പൂമുഖം Travel നിഗൂഢതകളുടെ തടാക തീരം തേടി (അവസാനഭാഗം)

നിഗൂഢതകളുടെ തടാക തീരം തേടി (അവസാനഭാഗം)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

രാത്രിയിലെ കൊടും തണുപ്പിൽ മഞ്ഞു നല്ലവണ്ണം ഉറച്ചിരിക്കും. അതു കൊണ്ട് കയറുമ്പോള്‍ നല്ല ഗ്രിപ്പ് കിട്ടും. സുര്യന്‍ ഉദിച്ചു കഴിഞ്ഞാല്‍ മഞ്ഞു കുറച്ചു കുറച്ചായി ഉരുകാന്‍ തുടങ്ങും. അതിനാല്‍ തെന്നി വീഴാനുള്ള സാധ്യത കൂടുതലുമാണ്. മറ്റൊരു കാരണം, ഞാന്‍ നേരത്തേ സൂചിപ്പിച്ചതു പോലെ ഉച്ചയ്ക്ക് ശേഷം മലയുടെ മുകളിലെ കാലാവസ്ഥ എന്താണെന്ന് പ്രവചിക്കാനാവില്ല. ചിലപ്പോള്‍ എല്ലാം മേഘം വന്നു മൂടും. അതുകൊണ്ട് സൂര്യന്‍ ഉദിക്കുമ്പോഴേയ്ക്കും രൂപ്കുണ്ഡിലെത്തണം. രാത്രി ഒമ്പത് മണി യോടെ എല്ലാവരും ഭക്ഷണം കഴിച്ചുകിടന്നു…….

രാവിലെ മൂന്നിന് സുരീന്ദർ ചായയുമായി വന്നു വിളിച്ചുണർത്തി.. പുറത്ത് പൂജ്യത്തിലും താഴെയാണ് തണുപ്പ്. എഴുന്നേല്ക്കാനുള്ള വിസില്‍ അടിച്ചു. .. ചൂടുവെള്ളത്തിൽ വായും മുഖവും കഴുകി, തെർമൽ ഇന്നേഴ്സ്, ടീഷർട്ട്, അതിനു മുകളിൽ ഹൂഡ് ഉള്ള ഡൗണ് ജാക്കറ്റ്, പാഡഡ് ട്രൗസേഴ്‌സ്, കോട്ടൺ സോക്‌സും അതിനു മീതെ മുട്ടോളമെത്തുന്ന വൂളൻസോക്സും, അതിനു മീതെ സ്നോബൂട്സും   ധരിച്ചു .. മനീഷും കൂട്ടരും ചേർന്ന് ഞങ്ങളുടെ മുട്ടറ്റം എത്തുന്ന സ്നോബൂട്ടുകൾക്ക് മുകളിൽ   ക്രംപോണ്‍സ് കെട്ടി തുടങ്ങി. ഷൂവിന് പുറത്തൂടെ ഘടിപ്പിക്കുന്ന മെറ്റല്‍ ചെയിനും മെറ്റല്‍ കൊണ്ട് തന്നെയുള്ള കൂര്‍ത്ത അഗ്രങ്ങളും ഉള്ള ക്രംപോണ്‍സ് മഞ്ഞിലൂടെയുള്ള നടത്തം സുഗമമാക്കും…… ഒടുവിൽ പുറത്തിറങ്ങിയപ്പോഴേക്കും ഒരു ബഹിരാകാശ സഞ്ചാരിയെപോലെ തോന്നിച്ചു.. 3:30 ഓടെ എല്ലാവരും റെഡി. ഇരുട്ടത്താണ് ട്രെക്കിങ്. എല്ലാവരുടെയും കയ്യിൽ ഓരോ ചെറിയ ഇലക്ട്രോണിക്ക് ടോർച്ചുണ്ട്  ഒരു മുന്‍കരുതലെന്ന നിലയില്‍ ഒന്നോരണ്ടോ വീതം പോർട്ടബിൾ സിലിണ്ടര്‍ ഓക്‌സിജനും മനീഷും അമിതും കരുതിയിട്ടുണ്ട്. നാലു മണിയോടെ നടക്കാന്‍ തുടങ്ങി. ഇരുട്ടായതുകൊണ്ട് ചുറ്റുമുള്ളതൊന്നും കാണാന്‍ സാധിച്ചിരുന്നില്ല. രൂപ്കുണ്ഡിലേക്കാണ് പോകുന്നതെന്നു മാത്രം അറിയാം. ചിലയിടങ്ങളില്‍ കുത്തനെയുള്ള കയറ്റങ്ങള്‍. ഓരോ കാല്‍വയ്പ്പും വളരെ സുക്ഷിച്ചാണ്.

കേവലം രണ്ടുമൂന്നടി വീതിയുള്ള മൺപാതയിൽ ഇടക്കിടെ മഞ്ഞു വീണു കിടക്കുന്നു  മറ്റു ചിലപ്പോൾ ചെറിയ ഉരുളൻ കല്ലുകളുമുണ്ട്. ഇടത്തു വശത്തു  ഭീമാകാരമായ മതിൽ പോലെ പാറ – വലതു വശത്ത് ചെരിഞ്ഞു കിടക്കുന്ന അഗാധമായ കൊക്ക വാ തുറന്നു പിടിച്ചിരിക്കുന്നു… യാത്രതുടങ്ങി അധികമാവുന്നതിനു മുൻപ് ഒരു കാര്യം മനസ്സിൽ ശക്തമായി തോന്നി. പ്രകൃതി എത്രയും മനോഹാരിയാണോ, അത്രയ്ക്കും തന്നെ ഘോരരൂപിണിയുമാണ്…. ഒരാള്‍ വീണാല്‍ മതി, മറ്റുള്ളവരും താഴെയെത്തും. .. മുകളിലേയ്ക്ക് കയറും തോറും പ്രാണവായു കുറഞ്ഞ് വരുന്നുണ്ട് , പ്രയാസമുള്ള കയറ്റമായതിനാലും ശ്വസനേന്ദ്രിയങ്ങൾക്ക് കൂടുതലായി പ്രവർത്തിക്കേണ്ടി വരുന്നു. ഇത് ശ്വാസഗതി വല്ലാതെ വർദ്ധിപ്പിക്കുന്നു. അതിനാൽ വളരെ സാവധാനത്തിൽ നടന്നും കൃത്യമായ ഇടവേളകളിൽ ഇരുന്ന്  ശരീരത്തിന് വിശ്രമം  കൊടുത്തും മാത്രമേ മുന്നോട്ട് പോകാനാവൂ. ദീർഘമായി ശ്വാസം വലിച്ചെടുത്ത് പുറത്തു വിടുകയും വേണം ..ഇതിന് വിരുദ്ധമായി വേഗത്തിൽ മല കയറാൻ ശ്രമിച്ചാൽ ശ്വാസതടസ്സം അനുഭവപ്പെടുകയും ഹൃദയത്തിൻറെ പ്രവർത്തനം തന്നെ നിലയ്ക്കുവാന്‍ കാരണമാകുകയും ചെയ്യുമെന്ന് മനീഷ് ഉപദേശിച്ചു. രണ്ട് മണിക്കൂറോളം നടന്നു. രൂപ്കുണ്ഡ് ഒരു കിലോമീറ്റര്‍ എന്ന ബോര്‍ഡ് കണ്ടു. ആശ്വാസമായി. എല്ലാവരും വിശ്രമിക്കാനിരുന്നു. സമയം ഏകദേശം 6:00…… കുറച്ചു സമയത്തെ വിശ്രമത്തിനു ശേഷം ഞങ്ങള്‍ വീണ്ടും മല കയറ്റം തുടങ്ങി. രൂപ്കുണ്ഡിലേക്ക് പോകുമ്പോള്‍ അവസാനത്തെ അര കിലോമീറ്ററാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്. മലയുടെ അരികിലൂടെ ചരിഞ്ഞുള്ള വഴിയാണ്. തെന്നിവീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. മഞ്ഞ് മൂടിക്കിടക്കുമ്പോള്‍ കയറില്‍ പിടിച്ചാണ് ഈ വഴി മുകളിലേക്ക് കയറുക. പക്ഷെ ഞങ്ങളാരും കയറിൻറെ സഹായം തേടിയില്ല. കയ്യിലുള്ള സ്നോസ്റ്റിക്ക് നിലത്തൂന്നിയാണ് മുന്നോട്ട് പോയത്. ദുർഘടമായ സ്ഥലങ്ങളിൽ അമിത്തും മനീഷും  സഹായത്തിനെത്തി ..

രേണുവിൻറെ കടിഞ്ഞാണിലും കുഞ്ചിരോമത്തിലും പിടിച്ചാണ് സുവാസിസ് കയറ്റങ്ങൾ മുഴുവൻ കയറിയത്…നടത്തത്തിൻറെ ബാലൻസ് തെറ്റിക്കുമാറുള്ള ശക്തിയിൽ കടുത്ത തണുപ്പോടെ മഞ്ഞുകാറ്റ് വീശിയടിക്കുന്നുണ്ട്..അതോടൊപ്പം പ്രാണവായുവിൻറെ ദൗർലഭ്യവും  ഞങ്ങളെ വല്ലാതെ അലട്ടുന്നുണ്ട്..സൂര്യൻ ഉദിച്ചതിൻറെ യാതൊരു ലക്ഷണവും കാണുന്നില്ല ..ആകാശം മുഴുവൻ മേഘങ്ങളാണ്..അത് കൊണ്ട് വെളിച്ചം തീരെ കുറവാണ് ..താഴ്‌വരകളുടേയും മലമുടികളുടേയും രൂപങ്ങൾ നിഴലുകൾ പോലെ മാത്രമേ കാണുന്നുള്ളൂ. എല്ലാവരും ക്ഷീണിതരാണ്. ഓരോ അടിയും കഷ്ടപ്പെട്ടാണ് മുന്നോട്ട് വെയ്ക്കുന്നത്. ഒരു നല്ല കാറ്റടിച്ചാല്‍ വീണുപോകുന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍. മുന്നോട്ട് നടക്കാൻ കഴിയുന്നില്ല.. രൂപ്കുണ്ഡിൽ പണ്ട് അപമൃത്യുയടഞ്ഞവരുടെ ആത്മാക്കൾ ഞങ്ങൾക്ക് മുന്നിൽ അദൃശ്യമായ പ്രതിബന്ധങ്ങൾ തീർക്കുകയാണോ ? അതോ തടസ്സം നിൽക്കുന്നത് രൂപ്കുണ്ഡിൻറെ കാവൽക്കാരിയായ ലാത്തുദേവതയോ  ? കണ്ണെത്തുന്ന ദൂരത്ത് നിന്ന് തോറ്റു മടങ്ങേണ്ടി വരുമോ ? ഇവിടെ വരെ എത്തിയിട്ട് തിരിച്ചിറങ്ങുന്നത് ആലോചിക്കാനും വയ്യ. ……ആർക്ക് എന്ത് സംഭവിച്ചാലും പിന്‍മാറില്ല മുകളിലെത്തിയേ നിൽക്കൂ എന്ന വാശിയില്‍ ഞങ്ങള്‍ ഓരോ ചുവടും മുന്നോട്ടുവച്ചു. നിമിഷങ്ങൾക്ക് യുഗങ്ങളുടെ ദൈർഘ്യം..അങ്ങനെ കുറേ കഷ്ടപ്പാടുകള്‍ക്ക് ശേഷം ഞങ്ങള്‍ മലയുടെ മുകളില്‍ എത്തി. വലത്തോട്ട് നോക്കിയപ്പോൾ അതാ താഴെ രൂപ്കുണ്ഡ്. ആ ഒരു നിമിഷം കൊണ്ട് ഇതുവരെ ഉണ്ടായ ബുദ്ധിമുട്ടുകള്‍ വിസ്മൃത ചരിത്രമായി മാറിയെന്ന് ഞങ്ങള്‍ക്കു തോന്നി. താഴേക്കിറങ്ങാൻ പ്രകൃതിദത്തമായ പടവുകളുണ്ട്.. 200-250 മീറ്റർ താഴേക്കിറങ്ങണം മഞ്ഞുറഞ്ഞു വീണുകിടക്കുന്ന മണ്ണും പാറയും കലർന്ന അരികുകളോടെ ഇന്ദ്രനീല നിറത്തിൽ ഒരു ജലരാശി, അതേ ,അത് രൂപ്കുണ്ഡ് ആണ് ….

ഞങ്ങള്‍ കയറി വന്ന മലയുടെ എതിര്‍വശത്ത്, താഴെ വലതു വശത്തായിട്ടാണ് തടാകം..മഞ്ഞുമൂടിയ ഒരു നടപ്പാത ഇടതു വശത്തേക്ക് ചെരിഞ്ഞു കയറിപ്പോകുന്നു. ജുനര്‍ഗലി പോകാന്‍ രൂപ്കുണ്ഡിലേക്ക് ഇറങ്ങാതെ വേറൊരു മല കയറണം…. ആ വഴിക്കാണ് ഞങ്ങൾ പോകുന്നത്..

ആ നടപ്പാതക്കരികിൽ തെര്മോസിൽ നിന്ന്  അമിത് പകർന്നു തന്ന ചൂടുകാപ്പി നുണഞ്ഞ് ബിസ്കറ്റും ഈന്തപ്പഴവും അണ്ടിപ്പരിപ്പും തിന്ന് അൽപനേരം വിശ്രമിച്ചു.. 15 മിനിട്ടിനു ശേഷം ഓരോ ഡെയ്മോക്സ് ഗുളിക കഴിച്ചു പ്രോട്ടീൻ ബാറും തിന്നു ഞങ്ങൾ നടപ്പ് ആരംഭിച്ചു.. ആവോളം സമയമെടുത്ത് അടിവെച്ചടിവച്ചു ഞങ്ങള്‍ ജുനര്‍ഗലിയിലേക്ക് കയറി. മുക്കാല്‍ മണിക്കൂര്‍ പരിശ്രമം കൊണ്ടാണ് മുകളിലെത്തിയത്……. ജുനര്‍ഗലി എത്തിയപ്പോഴുള്ള സന്തോഷം എങ്ങനെ ഇവിടെ വിവരിക്കണമെന്ന് എനിക്കറിയില്ല മനസ്സില്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ജുനര്‍ഗലിയില്‍ നിന്നുള്ള കാഴ്ച അപാരമായിരുന്നു. തൊട്ടുമുന്നില്‍ ആകാശത്തെ ഉല്ലംഘിച്ച് എഴുന്നുയർന്നു നിൽക്കുന്ന ഭീമാകാരനായ തൃശൂല്‍ പര്‍വ്വതം [Trisul Peak – 22,970 ft]. അടുത്ത് അതേ ജനുസ്സിലുള്ള മറ്റൊരു ഗംഭീരമായ പർവതരാജൻ  നന്ദാഗുണ്ഡി [Nanda Gundi ,20,699 ft] … ഞങ്ങള്‍ ബേസ് ക്യാമ്പ് തൊട്ട് ദൂരെ നിന്ന് കണ്ടിരുന്ന രണ്ടു പര്‍വ്വതങ്ങളും ഇപ്പോഴിതാ തൊട്ടുമുന്നില്‍ എല്ലാ ഗരിമയോടും ഗാംഭീര്യത്തോടും നില്‍ക്കുന്നു. ജുനര്‍ഗലിയില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി… ഏതാനും സമയം ചിലവിട്ട ശേഷം താഴേക്ക് ഇറങ്ങാന്‍ തിരുമാനിച്ചു. ഏതാണ്ട് 9:30 ഓടെ ഞങ്ങള്‍ താഴെയെത്തി…….
അങ്ങനെ ഞങ്ങള്‍ രൂപ്കുണ്ഡ് ലക്ഷ്യമാക്കി താഴേക്കിറങ്ങാന്‍ തുടങ്ങി . ഇറങ്ങുന്ന വഴിക്ക് ഒരു സ്ഥലത്തായി ആരുടെയോ അസ്ഥികളും ആരോ ഉപയോഗിച്ച പാദരക്ഷകളും മറ്റും  കാണാം. കുറച്ചു കൂടി താഴേക്ക് ഇറങ്ങിയപ്പോഴാണ് മനസ്സിലായത്, ഞങ്ങള്‍ ജലമെന്ന് കരുതിയത് യഥാർത്ഥത്തില്‍ ഐസ് ആയിരുന്നു. ഐസ് മൂടാത്ത പ്രദേശങ്ങളിൽ സുമാർ ആറടിയോളം വെള്ളം കാണും.   താഴെ എത്തിയപ്പോള്‍ തടാകത്തിന് ചുറ്റും തടാകത്തിനുള്ളിലും  കൂടുതല്‍  മനുഷ്യ അസ്ഥികള്‍ കണ്ടു.  കാലിൻറെ അസ്ഥികള്‍ കണ്ടിട്ട്, മരണപ്പെട്ടത് നല്ല നീളമുള്ള മനുഷ്യരായിരുന്നു എന്ന് തോന്നി….. പകുതി സമയവും മഞ്ഞു മൂടി കിടക്കുന്നതു കൊണ്ടാണ്, അസ്ഥികള്‍  കേടുകൂടാതെ കിടക്കുന്നത്. വലിയതും ചെറിയതുമായ ധാരാളം അസ്ഥികളും തലയോട്ടികളും..നിറകൊണ്ട ചില പൗർണമി രാവുകളിൽ ഇവിടെ അമാനുഷമായ ശബ്ദങ്ങൾ കേൾക്കുകയും സത്വങ്ങളെ കാണുകയും ചെയ്യാറുണ്ടെന്ന പല കഥകളും സഞ്ചാരികളും നാട്ടുകാരും പറയുന്നുണ്ട്.. ദശാബ്ദങ്ങൾ മുൻപുണ്ടായ ഏതോ പർവത ക്ഷോഭങ്ങളുടെ ബാക്കിപത്രമെന്ന പോലെ ചെറുതും വലുതുമായ ശിലാഖണ്ഡങ്ങൾ തടാകതീരങ്ങളിലും തടാകത്തിൻറെ ഭിത്തിയിലും ചിതറിക്കിടക്കുന്നു..ഞങ്ങള്‍ കാഴ്ചകൾ കണ്ടും ഫോട്ടോകൾ എടുത്തും ഏകദേശം 30 മിനുട്ട് തടാകത്തിൻറെ അടുത്തായി
ചിലവഴിച്ചു ….ഒട്ടും സുഖകരമല്ലാത്ത, അസ്വസ്ഥമായ ഒരന്തരീക്ഷം അവിടെ നില്ക്കുമ്പോള്‍  മനസ്സ് അറിയാതെ 1200 വർഷം പിന്നോട്ട് ചിന്തിച്ചു പോയി. എന്തായിരിക്കാം  അന്നവിടെ സംഭവിച്ചത്? ഞങ്ങള്‍ ഇപ്പോള്‍ നില്ക്കുന്ന അതേ സ്ഥലത്തായിരിക്കുമോ  അന്ന് അവരും നിന്നിട്ടുണ്ടാവുക ? പ്രകൃതി ക്ഷോഭിച്ചലറിയപ്പോൾ എങ്ങനെയായിരിക്കും ഈ ഹതഭാഗ്യർക്ക് ജീവൻ വെടിയേണ്ടി വന്നിരിക്കുക?. എന്തായിരിക്കും അപ്പോൾ അവരുടെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാവുക? ആരെങ്കിലും രക്ഷപ്പെട്ടിരിക്കാൻ സാധ്യത ഉണ്ടായിട്ടുണ്ടാകുമോ? അങ്ങനെ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ, സന്ദേഹങ്ങൾ…. അപ്പോഴേക്കും തിരിച്ചു പോകാന്‍ മനീഷ് തിടുക്കം കൂട്ടിത്തുടങ്ങി.. ഞങ്ങൾ തടാകത്തിൽ നിന്ന് പടികൾ ചവിട്ടിക്കയറി മുകളിലെത്തി ..അമിത് ചൂടാറാപ്പെട്ടിയിൽ കൊണ്ടുവന്ന പ്രാതലും കഴിച്ചു രൂപ്കുണ്ഡിനോട് യാത്ര പറഞ്ഞു തിരികെ നടക്കാൻ തുടങ്ങി..മഞ്ഞുരുകാൻ തുടങ്ങിയതിനാൽ പാതക്ക് വഴുതലുണ്ട്..കയറാനെടുത്ത അത്രയും സമയം എടുത്ത് തന്നെയാണ് ഭാഗ്വഭാസയിലും തുടർന്നു   പഥർ നാച്ചൗനിയിലും എത്തിച്ചേർന്നത് ..ആ ദിവസത്തെ ഉച്ചഭക്ഷണം നമ്മുടെ ബിഷ്‌ടിൻറെ കടയിൽ നിന്ന് ആലുപൊറാട്ടയും അച്ചാറും ചായയും ആയിരുന്നു..പഥർ നാച്ചൗനിയിൽ എത്തിയപാടെ കുറെ ചൂടുവെള്ളം കുടിച്ചു തളർന്നു കിടന്നു…രാത്രി അത്താഴവും കഴിച്ചു വേഗം തന്നെ കിടന്നുറങ്ങി….

പിറ്റേന്ന് രാവിലെ വിളിച്ചുണർത്താൻ സുരീന്ദർ ചായയുമായി വന്നു.. പുലർച്ചെയെങ്ങാണ്ടോ മഞ്ഞുമഴ പെയ്തതിനാൽ പുറത്തെങ്ങും അസ്ഥിതുളക്കുന്ന തണുപ്പ്.. ശരിക്കു പറഞ്ഞാല്‍ ഇന്നലെ വരെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ട്രെക്കിങ്ങിൻറെ കാര്യം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ, .രാവിലെ ബ്രെക്ക്ഫാസ്റ് കഴിഞ്ഞു ഉച്ചക്കുള്ള ഭക്ഷണവും പേറിക്കൊണ്ട് പാതാൽ നാചൗനി ക്യാംപ് അഴിച്ചെടുത്ത്  ഞങ്ങൾ ഈ യാത്രയിലാദ്യമായി പത്തുപേരും ചേർന്നൊരു ഫുൾ ഗ്രൂപ്പ് ആയി നടക്കാൻ ആരംഭിച്ചു..ഘോരാലോട്ടാനിയും ബെദിനി ബുഗിയാലും കടന്നു മുന്നോട്ട് നടന്നു..ഇരുണ്ടു കൂടിയ മഴക്കാറ് ഡെമോക്ലീസിൻറെ വാളുപോലെ തലക്ക് മുകളിൽ തൂങ്ങിനിൽപ്പുണ്ട്..ബേദിനി ബുഗിയാൽ കടന്നു കാട്ടിൽ കയറിയ ഉടനെ മഴപെയ്യാൻ ആരംഭിച്ചു ..കനത്ത മഴ..കുടപോലെ വിടർന്നു നിൽക്കുന്ന ഒരുവന്മരത്തിനടിയിൽ ഞങ്ങൾ താൽക്കാലികമായി അഭയം തേടി..ജാക്കറ്റിനു മീതെ റെയിന്കോട്ട് ധരിച്ചു വെങ്കിലും പാന്റും ഷൂസുമെല്ലാം നനഞ്ഞു കുതിർന്നു..മഴ ഉടനടി ശമിക്കുന്ന ലക്ഷണമൊന്നുമില്ല..മഴയുടെ ശക്തി അല്പം കുറഞ്ഞപ്പോൾ ഞങ്ങൾ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു  തണുത്ത ഹിമാലയൻ കാലാവസ്ഥകളിൽ  ഇത്രയും ഉയരത്തിൽ മഴനനഞ്ഞു നടക്കുക എന്നത് കേരളീയരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് ..എന്നാലും മുന്നോട്ടു തന്നെ നടന്നു.വഴിചളിപിളി ആയി.തെന്നിവീഴാതെ ശ്രദ്ധിച്ചു വേണ്ടി വന്നു നടക്കാൻ.. ഏതാണ്ട് മൂന്നുമണിയോടെ ആകെ നനഞ്ഞു കുളിച്ചു ഞങ്ങൾ ഖൈറാലി പാതാളിൽ എത്തി.. അവിടെയുള്ള ധാബയിൽ നിന്ന് വേഷം മാറി ഉച്ചഭക്ഷണവും കഴിച്ചു നാലുമണിയോടെ പുറപ്പെട്ടു..കാടും മരക്കൂട്ടങ്ങളും ചുറ്റിക്കാടുകളും നീൾഗംഗാ പാലവും നീലഗംഗാ തീരവും കടന്നു ഞങ്ങൾ രണ കാ ഥർ എത്തിയപ്പോഴേക്കു ഇരുട്ട് പരന്നിരുന്നു..വീണ്ടും നടപ്പ് തുടർന്ന് ..പൈന്മരക്കാടുകളും താണ്ടി വാൻ ഗ്രാമത്തിലെത്തുമ്പോൾ സമയം രാത്രി 9:00 മണി കഴിഞ്ഞിരുന്നു…

തിരിച്ചു റൂമിൽ എത്തിയപ്പോള്‍ ദിവസങ്ങളായി മാറ്റി വെച്ചിരുന്ന കുളി, വിസ്തരിച്ചു നടത്താനായിരുന്നു ഏവര്ക്കും  ഉത്സാഹം. വെള്ളം ചൂടാകുന്നത് വരെ  മൊബൈല്‍ സിഗ്‌നല്‍   റേഞ്ച് കിട്ടിത്തുടങ്ങിയതിനാല്‍ എല്ലാവരും വീട്ടില്‍ലേക്കും ഓഫീസുകളിലേക്കും  വിളിച്ചു തുടങ്ങി. ഞാനും വീട്ടില്‍ വിളിച്ചു. ആകാംക്ഷയോടെ കാള്‍ വെയിറ്റ് ചെയ്തിരുന്ന മിനിയും മോളുമായും സംസാരിച്ചു, ഓഫീസിലെ സഹപ്രവർത്തകരോടും സംസാരിച്ചു   …ചൂടുവെള്ളത്തിൽ കുളി കഴിഞ്ഞു വന്നപ്പോൾ തവാ റൊട്ടിയും മട്ടൻ കുറുനയും റെഡിയായിരുന്നു..അജിത് കൊണ്ടുവന്ന ജാക്ക് ഡാനിയലിന്റെ അകമ്പടിയോടെ ശശാങ്കിൻറെ ഔട്ട് ഹൌസിൻറെ മട്ടുപ്പാവിലിരുന്നു കഴിച്ച അത്താഴം അര്ധരാത്രിയോളം നീണ്ടു…..

ശശിധ എ.വി

91 -9526013344 sasidharav@gmai.com


പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർComments
Print Friendly, PDF & Email

You may also like