പൂമുഖം ഓർമ്മ വിജയചിത്രങ്ങളുടെ എൻപുരാന് വിട…

വിജയചിത്രങ്ങളുടെ എൻപുരാന് വിട…

മുഖ്യധാരാ മലയാളസിനിമയുടെ ചരിത്ര പുസ്തകത്തിൽ അക്ഷരങ്ങളുടെ നിറക്കൂട്ടുകൾ കൊണ്ട് പ്രേക്ഷക പുരുഷാരങ്ങളുടെ കണ്ണിനിമ്പമുള്ള അധ്യായങ്ങൾ എഴുതി ചേർത്ത വിജയശില്പിയാണ് ഡെന്നിസ് ജോസഫ്. Cut-Cut എന്ന ചലച്ചിത്ര മാഗസിൻ്റെ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ച ഡെന്നിസിന് കഥപറയാനുള്ള അസാമാന്യ പാടവമുണ്ടായിരുന്നു. ആകെ പറയാനുള്ള ചലച്ചിത്ര പാരമ്പര്യം ജോസ് പ്രകാശുമായുള്ള ബന്ധുത്വം മാത്രം കാമ്പുള്ള വായനയിൽ നിന്ന് ഉരുവം കൊണ്ട വൈദഗ്ധ്യവും ആകർഷണീയമായ കഥാകഥന ശൈലിയുമായി 1985 ൽ “ഈറൻസന്ധ്യ’യുമായി ഡെന്നിസ് സിനിമാലോകത്തു കാലുകുത്തി . ജേസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കന്നിചിത്രം പരാജയത്തിൻ്റെ കാഞ്ഞിരക്കഷായം കുടിപ്പിച്ചു അന്ധവിശ്വാസത്തിൻ്റെ നീരാളിപ്പിടുത്തത്തിലുള്ള മലയാള സിനിമാ ലോകത്തെ പരാജയമായിപ്പോയ ആദ്യ ചുവടിൽ നിന്നും പിന്നോക്കം പോകാതെ എഴുതി പൂർത്തിയാക്കിയ തിരക്കഥയുമായി ജോഷിയുടെ സിനിമാ സെറ്റിൽ ചെന്നത് തൻ്റെ വിജയ തേരോട്ടത്തിൻ്റെ ശംഖൊലിയുമായിട്ടായിരുന്നു എന്നത് ചരിത്രം.

 ‘ എൻ്റെ ചലച്ചിത്ര ജീവിതത്തിൽ എനിക്ക് കിട്ടിയ മികച്ച തിരക്കഥയാണ് ഞാൻ വായിച്ചത്’ എന്ന് ജോഷി അഭിപ്രായപ്പെട്ടു. നിറക്കൂട്ട് എന്ന വിജയ ചിത്രത്തിൻ്റെ പിറവിയും ജോഷി-ഡെന്നിസ് ജോസഫ്-മമ്മൂട്ടി കൂട്ടുകെട്ടിൻ്റെ ജന്മവും ആയിരുന്നു അത് മോഹൻലാൽ എന്ന നടൻ്റെ താരസിംഹാസനം അരക്കിട്ടുറപ്പിച്ച രാജാവിൻ്റെ മകൻ എന്ന തമ്പി കണ്ണന്താനം സിനിമ 1986 ൽ മലയാളി പ്രേക്ഷകൻ്റെ മുൻപിൽ അതുവരെയുള്ള നായക സങ്കല്പങ്ങളെ തച്ചുടക്കുന്നതായിരുന്നു . വിൻസെൻറ് ഗോമസ് എന്ന പ്രതിനായക വേഷത്തെ നായകനാക്കി ത്രസിപ്പിക്കുന്ന കാഴ്ച ഇന്നും പുതുമയുള്ളതാണ്. കുറിക്കു കൊള്ളുന്നതും ആകർഷണീയവുമായ സംഭാഷണങ്ങൾ ഡെന്നിസിൻ്റെ പ്രത്യേകതയായിരുന്നു. ഭൂമിയിലെ രാജാക്കന്മാർ, വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം എന്നീ തിരക്കഥകളിലൂടെ മോഹൻലാലിൻ്റെ താരപരിവേഷം കൂടുതൽ ശോഭയാർജ്ജിച്ചു .

സംഗീത് ശിവൻ- മോഹൻലാൽ കൂട്ട് കെട്ടിന് വേണ്ടി ഗാന്ധർവം എന്ന സിനിമയും പ്രിയദർശനു വേണ്ടി ഗീതാഞ്ജലി എന്ന സിനിമയും അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞു. തുടരെത്തുടരെയുള്ള പരാജയങ്ങൾ മമ്മൂട്ടി എന്ന നടന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ച സമയത്താണ് ജീവ വായു പോലെ ഡെന്നിസ് ജോസഫ് അവതരിക്കുന്നത് ജോഷിക്കും ഒരു വിജയ ചിത്രം അനിവാര്യമായിരുന്നു ഡൽഹിയുടെ പശ്ചാത്തലത്തിൽ ജി കൃഷ്ണമൂർത്തി എന്ന പത്രപ്രവർത്തകന്റെ സംഭവ ബഹുലമായ കഥ അനാവരണം ചെയ്ത ന്യൂ ഡൽഹി എന്ന സിനിമ പരാജയത്തിന്റെ പടു കുഴിയിൽ നിന്നും ഫീനിക്സ് പക്ഷിയായി ഉയർന്നു പറക്കാൻ മമ്മൂട്ടിയെ സഹായിച്ചു .ഏറ്റവും മികച്ച തിരക്കഥയെന്നു പ്രതിഭാധനരായ ഒട്ടേറെ ചലച്ചിത്രകാരന്മാർ പാടി പുകഴ്ത്തിയ ന്യൂ ഡൽഹി എന്ന സിനിമയുടെ അണിയറ പ്രവർത്തനം ഡെന്നിസിൽ നിന്നും നേരിട്ട് കേൾക്കുന്നത് മറ്റൊരു സിനിമാ കാഴ്ചയായിരുന്നു . മമ്മൂട്ടിക്ക് വേണ്ടി ഏകദേശം 23 തിരക്കഥകൾ അദ്ദേഹം ഒരുക്കി. നിറക്കൂട്ട്, ശ്യാമ, പ്രണാമം, ന്യായവിധി, കഥക്ക് പിന്നിൽ, സംഘം, മനു അങ്കിൾ, ദിന രാത്രങ്ങൾ, നായർ സാബ്, കോട്ടയം കുഞ്ഞച്ചൻ, ഒളിയമ്പുകൾ, മഹാനഗരം, കിഴക്കൻ പത്രോസ്, സരോവരം, ഫാന്റം, വജ്രം, തസ്കര വീരൻ തുടങ്ങിയ സിനിമകളിൽ ഒട്ടു മിക്കവയും ബോക്സ് ഓഫീസ് ഇളക്കിമറിച്ചവയാണ്.

ജോഷി എന്ന സംവിധായകന്റെ വളർച്ചയിൽ നിർണായകമായ പോഷകമായിരുന്നു ഡെന്നിസിന്റെ തിരക്കഥ. ആ സൗഹൃദത്തിന് വിള്ളൽ വീഴുന്നത് ‘ നം. 20 മദ്രാസ് മെയിൽ ‘ എന്ന മമ്മൂട്ടി മോഹൻലാൽ വിജയ ചിത്രത്തോടെയായിരുന്നു. മുഖ്യധാരാ ചലച്ചിത്ര സംവിധായകരെല്ലാം ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ സിനിമ ചെയ്യാൻ മോഹിച്ചിരുന്നു . മണിരത്നം ‘അഞ്ജലി’ എന്ന സിനിമയുടെ തിരക്കഥ രചിക്കുവാൻ ക്ഷണിച്ചുവെങ്കിലും അദ്ദേഹത്തിന് പോകാൻ സാധിച്ചില്ല. മലയാളത്തിലെ ഏറ്റവും പ്രതിഭാശാലിയായ കെ ജി ജോർജിന് വേണ്ടി എഴുതിയ തിരക്കഥയായ ‘മനു അങ്കിൾ’ പിന്നീട് ഡെന്നിസ് തന്നെ സംവിധാനം ചെയ്തു .

സംവിധായകന്റെ മേലങ്കി അണിഞ്ഞ ആദ്യ ചിത്രത്തിന് 1988 ലെ മികച്ച കുട്ടികളുടെചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ലഭിച്ചു. സംവിധാനം ചെയ്ത അഞ്ചു ചിത്രങ്ങളിൽ തന്റേതല്ലാത്ത തിരക്കഥകൾ അപ്പു (ശ്രീകുമാരൻ തമ്പി) അഥർവം (ഷിബു ചക്രവർത്തി ) എന്നീ സിനിമകളുടേതാണ്.

അവസാന രചനയായ ‘പവർ സ്റ്റാർ’ തിരശീലയിൽ കാണാനുള്ള ഭാഗ്യം ഇല്ലാതെയാണ് ആളും ആരവവും സൃഷ്ടിച്ച വിജയ ചിത്രങ്ങളുടെ എൻപുരാൻ ഡെന്നിസ് ജോസഫ് കോവിഡിന്റെ കെട്ട കാലത്ത്‌ ആളനക്കങ്ങളില്ലാതെ വിടവാങ്ങിയത്.

Comments
Print Friendly, PDF & Email

You may also like