പൂമുഖം LITERATUREകഥ സീതയുടെ സ്വന്തം നാരകത്തെക്കുറിച്ച്

സീതയുടെ സ്വന്തം നാരകത്തെക്കുറിച്ച്

ഏറെ വർഷങ്ങൾക്കു മുൻപാണ് വീട്ടുപറമ്പിനേറ്റവുമറ്റത്തൊരു കോണിലായി ഒരു നാരകമുണ്ട്. മണമുള്ള ഇലകളും കൂർത്ത മുള്ളുകളും അതിനു ചുവട്ടിൽ പൊഴിഞ്ഞു കിടപ്പുണ്ടാകും. നാരകത്തിന്റെയില കയ്യിലെടുത്തൊന്നു ഞെരടി ആ ഗന്ധമാവോളം ആസ്വദിക്കുക സീതക്കെന്നും ഏറെ ഇഷ്ടമായിരുന്നു. രൂക്ഷവും നാസികയിലേക്ക് തുളച്ചു കേറുന്നതും ആയ സുഗന്ധങ്ങളോട് വല്ലാത്തൊരു പ്രിയമാണവൾക്ക്. വർഷങ്ങൾ കഴിഞ്ഞു കൈതപ്പൂമണമുള്ള അത്തറുഗന്ധം പട്ടണത്തിലെ കടകളിൽതേടി നടന്നിട്ടുണ്ടവൾ. പണ്ട് അമ്മൂമ്മമാരുടെ മുണ്ടു പെട്ടികളിൽഏറ്റവും നല്ല തുണികളിൽ ഒളിച്ചിരിക്കുന്ന സുഗന്ധങ്ങൾ!

ഒരു വേനലവധിയായിരുന്നു അന്ന്. പൊടുന്നനെ വന്നുപോയൊരു മഴ മണ്ണിനെ നനച്ചു കുതിർത്തിയിട്ടിരുന്നു. നാരകച്ചോടിന്റെയടുത്തായിരുന്നന്ന് കുട്ടിക്കൂട്ടം പുളിയാങ്കുത്തി കളിച്ചിരുന്നത്. ആരും കാണാത്തിടത്ത് കുമിളകൾ പോലെ പൂഴിമണ്ണ് നിരനിരയായി ഇട്ടിട്ടു പോകുക. ഒടുവിൽ കണ്ടെത്താത്തവയെണ്ണി നോക്കുക കൂടുതൽ പുള്ളിക്കുത്തിയവർ സമ്മാനം നേടുക. ഇങ്ങനെ ആ കൂട്ടുകാരുടെ ബാല്യത്തിൻറെ ഓർമ്മകളിലെന്നും മിന്നുന്നൊരു കളിയാണ് പുള്ളിയാങ്കുത്തി.

സീത നാരകച്ചോട്ടിലേക്ക് നടന്നു . പറ്റിയൊരു ഒളി സ്ഥലം കണ്ടെത്തി. പൂഴിമണ്ണ് തുണി സഞ്ചിയിൽ നിന്നുമെടുത്തു, അവിടോട്ട് രണ്ടടി വച്ചതേയുള്ളൂ …ആണി പോലൊരു നാരക മുള്ള് കാലിലേക്ക് തറച്ചു. സീത നിലവിളിച്ചു . കണ്ണുകൾ നിറഞ്ഞൊഴുകി. കൂട്ടുകാരെത്തുമ്പോഴേക്ക് മുള്ള് പാദത്തിന്റെ ഇപ്പുറത്തേക്ക് മുനപ്പ് കാട്ടി തറഞ്ഞു നിന്നു .

ചോരവാർന്നൊഴുകുന്നുണ്ട് സീത വല്ലാതെ തളർന്നു. അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോയി ആ മുള്ളെടുത്തു മരുന്നു വച്ചുകെട്ടി.

കുറച്ചു വർഷങ്ങൾ പിന്നിട്ടു. നാരകമുള്ളിന്റെ ഉണങ്ങിയ പാട് ആ വെളുത്ത പാദത്തിൽ കാണുമ്പോഴൊക്കെ സീത തന്റെ തറവാട്ടിലെത്തി പുള്ളി ശലഭം പോലെ പറമ്പാകെ പറന്നു നടക്കും.

ഒടുവിലാണ് നാരകം കാണുക. ആയിരം കടന്നൽ കുത്തിന്റെ കടച്ചിൽ പോലൊന്ന് ഓർമ്മവന്നു ഏറെ നേരമവളപ്പോൾ കരയുന്നത് കാണാം. ആണി മുള്ളു തറഞ്ഞ ഈ പാടില്ലെങ്കിൽ ഇത്ര എളുപ്പം നീ ബാല്യത്തിലും കൗമാരത്തിലും പോയി വരുമോ സുന്ദരി സീതക്കുട്ടി എന്ന് കൂട്ടുകാരി അവളോട് ഫോണിൽ മിണ്ടുമ്പോൾ ഇടയ്ക്കു കിന്നാരം പറയും.

കാലങ്ങൾ എത്ര പോയി പട്ടണത്തിൽ മുറ്റത്തേറെ സ്ഥലമില്ലാഞ്ഞിട്ടും സീത വലിയ ചെടിച്ചട്ടിയിൽ ഒരു നാരകം നട്ടു. ഇളംപച്ച മുള്ളുകൾ നിറഞ്ഞത് വളരുന്നുണ്ട്.

നാരകം വീട്ടിൽ വളർത്തേണ്ട ചെടിയാണോ?

ഇങ്ങനെ ചോദിച്ച ചോദ്യം മറുപടിയായി സീതയുടെ ഒരു നോട്ടം ആണ് ആദ്യം കണ്ടത് പിന്നെയതിന് സംശയങ്ങളുമില്ലായിരുന്നു .

എന്തു സുന്ദരമായ കാലുകളാ സീതേ നിന്റെ! പക്ഷേ ആ മുള്ളുപാട് തെളിഞ്ഞു കാണുന്നുണ്ടിപ്പോഴും.

ഈ ചോദ്യത്തോട് സീത മറുപടിയായി ഒന്നു പുഞ്ചിരിച്ചു.

ഇന്ന് മുറ്റത്തെ നാരക പച്ചയിൽ സീതയെന്നും വെള്ളമൊഴിക്കും. സീത ജനിച്ച അതേ ദിവസം തറവാട്ടിൽ താനേ പൊടിച്ചു വളർന്ന ആ നാരകത്തെ കുറിച്ചെഴുതിയകുറിപ്പുകൾ കൊണ്ട് നിറഞ്ഞ സീതയുടെ ഡയറി ഒരിക്കൽ ആരോ ഒളിഞ്ഞു വായിച്ചു. പുനർജന്മത്തെ കുറിച്ച് എഴുതിയ ഒരു എഴുത്തോല അടയാളം വച്ച ആ താളിന്റെ തുടക്കത്തിൽ ഒരു നാരകം പൂവിട്ടു നിന്നിരുന്നു .

ഒരു മഴക്കാലത്ത് ഒരേ ദിവസത്തിലാണ് ഞങ്ങളിരുവരും വർഷങ്ങൾക്കു മുൻപേ തന്നെ ജനിച്ചതെന്നു കുറിച്ചു തുടങ്ങിയ വിചിത്രമായൊരു കഥ വായിച്ചൊരു മനസ്സും അത് ഉള്ളിൽ സൂക്ഷിച്ചു.

സീതയുടെ കാലിൽ നാരക മുള്ളു തറഞ്ഞതെങ്ങിനെയെന്നറിഞ്ഞ ഒരാൾ അന്ന് മുതൽ അവിടെയുണ്ടായി. ആ രഹസ്യമാരുമറിയാതെയിരിക്കാൻ സീത അവൾക്കറിയാവുന്ന മന്ത്രംചൊല്ലി അവനെയൊരു നാരകച്ചെടിയാക്കി. സുഗന്ധമുള്ള പച്ചിലകളാൽ നിറഞ്ഞു ഇളം മുള്ളുകളാലിന്നതു വളരുന്നുണ്ട് .

പട്ടണത്തിലെ അവളുടെ വീട്ടുമുറ്റത്ത് അവർ ഒരുമിച്ചൊരു ജന്മത്തെ കഥ പറയുന്നുണ്ട്.

Comments
Print Friendly, PDF & Email

ആലുവ സ്വദേശി, പഠനവൈകല്യമുള്ള കുട്ടികൾക്ക് സ്പെഷ്യൽ കെയർ കൊടുക്കുന്നു.

You may also like