന്തേവാസികൾ പ്രക്ഷുബ്ദരായപ്പോൾ അടുത്ത തിരയിലത് മുങ്ങിത്താഴുകയും ചെയ്തു. തിരശ്ചീനത്തിൽ നിന്നല്പം ചെരിഞ്ഞ് താഴെയെവിടെയോ അത് നിശ്ചലമായി. ബെർമാൻ വീണിടത്ത് നിന്നെഴുന്നേറ്റു. വിളക്ക് കത്തിച്ചു.

കാൻവാസിൻറെ മൂല വ്രണപ്പെട്ടിരുന്നു. ചായങ്ങൾ അൽപ്പാൽപ്പം തുളുമ്പി നിലത്ത് വീണിരുന്നു.
പുറത്ത് ജലത്തിൻറെ കൊലവിളി തുടർന്നു.
ചിത്രത്തിന് രൂപം കൊടുക്കാൻ ബെർമാൻ കാൻവാസിന് മുന്നിലിരുന്നു.
വിളറിയ മഞ്ഞയ്ക്ക് പിന്നിൽ ആ കാൻവാസ് മറ്റെല്ലാം മറന്നു.
ഇളംചുവപ്പ് നിറത്തിൽ കാൻവാസിന് കുറുകെ ഒരു തരംഗം മനസ്സിൽ കണ്ട് ബെർമാൻ തൂലികയെടുത്തു.

എവിടെനിന്നെന്നറിയാതെ ഒരു ചുവന്ന സൂചി കാൻവാസിൻറെ മുകളറ്റത്ത് തറച്ചു. ബെർമാൻ പരിഭ്രാന്തിയോടെ എഴുന്നേറ്റു. :
പിന്നിലെ ചുവരിൽ ഒരു സുഷിരം!

കാൻവാസ് കൂടുതൽ നനയുന്നതിനു മുൻപ് അയാൾ സമചിത്തത നേടി. ചായങ്ങളുടെ ഒരു ചേരുവ കൊണ്ട് അയാൾ ആ സുഷിരം അടച്ചു.
ഒരു നിമിഷം കാത്ത്, വീണ്ടും കാൻവാസിനെ സമീപിച്ചു.

“ഭയപ്പെടരുത് …എൻറെ ചിത്രം വരച്ചുതീർത്തേ ഞാനുറങ്ങു”
ബ്രഷ് കാൻവാസിലെത്തിയില്ല… വെള്ളത്തിൻറെ അടുത്ത സൂചി എതിരെ നിന്ന് നെറ്റിയിൽ തറച്ചു…:
മുന്നിൽ, കാൻവാസിന് മുകളിൽ ഒരു സുഷിരം.!

ചായങ്ങൾ വീണ്ടും വെള്ളത്തെ നേരിട്ടു..
സൂചി പിൻവാങ്ങി.

മനസ്സ് ചഞ്ചലമാവാതിരിക്കാൻ ശ്രദ്ധിച്ച്, നാല് ചുവരിലും ശത്രുവിനെ കാത്ത് അയാൾ നിന്നു.

“നീ ഏതു മാർഗ്ഗത്തിലൂടെയും വരിക…കഴിയുമെങ്കിൽ നീ ബെർമാനെ തോൽപ്പിക്കുക”
വെള്ളം സംശയിച്ചു .
അപസ്മാരത്തിൻറെ പിടിയിലെന്ന പോലെ നുരയുകയും പതയുകയും ചെയ്ത് അതെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
കണ്ണാടി ജനലുകൾക്കും ചുമരുകൾക്കും അപ്പുറത്തല്ലാതെ അതിനെ മുഖാമുഖം കാണണമെന്ന് അയാൾക്ക് ആഗ്രഹമുണ്ടായിരുന്നു.

“ എന്നിട്ട് നിൻറെ മുഖത്തേയ്ക്ക് ഞാനീ ചിത്രം എറിഞ്ഞുതരാം…. നിനക്ക് അതിനോട് ഒന്നും ചെയ്യാൻ … ……!”

വാക്യം മുഴുവനാക്കാതെ അയാൾ നിർത്തി.,
മുറിയിൽ പ്രകാശം കുറഞ്ഞത് അയാൾ ശ്രദ്ധിച്ചു.,ഭയപ്പാടോടെ –
നാല് ചുമരുകളിലും ഒരേസമയം ഭാവപ്പകർച്ച നിഴലിച്ചു.
അവരുടെ മുഖം മങ്ങി –
കാൽക്കീഴെ നിലം, മുകളിലുള്ള ഭാരങ്ങൾക്ക് വഴങ്ങിക്കൊണ്ടിരുന്നു. കാൻവാസിലേയ്ക്ക് ഇനിയൊരു തവണ നോക്കാൻ ധൈര്യമില്ലാതെ, വിറയ്ക്കുന്ന ശരീരവുമായി ബെർമാൻ നിന്നു.
അസാധാരണമായ ഒരു ഗന്ധം ആ മുറിയിൽ നിറഞ്ഞു.
തണുപ്പിൻറെ ശക്തമായ ഒരു വല അയാളെയും കാൻവാസിനേയും പൊതിഞ്ഞു.
ചായക്കൂട്ടുകളുടെ പാത്രം ബെർമാൻറെ കൈയിൽ നിന്ന് ഊർന്നു വീണു.

അടുത്ത നിമിഷം, കഠിനമായ ഒരദ്ധ്വാനത്തിനു ശേഷം, ആ നാല് ഭിത്തികളും ഒരേസമയം വിയർപ്പിൽ കുളിച്ചു–

ചിത്രരചന : പ്രസാദ് കുമാർ

പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like