പൂമുഖം LITERATUREകവിത രണ്ട് കവിതകൾ

രണ്ട് കവിതകൾ

കാത്തിരിക്കുക

ഇത്ര മാത്രം പറയാം

ഉണർന്നിരിപ്പാണ്

ദുർഘടങ്ങളാണെങ്ങും

ദുരയും ആചാരവും

ദുഷ്ടരാവാത്തവരുടെ

ദുരിതവും, എന്നാലും

ബാല്യത്തിന്റെ ചിരിയിലും

കൗമാരമാം പ്രേമത്തിലും

മധ്യമമില്ലാ പ്രണയത്തിലും

ചിരന്തനസ്നേഹത്തിലും

ദിവാസ്വപ്നങ്ങളുണ്ട്

ദിഗന്തം മുഴങ്ങും

പ്രകമ്പനങ്ങളുണ്ട്

ദിക്കിനെ സമയമാക്കും

തനിക്കു താൻ ചുറ്റും

വളഞ്ഞു പുളഞ്ഞു

ചുരുങ്ങും സങ്കോചത്തിൻ

കരിമ്പടമുണ്ട്, അതിൽ

ചോദ്യങ്ങൾക്കൊക്കെ

ഉത്തരങ്ങളുണ്ട്.

കാത്തിരിക്കുക

കഥകൾ ചിലത്

പറയാതിരിക്കുക വയ്യ!

*****************

നൂറ്റെൺപതിലൊതുങ്ങുമോ

ത്രികോണം തന്നെ

പക്ഷേ പരന്ന പ്രതലത്തിലല്ല

ഒരു ഗോളത്തിന്റെ

മുകളിൽ വരഞ്ഞതാണല്ലോ

നേർവരകൾ മുകളിൽ

അരികിൽ നിന്നു നോക്കവേ

വളവുകളേറെയുണ്ട്

കൊളുത്തിക്കൂട്ടിയങ്കുശമാവട്ടെ

നൂറ്റെൺപതിലൊതുങ്ങുമോ!

പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like