പൂമുഖം LITERATUREലേഖനം ഉയർപ്പിൻറെ നാളുകൾക്കായി : കോൺഗ്രസ്സ് എന്ന വികാരം

ഉയർപ്പിൻറെ നാളുകൾക്കായി : കോൺഗ്രസ്സ് എന്ന വികാരം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

പലതരം ഉത്തേജക പാക്കേജുകളുടെ കാലത്താണ് നാം ഇന്ന് ജീവിക്കുന്നത് . അങ്ങിനെ ഒരു ഉത്തേജക പാക്കേജ് മതിയാവുമോ കോൺഗ്രസ്സിനെ ഒന്നുണർത്തി, പഴയ പ്രതാപത്തിലല്ലെങ്കിൽ പോലും, ഒരു പ്രതീക്ഷയാക്കി മാറ്റാൻ ? ഒരു കായകല്പ ചികിത്സാ പാക്കേജ് ആണ് സങ്കല്പത്തിൽ എങ്കിൽ ആ പാക്കേജിൽ നാം എന്തെല്ലാം കരുതണം ? അത്ര എളുപ്പമല്ല ഈ പ്രക്രിയ എന്നറിയാം . എങ്കിലും നമ്മുടെ നാടിനെ നാശത്തിലേക്ക് നയിക്കുന്ന മത തീവ്രവാദികളെ, വർഗ്ഗീയത വിറ്റ് ജീവിക്കുന്നവരെ, കശക്കി എറിയാൻ ഈ പ്രസ്ഥാനം ഉണർന്നെഴുന്നേറ്റേ പറ്റൂ. അതിന് ഒരാളോ പത്ത് പേരോ വിചാരിച്ചാൽ പോര; ഭാരതത്തിലെ കോടിക്കണക്കിന് ജനം ഒത്തൊരുമയോടെ നിൽക്കണം.

കോൺഗ്രസ്സ് എന്ന പാർട്ടി വിവിധങ്ങളായ ആശയങ്ങളുടെ സംഗമവേദിയാണ് . തെറ്റും ശരിയും കാണാമതിൽ . ശരികളെ ഉൾക്കൊണ്ട് തെറ്റുകളെ തിരുത്തിയാണ് ആ പാർട്ടി വളർന്ന് മുന്നേറിയത് . ഇനിയും അങ്ങനെത്തന്നെ വേണം താനും . ആർ എസ് എസ് നെയോ സിപിഎം നെയോ പോലെ കേഡർ സംവിധാനം അല്ലാത്തതിനാൽ പല തരം അഭിപ്രായങ്ങൾ പറയാനും കേൾക്കാനും ഇവിടെ സാധിക്കും , അതായത് ഭാരതമെന്ന ജനാധിപത്യ രാജ്യത്തിന് ചേരുന്ന പാർട്ടി , അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കല്പിക്കുന്ന രാഷ്ട്രീയ കൂട്ടായ്മ. ഇവ എല്ലാം പിൻപറ്റിയാകും നമ്മിൽ പലരും ഇതിൽ മനസ്സ്കൊണ്ട് ചേർന്ന് നിൽക്കുന്നതും.

മതം എന്ന രണ്ടക്ഷരം എല്ലാ മേഖലകളിലും നിറഞ്ഞാടുമ്പോൾ ഞങ്ങൾ മതേതരരാണ് എന്ന രാഷ്ട്ര ശില്പിയുടെ ചിന്ത എത്രത്തോളം പ്രായോഗികമാണ് കോൺഗ്രസ്സിനെ സംബന്ധിച്ച് ? നെഹ്രുവിയൻ ആശയങ്ങളെ പിന്തുടരുമ്പോഴും കാലികമായ മാറ്റങ്ങൾക്ക് നാം തയ്യാറാവണം . 1946 ൽ നെഹ്രുജി വി കെ കൃഷ്ണമേനോന് ലണ്ടനിലേക്ക് അയച്ച കത്തിൽ പറയുന്നുണ്ട് വർഗീയത തന്നെയാണ് നമ്മുടെ ഭാഗത്തുനിന്നുള്ള യഥാർത്ഥ വൈഷമ്യമെന്ന്. മതത്തെ വളരെ ആശ്രയിച്ച് വീണ്ടും അധികാരത്തിലെത്തിയ കേരള CPM അണികൾ പലപ്പോഴും പറയാറുണ്ട് കോൺഗ്രസ്സ് മതേതരം എന്ന വാക്ക് എവിടെയോ ഉപേക്ഷിച്ചെന്ന് , തിരിച്ചൊരു ചോദ്യം അവരോടും ആവാം കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന നിങ്ങൾക്കും മതവും വർഗ്ഗീയതയും തന്നെ അല്ലേ എപ്പോഴും ഇപ്പോഴും ആശ്രയം എന്ന്.

പറഞ്ഞു വന്നത് ഇതാണ് : ഇന്നത്തെ ഭാരതത്തിൽ മതേതര കോൺഗ്രസ്സ് അത്ര വിജയിക്കില്ല മത തുല്യതയിൽ ഊന്നിയാവണം ഓരോ നയരൂപീകരണവും . എല്ലാം മതങ്ങൾക്കും തുല്യ പ്രാധാന്യം നൽകി മുന്നോട്ട് എന്നതാവണം കോൺഗ്രസ്സ് നയം . മതപ്രീണനം അവിടെ വരാൻ പാടില്ല; ചേർത്ത് പറയാം ജാതി പ്രീണനവും. സാമുദായികമായി പിന്നോക്കം നിൽക്കുന്നവരെ ചേർത്ത് പിടിക്കാൻ നാം മുന്നിലുണ്ടാവണം, സാമ്പത്തിക പിന്നോക്കാവസ്ഥ മറക്കാനും പാടില്ല. സംവരണ വിഷയത്തിൽ മതപരമായും ജാതീയമായും സാമ്പത്തികമായും പിന്നണിയിലുള്ളവരെ വേണം താങ്ങിനിറുത്തേണ്ടത്.

അടുത്തതായി പാർട്ടിയുടെ ഘടനാ മാറ്റം . പാർട്ടിയുടെ നിർജീവമായ താഴെ തട്ട് പുനരുജ്ജീവിപ്പിക്കാൻ യൂത്ത്ബ്രിഗേഡ് രൂപികരിച്ച് അവർ സമൂഹത്തിലേക്ക് ഇറങ്ങണം . ഒരു ശ്രീനിവാസ് മാത്രം പോര അതിന്. നിരവധി ശ്രീനിവാസൻമാരുടെ നിര എല്ലാ സംസ്ഥാനങ്ങളിലും സജ്ജമാക്കണം. താഴെ തട്ട് അനങ്ങിയാൽ മാത്രമേ പാർട്ടിക്ക് നില നില്പുള്ളു. അതാവണം പ്രഥമ പരിഗണനയിൽ വേണ്ടത്. സേവാ ദൾ ഓർമയിലുണ്ട്.

പാർട്ടിയുടെ നയങ്ങളും കാലാകാലങ്ങളായി നടപ്പിലാക്കിയ ജനോപകാര പദ്ധതികളും ജനങ്ങൾ അറിയാതെ പോകാൻ പാടില്ല. അതിനായി സംസ്ഥാനങ്ങൾ തോറും കൺവെൻഷൻ സംഘടിപ്പിക്കണം, അത് സംസ്ഥാനങ്ങൾ കേന്ദ്ര നേതൃത്വവുമായി ചേർന്ന് വേണം നടപ്പാക്കാൻ. അതിൽ താഴെ തട്ടിനുള്ള റോൾ നിർണായകമാണ്.

സംഘടനാ തിരഞ്ഞെടുപ്പ് നടന്നാൽ മാത്രമേ ഇതെല്ലാം കുറ്റമറ്റതാകൂ പക്ഷെ അതിന് കാലതാമസം ഉണ്ട്. 2024 ആകാൻ ഇനി അധികം സമയം ഇല്ല. ഇപ്പോഴേ അനങ്ങിത്തുടങ്ങിയാൽ മാത്രമേ ആ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും അത്ഭുതങ്ങൾ നടക്കൂ . അതില്ലാ എങ്കിൽ ഈ രാജ്യം ഏതവസ്ഥയിലാകും?

പ്രതിപക്ഷത്തെ എല്ലാ ഈർക്കിൽ പാർട്ടികളുടേയും സ്വപ്നം PM ചെയറാണ് . അവിടെ ഒരു ഐക്യം സൃഷ്ടിച്ച് അവരെ നയിക്കാൻ ഈ ദേശീയ പാർട്ടിക്കേ കഴിയൂ . ഇതവരെ മനസ്സിലാക്കി മുന്നിൽ നിന്ന് നയിക്കണം. അതിനുള്ള നീക്കങ്ങൾ അനിവാര്യമാണ്.

ലോകസഭാ സ്ഥാനാർത്ഥികളെ കഴിവതും ഉടനെ തീരുമാനിച്ച് ജനങ്ങളോടിടപെടാൻ അവരെ സജ്ജരാക്കണം. അവസാന നിമിഷ തീരുമാനങ്ങൾക്ക് വലിയ വിലയാണ് നാം നൽകേണ്ടി വരുന്നത്. കഴിഞ്ഞ കേരള തിരഞ്ഞെടുപ്പിൽ നാമത് കണ്ടതാണ്. മുന്നൊരുക്കങ്ങൾക്ക് വലിയ പ്രാധാന്യം നൽകുക തന്നെ വേണം. ആമയും മുയലും കഥയിലെ ആമയുടെ ജയം മാറിയ കാലാവസ്ഥയിൽ സംഭവ്യമല്ല. ഉണർന്ന്പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു.

വ്യക്തികളല്ല പ്രസ്ഥാനമാണ് വലുതെന്ന ചിന്ത എല്ലാവരിലുംഎത്തിക്കുക, അതനുസരിച്ച് ഗ്രൂപ്പ് കളികൾക്ക് അവധി നൽകി രാജ്യത്തെ കുറിച്ച് മാത്രം ചിന്തിക്കുക. രാജ്യമില്ലെങ്കിൽ പിന്നെ പാർട്ടികൾക്ക് എന്ത് പ്രസക്തി ?

കേന്ദ്ര ഭരണത്തിലെ പാളിച്ചകൾ ജനത്തിന്റെ മുമ്പിൽ തുറന്ന്കാട്ടാൻ ഒരു രാഹുലോ പ്രിയങ്കയോ മാത്രം പോര, സംസ്ഥാനനേതൃത്വങ്ങൾക്കൊപ്പം കേന്ദ്ര നേതാക്കളും അണികളോടൊപ്പം ഇറങ്ങണം. ഖദറിലെ ചുളിവ് അതിന് തടസ്സമാകരുത്. ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്റെ ഭരണ പരാജയങ്ങൾ പ്രത്യേകിച്ച് കോവിഡ് നേരിട്ടതിലെ പരാജയം, വില കയറ്റം, തൊഴിലില്ലായ്മ, ബംഗാൾ യുദ്ധം തുടങ്ങി GDP ഇടിവ് വരെ ലളിതമായ രീതിയിൽ പറഞ്ഞ് ജനത്തെ മനസ്സിലാക്കണം. രാമക്ഷേത്രത്തിനും ബാബ്റി മസ്ജിദിനുമപ്പുറം മനുഷ്യന്റെ വിശപ്പകറ്റലാണ് പ്രധാനം, ആ ചിന്തയിലേക്ക് ജനത്തെ നയിക്കാൻ പറ്റണം, അവരെ ചിന്തിക്കാൻ പ്രാപ്തരാക്കണം. അതിന് ജനത്തിനിടയിലിറങ്ങി പ്രവർത്തിക്കാൻ പറ്റിയവർ വരണം.

പാർട്ടിയുടെ ഏറ്റവും ആകർഷകമായ ന്യായ് പദ്ധതിയെ കുറിച്ച് സംസാരിക്കാൻ പാർട്ടിയിൽ എത്ര പേർക്ക് സാധിക്കും? പഠനശിബിരങ്ങളോ ചർച്ചകളോ ഒന്നും തന്നെ നടക്കുന്നില്ല. എന്റെ പഠന കാലത്ത് ചരൽകുന്നിലെ കെ എസ് യു സംഗമം വായിച്ച ഓർമയുണ്ട്. ഇപ്പോൾ അത്തരത്തിൽ എന്തെങ്കിലും നടക്കാറുണ്ടോ ? തികച്ചും നിർജീവമായ അവസ്ഥ.

അടുത്തതായി സൈബർ ലോകം. കേരളത്തിൽ ഇത്തവണത്തെ എൽ ഡി എഫ് വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് സൈബർ പോരാളികളാണ്. മാറിയ കാലഘട്ടത്തിൽ ഇതിനോട് അകലം പാലിച്ചിട്ട് കാര്യമില്ല. ഭാരതത്തിലെ ആധുനിക വാർത്താവിനിമയം തൊട്ടുള്ള സാങ്കേതിക വികസനത്തിന്റെ തലതൊട്ടപ്പന്മാരായ ബി ജെ പി യെ വെച്ചു നോക്കുമ്പോൾ വളരെ പിന്നിലാണ് സാങ്കേതിക വിദ്യാ ഉപയോഗത്തിൽ കോൺഗ്രസ്സ്. അതിന്റെ പല പോരായ്മകളും മൊത്തം പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഐ ടി സെൽ ശക്തിപ്പെടണം. എന്നാലെ തിരിച്ച് വരവിന് ആക്കം കൂടുകയുള്ളു.

നോട്ട് നിരോധിച്ച് കള്ളപ്പണം പിടിച്ചെടുത്തു എന്ന് അവകാശപ്പെടുന്ന ബി ജെ പി ആ നീക്കത്തിലൂടെ കോൺഗ്രസ്സിന്റെ വളർച്ചയാണ് തകർക്കാൻ ശ്രമിച്ചത്, ഏറെക്കുറെ അവരതിൽ വിജയിച്ചു. കോൺഗ്രസ്സ് മുക്ത ഭാരതം എന്ന ബി ജെ പി സ്വപ്നത്തിന് വളമേകാനാണ് മറ്റ് പ്രതിപക്ഷ സംഘടനകളും നില കൊള്ളുന്നത്. അതിരില്ലാത്ത സമ്പത്തിന്റെ ഉടമകളായ ബി ജെ പിയെ എതിരിടാൻ തക്ക സമ്പത്തില്ല എന്നോർത്ത് പതറാതെ തന്ത്രങ്ങളിലൂടെ അവരെ തകർക്കാൻ പറ്റിയ ചാണക്യൻമാരാണ് പാർട്ടിക്ക് വേണ്ടത് മദ്ധ്യപ്രദേശിലെ നഷ്ടം ചാണക്യതന്ത്രം രൂപപ്പെടുത്തുന്നതിൽ വന്ന വീഴ്ചയാണ്.

പഴയ തലമുറ സ്വമേധയാ മാറി നിന്ന് വേണ്ട ഉപദേശങ്ങൾ മാത്രം കൊടുത്ത് ഒരു കഴിവുറ്റ നേതൃനിര ഉയർന്നു വരാൻ വേണ്ട സഹായ സഹകരണങ്ങൾ നൽകുകയാണ് വേണ്ടത്. ശത്രു നിസ്സാരനല്ല എന്ന ബോദ്ധ്യത്തിൽ പട നയിക്കാൻ കെല്പുള്ള ഒരു സംഘം വേണം പാർട്ടിയെ നയിക്കാൻ. സ്വന്തം കീശ മാത്രം ചിന്തിക്കുന്ന നേതാക്കൾ ഇവിടെ ആവശ്യമില്ല. വർദ്ധിത ഊർജത്തോടെ പ്രവർത്തിക്കാൻ പറ്റിയവർ മതി എന്ന് തീരുമാനിക്കണം. പാർട്ടിയെ മുന്നിൽ നിന്ന് നയിക്കാൻ രാഹുലിന് കഴിയും. പക്ഷെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞാൽ പിന്നെ പതറരുത്. ശത്രുക്കൾ എന്ത് പറഞ്ഞാലും ആൾക്കൂട്ടത്തെ ആകർഷിക്കാൻ രാഹുലിന് കഴിയുന്നുണ്ട്. അത് ജനഹിതം ആക്കി മാറ്റാനുള്ള കഴിവാണ് ആർജിക്കേണ്ടത്. അതിന് നേരത്തെ സൂചിപ്പിച്ച പോലെ ഒരു ശക്തമായ പിൻനിര വേണം പൂർണ്ണ പിന്തുണയുമായി . കൂടാതെ തുറന്ന മനസ്സോടെ വിമർശനങ്ങൾ കേട്ട് അത് പാറ്റി കൊഴിച്ച് വേണ്ടത് മാത്രം സ്വീകരിക്കാനും കഴിയണം.

ഉപജാപക വൃന്ദത്തെ മാറ്റി നിറുത്തി യുക്തിചിന്തയോടെ പരാതികൾ കേട്ട് വേണ്ട നീക്കങ്ങൾ നടത്തിയിരുന്നെങ്കിൽ ആസ്സാം ഒരുപക്ഷേ ഇത്തവണ പിടിച്ചെടുക്കാമായിരുന്നു. ആ പാളിച്ച ഒരു പാഠമായി എടുത്ത് അണികളെ കേൾക്കാനുള്ള മനസ്സ് നേതൃത്വത്തിൽ വളർന്ന് വരേണ്ടത് അത്യാവശ്യമാണ്. അത് പാർട്ടിക്ക് ഇന്ന് അന്യമാണ്. അതൊരു വലിയ വീഴ്ച തന്നെ.

വനിതകളെ ചേർത്ത് നിറുത്തുന്നതിലും ധാരാളം പാളിച്ചകളുണ്ട്. പ്രിയങ്ക അതിന്റെ ചുമതലക്കാരിയായി മാറിയാൽ തീർച്ചയായും മാറ്റങ്ങൾ വരും. ഇതിലുൾപ്പെടെ എല്ലാ കാര്യങ്ങളിലും ഏകോപനക്കുറവ് മുഴച്ചു നിൽക്കുന്നു.

അടുത്തതായി മാദ്ധ്യമങ്ങൾ. അവരെ ഇണക്കി നിറുത്തേണ്ടത് വളരെ ആവശ്യം തന്നെ . പക്ഷെ അവർ പാർട്ടിയുടെ ജിഹ്വയായി മാറാൻ അനുവദിക്കരുത്, അവർ പറയുന്ന കഥകളിലെ കഥാപാത്രങ്ങളാവാൻ നേതാക്കൾ നിന്നു കൊടുക്കരുത്. ജനാധിപത്യ സംവിധാനമാണെങ്കിലും മിതത്വം പാലിക്കണം മാദ്ധ്യമങ്ങളോടുള്ള ഇടപെടലിൽ.

ആശയ ബാഹുല്യത്തിൽ നിന്ന് നേരും നെറിവും ഉള്ളവ കണ്ടെത്തി ജനഹിതമനുസരിച്ച് നിൽക്കാൻ പാർട്ടിക്ക് സാധിച്ചാൽ തീർച്ചയായും ഒരു മടങ്ങി വരവ് സാധിക്കും, അല്ല സാധിക്കണം. അതാണ് യഥാർത്ഥ ദേശ സ്നേഹിയുടെ പ്രാർത്ഥന.

കേരളത്തിനും ബാധകമാണ് മേൽ പറഞ്ഞ എല്ലാം. ഒപ്പം തന്നെ ചേർക്കട്ടെ ഭരണ രംഗത്തെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടി ജനത്തെ അത് ബോദ്ധ്യപ്പെടുത്താൻ ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് വേണ്ടത്, ഗ്രൂപ്പല്ല പാർട്ടിയാണ് വലുതെന്ന് ഉള്ള ചിന്ത അവരിൽ രൂഢമൂലമായാലേ മടങ്ങിവരവ് സാധ്യമാകൂ.

Comments
Print Friendly, PDF & Email

You may also like