പൂമുഖം ചുവരെഴുത്തുകൾ പിതൃമേധാവിത്വ സവർണ ജാതി കുടുംബങ്ങൾ സ്ത്രീകളോട് ചെയ്യുന്നത്

പിതൃമേധാവിത്വ സവർണ ജാതി കുടുംബങ്ങൾ സ്ത്രീകളോട് ചെയ്യുന്നത്

പിതൃമേധാവിത്വ സവർണ ജാതി കുടുംബങ്ങൾ സ്ത്രീകളോട് ചെയ്യുന്നത്. വിസ്മയയുടെ മരണവാർത്ത വായിച്ചപ്പോൾ ആദ്യം തോന്നിയത് ഇതാണ്. മരുമക്കത്തായ കുടുംബങ്ങളുടെ തണൽ അവകാശപ്പെട്ടിരുന്ന സ്ത്രീകളുടെ ഇന്നത്തെ അതിദാരുണനിലയുടെ ഇരയാണ് ആ ചെറുപ്പക്കാരി. ഒരുകാലത്ത് മരുമക്കത്തായസ്ത്രീകൾക്ക് സ്വന്തമായ മേൽവിലാസമുണ്ടായിരുന്നു. തിരികെപ്പോകാൻ സ്വന്തം വീടുണ്ടായിരുന്നു.

എന്നാൽ ഇരുപതാംനൂറ്റാണ്ടിലെ സമുദായപരിഷ്ക്കാരവാദികൾ – കേരളത്തിലും ഇന്ത്യയിലും ഇന്ന് അഴിഞ്ഞാടുന്ന ആചാരവാദികളുടെ പിതൃപരംപര – വടക്കേയിന്ത്യൻ മേൽജാതികുടുംബത്തിൻറെ മാതൃകയെയാണ് പരിഷ്ക്കാരലക്ഷണമായി സ്വീകരിച്ചത്. സ്വാതന്ത്ര്യലബ്ധിയടുപ്പിച്ച് അവർ പിടിമുറുക്കുകയും ചെയ്തു. അന്നത്തെ കുടുംബാവകാശ ചർച്ചകളിൽ വടക്കേയിന്ത്യൻ ജാതിക്കോമരങ്ങൾ തങ്ങളുടെ പിതൃമേധാവിത്വ കുടുംബരൂപമാണ് യഥാർത്ഥ ഇന്ത്യൻസംസ്കാരമെന്ന് വാദിക്കുകയും, വിവാഹത്തിൽ സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ നൽകിയിരുന്ന തെന്നിന്ത്യൻ പ്രതിനിധികളെ നിശബ്ദരാക്കുകയും ചെയ്തു. ഹിന്ദു കോഡ് ബില്ല് ചർച്ചയിലും സ്ത്രീകൾക്ക് സ്വത്തവകാശം ഉറപ്പാക്കുന്ന കുടുംബരീതികളെ സംരക്ഷിക്കണമെന്ന നിലപാടായിരുന്നു ബാബാസാഹേബ് അംബേദ്ക്കർ സ്വീകരിച്ചതെങ്കിലും വടക്കേയിന്ത്യൻ പിതൃമേധാവിത്വകുടുംബരീതികൾ തന്നെയാണ് ഒടുവിൽ സ്ഥാപനവത്ക്കരിക്കപ്പെട്ടത്.

കേരളത്തിലെ നായർസമുദായപരിഷ്ക്കാരികളായ പുരുഷന്മാരും വടക്കേയിന്ത്യൻ മേൽജാതിവക്താക്കളും വരേണ്യ ദേശീയവാദികളും ഹിന്ദുത്വവാദികളും എല്ലാവരും കൂടിച്ചേർന്ന് നടത്തിയ സാംസ്കാരികഹിംസയുടെ ഒടുവിലത്തെ ഇര മാത്രമാണ് വിസ്മയാ നായർ.

വിസ്മയാ നായർ മാത്രമല്ല ഇങ്ങനെ മരിച്ചതെന്നും ആ സമുദായാംഗമല്ലാത്ത പല സ്ത്രീകളും ഇതേ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടാം. അത് ശരി തന്നെ. കാരണം ഹിന്ദു-സവർണ സമുദായങ്ങൾക്കു പുറമേ ഇന്നു കേരളത്തിൽ മേൽഗതി തേടുന്ന മുൻ അവർണസമുദായങ്ങളും ഹിന്ദുപരിശുദ്ധി തെളിയിക്കുന്നത് മിക്കപ്പോഴും തങ്ങളുടെ സ്ത്രീകളുടെ ചെലവിലാണ് (ശബരിമല സ്ത്രീപ്രവേശന വിവാദക്കാലത്ത് പകൽ പോലെ വ്യക്തമായ കാര്യം). ഈ സമുദായങ്ങളിൽ മിക്കവയും സ്ത്രീകളോട് ലേശം പോലും ദയവു കാട്ടാത്ത വടക്കേയിന്ത്യൻ ക്രൂരകുടുംബരീതിയെ പിൻതാങ്ങുന്നവയാണ്.

കാരണം ഈ കുടുംബരീതിയുടെ പ്രത്യേകത എന്തെന്നാൽ, പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുത്തു കഴിഞ്ഞാൽ സഹോദരന്മാർക്കോ മാതാപിതാക്കൾക്കോ പിന്നെ ചില ചില്ലറ ചടങ്ങുകളിലല്ലാതെ യാതൊരു ധാർമ്മിക ബാദ്ധ്യതകളുമില്ലെന്നതാണ്. മൂർത്ത സാഹചര്യങ്ങളിൽ കെട്ടിച്ചുവിട്ട പെൺമക്കളുടെ, സഹോദരിമാരുടെ, കാര്യങ്ങൾ അന്വേഷിക്കുന്ന മാതാപിതാക്കളും സഹോദരന്മാരും ഉണ്ടെന്നത് തീർച്ച തന്നെ. പ്രത്യേകിച്ചും മരുമക്കത്തായം വ്യവസ്ഥയായി അല്ലെങ്കിലും സംസ്കാരമായി ഇന്നും നിലനിൽക്കുന്ന മൂർത്തസാഹചര്യങ്ങളിൽ. പക്ഷേ മരുമക്കത്തായും വ്യവസ്ഥയായും സംസ്കാരമായും വേരറ്റ സ്ഥലങ്ങളിൽ – ഉദാഹരണത്തിന് -മുൻതിരുവിതാംകൂർ പ്രദേശങ്ങളിൽ – വടക്കേയിന്ത്യൻ ജാതിമേലാളകുടുംബരൂപത്തിൻറെ സകല ക്രൌര്യവും ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. ആ ഇടങ്ങളിലെ വിശാലസവർണ ഹിന്ദുസ്ത്രീകൾക്ക് – അവരിലെ മുൻമരുമക്കത്തായികൾ അടക്കമുള്ളവർക്ക് – ഇന്നു തിരികെ പോകാൻ വീടില്ല. ഒരുകാലത്ത് സ്വന്തം വീടായിരുന്നത് വിവാഹാനന്തരം സഹോദരൻറെ വീടായി മാറിയിരിക്കുന്നു. മാത്രമല്ല, സഹോദരിയെ സംരക്ഷിക്കേണ്ട ധാർമ്മിക ബാദ്ധ്യത പോലും സഹോദരനില്ല.

ക്രിസ്തീയകുടുംബങ്ങളിൽ സ്വത്തവകാശം ആൺമക്കൾക്കു മാത്രമായി കൊടുക്കുന്ന പതിവും സ്ത്രീധനവും ഉണ്ടായിരുന്നു എന്നതു നേരാണ്, സ്ത്രീകൾക്കു തുല്യസ്വത്തവകാശം ആ സമുദായത്തിൽ ഇപ്പോഴുണ്ടെങ്കിലും. എന്നാൽ വൈവാഹികപ്രശ്നങ്ങളോ വൈധവ്യമോ അനുഭവിക്കേണ്ടി വരുന്ന സഹോദരിയെ സംരക്ഷിക്കാനുള്ള ധാർമ്മികബാദ്ധ്യത സഹോദരന്മാർക്കുണ്ടായിരുന്നുവെന്ന് ഈ വിഷയത്തെപ്പറ്റിയുള്ള ഗവേഷണപഠനങ്ങൾ വ്യക്തമാക്കുന്നു. അത്തരമൊരു (പരിമിതമായ) തണൽ പോലും വടക്കേയിന്ത്യൻ ക്രൂര-വരേണ്യകുടുംബരീതിയിൽ ഇല്ലതന്നെ.

അതുകൊണ്ടുതന്നെ വിസ്മയാ നായരുടെ മരണത്തിനു കാരണക്കാരൻ ഭർത്താവു മാത്രമല്ല. അവരെ നിസ്സഹായയാക്കിത്തീർത്ത ഈ കുടുംബരീതിയെ കാണാതിരുന്നുകൂട. മർദ്ദിച്ച് അവശയാക്കിയിട്ടും ഒത്തുതീർപ്പിനു പ്രേരിപ്പിച്ച പോലീസുകാരൻ, സ്ത്രീധനം കൊടുത്ത് കെട്ടിക്കാൻ ഉത്സാഹിച്ച മാതാപിതാക്കൾ, പോലീസ് ഇടപെടലിനു ശേഷം ഇത്തവണത്തേയ്ക്കു ക്ഷമിക്കാം എന്നു പറഞ്ഞ സഹോദരൻ (പത്രവാർത്തകൾ പറയുന്ന കാര്യങ്ങൾ നേരുതന്നെ എങ്കിൽ) – എല്ലാവരും ഒരുപോലെ ഉത്തരവാദികൾ തന്നെ. പീഡനത്തെപ്പറ്റി പറയുകയും തെളിവ് അയയ്ക്കുകയും ചെയ്ത ആ സ്ത്രീയെ അപ്പോൾ തന്നെ രക്ഷപ്പെടുത്താൻ ശ്രമിക്കാത്ത ബന്ധുക്കൾ എല്ലാവരും കുറ്റവാളികളാണ്. അവരെല്ലാം ശിക്ഷിക്കപ്പെടേണ്ടതുണ്ട്.

മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഇത്തരം മരണങ്ങളോട് അതിവൈകാരിക പ്രതികരണങ്ങളല്ല നിയമപക്ഷത്തുണ്ടാകേണ്ടത് (സഹോദരൻറെ പൊട്ടിക്കരച്ചിൽ അയാളെ കുറ്റവിമുക്തനാക്കുന്നില്ല എന്നർത്ഥം). സ്ത്രീധന നിരോധനനിയമം ഭർതൃവീട്ടുകർക്കെതിരെയല്ല, സ്ത്രീധനത്തെ സാധൂകരിക്കുന്ന കുടുംബ വ്യവസ്ഥയ്ക്കെതിരെയാണ്. ആ വ്യവസ്ഥയുടെ ക്രൌര്യത്തിന് അരങ്ങൊരുക്കിയവർ എല്ലാവരും കുറ്റവാളികളാണ്. സ്നേഹവും അതിവൈകാരികതയും രണ്ടാണ്. നീതിയുടെ പക്ഷം ചേരാനേ സ്നേഹത്തിനു കഴിയൂ. അങ്ങനെ ചേരാനുണ്ടായ വിസമ്മതമെന്ന തുളയെ അതിവൈകാരികതയുടെ ഇരുട്ടുവച്ച് അടയ്ക്കാനാവില്ല.

ഇനിയെങ്കിലും സമ്മതിക്കണം – സ്ത്രീധനമെന്ന പദം തെറ്റാണ്. കേരളത്തിലിന്നുള്ളത് വരവിലയാണ്. ഇന്ന് പത്തുപൈസയ്ക്കു കൊള്ളാത്തവനും ഒരു ലക്ഷം കിട്ടും. പക്ഷേ കാശു കൊടുത്ത് കൊലയാളിയെ വിലയ്ക്കു വാങ്ങണോ എന്നു സ്വയം ചോദിക്കാൻ മലയാളി സ്ത്രീകൾക്കു കഴിയണമെങ്കിൽ സ്വന്തം വരുമാനവും ഒറ്റയ്ക്കു കഴിയാനുള്ള സാമൂഹ്യ സാഹചര്യവും വേണം. അതിലാദ്യത്തേത് സർക്കാരിൻറെ ഉത്തരവാദിത്വമാണ്. സ്വന്തം ശരീരത്തിൻറെ അശുദ്ധി സ്ഥാപിക്കാൻ നടക്കുന്നതിനു പകരം സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുള്ള അവകാശത്തിനു വേണ്ടി മലയാളി സവർണസ്ത്രീകൾ തെരുവിലിറങ്ങുന്ന കാലത്തേ രണ്ടാമത്തെ വ്യവസ്ഥ വാസ്തവമാകൂ.

Comments
Print Friendly, PDF & Email

You may also like