പൂമുഖം LITERATUREലേഖനം ട്വിറ്ററും കേന്ദ്രഗവണ്മെന്റും തമ്മിലെന്ത്?

ട്വിറ്ററും കേന്ദ്രഗവണ്മെന്റും തമ്മിലെന്ത്?

കേന്ദ്രഗവണ്മെണ്ടും social media platform ആയ ട്വിറ്ററും (Twitter) തമ്മിലുളള പോര് മുറുകുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ 2021-ൽ കൊണ്ടുവന്ന പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ നിഷ്കർഷിക്കുന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ട്വിറ്റർ കാണിക്കുന്ന അമാന്തമാണ് കേന്ദ്രഗവണ്മെന്റിനെ ചൊടിപ്പിച്ചിരിക്കന്നത്. ഉദ്യോഗസ്ഥരെ നിയമിക്കാത്ത പക്ഷം Twitter-ന് IT Act-ലെ Section 79 അനുസരിച്ച് ലഭിക്കുന്ന പരിരക്ഷ ലഭിക്കുകയില്ലെന്ന് കേന്ദ്ര വിവരസാങ്കേതികവകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പ്രസ്താവിക്കുകയുണ്ടായി. ഏറ്റവും അവസാനം ഖാസിയാബാദിൽ ഒരു മുസ്ലിം വയോധികനുനേരെ നടന്ന ആക്രമണത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചവർക്കെതിരെയും, അതോടൊപ്പം ട്വിറ്ററിന് എതിരെ തന്നെയും, വർഗ്ഗീയസ്പർദ്ധ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചാർത്തി, ഉത്തർ പ്രദേശ് പോലീസ് FIR ഇടുകയും Twitter-ന്റെ ഉദ്യോഗസ്ഥനോട് ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തതോടെ മന്ത്രിയുടെ പ്രസ്താവന വീൺവാക്കല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഈ നൂറ്റാണ്ടിന്റെ തുടക്കത്തോടെ വിവരസാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമാവുകയും അത് സൃഷ്ടിക്കാവുന്ന അനുബന്ധ നിയമപ്രശ്നങ്ങൾക്കും തർക്കങ്ങൾക്കും നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെന്ന് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പാര്ലമെന്റ് പാസ്സാക്കിയ പ്രത്യേകനിയമമാണ് IT Act 2000 എന്നറിയപ്പെടുന്നത്. ഈ Act-ലെ Section 79 ഇങ്ങനെ പറയുന്നു: “Notwithstanding anything contained in any law for the time being in force but subject to the provisions of sub-sections (2) and (3), an intermediary shall not be liable for any third party information, data, or communication link made available or hosted by him”. ഈ സെക്ഷനിൽ പറയുന്ന “intermediary” എന്ന പദമാണ് Facebook, Twitter, തുടങ്ങിയ social media platform-കൾക്ക് അവയിൽ വരുന്ന വിവരങ്ങൾ, ഡാറ്റ, വാർത്താവിനിമയങ്ങൾ, എന്നിവയിൽ നിന്നുളവാകുന്ന നിയമപ്രശ്നങ്ങളിൽ നിന്ന് പരിരക്ഷ നൽകുന്നത്. ഈ section അനുസരിച്ച് “intermediary”യുടെ ചുമതല എന്നത് മൂന്നാമതൊരാൾ (third party) കൈമാറുന്ന വിവരങ്ങൾ transmit ചെയ്യുക, താൽക്കാലികമായി store ചെയ്യുക, എന്നീ പ്രക്രിയകൾക്കായി ഒരു വിവരവിനിമയവ്യവസ്ഥ (communication system) സജ്ജീകരിച്ചുകൊടുക്കുക എന്നതിൽ ഒതുങ്ങുന്നു. യഥാർത്ഥ ലോകത്ത് ഒരു പബ്ലിക്സ്റ്റേജിൽ വ്യത്യസ്തനിലപാടുകളുള്ള പാർട്ടികളോ, സംഘടനകളോ, വ്യക്തികളോ പ്രസംഗിക്കുമ്പോൾ അതിൽ വിദ്വേഷപ്രചാരണമോ, മതസ്പർദ്ധയോ, രാജ്യദ്രോഹപരമായ പ്രസ്താവനകളോ ഉണ്ടെങ്കിൽ ആ സ്റ്റേജിന് അതിന്റെ ഉത്തരവാദിത്തമില്ലല്ലോ. അതേ തത്ത്വം തന്നെയാണ് virtual ലോകത്ത് ഇത്തരം പ്ലാറ്റുഫോമുകൾ ഉപയുക്തമാക്കുന്ന സ്ഥാപനങ്ങളുടെ കാര്യത്തിലും പ്രതിഫലിക്കുന്നത്. Intermediary-കൾക്ക് 2000-ലെ IT Act നൽകുന്ന പരിരക്ഷ അങ്ങനെ നിലനിൽക്കെത്തന്നെ, 2011-ൽ പുറപ്പെടുവിച്ച “The Intermediary Guidelines Rules” അനുസരിച്ച് അശ്‌ളീല ഉള്ളടക്കങ്ങൾ (obscene content) പ്ലാറ്റുഫോമുകളിൽ വരാതെ നോക്കേണ്ട ചുമതല കൂടി ഇത്തരം social media platform providers-ന്റെ മേൽ വന്നുചേർന്നു. അതുവരെ കാര്യങ്ങൾ കുഴപ്പമില്ലാതെ പോയി.

വ്യക്തിസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വില കൽപ്പിക്കുന്ന ജനാധിപത്യരാജ്യങ്ങൾ സമൂഹമാധ്യമങ്ങളോട് പൊതുവെ സഹിഷ്ണുതാമനോഭാവമാണ് കാണിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഇരിക്കുമ്പോൾ തന്നെ ഡൊണാൾഡ് ട്രംപിനെ വിലക്കാൻ Facebook ധൈര്യം കാണിച്ചു എന്ന കാര്യം നാം ഓർക്കണം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും സമൂഹമാധ്യമങ്ങളോട് പൊതുവെ സമരസപ്പെട്ടു പോകുന്ന നിലപാടാണ് എടുത്തിരുന്നത്. 2014-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയ എൻ ഡി എ ഗവണ്മെന്റും ആദ്യനാളുകളിൽ സമൂഹമാധ്യമങ്ങളോട് വലിയ വിപ്രതിപത്തിയൊന്നും കാണിക്കുക ഉണ്ടായില്ല. എന്ന് മാത്രമല്ല, ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ വലിയ അളവിൽ പ്രചാരണവും അവർ അഴിച്ചുവിട്ടു. WhatsApp ലൂടെയും ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും വർഗ്ഗീയത തുളുമ്പുന്ന എത്രയെത്ര വ്യാജവാർത്തകളും ദൃശ്യങ്ങളുമാണ് അവർ പ്രചരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ BJP IT cell-ഉം ഹിന്ദുത്വ സംഘടനകളും ചേർന്ന് സൃഷ്ടിച്ചെടുത്ത കുത്തകയും വ്യവസ്ഥാപിത പത്ര-ദൃശ്യ മാധ്യമങ്ങളുടെ മോഡി അനുകൂല നിലപാടുകളും ചേർന്ന് മോഡിയ്ക്കും എൻ ഡി എ യ്ക്കും നൽകിയ അപ്രമാദിത്തം അവർക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. അതുകൊണ്ടുതന്നെ അവർ social media platform-കൾക്ക് നേരെ കർക്കശനിലപാടുകൾ എടുക്കുന്ന സമീപനം ആദ്യനാളുകളിൽ അനുവർത്തിക്കുകയുണ്ടായില്ല. എങ്കിലും ഇതൊരു ഇരുതലവാൾ ആണെന്ന ബോധ്യം അവർക്കുണ്ടായിരുന്നു. ആ ബോധ്യം ശരിവെക്കുന്ന കാര്യങ്ങളാണ് തുടർന്ന് ഡൽഹിയിലും പ്രാന്തപ്രദേശങ്ങളിലും 2019-ൽ അരങ്ങേറിയ anti-CAA സമരങ്ങളിലൂടെ വെളിവാക്കപ്പെട്ടത്. Anti-CAA സമരത്തെ ശക്തിപ്പെടുത്തുന്നതിൽ സമൂഹമാധ്യമങ്ങൾ വലിയ പങ്ക് വഹിച്ചു. പിന്നീട് covid-ന്റെ തുടക്കത്തിൽ സംഭവിച്ച migrant labour പലായനം,പുതിയ കർഷകനിയമങ്ങൾ, covid രണ്ടാം തരംഗത്തിൽ കേന്ദ്രഗവണ്മെന്റിന് സംഭവിച്ച പാളിച്ചകൾ തുടങ്ങിയ വിഷയങ്ങളിൽ Twitter ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രതിഷേധസ്വരങ്ങൾ ഉയർന്നത്. സമൂഹമാധ്യമങ്ങൾ ഒരു ഇരുതലവാൾ ആണെന്ന യാഥാർഥ്യം തിരിച്ചറിയപ്പെടുന്ന നാളുകളാണ് തുടർന്ന് ഉണ്ടായത്. Twitter പോലെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രതിഷേധിക്കുന്നവരുടെയും പ്രതിപക്ഷത്തിന്റെയും ശബ്ദങ്ങൾ കൂടുതൽ കൂടുതൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

അപകടം മണത്ത കേന്ദ്രസർക്കാർ, Intermediary-കളുടെ നിയമബാധ്യതകൾ കൂടുതൽ കർക്കശമാക്കുന്ന “The Information Technology (Guidelines for Intermediaries and Digital Media Ethics Code) Rules, 2021, എന്നൊരു പുതിയ വ്യവസ്ഥ 2021 ഫെബ്രുവരിയിൽ IT Act-ൽ ഉൾപ്പെടുത്തി. അതിലെ നിബന്ധനകൾ പാലിക്കാൻ social media platform-കൾക്ക് 2021 മെയ് 25 വരെ സമയവും അനുവദിച്ചു. അതിലെ വകുപ്പുകളാണ് Facebook, Twitter, തുടങ്ങിയ platform providers-ന് കുരുക്കായിത്തീർന്നത്. 2021-ൽ കൊണ്ടുവന്ന ഈ നിയമമനുസരിച്ച് അശ്‌ളീല ഉള്ളടക്കങ്ങൾ മാത്രമല്ല, പൊതുജനാരോഗ്യം, പൊതുസുരക്ഷ എന്നിവയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളും പ്ലാറ്റുഫോമുകളിൽ വരാതെ നോക്കേണ്ട ഉത്തരവാദിത്തം Intermediary-യിൽ നിക്ഷിപ്തമായി. കൂടാതെ, ഗവണ്മെന്റ് ആവശ്യപ്പെട്ടാൽ 36 മണിക്കൂറിനുള്ളിൽ സംശയാസ്പദമായ ഉള്ളടക്കം കൊടുത്തവരുടെ വിവരങ്ങൾ കൈമാറുക, automated tools വിന്യസിച്ച് നിയമവിരുദ്ധ ഉള്ളടക്കങ്ങൾ തിരിച്ചറിയുക, അവ നീക്കം ചെയ്യുക, എന്നീ ഉത്തരവാദിത്തങ്ങളും platform providers-ന്റെ ചുമലിലായി. ഇതിനും പുറമെ 50 ലക്ഷത്തിൽ കൂടുതൽ subscribers ഉള്ള platform providers ഇന്ത്യയിൽ കമ്പനി രൂപീകരിക്കണമെന്നും resident nodal officers, compliance officers, grievance officers. എന്നീ പദവികളിൽ ഇന്ത്യയിൽ താമസക്കാരായ വ്യക്തികളെ നിയമിക്കണമെന്നും പുതിയ നിയമം നിഷ്കർഷിക്കുന്നു.

ഈ പുതിയ നിയമത്തിലെ പ്രധാന ന്യൂനതകളായി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും മറ്റ് നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നവയിൽ ചിലത് താഴെ കൊടുക്കുന്നു:-

  • പുതിയ നിയമമനുസരിച്ച് ആക്ഷേപകരമായ ഉള്ളടക്കങ്ങൾ സർക്കാർ ആവശ്യപ്പെടുന്നപക്ഷം 36 മണിക്കൂറുകൾക്കകം നീക്കം ചെയ്യാൻ intermediary-കൾ ബാധ്യസ്ഥരാണ്. എന്നാൽ ഇത്രയും ചുരുങ്ങിയ സമയം നല്കിയതുവഴി തങ്ങളുടെ ഭാഗം വിശദീകരിക്കാൻ intermediary-കൾക്കുള്ള അവസരം ഇല്ലാതായെന്ന് അവർ വാദിക്കുന്നു.
  • ആക്ഷേപകരമായ ഉള്ളടക്കം എന്താണെന്ന് വ്യാഖ്യാനിക്കാനുള്ള അധികാരം സ്വയം ഏറ്റെടുത്തതിലൂടെ ഗവണ്മെന്റ് അഭിപ്രായസ്വാതന്ത്യ്രത്തിനുമേൽ ചങ്ങല ഇടുകയാണെന്നതാണ് മറ്റൊരു വാദം.
  • ഈ നിയമങ്ങളുടെ മറ്റൊരു പ്രധാന ന്യൂനത ഇവ പാർലമെൻറിൽ ചർച്ച ചെയ്യുകയോ നിയമമായി പാസ്സാക്കുകയോ ചെയ്തിട്ടില്ലെന്നതാണ്. ഒരു executive order-ൽ കൂടിയാണോ ഇങ്ങനെയുള്ള സുപ്രധാന നിയമങ്ങൾ പ്രയോഗത്തിൽ വരുത്തേണ്ടത്?
  • ഉപഭോക്താക്കൾ end-to-end encryption വഴി സന്ദേശങ്ങൾ കൈമാറുന്നതിനാൽ intermediary platform-കൾക്ക് സന്ദേശങ്ങളുടെ ഉള്ളടക്കം അറിയാൻ മാർഗ്ഗമില്ല. അതുകൊണ്ടുതന്നെ അത്തരം ഉള്ളടക്കങ്ങൾ നിയമവിരുദ്ധമോ ആക്ഷേപകരമോ ആണെങ്കിലും intermediary-കൾക്ക് പരിരക്ഷ ലഭിക്കുമായിരുന്നു. സന്ദേശങ്ങളുടെ ഉറവിടം കണ്ടുപിടിച്ച് ഗവണ്മെന്റിനെ ബോധിപ്പിക്കേണ്ട ചുമതല intermediary-കളുടെ മേൽ വന്നതോടെ സന്ദേശങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുക മാത്രമല്ല, അതിൽ യാതൊരു റോളും ഇല്ലാത്ത intermediary-കൾ നിയമക്കുരുക്കിൽ അകപ്പെടുകയാണ്.

മാത്രമല്ല, Data Privacy Law നിലവിൽ ഇല്ലാത്ത ഇന്ത്യയിൽ ഇങ്ങനെ ഗവൺമെന്റിന് വ്യക്തിഗതവിവരങ്ങൾ കൈമാറുന്നത് തികച്ചും അപകടകരമാണ്.

Twitter ഒഴികെയുള്ള intermediaries ആദ്യമൊക്കെ പുതിയ നിബന്ധനകൾക്കെതിരെ ചെറുത്തുനിൽക്കാൻ നോക്കിയെങ്കിലും, കേന്ദ്രഗവണ്മെന്റിന്റെ കഠിനമായ നിലപാടിന് മുൻപിൽ അവസാനം അടിയറവ് പറഞ്ഞു. Twitter മാത്രം ചെറുത്തുനിൽപ് തുടർന്നു. അതോടെ twitter-ന് intermediary എന്ന പരിരക്ഷ നഷ്ടമായെന്നും അതിൽ വരുന്ന ഉള്ളടക്കങ്ങൾക്ക് twitter കൂടി പ്രതിചേർക്കപ്പെടുമെന്നുമുള്ള നിലപാട് കേന്ദ്രഗവൺമെന്റ് സ്വീകരിച്ചു. അതിന്റെ പരിണിതഫലമാണ് ഘാസിയാബാദ് പോലീസ് നൽകിയ കുറ്റപത്രം.

Facebook, WhatsApp, Twitter, തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾക്ക് മേൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷെ എന്തിലൊക്കെയാണ് നിയന്ത്രണം വേണ്ടത്, എന്തിലൊക്കെയാണ് നിയന്ത്രണം പാടില്ലാത്തത് എന്ന കാര്യത്തിൽ വിരുദ്ധാഭിപ്രായങ്ങൾ നിലനിൽക്കുന്നു. വ്യക്തിഹത്യ, വിദ്വേഷപ്രചാരണം, വർഗ്ഗീയപ്രചാരണം,എന്നിവ ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ ഗവണ്മെന്റിന്റെ ജനവിരുദ്ധനയങ്ങളെ വിമർശിക്കുന്നതിൽ അസഹിഷ്ണുത കാണിക്കുന്നതും നിസ്സാരമായ ചില ഭാഷാപ്രയോഗങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് അത്തരം പോസ്റ്റുകൾ ഇട്ടവർക്ക് മേൽ “sedition” കുറ്റം ചാർത്തുന്നതും ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കുകയില്ല. എലിയെ പേടിച്ച് ആരും ഇല്ലം ചുടുകയില്ലല്ലോ!

കേന്ദ്രീകൃതസ്വഭാവവും, സുതാര്യതയില്ലായ്മയും, ഭിന്നസ്വരങ്ങളോട് അസഹിഷ്ണുതയും കൈമുതലായുള്ള ഒരു ഗവൺമെന്റിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ് ഈ നടപടികൾ. എങ്കിലും ഇന്ത്യ ഇപ്പോഴും ജനാധിപത്യവ്യവസ്ഥയിൽ വിശ്വസിക്കുന്ന, ഭരണഘടനാനുസൃതമായി നിലനിൽക്കുന്ന രാജ്യമാണെന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു.

Comments
Print Friendly, PDF & Email

You may also like