പൂമുഖം LITERATUREകവിത ഒന്നാമത്തെ പ്ലാറ്റ്ഫോം

ഒന്നാമത്തെ പ്ലാറ്റ്ഫോം

ഉത്തര പ്രദേശത്തിലേക്ക് രണ്ടു ടിക്കറ്റെടുത്തവരാണ്
പ്ലാറ്റ്ഫോറത്തിലിരിക്കുന്നത്

ഇവിടെ ഇത്രനേരം ഇരിക്കരുതെന്ന് വിലക്കി പോലീസ്
നാളെ പോകാനുള്ളവർക്ക് വീടില്ലേ? ലോഡ്ജില്ലേ? എന്നും തിരക്കി

വീടു വിട്ടു. ലോഡ്ജ് ആവശ്യമില്ലെന്നും പറഞ്ഞു.
വീടിൻ്റെ പ്രശ്നം പരിഹരിക്കാമെന്നായി പോലീസ്

ഉപകാരം ചെയ്ത് ഉപദ്രവിക്കരുതെന്നവരും
ഭാര്യാ ഭർത്താക്കൻമാരല്ലേ
താനായിട്ടിനി തല വെക്കല്ലേ!
എന്നൊരപേക്ഷയും പറഞ്ഞ് അയാളുമകന്നു

അങ്ങിനെ അവരന്നും പിറ്റേന്നും അവിടെക്കൂടി

നായ്ക്കൾക്കും കാക്കയ്ക്കും പൂച്ചയ്ക്കും
പാലും, റസ്കും കൊടുത്തു
അവർ മിണ്ടിപ്പറഞ്ഞിരുന്നു

അയാൾ ഭർത്താവായിരുന്നു
അവർ; ആ സ്ത്രീ, ഭാര്യയുമായിരുന്നു
മറ്റാരുടെയെന്നായിരുന്നു ഇന്നലെവരെ

നാട്ടുകാർ
വീട്ടുകാർ
ജാതി
സമ്പത്ത്
പ്രായം
നാൾ
പൊരുത്തങ്ങൾ നോക്കി ബന്ധപ്പെടുത്തിയ
കൂട്ടുകക്ഷികൾ

വീടുകളായി
കുടുംബങ്ങളായി
കൊടുക്കൽ വാങ്ങലുകളായി
ആചാരങ്ങളായി
മര്യാദകളായി
ചടങ്ങുകളായി
കാമുകിയെ മാറ്റി നിർത്തി
കാമുകനെ മാറ്റി നിർത്തി

വീട്ടുകാരിയായി
വീട്ടുകാരനായി
മക്കളായി
പഠിപ്പിച്ചു വളർന്നു
അവർക്കു വേണ്ടി വീട്ടുകാരോടു തർക്കിച്ചു വീടു വെച്ചു
ഒടുവിൽ മക്കളുടെ പുതിയ വീടിനു പാലുകാച്ചലിനു
സാക്ഷിയുമായി
ഇരിക്കുന്ന വീടിൻ്റെ കടം വീട്ടാൻ
ബാങ്കിൻ്റെ മുന്നിൽ
നാണംകെട്ട നിമിഷത്തിലയാൾ
പടി കടന്നു

അന്യദേശത്തു പാർക്കാൻ പോയ മകളെവിട്ട് അവരും

അലക്ഷ്യമായ യാത്രയിൽ
ഒരു ചുവന്ന വെളിച്ചത്തിലാണയാൾ
അവരെ കണ്ടതും പിടിച്ചു മാറ്റിയതും
ആ വെളിച്ചത്തിലേക്കയാളും
നടന്നു ചെന്നതായിരുന്നു

വടക്കോട്ടുള്ള വണ്ടിയിലേക്കൊരു
ടിക്കറ്റെടുത്തവർ കാത്തിരുന്നു

യാത്രയാക്കാൻ രണ്ടു നായ്ക്കളും നിറവയറുള്ള
ഒരു പൂച്ചയും അവർക്കടുത്തു തന്നെയുണ്ടായിരുന്നു
ഉറക്കം വരും വരെ അവർ മിണ്ടിപ്പറഞ്ഞിരുന്നു

Comments
Print Friendly, PDF & Email

You may also like