പൂമുഖം LITERATUREകഥ ചെളിയിലെ കുമിളകൾ

ചെളിയിലെ കുമിളകൾ

വിണ്ടുകിടക്കുന്ന പാടത്തെ, ചെളികൊണ്ടങ്ങു വിഴുങ്ങുന്ന മട്ടിലാണ് ഇടവത്തിലെ പെരുമഴ പെരുമാറുക. എന്നിട്ടത് ഏമ്പക്കം വിടും. അപ്പോൾ, ഒരുവക നാറ്റമങ്ങോട്ടു കാറ്റിൽക്കയറി വീട്ടിലേക്കെത്തും.

”ചത്ത മണം!”

കുട്ടി പറയും.

പക്ഷേ, അപ്പോഴാണ് പാടത്ത് ട്രാക്ടർ ഇറങ്ങുക.

”ട്രാക്ടർ കാണിക്കാൻ കൊണ്ടുപോകാം, കേട്ടോ.”

അച്ഛൻ ഓരോ തവണയും പ്രോത്സാഹിപ്പിക്കും.

”കുട്ടിയെ മഴയിലിറക്കരുത്, അവന് പനിയും ചീരാപ്പും വരും.”

അമ്മ തടയും.

ട്രാക്ടർ കാണാൻപറ്റാതെയാണ് മുൻവർഷങ്ങൾ കടന്നുപോയത്. പുഴ കവിഞ്ഞ് പുറത്തുചാടുന്ന വെള്ളം പാടങ്ങളിലേക്കു കയറുമ്പോൾ, ചെളിയിൽ മുളച്ചുപൊന്തുന്ന മീനുകളെ കുരുത്തിവെച്ചും, ചെളിയിലിറങ്ങി വടികൊണ്ടടിച്ചും നടക്കുന്ന കുട്ടികളുടെ ആർപ്പും ആരവങ്ങളും വീട്ടിലിരുന്നാൽ കേൾക്കാം. മനസ്സ് ചുമ്മാ കിടന്ന് കയറുപൊട്ടിക്കാൻ നോക്കും. അതുകൊണ്ടൊന്നും യാതൊരു ഗുണവുമില്ല.

”ആറ്റുനോറ്റ് പത്തുകൊല്ലം കഴിഞ്ഞുണ്ടായ സന്തതിയാണ്,”അമ്മമ്മ പറയും,”അതിന് അഷ്ടമാധിപന്റെ ദശയാണ് ജാതകത്തിൽ, അതു കഴിയാതെ എങ്ങടും കൊണ്ടുപോകരുത്.”

”കഷ്ടം, ലോകം കാണിക്കാതെ ഒരു കുട്ടിയെ വളർത്തുന്നതിൽപ്പരം അന്യായം മറ്റെന്തുണ്ട്! അന്ധവിശ്വാസംകൊണ്ട് നിങ്ങൾ അവന്റെ ലോകം ചെറുതാക്കരുത്. ഇതാണ് പാപം.”

അച്ഛൻ പറയും.

തോരാമഴ പെയ്യുന്ന രാത്രികളിൽപ്പോലും എവിടെനിന്നാണെന്നറിയില്ല, കാലൻകോഴിയുടെ ‘പൂവ്വ്ാ’ വിളി കേൾക്കാം. അന്നേരം അമ്മ ഒന്നുകൂടി മുറകെ കെട്ടിപ്പിടിക്കും.

എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒരുനാൾ, അച്ഛൻ കുട്ടിയെ ട്രാക്ടർ കാണിക്കാൻ പാടത്തേക്കു കൊണ്ടുപോകുകതന്നെ ചെയ്തു. അപ്പോഴാണ്, മുഴുനീളത്തിൽ പാടങ്ങളങ്ങനെ പരന്നുകിടക്കുന്നത് അവൻ ആദ്യമായി കാണുന്നത്. മനസ്സിൽ സങ്കൽപ്പിച്ചതിലും എത്രയോ വലുതായിരുന്നു അത്. ഇരുകരകൾക്കിടയിലൂടെ നീണ്ടുപോകുന്ന പാടങ്ങൾ ഒഴുകിച്ചെന്ന് പുഴയോടു ചേരുന്നു. ആകാശത്തോളം നീളമുള്ളൊരു ചെങ്കല്ലുകൊണ്ട് ‘ടി’ എന്ന ഇംഗ്ലീഷ് അക്ഷരം എഴുതിവെച്ചതുപോലെ തോന്നും.

”ഹായ്!”

കുട്ടി പറഞ്ഞു.

അച്ഛൻ താടിയിൽ മെല്ലെ തഴുകി അവനെ പ്രോത്സാഹിപ്പിച്ചു.

തട്ടുതട്ടുകളായി പാടങ്ങളങ്ങനെ താഴോട്ടു വീശിപ്പോകുന്നു. മൃദുവായ ആരവത്തോടെ ഒന്നിൽനിന്നും ഒന്നിലേക്ക് ഒഴുകിയിറങ്ങുന്ന വെള്ളം ഒടുവിൽ, പുഴയിൽച്ചെന്നു വീഴുമെന്ന് അച്ഛൻ പറഞ്ഞു. ചെളിവരമ്പുകളിലൂടെ നടക്കുകയായിരുന്നു ഞങ്ങൾ. കലക്കവെള്ളമൊഴുകുന്ന കഴായകളിലേക്ക് ഞാൻ പേടിയോടെയാണ് നോക്കിയത്. അതിലേക്കെങ്ങാൻ കാൽ വഴുതി വീണുപോയാൽ, തീർന്നതുതന്നെ. ഗോട്ടികളെ ഓർമ്മിപ്പിക്കുന്ന വായുകുമിളകളെ അകത്തു ചുമന്ന് കലക്കവെള്ളമങ്ങനെ ചുരുണ്ടുനീണ്ട് അകലംപിടിക്കുകയാണ്.

അപ്പോഴാണ,് അവനൊരു വിചിത്രമായ ജീവിയെ കണ്ടത്. ആദ്യമായി പാടം കണ്ടതിന്റെ ആശ്ചര്യത്തിൽ സ്തബ്ധനായതിനുപുറത്ത് ശ്രദ്ധിക്കാതെപോയതാവണം. ഒറ്റനോട്ടത്തിൽത്തന്നെ കണ്ണിൽപ്പെടേണ്ടതായിരുന്നു. ചോരച്ചുവപ്പിനു മുകളിൽ ആസകലം ചെളിപുതച്ച് അതങ്ങനെ നില്ക്കുകയാണ്.

പരുക്കനായ രണ്ടു പിൻകാലുകളും, ചെറിയ രണ്ടു മുൻകാലുകളുമാണ് അതിനുള്ളത്. വാ തുറന്നതുപോലുള്ള മുഖം. ആ ജീവിക്കു മകളിലിരുന്ന് ചക്രം തിരിക്കുന്നുണ്ട് ഒരു മനുഷ്യൻ. ജീവിയുടെ പിൻകാലുകൾ അയാളുടെ ചന്തിയെ കവിഞ്ഞാണ് നില്ക്കുന്നത്. പിൻകാലുകളിൽ വമ്പൻ തഴമ്പുകൾപോലെ മുകുളങ്ങൾ. വലിയ രണ്ടു തുറുകണ്ണുകൾ. പാന്നിലേക്കു നീണ്ട്, നിലം തൊടുന്ന വാലിന്റെ അഗ്രങ്ങളിൽ നിരവധി ശാഖകളുള്ള നീണ്ട പല്ലുകൾ. അത് മണ്ണിനടിയിൽനിന്ന് ഇടക്കിടെ മുകളിൽ വരികയും, പിന്നീട് മണ്ണിനകത്തേക്കുതന്നെ ഊളിയിടുകയും ചെയ്യുന്നുണ്ട്.

” ഉണ്ണിക്കുട്ടി ട്രാക്ടർ കാണാൻ വന്നതാണോ?”

ജീവിയുടെ മുകളിൽ കുത്തിപ്പിടിച്ചിരിക്കുന്നയാൾ കുശലം ചോദിച്ചു.

രണ്ടുപാടങ്ങൾക്കു നടുവിലായി ജീവിയെ നിശ്ചലമാക്കി, അയാൾ താഴെയിറങ്ങി. അച്ഛൻ അയാൾക്കൊരു സിഗരറ്റ് കൊടുത്തു. അല്പം മാറി, വരമ്പിൽ കുന്തിച്ചിരുന്ന് അവർ സിഗരറ്റ് വലിക്കുമ്പോൾ, കുട്ടി ജീവിയേത്തന്നെ നോക്കി നിന്നു. രണ്ടു പാടങ്ങൾക്കിടയിലെ വരമ്പിന്റെ ഓരം ചേർന്നാണ് അത് നിന്നിരുന്നത്. കാൽക്കീഴിൽ ചുഴികളും മലരികളുമായി പതഞ്ഞൊഴുകുന്ന വെള്ളം അതിനെ അടുത്ത പാടത്തേക്ക് ഉരുട്ടിവീഴ്ത്തിയേക്കുമോയെന്ന് കുട്ടിക്ക് പേടി തോന്നി. തഴമ്പുള്ള പിൻകാലിൽ പിടിച്ചുനില്ക്കുന്ന ആ നില്പ്പിന് എത്രനേരം ആ നില തുടരാൻ കഴിയുമെന്ന് സംശയമുണ്ട്.

പെട്ടെന്നൊരു നീർക്കോലി അതിന്റെ കാലിലൂടെ ഉരുമ്മിക്കടക്കുന്നതു കണ്ടു.

”അച്ഛാ, ദേ, ഒരു പാമ്പ്. അത് ട്രാക്ടറിനെ കടിക്കും, ഓടി വാ.”

അതു കേട്ടപ്പോൾ രണ്ടുപേരുംകൂടി ചിരിക്കുകയാണുണ്ടായത്. താൻ ഏതെങ്കിലും വിധത്തിൽ അബദ്ധം പറഞ്ഞതായി കുട്ടിക്കു തോന്നിയില്ല. അവർ എന്തിനാവും ചിരിച്ചിട്ടുണ്ടാവുക?

”പേടിക്കരുത്, വരമ്പിൽത്തന്നെ നിന്നോ. അവിടെ നിന്നുകൊണ്ട് നോക്കിയാൽ മതി കേട്ടോ.”

അച്ഛൻ പറഞ്ഞു.

ശരിയെന്ന പറയാൻ വാ തുറന്ന കുട്ടി അന്നേരമാണ് അതു കണ്ടത്, ജീവി തന്നെ കണ്ണുകാട്ടി വിളിക്കുന്നു! അവന് പേടിതോന്നി. കുട്ടി അച്ഛനെ നോക്കി. അവർ തമാശകനെന്തൊക്കെയോ പറഞ്ഞു ചിരിക്കുകയാണ്.

”ബാ…”

ഇത്തവണത്തെ വിളിയിൽ ശബ്ദവും പൊങ്ങി, അവർ അത് കേട്ടില്ലെന്നു തോന്നുന്നു. എന്നാൽ, കുട്ടി അത് ശരിക്കും കേട്ടു. ഇത്തവണ എന്തുകൊണ്ടാണെന്നറിയില്ല, കുട്ടിക്ക് പേടി താങ്ങാനായില്ല. അച്ഛൻ ഇരിക്കുന്നിടത്തേക്ക് നോക്കാനുള്ള ധൈര്യംപോലും കിട്ടിയില്ല. കാലുകൾക്കൊക്കെ പ്രത്യേകമായ ഒരുവക ബലക്ഷയം പിടിപെട്ടതുപോലെ.

”ബാ, വെള്ളത്തിലേക്കിറങ്ങ്.”

അതു പറഞ്ഞു.

ജീവി സംസാരിച്ചത് അതിന്റെ ഏതു വാ കൊണ്ടാണെന്നു കുട്ടിക്ക് മനസ്സിലായില്ല.

”അയ്യോ, അച്ഛൻ…”

കുട്ടി പറയാൻ ശ്രമിച്ചു.

അപ്പോൾ, കുട്ടിക്കുനേരെ അതിന്റെ പിൻകാലുകളൊന്ന് ഇളകി. സത്യത്തിൽ പിൻകാലുകളെന്നു വിചാരിച്ചത് അതായിരുന്നില്ല, കൂറ്റനായൊരു ചിലന്തി ചുരുണ്ടുപിടിച്ചിരിക്കുകയാണ്. അതിന്റെ ഇളകുന്ന കാലുകൾ ഇത്തവണ കുട്ടിയെ മാടിവിളിച്ചു.

”പറഞ്ഞതനുസരിക്ക്, ബാ…”

അങ്ങനെ കുട്ടി വെള്ളത്തിലേക്ക് കാലെടുത്തുവെച്ചു. ഇറങ്ങിയപ്പോൾ, അനാദിയായ പ്രവാഹമങ്ങനെ ഇടതടവില്ലാത്ത വർത്തമാനത്തിലൂടെ കയറിയിറങ്ങിപ്പോകുന്നതു മാതിരി വെള്ളം കുട്ടിയോടു പെരുമാറി. എന്തൊക്കെയാണ് ഓർമ്മ വരുന്നത്! ഒറ്റക്കോശമായി ഒഴുകി നടന്നതും, ബഹുരൂപമെടുത്ത് വനങ്ങളിൽ ഇഴഞ്ഞതുമെല്ലാം! എല്ലാം ഒറ്റ മാത്രകൊണ്ട്! എന്തോ തോന്നുന്നു. സങ്കടമോ സന്തോഷമോ അല്ലാത്ത നിർവ്വേദം.

തൂങ്ങിപ്പിടിച്ചു നില്ക്കുന്ന ചിലന്തിയുടെ താഴെ, തലതാഴ്ത്തി അവൻ നിന്നു.

”കാലിനു താഴോട്ട് കയറി നില്ക്ക്.”

ജീവി പറഞ്ഞു.

അതും അവൻ അനുസരിച്ചു.

അച്ഛനും ഡ്രൈവറും അതു കണ്ട് ചാടിയെഴുന്നേൽക്കുന്നതിനു മുമ്പ് ട്രാക്ടർ ഒഴുകുന്ന വെള്ളത്തിന്റെ ദിശയെ അനുസരിച്ചുകൊണ്ട് അടുത്ത പാടത്തേക്ക് നിരങ്ങിയിറങ്ങി. കുട്ടിയെ അവിടെങ്ങും അവർക്ക് കാണാൻ കഴിഞ്ഞില്ല. ട്രാക്ടർ വിട്ടുപോയ പാടത്തെ ചെളിയ്ക്കകത്തുനിന്നും അന്നേരം ഏതാനും വായുവിന്റെ കുമിളകൾ മേലോട്ടു പൊങ്ങിവന്നതാവട്ടെ അവരുടെ ശ്രദ്ധയിൽപ്പെട്ടതുമില്ല.

Comments
Print Friendly, PDF & Email

സ്വദേശം : തിരുവില്വാമല. കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മവരുന്ന വി.കെ.എന്‍. അമ്മാമനാണ്‌. നാലു പുസ്തകങ്ങളുടെ കര്‍ത്താവ്. 'ഹൂ ഈസ് അഫ്‌റൈഡ് ഒഫ് വി.കെ.എന്‍' എന്ന ആദ്യപുസ്തകത്തിനു തന്നെ 2018ലെ കേരള സാഹിത്യ അക്കാഡെമി പുരസ്കാരം. ഭാര്യ : ജ്യോതി. ബ്രഹ്മദത്തനും നിരഞ്‌ജനയും മക്കള്‍. ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ട്.

You may also like