പൂമുഖം LITERATUREകവിത അടഞ്ഞ വാതിൽ

അടഞ്ഞ വാതിൽ

അടഞ്ഞ വാതിൽ,
ഇറങ്ങിപ്പോയ മനുഷ്യൻ
തുറക്കാതിരുന്നെങ്കിലെന്ന് കൊതിക്കുന്നുണ്ട്
കൂടെ പോകേണ്ടെന്ന് തീരുമാനിച്ച്
ഒരു സൈക്കിൾ
പിറകോട്ട് ചവിട്ടി പോകുന്നുണ്ട്
അകത്ത് എന്നേ അടഞ്ഞുപോയ അവൾക്കായി
വേനലിൽ നിന്ന് വേർപെട്ട് ഒരു വെയിൽ
ഒളിഞ്ഞു കടക്കുന്നുണ്ട്.
കിടക്കയിൽ മലർന്നമർന്നു
കിടക്കുമ്പോഴെല്ലാം
വിയർപ്പു നാറാറുണ്ട്,
കരയുന്ന കുഞ്ഞിന്
മുല ചുരത്തിയൊഴുക്കാറുണ്ട്,
കവിതയുടെ വരികൾക്കിടയിൽ
മറന്നു പോയ പ്രിയപ്പെട്ടൊരു വാക്ക്
വിരൽ മുറിഞ്ഞൊഴുകാറുണ്ട്
മുറ്റത്തെ പൂവിതളിൽ
പതിഞ്ഞൊരുമ്മ കുനിഞ്ഞ് നൽകാറുണ്ട്,
പഴയ കാമുകനെ
മുങ്ങിപ്പോയ പുഴയിൽ നിന്ന്
വീശിയെടുക്കാറുണ്ട്

കിടക്കയിൽ മലർന്നമർന്നു
കിടക്കുമ്പോഴെല്ലാം
രതിയൊഴിച്ചെല്ലാം തോന്നാറുണ്ട്

കാലമെത്ര മുഷിഞ്ഞാലും
അടഞ്ഞ വാതിലിനു പുറത്ത്
എപ്പോൾ വേണമെങ്കിലും
ഒരു സൈക്കിൾ നിശ്ചലമായേക്കാം

പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like