പൂമുഖം LITERATUREലേഖനം ചെല്ലാനം – അടിയന്തിര ശ്രദ്ധ അർഹിക്കുന്നു

ചെല്ലാനം – അടിയന്തിര ശ്രദ്ധ അർഹിക്കുന്നു

ഞാൻ ഈ കുറിപ്പ് എഴുതുമ്പോൾ ചെല്ലാനം-കൊച്ചി തീരത്തെ ജനങ്ങൾ നിലനിൽപ്പിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. ചെല്ലാനം തീരം കണ്ട ഏറ്റവും വലിയ കടൽകയറ്റങ്ങളിൽ ഒന്നാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടൊരിക്കുന്നത്. ചെല്ലാനം പഞ്ചായത്തിലെ ഡിവൈൻ ചാപ്പലിനു പടിഞ്ഞാറ് രണ്ടു വീടുകൾ കടൽ കയറ്റത്തിൽ തകർന്നു എന്ന സ്ഥിരീകരിക്കാത്ത വാട്സ് ആപ്പ് സന്ദേശങ്ങൾ വന്നിട്ട് അൽപ നേരം ആയിട്ടേ ഉള്ളു. എങ്ങും കടൽ കലികൊണ്ട് സംഹാര താണ്ഡവമാടുന്ന വിഡിയോ ക്ലിപ്പുകൾ കൊണ്ട് വാട്സ് ആപ്പ് നിറഞ്ഞിരിക്കുന്നു. അപ്രതീക്ഷിതമായെത്തിയ ന്യൂനമർദ്ദവും ചുഴലിക്കാറ്റും കേരള തീരത്താകെ ശക്തമായ കടൽ കയറ്റത്തിന് കാരണമായിട്ടുണ്ട്. എന്നാൽ ചെല്ലാനം-കൊച്ചി തീരത്തെ സംബന്ധിച്ചിടത്തോളം ഈ കടൽകയറ്റം അപ്രതീക്ഷിതം എന്ന് പറയാൻ കഴിയില്ല. അവർ അത് പ്രതീക്ഷിച്ചതാണ് . ഇന്നല്ലെങ്കിൽ നാളെ ചെല്ലാനത്തു കടൽ കയറും എന്ന് ജനങ്ങൾക്കറിയാം. ന്യൂനമർദ്ദവും ചുഴലിക്കാറ്റും ഒന്നുമില്ലെങ്കിലും ചെല്ലാനത്ത് കടൽ കയറും എന്നത് സർക്കാരിനും അറിയാം. അതാണ് ചെല്ലാനം-കൊച്ചി തീരത്തെ ജനങ്ങളുടെ ദുരിതത്തെ കൂടുതൽ പ്രതിഷേധാർഹവും രോഷജനകവുമാക്കുന്നത്.

ചെല്ലാനം-കൊച്ചി തീരത്തിന്റെ കടൽകയറ്റത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ തീരം നേരിടുന്ന ശക്തമായ തീരശോഷണം ആണ് ഇത്ര രൂക്ഷമായ കടൽകയറ്റത്തിന് കാരണം. ആദ്യകാലങ്ങളിൽ കടൽകയറ്റത്തിനും തീരശോഷണത്തിനും കാരണമായത് കേരളതീരത്തെ ‘മഡ്ബാങ്കുകൾ, എന്നറിയപ്പെടുന്ന പ്രതിഭാസമായിരുന്നു. നമ്മുടെ തീരക്കടലിലെ ഒഴുക്ക് വർഷത്തിൽ മഹാഭൂരിപക്ഷം സമയത്തും സാധാരണ ഗതിയിൽ വടക്കു നിന്നും തെക്കോട്ടാണ്. ഇടയ്ക്കു ഈ ഒഴുക്ക് നേർ വിപരീതമായും വരും. ഈ ഒഴുക്കിനോടൊപ്പം തീരത്തെ മണ്ണും തീരത്തിന് സമാന്തരമായി സഞ്ചരിക്കും. ആലപ്പുഴ തീരത്ത് രൂപം കൊള്ളുന്ന മഡ്ബാങ്ക് തെക്കോട്ട് ഒഴുകി പോകുന്ന മണലിന്റെ തിരിച്ചൊഴുക്കിനെ തടസ്സപ്പെടുത്തുന്നതിനാൽ ചെല്ലാനം-കൊച്ചി തീരം കടുത്ത തീരശോഷണം അനുഭവിച്ചിരുന്നു. ഇതായിരുന്നു ആദ്യകാലങ്ങളിൽ ഈ പ്രദേശത്തെ കടൽകയറ്റത്തിന് കാരണമായിരുന്നത്. എന്നാൽ പിന്നീട് ഈ മഡ് ബാങ്ക് പ്രതിഭാസം നമ്മുടെ തീരത്ത് നിന്നും അപ്രത്യക്ഷമായി. പക്ഷെ അപ്പോഴേക്കും ഈ തീരത്ത് തീരശോഷണത്തിനും കടൽകയറ്റത്തിനും പുതിയ കാരണങ്ങൾ മനുഷ്യർ ഒരുക്കി കഴിഞ്ഞിരുന്നു.

കൊച്ചി കപ്പൽച്ചാലിന്റെ നിർമ്മാണവും അതിന്റെ ആഴം നിലനിർത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന ഡ്രഡ്ജിങ്ങും ആണ് ചെല്ലാനം-കൊച്ചി തീരം ഇന്ന് നേരിടുന്ന കടൽ കയറ്റത്തിനും തീരശോഷണത്തിനും പ്രധാന കാരണം. കപ്പൽച്ചാൽ നിർമ്മിക്കുന്ന സമയത്തു തന്നെ ഈ അപകടം അധികാരികൾക്ക് ബോധ്യപ്പെട്ടിരുന്നു. സർ.ജോൺ വോൾഫ് ബാരി ലൈസ്റ്റർ ആൻഡ് പാർട്ണർ 18.1.1918 ന് സമർപ്പിച്ച റിപ്പോർട്ടിൽ കപ്പൽച്ചാൽ നിർമ്മാണം മൂലം അതിനു ഇരുവശത്തുമുള്ള കരകൾക്ക് ഉണ്ടാകുന്ന അപകടം പരിഹരിക്കാൻ കപ്പൽചാലിന് ഇരുവശത്തുമായി, ഫോർട്ട് കൊച്ചി-വൈപ്പിൻ കരകളിൽ, 2 മൈൽ ദൂരത്തിൽ പുലിമുട്ട് സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം നടപ്പിലാക്കപ്പെട്ടില്ല. മാത്രവുമല്ല, ഇന്റർനാഷണൽ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ വല്ലാർപാടത്ത് സ്ഥാപിക്കുന്നതിന് ഭാഗമായി യാതൊരു ശാസ്ത്രീയ പഠനങ്ങളോ, മുൻകരുതലുകളോ കൂടാതെ കപ്പൽച്ചാലിന്റെ ആഴം 11.7 മീറ്ററിൽ നിന്നും 17.5 മീറ്ററായി കൂട്ടുകയാണ് പോർട്ട് ചെയ്തത്. കപ്പൽ ചാലിന്റെ തെക്ക് ഭാഗത്തായി അന്ധകാരനഴി വരെ നീണ്ടു കിടക്കുന്ന തീരത്തിനാവശ്യമായ എക്കൽ പ്രദാനം ചെയ്യുന്ന സ്രോതസ്സുകൾ ഒക്കെ ഇന്ന് ഏതാണ്ട് അടഞ്ഞു പോയി കഴിഞ്ഞു. കപ്പൽ ചാലിന്റെ വടക്കു പെരിയാർ ഒഴുകി കടലിൽ ചേരുന്നതു വഴി എത്തുന്ന എക്കൽ കപ്പൽ ചാലിൽ വച്ച് തടയപ്പെടുന്നു. അങ്ങനെ ചെല്ലാനം-കൊച്ചി തീരത്തിനാവശ്യമായ എക്കൽ സ്രോതസ്സുകൾ ഇല്ലാതാകുന്നു. കപ്പൽച്ചാലിൽ കൂടി വേലിയിറക്ക സമയങ്ങളിൽ ഉണ്ടാകുന്ന കുത്തൊഴുക്കും തീരക്കടലിലെ സ്വാഭാവികമായ തെക്കോട്ടൊഴുകും കൂടി ചേർന്ന് കപ്പൽച്ചാലിന്റെ തെക്ക് ഒരു ചുഴി രൂപപ്പെടുന്നു.ഇതിന്റെ പ്രഭാവത്തിൽ കപ്പൽച്ചാലിനു തെക്കു ഏതാണ്ട് അന്ധകാരനഴി വരെ കടലിലെ സ്വാഭാവികമായ ഒഴുക്കിന്റെ ദിശ തന്നെ മാറി നേർ വിപരീതമായിരിക്കുന്നു . അതായത് കേരളത്തിലെ തീരക്കടലിൽ ഒഴുക്ക് പൊതുവിൽ വടക്കു നിന്ന് തെക്കോട്ടാകുമ്പോൾ ഈ പ്രദേശത്ത് അത് വടക്കോട്ടാണ്. ഈ വടക്കോട്ടൊഴുക്കിൽ ഒഴുകി പോകുന്ന മണ്ണ് തിരിച്ചൊഴുകി വീണ്ടും ഈ തീരത്തെത്താൻ തക്ക വിധം ശക്തമായ ഒഴുക്ക് തിരിച്ചു രൂപപ്പെടുന്നുമില്ല. ഈ സാഹചര്യം ചെല്ലാനം-കൊച്ചി തീരത്ത് നിന്നും 365 ദിവസവും മണ്ണ് ഒഴുകി നഷ്ടപ്പെടാൻ കാരണമാകുന്നു. ഇതാണ് ചെല്ലാനം-കൊച്ചി തീരത്തെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം.

ചുരുക്കത്തിൽ മനുഷ്യനിർമ്മിതമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയാണ് ഇന്ന് ചെല്ലാനം-കൊച്ചി തീരം നേരിടുന്നത്. ഈ അവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ഒന്നര വർഷത്തോളമായി ചെല്ലാനം-കൊച്ചി ജനകീയവേദി എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചു കൊണ്ട് ജനങ്ങൾ സമരത്തിലാണ്. എന്നാൽ ഒരവസരത്തിൽ പോലും ഈ ജനകീയ കൂട്ടായ്മയുടെ ആവശ്യങ്ങൾ പരിഗണിക്കാൻ ഇന്നേവരെ സർക്കാർ തയാറായിട്ടില്ല.വാസ്തവത്തിൽ ഇത് പരിഹാരമില്ലാത്ത ഒരു പ്രശ്നമല്ല. പക്ഷെ അതിനു വേണ്ട രാഷ്ട്രീയ ഇച്ഛാശക്തിയും പാരിസ്ഥിതിക അവബോധവും നമ്മുടെ സർക്കാരിനും വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഇല്ലാ എന്നിടത്താണ് പ്രശ്നം. അനാസ്ഥയുടെ കാര്യത്തിൽ കേരളം ഭരിച്ച രണ്ട് മുന്നണികളും കടുത്ത അവഗണനയും കുറ്റകരമായ അനാസ്ഥയുമാണ് ചെല്ലാനം-കൊച്ചി തീരത്തോട് കാണിച്ചിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്ന ബിജെപി എൻഡിഎ മുന്നണിയുടെ സമീപനവും വ്യത്യസ്തമല്ല.

ചെല്ലാനം-കൊച്ചി തീരം പുനർനിർമ്മിക്കുകയും അതോടൊപ്പം തീരം സംരക്ഷിക്കാൻ പുലിമുട്ട് പാടവും നിർമ്മിക്കുകയാണ് ഈ തീരം സംരക്ഷിക്കാൻ വേണ്ടത്. കൂടാതെ നിലവിലുള്ള കടൽഭിത്തി ബലപ്പെടുത്തുകയും തകർന്നിടങ്ങളിൽ അത് പുനർനിർമ്മിക്കുകയും വേണം. തീര പുനർനിർമ്മാണത്തിനാവശ്യമായ മണ്ണ് കൊച്ചിൻപോർട്ടിൽ നിന്നും ലഭ്യമാക്കാവുന്നതാണ്. കപ്പൽ ചാലിന്റെ ആഴം നിലനിർത്താനും കൂട്ടുന്നതിനും വേണ്ടി വർഷത്തിൽ എല്ലാ ദിവസവും പോർട്ട് കപ്പൽ ചാലിൽ വന്നടിയുന്ന എക്കൽ നീക്കം ചെയ്യുകയും അത് പുറംകടലിൽ കൊണ്ട് പോയി നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. വെറുതെ കടലിൽ തള്ളുന്ന ഈ എക്കൽ ചെല്ലാനം-കൊച്ചി തീരത്തിന്റെ പുനർനിർമ്മാണത്തിനു ഉപയോഗിക്കണം എന്നതാണ് ചെല്ലാനം-കൊച്ചി തീരവാസികളുടെ ആവശ്യം.

പക്ഷെ കേന്ദ്ര-കേരള സർക്കാരുകൾ പിന്തുടരുന്ന പുത്തൻ സാമ്പത്തിക നയങ്ങളാണ് ഇന്ന് ഈ ജനകീയ ആവശ്യങ്ങൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്നത്. പുറം കടലിൽ വെറുതെ കളയുന്ന മണ്ണ് തീര സംരക്ഷണ നടപടികൾക്കു വേണ്ടി ഉപയോഗിക്കാനുള്ള പാരിസ്ഥിതിക അനുമതി പോലും പോർട്ടിനുണ്ട്.പക്ഷെ എന്നിട്ടും പോർട്ട് അത് ചെയ്യുന്നില്ല എന്ന് മാത്രമല്ല ഈ മണ്ണ് ശുദ്ധീകരിച്ചു നിർമ്മാണ മേഖലക്ക് വിറ്റു കാശാക്കാനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ് കൊച്ചിൻ പോർട്ട്. മൂലധനത്തിന് ലാഭം മാത്രം നോക്കിയാൽ മതിയല്ലോ. ഇത് കൂടാതെ മോഡി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആവിഷ്‌ക്കരിച്ചിട്ടുള്ള സാഗരമാല എന്ന വൻകിട വികസന (?) പദ്ധതിയും അതിന്റെ ഭാഗമായുള്ള മൂലധന താൽപര്യങ്ങളും ചെല്ലാനം-കൊച്ചി തീരസംരക്ഷണ നടപടികളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. പോർട്ട് നവീകരണം, കമ്മ്യുണിറ്റി വികസനം, പോർട്ട് അനുബന്ധ വികസനം, തീരദേശ ഹൈവേ എന്നിങ്ങനെ 4 മേഖലകളിലായി വൻകിട വികസന പദ്ധതികളാണ് സാഗരമാല പദ്ധതിയിലൂടെ ആസൂത്രണം ചെയ്യപ്പെടുന്നത്. 2016 ൽ കേന്ദ്ര സർക്കാർ സാഗരമാല പദ്ധതിയുടെ ഭാഗമായി കൊച്ചിൻ പോർടിനു വേണ്ടിയുള്ള ഒരു മാസ്റ്റർപ്ലാൻ തയാറാക്കിയിരുന്നു. അതനുസരിച്ച് പോർട്ട് കണക്ടിവിറ്റി വികസിപ്പിക്കാൻ, പോർട്ടിനോട് അനുബന്ധിച്ച് ലോജിസ്റ്റിക്ക് പാർക്കുകൾ, പ്രത്യേക സാമ്പത്തിക മേഖല, കൊച്ചി-മംഗലാപുരം, കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ പോർട്ടിനെ ബന്ധിപ്പിച്ചു കൊണ്ടുള്ള വികസന പദ്ധതികൾ, വെല്ലിങ്ടൺ ഐലൻഡ് കേന്ദ്രീകരിച്ച് കൊണ്ടുള്ള പോർട്ട്സിറ്റി വികസനം എന്നിങ്ങനെ ഒരുപിടി വൻകിട പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ പദ്ധതികൾക്കാവശ്യമായ ഭൂമി ചുളുവിൽ കണ്ടെത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ചെല്ലാനം-കൊച്ചി തീരത്തോട് കാണിക്കുന്ന അവഗണന എന്ന് ന്യായമായും സംശയിക്കാവുന്ന വിധമാണ് കാര്യങ്ങൾ.

ഈ വസ്തുതയിലേക്കു വിരൽ ചൂണ്ടുന്നതാണ് കേരള ഹൈക്കോടതിയിൽ അന്ന് ചെല്ലാനം കൂടി ഉൾപ്പെടുന്ന പള്ളുരുത്തി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ദിനേശ്‌മണി എന്ന സിപിഎം നേതാവ് നൽകിയ കേസിനു സംഭവിച്ച ദുരൂഹമായ അന്ത്യം. ചെല്ലാനം തീരം നേരിടുന്ന ദുരവസ്ഥക്ക് കാരണം കൊച്ചിൻ പോർട്ട് ആണെന്നും അത് കൊണ്ട് ഈ പ്രദേശം പുലിമുട്ടുകൾ ഇട്ടു സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കൊച്ചിൻ പോർട്ടിനോടും,കേന്ദ്ര കേരളം സർക്കാരുകളോടും ആവശ്യപ്പെട്ട് ഉത്തരവിടണം എന്നതായിരുന്നു അദ്ദേഹത്തിൻറെ ആവശ്യങ്ങളിൽ പ്രധാനം. അച്യുതാനന്ദൻ നേതൃത്വം നൽകുന്ന എൽഡിഎഫ് മന്ത്രി സഭ അധികാരത്തിലിരിക്കുമ്പോഴാണ് ഒരു ഭരണകക്ഷി എംഎൽഎ ഇപ്രകാരം ഒരു കേസ് നൽകുന്നത് എന്നോർക്കണം. ഒരു പതിറ്റാണ്ടിനപ്പുറം 2020 ഒക്ടോബറിൽ ഈ കേസ്സു വിധിയായി. ചെല്ലാനത്തു കേരളം സർക്കാർ സ്വീകരിക്കാൻ പോകുന്ന ഏതാനും പദ്ധതികൾ വിവരിച്ചു സംസ്ഥാന സർക്കാർ നൽകിയ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തികൊണ്ട് കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു. ചെല്ലാനം നേരിടുന്ന പ്രശനങ്ങൾ പരിഹരിക്കാൻ ഒട്ടും തന്നെ മതിയാകാത്ത ഏതാനും പദ്ധതികൾ വച്ച് കൊണ്ട് കേസവസാനിപ്പിക്കാൻ എന്തായിരുന്നു കാരണം? ഒറ്റ കാരണമേ അതിനുണ്ടായിരുന്നുള്ളു. 2016 ൽ കേന്ദ്ര സർക്കാർ പോർട്ട് കേന്ദ്രീകരിച്ചുള്ള സാഗർമാലാ പദ്ധതി പ്രഖ്യാപിച്ചു എന്നതാണ് അത്. ഈ പദ്ധതിയിലൂടെ വരുന്ന മൂലധന നിക്ഷേപത്തിൽ ആകൃഷ്ടരായ സർക്കാരും രാഷ്ട്രീയ നേതൃത്വവും കേസവസാനിപ്പിച്ചു തടിതപ്പി.

മറ്റൊരു ഉദാഹരണം കൂടി നോക്കുക. 2016 ലെ കൊച്ചിൻ പോർട്ട് മാസ്റ്റർപ്ലാൻ പ്രകാരം മുന്നോട്ടു വച്ച ലോജിസ്റ്റിക്ക് പാർക്ക് എന്ന പദ്ധതി എൽഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്. അത് പോലെ തന്നെ പോർട്ട് കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രത്യേക സാമ്പത്തിക മേഖല യുഡിഎഫ് പ്രകടന പത്രികയിലെ ഇടം പിടിച്ചിട്ടുണ്ട്.മൂലധന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ജനങ്ങളോടുള്ള രാഷ്ട്രീയ വഞ്ചനയാണ് ചെല്ലാനം-കൊച്ചി തീരം ഇന്നനുഭവിക്കുന്നത്. മൂലധനനിക്ഷേപത്തെ സേവിക്കുന്ന രാഷ്ട്രീയ താൽപ്പര്യം, അവർക്കാവശ്യമായ ഭൂമി നേടിയെടുക്കാനായി കടൽകയറ്റത്തെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. സഹികെട്ട ജനങ്ങൾ എല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടെങ്കിലും മാറി പൊയ്ക്കൊള്ളും എന്ന മോഹമാണ് അവരെ നയിക്കുന്നത്. പുനർഗേഹം എന്ന പേരിൽ ഒരു പദ്ധതി സർക്കാർ നടപ്പിലാക്കുന്നുണ്ട്. വീട് ഉപേക്ഷിച്ചു മാറി താമസിക്കാൻ താല്പര്യമുള്ള മത്സ്യ തൊഴിലാളികൾക്ക് ഭൂമി വാങ്ങിക്കുന്നതിനും വീടുവെക്കുന്നതിനുമായി പത്തു ലക്ഷം രൂപ അനുവദിക്കുന്നതാണ് പദ്ധതി.സ്വന്തമായി ഭൂമി കണ്ടെത്താൻ കഴിയാത്തവർക്ക് സർക്കാർ നിർമ്മിക്കുന്ന ഫ്ലാറ്റിലേക്ക് മാറാമെന്നും സർക്കാർ പറയുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ തീരഭൂമിയിൽ നിന്ന് കുടിയിറക്കുകയും,അവരിൽ ഭൂരാഹിത്യം വർദ്ധി പ്പിക്കുകയും, കോളനിവത്ക്കരിക്കുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് പുനർഗേഹം. മാത്രമല്ല തീരത്ത് നിന്നും മത്സ്യത്തൊഴിലാളികളെ അകറ്റുന്നതോടു കൂടി ആ വിഭാഗത്തിന്റെ ജീവിതം തന്നെ മാറി പോവുകയാണ് ചെയ്യുന്നത്. പരമ്പരാഗതമായി അവർ കൈമാറി പോരുന്ന കടലറിവുകൾ അതോടു കൂടി ഇല്ലാതാകുകയും ചെയ്യും. മത്സ്യത്തൊഴിലാളി സമൂഹത്തെ വംശീയമായി ഉന്മൂലനം ചെയ്യുന്ന നടപടികളായാണ് ഫലത്തിൽ ഇവയെല്ലാം മാറുന്നത്.

ചെല്ലാനം-കൊച്ചി തീരം ഇന്ന് നേരിടുന്ന ഈ രാഷ്ട്രീയ വഞ്ചനക്കും കുറ്റകരമായ അനാസ്ഥക്കും എതിരായി ശക്തമായ പ്രതിഷേധം ഉയര്ന്നുവരേണ്ടതുണ്ട്. അതോടൊപ്പം നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിൽ തീരസംരക്ഷണത്തിന്റെ പങ്കു സംബന്ധിച്ച അവബോധവും രൂപപ്പെടേണ്ടതുണ്ട്.കടൽ തീരങ്ങൾ മറ്റ് ഭൂഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുതയിലാണ് പാരിസ്ഥിതികാവബോധം ഇന്നെത്തി നിൽക്കുന്നത്. ഈ അവബോധത്തെ സ്വാംശീകരിച്ചുകൊണ്ടും തീരങ്ങളുടെ പ്രാദേശിക സവിശേഷതകളും പൊതു ഘടകങ്ങളും പരിഗണിച്ചുകൊണ്ടുമുള്ള ഒരു തീരസംരക്ഷണ പദ്ധതിയാണ് നമുക്ക് വേണ്ടത്. എന്നാൽ അത്തരമൊരു പാരിസ്ഥിതികാവബോധത്തിന്റെ അടുത്തൊന്നും കേരള സർക്കാരും വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും എത്തിയിട്ടേയില്ല. ഈ അവസ്ഥയിൽ പാരിസ്ഥിതിക വിവേകത്തിൽ ഊന്നിയ തീര സംരക്ഷണ നടപടികൾ നമ്മുടെ ദൈനംദിന രാഷ്ട്രീയ വ്യവഹാരത്തിന്റെ ഭാഗമാക്കി മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്. അതിനിയും വൈകിയാൽ കേരളത്തിലെ തീരവും തീരജനതയും പൊതുവെയും, ചെല്ലാനം-കൊച്ചി തീരം പോലുള്ള കൂടുതൽ അപകടാവസ്ഥയിൽ ഉള്ള തീരങ്ങളും തീരജനതയും പ്രത്യേകിച്ചും കടുത്ത ദുരന്തങ്ങളെയാകും നേരിടേണ്ടി വരിക.

Comments
Print Friendly, PDF & Email

മനുഷ്യാവകാശ പ്രവർത്തകൻ. എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്നു

You may also like