പൂമുഖം വായനാനുഭവം നിഴലും വെളിച്ചവും സമ്മിശ്രമായി വിന്യസിക്കപ്പെട്ട വഴികൾ

നിഴലും വെളിച്ചവും സമ്മിശ്രമായി വിന്യസിക്കപ്പെട്ട വഴികൾ

(വയലിൻ പൂക്കുന്ന മരം എന്ന കവിതാസമാഹാരത്തിൻറെ വായനാനുഭവം)

ഈ കവിതകളില്‍; സ്നേഹവും, വിരക്തിയും, കയ്പും, പുളിപ്പും, ഹര്‍ഷവും, ഉന്മാദവും, നിന്ദയും, ഫലിതവും, നാശോന്മുഖത്വവും, രോഷവും, നിസ്സഹായതയും, നിസ്സംഗതയും, നിഴലും വെളിച്ചവും ഇടവിട്ട്‌ സമമായും മിശ്രമായും വിന്യസിക്കപ്പെട്ടു കിടക്കുന്നു.

വ്യഥിതയൗവനം ആണ്‌ എല്ലാ കവിതകളിലേയും ക്രേന്ദ്രപമേയം. പീഡിപ്പിക്കപ്പെട്ട ബാല്യം മറികടന്ന ഒരാള്‍ യുവത്വത്തില്‍ നടത്തുന്ന തിരിഞ്ഞുനോട്ടത്തിന്‌ സമാനമാണ്‌ ഓരോ കവിതയിലേയും ജീവിതവീക്ഷണം.

മനുഷ്യമനസ്സിലെ, വെളിച്ചം കടക്കാത്ത ഉള്ളറകളെയാണ്‌ സുരേഷിന്റെ കവിതകള്‍ ലക്ഷ്യം വയ്ക്കുന്നത്‌. തെളിച്ചുപിടിക്കുന്ന ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ തെളിയുന്നതാകട്ടെ, ഭീഷണങ്ങളായ ദൃശ്യങ്ങളും.

ഒരുപക്ഷെ, ഈ കവിതകള്‍, ഇന്ന്‌ 2021 ന്റെ പ്രാരംഭത്തില്‍, ദൈവത്തിന്റെ ഇരിപ്പിടം, സാങ്കേതികവിദ്യ (ടെക്നോളജി) കവര്‍ന്നെടുത്ത ഈ ദശകത്തില്‍, കൊണ്ടാടപ്പെടുകയില്ല. മുപ്പതുവര്‍ഷത്തെ കാലവിളംബമുണ്ട്‌ ഈ കവിതകള്‍ക്ക്‌. 1991 ന്‌ മുമ്പ്‌, ഇന്ത്യ ഗ്ലോബലൈസ്ഡ്‌ ആകുന്നതിനുമുമ്പേ ഇവ പ്രസിദ്ധീകരിക്കപ്പെടേണ്ടിയിരുന്നു. എങ്കില്‍, ക്യാമ്പസുകളിലെ കാത്തിരുപ്പുക്രേന്ദങ്ങളില്‍ ഇവ കത്തിപ്പടരുമായിരുന്നു.

സുരേഷിൽ കവിത മൊട്ടിടുന്നത്‌ 2000 നു മുമ്പാകാം. ഇവയില്‍ ചിലവ എഴുതപ്പെട്ടതും തൊണ്ണൂറുകളിലാകാം. പ്രസിദ്ധീകൃതമാകാന്‍ വൈകിയതാണ്‌ എന്നു കരുതുന്നു. ഭാവപരമായി, ഇവ 90 കളുടെ പുത്രന്മാരും, പുത്രികളുമാണ്‌. ആ കാലത്തിന്റെ ചുവരുകളിലാണ്‌ സുരേഷിന്റെ ഭാവനാഭൂപടം വരയ്ക്കപ്പെട്ടിട്ടുള്ളത്‌.

ഈ ഹ്രസ്വമായ ആമുഖം ഇവിടെ ചുരുക്കുന്നു. കവിതകളെക്കുറിച്ചുള്ള കുറിപ്പുകള്‍ ചുവടെ..

സുരേഷിന്റെ കവിതകള്‍, പിരിമുറുക്കത്തിന്റെ ഇടവേളകളില്ലാത്ത ചലച്ചിത്രങ്ങളാണ്‌. അവ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ ഇരുണ്ടവയാണ്‌, വേദനാകരങ്ങളാണ്‌; ആ ആശയങ്ങളെ പ്രത്യക്ഷവല്ക്കരിക്കാന്‍ ഉപയുക്തമാക്കുന്ന ബിംബങ്ങള്‍ മനസ്സുതളര്‍ത്തുന്നവയാണ്‌;

“പുഴ പ്രാര്‍ത്ഥിയ്ക്കാറുണ്ട്‌,

തൊണ്ട നനക്കാന്‍ ഇത്തിരി വെള്ളം തരണേ’

എന്ന്‌ ആകാശത്തിനോട്‌,

“അരുതേ” എന്ന്‌

മണലൂറ്റുകാരോട്‌,

(അതും അടിവയര്‍ പൊത്തിപ്പിടിച്ച്‌)

വിശന്ന മീനുകള്‍ക്കുവേണ്ടി

തുഴക്കാരോട്‌, വലക്കാരോട്‌

(അതും, ആഹ്ലാദത്തോടെ കളിച്ചു രസിയ്ക്കുന്ന മീനുകള്‍ക്കുവേണ്ടിയല്ല;

മാലിന്യത്തില്‍ പുളച്ചുതളരുന്ന മീനുകള്‍ക്കുവേണ്ടി)

“യക്ഷി”യില്‍ ഒരു വാങ്മയചിത്രമുണ്ട്‌, “കല്‍വിളക്കിന്റെ ഉച്ചിയില്‍ പുളഞ്ഞു

കത്തുന്ന ഒരു ദീപനാളം” എന്നത്‌. ആ അഗ്നിയിലുള്ളത്‌ പ്രകാശമല്ല; “പുളഞ്ഞു

കത്തുന്ന” എന്ന വിശേഷണം കൊരുത്തുവയ്ക്കുന്നത്‌ ദീനതയുടെ ഒരു ഛായാചിത്രം (പോർട്ട്റേറ്റ്) ആണ്‌.

സ്തോഭത്തിന്റെ ഉച്ചസ്ഥായിയാണ്‌ “എന്നെ ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ചവള്‍ക്ക്‌” എന്ന കവിത പ്രകടമാക്കുന്നത്‌ – രതിയുടെ ആനന്ദമല്ല വിഷയീഭവിക്കുന്നത്‌, ആ അനുഭവത്തെ തുലനം ചെയ്യുന്നത്‌ ‘മരണ’വുമായിട്ടാണ്‌. ഈ കവിതയും മനസ്സിനെ വിഹ്വലമാക്കുന്ന, ബിംബങ്ങള്‍ സംഭാവന ചെയ്യുന്നുണ്ട്‌,

ഇവ നോക്കു –

“ഒറ്റയ്ക്ക്‌ നിന്ന്‌ കത്തുന്ന ഒരു മരം”

“മുന്‍ഗാമികളുടെ ബലിക്കല്ലുകള്‍”

ഉല്‍ക്കണ്ഠയും, പ്രണയപാരവശ്യം ജനിപ്പിയ്ക്കുന്ന ഔത്സുക്യവും ഏറ്റവുംതീവ്രമായി വരച്ചിട്ടുണ്ട്‌ “നീ പടവുകള്‍ കയറി വരുന്ന ശബ്ദം കേള്‍ക്കാനായിഒരു ചെവി പറിച്ചെടുത്ത്‌ ജാലകപ്പടിമേല്‍ വച്ചിരിക്കുന്നു” എന്ന പ്രയോഗത്തിലൂടെ, ‘ഉരുകിയൊലിക്കുവാനല്ലാതെ എനിക്കെന്തു ചെയ്യാനാകും?’ കവിതയില്‍.

” പ്രിയന്റെ ഹൃദയം തുന്നുകയായിരുന്നു” എന്ന്‌ വൃദ്ധ പറയുന്നു.

“തിരുരൂപത്തിന്റെ ഹൃദയഭാഗത്തുനിന്നും രക്തത്തുള്ളികള്‍ ഇറ്റുവീഴുന്നു” ഈ

രണ്ട്‌ ചിത്രങ്ങള്‍ വരച്ചുകൊണ്ട്‌, പ്രേമത്തിന്റെ ഒരു നനുത്ത ഭാവവും മാജിക്കല്‍ റിയലിസത്തിന്റെ ഒരു വിഭ്രാമകതയും സുരേഷ്‌ വായനക്കാരന് അനുഭവവേദ്യമാക്കുന്നു.

ആക്ഷേപഹാസ്യത്തിനും സുരേഷ്‌ ഇടം കണ്ടെത്തുന്നു – “സീത” എന്ന കവിതയില്‍. അമ്പലങ്ങള്‍; വീടുപേക്ഷിച്ച്‌ ഇറങ്ങിനടക്കുന്ന സീതയെ വിളിക്കുന്നു –

“ഞങ്ങള്‍ക്കൊരു ദേവിയെ വേണം, വരൂ”.

“പ്രകൃതി എന്ന സര്‍നെയിം ഉള്ള കൂട്ടുകാരിയ്ക്ക്‌” എന്ന കവിതയില്‍ കേവലം 10 വരികള്‍ മാത്രമാണുള്ളത്‌. അത്രയും ഹ്രസ്വമായ കവിത പക്ഷേ ഒരു വലിയ ക്യാന്‍വാസിനെ പ്രതിനിധാനം ചെയ്യുന്നു; ഇടതൂര്‍ന്ന കാട്‌, അമ്മയുടെ ലാളനയില്‍ ബാല്യംപിന്നിട്ട്‌, കൊഞ്ചിയൊഴുകുന്ന പുഴ, ദൂരവും കാലവും ഏറെയായപ്പോള്‍ അമ്മ കൊല്ലപ്പെടുമെന്ന വാര്‍ത്ത കേട്ട്‌ നെഞ്ചുപിടഞ്ഞ്‌ തിരിച്ചുപോകുന്ന പുഴ. അപ്രകാരം പുഴ അദൃശ്യമാകുന്നു; അമ്മയുടെ തൊണ്ടയില്‍ ഇറ്റുന്ന അവസാനത്തെ തുള്ളിയായി മാറുവാന്‍.

തിരസ്കരിക്കപ്പെട്ടതിന്റെ വേദനയും കയ്പ്പും പ്രതികാരത്തിന്റെ സംതൃപ്തിയും ഒരുമിച്ച്‌ നിറയുന്നു, ഈ വരികളില്‍ :-

“നീയെറിഞ്ഞ കല്ലുകളെല്ലാം

ഒന്നൊഴിയാതെ ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്‌;

തിരിച്ചു തരാം,

ഞാന്‍ വിളിച്ച മുദ്രാവാക്യങ്ങള്‍

നീ തെറ്റാതെ ഏറ്റു പറയുന്ന അന്ന്‌”.

ആക്ഷേപം കൂര്‍ക്കുന്നു –

നമുക്കൊരു പുത്യേ ദൈവത്തിനെ ഉണ്ടാക്കാം,

നമ്മുടെ പ്രാര്‍ത്ഥന മാത്രം കേള്‍ക്കാന്‍”.

എന്ന വരികളിലെ നിന്ദാസ്തുതിയില്‍.

നിസ്സഹായതയുടേയും ദുരന്തത്തിന്റേയും ഓര്‍മ്മകളില്‍ നിന്നാണ്‌ സുരേഷിന്റെ കവിതകള്‍ പലപ്പോഴും ഉറവയെടുക്കുന്നത്‌; “ഹെമിങ്ങ്വേയുടെ തോക്ക്‌” ഉദാഹരണമാണ്‌.

രാഷ്ട്രീയനിലപാടുകള്‍ കവിതയ്ക്ക്‌ വിഷയമാകുന്നുണ്ട്‌; “കര്‍ഫ്യൂ”വും, ‘ഉരുളക്കിഴങ്ങുമാത്രം തിന്നുന്നവരുടെ കവിത’യും ഉദാഹരണം.

മനുഷ്യജീവിതങ്ങളുടെ ദൈനൃതയും, രണ്ടുഘട്ടങ്ങളിലും ചിത്രീകരിയ്ക്കപ്പെടുന്നു. ഇതേ ഗണത്തില്‍പ്പെടുന്നു,നുറുങ്ങുകവിതകളില്‍പ്പെട്ട ഈ വരികള്‍;

“എനിക്ക്‌ ധൈര്യമായി വിമര്‍ശിക്കാന്‍ പറ്റുന്ന ഒരാള്‍ ഉണ്ടായിരുന്നു;

പക്ഷേ, അദ്ദേഹം ഇന്നേക്ക്‌ കൃത്യം 71 വര്‍ഷം മുന്‍പേ മരിച്ചുപോയി”.

(ഗാന്ധിജിയെ സ്മരിച്ചുകൊണ്ട്‌ 2019ല്‍ എഴുതിയ വരികള്‍.)

സുരേഷിന്റെ ആദ്യ കവിതാസമാഹാരമാണിത്‌- ആമുഖത്തില്‍ നിന്ന്‌ അതു മനസ്സിലാകുന്നു; എങ്കിലും കവിതകളില്‍ ഒരു നവാഗതന്റെ അങ്കലാപ്പ്‌ അല്പവും ദൃശ്യമല്ല; മറിച്ച്‌ കവിതയുടെ “ ക്രാഫ്റ്റില്‍’ തഴക്കം നേടിയ ഒരു കവിയുടെ ലക്ഷണങ്ങള്‍ എല്ലാ കവിതകളിലുമുണ്ട്‌.

സംഭ്രമം ജനിപ്പിക്കുന്നവയാണ്‌ മിക്ക കവിതകളും. “ഇരുപതാം നിലയുടെ ബാല്‍ക്കണിയില്‍ നിന്നു നോക്കുമ്പോള്‍” എന്ന കവിത, ഒരു യുവതിയുടെ ആത്മഹത്യ പ്രമേയമായുള്ളതാണ്‌. ആ പതനത്തിനുശേഷമുള്ള ശരീരത്തിന്റെ ദയനീയമായ ആകൃതിയെ അവളുടെ ഒപ്പുമായി സാമ്യപ്പെടുത്തുന്നത്‌ തീര്‍ത്തും സംഭ്രമിപ്പിക്കുന്ന നിസ്സംഗമായ നിലപാടിന്റെ വെളിപ്പെടുത്തലാണ്‌.

കഥ പറയുമ്പോൾ ഒരു മൂന്നാംകക്ഷിയുടെ വികാരരാഹിത്യത്തോടെയാണ്‌ ഹൃദയദ്രവീകരണശേഷിയുള്ള ഒരു സംഭവത്തെ വിവരിക്കുന്നത്‌. “മൂര്‍ഖന്‍ പാമ്പുകടിച്ചാല്‍ ഒരു സുഖവുമില്ല’ എന്ന പരാമര്‍ശം പോലെ തുളഞ്ഞുകയറുന്ന black humour ഇതില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നു.

ഓരോ പദത്തിന്റെയും തെരഞ്ഞെടുപ്പിനു പിന്നില്‍ സുരേഷ്‌ വലിയ ധ്യാനത്തിന്‌ ഇടം നല്‍കിയിട്ടുണ്ട്‌. “മുറിവിന്റെ സുവിശേഷത്തില്‍” “കാറ്റിന്റെ നൈവേദ്യമായ ഒലീവിലകള്‍’ എന്നും “പാപത്തിന്റെ ആണികള്‍” എന്നും പറയുമ്പോള്‍ ഈ പദധ്യാനം വെളിവാകുന്നു. “വയലിന്‍ പൂക്കുന്ന മരത്തിലും” ഇപ്രകാരമൊരു പ്രയോഗമുണ്ട്‌ – “വാക്കുകളാകുന്ന ഞാറ്റുപുരകളില്‍’.

ഇച്ഛാഭംഗം നിഴല്‍ വിരിച്ചുനില്‍ക്കുന്ന കവിതകള്‍ പലതുണ്ട്‌; “രണ്ടു കവിതകള്‍”, “കണ്ണേറില്‍ നിന്നും കണ്ണീരിലേയ്ക്ക്‌” എന്നിവ ഉദാഹരണം.

ഹാസ്യഭാവം രചനകളിലെ ഒരു ഉപവിഭവമായി കവിതകളില്‍ ഉടനീളം പ്രത്യക്ഷമാകുന്നുണ്ട്‌. ഉദാഹരണം:

“അമ്മിഞ്ഞ എന്ന വാക്ക്‌ കണ്ടുപിടിച്ചവനാണ്‌ മലയാളഭാഷയുടെ ശരിയായ പിതാവ്‌”

“രാത്രി അയാള്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായി മാറും, കുട്ടികളുടെ പേര്‍ അറിയേണ്ടേ? പിച്ചും പേയും.”

(തൊട്ടാല്‍ പൊട്ടും കവിതകള്‍ — 2)

ബൈബിളിലെ ഉത്തമഗീതത്തിന്റെ സ്വാധീനത്താല്‍ പ്രചോദിതമായ കവിതയാണ്‌ “വയലിന്‍ പൂക്കുന്ന മരം”. പ്രണയം അതിന്റെ പ്രമേയം ആണെങ്കിലും, അതൊരു പ്രേമകവിതയല്ല; ഉത്തമഗീതങ്ങളിലെ പ്രയോഗങ്ങള്‍; “പ്രിയനേ”, “തീന്‍മേശ, ‘വിഞ്ഞ്‌’, “മേഘം”, എന്നിവയൊക്കെ കവിതയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, കവിതയുടെ ട്രീറ്റ്മെൻറ്, ഹൃദയത്തെ തപിപ്പിക്കുന്ന ഒരു പ്രണയത്തെ വായനക്കാരന് അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതല്ല. അതില്‍ ഉടനീളം ഫലിതഭാവനകള്‍ മേമ്പൊടിയായി വിതറപ്പെട്ടിട്ടുണ്ട്‌. ഈ കവിത ആശ്ചര്യവും കൌതുകവും ജനിപ്പിക്കുന്ന ഒരു ‘മാജിക്കല്‍ റിയലിസ’ സൃഷ്ടിയാണ്‌. വായനക്കാരനെ “രസിപ്പിയ്ക്കുക’ എന്ന ഉദ്ദേശ്യത്തിനാണ്‌ ഈ കവിതയില്‍ കവി പ്രാമുഖ്യം നല്‍കിയിരിയ്ക്കുന്നത്‌. അതില്‍ കവി വിജയിച്ചിട്ടുണ്ട്‌.

ഈ സമാഹാരത്തിലെ ഏറ്റവും ദീര്‍ഘമായ ഈ കവിത ഏത്‌ വായനക്കാരനും, ഒരു “പോപ്പിന്‍സി”ലെ മിഠായികള്‍ പോലെ ഒറ്റ വായനയില്‍ മുഴുവനായി നുണഞ്ഞിറക്കും.

കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞിട്ടുള്ളത്‌ വാസ്തവമാണ്‌ – “ഈ കാന്തവലയത്തില്‍ നിന്ന്‌ പുറത്തുവരണമെങ്കില്‍ ഈ പുസ്തകം പൂര്‍ണ്ണമായും വായിക്കുതന്നെ വേണം.” ഈ പുസ്തകം “unputdownable എന്ന വിഭാഗത്തില്‍പ്പെടുന്നു.

ഓരോ കവിതയും വലിയൊരു സസ്പെന്‍സ്‌ ജനിപ്പിക്കുന്നു. ദൈര്‍ഘ്യമുള്ള പാതയിലൂടെ ഓടുന്ന തീവണ്ടിയിലിരുന്ന്‌ പുറത്തേയ്ക്ക്‌ നോക്കുന്ന യാത്രക്കാരന്റെ അനുഭവമാണ്‌ വായനക്കാരന്. ആ ദൃശ്യത്തിന്റെ മനോഹാരിതയും അത്‌ ജനിപ്പിച്ച കുളിരും, ഇനിയും കാഴ്ചകൾ, ഉള്ളുലയ്ക്കുന്നതും, രസിപ്പിക്കുന്നതും, സംഭ്രമിപ്പിക്കുന്നതുമായ കാഴ്ചകൾ, ബാക്കിയുണ്ട്‌ എന്ന കൌതുകം വായനക്കാരനില്‍ നിറയ്ക്കുന്നു.

അത്ഭുതകരമായ നൈരന്തര്യം (continuity) കവിതകള്‍ പുലര്‍ത്തുന്നുണ്ട്‌. ഒന്നുപോലും, നിലവാരത്തില്‍ നിന്ന്‌ താഴെയല്ല. Pedestrian എന്ന്‌ വിശേഷിപ്പിക്കാവുന്ന ഒരു കവിതപോലും ഈ സമാഹാരത്തില്‍ ഇല്ല. അതീവസൂക്ഷ്മതയോടെയാണ്‌ ഈ സമാഹാരത്തില്‍ ചേര്‍ക്കാനുള്ള കവിതകള്‍ തെരഞ്ഞെടുത്തിരിയ്ക്കുന്നത്‌.

അവസാന കവിതയായ “കപ്പിത്താന്‍ കാമുകിക്കയച്ച കത്തുകള്‍” മനോഹര ഭാവനകളുടെ സഞ്ചയം തന്നെയാണ്‌ —

“ഒരു കുഞ്ഞു തൂവലെങ്കിലും നിനക്ക്‌ എന്റെ മടിയിലുപേക്ഷിക്കാമായിരുന്നു” എന്നും “കണ്ണുകളടച്ച്‌ നീ നിന്റെ ഗന്ധത്തെ സ്വതന്ത്രമാക്കി” എന്നും “ആകാശം വെളുത്ത പുതപ്പുമാറ്റി ചിരിച്ചു’ എന്നു കവി പറയുമ്പോള്‍ പ്രേമത്തിന്റെ പുല്‍ക്കൂട്ടില്‍ ഒരു തണുത്ത ക്രിസ്തുമസ്‌ രാത്രിയില്‍ അകപ്പെട്ടുപോയ അനുഭൂതിയാണ്‌ വായനക്കാരനില്‍ ഉളവാകുന്നത്‌.

Comments
Print Friendly, PDF & Email

You may also like