പൂമുഖം LITERATUREകവിത ലിലിത്ത്

ലിലിത്ത്

മാത്യൂസിൻ്റെ കാമുകിയായിരുന്നു
ലിലിത്ത്
വിഷാദത്തോടൊപ്പം
കടുത്തകാപ്പി മധുരമിടാതെ
രസിച്ച് കുടിക്കുന്നവൾ.

പുസ്തകങ്ങൾക്ക് നടുവിൽ
വലത്തുകാൽ ഇടത്തുകാലിനു
മുകളിലുയർത്തിവച്ച്
രാത്രിയുടെ നിറമുള്ള ഉടുപ്പിട്ട്
മുടിയഴിച്ചിട്ട് കുലുങ്ങിച്ചിരിക്കുന്ന ലിലിത്ത്.

മാത്യൂസേ നിങ്ങളെന്നെ ശരിക്കും സ്നേഹിക്കുന്നുവോയെന്ന്
കത്തുന്ന ചുംബനങ്ങൾക്കൊടുവിലവൾ
അലസമായ് ചോദിക്കും
സിഗരറ്റിൻ്റെ മണമുള്ളൊരു ചിരിചിരിച്ച്
മാത്യൂസപ്പോൾ വെറുതേയിരിക്കും.

“If suddenly
you forget me
do not look for me”….
എന്ന കവിത ഉറക്കെ ചൊല്ലുമ്പോൾ
അടുത്ത വരിമറന്ന്
ഒരിക്കൽ ലിലിത്തിന് ശ്വാസംമുട്ടി
‘നിനക്ക് കിറുക്കാ’ ണെന്ന് പിറുപിറുത്ത്
മാത്യൂസ്
പൊള്ളുന്ന കാപ്പി വലിച്ചുകുടിച്ചു.

രാത്രിയുടെ നിറമുള്ള ഉടുപ്പുകളാണ്
തനിക്കേറ്റവുമിഷ്ടമുള്ളതെന്നോർ –
ത്തെടുക്കാനാകാതെ
ഒരു പകൽ മുഴുവൻ ലിലിത്തിരുന്നു,
മാത്യൂസന്നേരം
അവളുടെ നീണ്ടമുടിയിൽ
കുരുക്കുകളിട്ട് തമാശകാണിച്ചു.

അടുത്ത പ്രണയദിനത്തിൽ
ചുവന്ന പൂക്കളുമായടുത്തുവന്ന
മാത്യൂസിനോട്
നിങ്ങളാരായിരുന്നുവെന്ന്
ലിലിത്ത് പുരികം വളച്ച് ചോദിച്ചു.

കണ്ണുനിറച്ച്
നിന്നെ ഞാൻ സ്നേഹിക്കാനാഗ്രഹിക്കുന്നുവെന്നു പറഞ്ഞ്
മാത്യൂസന്നേരമൊരു മാജിക്കുകാരനായി.

ലിലിത്തിനപ്പോഴും
വിഷാദത്തിൻ്റേയും
കടുത്ത കാപ്പിയുടേയും മണമായിരുന്നു.

Comments
Print Friendly, PDF & Email

You may also like