കോവിഡ് കാലത്തെ ദേബ്ജീത്തിന്‍റെ (ദേബ്ജീത് സാരംഗി) അപ്രതീക്ഷിതമായ വേർപാട് ഒഡീഷയിലെ ആദിവാസി സമൂഹത്തിനൊരു വലിയ നഷ്ടമാണ്. ഒഡീഷയിലെ ആദിവാസി സമൂഹത്തോടൊപ്പം പ്രവർത്തിച്ച് അവരോടൊപ്പം ജീവിച്ച് അവരുടെ ജീവിതരീതിക്ക് സ്വാശ്രയത്വത്തിന്റെ വിവരണങ്ങൾ നിർമ്മിക്കുന്നതിൽ സജീവ പങ്കാളിയായിരുന്നു ദേബ്ജിത്. ലിവിങ് ഫാംസ് എന്ന സർക്കാരിതര സംഘടനയുടെ തേരാളിയായിരുന്ന ദേബ്‌ജിത് ഈ ലേഖനം എഴുതിയത് 2019 ല്‍ ആണെങ്കിലും ഇതിലുന്നയിക്കുന്ന വിവിധ പ്രശ്നങ്ങളും അതിനുള്ള പരിഹാര നിർദ്ദേശങ്ങളും ഇന്നും വളരെ പ്രസക്തമാണ്. ഇത് ഒഡീഷയുടെ പശ്ചാത്തലത്തില്‍ എഴുതിയതാണെങ്കിലും ഒരു പരിധിവരെ മറ്റ് സംസ്ഥാനങ്ങളിലും ലോകത്തിലെ മറ്റ് ആദിവാസി സമൂഹങ്ങള്‍ നേരിടുന്നതുമായ പ്രശ്നങ്ങളോട് ചേർന്ന് നില്‍ക്കുന്നതുമാണ്. ഈ പരിഭാഷ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് സമർപ്പിക്കുന്നു.
ആദിവാസികളും വികസന പരിപ്രേക്ഷ്യവും
ആദിവാസി സമൂഹത്തിന്റെ ജീവിത വീക്ഷണവും കാഴ്ചപ്പാടുകളും ശരിയായ രീതിയിൽ ഉൾക്കൊള്ളാതെ അധികാര സംവിധാനങ്ങളിലൂടെ അവരെ അടിമുടി മാറ്റുന്ന തെറ്റായ വികസന നയങ്ങളും പദ്ധതികളും ആ ജനതയുടെ തനതായ നിലനില്പിനെ കാര്യമായി ബാധിക്കുന്നു എന്നത് പറയേണ്ടതില്ലല്ലോ. മുഖ്യധാരാ വികസനമെന്ന പേരിൽ നടപ്പാക്കുന്ന മിക്ക പദ്ധതികളും അവർക്കിടയിൽ ഉത്കണ്ഠയും രോഷവും വർദ്ധിപ്പിക്കാനേ ഇടയായിട്ടുള്ളൂ. അതിനുള്ള കാരണങ്ങൾ വളരെ ലളിതമാണ്. മത്സരാധിഷ്ഠിത വ്യവഹാര രീതികളിലൂടെ ആദിമ ജനതയുടെ ഭൂമിയിലേക്കും ജീവിതത്തിലേക്കുമുള്ള കടന്നു കയറ്റങ്ങൾ അവരുടെ സാംസ്‌കാരിക പൈതൃകത്തെയും നിലനിൽപ്പിനെയും വലിയ രീതിയിൽ ബാധിക്കുന്നു.
വനവും ഭൂമിയും
ആദിമ ഗോത്ര ജനതയെ അവരുടെ ആവാസ വ്യവസ്ഥയിൽ നിന്നും പറിച്ചെറിയുന്ന പ്രക്രിയ എത്രയോ നൂറ്റാണ്ടുകളായി തുടരുന്നതാണ് എന്ന് ചരിത്രപരമായ പഠനങ്ങൾ കാണിക്കുന്നു. നിരന്തരമായി ആട്ടിയോടിക്കപ്പെടുകയും തങ്ങൾക്കന്യമായ സ്ഥലങ്ങളിലേക്ക് പുനരധിവാസം എന്ന പേരിൽ വേരുകൾ അറുത്ത് മാറ്റപ്പെടുകയും ചെയ്യുമ്പോള്‍ അവർക്ക് അവരുടെ ലോകവും ജീവിതവും നഷ്ടപ്പെടുകയാണ്. കണക്കുകൾ നമ്മോട് പറയുന്നത് ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത ആദിവാസി കുടുംബത്തിന്റെ അനുപാതം 1987-88 ലെ 16 ശതമാനത്തില്‍ നിന്ന് 2011-12 ൽ 24 ശതമാനം ആയി ഉയർന്നു എന്നതാണ്. നിലനിൽപ്പിനായുള്ള വനവിഭവങ്ങളുടെ ഉപയോഗവും വനങ്ങളിലെ അവരുടെ സഹവർത്തിത്വവും സർക്കാരുകൾ കടന്നുകയറ്റമായി കണക്കാക്കുന്നു എന്നത് എന്തൊരു വിരോധാഭാസം.
2006 ലെ Scheduled Tribes and Other Traditional Forest Dwellers (Recognition of Forest Right) Act ൽ ആദിവാസികളുടെ അവകാശങ്ങളെ അംഗീകരിച്ച് ഈ നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചിരുന്നു, അതായത് വനവിഭവങ്ങൾ ശേഖരിക്കാനും ഉപയോഗിക്കാനുമുള്ള ആദിവാസികളുടെ അവകാശത്തെ സംരക്ഷിക്കാൻ ഉതകുന്നതായിരുന്നു ഈ ഭേദഗതി. പക്ഷെ ഈ വനാവകാശ നിയമം (Forest Rights Act ) അപര്യാപ്തമായ സാമൂഹ്യ അവബോധത്താലും പരസ്പരവിരുദ്ധമായ നിയമങ്ങൾ കൊണ്ടു വന്നതിലൂടെയും സമർപ്പണ മനോഭാവമില്ലാതെ നടപ്പാക്കാൻ ശ്രമിച്ചതിനാൽ ഉണ്ടായ ഭരണപരമായ തടസ്സങ്ങളുടെയും ഇടയിൽ പരാജയപ്പെട്ടു.
അധികാര നിയന്ത്രണങ്ങൾ ഉപേക്ഷിക്കാൻ വിമുഖത കാണിക്കുന്ന ഫോറസ്റ്റ് ബ്യൂറോക്രസിവൃന്ദം ഈ നിയമത്തെ ‘കയ്യേറ്റം’ ക്രമീകരിക്കുന്നതിനുള്ള ഒരുപകാരണമായി വ്യാഖ്യാനിച്ചു. ഇതിനു പുറമെ പരിസ്ഥിതി -വനം- കാലാവസ്ഥാ മന്ത്രാലയം വനാവകാശ നിയമത്തെ (FRA) ദുർബ്ബലപ്പെടുത്തുന്നതും ഗ്രാമസഭ പോലുള്ള പ്രാദേശിക ഭരണ സമിതികളുടെ അധികാരം പരിമിതപ്പെടുത്തുന്നതുമായ പുതിയ നിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതായി (ഗിരിജന വകുപ്പ് തടസ്സവാദം ഉന്നയിച്ചിട്ടു കൂടി) റിപ്പോർട്ടുകൾ ഉണ്ട്.
എന്തൊക്കെ ചെയ്യാന്‍ കഴിയും?
കൂട്ടായ മനുഷ്യവാസത്തിന്റെ കീഴിൽ ഓരോ ചെറിയ തീരുമാനങ്ങളുമെടുക്കുന്ന താഴെത്തട്ടിലുള്ള ഭരണ സംവിധാനങ്ങളിലും ഓരോ വ്യക്തിക്കും തന്റേതായ അവകാശവും ശേഷിയുമുണ്ടെന്നും അതിൽ പങ്കെടുക്കാനുള്ള അവസരവും സുതാര്യതയും സജീവമായി നിലനിർത്തുന്നുണ്ടെന്നും ഉറപ്പു വരുത്തണം. തദ്ദേശീയമായ സമൂഹങ്ങൾ തങ്ങളുടെ വനവകാശത്തെ തിരിച്ചറിയുകയും വനാവകാശത്തിനായി വിവിധ സമൂഹങ്ങൾ തങ്ങളുടെ കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ്സ് ക്ലെയിമുകൾ എഫ്‌ആർഏ ക്ക് കീഴിൽ സമർപ്പിക്കുന്നതിന് അണിനിരക്കുകയും അനീതികൾ നിയമപരമായി ചോദ്യം ചെയ്യുകയും വേണം. അതേ സമയം വന സമ്പത്തുകളുടെ പുനരുജ്ജീവനത്തിലും വനങ്ങളുടെ സ്വാഭാവിക സവിഷേതകൾ നിലനിർത്തുന്നത്തിലുമുള്ള പ്രവർത്തനങ്ങളിൽ ഇടപെടുകയും വേണം.
സംസ്കാരവും വിദ്യാഭ്യാസവും
വിദ്യാഭ്യാസവും സാക്ഷരതയും അനിവാര്യമാകുമ്പോൾ തന്നെ തങ്ങളുടെ ഗ്രാമം വിട്ടുള്ള റസിഡൻഷ്യൽ സ്‌കൂൾ സമ്പ്രദായം തങ്ങളുടെ കുട്ടികളെ ഭൂമിയിൽ നിന്നും വനത്തിൽ നിന്നും പരമ്പരാഗത കൃഷിയിൽ നിന്നും സംസ്കാരത്തിൽ നിന്നും അന്യമാക്കുമെന്ന് മാതാപിതാക്കൾ ആശങ്കപ്പെടുന്നു. മുഖ്യധാരാ വിദ്യാഭ്യാസം തുടരുന്ന റസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് തങ്ങളുടെ വീട്ടിലേക്കും കാട്ടിലേക്കും പോകാൻ കഴിയുന്നത് വർഷത്തിൽ ഒരിക്കൽ മാത്രമാണ്. ഇങ്ങിനെ ചെല്ലുന്ന കുട്ടികൾ തികച്ചും വിച്ഛേദി ക്കപ്പെട്ട രണ്ടു ലോകങ്ങളെ കൂട്ടി ബന്ധിപ്പിക്കാൻ പാടുപെടുന്നു. മുഖ്യധാരാ ജീവിതത്തിന്റെ ഭാഗമാകാനുള്ള ശ്രമത്തിൽ പലർക്കും തങ്ങളുടെ ആദിവാസി അസ്തിത്വം നഷ്ടപ്പെടുന്നു. മേലെനിന്ന് താഴേക്കടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസ രീതി പ്രകൃതിയുമായി ചേർന്ന് മുന്നോട്ട് പോകുന്ന അറിവിനെ നിഷേധിക്കുന്നു എന്നതൊരു യാഥാർഥ്യമാണ്.
“ഞങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും ഞങ്ങൾക്ക് കൈമാറിയത് പോലെ ആചാരങ്ങളും നിയമങ്ങളും ജീവിത രീതികളും ഞങ്ങളുടെ കുട്ടികൾക്കും കൈമാറേണ്ടതുണ്ട്. ഒരു ആദിവാസി എന്ന അഭിമാനത്തോടെ അവർ കടന്നു പോകേണ്ടതുണ്ട്. ഈ പരമ്പരാഗത അറിവില്ലാതെ കുട്ടികൾ ഭാവിയിൽ ദുർബ്ബലമായ ‘വിദ്യാഭ്യാസം’ ലഭിച്ച് ഭൂമിയിൽ നിന്നന്യമാകും” എന്നൊരമ്മ പറയുന്നു.
എന്തൊക്കെ ചെയ്യാന്‍ കഴിയും?
സാധ്യമായ സങ്കീർണമല്ലാത്ത ബദലുകൾ ആലോചിക്കുകയും പുതിയ വികസന പ്രക്രിയയുടെ ഭാഗമായ വിദ്യാഭ്യാസവും ആദിവാസികളുടെ ജീവിതത്തിന്റെ ഭാഗമായ അറിവും ഒന്നിച്ചു ചേർത്ത് അവരുടെ ഭാവി ഭാവനയിൽ കാണാനുള്ള ശ്രമങ്ങൾക്കായി സത്യസന്ധമായ ഇടപെടലുകളും കൂട്ടായ ചർച്ചകളും സാധ്യമാവണം.
ആദിവാസി സമൂഹത്തിലെ മുതിർന്നവരും പുതിയ തലമുറയും തമ്മിലുള്ള പരസ്പര സംവാദത്തിനും അറിവിൻ്റെ കൊടുക്കൽ വാങ്ങലുകൾക്കും വിദ്യാഭ്യാസ മേഖലയിൽ ഒരു കൃത്യമായ ഇടം ഉണ്ടാകണം. സമൂഹത്തിൽ ഒന്നിച്ച് ജീവിക്കുന്നതിന്റെ പ്രാധാന്യവും അതിൽ പ്രകൃതിയുടെ ബന്ധവും പുതിയ തലമുറയിലേക്ക് പകരാൻ മുതിർന്നവർ അധ്യാപകരായി മാറണം.
പുതിയ ആദിവാസി സമൂഹങ്ങൾക്ക് ഇണങ്ങുന്ന പാഠ്യപദ്ധതി നിർമ്മിക്കുന്നതിന്, ആദിവാസികളുടെ നേതാക്കളും ചിന്തകൻമാരുമായി മുഖ്യധാരാ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരും പണ്ഡിതന്മാരും തുടർച്ചയായി സംവദിക്കണം. പാഠ്യപദ്ധതികൾ തങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങിയും പ്രാദേശിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയും തങ്ങളുടെ ജീവിത രീതിയോടൊത്തു പോകുമ്പോഴാണ് വിദ്യാഭ്യാസം ആദിവാസികളോട് നീതി പുലർത്തുന്നത്.
കൃഷിയും ഉപജീവനവും
ആദിവാസികളുടെ മണ്ണിന്റെയും പ്രകൃതിയുടെയും ജൈവിക ബന്ധവും നവീനവും പരമ്പരാഗതവുമായ സാമ്പത്തിക ഉല്പാദനക്രമങ്ങളും ശാസ്ത്രവും ആരോഗ്യവും ഒക്കെ ഒന്നായൊഴുകുന്ന ധാരയായിരിക്കണം കൃഷിയുടെ അടിസ്ഥാന വിദ്യാഭ്യാസം . എന്നിരുന്നാലും, കഴിഞ്ഞ കുറെ വർഷങ്ങളായി ജൈവ വൈവിധ്യ കാർഷിക രീതികൾ അപകടത്തിലാണ്. ആധുനികവൽക്കരണത്തിന്റെ പേരിൽ നാടൻ വിത്തിന്റെ വൈവിധ്യങ്ങൾ ഇല്ലായ്മ ചെയ്യുകയും ഉയർന്ന വിള ലഭിക്കുന്ന വിത്തുകൾ പ്രചരിപ്പിക്കുകയും വാണിജ്യ താല്പര്യത്തോടെയുള്ള ഏക വിളകളും പ്ലാന്റേഷനുകളും ഉയർന്നു വരികയും ചെയ്തു. അതിലൂടെ ആദിവാസി ജനതയുടെ കൃഷിയിടങ്ങളും വനങ്ങളും അന്യംനില്‍ക്കുന്നതിലെക്ക് എത്തിച്ചു.
എന്തൊക്കെ ചെയ്യാന്‍ കഴിയും?
ആദിവാസി ജനതയുടെ ജീവിതരീതിക്കും അറിവിനും അനുസൃതമായി അവരുടെ കാർഷിക പരിസ്ഥിതിയുടെ സത്തയെ അടിസ്ഥാനമാക്കിയുള്ള ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കണം. ഉൽപാദനവും ഉപഭോഗവും ജനാധിപത്യവൽക്കരിക്കുകയും, പ്രാദേശിക സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിന് പൊതുവായ പാരിസ്ഥിതിക സവിശേഷതകളുള്ള ഗ്രാമങ്ങളുടെ ക്ലസ്റ്ററുകൾ ഉൾപ്പെടുന്ന ഗോത്രവർഗ ഗ്രാമങ്ങൾക്ക് പരസ്പരം ചരക്കുകളും സേവനങ്ങളും വ്യാപാരം ചെയ്യാൻ വഴിയൊരുക്കുകയും പുറത്തുനിന്നുള്ള കമ്പോളത്തെയും സർക്കാരിനെയും ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്ന സംവിധാനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യണം.
ആരോഗ്യവും പോഷണവും
ആദിവാസികൾ ഇന്ത്യൻ ജനസംഖ്യയുടെ 8.6 ശതമാനം മാത്രമേ ഉള്ളുവെങ്കിലും, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഇവരുടെ ആരോഗ്യപ്രശ്നങ്ങള്‍ അടിയന്തിര ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. ഭക്ഷ്യ, പോഷകാഹാര സുരക്ഷയെക്കുറിച്ച് പറയുമ്പോൾ, ആദിവാസികൾക്കിടയിൽ ഇതൊരു വെല്ലുവിളിയാണ്. വനത്തിലെ പരമ്പരാഗത ഭക്ഷ്യ സ്രോതസ്സുകൾ നഷ്ടപ്പെടുന്നത് മുതൽ കൃഷി ഭൂമിയുടെ ഇടങ്ങൾ കുറയുന്നതും വിഷലിപ്തമായ വളങ്ങളും കീടനാശിനികളുടെ കടന്നുവരവും ഭൂമിയുടെ മണ്ണിനും ആരോഗ്യത്തിനും ആദിവാസികളുടെ തനത് കൃഷിരീതികൾക്കും വലിയൊരു ഭീഷണിയായി വളർന്നിട്ടുണ്ട്. ഇതെല്ലാം ആദിവാസി സമൂഹങ്ങളിലെ ഗണ്യമായ ഒരു വിഭാഗത്തെ ഭക്ഷ്യക്ഷാമത്തിലും പട്ടിണികളിലും എത്തിക്കുന്നു.
എന്തൊക്കെ ചെയ്യാന്‍ കഴിയും?
ബാഹ്യ സംസ്കാരത്തിലൂടെ മാറുന്ന ഭക്ഷണക്രമങ്ങളെ അഭിസംബോധന ചെയ്യുന്നതിനും, തനതായ ആരോഗ്യ സമ്പ്രദായങ്ങളുടെ പുനരുജ്ജീവനവും ആരോഗ്യ സുരക്ഷയും ഉറപ്പു വരുത്തുന്നതിനും ഒപ്പം സുരക്ഷിതവും പോഷകസമൃദ്ധവുമായ നല്ല ഭക്ഷണം ഉൽപാദിപ്പിക്കുന്നതിനും ഭക്ഷണ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സമീകൃതാഹാരം ഉറപ്പാക്കുന്നതിനും പ്രാദേശിക ഭക്ഷ്യ സംവിധാനങ്ങൾ പുനക്രമീകരിക്കേണ്ടതുണ്ട്. ആദിവാസി ജനതയെയും പാർശ്വവത്കരിക്കപ്പെട്ട മറ്റ് സമൂഹങ്ങളെയും ബാധിക്കുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്, അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.
ദാരിദ്ര്യം, കടബാധ്യത, ഭക്ഷ്യ അരക്ഷിതാവസ്ഥ, ഉൽപാദന സ്രോതസുകളിൽ ഉള്ള അവകാശങ്ങളിലെ നിയന്ത്രണം തുടങ്ങിയവയെല്ലാം അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ആധുനിക ചികിത്സാ രീതികളും ഡോക്ടർമാരും ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത ആരോഗ്യ രീതികളുമായി ചേർന്ന് പ്രവർത്തിക്കുകയും, ആരോഗ്യ സംരക്ഷണം ആവശ്യമുള്ള രോഗങ്ങളെയും ക്ലിനിക്കൽ സഹായം ആവശ്യമുള്ള രോഗങ്ങളെയും വേർതിരിച്ചറിയാനുള്ള ഒരു സംവിധാനം കൊണ്ടുവരികയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.
Originally published on India Development Review and can be viewed here.
ലിവിങ് ഫാംസ്
നഷ്ടപ്പെട്ട ഇടങ്ങൾ വീണ്ടെടുക്കുന്നതിനും സമൂഹത്തിനുള്ളിൽ ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക ഭക്ഷ്യ സമ്പ്രദായങ്ങളിൽ നിയന്ത്രണം വീണ്ടെടുക്കുന്നതിനും മനുഷ്യരുമായും പ്രകൃതിയുമായും സഹകരിച്ച് വർ ത്തിക്കുന്ന രീതികളെ പ്രോത്സാഹിപ്പിക്കുന്ന, ദേബ്ജീത് തുടങ്ങിവെച്ച ലിവിംഗ് ഫാംസ് ഒഡീഷയിലെ റയഗഡയില്‍ പ്രവർത്തിക്കുന്നു.