പൂമുഖം LITERATUREലേഖനം പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

അന്തവും കുന്തവുമില്ലാത്ത ഒരവസ്ഥയിലേക്ക് രാജ്യം പതിച്ചു കൊണ്ടിരിക്കുകയാണ്. അല്ലെന്നു നടിച്ചാലും എത്രനാൾ എന്ന ചോദ്യം മുന്നിൽ വന്നു കണ്ണിലേക്കുറ്റു നോക്കുന്നു. സൗജന്യങ്ങൾ കൊണ്ടോ സാമൂഹ്യ സഹകരണം കൊണ്ടോ താൽക്കാലിക ശമനം സാധിച്ചേക്കാം . പക്ഷെ അതൊരു വിശ്വസിപ്പിക്കാൻ ശ്രമിക്കൽ മാത്രമാണ് .

മഹാമാരി സംഹാരാത്മക വേഗതയിൽ ചലിക്കുകയും ജീവിതത്തിന്റെ സമസ്ത മേഖലകളും സ്തംഭനത്തിലാവുകയും ചെയ്യുന്ന വൈരുദ്ധ്യം. ഇത് മറിച്ചിടണം. മഹാമാരിയെ പിടിച്ചു കെട്ടുകയും മനുഷ്യന്റെ ജീവിതപരിതസ്ഥിതിയെ ചലനാത്മകമാക്കുകയും വേണം. അതാണ് കാലഘട്ടത്തിന്റെ ആവശ്യം.

അതിനു അനുകൂലമായ സാഹചര്യം കോവിഡ് തന്നെ സൃഷ്ടിക്കുന്നുണ്ട് . മഹാമാരി എല്ലാ മേഖലയിലും അനന്ത സാദ്ധ്യതകൾ തുറന്നിട്ടിരിക്കുന്നു . വികേന്ദ്രീകൃതമായ ചെറുകിട ഭക്ഷ്യോൽപ്പാദനം, സംസ്കരണം, വിതരണം, നവ വിദ്യാഭ്യാസ രീതികൾ ,ചികിത്സ സൗകര്യങ്ങളുടെ അനിതര സാധാരണമായ വിപുലീകരണം, മരുന്ന് ഉൽപ്പാദനവും വിതരണവും , കോവിഡ് കവചങ്ങളുടെ ഉൽപ്പാദനവും , ശേഖരണവും സംസ്കരണവും’ വാക്‌സിൻ നിർമ്മാണം ,പ്രചാരണം , നടത്തിപ്പ് , ഫലങ്ങളുടെ ശേഖരണം, ക്രോഡീകരണം ,പഠനം ഗവേഷണം , മൃത ശരീരങ്ങളുടെ ദഹനം , വൃദ്ധ ജന പരിപാലനം , വിദൂര കലാഭ്യസനം , വ്യായാമ പരിശീലനം , വിദൂര സാന്ത്വന ചികിത്സകൾ …….

ഈ സാഹചര്യം സംരംഭകത്വത്തിനും ചെറുതും വലുതുമായ അനേകം തൊഴിലുകൾക്കും സാദ്ധ്യത തുറന്നിരിക്കുകയാണ് ജഡതയിൽ നിന്നും നൈരാശ്യത്തിൽ നിന്നും വിരസതയിൽ നിന്നും ഹിംസാത്മകമായ കുറ്റാരോപണങ്ങളിൽ നിന്നും സമൂഹത്തിനും വ്യക്തികൾക്കും ഒരു രക്ഷാ മാർഗമാവും ഇവയിലൂടെ തട്ടിയുണർത്തപ്പെടുന്ന കർമോന്മുഖത . ഉദാഹരണത്തിന് രണ്ട് മേഖലകൾ നോക്കാം.

1) വാക്‌സിൻ നിർമ്മാണം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുക. പൂട്ടിക്കിടക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങളെ ആധുനികവൽക്കരിച്ചു പ്രവർത്തന സജ്ജമാക്കുക . പേറ്റന്റ് എടുത്തു കളയാനുള്ള നിർദേശത്തിനു പിന്തുണ ഏറുന്നു . മൂന്നാം ലോക രാജ്യങ്ങളിലെ രോഗവ്യാപനം വികസിത രാജ്യങ്ങൾക്കും ഭീഷണിയാവാമെന്ന ഭയം പേറ്റന്റ് എടുത്തുകളയാൻവൻകിട രാജ്യങ്ങളെ പ്രേരിപ്പിച്ചെന്നു വരും. അപ്പോഴേക്കും ഇന്ത്യ സജ്ജമാകേണ്ടതുണ്ട് ഇന്ത്യ വികസിപ്പിച്ച കോ വാക്‌സിൻ രാജ്യത്തെ കൂടുതൽ കേന്ദ്രങ്ങളിൽ ഉൽപാദിപ്പിക്കാനുള്ള അടിസ്ഥാന ഘടകങ്ങൾ വികസിപ്പിക്കുകയും നയം രൂപീകരിക്കുകയും വേണം.

2) ആശുപത്രിയുടെ പുറത്തേക്ക് കിടത്തി ചികില്സ വ്യാപിപ്പിക്കുകയും , ഗൃഹ ചികിത്സ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അനേകം ആരോഗ്യ പ്രവർത്തകരുടെ ആവശ്യം സംജാതമാവുന്നു . ഡോക്ടർ മുതൽ നഴ്‌സ്‌ ആശ വർക്കർ, ലാബ് ടെക്നീഷ്യൻസ് ,ശുചീകരണ തൊഴിലാളി വരെ കൂടുതൽ പേരെ ആവശ്യമുണ്ട്. പതിനാലു മാസങ്ങളായി സന്നദ്ധ പ്രവർത്തനം നടത്തുന്ന എല്ലാ പ്രായത്തിലുമുള്ള സ്ത്രീപുരുഷന്മാർക്കും ഇനി മുതലെങ്കിലും വേതനം കൊടുക്കേണ്ടത് സ്റ്റേറ്റ് ന്റെ കർത്തവ്യമാണ് . നിശബ്ദമായി പ്രവർത്തിക്കുന്ന ഈ മനുഷ്യ ശേഷിയുടെ സേവനം എത്ര കാലത്തേക്കു വേണ്ടിവരുമെന്ന്‌ ഇപ്പോൾ നീരൂപിക്കുവാനാവില്ല.

മേൽപറഞ്ഞ രണ്ട് മേഖലകളെ ആവശ്യാനുസാരം വികസിപ്പിക്കുന്നതിലൂടെ കൈവരുന്ന സാമ്പത്തിക ഉത്തജനം ഒന്ന് വിലയിരുത്തി നോക്കുക ഇത് ചിലതു മാത്രമാണ് . പി പി ഇ കിറ്റുകളുടെ ഉൽപ്പാദന രംഗത്ത് പുതിയ സംരംഭകർ വന്നിട്ടുണ്ടോ? അവയുടെ സംസ്കരണത്തിനുള്ള സൗകര്യങ്ങൾ വിപുലീകരിക്കാൻ നടപടി ഉണ്ടായിട്ടുണ്ടോ? ഇവിടെയെല്ലാം വർധിച്ച നിക്ഷേപാവസരങ്ങളും തൊഴിലും ആവിർഭവിച്ചിരിക്കുന്നു .

അതിന് വൻതോതിൽ സർക്കാർ മൂലധനം നിക്ഷേപിക്കണം സ്വകാര്യ കമ്പനികൾ മൂലധനമിറക്കി വാക്‌സിൻ നിർമ്മിക്കുമെന്നു സർക്കാർ കണക്കു കൂട്ടിയെങ്കിൽ അത് അസ്ഥാനത്തായിരിക്കുന്നു . എന്തു കൊണ്ടാണ് കേന്ദ്ര സർക്കാർ പിന്കാലിൽ നിന്ന് സന്ദേഹിക്കുന്നത് ! money crunch? ഇച്ഛാ ശക്തിയുടെ അഭാവം ? തീരുമാനമെടുക്കുന്നതിലുള്ള അമാന്തം?

സ്വർണ നിക്ഷേപങ്ങളുടെയും , സർക്കാർ സെക്യൂരിറ്റി പത്രങ്ങളുടെയും ഭാഗികമായ റിസർവ് സൂക്ഷിച്ചു കൊണ്ട് നോട്ടു അടിച്ചിറക്കുന്ന രീതിയാണ് രാജ്യം അവലംബിച്ചിരിക്കുന്നത് . ആവശ്യത്തിന് flexibility ഉള്ളതും അതെ സമയം നോട്ടിന്റെ മൂല്യവും വിശ്വാസ്യതയും സംരക്ഷിക്കുന്നതും ആണ് ഈ രീതി ഇതിന്റെ ചട്ടങ്ങൾക്കനുസൃതമായി ധീരമായ ചില ഭേദഗതികളോടെ വൻ തോതിൽ പണം ഇറക്കുകയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ചെയ്യേണ്ടത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കൊട്ടാരങ്ങളിലും സ്മാരകങ്ങളിലും ദേവാലയങ്ങളിലുമായി വൻമൂല്യമുള്ള നിധി ശേഖരമുണ്ട് . സാമ്പത്തിക വർഷം കഴിഞ്ഞു കണക്കെടുപ്പ് പൂർത്തിയാവേണ്ട സമയമായതിനാൽ ഇവയെകുറിച്ചുള്ള കൃത്യമായ കണക്കുകൾ ഇപ്പോൾ ലഭ്യമായിരിക്കും . ഇവയെ As is where is condition ൽ മാർജിൻ /സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി വെച്ച് കറൻസി അടിച്ചിറക്കുക . ബാങ്കുകളിലൂടെയും വിശ്വാസ്യമായ ധനകാര്യ സ്ഥാപനങ്ങളിലൂടെയും മേല്പറഞ്ഞ മേഖലകളിലേക്ക് ഉദാരമായി , ശരിയായ ദിശാബോധത്തോടെ വിതരണം ചെയ്യുക . കോവിഡ് യുദ്ധത്തിനോടൊപ്പം അതിജീവന സമരവും നടക്കട്ടെ . അനുദിനം വലുപ്പവും മൂല്യവും വർധി ക്കുമ്പോഴും മൃത നിക്ഷേപമായി നിൽക്കുന്ന പ്രസ്തുത നിധിയെ ഒരു ശോഷണവും സംഭവിക്കാതെ തന്നെ ഉൽപ്പാദനക്ഷമമാക്കുക .

ഇതിന് കടമ്പകൾ ഉണ്ട് . നിയമ സാധുത കൈവരിക്കേണ്ടതുണ്ട് . ഇത്തരമൊരു നീക്കത്തിന്റെ അനിവാര്യതയെ കുറിച്ച് രാജ്യമൊട്ടാകെ ബോധ്യപ്പെടുത്തേണ്ടതുണ്ട് .പ്രസ്തുത സമ്പത്തിന്, നടപടിമൂലം ഒരു വിധത്തിലുള്ള ശോഷണവും സംഭവിക്കില്ലെന്ന് വിശദമാക്കി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും പൊതുവെ ജനങ്ങളുടെയും വിശ്വാസം ആർജ്ജിക്കേണ്ടതുണ്ട്. മത വർഗീയ പ്രീണന നയങ്ങൾ നിലവറയിൽ വെച്ച് പൂട്ടേണ്ടതുണ്ട് കരുതൽ ധനത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.

അങ്ങനെയൊരു സാമ്പത്തിക സ്രോതസ്സ് യാഥാർഥ്യമാകുന്നതു വരെ കേന്ദ്ര സർക്കാർ ഒരു അടിയന്തിര തീരുമാനം കൂടി കൈക്കൊള്ളാനുണ്ട്. 20000 കോടിയുടെ സെൻട്രൽ വിസ്താ ഫണ്ട് ഉത്തേജന പാക്കേജിന്റെ മുഖവുരയായി, ആദ്യ ഗഡുവായി ആരോഗ്യമേഖലയിൽ ഇറക്കുക.

ഇത് സാധ്യമാണ്, ഇച്‌ഛാ ശക്തിയുണ്ടെങ്കിൽ. മുദ്രാവാക്യത്തിനപ്പുറം യഥാർത്ഥ രാജ്യ സ്നേഹം ഉണ്ടെങ്കിൽ . നേടിയ വോട്ടിനോട് നീതി പുലർത്തണമെങ്കിൽ . ചരിത്രത്തിൽ അഭിമാനിക്കാവുന്ന ഒരിടം നേടണമെങ്കിൽ. ഈ രാജ്യം ഒരു വിലാപ ഭൂമിയാകാതിരിക്കണമെങ്കിൽ.

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like