ആകാശം
(അഹമദ് ഫൈസൽ)
മരങ്ങളെ
കുരങ്ങുകൾ
എഴുതിക്കൊണ്ടിരിക്കുമ്പോൾ
നീരിനെ
അണിയാൻ തുടങ്ങുന്നു
മാനുകൾ
ഭൂമിയെ
വിടർത്തിക്കൊണ്ടിരിക്കുന്നു
ഇടയൻ
ആരുടെയോ
ഉള്ളംകൈയ്യിൽ നിന്ന്
രക്ഷപ്പെട്ടു പറക്കുന്നു
ഒരു അടക്കാക്കുരുവി
ഒരിക്കലും
ആകാശം മുകളിലല്ല
മുകളിലും മുകളിലായി.
വരകൾ
(ഫിറോസ്‌ഖാൻ ജാമാലുദീൻ, ശ്രീലങ്ക).
ഞാൻ ചില മത്സ്യങ്ങളെ
വരച്ച് കഴിഞ്ഞ്
ഉറങ്ങുകയാണ്.
ആരോ എൻ്റെ
ഉറക്കത്തെ
ശല്യപ്പെടുത്തും വിധം
ഒച്ചയിട്ട്
സംസാരിച്ചുകൊണ്ടിരിക്കുന്നു
പെട്ടെന്ന്
ഞാൻ മിഴി തുറന്നു
കുട്ടി
ഉറക്കത്തിൽ നിന്ന്
എഴുന്നേറ്റ്
മത്സ്യങ്ങളോട്
സംസാരിച്ചുകൊണ്ടിരിക്കുന്നു
അവരുടെ
സംഭാഷണങ്ങളെ
അവസാനിപ്പിക്കാൻ
ഞാൻ
ഉറക്കം നഷ്ടപ്പെട്ട
കൈയോടെ
ചില മീൻകൊത്തിയെ
വരക്കുന്നു
അത്
ചിറകു വിടർത്തി
പറന്ന് പറന്ന്
കുട്ടിയിൽ നിന്ന്
മത്സ്യങ്ങളെ പറിച്ച് കൊണ്ടുപോയി
അപ്പോൾ
കുട്ടി കരയുവാൻ തുടങ്ങി
ഉടനെ
ഞാനൊരു
ആകാശം വരച്ചു
കുട്ടി ഇപ്പോൾ
ആ പക്ഷി ഈ ആകാശത്തിൽ
തന്നെയല്ലേ താമസിക്കുക
എന്ന് ചോദിച്ചു
അതെ എന്ന് പറഞ്ഞു ഞാൻ
അപ്പോൾ എൻ്റെ മത്സ്യങ്ങൾ എവിടെ
എന്ന് കുട്ടി വീണ്ടും
ഉടനെ ഞാൻ കടലൊന്നിനെ
വരക്കുവാൻ തുടങ്ങുന്നു…….
വെയിൽമരം
(എ കെ മുജരത്, ശ്രീലങ്ക)
അവർ വെയിലിനെക്കുറിച്ച്
എഴുതിക്കൊണ്ടിരിക്കുകയായിരുന്നു
ഞാൻ
ഒരു കാടൻപൂച്ചയെപോലെ
ഇരുന്നു വായിക്കുവാൻ തയ്യാറായി
വെയിലിനെ കുറിച്ചെഴുതിയ
കവിത എന്നതിനാൽ
പെട്ടെന്ന് അത്
വിയർക്കുവാൻ തുടങ്ങി
ഈ ചൂടിനെ കുറയ്ക്കുവാൻ
എന്തു ചെയ്യണമെന്ന്
പരിഗണിച്ചപ്പോൾ
എൻ്റെ എണ്ണങ്ങളിൽ
ഒരു മരത്തെ ഞാൻ നട്ടു
പിന്നീട്
അതിനെ കുറിച്ച്
ആലോചിച്ചപ്പോൾ
എനിക്കായി
ഒരു മരത്തെ
വെയിലിൽ
ഉണങ്ങാൻ വെക്കുന്നത്
സ്വാർത്ഥത എന്ന് തോന്നി
അതുകൊണ്ട്
മരത്തെ പുഴക്കി
മഴയെക്കുറിച്ച്
ഞാൻ എഴുതിയ
കവിതക്കുള്ളിൽ
കൊണ്ട് വെച്ചു
ഇപ്പോൾ
എല്ലാ വായനക്കാർക്കും
മഴ നനഞ്ഞു പോകാൻ കഴിയും
വിയർപ്പില്ലാതെ.
ശലഭങ്ങൾ
(അബ്ദുൾ ജമീൽ, ശ്രീലങ്ക)
മുറിയുടെ ചുമരിൽ
ഒരേയൊരു പൂവിനെയാണ്
അവൾ വരഞ്ഞത്
ഇപ്പോൾ മുറി മുഴുവനും
ചിറകുകളടിക്കുന്നു ചിത്രശലഭങ്ങൾ.
വാക്കുകൾ
(അബ്ദുൾ ഹഖ് ലറീന, ശ്രീലങ്ക)
സഹായം ചെയ്യാൻ
ആഗ്രഹിക്കുന്നുവെങ്കിൽ
ചുറ്റളവിന്റെ അതിർത്തിയിൽ
ഒരിടത്തെ
മെല്ലെ മായ്ക്കുക
നീ വിതച്ച ചില വാക്കുകൾ
മെല്ലെ തളിർത്ത്
പിന്നെ സഞ്ചരിച്ച്
സംസം നീരുറവയായി
പെരുകി
നുരഞ്ഞു ചുഴിയായി
പുറമേ പോകാൻ
വഴിയില്ലാതെ
ചുറ്റി ചുറ്റി
നിരാശയോടെ
ഞാൻ മുങ്ങി
വാക്കുകൾ ഒരു മുളങ്കാട്
വാക്കുകൾ പെരും കാട്ടുതീ
വാക്കുകൾ അടർ മഴ പൊഴിവ്
വാക്കുകളേ നീ എന്ന പ്രണയം.
ചില നേരങ്ങളിൽ
(റിയാസ് ഖുറാന, ശ്രീലങ്ക)
അവിടെ പറവകൾ
ഉണ്ടെങ്കിലും
അവയെ എനിക്ക്
കാണുവാൻ കഴിയുകയില്ല
പക്ഷേ, എനിക്ക് മാത്രം
അവ
പറന്നു കൊണ്ടിരുന്നതിൽ
ഉണരാൻ കഴിയും
അതിൻ്റെ ചിറകടിയെ
നിരന്തരമായി
പിന്തുടരാൻ കഴിയും
അതിൻ്റെ ദുരിതത്തെ
ശ്രദ്ധിച്ചു വരുന്നതിൽ
ചില നേരങ്ങളിൽ
നിങ്ങളും ഉണ്ടാകും……
ചിറകുകളിൻ
പുറം ഭാഗം മാത്രമേ
ഞാൻ അറിയുന്നുള്ളൂ
അവിടെ പറവകൾ പറന്നാലും.
ഏണി
(എ നസ്‌ബുള്ള, ശ്രീലങ്ക)
വാക്കുകൾ ചിലതിനെ
അടുക്കി
ഞാൻ ആണിയടിച്ചു
അത് ഏണിയായി
രൂപാന്തരപ്പെട്ടു
ഏണിയിൽ പതുക്കെ
കാൽ വെച്ച്
ജനാല തുറന്ന്
ആകാശത്തെ എത്തിനോക്കി
അവിടെ
എൻ്റെ കൂടെയുള്ള ചിലർ
രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ച്
വായിച്ചു കൊണ്ടിരിക്കുന്നു
ഇനിയും ചിലർ
ചായയാണെന്നു വിചാരിച്ച്
വെറും ചായകോപ്പയെ
നൂകർന്നുകൊണ്ടിരിക്കുന്നു
ഒരെയൊരാൾ മാത്രം
കമ്പ്യൂട്ടറിൽ എന്തോ ചെയ്യുന്നതിനിടെ
മൊബൈലിൽ ആരോ ഒരാളിനെ
വിളിച്ച് തനിക്ക് സിദ്ധിച്ച
എഴാം ഇന്ദ്രിയത്തെ പറ്റി
സംസാരിച്ചുകൊണ്ടിരിക്കുന്നു
ഭാവനയിൽ
കുറച്ചു നേരം
ഊഞ്ഞാൽ കെട്ടി
ആടിയതിന് ശേഷം
ആദം ഹവ്വായിൻ
മക്കളാണല്ലോ നമ്മൾ
എന്ന് വിചാരിച്ചുകൊണ്ട്
ഏണിയിൽ നിന്ന്
ഞാൻ ഇറങ്ങി
ചില മഴത്തുള്ളികൾ
എന്നെ നനക്കുന്നു
വാക്കൊന്നിനെ വിളിച്ച്
കുടയായി രൂപാന്തരപ്പെടാൻ
ഞാൻ ആജ്ഞാപിച്ചു
മഴത്തുള്ളികളും ഞാനും
ഇപ്പോൾ ചൂടായി
ചായ കുടിച്ചുകൊണ്ടിരിക്കുന്നു
മഴത്തുള്ളികൾ
ജനാലക്ക് പുറത്തും
ഞാൻ വീട്ടിനുള്ളിൽ
ഒരു കസേരയിൽ ഇരുന്നും.
പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്