Home LITERATUREലേഖനം ആർ. എസ്. പി. കേരളത്തിൽ – ജനനവും പതനവും (ഭാഗം 2)

ആർ. എസ്. പി. കേരളത്തിൽ – ജനനവും പതനവും (ഭാഗം 2)

1962ലെ ചൈന യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉയർന്നുവന്ന ഭിന്നത അഖിലേന്ത്യാതലത്തിൽ പിളർപ്പിൽ കലാശിച്ചു. വിമതപക്ഷം കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസ്റ്റ്‌ എന്ന പുതിയ പാർട്ടി രൂപീകരിച്ചു. കേരളത്തിൽ എം എൻ ഗോവിന്ദൻ നായർ, സി അച്യുതമേനോൻ, ടി വി തോമസ് തുടങ്ങിയ നേതാക്കൾ സി പി ഐയിൽ തുടർന്നപ്പോൾ, ഈ എം എസ്, എ കെ ഗോപാലൻ തുടങ്ങിയ നേതാക്കൾ സി പി എമ്മായി മാറി. 1965 മാർച്ച് 4ന് നടന്ന തെരഞ്ഞെടുപ്പിൽ മിക്ക കക്ഷികളും ഒറ്റയ്ക്കാണ് മത്സരിച്ചത്. ആർ എസ് പി, സി പി ഐ യുമായി സഖ്യമുണ്ടാക്കി. സി പി എം മുസ്ലിം ലീഗുമായി ധാരണയുണ്ടാക്കി. ജനപിന്തുണ സി പി എമ്മിനാണ് എന്നു തെളിഞ്ഞു. അവരുടെ 40 സ്ഥാനാർഥികൾ ജയിച്ചപ്പോൾ സി പി ഐ മൂന്നായി ചുരുങ്ങി. കോൺഗ്രസിന്റെ 36 പേർ മാത്രം ജയിച്ചപ്പോൾ, കേരളാ കോൺഗ്രസ് 25 സീറ്റിൽ വിജയിച്ചു. എസ് എസ് പി 13 ഉം മുസ്ലിം ലീഗ് 6 ഉം സീറ്റുകൾ കരസ്ഥമാക്കി. ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ നിയമസഭ കൂടുന്നതിന് മുൻപുതന്നെ പിരിച്ചുവിടപ്പെട്ടു. കേരളം വീണ്ടും പ്രസിഡന്റ്‌ ഭരണത്തിലായി.

ബേബി ജോൺ

മറ്റു കക്ഷികളുടെ കൂടി പിന്തുണയുണ്ടെങ്കിലേ അധികാരത്തിൽ തിരിച്ചെത്താൻ കഴിയൂ എന്ന് ബുദ്ധിമാനായ ഈ എം എസ് തിരിച്ചറിഞ്ഞു. ഈ എം എസിന്റെ ബുദ്ധിയിൽ തെളിഞ്ഞ സപ്തകക്ഷിമുന്നണിയാണ് 1967ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിട്ടത്. ചിരവൈരികളായ സി പി ഐ, ആർ എസ് പി, കെ എസ് പി, എസ് എസ് പി കക്ഷികളെ സി പി എം ഒപ്പം കൂട്ടി. കൂടാതെ കെ ടി പി യും. കേരളാ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചത്. മന്നത്ത് പദ്മനാഭൻ കേരളാകോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചു വീണ്ടും കോൺഗ്രസിനുവേണ്ടി പ്രചാരണരംഗത്തിറങ്ങി. 111 സീറ്റുകൾ നേടി സപ്തകക്ഷിമുന്നണി ഉജ്വലവിജയം നേടി. പൂജ്യത്തിൽ നിന്ന് 6 ലേക്ക് ആർ എസ് പി ഉയർന്നു. സി പി ഐ 3 ൽ നിന്ന് 20ലേക്ക് കുതിച്ചുകയറി. പ്രതിപക്ഷത്ത് കോൺഗ്രസിന് 9 ഉം കേരളാ കോൺഗ്രസിന് 5 ഉം.സർക്കാരിനെതിരെ സംഘടിപ്പിച്ച വിദ്യാർത്ഥി സമരങ്ങളിലൂടെയാണ് കെ എസ് യു പ്രസിഡന്റ്‌ ഉമ്മൻ ചാണ്ടി ശ്രദ്ധേയനായി മാറിയത്. 19 എം എൽ എ മാരുള്ള എസ് എസ് പി പിളർന്നത് മുന്നണിയിലെ പ്രശ്നങ്ങളുടെ തുടക്കമായിരുന്നു. സി പി എമ്മും സി പി ഐ യുമായുള്ള തർക്കങ്ങളിൽ പുതിയ ഐ എസ് പി, സി പി ഐ പക്ഷംചേർന്നു. ആർ എസ് പി യും പുതിയ കുറുമുന്നണിയുടെ ഭാഗമായി.

ഇ എം എസ്

1969 ൽ അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് പിളർന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിമതപക്ഷത്തും കോൺഗ്രസ് പ്രസിഡന്റ്‌ കാമരാജ്, മുൻ ഉപപ്രധാനമന്ത്രി മൊറാർജി ദേശായി തുടങ്ങിയ നേതാക്കൾ സംഘടനാപക്ഷത്തും നിലയുറപ്പിച്ചു. 14 അംഗ മുസ്ലിംലീഗ് കൂടി എതിർപക്ഷത്തായതോടെ മുഖ്യമന്ത്രി ഈ എം എസ് രാജി സമർപ്പിച്ചു. രാജ്യസഭാ അംഗമായിരുന്ന സി അച്യുതമേനോൻ ആണ് സി പി ഐ യുടെ നോമിനിയായി 1969 നവംബർ ആദ്യം മുഖ്യമന്ത്രിപദം ഏറ്റെടുത്തത്. 66-58 എന്ന ചെറിയഭൂരിപക്ഷത്തിൽ മാർച്ച്‌ 23 ന് നടന്ന വിശ്വാസവോട്ട് പുതിയ മുന്നണി നേടി. കേരളാകോൺഗ്രസ്സും മന്ത്രിസഭയിൽ ചേർന്നു. കെ എം ജോർജ് ട്രാൻസ്‌പോർട്ട് മന്ത്രിയായി.പ്രശ്നങ്ങൾ തുടർന്നതിനാൽ ഓഗസ്റ്റ് 1 ന് അച്യുതമേനോൻ രാജിവെച്ചു. കേരളം 5 ആം തവണയും പ്രസിഡന്റ്‌ ഭരണത്തിനു കീഴിലായി. 1970 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാകോൺഗ്രസ് സി പി ഐ മുന്നണിയുമായി ധാരണയിൽ മത്സരിച്ചു. സംഘടനാകോൺഗ്രസ് -കേരളാകോൺഗ്രസ് കക്ഷികൾ യോജിച്ച് മത്സരിച്ചു. ഫലം കോൺഗ്രസ്‌ ഐ -32, സി പി എം -28, സി പി ഐ – 16, കേരളാ കോൺഗ്രസ് – 14, മുസ്ലിം ലീഗ് – 11, ആർ എസ് പി – 6, എസ് എസ് പി – 6, പി എസ് പി – 3, ഐ എസ് പി -3, കെ ടി പി -2, കെ എസ് പി -2 എന്നിങ്ങനെയായിരുന്നു.

പാർലിമെന്റ് ലേക്ക് ആർ എസ് പി യുടെ ശ്രീകണ്ഠൻനായർ കൊല്ലത്തുനിന്നും കെ ബാലകൃഷ്ണൻ അമ്പലപ്പുഴനിന്നും വിജയിച്ചു. കോൺഗ്രസ് പിന്തുണയോടെ ഒക്ടോബർ 4 ന് അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. ടി കെ ദിവാകരനും ബേബി ജോണുമായിരുന്നു ആർ എസ് പി മന്ത്രിമാർ. നേരത്തെ ഇന്ദിരാകോൺഗ്രസ് ജനറൽസെക്രട്ടറിയായ എ കെ ആന്റണി ലിയസൺ കമ്മറ്റി കൺവീനർ ആയി. സർക്കാർ നേരിട്ട പ്രതിസന്ധികളാണ് കത്തോലിക്കാമെത്രാൻമാർ നേതൃത്വം നൽകിയ 1972ലെ വിദ്യാഭ്യാസസമരവും, എ കെ ജി മുന്നിൽ നിന്ന മിച്ചഭൂമി സമരവും, 1973ലെ എൻ ജി ഒ സമരവും.

എ കെ ആന്റണി കെ പി സി സി പ്രസിഡന്റും, പി സി ചാക്കോ യൂത്ത് കോൺഗ്രസ് പ്രസിഡന്റും ആയതോടെ ആഭ്യന്തരമന്ത്രി കെ കരുണാകരൻ സംഘടനയുമായി ആലോചിക്കാതെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന ആക്ഷേപം ഉയർന്നു. കേരളത്തിൽ കോൺഗ്രസ് കരുണാകരൻ, ആന്റണി പക്ഷങ്ങളായി തിരിഞ്ഞു. എല്ലാ കക്ഷികളിലും അഭിപ്രായഭിന്നതകൾ ഉണ്ടായിക്കൊണ്ടിരുന്നു. കേരളാകോൺഗ്രസിലെ ഒരുവിഭാഗം മാർക്സിസ്റ്റ് ബന്ധത്തെ എതിർത്ത് ഇ . ജോൺ ജേക്കബിന്റെ നേതൃത്വത്തിൽ ഒറിജിനൽ കേരളാ കോൺഗ്രസ് എന്ന പാർട്ടി ഉണ്ടാക്കിയിരുന്നു. ഉമ്മർ ബാഫക്കി തങ്ങളുടെ നിര്യാണത്തെത്തുടർന്ന് മുസ്ലിം ലീഗിലും പിളർപ്പ്‌ ഉണ്ടായി. ഒരു പ്രബലവിഭാഗം അഖിലേന്ത്യ മുസ്ലിംലീഗ് എന്ന പുതിയ പാർട്ടിയുണ്ടാക്കി 6 എം എൽ എമാർ പ്രതിപക്ഷത്തേക്ക് നീങ്ങി. ഇരുവിഭാഗങ്ങളെയും ഒരുമിപ്പിക്കാൻ ബേബി ജോൺ നടത്തിയ ശ്രമങ്ങൾ കേരള കിസിംഗർ എന്ന പേര് അദ്ദേഹത്തിനു നേടിക്കൊടുത്തു.

സംവരണപ്രശ്നം ഉയർത്തി എൻ എസ് എസ്, എൻ ഡി പി എന്ന പുതിയ പാർട്ടിയുണ്ടാക്കി.പ്രതിസന്ധികൾക്കിടയിലും അച്യുതമേനോൻ മന്ത്രിസഭ പിടിച്ചുനിന്നു. 1975 ജൂൺ 25 ന് അർദ്ധരാത്രി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചു.

പ്രതിപക്ഷ നേതാക്കൾ മുഴുവൻ ജെയിലിൽ അടയ്ക്കപ്പെട്ടു.കേരളഭരണം ആഭ്യന്തരമന്ത്രി കെ കരുണാകരന്റെ പിടിയിൽ അമർന്നു. ടി കെ ദിവാകരൻ ഉൾപ്പെടെയുള്ള കേരള ആർ എസ് പി നേതാക്കൾ അടിയന്തിരാവസ്‌ഥയുടെ കുഴലൂത്തുകാരായിമാറി.

ടി കെ ദിവാകരൻ

പ്രതിപക്ഷത്തായിരുന്ന കെ എം ജോർജിനെ ഡൽഹിക്ക് വിളിച്ചു. ജയിൽ അല്ലെങ്കിൽ മന്ത്രിക്കസേര. കേരളാ കോൺഗ്രസ് മന്ത്രിക്കസേരയാണ്. തെരഞ്ഞെടുത്തത്. ആർ ബാലകൃഷ്ണപിള്ള എം പി യും കെ എം മാണിയും മന്ത്രിമാരായി. ആറുമാസം കഴിഞ്ഞു പിള്ള രാജിവെച്ചു ജോർജ് മന്ത്രിയായി. അധികാരത്തർക്കം കേരളാകോൺഗ്രസിനെ പിളർപ്പിലേക്ക് നയിച്ചു. ജോർജും പിള്ളയും ഒരുപക്ഷം. മറുപക്ഷത്ത് കെ എം മാണി, കെ നാരായണക്കുറുപ്പ്, പി ജെ ജോസഫ്, ടി എം ജേക്കബ്‌ തുടങ്ങിയവർ.കെ എം ജോർജിന്റെ മരണത്തെത്തുടർന്ന് ഒരു കേരളാകോൺഗ്രസ് മതി എന്ന് ഇന്ദിരാഗാന്ധി തീരുമാനിച്ചു. അവരുടെ തീരുമാനം ഇ ജോൺ ജേക്കബ്‌ ചെയർമാൻ, കുറുപ്പ് മന്ത്രി, ടി എസ് ജോൺ സ്പീക്കർ എന്നായിരുന്നു. തീരുമാനം സമ്മതമല്ലാഞ്ഞ പിള്ള പുതിയ പാർട്ടി ഉണ്ടാക്കി. നിയമസഭയുടെ കാലാവധി നീട്ടിയതുകൊണ്ട് അച്യുതമേനോൻ മന്ത്രിസഭ 1977 വരെ തുടർന്നു. 1977ലെ പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്താകെ ഇന്ദിരാകോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ കേരളത്തിൽ ഐക്യജനാധിപത്യമുന്നണി 110 സീറ്റ് നേടി. കെ കരുണാകരൻ പുതിയ മുഖ്യമന്ത്രിയായി. രാജൻകേസിൽ നുണപറഞ്ഞു എന്ന കോടതിവിധി വന്നതോടെ കരുണാകാരന് രാജിവെക്കേണ്ടിവന്നു. എ കെ ആന്റണി പുതിയ മുഖ്യമന്ത്രിയായി. ബേബി ജോൺ, കെ പങ്കജാക്ഷൻ എന്നിവരായിരുന്നു ആർ എസ് പി മന്ത്രിമാർ.

പങ്കജാക്ഷൻ

തോൽവിയുടെ ഉത്തരവാദി ഇന്ദിരയാണ് എന്ന വിമർശനം വന്നതോടെ അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് പിളർന്നു. കെ കരുണാകരൻപക്ഷം കോൺഗ്രസ് ഐ യിൽ ചേർന്നു. കൂടുതൽ എം എൽ എമാർ പിന്തുണച്ചതോടെ ഈ എം എസിനു പകരം കരുണാകരൻ പ്രതിപക്ഷനേതാവായി. ചിക്കമഗ്ലൂർ ഉപതെരഞ്ഞെടുപ്പിൽ ഇന്ദിരയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചു എ കെ ആന്റണി മുഖ്യമന്ത്രിപദം രാജിവെച്ചു. സി പി ഐ യുടെ പി കെ വാസുദേവൻനായരാണ് പുതിയ മുഖ്യമന്ത്രിയായത്.ആഭ്യന്തരമന്ത്രിയായ കെ എം മാണി തെരഞ്ഞെടുപ്പ് കേസിനെത്തുടർന്ന് രാജിവെച്ചു. പി ജെ ജോസഫ് പകരം മന്ത്രിയായി. അധികാരത്തർക്കം കേരളാകോൺഗ്രസിൽ ഭിന്നത വർധിപ്പിച്ചു. വീണ്ടും മന്ത്രിയായ കെ എം മാണി രാജിവെച്ച് ഐക്യമുന്നണി വിട്ടു.

ഇന്ദിരാവിരുദ്ധർ ദേവരാജ് അരസിന്റെ നേതൃത്വത്തിൽ അണിനിരന്നു. എ കെ ആന്റണിയും കൂട്ടരും ആ പാർട്ടിയിൽ ചേർന്നു. ഇഷ്ടദാനബിൽ പാസ്സാക്കുന്നതിലുള്ള എതിർപ്പ് പി കെ വി മന്ത്രിസഭയുടെ പതനത്തിൽ കലാശിച്ചു. ആന്റണി ഗ്രൂപ്പിന്റെയും മാണിഗ്രൂപ്പിന്റെയും പിന്തുണനേടി കെ കരുണാകരൻ സി എച് മുഹമ്മദ്‌കോയയുടെ നേതൃത്വത്തിൽ ഒരു തട്ടിക്കൂട്ടുമന്ത്രിസഭയുണ്ടാക്കി ഇഷ്ടദാനബിൽ പാസാക്കി. ആർ എസ് പി പ്രതിപക്ഷത്തു തുടർന്നു.ജോസഫ് ഗ്രൂപ്പിനോടുള്ള എതിർപ്പും, സഭയുടെ സമ്മർദവും, മുഖ്യമന്ത്രിയാക്കാമെന്നുള്ള ഈ എം എസിന്റെ വാഗ്ദാനവും കൂടിയായപ്പോൾ കെ എം മാണി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചു. താമസിയാതെ കോയ രാജിവെച്ചു. നിയമസഭയും പിരിച്ചുവിടപ്പെട്ടു.1980 ൽ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ 1962 മുതൽ കൈവശംവെച്ചിരുന്ന കൊല്ലം സീറ്റിൽ എൻ ശ്രീകണ്ഠൻ നായർ തോറ്റു. നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എം, സി പി ഐ, കോൺഗ്രസ്‌ (യു ), കേരളാ കോൺഗ്രസ് ( മാണി ), ആർ എസ് പി മുതലായ കക്ഷികൾ രൂപീകരിച്ച ഇടതു മുന്നണി 140 ൽ 93 സീറ്റ് നേടി. ഈ കെ നായനാർ മന്ത്രിസഭയിൽ ബേബി ജോൺ, ആർ എസ് ഉണ്ണി എന്നിവരായിരുന്നു ആർ എസ് പി മന്ത്രിമാർ.കൊല്ലത്തെ തോൽ‌വിയിൽ ശ്രീകണ്ഠൻ നായർ അതീവ ഖിന്നനായിരുന്നു. സ്വന്തം പാർട്ടിക്കാർതന്നെ കാലുവാരി എന്നദ്ദേഹം വിശ്വസിച്ചു. ബേബി ജോൺ ആണ് പ്രതി എന്നായിരുന്നു അദ്ദേഹം കരുതിയത്. ഇക്കാലത്ത് ചവറയെ പിടിച്ചുകുലുക്കിയ സംഭവമാണ് ബേബി ജോണിന്റെ അനുയായി ആയിരുന്ന സരസന്റെ തീരോധാനം. ബേബി ജോൺ സരസനെ കൊന്ന് ആഴക്കടലിൽ കെട്ടിതാഴ്ത്തി എന്നുവരെ ശ്രീകണ്ഠൻനായർ പ്രസംഗിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ ബേബി ജോൺ കഷ്ടിച്ചു രക്ഷപെട്ടത് ചവറയും തങ്ങളുടെ ബേബിസാറുമായുള്ള പതിറ്റാണ്ടുകളായുള്ള ആത്മബന്ധം കൊണ്ടുമാത്രമാണ്. വർഷങ്ങൾകഴിഞ്ഞു സരസൻ തിരിച്ചെത്തിയപ്പോൾ മാത്രമാണ് ബേബി ജോൺ സംശയത്തിന്റെ നിഴലിൽനിന്ന് രക്ഷപെട്ടത്.

കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയത് കേരളത്തിലെ കോൺഗ്രസ് യു വിലും ചലനങ്ങൾ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ദിരാകോൺഗ്രസിനെ യഥാർത്ഥ കോൺഗ്രസ് ആയി അംഗീകരിച്ചതോടെ എപ്പോൾ പുറത്തുചാടണം എന്നതുമാത്രമായി ആന്റണിയുടെയും കൂട്ടരുടെയും ആലോചന. സർക്കാരിനെ വിമർശിക്കുന്നതിൽ വയലാർ രവി, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ കെ സി ജോസഫ് തുടങ്ങിയവർ മുന്നിൽനിന്നു.താൻ അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ശക്തമായതോടെ എൻ ശ്രീകണ്ഠൻ നായർ, നായനാർ സർക്കാരിന്റെ ഏറ്റവുംവലിയ വിമർശകരിൽ ഒരാളായി മാറി. ബേബി ജോണിനെയും അദ്ദേഹം വെറുതെ വിട്ടില്ല. എ കെ ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എസ് നായനാർ മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചു. പി സി ചാക്കോ യുടെ നേതൃത്വത്തിൽ 6 എം എൽ എ മാർ ആ തീരുമാനത്തെ എതിർത്ത് കോൺഗ്രസ് എസിൽ തുടർന്നു. കെ എം മാണിയുടെ കേരളാ കോൺഗ്രസ് കൂടി പിന്തുണ പിൻവലിച്ചതോടെ 1981 ഒക്ടോബർ 21ന് ഈ കെ നായനാർ രാജി വെച്ചു.

ആന്റണി ഗ്രൂപ്പ്‌ പിന്നീട് കോൺഗ്രസ് ഐയിൽ ചേർന്നു. 3 ജനതാ പാർട്ടി എം എൽ എ മാരെക്കൂടി പിടിച്ചു കെ കരുണാകരൻ ഉണ്ടാക്കിയ മന്ത്രിസഭ, കേരളാ കോൺഗ്രസിലെ ലോനപ്പൻ നമ്പാടൻ പിന്തുണ പിൻവലിച്ചതോടെ 1982 മാർച്ച്‌ 17 ന് നിലംപതിച്ചു. കേരളത്തിലെ ആർ എസ് പി യുടെ സ്ഥാപകനേതാക്കളായ എൻ ശ്രീകണ്ഠൻനായരും ബേബി ജോണുമായുള്ള പിണക്കം വളർന്നത് പാർട്ടിയുടെ തന്നെ അടിത്തറ ഇളക്കിയ വഴിത്തിരിവ് ആയിരുന്നു എന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു.

( തുടരും )

പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ

Photos courtesy: Google photos

Comments
Print Friendly, PDF & Email

You may also like