Home SPORTS ‘ഗോള്‍ഡന്‍ സ്ലാം’ ലക്ഷ്യമിട്ട് ദ്യോക്കൊവിച്ച്

‘ഗോള്‍ഡന്‍ സ്ലാം’ ലക്ഷ്യമിട്ട് ദ്യോക്കൊവിച്ച്

‘ഒന്നുമില്ലായ്മയിൽ നിന്നും വന്നവനാണ് ഞാൻ. വെള്ളം, റൊട്ടി, പാൽ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി മണിക്കൂറുകളോളം ക്യു നിന്ന കുട്ടിക്കാലമായിരുന്നു എന്റേത്.’ യുണിസെഫിന്റെ ബ്രാൻഡ് അംബാസിഡറായ ശേഷം ദ്യോകോവിച് പറഞ്ഞ വാക്കുകളാണ് മുകളിൽ. നാല് വർഷക്കാലം (92-95) നീണ്ട ബോസ്നിയൻ യുദ്ധം ഓർത്തെടുക്കുകയായിരുന്നു ദ്യോക്കോ. യുദ്ധത്തിന്റെ തീച്ചൂളയിൽ പോരാടി വളർന്ന കുഞ്ഞു ദ്യോക്കോവിന് പിന്നീട് ടെന്നീസ് കോർട്ടിൽ നേരിട്ട വെല്ലുവിളികളും സമ്മർദ്ദങ്ങളും തന്റെ മനോധൈര്യത്തെ പോറൽ ഏൽപ്പിക്കാൻ പോന്നതായിരുന്നില്ല.

പത്തൊമ്പതാം ഗ്രാൻഡ് സ്‌ലാം റോളങ് ഗാരോയിലെ കളിമൺ കോർട്ടിൽ നേടി ട്രോഫിയിൽ മുത്തമിട്ട് നിൽക്കുമ്പോൾ റോഡ് ലെവർക്കും, റോയ് എമെഴ്‌സനും ശേഷം ടെന്നീസ് ചരിത്രത്തിൽ തന്നെ രണ്ടു തവണ കരിയർ ഗ്രാൻഡ് സ്‌ലാം നേടുന്ന താരം എന്ന ബഹുമതി സ്വന്തമാക്കുകയായിരുന്നു ദ്യോകോവിച് എന്ന സെര്ബിയക്കാരൻ!

ഈ വർഷം ഇതിനകം ഓസ്ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും സ്വന്തം ഷെൽഫിൽ എത്തിച്ച ദ്യോകോയുടെ അടുത്ത ലക്ഷ്യം വിംബിൾഡൺ ആണ്. വിംബിള്‍ഡണ്‍ ഒരുങ്ങാനായി ഫ്രഞ്ച് ഓപ്പണിൽ നിന്ന് ഇടയ്ക്ക് വെച്ച് പിന്മാറിയ ഫെഡറർ സെന്റർ കോർട്ടിലെ പുൽത്തകിടിയിൽ ദ്യോക്കോവിച്ചിനെ കാത്തിരിപ്പുണ്ട്. പക്ഷെ ഇന്നത്തെ ഫോമിൽ ദ്യോകോവിച്ചിനെ പരാജയപ്പെടുത്താൻ ഫെഡററിനു തന്റെ ആവനാഴിയിലെ മുഴുവൻ ആയുധങ്ങളും പുറത്തെടുക്കേണ്ടി വരും. ഈ വർഷം ഗോൾഡൻ സ്‌ലാം ലക്ഷ്യം വെയ്ക്കുന്ന ദ്യോകോവിച് ഫെഡററിന്റെ വെല്ലുവിളി മറികടക്കുമെന്നാണ് ടെന്നീസ് ലോകം കരുതുന്നത്.

ഫെഡററിന്റെ കളിയുടെ വശ്യതയോ നാദാലെന്ന പോരാളിയുടെ ചടുലതയോ പവർ ഗെയിമോ നിങ്ങൾക്ക് ദ്യോകോവിച്ചിന്റെ കളിയിൽ കാണാൻ കഴിയില്ല. എതിരാളികൾക്കും കാണികൾക്കും അയാളൊരു കൂൾ കസ്റ്റമറാണ് . വലിയ ആവേശമൊന്നും മാച്ചിന്റെ തുടക്കത്തിൽ കണ്ടെന്നും വരില്ല. ഇയാളിപ്പോ തോറ്റു പുറത്താവും എന്ന് എതിരാളിയും കാണികളും ചിന്തിച്ചു തുടങ്ങുന്നതും അടുത്ത നിമിഷം ദ്യോകോവിച് എതിരാളിയുടെ സർവീസ് ബ്രേക്ക്‌ ചെയ്യുന്നതും ഒരുമിച്ചായിരിക്കും. നിങ്ങൾക്ക് അയാളെ സ്ട്രൈറ്റ് സെറ്റിൽ പരാജയപ്പെടുത്താനാകുമോ? എങ്കിൽ നല്ലത്. അല്ലെങ്കിൽ പിന്നെ പൊരുതി നോക്കാമെന്നു മാത്രം വലിയ പ്രതീക്ഷയൊന്നും വേണ്ട. കളി പുരോഗമിക്കുന്തോറും കരുത്തനായിക്കൊണ്ടേയിരിക്കും ദ്യോക്കോ..!

ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെ ഏറ്റവും നിർണായകമായത് മൂന്നാം സെറ്റിലെ നാലാം പോയിന്റാണ്. ആറ് തവണ ഡ്യൂസിൽ വന്ന ആ പോയിന്റ് എതിരാളിയുടെ സർവ് തകർത്തു ദ്യോകോവിച് നേടി. പിന്നെ റോളങ് ഗാരോയിൽ കണ്ടത് സർവീസ് റിട്ടേണിന്റെ അപ്പോസ്തലനായ ദ്യോകോവിച്ചിന്റെ വിശ്വരൂപമാണ്. അതുവരെ എയ്സുകളുടെ ബലത്തിൽ ലോക ഒന്നാം നമ്പറിനെ വിറപ്പിച്ച സ്റ്റീഫനോസിന് പിന്നെ അടിപതറി. കരുത്തുറ്റ സർവീസ് റിട്ടേണുകളും, അഴകാർന്ന പ്ലേസ്മെന്റുകളും ദ്യോകോവിച്ചിന്റെ റാക്കറ്റിൽ നിന്ന് നിർബാധം ഒഴുകി. പിന്നെയെല്ലാം ചടങ്ങായിരുന്നു. ദ്യോകോവിച്ചിന്റെ പരിചയ സമ്പന്നതയ്ക്കും സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്തിനും മുന്നിൽ സ്റ്റിഫാനോസിന്റെ യുവത്വത്തിന് ഒന്നും ചെയ്യാനുണ്ടായില്ല.

ഇപ്പോ 34-ൽ എത്തിനിൽക്കുന്ന ദ്യോകോവിച്ചിന് മൂന്നോ നാലോ വർഷം കൂടി ഇതേ അളവിൽ കളിക്കാൻ സാധിക്കും. അതിനു തക്ക ഫിറ്റ്‌നസ് അദ്ദേഹത്തിനുണ്ട്. 25 ഗ്രാൻഡ് സ്‌ലാം എന്ന അപൂർവ നേട്ടം അകലെയല്ലെന്ന് സാരം. സമകാലികരായ ഫെഡററിന്റെയോ, നദാലിന്റെയോ ഫാൻ ബേസ് ദ്യോകോവിച്ചിനില്ല. പക്ഷെ വർഷങ്ങൾക്കപ്പുറം കിരീട നേട്ടങ്ങളുടെ കണക്കെടുക്കുമ്പോൾ ദ്യോകോവിച്ചിന്റെ തട്ടിനു കനം കൂടുതലായിരിക്കും, അതിൽ എതിരാളികൾക്ക് പോലും സംശയമുണ്ടാകില്ല.

Comments
Print Friendly, PDF & Email

You may also like