വേദന തോന്നുന്നു
വിവാഹമോതിരം കൊണ്ട്
മുറിഞ്ഞ വിരലിൽ നിന്ന്
പാത തോറും ചുവന്ന നൂൽ വീഴ്ത്തി
ഒരു വധു കാറിൽ പോകുന്നു എന്ന്
മാർക്വിസിനെ വായിച്ചതോർത്ത്
ദൂരെ നീലയിൽ
ഒരു തിര ‘ഹാ’ എന്ന് മുഖമടച്ച്
മണലിൽ വന്നു വീഴുന്ന ശബ്ദം
ഇങ്ങ് പാറക്കെട്ടിൽ നിന്ന് കേട്ടതോർത്ത്
പാറകളിൽ അത് നടുക്കി
ഒരു കവി സ്വന്തം ദുരന്തത്തെ
ചുരുട്ടി കറിയിൽ മുക്കി
സാവധാനം തിന്നുന്നു
എന്നിപ്പോളെഴുതുമ്പോഴും വേദന തോന്നുന്നു
വെള്ളപ്പുക തുപ്പിക്കൊണ്ട്
ഒരു കുരിശ്
ആകാശത്തൂടെപ്പോയത് കണ്ടിട്ടില്ലേ
ഈന്ത് നിൽക്കുന്നിടത്തെ
ചപ്പിലക്കാട്ടിൽ വീണ ചക്ക
വണ്ടുകൾ തിന്നുതുടങ്ങിയത് കണ്ടിട്ടില്ലേ
ഞായറാഴ്ച ഹാർബറിലെ
വെളുത്ത പലകകളിൽ വന്നിരിക്കുന്ന
കടൽപ്പക്ഷികളെക്കണ്ടുകൊണ്ട്
ഞാനിത് കുറിക്കുന്നു
അവധി ദിവസം കൊണ്ട് നിൻ്റെ കയ്യിലെ
ഞരമ്പ് ഞാൻ മുറിക്കും
ബോഗികളിൽ S 1 S 2 എന്ന നമ്പരുകളിൽ
പുഴവെയിൽ വെട്ടി വെട്ടിപ്പോകുന്നത്
കണ്ട് ഞാൻ തിരിച്ച് പോകും
നിന്നെക്കാണാൻ വരില്ല
ഞാനെൻ്റെ മകൾക്ക്
കാസറോളിൽ അപ്പവുമായി ആശുപത്രിയിൽ പോകും
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ പനമറ്റം എന്ന സ്ഥലത്ത് താമസിക്കുന്നു. പാലാ താലൂക്ക് സപ്ലൈ ആഫീസറായി ജോലി ചെയ്യുന്നു.