പൂമുഖം LITERATUREലേഖനം പുതിയ ആകാശങ്ങൾ തേടുന്നവർ

പുതിയ ആകാശങ്ങൾ തേടുന്നവർ

“ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് ഒരു വലിയ കുതിച്ചുചാട്ടവും”. 1969 ജൂലൈ 20 ന് അമേരിക്കയുടെ അപ്പോളോ 11 ലൂണാർ മിഷനിൽ എഡ്വിന്‍ ആല്‍ഡ്രിനും മൈക്കേല്‍ കോളിന്‍സിനുമൊപ്പം ചരിത്രത്തിലാദ്യമായി ചന്ദ്രനിൽ കാലുകുത്തിയ നീല്‍ ആംസ്‌ട്രോംങ് പറഞ്ഞ വാക്കുകളാണിവ. അവ വെറും വാക്കുകളായിരുന്നില്ല. മനുഷ്യചരിത്രത്തിലെ ഐതിഹാസികവും അവിസ്മരണീയവും ആയ ഒരു കുതിച്ചു ചാട്ടം തന്നെയായിരുന്നു അന്ന് നടന്നത്.

Yuri Gagarin

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആരംഭിച്ച ലോകരാഷ്ട്രങ്ങളിലെ മുതലാളിത്തചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ള ശീതസമരത്തിന്റെ പശ്ചാത്തലം കൂടിയുണ്ടായിരുന്നു ചന്ദ്രനിൽ ആദ്യമായി മനുഷ്യനെയെത്തിച്ച അമേരിക്കയുടെ ആ വിജയാഹ്ളാദത്തിന് പിന്നിൽ. 1957-ല്‍ സോവിയറ്റ് യൂണിയന്‍ ചരിത്രത്തിലാദ്യമായി ‘സ്പുട്നിക്’ എന്ന മനുഷ്യ നിർമ്മിത ഉപഗ്രഹം ബഹിരാകാശത്ത് എത്തിച്ചപ്പോൾ അത് യു എസ് എ യുടെ അഭിമാനത്തിനേറ്റ ഒരു വലിയ ക്ഷതമായിരുന്നു. നാല് വർഷത്തിന് ശേഷം 1961- ല്‍ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ മനുഷ്യൻ എന്ന പദവി യൂറിഗഗാറിന്‍ എന്ന സോവിയറ്റ് കോസ്മോനോട്ടിന് കൈവരിക കൂടി ചെയ്തപ്പോൾ അത് കൂടി. 1969 ലെ ചാന്ദ്രദൗത്യം ആ പരാജയങ്ങളുടെ കണക്കുതീർക്കൽ കൂടിയായിരുന്നു.

ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണം ബ്രിട്ടീഷ് ബിസിനസുകാരനും പ്രമുഖ വ്യവസായ സംരഭകനുമായ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ജൂലൈ 11 ന് തന്റെ സ്ഥാപനമായ വെര്‍ജിന്‍ ഗാലക്ടിക്ക് നിര്‍മ്മിച്ച വി എസ് എസ് യൂണിറ്റി എന്ന യാനത്തില്‍ ബഹിരാകാശത്തേക്ക് പറന്ന് തിരിച്ചു വന്നതാണ്. ഇന്ത്യൻ വംശജയായ സിരിഷ ബാൻഡ്‌ല അടക്കം അഞ്ചു പേരായിരുന്നു ബ്രാൻസന് കൂട്ടായുണ്ടായിരുന്നത്. സിരിഷ വെര്‍ജിന്‍ ഗാലക്ടിക്കിന്റെ വൈസ് പ്രസിഡന്റ്മാരിൽ ഒരാളാണ്.

ബഹിരാകാശത്തിന്‍റെ അതിർത്തിയായി കണക്കാക്കാക്കപ്പെടുന്ന 80 കിലോമീറ്റർ കടന്ന്, കുറച്ചു മിനുട്ടുകൾ ഭാരരഹിതാവസ്ഥ അനുഭവിച്ച്, മടക്കയാത്രയിൽ ഭൂമിയെ അതിന്റെ ഗോളരൂപത്തിൽ കണ്ട് 71 കാരനായ ബ്രാൻസനും കൂട്ടരും മടങ്ങിയെത്തി. അങ്ങിനെ സ്വന്തം കമ്പനി നിർമ്മിച്ച ബഹിരാകാശ പേടകത്തിൽ യാത്രചെയ്യുന്ന ആദ്യത്തെ ആളാണ് ബ്രാൻസൻ. പുനരുപയോഗിക്കാവുന്ന ഒരു വാഹനമാണ് വി എസ് എസ് യൂണിറ്റി.

ഒരർത്ഥത്തിലും ഗഗാറിന്റെ ബഹിരാകാശയാത്രയുടെയോ ആദ്യ ചന്ദ്രയാത്രയുടെയോ ഐതിഹാസികമാനങ്ങൾ ഉള്ള ഒന്നല്ല ബ്രാന്‍സന്റെ ഈ ചെറു ബഹിരാകാശ യാത്ര. പക്ഷെ, ആദ്യകാല ബഹിരാകാശ സഞ്ചാരങ്ങളിൽ നിന്നും ഗുണപരമായ ചില മാറ്റങ്ങളുണ്ട് ബ്രാൻസന്റെ ഈ യാത്രക്ക്. ഒന്നാമതായി, ഇതൊരു ‘സാധാരണ’ യാത്രയാണ്. ഭൂമിയുടെ ഗുരുത്വാകർഷണവലയത്തിന് അപ്പുറത്തേക്കുള്ള ഒരു ഉല്ലാസയാത്ര. അതുമാത്രമല്ല. മനുഷ്യന്റെ ബഹിരാകാശ പരിവേക്ഷണങ്ങളിലെ ഒരു സുപ്രധാന വഴിതിരിവിന്റെ പ്രഖ്യാപനം കൂടിയാണിത്. സ്വകാര്യ മൂലധനത്തിന്റെ വാണിജ്യതാല്പര്യങ്ങൾ ഗുരുത്വാകർഷണം ഭേദിച്ചിരിക്കുന്നു എന്ന പ്രഖ്യാപനം.

2004 ലാണ് സ്‌പേസ് ടൂറിസം ലക്ഷ്യമാക്കി ബ്രാൻസൺ വെര്‍ജിന്‍ ഗാലക്ടിക്ക് ആരംഭിക്കുന്നത്. പതിനേഴു വർഷങ്ങൾക്ക് ശേഷം നിരവധി പരീക്ഷണ പറക്കലുകൾക്കും പരാജയങ്ങൾക്കുമൊടുവിൽ വിജയത്തിലെത്തിയ ഈ യാത്രയോടെ വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യമേഖലയിലുള്ള ബഹിരാകാശ ഉല്ലാസയാത്രകളുടെ തുടക്കം കുറിക്കപ്പെടുകയാണ്. 600 ഓളം പേർ ഇതിനകം തന്നെ രണ്ടു തൊട്ട് രണ്ടര ലക്ഷം അമേരിക്കൻ ഡോളർ വരെ ചിലവഴിച്ച് ബ്രാൻസന്റെ സ്പേസ് ഫ്ലൈറ്റിന് ഊഴം കാത്തുനിൽക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. അതിസമ്പന്നരുടെയും സെലിബ്രിറ്റികളുടെയും ഒരു നീണ്ട നിര.

സയൻസ് ഫിക്ഷൻ ഫാന്റസികളിലെ വിഷയം മാത്രമായിരുന്നു സ്‌പേസ് ടൂറിസം ഒരു കാലത്ത്. ഇപ്പോൾ കാലം മാറിയിരിക്കുന്നു. ബഹിരാകാശ മേഖലയുടെ വാണിജ്യവൽക്കരണം തുറന്നിടുന്ന വലിയ സാധ്യതകളെ തിരിച്ചറിഞ്ഞിട്ടുള്ളത് ഒരു വ്യക്തി മാത്രമല്ല. ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസും ടെസ്‌ലയുടെ സ്ഥാപകനായ എലോൺ മസ്‌കും ഇതേ ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന മറ്റു രണ്ടു പ്രമുഖർ.

Jeff Bezos

2000 -ൽ ആണ് സ്പേസ് ടൂറിസം അടക്കമുള്ള ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകളെ ഉപയോഗപ്പെടുത്താനായി ബെസോസ് ബ്ലൂ ഒറിജിൻ എന്ന കമ്പനി സ്ഥാപിക്കുന്നത്. ബ്രാന്‍സണ്‍ വെര്‍ജിന്‍ ഗാലക്ടിക്ക് സ്ഥാപിക്കുന്നതിനും നാലു വർഷം മുൻപ്. ഈ വരുന്ന ജൂലൈ 20 ന്, മനുഷ്യന്റെ ആദ്യ ചന്ദ്രയാത്രയുടെ 52-ആം വാർഷികദിനത്തിൽ, തന്റെ കമ്പനി നിർമിച്ച യാനത്തിൽ യാത്ര തിരിക്കാനിരിക്കുകയായിരുന്നു ബെസോസ്. അപ്പോഴാണ് ബ്രാൻസൺ അദ്ദേഹത്തെ കടത്തിവെട്ടി ഏതാനും ദിവസം മുൻപേ ആ ലക്ഷ്യം സഫലീകരിച്ചത്. ബഹിരാകാശത്ത് അധീശത്വം സ്ഥാപിക്കുന്നതിൽ ആരാണ് മുന്നിലെന്ന മത്സരം ഒരു കാലത്ത് രാഷ്ട്രങ്ങൾ തമ്മിലായിരുന്നെങ്കിൽ ഇന്നത് സ്വകാര്യ കമ്പനികൾ തമ്മിൽ കൂടിയാണ്.

ബ്രാന്‍സണ്‍ നടത്തിയതുപോലുള്ള യാത്രകളെ സബ്-ഓർബിറ്റൽ (suborbital) എന്നാണ് വിശേഷിപ്പിക്കാറ്. ഭൂമിയുടെ ഗുരുത്വാകർഷണത്തെ മറികടന്ന് അതിനെ പ്രദക്ഷിണം വെക്കുന്ന ഒരു കൃത്രിമോപഗ്രഹമായി മാറാൻ ബഹിരാകാശ വാഹനത്തിന് ഒരു നിശ്ചിത വേഗം ആർജ്ജിക്കേണ്ടതുണ്ട്. ഇതിനെ പാലായന പ്രവേഗം (escape velocity) എന്ന് പറയും. ആ വേഗം കൈവരിക്കാൻ ശ്രമിക്കാതെ ബഹിരാകാശത്തിന്റെ അതിരൊന്ന് ഭേദിച്ച് തിരിച്ചു വരുന്ന യാത്രകളാണ് സബ്-ഓർബിറ്റൽ യാത്രകൾ. ബെസോസിന്റെ ബ്ലൂ ഒറിജിൻ ലക്ഷ്യമിടുന്നത് ഇത്തരം യാത്രകൾ മാത്രമല്ല. ചന്ദ്രനിലേക്കും പിന്നെ ചൊവ്വയിലേക്കുമൊക്കെ എത്താനൊക്കുന്ന അതിദീർഘവും കൂടുതൽ സങ്കീർണവും ആയ ബഹിരാകാശ പരിവേക്ഷണങ്ങൾ കൂടിയാണ്.

Elon Musk

ഇക്കാര്യത്തിൽ ബ്ലൂ ഒറിജിന്റെ പ്രധാന എതിരാളി എലോൺ മസ്‌കിന്റെ സ്പേസ് എക്സ് ആണ്. കഴിഞ്ഞ വർഷം മെയ് 30 ന് നാസയുടെ രണ്ട് ബഹിരാകാശയാത്രികരെ ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ‌എസ്‌എസ്) തങ്ങളുണ്ടാക്കിയ പുനരുപയോഗിക്കാവുന്ന യാനത്തിൽ എത്തിക്കാൻ സ്പേസ് എക്‌സിനായി. ഇതിലൂടെ ബഹിരാകാശ പരിവേക്ഷണങ്ങളിലെ ഒരു വലിയ നാഴികകല്ലാണ് സ്പേസ് എക്സ് പിന്നിട്ടത്.

മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്കെത്തിക്കാനുള്ള അമേരിക്കയുടെ ആർട്ടിമിസ് (Artemis) പ്രൊജക്റ്റിന്ന് വേണ്ട ലൂണാർ ലാൻഡർ നിർമ്മിക്കാനും ആ പ്രോജെക്റ്റിൽ പങ്കാളികളാകാനും വലിയ മത്സരമാണ് ഈ കമ്പനികൾ തമ്മിൽ നടന്നു വരുന്നത്. 2024 ഓടെ ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിര സാന്നിദ്ധ്യം സാധ്യമാക്കി, സ്വകാര്യസംരഭകർക്ക് ഒരു ചാന്ദ്ര (lunar) സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനാണ് ആർട്ടിമിസ് ലക്ഷ്യമിടുന്നത്.

Illustration of Artemis astronauts on the Moon [Credit: NASA]

ജ്യോതിശാസ്ത്ര സമസ്യകളുടെ ചുരുളഴിക്കാനുള്ള ശാസ്ത്ര ഗവേഷണങ്ങൾ, സൈനിക കാര്യങ്ങളിലും ശാസ്ത്രസാങ്കേതിക വിദ്യകളിലും അധീശ്വത്വം ഉറപ്പു വരുത്താനും തങ്ങളുടെ പ്രതാപം ഉയർത്തിക്കാട്ടാനുമുള്ള ദേശീയ രാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരം തുടങ്ങിയ ഘടകങ്ങളായിരുന്നു ആദ്യകാലത്ത് ബഹിരാകാശ പരിവേക്ഷണങ്ങളുടെ പ്രധാന പ്രേരണ. ക്രമേണ, കൃത്രിമോപഗ്രഹങ്ങളടക്കമുള്ള സാങ്കേതികവിദ്യകളുടെ വികാസം സമ്പദ്‌വ്യവസ്ഥയിലും മനുഷ്യന്റെ നിത്യജീവിതത്തിലും നിർണ്ണായകസ്വാധീനമുള്ള ഒരു മേഖലയായി അതിനെ മാറ്റി. വാർത്താവിനിമയം, ഇന്റർനെറ്റ്, കാലാവസ്ഥാപ്രവചനം തുടങ്ങിയ ഒഴിച്ചുകൂടാനാകാത്ത സേവനങ്ങൾ ബഹിരാകാശ ശാസ്ത്രസാങ്കേതികവിദ്യകളെ ആശ്രയിച്ച് നിലനിൽക്കുന്നവയായി മാറി. 2019 ൽ ആഗോള സ്പേസ് ഇക്കണോമിയിൽ നിന്നുള്ള മൊത്തം വരുമാനം 366 ബില്യൺ യുഎസ് ഡോളർ ആയിരുന്നു എന്ന് കണക്കുകൾ പറയുന്നു.

ഇന്ന് ഈ രംഗം വേറൊരു വലിയ കുതിപ്പിന് സാക്ഷ്യം വഹിക്കുകയാണ്. ബഹിരാകാശ പരിവേക്ഷണത്തിലേക്കുള്ള സ്വകാര്യ സംരഭകരുടെ കടന്നുവരവ് സ്പേസ് ഇക്കണോമിക്ക് പുതിയ മാനങ്ങൾ നൽകുന്നു. പൊതുവെ അതാതു രാഷ്ട്രങ്ങളുടെ ഭൂമിയിലെ താല്പര്യങ്ങളാകും സർക്കാർ നേതൃത്വത്തിലുള്ള ബഹിരാകാശ പ്രോജക്റ്റുകളെ ആത്യന്തികമായി നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക. പക്ഷെ, ബഹിരാകാശത്തെ സ്വകാര്യസംരഭങ്ങൾക്ക് ആ പരിമിതിയെ അതിലംഘിക്കാനാകും. ആർട്ടിമിസ് പോലുള്ള പദ്ധതികൾ ഈ തിരിച്ചറിവിന്റെ പ്രതിഫലനമാണ്. ഈ വർഷം ഫെബ്രുവരിയിൽ ഹാർവാർഡ് ബിസിനസ് റിവ്യൂയിൽ (HBR) ഈ രംഗത്തെ വിദഗ്ദ്ധരായ മാറ്റ് വെയ്ൻസിയർ, മെഹക് സാരംഗ് എന്നിവർ ചേർന്നെഴുതിയ ഒരു ലേഖനത്തിൽ ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത് ബഹിരാകാശത്തിനു വേണ്ടിയുള്ള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ (space for space economy) ആവിർഭാവം എന്നാണ്.

A rendering of a SpaceX Crew Dragon spacecraft approaching the International Space Station [Credit: NASA]

സ്പേസ് എക്സ് പോലുള്ള ഒന്നോ രണ്ടോ കമ്പനികളിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ബഹിരാകാശത്തെ അധിവാസകേന്ദ്രങ്ങൾ ഉണ്ടാക്കുന്ന പുതിയ അവസരങ്ങൾ. ഇത്തരം കേന്ദ്രങ്ങൾക്കാവശ്യമായ നിർമ്മാണങ്ങൾ പോലുള്ള കാര്യങ്ങൾ കൂടുതൽ പുതിയ സംരഭങ്ങൾക്ക് കാരണമാകുന്നു. മേൽ സൂചിപ്പിച്ച എച്ച്ബിആർ ലേഖനം ഇത് കാട്ടിത്തരുന്ന കുറച്ച് ഉദാഹരണങ്ങൾ നല്കുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐ‌എസ്‌എസ്) ആവശ്യമായ ഫൈബർ ഒപ്റ്റിക് കേബിളുകളും മെറ്റൽ ബീമുകളും നിർമ്മിക്കുന്ന Made in Space Inc. അങ്ങിനെയൊരു കമ്പനിയാണ്. ബഹിരാകാശത്തെ ഗുരുത്വരഹിതാവസ്ഥയും (zero gravity), 3-D പ്രിന്റിങ്ങും ഒക്കെ ഉപയോഗപ്പെടുത്തുന്നു ഈ കമ്പനി. അത്തരത്തിലുള്ള വേറൊരു സ്ഥാപനമാണ് ബഹിരാകാശത്തെ വാണിജ്യാവശ്യങ്ങൾക്കുള്ള അടിസ്ഥാനസകര്യങ്ങൾ അവിടെ നിന്നു തന്നെ നിർമ്മിക്കുന്ന Axiom എന്ന കമ്പനി. ബഹിരാകാശ സമ്പദ്‌വ്യവസ്ഥ എങ്ങിനെ പുതിയ വ്യവസായ സംരംഭങ്ങളുടെ ഒരു ഇക്കോസിസ്റ്റത്തിന് രൂപം കൊടുക്കുന്നു എന്നതിന്റെ നിദർശനങ്ങളാണ് ഈ സ്ഥാപനങ്ങൾ.

പക്ഷെ, ഈ വികസനത്തിന് ഇക്കാലമത്രയും ഒരു പരിമിതിയുണ്ടായിരുന്നു. ഭൂമിയെന്ന ആവാസവ്യവസ്ഥക്കകത്ത് ഒതുക്കപ്പെടുന്ന സ്ഥലകാലങ്ങളുടെ പരിമിതി. ഇതിനെ അതിലംഘിക്കാനുള്ള അവസരമാണ് പുതിയ ബഹിരാകാശ പരിവേക്ഷണങ്ങൾ തുറന്നു തരുന്നത്. പുതിയ ‘ഭൂമികളും’ ആകാശങ്ങളും ഒരുക്കുന്ന സ്ഥലകാലവിന്യാസങ്ങൾ ഭാവിയിലെ മനുഷ്യവ്യവഹാരങ്ങളിൽ ഉണ്ടാക്കിയേക്കാക്കുന്ന മാറ്റങ്ങൾ പ്രവചനാതീതമാണ്.

എപ്പോഴും ഇങ്ങനെയാണ് സമ്പദ്‌വ്യവസ്ഥകൾ വളർന്ന് വലുതാകുക – ആവശ്യങ്ങളെ കൂടുതൽ കാര്യക്ഷമമായി അഭിസംബോധന ചെയ്യാനാകുന്ന ഉദ്പാദന വിതരണ പ്രക്രിയകൾ ഉണ്ടാക്കുക; പുതിയ ആവശ്യങ്ങൾ സൃഷ്ടിക്കുക. മൂലധന നിക്ഷേപത്തിനും ഉദ്പാദനത്തിനും വിതരണത്തിനും അതുവഴി മിച്ചമൂല്യത്തിനും ലാഭത്തിനും ഉള്ള പുതുവഴികൾ തേടിയുള്ള നിരന്തരമായ അന്വേഷണത്തിന്റേതാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ ചരിത്രം. “The tendency of capital to continually enlarge the periphery of circulation” എന്നാണ് മാർക്സ് Grundrisse-ൽ ഈ പ്രക്രിയയെ വിശേഷിപ്പിച്ചിട്ടുള്ളത്.

ഭാവനക്ക് വിട്ടുകൊടുക്കേണ്ടിയിരിക്കുന്ന ഇത്തരം കാര്യങ്ങളെ മാറ്റിനിർത്തിയാൽ തന്നെ, ബഹിരാകാശം കേന്ദ്രീകരിച്ച് ഉണ്ടായിവരാനിടയുള്ള പുതിയ സമ്പദ്‌വ്യവസ്ഥകളെ കുറിച്ച് പ്രായോഗികതലത്തിലുള്ള നിരവധി ചോദ്യങ്ങളുണ്ട്. ആർക്കായിരിക്കും ഈ സമ്പദ്‌വ്യവസ്ഥകളുടെ നിയന്ത്രണാധികാരം? നമ്മളിന്നറിയുന്ന സർക്കാരുകൾക്ക് പകരം അവ കുറച്ച് ഒലിഗാർക്കുകളുടെ കൈപിടിയിലൊതുങ്ങാനിടയുണ്ടോ? ഈ വ്യവസ്ഥകളുടെ മുഖമുദ്ര സഹകരണമോ അല്ല മത്സരങ്ങളോ ആയിരിരിക്കുക?

ഇത്തരം ചോദ്യങ്ങൾ ഉയർത്താൻ നേരമായോ എന്ന് സംശയം തോന്നാം. പക്ഷെ, ബഹിരാകാശത്തെ സ്വത്തവകാശങ്ങൾ, നിയമപരിരക്ഷ, നിയന്ത്രണങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ പല കോണുകളിൽ നിന്നും ഇപ്പോൾ തന്നെ ഉയർന്നു വരുന്നുണ്ട്. ഇക്കാര്യങ്ങളിൽ ഒരു റെഗുലേറ്ററി ഫ്രേംവർക്ക് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയേയും അതിന്റെ സ്വഭാവത്തേയും കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

ബഹിരാകാശമേഖലയിലെ സ്വകാര്യസംരംഭങ്ങളുടെ മുൻ നിരയിലുള്ള മസ്കിനെയും ബെസോസിനെയും ബ്രാൻസണിനെയും പോലുള്ള വ്യക്തികളെ ഈ വഴിയിൽ മുന്നോട്ട് പോകാൻ പ്രചോദിപ്പിക്കുന്നതെന്തെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. എലോൺ മസ്ക് പറയുന്നത് സ്‌പേസ് എക്സ് ലക്ഷ്യമാക്കുന്നത് ബഹിരാകാശസഞ്ചാരം അടിസ്ഥാനമാക്കിയ ഒരു സംസ്കൃതിയെ ആണ് എന്നാണ്. അതിനെ ‘spacefaring civilization’ എന്നാണ് അയാൾ വിളിക്കുന്നത്. ഇത് ഒരു വലിയ സ്വപ്നമാണ്. സാധാരണ മനുഷ്യർക്ക് അപ്രാപ്യമായ ഒരു സ്വപ്‍നം. മസ്കിനെ പോലുള്ള മറ്റു വ്യക്തികളും പണം, ലാഭം തുടങ്ങിയ കാര്യങ്ങൾക്ക് പകരം സമാനമായ വലിയ സ്വപനങ്ങളെ കുറിച്ച് സംസാരിക്കുന്നവരാണ്.

ഇതിനർത്ഥം സ്വപ്നജീവികളായ കുറച്ച് പ്രതിഭാശാലികളുടെ സ്വപ്നങ്ങളാണ് ഈ വലിയ മാറ്റങ്ങളെ പ്രാഥമികമായും നിർണ്ണയിക്കുന്നത് എന്നാണോ? അല്ലെന്ന് നിസംശയം പറയാനൊക്കും. രണ്ടു കാരണങ്ങളുണ്ട്.

  1. മുൻകാല മാതൃകകളൊന്നും മുന്നിലില്ലാത്ത ഭീമൻ മുതൽ മുടക്ക് ആവശ്യമായ കാര്യങ്ങളാണ് ഈ സ്വകാര്യ ബഹിരാകാശസംരഭങ്ങൾ. വൻനഷ്ടങ്ങൾക്ക് വലിയ സാധ്യതയുള്ളവ. ഇങ്ങനെയുള്ള ഒരു വ്യവസായത്തിനാവശ്യമായ മൂലധനം ഉപാധികളില്ലാതെ ഈ വ്യക്തികൾക്ക് സമാഹരിക്കാനൊത്തത് സ്വന്തം കൈവശമുള്ള അളവറ്റ സ്വകാര്യ സമ്പത്തുകൊണ്ടാണ്. വ്യക്തികളുടെ കഴിവിനും മിടുക്കിനുമപ്പുറം, കഴിഞ്ഞ കുറച്ച് ദശകങ്ങളായി ആഗോള മുതലാളിത്തത്തിനകത്ത് നടന്നുവരുന്ന സമ്പത്തിന്റെ അഭൂതപൂർവമായ കേന്ദ്രീകരണം കൂടി ഇതിന് പുറകിലുണ്ട്. സമ്പത്തിന്റെ ഭൂരിഭാഗവും ചുരുക്കം ചില വ്യക്തികളുടെയും കോർപറേറ്റുകളുടെയും കൈവശം കുമിഞ്ഞു കൂടുന്ന ഈ പ്രക്രിയക്ക് കാരണം സമ്പദ് വ്യവസ്ഥയുടെ ആഗോളവൽക്കരണവും ലോകത്തെമ്പാടും നടപ്പിലായ നവലിബറൽ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും ഫിനാൻസ് മൂലധനത്തിന്റെ അഭൂതപൂർവമായ വളർച്ചയും ആയിരുന്നു.
  2. കൈയിൽ പണമുണ്ടെന്നതുകൊണ്ടു മാത്രം ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത ഒന്നല്ല ഇന്നത്തെ ബഹിരാകാശ ശാസ്ത്രസാങ്കേതിക വിദ്യകൾ. വിവിധ രാഷ്ട്രങ്ങളിലെ ഒട്ടനവധി ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും കാലങ്ങളായുള്ള അശ്രാന്തപരിശ്രമം ഉണ്ടാക്കിയെടുത്ത ബൗദ്ധികസ്വത്തുകളാണവ. പൊതുമേഖലയിൽ, പൊതുമുതൽ മൂലധനമാക്കിയാണ് ഈ ശ്രമങ്ങളത്രയും ഇത്രയും കാലമായി നടന്നുവരുന്നത്. അങ്ങിനെ പക്വതയാർജ്ജിച്ച് വരുന്ന ശാസ്ത്രസാങ്കേതിക വിദ്യകൾ വാണിജ്യാവശ്യങ്ങൾക്ക് ഉതകുമെന്ന ഘട്ടമെത്തുമ്പോൾ സ്വകാര്യമൂലധനം രംഗപ്രവേശം ചെയ്യുന്നത് ഇതാദ്യമായല്ല.

ഇങ്ങനെ നോക്കുമ്പോൾ, പുതുലോക സൃഷ്ടാക്കളായ വിഷനറികളായല്ല, ഒരു പുതിയ മാർക്കറ്റ് ഉണ്ടാക്കിയെടുക്കുന്നതിലുള്ള റിസ്ക് ഏറ്റെടുക്കാൻ തയ്യാറായ അതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളുളള കുശാഗ്രബുദ്ധികളായ വ്യവസായികളായാണ് ഈ വ്യക്തികളെ കാണാൻ കഴിയുക.

ഇതിനർത്ഥം ഈ വ്യക്തികൾ മോശക്കാരാണെന്നല്ല. സ്വപ്നങ്ങളിലെയും ഭാവനകളിലെയും പുതിയ ആകാശങ്ങൾ യാഥാർഥ്യമാക്കാൻ തുനിഞ്ഞിറങ്ങിയ അതിപ്രഗല്ഭർ തന്നെയാണിവർ. പക്ഷെ, അവരുടെ സ്വപ്‍ന സാക്ഷാത്ക്കാരങ്ങൾക്ക് കാരണമായി ചരിത്രപരവും വസ്തുനിഷ്ടവുമായ പല ഘടകങ്ങളുമുണ്ടെന്നും അവയുടെ അഭാവത്തിൽ ഈ സ്വപ്നങ്ങൾ കാലമെത്താത്ത അതിഭാവനകൾ ആയിപ്പോകുമായിരുന്നുവെന്നും ചൂണ്ടികാട്ടിയെന്നു മാത്രം.

അതോടൊപ്പം ഒരു കാര്യം കൂടി നമ്മുക്ക് ഇവിടെ ഓർക്കാവുന്നതാണ്. സ്വകാര്യലാഭം മാത്രം ലക്ഷ്യം വെക്കുന്ന വലിയ മാറ്റങ്ങൾ, അവ എത്ര തന്നെ ആവേശകരമായിരുന്നാലും, പൊതുനന്മക്ക് തീർച്ചയായും എപ്പോഴും ഇടയാക്കിയിട്ടുണ്ട് എന്നതിന് ചരിത്രത്തിൽ അധികം ഉദാഹരണങ്ങളില്ലെന്ന്…

പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like