വളരെ പതുക്കെ ഞങ്ങള്‍ നടന്നു തുടങ്ങി. വെട്ടുവഴി മലമ്പള്ളങ്ങളിലൂടെ ഉയരങ്ങളിലേക്ക് ചുറ്റി വളഞ്ഞു കയറിപ്പോവുകയാണ് .. വഴിക്കിരുവശവും കനത്ത പുൽക്കൂട്ടങ്ങൾ.. കഷ്ടിച്ച് ഒരാളുയരത്തിൽ അതങ്ങനെ വളർന്നു നിൽക്കുന്നു.. ഏകദേശം രണ്ടു മണിക്കൂർ പിന്നിടുമ്പോഴേക്കും ഒരു ഗ്രാമത്തിലെത്തി .. .കയറ്റം അവസാനിക്കുന്നത് റാണാ കാ ധർ ഗ്രാമത്തിലാണ്.. ‘റാണാ കാ ധർ’ എന്ന വാക്കിൻറെ അർഥം തന്നെ ഒഴുകുന്ന ചോര എന്നാണ് ..ഇവിടെയാണത്രെ ദേവിയോട് ഏറ്റുമുട്ടി മരിച്ച ലോഹാസുരൻറെ ദേഹം ചെന്നുവീണത് ..
സുമാർ 7 മണി ആയിട്ടുണ്ടാകും, ഒരു ചെറിയ ധാബയുടെ അടുത്തായി ചെറിയ വിശ്രമത്തിനായി എല്ലാവരും നിന്നു. ചൂടോടെ ഇഞ്ചിയും ഏലക്കായും ചേർത്ത കടുപ്പത്തിലുള്ള ഓരോ ചായ വാങ്ങിക്കഴിച്ചു രേണുവിന്റെ ഫേവറിറ്റ് ആയ ബണ്ണ് അവൾക്കും വാങ്ങിക്കൊടുത്ത് ഒരു 10 മിനുട്ട് വിശ്രമത്തിനു ശേഷം വീണ്ടും നടക്കാന്‍ തുടങ്ങി. ഒരു ചെറിയ ഗ്രാമത്തിലൂടെയാണ് നടക്കുന്നത്. അവിടെയുള്ള കുട്ടികള്‍ മിഠായിക്കു വേണ്ടി ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു…… അവർ മിട്ടായി ചോദിക്കും എന്നറിയാവുന്നത് കൊണ്ട് തന്നെ ഡൽഹിയിൽ നിന്നൊരു വലിയപാക്കറ്റ് മിട്ടായി വാങ്ങി കരുതിയിരുന്നു.. ചോദിച്ചവർക്കെല്ലാം ഒന്നും രണ്ടുമായി കൊടുത്തപ്പോൾ അത് കണ്ട യുവതികളും വഴിയിലേക്കിറങ്ങി “ബാബുജി ഹംകോഭി ദീജിയേ നാ” എന്ന് പറഞ്ഞു കൈനീട്ടി വാങ്ങാൻ തുടങ്ങി.. അവരുടെ പ്രതീക്ഷയോടെ ഉള്ള നോട്ടം കണ്ട് കുറെയേറെ മിട്ടായികൾ കൊടുത്തു. ഗ്രാമം കഴിഞ്ഞാൽ ഇനി അങ്ങോട്ട് ചെറിയ ഇറക്കമാണ്. എത്തിച്ചേർന്നത് നീലഗംഗാ എന്ന അരുവിയുടെ തീരത്താണ്..നന്ദാദേവി ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി അളകനന്ദയുടെ കൈവഴിയായ നന്ദാകിനി നദിയിൽ ചെന്ന് ചേരുന്നു. തെളിഞ്ഞ കൊടുംതണുപ്പാർന്ന വെള്ളമുള്ള ഒരു അരുവിയാണ് നീൽഗംഗ.. നീല്‍ ഗംഗയിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകിയപ്പോള്‍ അതുവരെ ഉള്ള ക്ഷീണം ഒക്കെ മാറിക്കിട്ടി. നീലഗംഗാ പാലത്തിനു മുകളിലിരുന്നു ബ്രെക്ക്ഫാസ്റ്റ് കഴിച്ചു..നെയ്യിൽ മൊരിച്ച ബ്രെഡ്ഡും ചീസും ഓംലറ്റും സാലഡും ആയിരുന്നു വിഭവങ്ങൾ. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു വിശ്രമിച്ചു വീണ്ടും മുന്നോട്ട് നടന്നു.. ഇനി ഒരു ചെറിയ കാട്ടിലൂടെ കുത്തനെയുള്ള കയറ്റമാണ്. ..പാത ക്രമേണ ഉയരത്തിലേക്ക് കയറുകയാണ് ആദ്യം കാട്ടു പുല്ലുകളും കുറ്റിച്ചെടികളും ചെറു മരങ്ങളും അതിരിട്ട പാത ഉയരം കൂടുന്തോറും നിത്യഹരിത വനമായി മാറുകയാണ് ..ഇടതൂർന്ന കാട്..

മരങ്ങളുടെ പച്ച മേലാപ്പിനു ഇടയിലൂടെ ദൂരെയുദിച്ച സൂര്യൻറെ സുവർണ്ണരശ്മികൾ ഒട്ടും ഊർന്നിറങ്ങുന്നില്ല ..ചുറ്റും കാട്ടിനുള്ളിൽ നിന്ന് കിളികളുടെ ആനന്ദ കൂജനങ്ങൾ. വഴിയിൽ കാതിന് സംഗീതമായി .. ചൂളക്കാക്കകൾ, വിവിധയിനം കുരുവികൾ, കുയിലുകൾ ,വാലാട്ടി കിളികൾ തുടങ്ങിയവ നിരന്തരം ഒറ്റക്കും കൂട്ടായും സുപ്രഭാതമോതിക്കൊണ്ടിരുന്നു.. കിളികളുടെ കളകൂജനങ്ങളും ചീവീടുകളുടെ ശബ്ദവും കാടിനുള്ളിലൊഴുകുന്ന അരുവികളുടെ കളകളാരവവും ആസ്വദിച്ചു മുന്നോട്ട് നടന്നു.. വഴി കൂടുതൽ ഉയർന്നു പർവതത്തിന്റെ പള്ള ചുറ്റി മുന്നോട്ട് പോകാൻ തുടങ്ങി .. ഇപ്പോൾ അരുവി ഇടതുവശത്തായി ഞങ്ങളോടോപ്പമുണ്ട്… അതിലേക്ക് കുത്തി വീഴുന്ന വെള്ളച്ചാട്ടങ്ങളും കടുംനിറത്തിലുള്ള കുഞ്ഞു കുഞ്ഞു പൂക്കൾ നിറഞ്ഞ വള്ളിപ്പടർപ്പുകളും തണുത്ത കാറ്റും എല്ലാവര്‍ക്കും നടക്കാന്‍ ആവേശമായി.. കയറ്റമായതു കൊണ്ട് എല്ലാവരും പല വേഗത്തിലാണ്. ഓക് മരങ്ങള്‍ക്കിടയിലൂടെയുള്ള നടത്തം വളരെ മനോഹരമായിരുന്നു. .. അങ്ങനെ ഒരു 10 മണി ആയപ്പോഴേയ്ക്കും ആദ്യത്തെ ക്യാമ്പ് ആയ ഖൈരോളി പാതാളില്‍ [Ghaeroli Patal] എത്തി…..
രൂപ്കുണ്ഡ് ട്രെക്കിങ്ങിലെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ ഖൈരോളി പാതാളിൽ ധാബകളും ഹോംസ്റ്റേ സൗകര്യങ്ങളും ക്യാംപിങ് സൈറ്റുകളും ഉണ്ട് ..നന്ദാദേവി രജത് യാത്ര ഈ വഴിയിലൂടെയാണ് കടന്നു പോകുന്നത്..ഇവിടെ ലത്‌ദേവതയുടെ ഒരു ചെറിയ ക്ഷേത്രമുണ്ട്..തെളിഞ്ഞ ദിവസങ്ങളിൽ തൃശൂൽ കൊടുമുടിയുടെ ഹിമകളഭാർച്ചിത രൂപം നമുക്കിവിടെ നിന്ന് കാണാം.. ധാബയിൽ നിന്ന് ചായയും കോളിഫ്‌ളവർ കൊണ്ടുണ്ടാക്കിയ ബജ്ജിയും കഴിച്ചു നടപ്പ് തുടർന്നു .. ഇനിയത്തെ ലക്ഷ്യം ബെദിനി ബുഗ്യല്‍ [Bedni Bughyal ] ആണ്., ഘോരാലോട്ടാനി വഴി മൂന്നര കിലോമീറ്റർ താണ്ടി 11,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രാത്രി ക്യാമ്പായ ബേദിനി ബുഗിയാൽ മനോഹരമായ ഒരു പുൽമേടാണ് …ഇന്നത്തോടു കൂടി കാട്ടിലൂടെയുള്ള നടത്തം അവസാനിക്കും. ഗ്രാമം വിട്ടതോടെ വഴി മുകളിലേക്കിഴയാൻ തുടങ്ങി…

കുറേക്കൂടി മുന്നോട്ട് നടന്നപ്പോൾ ചെറു കുറ്റിക്കാടുകളും ചുവപ്പും റോസും വൈലറ്റും നിറത്തിൽ പൂത്തുനിൽക്കുന്ന റോഡോ ഡൈൻഡ്രോൺ മരങ്ങളും കാണാനുണ്ട് ട്രെക്കിങ് തുടങ്ങിയിട്ട് മൂന്ന് മണിക്കൂറായിക്കാണും. കാടുകള്‍ അവസാനിക്കാന്‍ തുടങ്ങി. പകരം പച്ച വിരിച്ച കുന്നുകള്‍ കണ്ടുതുടങ്ങി.. പൂക്കളുടെ വർണ വൈവിധ്യമാസ്വദിച്ചു കൊണ്ട് അല്പം കൂടി മുന്നോട്ട് നടന്നപ്പോൾ വിശാലമായൊരു തുറസ്സിലെത്തി.
മരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഇനി വെയിലത്താണു നടത്തം. വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാല്‍ സൂര്യതാപാഘാതത്തിനുള്ള [high altitude sunburn] സാധ്യത വളരെ കൂടുതലാണ്.. അതുകൊണ്ട് എല്ലാവരും ഫുൾ സ്ലീവ് വസ്ത്രങ്ങളും കഴുത്തു മറയ്ക്കുന്ന തൊപ്പിയുമാണ് ധരിച്ചിരുന്നത്. ഈ കാര്യങ്ങളൊക്കെ മനീഷ് നൽകിയ നിര്‍ദേശങ്ങളില്‍ ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് അലിബുഗിയാൽ എന്ന സ്ഥലത്ത് വിശ്രമിക്കാനായി നിന്നു. പ്രഭാതഭക്ഷണം നേരത്തേ കഴിക്കുന്നതു കൊണ്ട് ചെറുതായി വിശക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ കയ്യിലുള്ള ഈന്തപ്പഴവും ബദാം പരിപ്പും ഉണക്കമുന്തിരിയും തിന്നു അതിനു മീതെ എനർജി ഡ്രിങ്കും കൂടികുടിച്ചപ്പോൾ കൂടുതൽ ഉഷാറായി .. അലിബുഗിയാലിൽ നിന്ന് നോക്കിയാല്‍ അങ്ങു ദൂരത്തായി തൃശൂല്‍ പര്‍വതം ഭംഗിയായി കാണാം. കുറച്ചു സമയത്തെ വിശ്രമത്തിന് ശേഷം ഞങ്ങള്‍ വീണ്ടും നടക്കാന്‍ തുടങ്ങി.കുത്തനെയുള്ള ഒരു കയറ്റത്തിന്റെ നെറുകയിൽ നിന്ന് നോക്കിയപ്പോൾ ഒരു കിമി ദൂരെ സ്വല്പം താഴെയായി ബേദനി ക്യാമ്പ് കാണാൻ കഴിഞ്ഞു. ഏകദേശം 2:30 മണി ആയപ്പോഴേയ്ക്കും ഞങ്ങള്‍ രണ്ടാമത്തെ ക്യാമ്പായ ബെദിനിയിലെത്തി. ഹിമാലയത്തില്‍ ട്രെക്ക് ചെയുമ്പോള്‍ ഉള്ള ഒരു നിയമമാണ്, നേരത്തേ തുടങ്ങി നേരത്തേ അവസാനിപ്പിക്കുക. ഉച്ച കഴിഞ്ഞാല്‍ കാലാവസ്ഥ എങ്ങനെ മാറുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല,മൂടൽമഞ്ഞ്,പേമാരി, മഞ്ഞുമഴ,ഹിമക്കാറ്റ് അടക്കമുള്ള ബ്ലിസാർഡ്സിനുള്ള സാധ്യതയും ഏറെ കൂടുതലാണ് ചില സമയങ്ങളില്‍ ഞങ്ങള്‍ക്കും അത് അനുഭവപ്പെട്ടിരുന്നു. പലപ്പോഴും കാലാവസ്ഥ മാറിമറിഞ്ഞു കൊണ്ടിരുന്നു..ചില സമയങ്ങളിൽ നല്ല വെയിലാകും,സൂര്യൻ കത്തിജ്വലിച്ചു നിൽക്കും, നിമിഷങ്ങൾക്കകം വെയില്‍ മാറി തണുത്ത കാറ്റടിക്കും, മൂടൽമഞ്ഞ് കടന്നു വരും, കണ്ണുകാണാതാകും ചിലപ്പോള്‍ മഴ പെയ്യാനും തുടങ്ങും…….

ഞങ്ങൾ ചെന്നപ്പോഴേക്കും ടെന്റുകൾ തയ്യാറായിരുന്നു..ഞങ്ങൾ നാല് പേർക്ക് 2 സ്വിസ് ടെന്റുകൾ മനീഷിനും കൂട്ടർക്കും ഒരു വലിയ ടെന്റ് ..ഭക്ഷണം പാകം ചെയ്യാൻ ഒരു ഓപ്പൺ ടെന്റ് ..നിലത്ത് നിന്ന് 2 അടി ഉയരത്തിലാണ് ടെന്റുകൾ .. ടെന്റിന്റെ പുറകു വശം ഒരു പാറക്കെട്ടിനാൽ സുരക്ഷിതമാണ് ..ചെന്ന ഉടനെ സുരീന്ദർ അംഗശുദ്ധി വരുത്താൻ ചൂടുവെള്ളം കൊണ്ട് തന്നു ..അതിനു ശേഷം ഉച്ചഭക്ഷണം വിളമ്പി..എണ്ണമയം കുറഞ്ഞ വെജ് പുലാവും രാജ്മാ കറിയും പാലക് കൊണ്ടുള്ള ഡ്രൈ സബ്ജിയും സലാഡും ആയിരുന്നു ഉച്ചക്ക്..ടെന്റിനകത്ത് കയറി അഞ്ചു മണി വരെ വിശ്രമിച്ചു ..
ഹിമാലയന്‍ ട്രെക്കിങ്ങില്‍ ഞാന്‍ താമസിച്ച ഏറ്റവും മനോഹരമായ സ്ഥലമായിരുന്നു ബെദിനി ബുഗ്യല്‍ … ചായ കുടിക്കാനായി പുറത്തേക്ക് വന്നപ്പോൾ മാനം മേഘാവൃതമായിക്കണ്ടു..സൂര്യനെ മേഘങ്ങൾ മറച്ചിരിക്കുന്നു.. തണുത്ത കാറ്റ് വീശുന്നുണ്ട്..രാത്രിയിൽ മഴപെയ്യാൻ സാധ്യതയുണ്ടെന്ന് മനീഷ് പറഞ്ഞു..ചായ മൊത്തിക്കുടിച്ചു കൊണ്ട് ചുറ്റിനും നോക്കി.. .. സൂര്യവെളിച്ചമില്ലെങ്കിലും പുല്മേടുകൾക്ക് കോട്ടകെട്ടിയ പോലെ ഹിമകളഭാർച്ചിത ശ്രിംഗങ്ങൾ എഴുന്നു നിൽക്കുന്ന ഗിരിനിരകൾ കാണാൻ കഴിയുന്നുണ്ട്… മലമുകളിൽ പച്ച പുതച്ച വിശാലവും നിമ്നോന്നതവും മനോഹരവുമായ ഒരു പുൽത്തകിടിയാണ് ബെദിനി ബുഗ്യല്‍. മനോഹരമായ കാട്ടുപൂക്കള്‍ കൊണ്ട് സമ്പന്നമാണ് അവിടം. ഇതുവരെ കാണാത്ത, മണമറിയാത്ത ആകര്‍ഷക വര്‍ണങ്ങളിലുള്ള പുഷ്പങ്ങള്‍ സഞ്ചാരികളുടെ മനസ്സ് കവരും. ഇടക്ക് ഇന്ദ്രനീലം പോലെ തിളങ്ങുന്ന ഒരു ചെറു ജലാശയം.. അതിനപ്പുറം താഴ്‌വര. അതിനുമപ്പുറം നിരനിരയായി നിൽക്കുന്ന മലകൾക്ക് കാവൽ നിൽക്കുന്ന മേഘമാലകളും കിരീടങ്ങളുമണിഞ്ഞ മഞ്ഞുറഞ്ഞ നന്ദാദേവി, ത്രിശൂല്‍, നന്ദഗുണ്ടി, തുടങ്ങിയ ഹിമാലയ കൊടുമുടികൾ. ഞങ്ങളുടെ ക്യാമ്പിന്റെ ഏകദേശം ഒരു കിലോമീറ്റർ ദൂരത്തായി വേറൊരു സംഘവും ബെദിനി കുണ്ഡ് തീരത്ത് വേറൊരു സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്..അതിൽ ഒരു ഗ്രൂപ്പ് ഗുജറാത്തിൽ നിന്ന് വന്നവരും മറ്റേ ഗ്രൂപ്പ് ജപ്പാനിൽ നിന്ന് വന്നവരുമാണ് എന്ന് മനീഷ് പറഞ്ഞു ..

ആറുമണിയോടടുപ്പിച്ചു മഴച്ചാറൽ തുടങ്ങി..മഴയോടൊപ്പം മൂടൽ മഞ്ഞും കേറിവന്നു..മുന്നിലുള്ള എല്ലാ കാഴ്ചകളെയും കോടമഞ്ഞു മറയ്ക്കുന്നു..തണുപ്പും അല്പം കൂടാൻ തുടങ്ങി, ഞങ്ങൾ വീണ്ടും കൂടാരത്തിലേക്കു തന്നെ വലിഞ്ഞു .. ഏഴരമണി മണി ആയപ്പോൾ സുരീന്ദർ ചൂട് സൂപ്പുമായി വന്നു ..തുടർന്ന് എട്ടുമണിക്ക് അത്താഴവും..റോട്ടിയും പനീർ ടിക്കയും, കോളിഫ്‌ളവർ കറിയും ഫ്രൂട്ട്സും ആയിരുന്നു രാത്രി ഭക്ഷണം..ഭക്ഷണശേഷം അല്പം സൊറ പറഞ്ഞു 9 മണിയോടെ എല്ലാവരും ഉറങ്ങാനായി അവരവരുടെ ടെന്റിലേക്ക് പോയി. രാവിലെ 6 മണിക്ക് അലാറം വച്ച് ഞങ്ങളും കിടന്നു. കിടക്കാന്‍ എല്ലാവര്‍ക്കും സ്വിസ് നിർമിതമായ സ്ലീപ്പിങ് ബാഗ് [sleeping bag] ഉണ്ട്. മൈനസ് 15 ഡിഗ്രി വരെ താങ്ങാന്‍ കഴിവുള്ള പർവതാരോഹകർ ഉപയോഗിക്കുന്ന പാഡഡ് ബാഗുകളാണ്. ഉള്ളില്‍ കയറിയാല്‍ പിന്നെ ഒരു തണുപ്പും അറിയില്ല. ഹിമാലയത്തിന്റെ അപാരതയിൽ ഞങ്ങളുടെ ആദ്യദിനം അവസാനിക്കുകയാണ്..ടെന്റ് ഉള്ളിൽ നിന്ന് സിപ്പ് ചെയ്ത ഭദ്രമാക്കി, ഉറങ്ങാൻ കിടന്നു..ശരീരം ക്ഷീണിച്ചതു കൊണ്ടാകാം,വേഗംതന്നെ ഗാഢനിദ്രയിലേക്കാണ്ട് പോയി. രാവിലെ 6 മണിക്ക് എഴുന്നേറ്റു. തണുപ്പിന്റെ കാര്യം പറയേണ്ടതില്ലല്ലോ? പല്ലു തേക്കാനും മറ്റുമായി സുരീന്ദർ ചൂടുവെള്ളവുമായി വന്നു …പല്ലു തേച്ച ഉടനെ ചൂട് ചായയെത്തി ..ഓപ്പൺഎയർ ദിനകൃത്യങ്ങളെല്ലാം കഴിഞ്ഞു കുളിയൊന്നുമില്ലാത്തതു കൊണ്ട് പെട്ടെന്ന് റെഡി ആകാന്‍ പറ്റും. അടുത്ത പരിപാടി വസ്ത്രങ്ങൾ ഒന്ന് മാറണം ,ടോയിലറ്റ് സാധനങ്ങളും സ്ലീപ്പിങ് ബാ ഗും മടക്കി പാക്ക് ചെയ്യണം. കോണ്ഫ്‌ളേക്‌സും,ആലു പൊറോട്ടയും അച്ചാറും ആയിരുന്നു പ്രഭാതഭക്ഷണം. ഇടയ്ക്ക് കഴിക്കാന്‍ ഒരു പാക്കറ്റ് ബിസ്‌ക്കറ്റും തന്നു. അതു കഴിഞ്ഞു മനീഷ് ഇന്നത്തെ ട്രെക്കിങ്ങിനെ കുറിച്ച് ചെറിയ. വിവരണം നല്‍കി. ഇന്നത്തെ ലക്ഷ്യം രണ്ടാമത്തെ ക്യാമ്പായ 12,700 അടി ഉയരത്തിലുള്ള നൃത്തം ചെയ്യുന്ന പാതാളം എന്നാണർത്ഥം വരുന്ന പഥർ നാച്ചൗനിയിലാണ് വേറെയൊരു കാര്യം, ഹിമാലയത്തെ പോലെ തന്നെ മനോഹരമാണ് ഇവിടുത്തെ സ്ഥലങ്ങളുടെ പേരും. ആദ്യം കേള്‍ക്കുമ്പോള്‍ കുറച്ചു ബുദ്ധിമുട്ടായി തോന്നും. എന്നാല്‍ നിങ്ങള്‍ ആ സ്ഥലങ്ങള്‍ കൂടി കാണുമ്പോള്‍, ശരിക്കും ഇഷ്ടപ്പെട്ടു പോകും.

ഇന്നത്തെ നടത്തം വളരെ കുറച്ചേയുള്ളൂ.. ഇന്നലെ രാത്രി പോകാൻ കഴിയാത്ത ബെദിനി കുണ്ഡ് തടാകം കാണാൻ താഴേക്കിറങ്ങി . പച്ചനിറത്തിലുള്ള പുല്‍മേടുകള്‍ മാത്രമല്ല ഇവിടെയുള്ളത്, ഇരുണ്ട നിറത്തില്‍ ഉള്ള പുല്‍മേടുകളും ഉണ്ട് കൂട്ടത്തില്‍. അതിലാണ് ചെറിയ മഞ്ഞയും വെള്ളയും വയലറ്റും നിറത്തിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത്. ഇലകളുടെ ഇരട്ടി വലിപ്പമുണ്ട് നിലത്തോട് ചേര്‍ന്ന് കിടക്കുന്ന ആ പൂവുകള്‍ക്ക്……….
മനോഹരമായ ഒരു കൊച്ചു തടാകം..അപ്പുറത്ത് ക്യാമ്പ് ചെയ്തിരുന്ന ജപ്പാൻകാർ എഴുന്നേൽക്കുന്നേയുള്ളു ..വീണ്ടും മുകളിലേക്ക് കയറി .. അപ്പോഴേക്കും ഞങ്ങളുടെ പൈലറ്റ് ഗ്രൂപ്പ് സ്ഥലം വിട്ടിരുന്നു..സാധനങ്ങളുമായി രേണുവും അമിതും ഞങ്ങളെ കാത്ത് നിൽപ്പുണ്ട്.. ഇന്നലെ പൊട്ടിച്ച പായ്ക്കിലുള്ള ബിസ്കറ്റ് തണുത്ത് പോയിരുന്നു..അത് രേണുവിന് നൽകിയപ്പോൾ സന്തോഷത്തോടെ അവളത് അകത്താക്കി ..പിന്നീട് നനവുള്ള മൂക്കുമായി എൻറെ ജാക്കറ്റ്‌പോക്കറ്റിൽ വല്ലതും ബാക്കിയുണ്ടോ എന്ന് പരിശോധിച്ചു ..ഇല്ലെന്നു കണ്ടപ്പോൾ തലകുലുക്കി പ്രതിഷേധം രേഖപ്പെടുത്തി..അമിത് അവളെ മുന്നോട്ട് നയിച്ചു ..

പുറകെ ഞങ്ങളും…കുത്തനെയുള്ള കയറ്റമാണ്….. അതുകൊണ്ട് എല്ലാവരും വളരെ പതുക്കെയാണ് നടക്കുന്നത്. വളരെ മനോഹരമാണ് ചറ്റുമുള്ള ഭൂ പ്രകൃതി. അവിടെ നിന്ന് ഞങ്ങള്‍ കുറേ ഫോട്ടോയെടുത്തു. ഇടയ്ക്ക് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുമ്പോള്‍ കുറച്ചു സമയം വിശ്രമിക്കും. ഹിമാലയന്‍ ട്രെക്കിങ്ങില്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം, ദൂരം കണക്കാക്കുന്നതില്‍ മിക്കപ്പോഴും തെറ്റുകള്‍ സംഭവിക്കും. പല സ്ഥലങ്ങളും തൊട്ടടുത്തായി തൊന്നുമെങ്കിലും അവിടെയെത്താന്‍ ചിലപ്പോള്‍ ഒരു മല കയറിയിറങ്ങേണ്ടി വരും…….
കുറച്ചുകഴിഞ്ഞപ്പോള്‍ പുല്‍മേടുകള്‍ കുറഞ്ഞുതുടങ്ങി. പകരം മൊട്ടക്കുന്നുകള്‍ കാണാന്‍ തുടങ്ങി. പുൽമേടുകൾ അവസാനിക്കുന്നേടത്ത് പാത മുകളിലേക്ക് പോവുകയാണ് .. ചെറിയൊരു തലവേദനയും കാലിൻറെ വണ്ണക്ക് കടുത്ത വേദനയും തോന്നുന്നുണ്ടെങ്കിലും മുന്നോട്ട് തന്നെ പോയി.. 12 മണി ആയപ്പോഴേയ്ക്കും ഇന്നത്തെ ദിവസത്തെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് എത്തി. 13200 അടി ഉയരത്തിലുള്ള ഘോരാലോട്ടാനി മിക്കവാറും സമയത്തു മഞ്ഞു മൂടിക്കിടക്കുന്ന സ്ഥലമാണ് ക്യാമ്പ് കുറച്ചു താഴെയാണ്. ഞാന്‍ നേരത്തേ സൂചിപ്പിച്ചതു പോലെ High Altitude Sickness പിടിപെടാതിരിക്കാനുള്ള വേറൊരു മുന്‍കരുതലാണിത്. ക്യാമ്പ് എപ്പോഴും ഞങ്ങള്‍ അന്ന് കയറിയ ഉയരത്തിനെക്കാളും താഴെയായിരിക്കും… കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം ഞങ്ങള്‍ ഘോരാലോട്ടാനിയിൽ നിന്ന് രാത്രി ക്യാംപ് ആയ പഥർ നാച്ചൗനിയിലേക്ക് (നൃത്തം ചെയ്യുന്ന പാതാള ലോകത്തേക്ക്) താഴേക്കിറങ്ങുവാന്‍ തുടങ്ങി. താഴെ എത്തുമ്പോഴേക്കും എനിക്കു ശക്തമായ തലവേദനയെടുക്കാന്‍ തുടങ്ങി. ഉച്ചക്ക് ജീര റൈസും ഡാലും ഭിണ്ടി സബ്ജിയും ഗ്രീൻസലാഡും ആയിരുന്നു.. തലവേദനയുണ്ടെങ്കിലും ഭക്ഷണം കഴിച്ചു. അപ്പോഴേക്കും മനീഷും അമിതും വിമലും ചേർന്ന് ടെന്റും സെറ്റ് ചെയ്തിരുന്നു.. ഭക്ഷണത്തിന് ശേഷം വിശ്രമിക്കാനായി ടെൻറിലേക്കു പോയി. കടുത്ത തലവേദനയും കാലുവേദനയുമുണ്ട്. കുറയുന്നില്ലെങ്കില്‍ പ്രശ്‌നമാണ്. മനീഷിനോട് കാര്യം പറഞ്ഞു. ഈ തലവേദന സ്വാഭാവികമാണെന്നും ഡയാമോക്‌സും(Diamox tab) വേറെ ഏതെങ്കിലും പെയിൻ കില്ലറും കഴിച്ചു ഇന്ന് മുഴുവൻ റെസ്റ്റ് എടുത്താൽ നാളെ രാവിലത്തേക്ക് അത് മാറുമെന്നും പറഞ്ഞു. അതു കേട്ടപ്പോള്‍ കുറച്ചു സമാധാനം ലഭിച്ചു…….

അഞ്ചരക്ക് സുരീന്ദർ ചായയുമായി വന്നു വിളിച്ചപ്പോളാണ് ഉണർന്നത് ..തലവേദന പൂർണമായി മാറിയിട്ടില്ല,കാലു വേദന കൂടിയ പോലെ..മനീഷ് അല്പം കടുകെണ്ണ ചൂടാക്കി എൻറെ മുട്ടുമുതൽ പാദം വരെ ഉഴിയാൻ തുടങ്ങി..ഏതാണ്ട് പത്ത് മിനിറ്റ് ഉഴിഞ്ഞു കാണണം..ഉടൻ തന്നെ സുരീന്ദർ കൊണ്ട് വന്ന ചൂടുവെള്ളം കൊണ്ട് കാലുകഴുകാൻ ആവശ്യപ്പെട്ടു..അതിനു ശേഷം ഏതോ പച്ചമരുന്നുകളും എക്സ്ട്രാക്റ്റ് ആയ ഓയിൽ ആണെന്ന് തോന്നുന്നു എന്റെ കാലിൽ പുരട്ടിത്തന്നു..അല്പം കഴിയുമ്പോഴേക്കും കാലിലെ നീരും വേദനയും കുറഞ്ഞിരുന്നു..
മഴയും ഇരുട്ടും ഒന്നിച്ചാണ് വന്നത്..കട്ടകുത്തിപ്പെയ്യുന്ന മഴ..ടെന്റിൻറെ പുറത്ത് കാറ്റിന്റെയും മഴയുടെയും രൗദ്രതാണ്ഡവം..മുൻവശം പൂർണ്ണമായി സിപ്പിട്ട ഉള്ളിലെ കർട്ടൻ താഴ്ത്തിയിട്ടിട്ടും തണുപ്പ് അകത്തേക്ക് കടന്നു വരുന്നുണ്ട് രണ്ട് മണിക്കൂറോളം മഴ പെയ്തു കാണണം..രാത്രി ഭക്ഷണം മുറിയിലാണ് തന്നത് ,റോട്ടിയും സോയ കൊണ്ടുള്ള ഒരു കറിയും ടൊമാറ്റോ ഫ്രൈയും ചൂട്‌ഹോർലിക്‌സും ആയിരുന്നു രാത്രി..വേറെ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട്, രാത്രി വേഗം തന്നെ കിടന്നുറങ്ങി..പുറത്ത് മലങ്കാറ്റിൻറെ ചൂളം വിളി ഉറക്ക് പാട്ടായി ..
. ഇന്നും സുരീന്ദർ ചായയുമായി വന്നു വിളിച്ചപ്പോളാണ് ഉണർന്നത് .. രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും തലവേദന മാറിയിരുന്നു. ഇന്നേയ്ക്ക് മൂന് നാലു ദിവസങ്ങളായി ഫോണും എഫ്ബിയും വാട്ട്സപ്പുമായി പുറംലോകവുമായിട്ട് യാതൊരു ബന്ധവും ഇല്ലാതെ നടത്തം തുടങ്ങിയിട്ട്. ശരിക്കും പറഞ്ഞാല്‍ ഈ സ്വതന്ത്ര ജീവിതം ഞങ്ങള്‍ക്കങ്ങ് ഇഷ്ടപ്പെടാന്‍ തുടങ്ങി. മലകളും തണുപ്പും ശുദ്ധവായുവും അനന്തമായ ആകാശവും ടെന്റിനുള്ളിലെ കിടപ്പുമെല്ലാം ഞങ്ങള്‍ ഞങ്ങള്‍ ശരിക്കുമിഷ്ട പ്പെട്ടു തുടങ്ങി. ശരിക്കു പറഞ്ഞാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു കാര്യം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ, ഇന്നത്തെ ട്രെക്കിങ് ..ഒരിക്കൽ പോയാൽ പിന്നെ ഹിമാലയം നിങ്ങളെ ജീവിതകാലം മുഴുവൻ ആകര്‍ഷിച്ചു കൊണ്ടേയിരിക്കും എന്ന് പറയുന്നത് വെറുതേയല്ല എന്നു മനസ്സിലായി…….

ഇന്ന് മൂന്നാമത്തെ ക്യാമ്പായ ബഗ്വാബാസയിലേക്കാണ് ട്രെക്കിങ് [Bhagwabhasa]. ബഗ്വാബാസ ഏകദേശം 14300 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ ട്രെക്കിങ് കുറച്ചു കഠിനമായിരിക്കുമെന്നു മനീഷ് പറഞ്ഞു.. പറഞ്ഞത് പോലെ ഇന്നത്തെ ദിവസം വളരെ കഠിനമായിരുന്നു….. താരതമ്യേന കുറഞ്ഞ ദൂരം മാത്രമേ നടക്കാനുള്ളു എന്നതിനാൽ നടത്തം വളരെ സാവകാശമായിരുന്നു… കാലുവിനായക്കിലേക്കുള്ള വഴി ക്രമേണ ഉയരങ്ങളിലേക്ക് തന്നെ പോവുകയാണ്.. ഹിമക്കാറ്റ് ശക്തമായി വീശിയടിക്കുന്നുണ്ട്.. Úഇപ്പോഴാണ് ഹൈ ആൾട്ടിട്യൂഡ് ട്രെക്കിങ്ങുകളിൽ എപ്പോഴും പ്രധാന വില്ലനാകുന്ന അന്തരീക്ഷത്തിലെ പ്രാണവായുവി(Oxygen)ന്റെ അഭാവം പ്രശ്നങ്ങൾ തുടങ്ങുന്നത് ,.. തലച്ചോറിനും ഹൃദയത്തിനും ആവശ്യമുള്ള പ്രാണവായു ശരിയായ അളവിൽ നൽകാൻ നമ്മുടെ ശ്വാസകോശങ്ങളുടെ അദ്ധ്വാനം ഇരട്ടിയാകുമ്പോള് ശരീരത്തിന് ആയാസം കൂടുന്നു തളർച്ച വരുന്നു..പൊടിച്ച പച്ചക്കര്പ്പൂരം ടവ്വലിൽ പൊതിഞ്ഞു സൂക്ഷിച്ചത് ഇടക്കിടക്ക് മണത്തും ഓരോ 500 -600 മീറ്റർ താണ്ടുമ്പോഴും നന്നായി വിശ്രമിച്ചും,ഗ്ലൂക്കോസ് കലക്കി തെര്മോസിൽ സൂക്ഷിച്ച ഇളം ചൂടുവെള്ളവും പ്രോട്ടീൻബാറും കഴിച്ചുമാണ് മുന്നോട്ട് പോകുന്നത്.. 11:30 jമണിയോടെ ഞങ്ങള്‍ കാലു വിനായക [Kalu Vinayak] എന്ന സ്ഥലത്ത് എത്തി. അവിടെ ഗണപതിയുടെ ഒരു ചെറിയ അമ്പലമുണ്ട്. അമ്പലത്തിന്റെ പേരാണ് കാലു വിനായക്. കൃഷ്ണശിലയിൽ സ്വയംഭൂ ആയ വിഗ്രഹമാണ് ഇവിടെ..ഈ ചുരത്തിൻറെ രക്ഷാദേവതയാണ് കാലുവിനായക് എന്നാണു സങ്കൽപം..ഇവിടെ സുരക്ഷിത യാത്രക്കായി കാണിക്കയും ഭക്ഷണവും അർപ്പിക്കുന്നു… കാലു വിനായകയില്‍ നിന്ന് മുന്നോട്ട് നോക്കിയാല്‍ അങ്ങ് ദൂരത്തായി നമ്മുടെ ലക്ഷ്യസ്ഥാനമായ രുപ്കുണ്ഡും അതിന് മുകളിലായി ജുനാര്‍ഗലിയും [junargali pass] , അതിനും മുകളിലായി തൃശൂല്‍ പര്‍വതവും കാണാം. കാലു വിനായകയില്‍ നിന്നുള്ള കാഴ്ച വളരെ മനോഹരമായിരുന്നു. അതു വരെയുണ്ടായിരുന്ന ക്ഷീണം ആ ഭുപ്രകൃതി കണ്ടതോടെ ഞങ്ങള്‍ മറന്നു. ഫോട്ടോ ഷൂട്ടിന് പറ്റിയ സ്ഥലം. എലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലുമാണ്……. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലമൊക്കെ മേഘത്താല്‍ മൂടപ്പെട്ടു., മഴക്കോളും കാണുന്നുണ്ട്.. ഇനി അധികനേരം ഇവിടെ നില്ക്കുന്നത് പന്തിയല്ല., അത് കൊണ്ട് എത്രയും വേഗം നമ്മുടെ ക്യാമ്പ് പിടിക്കാമെന്നു മനീഷ് നിർദ്ദേശിച്ചു ..

ഇപ്പോൾ അച്ഛനെയും അമ്മയെയും സഹായിക്കുന്നു..നല്ല ചുറുചുറുക്കോടെ എല്ലാ പണിയും ഓടിനടന്നു ചെയ്യുന്നു..രണ്ടു പശുക്കളുണ്ട്..അതിനെ മേയ്ക്കുന്നതും കറക്കുന്നതുമൊക്കെ അവൾ തന്നെ..അമ്മയും മകളും ഇതിനു തൊട്ടുള്ള വേറൊരു കുടിലിലാണ് താമസം..മാസത്തിൽ ഋതുആകുന്ന സമയം നോക്കി അവൾ തിരിച്ചു പോകും..ഒരാഴ്ച കഴിഞ്ഞതിനു ശേഷമേ തിരിച്ചു വരൂ..ആ സമയം അനിയൻറെ മകൻ വന്നു നിൽക്കുന്നു..ബിഷ്ട് കുടുംബത്തോട് യാത്ര പറഞ്ഞു ഞങ്ങൾ ടെന്റിലേക്ക് നടന്നു…ചെന്നപ്പോഴേക്കും ലഞ്ച് റെഡി ആയിരുന്നു.. ചൂടുവെള്ളം കൊണ്ട് കയ്യും മുഖവും കഴുകി ലഞ്ചിനിരുന്നു.. വെജ് നൂഡിൽസും ഹിമാലയൻ കൂണുകൊണ്ടുള്ള ചില്ലിയും ,സോയാഫ്രൈയും ഫ്രൂട്ട്സലാദും ആയിരുന്നു ലഞ്ചിന് …ലഞ്ച് കഴിക്കുമ്പോഴേക്കും മനീഷും ടീമും ടെന്റ് സെറ്റ് ചെയ്തിരുന്നു..ഒരു ചരിഞ്ഞ പ്രതലത്തിൽ ഒന്നുരണ്ടു പാറക്കെട്ടുകൾക്കിടയിലുള്ള ഒരു നിരപ്പിലാണ് ഞങ്ങളുടെ ടെന്റ് ..സ്വല്പം താഴെ ആയിട്ടാണ് മനീഷിൻറെ ടെന്റും കിച്ചണ് ടെന്റും ..ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും മേഘങ്ങൾ പതുക്കെ ഒരു നേര്ത്ത മഞ്ഞുമഴയായി മാറിയിരുന്നു..
നേരെ ടെന്റിലേക്കും പിന്നെ സ്ലീപ്പിങ് ബാഗിലേക്കും..തലേന്നത്തെ പോലെ സുരീന്ദർ ഇന്നും ചായയുമായി വന്നു വിളിച്ചപ്പോളാണ് ഉണർന്നത് .. ചായയോടൊപ്പം കൊറിക്കാൻ ചൂടോടെ വറുത്ത് കോരിയ ഒണിയൻ പക്കോഡയും ഉണ്ടായിരുന്നു.. അത് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് നാളത്തെ ട്രെക്കിങ്ങിനെ കുറിച്ച് മനീഷ് പറഞ്ഞു തരുന്നത്. നാളെയാണ് ലക്ഷ്യസ്ഥാനമായ രൂപ്കുണ്ഡില്‍ എത്തുക. കാലാവസ്ഥ അനുവദിക്കുമെങ്കില്‍ ജുനര്‍ഗലി [Junargali] വരെ പോകാമെന്നും പറഞ്ഞു. ജുനര്‍ഗലി പാസ് രൂപ്കുണ്ഡിനു മുകളിലാണ്. അവിടെ നിന്ന് നോക്കിയാല്‍ തൃശൂല്‍ പര്‍വതം തൊട്ടുമുന്നിലായി കാണാം. തൃശൂല്‍ ട്രെക്കിങ്ങിന് പോകുന്നവര്‍ ജുനര്‍ഗലി കഴിഞ്ഞു വേണം മടങ്ങാന്‍. ജുനര്‍ഗലി സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 16200 അടി ഉയരത്തിലാണ്, രൂപ്കുണ്ഡ് ടോപ് ഏകദേശം 15500 അടിയും… അവിടെ നിന്ന് ഏതാണ്ട് 200 മീറ്ററോളം താഴേക്കിറങ്ങണം തടാകതീരത്തേക്ക് നാളത്തെ ട്രെക്കിങ് പുലര്‍ച്ചെ നാലിന് തുടങ്ങും. രൂപ്കുണ്ഡ് പോയിട്ട് തിരിച്ചു രണ്ടാമത്തെ ക്യാമ്പായ പതാര്‍നച്ചുനിയിലേക്ക് തിരികെ വരും. . പുലര്‍ച്ചെ ട്രെക്കിങ് തുടങ്ങാനുള്ള ഒരു കാരണം,പോകുന്നവഴിയിൽ മഞ്ഞു വീണിട്ടുണ്ട്.
തുടരും….
പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ