പൂമുഖം Travelയാത്ര നിഗൂഢതകളുടെ തടാക തീരം തേടി (ഭാഗം 1)

നിഗൂഢതകളുടെ തടാക തീരം തേടി (ഭാഗം 1)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

നിഗൂഢ തടാകം രൂപ് കുണ്ഡ്  

[സാധകന് സാധനയുടെ ഓരോ പടവുകൾ പോലെ യാത്രികന് ഓരോയാത്രയും ഓരോ ഓർമ്മക്കുറിപ്പുകളാണ് ..യാത്രികൻറെ കുറിപ്പുകൾ അയാളുടെ ആത്മസാക്ഷാൽക്കാരവുമാണ് ..ഓരോ യാത്രയും പകർന്നു തരുന്ന അനുഭൂതി വ്യത്യസ്തവും വൈവിധ്യ പൂർണവുമാണ് .. നിമിഷാന്തരങ്ങൾക്കുള്ളിൽ വ്യത്യസ്ത രൂപം പ്രദർശിപ്പിക്കുന്ന ഹൈമവത ഭൂമിക – വന്യസൗന്ദര്യത്തിൻറെ വേഷപ്പകർച്ചകൾ നടത്തുന്ന മലയും കാടും കാറ്റും മഴയും മഞ്ഞും, ജന്തു-സസ്യജാലങ്ങളുടെ സമ്മോഹനമായ സമന്വയവും ഹിമാലയ യാത്രകളെ ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്നു…]

ന്ത്യയുടെ വടക്കനതിർത്തിയിൽ കിഴക്കുപടിഞ്ഞാറായി ആയിരത്തി അഞ്ഞൂറിലധികം മൈല്‍ വ്യാപിച്ചു കിടക്കുന്ന അത്ഭുത സാമ്രാജ്യമാണ് ഹിമാലയം. ആകാശംമുട്ടി നിൽക്കുന്ന എണ്ണിയാലൊടുങ്ങാത്തത്ര ഹിമവത്ശൃംഗങ്ങളാലും പ്രകൃതിസൗന്ദര്യം  തുളുമ്പുന്ന താഴ്‌വരകളാലും നീലജലവുമായി പതഞ്ഞൊഴുകുന്ന പർവ്വത സരിത്തുകളാലും വിശ്വവശ്യമാണ് ഈ അത്ഭുതപ്രപഞ്ചം..അതേ സമയം ഹിമാലയ പർവതനിരകൾ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മനുഷ്യ മനസ്സുകൾക്ക് വലിയൊരു പ്രഹേളികയായി നിൽക്കുകയാണ്. പല ഹിമാലയ ശൃങ്ഗങ്ങളും ഇതുവരെ മനുഷ്യൻറെ പാദസ്പർശം ഏറ്റിട്ടില്ല.

കാല്പനികതയും നിഗൂഢതയും രഹസ്യാത്മകതയും നിറഞ്ഞു നിൽക്കുന്ന ഹിമാലയത്തിലെ അതിനിഗൂഢമായ ഒരു സ്ഥലമാണ് രൂപ്കുണ്ഡ് എന്ന തടാകം . സമുദ്രനിരപ്പിൽ നിന്നും അയ്യായിരത്തിലേറെ മീറ്റർ(16,500അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന രൂപ്കുണ്ഡ് ഭൂമിയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജലാശയങ്ങളിൽ ഒന്നാണ് . മനുഷ്യാസ്ഥികൾ നിറഞ്ഞതാണ് ഈ തടാകം എന്നതാണ് ഈ തടാകത്തിൻറെ ഏറ്റവും വലിയ നിഗൂഢതയും പ്രത്യേകതയും..  .
ഉത്തരാഖണ്ഡിലെ ഹിമാലയൻ മേഖലയിലെ മഞ്ഞണിഞ്ഞ മലമടക്കുകൾക്കിടയിലാണ് ഭീകരസൗന്ദര്യം വഴിഞ്ഞൊഴുകുന്ന രൂപ്കുണ്ഡ് സ്ഥിതിചെയ്യുന്നത് . 1942-കാലഘട്ടത്തിൽ പ്രദേശത്തു സന്ദർശനം നടത്തിയ  നന്ദാദേവി വന്യജീവിസംരക്ഷണകേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന ഹേമന്ത് കുമാർ  മാധ്വാൾ ആണ് ഈ അസ്ഥികൾ നിറഞ്ഞ തടാകം  കണ്ടെത്തിയത്. ഈ തടാകത്തിന്നടിയിൽ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ ഉണ്ടെന്നായിരുന്നു പ്രാഥമിക കണ്ടെത്തൽ…  തുടർന്ന്
ഇവയുടെ ഉറവിടത്തെപ്പറ്റി പല കഥകളും പ്രചരിക്കപ്പെടുന്നുണ്ട്.. ഗ്രീഷ്മകാലത്തു തടാകത്തിലെ ഐസ് ഭാഗികമായി ഉരുകുമ്പോൾ മാത്രമാണ് ഈ അസ്ഥികൾ ദൃശ്യമാകുന്നത് . അസ്ഥികൾ മാത്രമല്ല പണിയായുധങ്ങളും തടികൊണ്ടുള്ള ഉപകരണങ്ങളുമെല്ലാം ഈ സമയത്തു തെളിഞ്ഞു വരും .. തടാകത്തിൻറെ പ്രാന്ത പ്രദേശങ്ങളിലെ മഞ്ഞിനിടയിൽ പൂർണമായ മനുഷ്യ ശരീരങ്ങൾ പോലും കണ്ടെത്തപ്പെട്ടിട്ടുണ്ട് . ഈ അടുത്തകാലത്ത് നടത്തിയ കാലനിർണയ പരീക്ഷണങ്ങൾ ഈ മനുഷ്യാസ്ഥികളെല്ലാം ഏകദേശം 800-1000 വർഷം പഴക്കമുള്ളതാണെന്ന് സൂചന നൽകുന്നു .

ഈ തടാകത്തെപ്പറ്റി പല കഥകളും നിലവിലുണ്ട് . എന്നാലും കാനൂജിലെ രാജാവായ ജസ്‌ഥാവലും പരിവാരങ്ങളും നന്ദാ ദേവി ക്ഷേത്രത്തിലേക്കുളള ഒരു തീർത്ഥയാത്രക്കിടയിൽ ഒരു പ്രചണ്ഡമായ ഹിമക്കാറ്റിൽപെട്ടു മരിച്ചുവെന്നും അവരുടെ അസ്ഥികളാണ് ഇപ്പോൾ രൂപ് കുണ്ഡ് തടാകത്തിൽ കാണപ്പെടുന്നത് എന്നുമുള്ള കഥയാണ് യാഥാർത്ഥം എന്നാണ് അനുമാനിക്കപ്പെടുന്നത്..

ചൈന ജപ്പാൻ  യുദ്ധകാലത്ത് ചൈനയിലൂടെ  തിബത്തിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 2000 ലേറെ വരുന്ന ജപ്പാനിലെ പട്ടാളക്കാരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നായിരുന്നു ആദ്യകാലത്തെ വിശ്വാസം.

ടിബറ്റിൽ യുദ്ധത്തിനു പോയ കശ്‌മീരിലെ ജനറല്‍ സോറാവാര്‍ സിങ്ങിൻറെ സൈന്യം 1841ല്‍  യുദ്ധത്തിനുശേഷമുള്ള മടക്കയാത്രയില്‍ വഴിതെറ്റി  ഇവിടെ എത്തി അപകടത്തിൽ പെട്ടു എന്നായിരുന്നു ഒരു നിഗമനം.

നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കുന്ന ഒരു കഥയില്‍, കാനൂജിലെ രാജാവായ ജസ്‌ഥാവലും മഹാറാണി ബാലാംബയും പരിവാരങ്ങളും 650 വര്‍ഷം മുമ്പ്‌ അനന്തരാവകാശിയുടെ ജന്മദിനാഘോഷഭാഗമായി നന്ദാദേവി പര്‍വത തീര്‍ത്ഥാടനം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ആഭാസകരമായ പാട്ടും ആട്ടവുമായി നടത്തിയ തീര്‍ത്ഥയാത്ര നാട്ടുദേവതയായ ലാതുവിനെ കോപിപ്പിച്ചു. ഭീകരമായ ആലിപ്പഴവര്‍ഷത്തോടെ ദേവത അവരെയൊന്നാകെ കൊന്നൊടുക്കി രൂപ്‌കുണ്ഡ്‌ തടാകത്തിലേക്ക്‌ വലിച്ചെറിഞ്ഞത്രെ. ഈ കഥയ്‌ക്ക്‌ മറ്റൊരു പാഠഭേദമുണ്ട്‌. ജസ്‌ദ്വാള്‍ രാജാവ്‌ ഭാര്യ ബാല്‍പ റാണിയുമൊത്താണ്‌ തീര്‍ത്ഥയാത്രയ്‌ക്കു പോയതെന്നും, രൂപ്‌കുണ്ഡിനു സമീപം വച്ച്‌ റാണി ഒരു കുഞ്ഞിന്‌ ജന്മം നല്‍കിയെന്നും, അതിൻറെ ആഘോഷമായി മദ്യവും മാംസവും വിളമ്പിയെന്നും നർത്തകികളോടോത്ത് രതികേളികൾ ആടിയെന്നും അങ്ങനെ തൻറെ വിശുദ്ധദേശത്തെ അശുദ്ധമാക്കിയതില്‍ കോപിഷ്‌ഠയായ നന്ദാദേവി ആലിപ്പഴം വര്‍ഷിച്ച്‌ സംഘത്തെയൊന്നാകെ കൊന്നൊടുക്കിയെന്നുമാണ്‌ മറ്റൊരു കഥ. അവരുടെ അവശിഷ്ടങ്ങളാണ് ഇവിടെ കാണുന്ന അസ്ഥിക്കൂടങ്ങളത്രേ..എന്നാൽ ഈ വാദങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളില്ല.

2004ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൻറെ ഭാഗമായി ഉണ്ടായ ഡി.എൻ.എ പരീക്ഷണങ്ങളിൽ ഈ അസ്ഥികൂടങ്ങൾ സി.ഇ 850 നും 880നും ഇടയിൽ ജീവിച്ചിരുന്ന മനുഷ്യരുടേതാകാമെന്നും തദ്ദേശിയരുടേയും ജാട്ടുകളുടെയും, കൊങ്കണി ബ്രാഹ്മണരുടേയുമടക്കം പല  നാട്ടുകാരുടെയും അസ്ഥികൂടങ്ങൾ ഇവയിൽപ്പെടുമെന്നും കണ്ടെത്തിയിരുന്നു. എല്ലാ തലയോട്ടികളിലും കടുത്ത ക്ഷതങ്ങൾ കണ്ടതിൽ നിന്ന് ഒരു ക്രിക്കറ്റ് പന്തിനേക്കാളും വലിപ്പമുള്ള ആലിപ്പഴങ്ങൾ അപ്രതീക്ഷിതമായി വർഷിച്ചതാകാം മരണകാരണമെന്ന് കരുതപ്പെടുന്നുണ്ട്

ഉത്തരാഖണ്ഡിലെ നന്ദാദേവിയിലേക്ക് ഏഴാംനൂറ്റാണ്ട് മുതൽ ചിലർ എത്തിയിരുന്നുവെന്നാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇവിടെ കണ്ടെത്തിയ അസ്ഥികൂടങ്ങളുടെ പരിശോധനാഫലം വെളിപ്പെടുത്തുന്നത് ലോകത്തിൻറെ പലഭാഗങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചവർ ഇവിടെ എത്തിയെന്നതാണ്. ഏഴാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും ഇവിടെ ആൾക്കാർ എത്തിയിരുന്നതായാണ് രൂപ്‍കുണ്ഡ് തടാകത്തിൽനിന്നു ശേഖരിച്ച അസ്ഥികൂടങ്ങളുടെ ഡിഎൻഎ, കാർബൺ ഡേറ്റിങ് പരിശോധന വ്യക്തമാക്കുന്നത്. …

12 വർഷത്തിലൊരിക്കൽ നന്ദാദേവിയിലേക്ക് നടത്തപ്പെടുന്ന രജ്ജത് യാത്ര രൂപ്കുണ്ഡ് തടാകത്തിലൂടെയാണ് ഹേംകുണ്ഡ് വഴി നന്ദാദേവി കൊടുമുടിയുടെ അടിവാരത്തിലേക്ക് കടന്നു പോകുന്നത്.. ദേവഭൂമിയിലെ കുംഭമേള എന്ന വിശേഷണമാണ് കർണപ്രയാഗക്ക് സമീപമുള്ള നൗത്തി ഗ്രാമത്തിൽ നിന്നാരംഭിച്ചു ,കാന്സി ,സേം ,കോട്ടി ,ഭാഗവതി ,കുൾസാരി , ചെപ്പ്ഡ്ന്യൂ,നന്ദ്‌കേസാരി ,ഫാലിദിയഗാവ് ,മുൻഡോലി ,വാൻ ,ഖൈറോളി പാതാൾ ,ഘോരാലോട്ടാനി ,ബേദിനി കുണ്ഡ് ,പഥർ നാച്ചൗനി,കാലുവിനായക് ,  രൂപ്കുണ്ഡ് , ശിലാസമുന്ദ് , ഹേംകുണ്ഡ്  വഴി നന്ദഘുട്ടിയിലെത്തി അവസാനിക്കുന്ന നന്ദാദേവി രജ്ജത് യാത്രക്ക് ..നാലുകൊമ്പുള്ള ഉഗ്രകായനായ ഒരു മുട്ടനാട് നയിക്കുന്ന ഈ പദയാത്ര  മൂന്നാഴ്ചയോളം  നീണ്ടു നിൽക്കും.. (2014 ൽ നടന്ന രജതയാത്രയിൽ പങ്കെടുക്കേണമെന്നു ആഗ്രഹിച്ചിരുന്നുവെങ്കിലും അവിചാരിതമായ ചില കാരണങ്ങളാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല ) 

എന്നാലും സമുദ്ര നിരപ്പില്‍ നിന്നും 16000 അടി മുകളില്‍ ഭീകരമായ കൂട്ടക്കുരുതിനടന്ന ആ ഹിമ ഭൂമി പൊതുവേ ട്രെക്കെഴ്സ് ഒഴിവാക്കുന്ന പാതയാണ്. കാരണം മറ്റൊന്നല്ല, ജീവന് വല്ലാതെ ഭീഷണിയുയര്‍ത്തുന്ന ചതികളേറെ ഒളിഞ്ഞിരിക്കുന്നു അവിടെ എന്ന വിശ്വാസം വളരെ രൂഢമൂലമായി പർവതീയർക്കിടയിലുണ്ട് … മലയിടിച്ചിലോ അനിയന്ത്രിതമായ ഹിമപാതമോ മഞ്ഞു കാറ്റോ അങ്ങനെ അടിക്കടി വരുന്ന അപകടങ്ങൾ എന്തുമാകാം. അല്ലെങ്കില്‍ ഏകാന്ത വിജനപഥങ്ങളിൽ ഭീതിജന്യമായ  ശബ്ദങ്ങളും പാട്ടുകളും കേൾക്കുന്നുണ്ട് എന്ന തോന്നലും  നിലാവും നിഴലും മഞ്ഞും ചേർന്ന് മലഞ്ചെരിവുകളിൽ അഭൗമ സത്വങ്ങളുടെ ഉടലളവുകളുണ്ടാക്കുന്നു എന്ന തോന്നലും,ഘനമൗനമുറയുന്ന മലമടക്കുകളിലെ അപാരശൂന്യതകളും പൊതുവേ ട്രെക്കെഴ്സിനു തോന്നാറുള്ള ‘ഹാലൂസിനേഷന്‍’ (ഇല്ലാത്ത ഒന്നിനെ കണ്ടെന്നോ അല്ലെങ്കില്‍ ഏതോ മഹാ വിപത്ത് എവിടെയോ നിന്നോ വരുന്നുവെന്ന വിഭ്രാന്തി)കൊണ്ടാകാം. ഇവിടെ ഹാലൂസിനേഷന് കാരണമായി മാറുന്നത് ചില കേട്ടറിവുകളാണ്. മഞ്ഞു മലകളില്‍ പ്രത്യേകിച്ച് ഗഢ്‌വാള്-കുമായോണ്‍ മലനിരകളില്‍ പഥർ നാച്ചൗനിക്ക് മുകളിലുള്ള ഹിമസാമ്രാജ്യത്തിൽ സാധാരണമായി വിരാജിക്കുന്ന  ഹിമക്കരടികളും മഞ്ഞുപുലികളും   അതിനും മുകളിലുള്ള ഹിമപ്പാടങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്, പലരും കണ്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന ‘യതി’ എന്ന മഞ്ഞ് മനുഷ്യന്‍ സൃഷ്ടിക്കുന്ന ആശങ്കകളും ഭീതിയും ചിന്തകളെ കീഴടക്കും….

12000 അടിക്കു മുകളിലുള്ള ഹൈ ആൾട്ടിട്യൂഡ്  ട്രെക്കിങ്ങുകളിൽ എപ്പോഴും പ്രധാന വില്ലനാകുന്നത് അന്തരീക്ഷത്തിലെ പ്രാണവായുവി (Oxygen)ൻറെ   കുറവാണ്,..തലച്ചോറിനും ഹൃദയത്തിനും ആവശ്യമുള്ള പ്രാണവായു ശരിയായ അളവിൽ നൽകാൻ നമ്മുടെ ശ്വാസകോശങ്ങളുടെ  അദ്ധ്വാനം ഇരട്ടിയാകും,അത് നമ്മുടെ ശരീരത്തിന്  നൽകുന്ന തളർച്ച ,കൂടാതെ രാതികളിൽ മൈനസ് 6 ഡിഗ്രി വരെ താഴുന്ന കൊടും തണുപ്പ്‌ ,എപ്പോൾ വേണമെങ്കിലും മഴയോ  മലയിടിച്ചിലോ അനിയന്ത്രിതമായ ഹിമപാതമോ മഞ്ഞുകാറ്റോ(blizard), കുഴമഞ്ഞോ,ചതിയൻ ഹിമാനികളോ   അങ്ങനെ അടിക്കടി വരുന്ന അപകടങ്ങൾ ഏതു നിമിഷവും പ്രതീക്ഷിക്കാം..

ബാബയും മനീഷും ചേർന്ന് ഞങ്ങളെ അവരുടെ സ്റ്റോർ മുറിയിൽ കൊണ്ട് പോയി ..ആവശ്യത്തിനുള്ള പാഡഡ് ജാക്കറ്റുകളും കട്ടിയുള്ള വാട്ടർപ്രൂഫ് ക്യാൻവാസ് കൊണ്ട് നിർമ്മിച്ച ഡൗണ് പാൻറ്സും ,മൈനസ് 15 ഡിഗ്രിവരെയുള്ള തണുപ്പ്  പ്രതിരോധിക്കുന്ന സ്വിസ്സ്  സ്ലീപ്പിങ് ബാഗുകളും മുട്ടോളമെത്തുന്ന സ്നോ ബൂട്ടുകളും ഞങ്ങൾ തിരഞ്ഞെടുത്തു .ട്രെക്കിങ്ങ് സമയത്തെ ഭക്ഷണത്തിനും ക്യാംപിങ്നും വേണ്ടിയുള്ള സാധനങ്ങളും അതിനുള്ള സഹായികളും  ട്രെക്കിങ്ങ് തുടങ്ങുന്ന വാൻ എന്ന സ്ഥലത്ത് (ഇവരുടെ ഗ്രാമം അവിടെയാണ്) തന്നെ സ്റ്റോർ ചെയ്തിട്ടുണ്ട്..

പതിനൊന്നരയോടെ ഞങ്ങൾ പുറപ്പെട്ടു .. 210 കി മി അകലെയുള്ള ലോഹര്‍ജംഗ് ആണ് ലക്ഷ്യം ..പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന ഹിമാലയൻ പാതകളിലൂടെയാണ് മുന്നോട്ട് പോകുന്നത് ..പർവ്വതങ്ങളെ ചുറ്റിച്ചുറ്റിക്കയറി, താഴ്‌വരകൾ താണ്ടി, നദികൾ മുറിച്ചുകടന്നു.. ആ യാത്രയില്‍ മറ്റൊരു സ്വപ്ന സങ്കേതമായ നൈനിറ്റാളിലേക്കുള്ള തിരിവും ഭിംതാള്‍ തടാവും കണ്ടു. ഉച്ച ഭക്ഷണത്തിനായി നിര്‍ത്തിയ കസൗനി, മലഞ്ചെരിവുകളും തട്ട് തട്ടുകളായുള്ള കൃഷിപ്രദേശങ്ങളും ഉള്ളതാണ്. മൂടല്‍മഞ്ഞോടു കൂടിയ തണുത്ത കാലാവസ്ഥയാണിവിടെ …. ഈ സ്ഥലവും  ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്… ഉയരങ്ങളിലേക്കാണ് മനീഷ് തൻറെ ടവേര കത്തിച്ചു വിടുന്നത് ..  ഭീംതാൽ -റാണിഖേറ്റ് -ഗ്വാൾദം -തറാലി -ദേബാൽ -മുൻഡോലി  വഴി ലോഹജങ്ങിലേക്കുള്ള  വഴിയിൽ . നീംകരോലി ബാബയുടെ ആശ്രമവും , ഗോലു ദേവതാക്ഷേത്രവും,കസൗനിയിലെ ഗാന്ധി ആശ്രമവും ,സുപ്രസിദ്ധമായ ബാജിനാഥ് മഹാദേവ് ക്ഷേത്രവും പിന്നിട്ട് 7 മണിക്കൂർ കൊണ്ട് ഞങ്ങൾ ലോഹജങ്ങിലെത്തി..കർണപ്രയാഗിൽ നിന്ന് ചമോല, ത്രികൂട്, ഡുംഗാരി, കുൾസാരി, തറാലി, സർകോട്ട്, മുൻഡാലി വഴി 110 കിലോമീറ്റർ താണ്ടി വരുന്ന മറ്റൊരു പാതയും ലോഹജങ്ങിനു 2 കിമി മുന്നേ നമ്മോടൊപ്പം ചേരുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന്  7,700 അടി ഉയരത്തിലാണ്  രണ്ടു മലകളുടെ താഴ് വരയിൽ കിടക്കുന്ന ലോഹജങ്..സ്വന്തം അനുജത്തിയായ നന്ദാദേവിയെ സന്ദർശിക്കാൻ പോയ ശ്രീ പാർവതിയെ തടയാൻ ശ്രമിച്ച ലോഹാസുരനോട് ദേവി യുദ്ധം ചെയ്തു അവനെ വധിച്ച സ്ഥലമാണ് ലോഹജങ് എന്ന് ഔത്തരാഹർ വിശ്വസിക്കുന്നു.. നന്ദാദേവി ട്രെക്കിൻറെ ബേസ് ക്യാമ്പ് ആയാണ് ലോഹജങ്ങിനെ വിശേഷിപ്പിക്കുന്നതെങ്കിലും അവിടെ നിന്നും 10 കിലോമീറ്റർ ദൂരെയായി  സമുദ്രനിരപ്പിൽ നിന്ന് 8100 അടി ഉയരെയുള്ള  വാൻ എന്ന ഒരു കൊച്ചു ഗ്രാമത്തിലെ മനീഷിൻറെയും ബാബയുടെയും കുടുംബവീട്ടിൻറെ ഔട്ട്ഹൌസിൽ ആയിരുന്നു താമസം ഒരുക്കിയിരുന്നത് ..ഏഴരയോടെ അവിടെ എത്തുമ്പോൾ പുറത്തുനല്ല തണുപ്പുണ്ടായിരുന്നു..ചൂട് വെള്ളത്തിൽ ഉടനെ ഒരു കുളി പാസാക്കി.. അപ്പോഴേക്കും ഞങ്ങളെ നാളെ മുതൽ നയിക്കുന്ന മൂന്നു പേരും അവിടെ ഹാജരായിരുന്നു .. ചെറുപ്പക്കാരായ വിമൽ ,അമിത്   കൂടാതെ മധ്യവയസ്കനെങ്കിലും ഫയല്മാനെപോലെ തോന്നിക്കുന്ന സുരീന്ദർ സിംഗും .. റോട്ടിയും കനലിൽ ചുട്ടകോഴിയും സലാഡും മറ്റുമായിരുന്നു അത്താഴത്തിന് .. അത്താഴസമയത്തെ ചർച്ച നാളെ മുതലുള്ള ട്രെക്കിങ്ങ് പരിപാടിയെക്കുറിച്ചായിരുന്നു …

ആദ്യദിവസം വാൻ മുതൽ ഏകദേശം രാവിലെ 5 മുതൽ 09 :30  വരെ  നാലര മണിക്കൂർ  ട്രെക്കിങ്ങ് ഖൈരോളി പാതാൾ വരെ .  അരമണിക്കൂറോ ഒരു മണിക്കൂറോ  വിശ്രമിച്ച ശേഷം പത്തരയോടെ നടപ്പു തുടർന്ന് ഒരു മണിയോടെ ആദ്യക്യാമ്പ് ആയ ബേദനി ബുഗിയാലിൽ എത്തുന്നു  ..മൊത്തം 13 കിലോമീറ്റർ നടന്ന ശേഷം അന്ന് കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ വേണ്ടി 11500 അടി ഉയരത്തിലുള്ള ആ ഉയർന്ന പ്രതലത്തിൽ തങ്ങുന്നു..

രണ്ടാംദിവസം കാലത്ത് ബേദനി ബുഗിയാലിൽ നിന്ന് പുറപ്പെട്ടു 4 -5 മണിക്കൂർ ട്രെക്കിങ്ങിനു ശേഷം  12,700 അടി ഉയരെയുള്ള പഥർ നാച്ചൗനിയിലെത്തി രാത്രി അവിടെ ക്യാമ്പ് ചെയ്യുന്നു

മൂന്നാംദിനം പഥർ നാച്ചൗനിയിൽ നിന്ന് പുറപ്പെട്ടു മൂന്നു മണിക്കൂർ കയറ്റം കയറി 14,500 അടി ഉയരെയുള്ള ഭാഗ്വഭാസ പാസ്സ് കടന്നു, രണ്ടു മണിക്കൂറോളം താഴേക്കിറങ്ങി 13500 അടി ഉയരത്തിലുള്ള കാലു വിനായക്കിൽ രാത്രി താമസം 

നാലാം ദിവസം രാവിലെ കാലുവിനായക്കിൽ നിന്ന് കയറ്റം കയറി ഭാഗ്വഭാസ പാസ്സ് വഴി രൂപ്കുണ്ഡ് (15800 അടി) എത്തി അവിടെ നിന്ന്  മുന്നോട്ട് പോയി  സമുദ്രനിരപ്പിൽ നിന്ന് 16500 അടി ഉയരത്തിലുള്ള ജുനാർഗലി ടോപ്പിൽ കയറിയതിനു ശേഷം, രൂപ് കുണ്ഡ് തടാകക്കരയിലേക്ക് തിരിച്ചിറങ്ങി അൽപനേരം അവിടെ ചിലവഴിച്ച ശേഷം തിരികെ പഥർനാച്ചൗനിയിലേക്ക്

അഞ്ചാംദിവസം രാവിലെ പഥർ നാച്ചൗനിയിൽ നിന്ന് പുറപ്പെട്ടു വാൻ ഗ്രാമത്തിലേക്ക് തിരിച്ചു 6 മണിക്കൂർ ട്രെക്കിങ്ങ് ഒരു ദിവസം റിസേർവ് ആയി വച്ചിരിക്കുന്നു..

ഞങ്ങളുടെ സ്പെയർ ഡ്രെസ്സും ടെൻറുകളും ക്യാംപ് സാമഗ്രികളും ഭക്ഷണം തയ്യാറാക്കാനുള്ള വസ്തുക്കളും മറ്റുമായി സുഖി, ശീതൾ എന്നിവരുടെ പുറത്തേറ്റി സുരീന്ദറും വിപിനും നേരത്തെ പുറപ്പെടും ..മനീഷും, രേണുവുമായി അമിതും ഞങ്ങളോടോപ്പവും വരും. സാധനങ്ങൾ റീ പാക്ക് ചെയ്ത് രാത്രി നേരത്തെ തന്നെ കിടന്നു..പിറ്റേന്നത്തെ യാത്രയെക്കുറിച്ചു സ്വപ്നം  കണ്ടുകൊണ്ട് ഉറങ്ങി

രാവിലെ 4 മണിക്ക് എഴുന്നേറ്റു. കുത്തിത്തുളക്കുന്ന  തണുപ്പ് കാരണം പുറത്തിറങ്ങാനേ  പറ്റുന്നില്ല. ചൂടുവെള്ളത്തിൽ ഒരു കുളിയും കഴിഞ്ഞു ഒരു കപ്പ് ചൂടുചായ കൂടി കഴിച്ചപ്പോൾ നവോന്മേഷം വന്നു.. രാവിലെ കണ്ട 9 ഡിഗ്രി കുളിര് ഇനിയങ്ങോട്ടുള്ള ആറു ദിനങ്ങളില്‍ ഞങ്ങള്‍ സഹിക്കേണ്ടി വരുന്ന തണുപ്പിൻറെ ഒരു ചെറിയ സൂചന മാത്രമായിരുന്നു . ഇനി ട്രെക്കിങ് തീരുന്നത് വരെ കുളിക്കരുതെന്നാണ് മനീഷിൻറെ കർശന  നിർദ്ദേശം, കാരണം ഇത്രയും തണുത്ത വെള്ളം ദേഹത്ത് ഒഴിച്ചാല്‍ ശരീരം മരവിച്ചു ട്രെക്കിങ്ങിന് പോകാന്‍ സാധിക്കാതെ വരും. 5  മണി അയപ്പോഴേയ്ക്കും ചൂടാറാപ്പെട്ടിയിൽ പ്രഭാത ഭക്ഷണം പാക്ക് ചെയ്ത്  എല്ലാവരും തയ്യാറായിക്കഴിഞ്ഞു. ട്രെക്കിങ്ങിന് ആവശ്യമുള്ള സാധനങ്ങള്‍ മാത്രം ബാഗില്‍ എടുത്താല്‍ മതിയെന്ന് മനീഷ് പറഞ്ഞു. എന്തെന്നാല്‍ ഇനിയുള്ള 5 ദിവസം ഈ ബാഗും ചുമന്നു വേണം നടക്കാന്‍. വാൻ വരെ മാത്രമേ മൊബൈല്‍ റേഞ്ച് ഉള്ളു. ഇനിയുള്ള 5-6 ദിവസം, പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. ചില സമയത്ത് അതൊരു അനുഗ്രഹവുമാണ്. രാവിലെ തന്നെ വീട്ടിലേക്കും സഹപ്രവർത്തകരോടും വിളിച്ചു യാത്ര പറഞ്ഞു, ഓഫീസ് ചുമതലയുള്ളവർക്ക് 22 ആം തീയതി വരെയുള്ള നിർദേശങ്ങളും നൽകി..

ഞങ്ങളുടെ ഗ്രൂപ്പിൽ ഇപ്പോൾ 10 പേരുണ്ട്,ഞങ്ങൾ നാല് പേരും ,മനീഷും മൂന്നു സഹായികളും,പിന്നെ മൂന്നു നാൽക്കാലികളും..ഞങ്ങളുടെ എല്ലാ സാധനങ്ങളും പേറി സുഖി,ശീതൾ എന്നീ ഗച്ഛർ വർഗ്ഗത്തിൽ പെട്ട കോവർ കഴുതകളും കഴുത്തിൽ നിറയെ കുടമണികൾ തൂക്കിയ രേണു എന്ന പേരുള്ള വെള്ള പോണിയും..

പൈൻ മരക്കാടുകൾ ആരംഭിക്കുന്നിടത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പടുകൂറ്റൻ ദേവദാരുവിനു മുന്നിൽ നിരവധി മണികൾ കെട്ടിത്തൂക്കിയ ഒരു ക്ഷേത്രമുണ്ട്..പേരറിയാത്ത ഏതോ വനദേവതാക്ഷേത്രം..മണിയടിച്ചു പ്രാർത്ഥിച്ചു യാത്ര മംഗളകരമായി പൂർത്തിയാക്കാനുള്ള അനുജ്ഞയും വാങ്ങി ഞങ്ങൾ നടപ്പ് തുടങ്ങി .. പൈന്മരക്കാടുകൾ കഴിഞ്ഞാൽ ചെറിയ ഒരു കയറ്റമാണ്. ഒതുക്കുകൾ കയറി ചെന്നെത്തുന്നത് രൂപ്കുണ്ഡിലേക്കുള്ള ട്രെക്കിങ്ങ് പാതയിലാണ്..15 മിനുറ്റ് നടന്നപ്പോഴേയ്ക്കും ഹൈ ഓള്‍ട്ടിട്യൂഡ് ട്രെക്ക് [High altitudet rek ] എത്ര ബുദ്ധിമുട്ടായിരിക്കുമെന്ന് മനസ്സിലായി എല്ലാവരും നിന്ന് കിതയ്ക്കുന്നു. നമ്മള്‍ നമ്മുടെ നാട്ടില്‍ ട്രെക്ക് ചെയ്യുമ്പോഴുള്ള എനര്‍ജിയുടെ പകുതി മാത്രമേ അവിടെ പോയാല്‍ ഉണ്ടാകുകയുള്ളൂ.. ഒരു ചെറിയ കയറ്റം കയറുമ്പോള്‍ തന്നെ നമ്മള്‍ കിതക്കാന്‍ തുടങ്ങും. ശ്വസിക്കുമ്പോള്‍ നമ്മള്‍ക്ക് കിട്ടുന്ന ഓക്‌സിജൻറെ അളവ് കുറയുന്നത് കൊണ്ടാണ് ഇത് .. എൻറെ ബുദ്ധിമുട്ടു കണ്ട മനീഷ് വഴിവക്കിൽ നിന്നിരുന്ന ഒരു ചെടിയുടെ ഇല പൊട്ടിച്ചു തന്ന് അത് മണക്കാൻ പറഞ്ഞു. അതിൻ്റെ ഗന്ധം ശ്വസിച്ചയുടനെ ഒരു ആശ്വാസം. ഗംഗാ തുളസി എന്ന പേരുള്ള ആ ചെടി അവിടത്തുകാർ ശ്വാസതടസ്സം പോലെയുള്ള അസുഖങ്ങൾക്ക് ഒറ്റമൂലിയായി ഉപയോഗിക്കുന്നു.

(തുടരും)

പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like