ഇലയില്ലാത്ത ഒരു ഇലഞ്ഞി.
കൊമ്പിൽ വിരിഞ്ഞതുപോലെ
ഏഴു പക്ഷികൾ,
നിശ്ചലം.
വയലിനു നടുവിൽ
ഉച്ചസൂര്യനും മരവും
നിശബ്ദം.
യന്ത്രങ്ങൾ നടന്നുപോയ
നരിമടവഴിയിലെ
അവസാനത്തെ കാട്ടുഞാവൽ.
ഒഴിഞ്ഞ തേനടകളിൽ
അസ്തമയത്തിന്റെ മൂളൽ.
നരിയുടെ കൂർത്തുനീളുന്ന കുതിപ്പുപോലെ
വാനിലുയരുന്നു ഏഴുകിളികൾ ;
തുടുത്ത പുലരിയിൽ തട്ടി
അവ ചിതറിയലിയുന്നു,
ആയിരമിലകൾ
കൊഴിഞ്ഞ ആകാശത്തിലേക്ക് ചേക്കേറുന്നു.
കിടപ്പുമുറിയിൽ പതിച്ച
കല്ലിന്റെ പുള്ളിച്ചയിൽ
നരിച്ചൂര് .
ഇരുട്ടു കൊണ്ടുപോയ
രണ്ടു കണ്ണുകളുടെ തിളക്കം,
നഖങ്ങളുടെ മൂർച്ച,
കട്ടിലിനടിയിൽ
ഒരു കാട് പതുങ്ങുന്നു.
മേഘത്തിൽ
ഉച്ച മുഖം ചേർത്ത്
പീലി വിടർത്തുംപോലെ
കാട്ടുഞാവൽ മൂളുന്നു,
സ്വയം വീണ്ടെടുക്കുന്ന
കാറ്റിന്റെ പാട്ട്.
ഞാനറിയുന്നു,
കട്ടിലിൽ കൊത്തിവെച്ച
ഇലയില്ലാമരവും സൂര്യനും
ഏഴു കിളികളും
ജീവൻ വരുന്ന പുലരിയിൽ
അവ പറന്നേക്കാവുന്ന ഒരു വഴിയും
ചെന്നുചേരുന്ന കാട്ടുഞാവലും
നരിയുടെ വേഗതയോടെ
കാട് സ്വയം വീണ്ടെടുക്കുന്നതിനെപ്പറ്റിയുള്ള
അവരുടെ രഹസ്യം പറച്ചിലും.
പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്