ചില ഓർമ്മകൾ വീഞ്ഞുപോലെയാണ് – കാലം ചെല്ലുന്തോറും വീര്യം കൂടിവരും. കയ്യെത്തിയാൽ തൊടാമെന്നൊക്കെ തോന്നുമെങ്കിലും ഏറെ ദൂരെയായ ബാല്യകാലത്ത് നടന്നൊരു സംഭവം, ഇന്ന് ഓർക്കുമ്പോൾ കൂടുതൽ തെളിമയാർന്നുവരുന്നു.
എൻറെ ജീവിതത്തിലെ ആദ്യഹീറോ അപ്പുപ്പനായിരുന്നു – അമ്മയുടെ അച്ഛൻ, സ്വാതന്ത്ര്യസമര സേനാനിയും പുന്നപ്ര-വയലാർ സമരസഖാവുമായിരുന്ന അയ്യപ്പൻഗോപാലൻ. അപ്പുപ്പനോടൊന്നിച്ചാണ് ഞാനക്കാലത്തുറങ്ങിയിരുന്നത്. പഴയകാല അനുഭവങ്ങൾ കഥകളായി പറഞ്ഞും അവസാനകാലങ്ങളിൽ ഉറക്കത്തിനിടയിലുണർന്ന് രക്തം ഛർദ്ദിച്ചു പേടിപ്പിച്ചുമാണ് തങ്ങൾ ജീവിച്ചകാലത്തിൻറെ തീക്ഷ്ണത അദ്ദേഹം എനിക്ക് പകർന്നുതന്നത്. എന്നോടൊഴികെ ഏവരോടുമദ്ദേഹം കാർക്കശ്യത്തിൻറെ ആൾരൂപമായി തോന്നിയിട്ടുണ്ട്. അക്കാലത്തെ മനുഷ്യർ കടന്നുവന്ന ജീവിതവഴികളിലെ കല്ലും മുള്ളും പിന്നീടു വന്ന തലമുറകളുടെ സങ്കൽപ്പത്തിനുപോലും വഴങ്ങുന്നതല്ലല്ലോ; പരുക്കൻ സ്വഭാവത്തിൻറെ കാരണത്തെ ഇന്ന് ഞാൻ മനസ്സിലാക്കിയെടുക്കുന്നത് അങ്ങനെയാണ്.
അന്നത്തെ വൈകുന്നേരങ്ങൾക്ക് സദാനന്ദൻ ചേട്ടൻറെ ചായക്കടയിലെ നെയ്യപ്പത്തിൻറെ മണവും രുചിയുമായിരുന്നു. നെയ്യപ്പമാണെങ്കിൽ രണ്ടുണ്ട് കാര്യം – അപ്പുപ്പന് പല്ലില്ലാത്തതിനാൽ പുറമെയുള്ള മൊരിഞ്ഞഭാഗങ്ങൾ കൂടി എനിക്ക് കിട്ടും – എന്തു രുചിയായിരുന്നെന്നോ അതിന്…

അത്തരമൊരു സായാഹ്നത്തിൽ നടന്ന, അന്നത്ര സുഖകരമായി തോന്നാതിരുന്നൊരു സംഭവം ഇന്ന് നെയ്യപ്പം പോലെ മധുരിക്കുന്നതായി തോന്നുന്നു. ഞങ്ങളുടെ അടുത്ത ബന്ധു കൂടിയായ ഒരു നാട്ടുകാരൻ, തീർത്തും അപരിചിതരായ രണ്ടുപേർക്കൊപ്പം വീട്ടിലേയ്ക്ക് വന്നു.
അമ്മാവോ… എന്ന വിളി പുറത്തുകേട്ടത് തന്നെ എനിക്കത്ര പിടിച്ചില്ല. നെയ്യപ്പം തിന്നുതുടങ്ങിയിട്ടില്ല – എൻറെ പങ്ക് കുറഞ്ഞാലോ!! അതിഥികൾ മൂവരും അപ്പുപ്പൻറെ ( എൻറെയും ) മുറിയിൽ ഇരിപ്പായി. അതിഥികളെത്തിയാൽ അപ്പുപ്പൻറെ പിന്നിലായി, കട്ടിലിൽ കിടന്ന് സംസാരം ശ്രദ്ധിക്കുകയെന്നതാണെൻറെ ശീലം.

“എന്തുണ്ടമ്മായി വിശേഷം” ഉപചാരാർത്ഥം രംഗപ്രവേശം ചെയ്ത അമ്മുമ്മയോടാണ്. പതിവ് ചിരി തന്നെ മറുപടി. “പിള്ളേരൊക്കെ എന്തേ?” അടുത്ത ചോദ്യം. ആ വീട്ടിൽ ആകപ്പാടുള്ള പിള്ളേരല്ലേ ഇങ്ങേരുടെ മുന്നിൽ കിടക്കുന്നത് എന്നൊരു Angry smiely ഞാനങ്ങിട്ടു. “അവന്മാര് പണിക്ക് പോയി ” എന്നമ്മുമ്മ. ഓഹോ… അമ്മാവന്മാരെക്കുറിച്ചായിരുന്നോ ചോദ്യം. അമ്മ ചായയുമായെത്തിയതിനാൽ വിശേഷം പറച്ചിൽനിന്നു .എൻറെ നെയ്യപ്പങ്ങൾ…സൂത്രത്തിൽ ഞാനത് എണ്ണിനോക്കി – ആറെണ്ണമുണ്ട്. വന്നവർ മൂന്ന് തിന്നാലും മൂന്ന് ബാക്കി. ഓരോന്ന് ഞാനും അപ്പുപ്പനുമെടുത്തിട്ട് ബാക്കി ഒരെണ്ണം അമ്മയ്ക്കും അമ്മുമ്മയ്ക്കും കൊടുക്കാം . ഞാൻ മനക്കണക്ക് കൂട്ടി. വന്നവരിലൊരാളെക്കണ്ടിട്ട് രണ്ട് നെയ്യപ്പം എടുക്കുന്ന ലക്ഷണമുണ്ട്. ഇനി എല്ലാവരും രണ്ടെണ്ണം വീതം എടുത്താലോ!!!
” കഴിക്ക്…” അപ്പുപ്പൻറെ പ്രോത്സാഹനം. “യൂ റ്റൂ… ” എന്നെൻറെ മനസ്സ്.” എനിക്ക് വേണ്ട ചേട്ടാ, എണ്ണപ്പലഹാരം കഴിക്കാറില്ല ” എന്ന് ഒരാൾ. രണ്ടെണ്ണമെടുക്കാൻ സാധ്യത കൽപ്പിച്ച മനുഷ്യനിത്ര സാധുവായിരുന്നോ! മറ്റുരണ്ടുപേരും കൂടി ഒരെണ്ണം ഷെയർ ചെയ്ത് കഴിച്ച് മര്യാദക്കാരായതോടെ നെയ്യപ്പം വീണ്ടും നമ്മുടെ കോർട്ടിൽ. നെയ്യപ്പം വേണ്ടെന്ന് പറഞ്ഞയാൾ ഒരെണ്ണമെടുത്ത് വാത്സല്യത്തോടെ എൻറെ നേരെ നീട്ടിയതോടെ ഞാൻ ഫ്ലാറ്റ്.
” അമ്മാവാ, ഇവരെ അറിയുമോ! ” ബന്ധു സംസാരം തുടങ്ങിവെച്ചു.” ഇല്ല ” – മയമൊന്നുമില്ലാത്ത മറുപടി. നേരാകാം,ആദ്യം കാണുകയാകാം. എന്നാലും അല്പം മയത്തിൽ , ഓർത്തെടുക്കാൻ ശ്രമിച്ച പോലെ ഭാവിച്ചു പറയുന്നതല്ലേ അതിൻറെ ഒരിത്. നെയ്യപ്പം തന്ന ചേട്ടൻറെ മുഖം വാടിയോ!”
ഇവർ നമ്മുടെ കുടുംബക്കാരാണ് … “” അച്ഛൻറെ പേര് പറഞ്ഞാൽ അറിഞ്ഞേക്കും… ” അപരിചിതരിലൊരാൾ. അറിയണമെന്ന് വലിയ താൽപ്പര്യമൊന്നും പ്രതിപക്ഷത്ത് കാണാഞ്ഞിട്ടാകണം ആ മനുഷ്യൻ അച്ഛൻറെ പേര് പറഞ്ഞില്ല. “എന്താ രണ്ടാളുടെയും പേര് ? ” അമ്മുമ്മ ചോദിച്ചു. രണ്ടാളും പേര് പറഞ്ഞു. അത്രമേൽ പ്രധാനമല്ലാത്ത ചില കുശലങ്ങൾക്ക് ശേഷം ചായഗ്ലാസുകളുമെടുത്ത് അമ്മുമ്മ അടുക്കളയിലേയ്ക്ക് പോകാനൊരുങ്ങി.
” അമ്മായി പോകരുത്. അമ്മായി കൂടി കേൾക്കേണ്ട കാര്യമാണ് “ബന്ധു വിഷയത്തിലേയ്ക്ക് കടന്നു. “അമ്മാവാ, ഞങ്ങൾ വന്നത് നമ്മുടെ കുടുംബക്ഷേത്രത്തിൻറെ കാര്യത്തിനായിട്ടാണ് . ക്ഷയിച്ച് കിടക്കുവാരുന്നല്ലോ… നമ്മളെല്ലാവരും ചേർന്ന് പുനരുദ്ധരിക്കാൻ തീരുമാനിച്ചു. ” അപരിചിതരിലൊരാൾ ആവേശം കൊണ്ടു.
” നമ്മളെന്ന് പറയുമ്പോൾ.?.. “
” നമ്മള് കുടുംബക്കാര്… അല്ലാതാരാ? ” മൂന്നാമൻറെ ക്ലാരിഫിക്കേഷൻ. ” അമ്മാവനെക്കണ്ട് കാര്യങ്ങൾ അവതരിപ്പിക്കാനാണ് ഇവർ വന്നത്. ഇതുവരെ നടന്നകാര്യങ്ങളും സാമ്പത്തികവുമൊക്കെ ഇവർ തന്നെ പറയും ” ബന്ധു ബാക്കിയുള്ളവർക്ക് മൈക്ക് കൈമാറി. അപ്പോൾ അതിയാൻ സ്വാഗതപ്രസംഗകൻ ആയിരുന്നു, കണക്കും റിപ്പോർട്ടും ദാ വരുന്നു, ഞാൻ ഉഷാറായി
.” ഓ… അതൊന്നും പറയണമെന്നില്ല. നിങ്ങൾക്കെത്രയാ വേണ്ടത്!! വലിയ തുകയൊന്നും തരാൻ എൻറെ കയ്യിലില്ല…”
” സാമ്പത്തികം മാത്രമല്ലല്ലോ ചേട്ടാ… ” ആഗതരിലൊരാൾ.
” പിന്നെ?!”
” എല്ലാവരെയുംകൂട്ടി അവിടെ വരെയൊന്ന് വരണം . കുടുംബത്തിലെ തലമുതിർന്നയാൾക്കാര് കൂടെയുണ്ടെങ്കിൽ…”
” ഞാനിപ്പോൾ അധികം ദൂരത്തേയ്ക്കൊന്നും പോകാറില്ല.”
” എന്നൊന്നും പറഞ്ഞാൽ പറ്റില്ല. വന്നേ പറ്റൂ… ഒന്നുമില്ലേലും ദൈവകാര്യത്തിനല്ലേ!! “തൊലച്ചു… എൻറെ കുഞ്ഞു മനസ്സിൽപ്പോലും അപായമണി മുഴങ്ങി. തൊട്ടടുത്ത പറമ്പാണ് കല്ലുങ്കൽ ക്ഷേത്രം . അവിടെ പോകാത്ത ആളോടാണ്. മറുപടി വീണ്ടും മയത്തിൽത്തന്നെ – ”
“ദേ… അപ്പുറത്ത് അമ്പലമുണ്ട്. ഇവരൊക്കെ അവിടെയാ പോകുന്നത് “
” അതുപോലാണോയിത്! നമ്മുടെ കുടുംബക്ഷേത്രമാണ്. നന്നായിക്കിടന്നാൽ എല്ലാവർക്കും കൊള്ളാം.” .എനിക്ക് നെയ്യപ്പം തന്ന ചേട്ടൻറെ കമന്റ്.
അപ്പുപ്പൻ ഒന്ന് ചിരിച്ചു. ” എടാ ഉവ്വേ… നിങ്ങൾക്ക് അറിയാൻ വഴിയില്ല. നിൻറെയൊക്കെ അച്ഛനമ്മമാർക്ക് ചിലപ്പോളറിയാൻ പറ്റിയേക്കും. ദേ, ഇവൻറെ അച്ഛനൊക്കെയറിയാം… “സംഭാഷണത്തിനിടയിൽ മൗനിയായിപ്പോയ അയൽവാസിയെ ഒന്ന് നോക്കിയിട്ട് അപ്പുപ്പൻ തുടരുന്നു, ഏതോ കഥയാണ്. ഞാൻ നിവർന്നിരുന്നു. ” ലോകമെന്തെന്ന് അറിവാകുന്നതിന് മുമ്പ് അനാഥനായിപ്പോയവനാ ഞാൻ. അച്ഛനുമമ്മയും പോയി. ചേട്ടന്മാര് മൂന്നെണ്ണമുള്ളത് ഇല്ലാത്തതിലും കഷ്ടമായിരുന്നു. പട്ടിണി കിടന്നിട്ടുണ്ട്, ആട്ടും തുപ്പും സഹിച്ചിട്ടുണ്ട് അന്നൊന്നും ഒരു കുടുംബക്കാരെയും കണ്ടില്ല. ദാ… ഇക്കാണുന്നതൊക്കെ ഞാൻ ഉണ്ടാക്കിയതാ… ഇതാണ് എൻറെ കുടുംബവും ക്ഷേത്രവും എല്ലാം”
ഞാൻ അപ്പുപ്പൻറെ മുഖത്തേയ്ക്ക് നോക്കി. No ഭാവഭേദം – എന്തൊരു മനുഷ്യനാണിത്?! ഒറ്റശ്വാസത്തിൽ ജീവിതകഥ പറഞ്ഞിട്ട് ഇരിക്കുന്ന ഇരിപ്പാണോയിത്!!! അതിഥികൾ നിരാശയോടെ പടിയിറങ്ങി. അന്നേരം അപ്പുപ്പൻ ചോദിച്ചു – ” എടാ… നീ കല്ലുങ്കൽ അമ്പലത്തിലെ ഏതോ ഭാരവാഹിയല്ലേ..?”
” വൈസ് പ്രസിഡന്റാണമ്മാവാ…”
” അതുപോരേടാ..”
” അത്… ഞാൻ…” അദ്ദേഹം തല ചൊറിഞ്ഞു.
” ഞാൻ പറഞ്ഞല്ലോ , എനിക്ക് പറ്റുന്ന സംഭാവന തരാം. ദേ… ഇവൻ വന്നാൽ തള്ളിവിടാൻ പറ്റില്ല. നമ്മുടെ സ്വന്തമല്ലേ….” മറ്റുള്ളവരോടാണ്.
അവർ പോയി. എനിക്കപ്പുപ്പനോട് അല്പം മുഷിവ് തോന്നി. വീട്ടിൽ വരുന്നവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. എന്തൊരു മനുഷ്യനാണ്?! ഇന്നാ സംഭവമോർക്കുമ്പോഴും മനസ് അത് തന്നെ പറയുന്നു – എന്തൊരു മനുഷ്യനാണ്…പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ പോയ അദ്ദേഹത്തിൻറെ പാഠശാല ജീവിതമായിരുന്നു. തൻറെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന എന്തിനോടൊക്കെ വേണ്ടെന്നു പറയണമെന്ന് യാതൊരു ആശയക്കുഴപ്പവുമില്ലാതിരുന്ന മനുഷ്യൻ. സ്വാതന്ത്ര്യസമരത്തിൻറെ തീച്ചൂളയിലും പുന്നപ്ര വയലാറിൻറെ മരണമുഖത്തും അന്നത്തെ മനുഷ്യർ അചഞ്ചലായിരുന്നിരിക്കും, തീർച്ച. എല്ലാവിധ അധിനിവേശങ്ങൾക്കും അടിമസേവ നടത്തുന്ന ഒരു സുഖിമാൻകാലത്തിൽ നിന്ന് കൊണ്ടു ആ ഓർമ്മകൾക്ക് മുന്നിൽ സല്യൂട്ട് ചെയ്യാൻ പോലും ശങ്കയാണ് . കാരണം അവർ നേടിത്തന്ന സ്വാതന്ത്ര്യത്തിന് ജീവിതം എന്നുതന്നെയായിരുന്നു അർത്ഥം.
വര : ശിവ
പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്