കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച ഒരു ഇൻഡസ്ട്രി ആണ് റീട്ടെയിൽ മേഖല. ലോകമെങ്ങും റീട്ടെയിൽ മേഖല ഇന്ന് വരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടത്. മാസങ്ങളോളം പല ഘട്ടങ്ങളിലായി കടകൾ അടഞ്ഞു കിടന്നു, ഇപ്പോഴും അടഞ്ഞു കിടക്കുന്നു, തെരുവുകളിലും വൻകിട ഷോപ്പിംഗ് മാളുകളിലും.
മറ്റു ഇന്ഡസ്ട്രികളിൽ നിന്നും റീട്ടെയിൽ മേഖലക്കുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അത് ദൈനം ദിന കാഷ് ഫ്ളോയെ ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ് എന്നതാണ്. അതായതു ഒരു എഞ്ചിനീയറിങ് സ്ഥാപനത്തിന് നിർമ്മാണത്തിൻറെ വിവിധ ഘട്ടങ്ങളിൽ പണം ലഭിക്കുന്നുവെങ്കിൽ റീട്ടെയിൽ ബിസിനസ്സ് ദിവസവുമുള്ള കാഷ് ഫ്ളോയെ ആശ്രയിച്ചാണ് നിൽക്കുന്നത്. അത് മുടങ്ങിയാൽ എല്ലാം മുടങ്ങും, പേ ഔട്ട് ഒഴികെ. അങ്ങോട്ട് കൊടുക്കാനുള്ള വാടക, യൂട്ടിലിറ്റി ബില്ലുകൾ, വാങ്ങിയ സ്റ്റോക്കിന്റെ പേയ്മെന്റ്, സ്റ്റാഫിന്റെ ശമ്പളം ഒക്കെ കൊടുത്തേ തീരൂ, ഇങ്ങോട്ടു വരവൊട്ടില്ല താനും.

മറ്റൊരു കുഴപ്പം കൂടിയുണ്ട്, നഷ്‌ടമായ ബിസിനസ്സ് തിരിച്ചു കിട്ടുക അത്യപൂർവ്വമാവും ഈ മേഖലയിൽ , അതായതു ഒന്നോ രണ്ടോ മാസം അടഞ്ഞു കിടന്നതു കൊണ്ടുണ്ടായ നഷ്ടം വീണ്ടും തുറക്കുമ്പോൾ നികത്താൻ കഴിയില്ല.
ഇനിയൊരു കുഴപ്പം കൂടിയുണ്ട് ഗാർമെൻറ് ഫാക്ടറികളുടെ എൻഡ് യൂസർ അഥവാ കസ്റ്റമർ ഫേസിങ് മുഖമായ വസ്ത്ര വ്യാപാര മേഖലക്ക്. വീടുകൾക്കുള്ളിൽ അടച്ചിട്ടിരിക്കുന്ന ജനത്തിന് പുതിയ വസ്ത്രങ്ങൾ അത്ര ഒരു അത്യാവശ്യമല്ലാതാകുന്നു എന്നതാണ് അത്. ഓണത്തിനോ പെരുന്നാളിനോ വിവാഹത്തിനോ ഒരു പാർട്ടിക്കോ അല്ലെങ്കിൽ ഓഫീസിലോ ഒക്കെ സ്ഥിരമായി പോകുമ്പോഴാണല്ലോ മനുഷ്യർ കൂടുതൽ പുതിയ വസ്ത്രങ്ങൾ വാങ്ങുക. ഇതൊന്നും നടക്കാത്തത് കൊണ്ട് തന്നെ ആ മേഖലയിലെ ബിസിനസ്സ് ഏതാണ്ട് 25 ശതമാനം എങ്കിലും കടകൾ സമ്പൂർണ്ണമായി തുറന്നിരിക്കുന്ന രാജ്യങ്ങളിൽ പോലും കുറഞ്ഞിട്ടുണ്ട്. അങ്ങനെ റീട്ടെയിൽ മേഖല നേരിട്ട, ഇപ്പോഴും നേരിടുന്ന തകർച്ച മനസ്സിലാക്കണമെങ്കിൽ നിങ്ങളിൽ രാജ്യാന്തര, വൻകിട ഷോപ്പിംഗ് മാളുകളിൽ പോകുന്നവർ കണ്ണ് തുറന്നൊന്നു നോക്കിയാൽ മതി. ഏതാണ്ട് 25 ശതമാനത്തോളം കടകൾ സ്ഥിരമായി അടഞ്ഞു കിടക്കുന്നതു കാണാം, കോവിഡ് മൂലം താൽക്കാലികമായി അടഞ്ഞു,പിന്നീട് ഒരിക്കലും തുറക്കാതെ പോയവർ. അല്ലാത്തവർ ഗൂഗിൾ ചെയ്തു നോക്കൂ നിങ്ങളുടേ ഫേവറിറ്റ് ബ്രാൻഡുകൾ ലോകമെങ്ങുമായി ഏത്ര ഷോപ്പുകൾ ആണ് ഇക്കാലയളവിനുള്ളിൽ പൂട്ടിയതെന്നു, ഇപ്പോഴും പൂട്ടിക്കൊണ്ടിരിക്കുന്നതെന്നു. ഞാൻ പറയുന്നത് അമേരിക്കയിലെയും, യൂറോപ്പിലെയും ഒക്കെ വൻകിട റീട്ടെയിൽ ജയന്റുകളുടെ കാര്യമാണ് കേട്ടോ അതായത് കേരളത്തിലെ ചില ഗാർമെൻറ് ഫാക്ടറികൾ വസ്ത്ര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലേത്.

റീട്ടെയിൽ വസ്ത്രവ്യാപാരം പ്രതിസന്ധി നേരിടുമ്പോൾ അവർ എന്താണ് ആദ്യം ചെയ്യൂക? ഓർഡർ വെട്ടിക്കുറക്കും. വില്പന കുറയുമ്പോൾ വാങ്ങലും കുറയും. ലോകമെങ്ങുമുള്ള ഇനിയും പൂട്ടിപ്പോകാത്ത റീട്ടെയിൽ ഭീമന്മാർ 40 ശതമാനം വരെയൊക്കെയാണ് കഴിഞ്ഞ ഒന്നര വർഷമായി വാങ്ങൽ വെട്ടിക്കുറച്ചത്. വാങ്ങുന്നതിന്റെ അളവ് മാത്രമല്ല കുറച്ചതു, നിലവിലുള്ള എല്ലാ എഗ്രിമെന്റുകളുടെയും വിലകൾ പുനർനിര്ണയിച്ചു. അതായത് ഓർഡർ ക്വാണ്ടിറ്റി മാത്രമല്ല കുറഞ്ഞത്, മാർജിനും കുറഞ്ഞു,ഇത് മൂലം ലോകമെങ്ങുമുള്ള ഗാര്മെന്റ് ഫാക്ടറികൾ വലിയ പ്രതിസന്ധിയിലായി.

ലോകത്തെ എല്ലാ കോർപ്പറേറ്റ് റീട്ടെയിൽ ഭീമന്മാരും എല്ലാ അനുബന്ധ ബിസിനസ്സുകളും പുതിയ ഇൻവെസ്റ്മെന്റ്സ് സമ്പൂർണ്ണമായി വേണ്ടെന്നു വെക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്തു. പല രാജ്യങ്ങളിലും നിർമ്മാണം പൂർത്തിയായിട്ടും ഇനിയും തുറക്കാത്ത ഷോപ്പിംഗ് മാളുകൾ കാണാം. അടഞ്ഞു കിടക്കുന്ന കടകൾ കാണാം. പൂട്ടിപ്പോയ ഫാക്ടറികൾ കാണാം.
ലോക റീട്ടെയിൽ ഭീമൻ ആയ വാൾമാർട്ട് 2020 അവസാന ക്വാർട്ടർ പ്രോഫിറ്റ് പ്ലാൻ മിസ്സ് ചെയ്തു (ഏതു വിധേനയും കോസ്റ്റ് കട്ട് ചെയ്തും സ്റ്റാഫിനെ പിരിച്ചു വിട്ടും മറ്റും പ്രോഫിറ്റ് പ്ലാൻ അച്ചീവ് ചെയ്യുന്നവർ ആണ് ഇത്തരം ഭീമന്മാർ എന്നോർക്കണം). നമ്മുടെ കിറ്റക്സിന്റെ ഉത്പന്നങ്ങൾ പോകുന്നത് വാൾമാർട്ട് പോലുള്ളയിടങ്ങളിലേക്കാണ്. ബിസിനസിലെ ഈ പ്രതിസന്ധി അടുത്ത വർഷങ്ങളിലും തുടരുക തന്നെ ചെയ്യും എന്ന് വാൾമാർട്ട് പരസ്യപ്രസ്താവന ചെയ്യുകയും ചെയ്തു.

കിറ്റക്സ് ആകട്ടെ കഴിഞ്ഞ അഞ്ചു വർഷമായി നെറ്റ് ഇൻകം 4.3 ശതമാനം കുറഞ്ഞ ഒരു സ്ഥാപനമാണ്. 2016 ലെ 376 രൂപ എന്ന ഷെയർ വില ഇന്ന് കുറഞ്ഞു കുറഞ്ഞു 141 ൽ എത്തി നിൽക്കുന്നു. ആതായതു ഇതേ അഞ്ചു വർഷ കാലയളവിൽ പൊതുവെ മാർക്കറ്റ് 11 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ ഗാർമെൻറ് സെക്ടർ 6.6 ശതമാനം മാത്രം വളർച്ച രേഖപ്പെടുത്തുകയും അതേ സമയം കിറ്റക്സ് 4.3 ശതമാനം കീഴോട്ട് വളരുകയും ചെയ്തു. സംഗതിയുടെ കിടപ്പു പിടികിട്ടുന്നുണ്ടല്ലോ അല്ലേ.
വാറൻ ബുഫെറ്റ് കുറച്ചു വർഷങ്ങൾക്കു മുൻപാണ് ” Retail is dead ” എന്ന് പറഞ്ഞത്. സംഗതി ഇനിയും മരിച്ചിട്ടില്ലെങ്കിലും അതിന്റെ രൂപഭാവങ്ങൾ അമ്പേ മാറി മറിയുകയാണ്. പഴയ ബ്രിക്സ് ആൻഡ് മോർട്ടാർ മോഡൽ ഓൺ ലൈൻ കൊടുങ്കാറ്റിൽ ആടിയുലയുന്നു. കൂടുതൽ ടെക്‌നോളജിക്കൽ ഇൻവെസ്റ്മെന്റ്സ് വേണ്ടി വരുന്നു. അങ്ങനെ ഈ മേഖലയാകെ ഒരു അസന്നിഗ്ധതയിലൂടെയാണ് കടന്നു പോകുന്നത്.

ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഈ മേഖലയിൽ പ്രഖ്യാപിക്കപ്പെട്ട 3500 കോടിയുടെ ഇൻവെസ്റ്റ്മെന്റ് പിൻവലിക്കപ്പെടുന്നത്.
കഥയറിയാതെ ആട്ടം കാണരുത്!
പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ
Photos Courtesy : Google Photos