ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ തിരുവിതാംകൂറിൽ രാജഭരണത്തിനെതിരെയുള്ള സ്വരങ്ങൾ ഉയർന്നുതുടങ്ങിയിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ് അവരിൽ ഏറ്റവും സ്മരണീയനായ മഹാൻ.ദേശീയതലത്തിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായി മാറി. പക്ഷേ നാട്ടുരാജ്യങ്ങളിലെ ജനങ്ങളെ പ്രക്ഷോഭത്തിൽ പങ്കുചേരാൻ ഗാന്ധിജി അനുവദിച്ചില്ല.
ആ സാഹചര്യത്തിലാണ് പുരോഗമനചിന്താഗതിക്കാരായ ഒരുകൂട്ടം യുവാക്കൾ 1931ൽ അഖില തിരുവിതാംകൂർ യൂത്ത് ലീഗ് എന്നൊരു പ്രസ്ഥാനത്തിന് തിരുവനന്തപുരം കേന്ദ്രമാക്കി രൂപംകൊടുത്തത്. ജയിൽമോചിതനായി മലബാറിൽനിന്ന് തിരിച്ചെത്തിയ പൊന്നറ ശ്രീധർ ആയിരുന്നു നേതാവ്. തിരുവിതാംകൂറിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന, അക്കാലത്തെ പ്രമുഖ വക്കീൽ കെ സി ജോർജിന്റെ പിന്തുണയും യൂത്ത് ലീഗിന് ഉണ്ടായിരുന്നു. (എൻ സി ശേഖറിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് ലീഗ് എന്നൊരു രഹസ്യസംഘടന അതിനുമുൻപേ രൂപംകൊണ്ടിരുന്നു ). എൻ പി കുരിക്കൾ, പുതുപ്പള്ളി രാഘവൻ, പി ടി പുന്നൂസ് എന്നിവരായിരുന്നു മറ്റു നേതാക്കൾ. തിരുവട്ടാർ താണുപിള്ള, ആർ പി അയ്യർ, വിദ്യാർത്ഥികളായിരുന്ന എൻ ശ്രീകണ്ഠൻ നായർ, ആർ ശങ്കരനാരായണൻതമ്പി തുടങ്ങിയവരായിരുന്നു മറ്റു സജീവപ്രവർത്തകർ.

അക്കാലത്ത് തിരുവിതാംകൂറിൽനിന്ന് കെ പി സി സി യിൽ ഒരു അംഗം മാത്രമാണ് ഉണ്ടായിരുന്നത്. 1935ലെ തെരഞ്ഞെടുപ്പിൽ ജി രാമചന്ദ്രനെതിരെ ഇടതുപക്ഷസ്ഥാനാർഥിയായി എൻ സി ശേഖർ മത്സരിച്ചു. യൂത്ത് ലീഗിന്റെ പിന്തുണയിൽ ശേഖർ 5 വോട്ടിനു ജയിച്ചു.
1938 ഫെബ്രുവരിയിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപിതമായി. മഹാരാജാവിന്റെ പരമാധികാരത്തിനു കീഴിൽ ഉത്തരവാദഭരണമായിരുന്നു ലക്ഷ്യം. സ്റ്റേറ്റ് കോൺഗ്രസ് യോഗങ്ങൾ റൗഡികളെ ഉപയോഗിച്ചു മർദിച്ചൊതുക്കാനുള്ള ദിവാൻ സർ സി പിയുടെ ശ്രമങ്ങൾ തകർത്തിരുന്നത് യൂത്ത് ലീഗ് നേതാക്കളാണ്.1938 ഓഗസ്റ്റിൽ കൂടിയ യൂത്ത് ലീഗ് സമിതി സ്റ്റേറ്റ് കോൺഗ്രസിന്റെ ‘മഹാരാജാവിന്റെ പരമാധികാരത്തിന് വിധേയമായി’ എന്ന ഉപാധി തള്ളിക്കളഞ്ഞു. ജെയിലിലായ യുത്ത് ലീഗ് നേതാക്കൾ കൊടിയ മർദനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ എൻ പി കുരിക്കൾ വഴിയരുകിൽ മരിച്ചുകിടക്കുന്നതായി കാണപ്പെട്ടു. 1938 ഫെബ്രുവരിയിൽ സ്റ്റേറ്റ് കോൺഗ്രസ് സമർപ്പിച്ച നിവേദനത്തിലെ ദിവാന് എതിരെയുള്ള വ്യക്തിപരമായ ആരോപണങ്ങൾ പിന്നീട് ഗാന്ധിജിയുടെ നിർദേശപ്രകാരം പിൻവലിച്ചു. അതിനെ എതിർത്ത യൂത്ത് ലീഗ് ആ ആരോപണങ്ങൾക്ക് പുറമെ 10 പുതിയ ആരോപണങ്ങൾ കൂടി ചേർത്ത് ഒരു മെമ്മറാണ്ടം അച്ചടിച്ചു 1939 ജനുവരിയിൽ രാജാവിനും വൈസ്‌റോയിക്കും അയച്ചുകൊടുത്തു.

സ്റ്റേറ്റ് കോൺഗ്രസിന്റെ തണുപ്പൻനയങ്ങളിൽ പ്രതിഷേധിച്ചു എം എൻ ഗോവിന്ദൻ നായർ, ടി വി തോമസ് തുടങ്ങിയവർ പാർട്ടി വിട്ടു റാഡിക്കൽ കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചു.1934ൽത്തന്നെ കോൺഗ്രസിനുള്ളിൽ അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ജയപ്രകാശ് നാരായൺ, ഈ എം എസ്, എം ആർ മസാനി തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു.യൂത്ത് ലീഗിന്റെയും റാഡിക്കൽ പാർട്ടിയുടെയും മിക്ക നേതാക്കളും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേർന്നു.

പുന്നപ്ര വയലാർ സമരം അസമയത്ത്, തെറ്റായി സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നുവെന്നും തൊഴിലാളികളെ നേതൃത്വം കൊലക്കു കൊടുക്കുകയായിരുന്നു എന്നുമുള്ള ശ്രീകണ്ഠൻനായരുടെ പക്ഷത്തിന്റെ അഭിപ്രായം കമ്മ്യൂണിസ്റ്റ് പാർട്ടിയെ അവരെ എതിർക്കാൻ പ്രേരിപ്പിച്ചു. എന്നാൽ സർ സി പി ക്ക് എതിരെയുണ്ടായ വധശ്രമത്തിന്റെ പ്രേരകശക്തി എൻ ശ്രീകണ്ഠൻ നായർ ആണെന്ന വാർത്ത പരന്നതോടെ ശ്രീകണ്ഠൻനായർക്ക് ഒരു വീരപരിവേഷമാണ് ലഭിച്ചത്.അറസ്റ്റ് ഭയന്ന് കൊച്ചിരാജ്യത്തു കഴിഞ്ഞിരുന്ന ശ്രീകണ്ഠൻനായരും കൂട്ടരും മത്തായി മാഞ്ഞൂരാന്റെ സോഷ്യലിസ്റ്റ് ഗ്രൂപ്പുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. 1947 സെപ്റ്റംബർ 21ന് കോഴിക്കോട് വെച്ച് കേരളാ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിക്കപ്പെട്ടു. എൻ ശ്രീകണ്ഠൻനായർ കെ എസ് പി ജനറൽ സെക്രട്ടറിയായി. ശ്രീകണ്ഠൻനായർ അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന് മത്തായി മാഞ്ഞൂരാൻ ജനറൽ സെക്രട്ടറിയായി.

രാജഭരണവും രാജപ്രമുഖ് ഭരണവുമില്ലാത്ത ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് ഐക്യകേരളം എന്ന മത്തായിയുടെ സ്വപ്നത്തോട് ശ്രീകണ്ഠൻനായർക്ക് വലിയ യോജിപ്പുണ്ടായിരുന്നില്ല . സ്വാതന്ത്ര്യ ഇന്ത്യയിൽ കെ എസ് പി പോലുള്ള ഒരു ചെറുപാർട്ടിക്കുള്ള റോൾ ചെറുതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് വ്യത്യസ്തമായ, എന്നാൽ മാർക്സിസ്റ്റ് ചിന്താഗതിയുള്ള ഒരു അഖിലേന്ത്യ ഇടതുപാർട്ടിയിൽ ചേർന്നു പ്രവർത്തിക്കുന്നത് നന്നായിരിക്കും എന്ന് ശ്രീകണ്ഠൻനായർപക്ഷം ചിന്തിച്ചു.ശ്രീകണ്ഠൻനായർ, കണ്ണന്തോടത്തു ജനാർദ്ദനൻ നായർ എന്നീ നേതാക്കൾ കൽക്കത്തയിൽപോയി ആർ എസ് പി നേതാക്കളുമായി ചർച്ചകൾ നടത്തി. നിർഭാഗ്യവശാൽ കണ്ണന്തോടത്ത് കൽക്കത്തയിൽ വെച്ചു മസൂരിരോഗം പിടിപെട്ട് 1947 മാർച്ച് 16ന് അകാലചരമം പ്രാപിച്ചു.
1940 മാർച്ചിലാണ് തൃദീപ് ചൗധരിയുടെ നേതൃത്വത്തിൽ റെവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടി രൂപംകൊണ്ടത്.

ബംഗാളിലെ വിപ്ലവപ്രസ്ഥാനമായിരുന്ന അനുശീലൻ സമിതിയും ഭഗത്ത്‌സിംഗിന്റെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിയുമായിരുന്നു ആർ എസ് പി യുടെ മാർഗദീപങ്ങൾ.
കെ എസ് പി പിളരുന്നു. ഒരു വിഭാഗം ആർ എസ് പിയിൽ:
കൊല്ലത്തെ ട്രേഡ് യൂണിയനുകൾ കണ്ണൻതോടത്തിന്റെ കാലംമുതലേ കെ എസ് പി യുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. കൊല്ലത്തെ എ ഡി കോട്ടൺമില്ലിൽ ശ്രീകണ്ഠൻനായർ ആഹ്വാനംചെയ്ത സമരം കെ എസ് പി യുടെ പിളർപ്പിലേക്കു നയിക്കും എന്ന് അന്ന് ആരും കരുതിയില്ല. കോൺഗ്രസ് സർക്കാർ സമരം മർദ്ദിച്ച് ഒതുക്കാനാണ് ശ്രമിച്ചത്. മിക്ക കെ എസ് പി നേതാക്കളും അറസ്റ്റിലായി. ബേബി ജോൺ കൊച്ചിയിലേക്ക് രക്ഷപെട്ടു. കെ ബാലകൃഷ്ണൻ മാത്രമാണ് പുറത്തുണ്ടായിരുന്നത്.സമരം ഒത്തുതീർപ്പാക്കാൻ പിതാവായ സി കേശവന്റെ സഹായത്തോടെ മുഖ്യമന്ത്രി ടി കെ നാരായണ പിള്ളയുമായി രഹസ്യനീക്കം നടത്തി എന്ന് പിന്നീട് ചേർന്ന സംസ്ഥാന സമ്മേളനത്തിൽ തിരുവിതാംകൂറിൽ നിന്നുള്ള ചില പ്രതിനിധികൾ കടുത്ത വിമർശനം ഉന്നയിച്ചു. ബേബി ജോണിന്റെ ചില നടപടികൾ പല തൊഴിലാളികളും പിടിയിലാകാനും ക്രൂരമർദനത്തിന് ഇരയാകാനും വഴിതെളിയിച്ചു എന്നും ആരോപണം ഉയർന്നിരുന്നു. രണ്ടു പേരെയും പുറത്താക്കണം എന്ന ആവശ്യം ഉയർന്നു. ശ്രീകണ്ഠൻനായരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇത്തവണ കൽക്കത്തയിൽ പോയി ആർ എസ് പി നേതൃത്വവുമായി ചർച്ച നടത്തിയത് കെ ബാലകൃഷ്ണനും ചെങ്ങാരപ്പള്ളി നാരായണൻ പോറ്റിയുമാണ്.1949 ഒക്ടോബറിൽ കെ എസ് പി പിളർന്നു. 1950 ജൂൺ 18ന് കൊല്ലത്തു വിളിച്ചുകൂട്ടിയ സമ്മേളനത്തിൽവെച്ച് എൻ ശ്രീകണ്ഠൻനായർപക്ഷം ആർ എസ് പിയിൽ ചേർന്നു. ടി കെ ദിവാകരൻ, ബേബി ജോൺ, കെ ബാലകൃഷ്ണൻ, കെ കെ കുഞ്ചുപിള്ള, ചെങ്ങാരപ്പള്ളി നാരായണൻ പോറ്റി, ജി ജനാർദനക്കുറുപ്പ്, പ്രാക്കുളം ഭാസി, ടി പി ഗോപാലൻ തുടങ്ങിയവരായിരുന്നു പുതിയ പാർട്ടിയുടെ നേതാക്കൾ. കെ പങ്കജാക്ഷൻ, ആർ എസ് ഉണ്ണി, കെ സി വാമദേവൻ, വക്കം പുരുഷോത്തമൻ, കെ വിജയരാഘവൻ, സദാനന്ദശാസ്ത്രി, എ വി താമരാക്ഷൻ, ടി ജെ ചന്ദ്രചൂഡൻ, വി പി രാമകൃഷ്ണപിള്ള തുടങ്ങി ഒട്ടേറെ ഊർജസ്വലരായ യുവനേതാക്കൾ പുതിയ പാർട്ടിക്ക് കരുത്തുനൽകി. കെ എസ് പി യുടെ തളർച്ചയുടെ തുടക്കംകുറിച്ച സംഭവമായിരുന്നു അത്.

1952ലെ തെരഞ്ഞെടുപ്പിൽ ആർ എസ് പി, കെ എസ് പി കക്ഷികളെ ചേർത്ത് ഐക്യ മുന്നണിയുണ്ടാക്കാൻ കമ്മ്യൂണിസ്റ്റ്പാർട്ടി മുൻകയ്യെടുത്തു. മത്തായി മാഞ്ഞൂരാൻ മുന്നണിയുടെ പിന്തുണയിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആർ എസ് പി യിൽനിന്ന് എൻ ശ്രീകണ്ഠൻനായർ കൊല്ലം – മാവേലിക്കര മണ്ഡലത്തിൽനിന്ന് ലോക് സഭ എം പി യായും തെരഞ്ഞെടുക്കപ്പെട്ടു.
കൊല്ലത്തെ മിനറൽസ്, ഓട്, തടി, കയർ, കശുവണ്ടി വ്യവസായങ്ങളിൽ ആർ എസ് പി യുടെ യു ടി യു സി യൂണിയനുകൾക്കുള്ള വ്യക്തമായ മേൽക്കൈ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി ആരംഭിച്ചിരുന്നു. എം കെ കുമാരനെയാണ് അവർ അതിനു നിയോഗിച്ചത്. ക്വയ് ലോൺ ടെക്സ്റ്റൈൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ സി ശേഖറിനെ മത്സരിപ്പിച്ചെങ്കിലും ടി കെ ദിവാകരൻ നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു.

1954ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഐക്യമുന്നണിയിൽ അഭിപ്രായവ്യത്യാസം മൂർച്ഛിച്ചു. പട്ടം മന്ത്രിസഭക്കെതിരെ അവിശ്വാസം വന്നപ്പോൾ ആർ എസ് പി യും കെ എസ് പി യും പട്ടത്തെ പിന്താങ്ങി.പിന്നീട് മുഖ്യമന്ത്രിയായ പനമ്പളളി ചെങ്ങാരപ്പള്ളി നാരായണൻ പോറ്റിയെ ചാക്കിട്ടുപിടിച്ചത് ആർ എസ് പി യുടെ വിശ്വാസ്യതക്കു വലിയ കോട്ടമാണ് ഉണ്ടാക്കിയത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുണ്ടായ അകൽച്ച 1956 അവസാനം സീറ്റുവിഭജന ചർച്ചയോടെ പൂർണമായി. അർഹതപ്പെട്ട സീറ്റുകൾ നിഷേധിച്ചു എന്നുപറഞ്ഞ് 31 സീറ്റ് ആവശ്യപ്പെട്ട ആർ എസ് പി മുന്നണിവിട്ടു.കമ്മ്യൂണിസ്റ്റ് പക്ഷവും കോൺഗ്രസ് പക്ഷവും എന്ന് ജനങ്ങൾ ചേരിതിരിഞ്ഞതിനിടയിൽ ചെറുപാർട്ടികൾ മത്സരിക്കുന്നതിന് പ്രസക്‌തിയില്ല എന്നുപറഞ്ഞു കെ എസ് പി മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചു. ആർ എസ് പി ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു.

മന്നത്ത് പദ്മനാഭന്റെ പ്രത്യക്ഷവും കേരള കൗമുദിയുടെ പരോക്ഷവുമായ പിന്തുണ ഉറപ്പാക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി എം എൻ ഗോവിന്ദൻ നായർ 1957ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചു. ആർ എസ് പി 27 സീറ്റുകളിലാണ് മത്സരിച്ചത്. 1957 മാർച്ച് 18ന് ഫലം വന്നപ്പോൾ ആർ എസ് പി തുടച്ചുനീക്കപ്പെട്ടു. കൊല്ലത്തു നിന്നു ലോക് സഭയിലേക്ക് മത്സരിച്ച ശ്രീകണ്ഠൻനായരും തോറ്റു. എല്ലാ സീറ്റിലും തോറ്റെങ്കിലും ആർ എസ് പി പിടിച്ച വോട്ടുകൾ പല കമ്മ്യൂണിസ്റ്റ് സ്ഥാനാർഥികളുടെയും പരാജയത്തിനു കാരണമായി.
ഇ എം എസ് മന്ത്രിസഭ കൊണ്ടുവന്ന വിദ്യാഭ്യാസബിൽ കാത്തോലിക്കാസഭയുടെയും കാർഷികബന്ധബിൽ എൻ എസ് എസിന്റെയും രൂക്ഷമായ എതിർപ്പ് വിളിച്ചുവരുത്തി. എറണാകുളത്ത് വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചു കെ എസ് പിയും മത്തായി മാഞ്ഞൂരാനും മന്ത്രിസഭക്ക് എതിരായി. ഈ സംഭവത്തിന്റെ തുടർച്ചയായിരുന്നു കെ എസ് യു ഏറ്റെടുത്ത ഒരണ സമരം. കൊല്ലം ചന്ദനത്തോപ്പിൽ സമരംചെയ്ത 2 തൊഴിലാളികൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തോടെ ആർ എസ് പി യും പൂർണമായി എതിർചേരിയിലായി. വിമോചനസമരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ കെ എസ് പി അതിൽ പങ്കാളിയായി. ഒറ്റക്ക് സമരം ചെയ്യാനായിരുന്നു ആർ എസ് പി യുടെ തീരുമാനം.

ഈ എം എസ് മന്ത്രിസഭ പിരിച്ചുവിടപ്പെട്ടശേഷം 1960ൽ നടന്ന തെരഞ്ഞെടുപ്പിൽ ആർ എസ് പി ക്ക് ഒറ്റ സീറ്റിൽ, കരുനാഗപ്പള്ളിയിൽ, മാത്രമാണ് ജയിക്കാനായത്. കെ എസ് പി മുഴുവൻ സീറ്റിലും തോറ്റു.കോൺഗ്രസ് 63, പി എസ് പി 20, മുസ്ലിം ലീഗ് 11, കമ്മ്യൂണിസ്റ്റ് പാർട്ടി 29 ഇങ്ങനെയായിരുന്നു കക്ഷിനില. ആർ എസ് പിയിൽനിന്ന് ബേബി ജോൺ മാത്രമാണ് നിയമസഭ കണ്ടത്. കോൺഗ്രസ്, പി എസ് പി, ലീഗ് എന്നീ കക്ഷികൾ യോജിച്ച് പി എസ് പി നേതാവ് പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കി. കോൺഗ്രസിലെ ആർ ശങ്കർ ഉപമുഖ്യമന്ത്രി, ലീഗിന്റെ സീതിസാഹിബ് സ്പീക്കർ. 1957ൽ പ്രതിപക്ഷ നേതാവായിരുന്ന പി ടി ചാക്കോ ആഭ്യന്തരമന്ത്രി.

1962ലെ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ആർ എസ് പിയുടെ എൻ ശ്രീകണ്ഠൻ നായർ കൊല്ലത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1980 വരെ അദ്ദേഹം തുടർച്ചയായി കൊല്ലത്തെ പാർലിമെന്റിൽ പ്രതിനിധീകരിച്ചു.ചെറിയ കക്ഷിയുടെ നേതാവായ പട്ടത്തിന്റെ മുഖ്യമന്ത്രിസ്ഥാനം പിടിച്ചുമേടിക്കാൻ കോൺഗ്രസ് പയറ്റിയ തന്ത്രങ്ങളുടെ ഫലമായി 1962ൽ പട്ടം രാജിവെച്ചു പഞ്ചാബ് ഗവർണറായി പോയി. ആർ ശങ്കർ ആയിരുന്നു അടുത്ത മുഖ്യമന്ത്രി.പി ടി ചാക്കോക്ക് എതിരെ ഉയർന്ന ലൈംഗിക ആരോപണത്തെത്തുടർന്ന് കോൺഗ്രസിനുള്ളിൽതന്നെ ഉണ്ടായ ആഭ്യന്തരകലഹം ചാക്കോയുടെ രാജിയിൽ കലാശിച്ചു. കെ പി സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ചാക്കോ പരാജയപ്പെട്ടു. അധികം താമസിയാതെ ചാക്കോ ഹൃദ്രോഗംമൂലം മരണമടയുകയും ചെയ്തു.
ശങ്കർ ചാക്കോയുടെ കൂടെ നിന്നില്ല എന്നതിൽ ചാക്കോയുടെ അനുയായികൾക്കുണ്ടായിരുന്ന പ്രതിഷേധം അണപൊട്ടിയത് 15 കോൺഗ്രസ് എം എൽ എമാർ പി എസ് പി യിലെ പി കെ കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ട്ചെയ്തുകൊണ്ടാണ്. ശങ്കർ മന്ത്രിസഭ നിലംപതിച്ചു. കേരളം നീണ്ട പ്രസിഡന്റ് ഭരണത്തിനു കീഴിലായി. മന്നത്ത് പദ്മനാഭന്റെ അനുഗ്രഹാശിസുകളോടെ വിമത കോൺഗ്രസ് എം എൽ എമാർ 1964ൽ കെ എം ജോർജ് ചെയർമാനായി കേരളാ കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചു.
[തുടരും]