Home Travelയാത്ര വാർ സെമിട്രി

വാർ സെമിട്രി

മേഡ്‌സിഫേമയിൽ നിന്ന് കൊഹിമ യിലേക്കുള്ള വഴിയിൽ പലയിടങ്ങളിലും പട്ടാളയൂണിഫോം ഇട്ട ആൺ-പെൺ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു . വളവു തിരിവുകളിൽ കയ്യിൽ തോക്കുമായി കാത്തു നിന്നു മടുത്തിട്ടാവണം ചിലർ വഴിയരികിലെ പുല്ലിലും കല്ലിന്മു കളിലും ഒക്കെ വിശ്രമിക്കുന്നു.

കൊഹിമയിൽ എത്തിയപ്പോൾ തന്നെ ആറ്റൻജുംബ ലെംടൂർ എന്ന സ്ത്രീയും കുടുംബവും നടത്തുന്ന ഹോട്ടലിൽ മുറിയെടുത്തു. ഉച്ചയ്ക്ക് പോലും തണുത്തുവിറയ്ക്കുന്നു. രാത്രി കുന്നിൻ നെറുകയിൽ മഞ്ഞ് നിറഞ്ഞു. ഉറങ്ങാൻ കിടന്നപ്പോൾ ബനിയനും രണ്ടാം സ്വെറ്ററും ഷർട്ടുമൊക്കെ ധരിച്ചിരുന്നെങ്കിലും തണുപ്പ് നുള്ളി നോവിച്ചു കൊണ്ടിരുന്നു. നോക്കിയപ്പോൾ മുറിയുടെ വെന്റിലേറ്റർ തുറന്നു കിടക്കുന്നു. കയ്യിലുള്ള പേപ്പർ എടുത്ത് അത് അടച്ചുവെച്ചു. പക്ഷേ കുന്നിൻമുകളിലെ കാറ്റ് അപ്പോൾ തന്നെ അത് പറത്തി കളഞ്ഞു. തുടർന്ന് വെള്ളക്കുപ്പി കൊണ്ട് അതിന് തടയിട്ടു. ഉയരത്തിലുള്ള ഹോട്ടലിൽനിന്ന് നഗരത്തിന്റെയും മഞ്ഞു നിറഞ്ഞ കുന്നുകളുടെയും കാഴ്ച മനോഹരമാണ് .

രാവിലെ കൊഹിമ നഗരത്തിലൂടെ നടന്നു. ചൈനീസ് മുഖമുള്ള ചുവന്നുതുടുത്ത കൃശഗാത്രരായ നാഗാലാൻഡ് പുരുഷന്മാരും സ്ത്രീകളും രാവിലെതന്നെ നഗരത്തിന്റെ പലയിടങ്ങളിലും എത്തിക്കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കൊഹിമയിലെ സ്മാരകമായി നിലകൊള്ളുന്ന വാർ സെമിട്രി കാണാനാണ് തുടർന്ന് യാത്ര പോയത് . ഒരു കുന്നിന്റെ ഉയരമുള്ള പ്രദേശത്താണ് വാർ സിമെട്രി. 1944-ലെ ജപ്പാൻ ആക്രമണത്തെ ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളക്കാർ നേരിട്ടത് ഇവിടെവച്ചാണ്. ആയിരത്തി നാനൂറോളം കോമൺവെൽത്ത് പട്ടാളക്കാരിൽ നല്ലൊരു വിഭാഗം രണ്ടാം ലോകമഹായുദ്ധത്തിലെ കൊഹിമ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. കാനഡയുടെയും ആസ്ട്രേലിയയുടെയും വായുസേനാംഗങ്ങളും ബ്രിട്ടീഷ് പട്ടാളക്കാരും ഇന്ത്യൻ സേനയിലെ ഭടന്മാരും കൊഹിമയിൽ മരിച്ചുവീണു. സെമിട്രിയിലെ ഉയർന്ന ഭാഗത്തുള്ള കോഹിമ ക്രിമേഷൻ മെമ്മോറിയൽ ഹിന്ദുക്കളുൾപ്പെടെയുള്ള പട്ടാളക്കാരെ ദഹിപ്പിച്ചതിൻറെ സ്മരണയ്ക്കുള്ളതാണ്. 1944-ൽ ജപ്പാൻകാർ മണിപ്പൂരിൽ പ്രതിരോധം തീർത്തു. തന്ത്രപ്രധാനമായ ഇംഫാൽ പിടിക്കാനുള്ള നീക്കമായിരുന്നു അത്. ഇംഫാലിനും ദിമാപൂരിനും ഇടയിലുള്ള കോഹിമ അങ്ങിനെ ഈ നീക്കത്തിലെ കണ്ണിയായി. ആദ്യ ആക്രമണത്തിൽ പ്രതിരോധക്കാർ ഗാരിസൺ മലയിലേയ്ക്ക് പിന്തള്ളപ്പെട്ടു. ആകാശത്തുനിന്ന് ഇട്ടുകൊടുത്ത ഭക്ഷ്യവസ്തുക്കൾ ജപ്പാൻകാർ പിടിച്ചെടുത്തു. വെള്ളത്തിനു പോലും ഇതോടെ റേഷൻ ആയി. കാലാൾപ്പടയും ഇന്ത്യൻ ബ്രിഗേഡുമൊക്കെ ആക്രമണം അവസാനിപ്പിക്കാൻ എത്തിച്ചേർന്നു .തുടർന്ന് കോമൺവെൽത്ത് പട്ടാളം കോഹിമയിൽ നിന്നും ജപ്പാനെ തുരത്താൻ തുടങ്ങി. കോഹിമയിലെ യുദ്ധത്തിൽ നാലായിരത്തോളം ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളക്കാർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

സെമട്രിയിലെ ചിലതു രണ്ടാം ഡിവിഷനിലെ പട്ടാളക്കാർ ക്കുള്ള സ്മാരകങ്ങളാണ് അവിടെ ഇങ്ങനെ എഴുതിയിരിക്കുന്നു.

“നിങ്ങൾ വീട്ടിൽ പോകുമ്പോൾ അവരോട് ഞങ്ങളെപ്പറ്റി പറയുക. നിങ്ങളുടെ നാളെക്കായി ഞങ്ങൾ ഞങ്ങളുടെ ഇന്നിനെ നൽകിയിരിക്കുന്നു”

രണ്ടു ലോകമഹായുദ്ധങ്ങളിലുമായി ജീവൻ നഷ്ടപ്പെട്ട ,പല വിശ്വാസങ്ങളിലും ജീവിച്ച 17 ലക്ഷത്തോളം വരുന്നവരുടെ സ്മരണ നിലനിർത്താനുള്ള ചുമതല കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷനാണ്. ഈ മനുഷ്യരുടെ ശവകുടീരങ്ങളും സ്മാരകങ്ങളും 153 രാജ്യങ്ങളിലായി കാണപ്പെടുന്നു. ശവക്കല്ലറകളിൽ നിരവധി കുറിമാനങ്ങളുണ്ട്.

” വിദൂരമായ ഭൂമിയിൽ ഉറങ്ങുക. പ്രിയ സഹോദരാ ഞങ്ങൾ നിന്നെ ഓർമ്മിക്കും”

“പലരിൽ ഒരാൾ, പക്ഷേ അവൻ ഞങ്ങളുടെതായിരുന്നു “

വാർ സിെമട്രിയിൽ നിന്നാൽ കോഹിമ നഗരത്തിന്റെ ദൃശ്യങ്ങൾ താഴെ കാണാം. ഒരു അനുസ്മരണത്തിനുവേണ്ടി പട്ടാള ചീഫ് വരാൻ കാത്തു നിൽക്കുന്നവരെ കണ്ടു യൂണിഫോമിട്ട് മേളങ്ങൾക്കുള്ള സംഗീതോപകരണങ്ങളുമായി അവർ ഒരുങ്ങി നിന്നു.

വാർ സെ മെട്രിയിൽ നിന്നും തിരിച്ചു പോരുമ്പോൾ യുദ്ധങ്ങളെപ്പറ്റി മാത്രമായിരുന്നു വിചാരം അതിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നിരിക്കണം! അതെല്ലാം ഒറ്റനിമിഷത്തിൽ പൊലിഞ്ഞ് കോഹിമയിലെ കുന്നിൻ ചെരിവിൽ അവർ ഉറങ്ങുകയാണ് ലോകത്തിന്റെ പലഭാഗങ്ങളിലുമിരുന്ന് കലാപങ്ങൾ ഉണ്ടാക്കിക്കൊണ്ട് മനുഷ്യർ ഇപ്പോഴും അവരുടെ ഉറക്കത്തെ ഭഞ്ജിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു

Comments
Print Friendly, PDF & Email

You may also like